യെല്ലോസ്റ്റോൺ—വെള്ളവും പാറയും ചൂടും ചേർന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നിടം
യെല്ലോസ്റ്റോൺ—വെള്ളവും പാറയും ചൂടും ചേർന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നിടം
ലോകത്തിലെ ആദ്യത്തെ ദേശീയ പാർക്ക്, ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവും ഉയരത്തിൽ ചീറ്റിത്തെറിക്കുന്നതുമായ ഉഷ്ണജലധാരകൾ ഉള്ളയിടം, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവത തടാകം. അങ്ങനെ പോകുന്നു യെല്ലോസ്റ്റോണിന്റെ വിശേഷണങ്ങൾ.
ഐക്യനാടുകളിലെ ഉണരുക! ലേഖകൻ
ഐക്യനാടുകളിലെ വൈയോമിങ്ങിലുള്ള യെല്ലോസ്റ്റോൺ ദേശീയ പാർക്കിന്റെ വടക്കേ കവാടം ലക്ഷ്യമാക്കി നീങ്ങുമ്പോൾ എന്റെയും ഭാര്യയുടെയും മനസ്സിൽ ജിജ്ഞാസയുടെ പൂത്തിരി കത്തുകയായിരുന്നു. ഓൾഡ് ഫെയ്ത്ഫുൾ, “ഹോട്ട് സ്പ്രിങ്” (ചൂടു നീരുറവ), “ഗെയ്സർ” (ഉഷ്ണജലധാര അഥവാ മുകളിലേക്കു ചീറ്റിത്തെറിക്കുന്ന ചൂടു നീരുറവ) എന്നീ പേരുകൾ കുഞ്ഞുന്നാൾ മുതൽതന്നെ ഞങ്ങൾക്കു ഹരം പകർന്നിരുന്നു. എന്നാൽ ഞങ്ങൾ കാണാൻ പോകുന്ന കാര്യങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം എത്തുമായിരുന്നോ?
പാർക്കിന്റെ പ്രധാന കവാടത്തിൽ എത്തിയ ഞങ്ങളെ വരവേറ്റത് കല്ലുകൊണ്ടുള്ള ഒരു കൂറ്റൻ കമാനമാണ്. “ഫോർ ദ ബെനിഫിറ്റ് ആൻഡ് എൻജോയ്മെന്റ് ഓഫ് ദ പീപ്പിൾ” (ജനങ്ങളുടെ പ്രയോജനത്തിനും ആസ്വാദനത്തിനും വേണ്ടി) എന്ന് അതിന്റെ മുകളിൽ എഴുതിയിരുന്നു. 1872-ൽ സ്ഥാപിക്കപ്പെട്ട യെല്ലോസ്റ്റോൺ ലോകത്തിലെ ആദ്യത്തെ ദേശീയ പാർക്കാണ്.
ഞങ്ങൾ മാമത്ത് ഹോട്ട് സ്പ്രിങ്സിൽനിന്നാണ് സന്ദർശനം തുടങ്ങിയത്. മോൺടാനയുടെ അതിർത്തിക്ക് തൊട്ട് അപ്പുറത്താണ് അതിന്റെ സ്ഥാനം. അവിടെ ഭൂമിക്ക് അസഹ്യമായ ചൂട് അനുഭവപ്പെടുന്നുണ്ട് എന്നു വ്യക്തമായിരുന്നു. കാരണം കുളങ്ങളിലെയും മറ്റും വെള്ളം തിളയ്ക്കുകയും ഭൂമിയിലെ വിള്ളലുകളിലൂടെ നീരാവി ചുരുളുകളായി ഉയർന്നു പൊങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഉറവജലം നിക്ഷേപിച്ച ധാതുലവണങ്ങൾ—ഇവയെ ട്രാവെർടിൻ എന്നാണു വിളിക്കുന്നത്—അടിഞ്ഞുകൂടിയ തട്ടുകൾ അങ്ങിങ്ങായി കാണാമായിരുന്നു. ഇളം ചുവപ്പു നിറത്തിലുള്ള അവയുടെ രൂപം ഉരുകിയൊലിക്കുന്ന മെഴുകുതിരിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
യെല്ലോസ്റ്റോണിന്റെ അടിയിൽ തിളയ്ക്കുന്നത് എന്താണ്?
ഭൂഗർഭതാപം സൃഷ്ടിക്കുന്ന 10,000 അത്ഭുതങ്ങൾക്ക് യെല്ലോസ്റ്റോൺ വേദിയൊരുക്കുന്നു. റോക്കി പർവതനിരയിലെ ഉയരമുള്ള ഒരു പീഠഭൂമിയിലാണ് യെല്ലോസ്റ്റോൺ സ്ഥിതിചെയ്യുന്നത്. കോൺടിനെന്റൽ ഡിവൈഡ് a ഈ പീഠഭൂമിക്കു കുറുകെ കടന്നുപോകുന്നു. ഈ ഭാഗത്ത് വെള്ളം കിഴക്കോട്ടും പടിഞ്ഞാറോട്ടും മാത്രമല്ല ഭൂമിക്കടിയിലേക്കും ഒഴുകുന്നുണ്ട്. ഇതിൽ താഴോട്ട് ഒഴുകുന്ന വെള്ളം ഉപയോഗിച്ചാണ് യെല്ലോസ്റ്റോൺ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് എന്നു ഞങ്ങൾ മനസ്സിലാക്കി. ഒരുകാലത്ത് വലിയ അഗ്നിപർവത സ്ഫോടനങ്ങൾ ഈ പീഠഭൂമിയെ പിടിച്ചുലച്ചിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഉണ്ടായ അത്തരം ഒരു അഗ്നിപർവത സ്ഫോടനം 75 കിലോമീറ്റർ നീളവും 45 കിലോമീറ്റർ വീതിയും ഉള്ള ഒരു അഗ്നിപർവതമുഖം അവശേഷിപ്പിച്ചു. അഗ്നിപർവത സ്ഫോടനങ്ങൾക്ക് ഇടയാക്കിയിരുന്ന മാഗ്മ (ദ്രവശില) തന്നെയാണ് യെല്ലോസ്റ്റോണിനടിയിൽ ‘തീകത്തിക്കു’ന്നത്.
പാർക്കിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡുകളിൽ നിന്ന് ഞങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കി. ഭൗമോപരിതലത്തിലുള്ള വെള്ളം പാറകളിലെ സുഷിരങ്ങളിലൂടെ കിനിഞ്ഞിറങ്ങി മാഗ്മയ്ക്കു തൊട്ടുമുകളിലായുള്ള ചുട്ടുപഴുത്ത പാറയടുക്കിലെത്തുന്നു. ചൂടു നിമിത്തം ഇവിടെനിന്ന് വെള്ളം പുറന്തള്ളപ്പെടുകയും ഭൗമോപരിതലത്തിലുള്ള ദ്വാരങ്ങൾ വഴി നിർഗമിക്കുകയും ചെയ്യുന്നു. ഇവയാണ് ചൂടു നീരുറവകൾ. ചൂടായ വെള്ളത്തിന്റെ മുകളിലേക്കുള്ള പ്രവാഹത്തെ പാറയിലെ പ്രതിബന്ധങ്ങൾ തടസ്സപ്പെടുത്തുന്ന പക്ഷം മർദം രൂപം കൊള്ളുകയും തത്ഫലമായി വെള്ളം ഭൗമോപരിതലത്തിലുള്ള ദ്വാരങ്ങളിലൂടെ മുകളിലേക്ക് ചീറ്റിത്തെറിക്കുകയും ചെയ്യുന്നു. ഇവയാണ് ഉഷ്ണജലധാരകൾ. ഇനിയും ചില പ്രദേശങ്ങളിൽ ഭൂഗർഭജലം ചില ദ്വാരങ്ങളിലൂടെ ആവിയായി പുറത്തേക്കു വരാറുണ്ട്. ഈ ദ്വാരങ്ങൾക്ക് ബാഷ്പമുഖങ്ങൾ (fumaroles) എന്നാണു പറയുന്നത്. മഡ് പോട്ടുകൾ എന്നു വിളിക്കപ്പെടുന്ന നീരുറവകളും ഉണ്ട്. അധികം വെള്ളമില്ലാത്ത, അമ്ലാംശമുള്ള ചൂടു നീരുറവകളാണ് അവ. അമ്ലാംശമുള്ള വാതകങ്ങളും വെള്ളവും മണ്ണിനെ ചേറും കളിമണ്ണുമായി വിഘടിപ്പിക്കുന്നതു നിമിത്തം ഇവയിൽ കുമിളകൾ രൂപംകൊള്ളുന്നു. എന്തൊരു ഗംഭീര പ്രദർശനം!
ഓൾഡ് ഫെയ്ത്ഫുൾ
മാമത്ത് ഹോട്ട് സ്പ്രിങ്സിലെ കാഴ്ചകളെല്ലാം കണ്ടപ്പോൾ ഓൾഡ് ഫെയ്ത്ഫുൾ എന്ന പ്രശസ്തിയാർജിച്ച ഉഷ്ണജലധാര അവിടെ അടുത്ത് എവിടെയോ ആണെന്നാണു ഞങ്ങൾ കരുതിയത്. എന്നാൽ, 80 കിലോമീറ്റർ തെക്കു മാറിയാണ് അതു സ്ഥിതിചെയ്യുന്നതെന്ന് ട്രാവൽ മാപ്പിൽ നോക്കിയപ്പോൾ മാത്രമാണു ഞങ്ങൾക്കു മനസ്സിലായത്. യെല്ലോസ്റ്റോൺ ഞങ്ങൾ വിചാരിച്ചതിനെക്കാൾ വളരെ വലുതായിരുന്നു. അത് മൊത്തം 22 ലക്ഷം ഏക്കറുണ്ടായിരുന്നു.
ഓൾഡ് ഫെയ്ത്ഫുളിന്റെ അടുത്തെത്താൻ പാർക്കിന്റെ പടിഞ്ഞാറു ഭാഗത്തു കൂടെ വളഞ്ഞുപുളഞ്ഞു താഴേക്കു പോകുന്ന പാതയിലൂടെ ഞങ്ങൾ യാത്ര തിരിച്ചു. പോകുന്ന വഴിക്ക് ഞങ്ങൾ അഞ്ച് ഗെയ്സർ ബേസിനുകൾ (ഉഷ്ണജലധാരാ തടങ്ങൾ) കണ്ടു. യെല്ലോസ്റ്റോണിലെ ഗന്ധകത്തിന്റെ മണവും നീരാവി ഉയർന്നു പൊങ്ങുന്ന കാഴ്ചയും ഒക്കെ ഞങ്ങൾക്കു പെട്ടെന്നുതന്നെ പരിചിതമായിത്തീർന്നു.
ഓൾഡ് ഫെയ്ത്ഫുൾ കാണാൻ പോയിട്ടുള്ള മറ്റു ദശലക്ഷക്കണക്കിന്
ആളുകളെ പോലെതന്നെ, അതിന്റെ വരവ് എപ്പോഴാണെന്ന് അറിയാൻ ഞങ്ങളും ആഗ്രഹിച്ചു. അതുവരെ ഞങ്ങൾ കരുതിയിരുന്നത് ഓൾഡ് ഫെയ്ത്ഫുൾ അൽപ്പം പോലും സമയം തെറ്റാതെ കൃത്യം 57 മിനിറ്റ് കൂടുമ്പോൾ ചീറ്റിത്തെറിക്കും എന്നാണ്. പക്ഷേ യാഥാർഥ്യം അതല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. കാരണം ഓൾഡ് ഫെയ്ത്ഫുൾ അടുത്ത പ്രദർശനം കാഴ്ചവെക്കുന്നത് ഉച്ചകഴിഞ്ഞ് 12:47-ന് എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡു ഞങ്ങൾ കണ്ടു. അതിന് പിന്നെയും ഒരു മണിക്കൂറിലേറെ സമയമുണ്ടായിരുന്നു. മാത്രമല്ല, ആ സമയത്തുതന്നെ അതു സംഭവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. പാർക്കിലെ ഒരു ഉദ്യോഗസ്ഥനായ റിക്കിനോട് ഞങ്ങൾ അതേക്കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു: “ഓൾഡ് ഫെയ്ത്ഫുൾ സമയനിഷ്ഠ പാലിക്കുന്നു എന്നത് വെറുമൊരു തെറ്റിദ്ധാരണയാണ്. അത് കൃത്യസമയം ഇടവിട്ട് ഒരിക്കലുംതന്നെ ചീറ്റിത്തെറിച്ചിട്ടില്ല. മാത്രമല്ല വർഷങ്ങൾകൊണ്ട് ഈ ഇടവേള ദീർഘിക്കുകയും ചെയ്തിരിക്കുന്നു. ഭൂകമ്പങ്ങളും ആളുകൾ അതിന്റെ ബഹിർഗമനദ്വാരത്തിലേക്ക് സാധനങ്ങൾ വലിച്ചെറിയുന്നതും ഒക്കെയാണ് ഈ വ്യത്യാസത്തിനു കാരണം. ഇപ്പോഴത്തെ ശരാശരി ഇടവേള ഏകദേശം 80 മിനിറ്റാണ്. ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് ഒരു സമയത്ത് ഒരു പ്രാവശ്യത്തെ കാര്യം മാത്രമേ മുൻകൂട്ടി പറയാനാകുന്നുള്ളൂ.”
അപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു 12:30 ആയിരുന്നു. ഓൾഡ് ഫെയ്ത്ഫുളിന്റെ പ്രദർശനം കൺകുളിർക്കെ കാണാനായി ഞങ്ങൾ അങ്ങോട്ടു നടന്നു. ചിലർ അതിനോടകംതന്നെ കാണികൾക്കായി ക്രമീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. മറ്റു ചിലർ അങ്ങോട്ടുള്ള വഴിയിലായിരുന്നു. അങ്ങനെ അത് കാഴ്ചവെക്കുന്ന അത്ഭുതത്തിനു സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകൾ അവിടെ വന്നുകൂടി. ഓൾഡ് ഫെയ്ത്ഫുൾ വരാൻ പത്തു മിനിറ്റു താമസിച്ചു. ഒടുവിൽ ഞങ്ങളുടെ കണ്ണിനു വിരുന്നൊരുക്കിക്കൊണ്ട് അത് എത്തി. ക്യാമറക്കണ്ണുകൾക്കൊന്നിനും ഒപ്പിയെടുക്കാനാവാത്തത്ര സൗന്ദര്യമായിരുന്നു അതിന്. വെള്ളം ചെറുതായി ചീറ്റിച്ച് ഒന്നു മുരടനക്കിയ ശേഷം അതു കരുത്താർജിച്ചു. എല്ലാവരും കരഘോഷം മുഴക്കി. ഏതാണ്ട് മൂന്നു മിനിറ്റു നേരത്തെ പ്രദർശനം കാഴ്ചവെച്ച ശേഷം അത് ‘അണിയറ’യിലേക്കു പിൻവാങ്ങി. എന്തൊരു ഉയരമായിരുന്നെന്നോ അതിന്! ജലധാരയും ജലകണങ്ങളും ആദ്യം 37 മീറ്റർ ഉയരത്തിലേക്കു ചീറ്റിത്തെറിച്ചു. അവിടെനിന്ന് അത് ഏതോ സംഗീതത്തിന്റെ താളത്തിനൊത്ത് എന്നപോലെ ഉയരുകയും താഴുകയും ചെയ്തുകൊണ്ട് 46 മീറ്റർ ഉയരത്തിലെത്തി. എന്നിട്ട് പൊടുന്നനെ താഴേക്കു പതിച്ചു. സൂര്യകിരണങ്ങളേറ്റപ്പോൾ അതിന് രത്നവിഭൂഷിതയായ ഒരു നർത്തകിയുടെ രൂപം കൈവന്നു.
ആ പ്രദർശനത്തിനു ശേഷം ഞങ്ങൾ അടുത്തുള്ള ഹോട്ടലിലേക്കു പോയി. എങ്കിലും ഓൾഡ് ഫെയ്ത്ഫുൾ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. ആ ദിവസത്തിന്റെ ശേഷിച്ച ഭാഗത്ത് അതിന്റെ വരവിനുള്ള സമയമാകുമ്പോഴേക്കും സന്ദർശകരെല്ലാം ചെയ്തുകൊണ്ടിരുന്ന ജോലി നിറുത്തി അവിടേക്കു ചെല്ലുമായിരുന്നു. ആ ദിവസം തന്നെ അത് പല തവണ അസാധാരണ നീളത്തിലും ഉയരത്തിലും ചീറ്റിത്തെറിച്ചു, അവർണനീയമായ സൗന്ദര്യത്തോടെ. അവയിൽ ഒരെണ്ണം അസ്തമയ സൂര്യന്റെ കിരണങ്ങൾ ഒരുക്കിയ പശ്ചാത്തലത്തിൽ നയനമനോഹരമായ നിഴൽച്ചിത്രം രചിച്ചു. ഓൾഡ് ഫെയ്ത്ഫുൾ അതിന്റെ പേരു പോലെതന്നെ വിശ്വസ്തനാണെന്നു ഞങ്ങൾ കണ്ടെത്തി.
“ഈ ഭൂഗ്രഹത്തിൽ 500-ൽ താഴെ ഉഷ്ണജലധാരകളേ ഉള്ളൂ. അവയിൽ ഏതാണ്ട് 300 എണ്ണവും യെല്ലോസ്റ്റോണിലാണുള്ളത്,” പാർക്കിലെ ഉദ്യോഗസ്ഥനായ റിക്ക് ഞങ്ങളോടു പറഞ്ഞു.
“അതിൽ 160 എണ്ണവും അപ്പർ ഗെയ്സർ ബേസിൻ എന്ന് അറിയപ്പെടുന്ന രണ്ടു കിലോമീറ്റർ മാത്രം നീളമുള്ള ഈ കൊച്ചു താഴ്വരയിലാണുള്ളത്. മറ്റ് ഉഷ്ണജലധാരകൾ സജീവമോ നിർജീവമോ ആയിരുന്നേക്കാം. എന്നാൽ ഓൾഡ് ഫെയ്ത്ഫുൾ സദാ കർമനിരതമാണ്.” എന്നിരുന്നാലും, ഓൾഡ് ഫെയ്ത്ഫുളിന്റെ അയൽക്കാരനായ ഗ്രാൻഡിന് 60 മീറ്റർ ഉയരത്തിൽ വെള്ളം തെറിപ്പിക്കാൻ കഴിയും. സ്റ്റീംബോട്ടിനാകട്ടെ ഏതാണ്ട് 120 മീറ്റർ ഉയരത്തിലും—ഓൾഡ് ഫെയ്ത്ഫുളിനു കഴിയുന്നതിന്റെ മൂന്നിരട്ടി ഉയരത്തിൽ. എന്നാൽ അത് വർഷങ്ങളോളം സുഷുപ്തിയിൽ ആണ്ടു കിടന്നേക്കാം. നോറിസ് ഗെയ്സർ ബേസിനിലെ എക്കിനസ് ഗെയ്സർ തന്റെ ആരാധകരുടെമേൽ ഇടയ്ക്കിടെ ചെറുചൂടുവെള്ളം തളിക്കാറുണ്ട്.ഉപദ്രവകാരികളായ കാട്ടുപോത്തുകൾ
പിറ്റേന്നു രാവിലെ ഞങ്ങൾ ഒരു ടൂറിസ്റ്റ് ലഘുപത്രിക വായിച്ചു നോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “ഉറപ്പില്ലാത്ത മൺപാളികൾക്കടിയിൽ തിളച്ച വെള്ളം കിടപ്പുണ്ട്. കുളങ്ങളിലെ വെള്ളത്തിന് തിളനിലയോട് അടുത്തോ അതിലധികമോ ഊഷ്മാവുണ്ട്. ഓരോ വർഷവും വഴിമാറി നടക്കുന്ന ടൂറിസ്റ്റുകൾക്ക് ഗുരുതരമായി പൊള്ളലേൽക്കാറുണ്ട്. മാത്രമല്ല, തിളച്ചുമറിയുന്ന വെള്ളത്തിൽ വീണ് ആളുകൾ വെന്തു മരിച്ചിട്ടുണ്ട്.” മറ്റൊരു ടൂറിസ്റ്റ് ലഘുപത്രികയിൽ ഇങ്ങനെ എഴുതിയിരുന്നു: “മുന്നറിയിപ്പ്: പല സന്ദർശകർക്കും കാട്ടുപോത്തിന്റെ കുത്തേറ്റിട്ടുണ്ട്. ഒരു കാട്ടുപോത്തിന് [900 കിലോഗ്രാം] തൂക്കം വരും. മാത്രമല്ല, അതിന് [മണിക്കൂറിൽ 50 കിലോമീറ്റർ] വേഗത്തിൽ, അതായത് നിങ്ങൾക്ക് ഓടാൻ കഴിയുന്നതിന്റെ മൂന്നിരട്ടി വേഗത്തിൽ, ഓടാനും കഴിയും.” ഞങ്ങൾക്ക് ഉടനെയെങ്ങും കാട്ടുപോത്തിൽനിന്ന് ഓടി രക്ഷപ്പെടേണ്ടി വരില്ലെന്നു ഞങ്ങൾ പ്രതീക്ഷിച്ചു!
യെല്ലോസ്റ്റോണിൽ മൃഗങ്ങളാണ് റോഡിലെ രാജാക്കന്മാർ. ഒരു മൃഗത്തെയെങ്ങാനും കണ്ടുകഴിഞ്ഞാൽ പിന്നെ, വാഹനങ്ങളെല്ലാം നിശ്ചലമാകും. അതോടെ അപ്രതീക്ഷിതമായ സ്ഥാനങ്ങളിൽ ഗതാഗത കുരുക്കുകൾ ഉണ്ടാകുകയായി. ഒരു ഗതാഗത കുരുക്കു കഴിഞ്ഞ് വണ്ടികളെല്ലാം ഓടാൻ തുടങ്ങുന്നതും ടൂറിസ്റ്റുകൾ അവരവരുടെ വാഹനങ്ങളിൽ കയറിപ്പറ്റുന്നതുമാണ് ഞങ്ങൾ ചെന്നപ്പോൾ കണ്ടത്. എന്താണ് എല്ലാവരും അങ്ങോട്ടു നോക്കിക്കൊണ്ടിരുന്നത് എന്ന് ഞങ്ങൾ ഒരു സ്ത്രീയോടു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: “ഒരു ആൺ കടമാൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഇപ്പോൾ അത് പോയി.”
പിന്നീട്, കുറെ മ്ലാവുകൾ രണ്ടാഴ്ച പ്രായമുള്ള അവയുടെ കിടാക്കളെ പാർക്കിലെ ഒരു അരുവി കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്ന കാഴ്ച ഞങ്ങൾ കാണാനിടയായി. മലമേടുകളിൽ ശൈത്യകാലം ചെലവഴിച്ച ശേഷം പാർക്കിന്റെ അടിവാരത്തേക്കു വരുന്ന വഴിയായിരുന്നു അവ. കിടാക്കൾ അരുവി കടക്കാൻ കൂട്ടാക്കാതെ അവിടെത്തന്നെ നിന്നു. വെള്ളത്തിലിറങ്ങാൻ അവയ്ക്കു മടിയായിരുന്നു. ഒടുവിൽ അമ്മമാരുടെ നിർബന്ധത്തിനു വഴങ്ങി, അവ അരുവി കുറുകെ കടന്നു.
“ഞാൻ എത്ര നിസ്സാരൻ, എത്ര നിസ്സഹായൻ”
യെല്ലോസ്റ്റോണിലെ ഗ്രാൻഡ് കാന്യനിലേക്കാണ് ഞങ്ങൾ അടുത്തതായി പോയത്. 360 മീറ്റർ ആഴമുള്ള ഒരു മലയിടുക്കാണ് അത്. വണ്ടിയിൽനിന്ന് ഇറങ്ങിയ ഞങ്ങൾ അതിന്റെ വിളുമ്പിനു ചുറ്റുമുള്ള വ്യത്യസ്ത നിരീക്ഷണസ്ഥാനങ്ങളിൽനിന്ന് അൽപ്പം പേടിയോടെ താഴേക്കു നോക്കി. കാവി നിറത്തിലുള്ള തിളങ്ങുന്ന ചുവരുകളും—യെല്ലോസ്റ്റോൺ നദിക്ക് ആ പേരു കിട്ടിയത് ഇതിൽനിന്നാണ്—രണ്ടു കൂറ്റൻ വെള്ളച്ചാട്ടങ്ങളുമുള്ള 32 കിലോമീറ്റർ നീളമുള്ള ഈ മലയിടുക്കിലേക്കു നോക്കിയപ്പോൾ “ഞാൻ എത്ര നിസ്സാരൻ, എത്ര നിസ്സഹായൻ” എന്നു തനിക്കു തോന്നിയതായി 1870-ൽ നഥനിയേൽ ലാങ്ഫൊർഡ് തന്റെ പര്യടന പത്രികയിൽ എഴുതി. അതിലേക്കു നോക്കിയ ഞങ്ങൾക്കും ആ വാക്കുകൾ ഏറ്റുപറയാനാണു തോന്നിയത്.
പിറ്റേ ദിവസം ഞങ്ങൾ കിഴക്കോട്ടു യാത്രചെയ്തു. ഇവിടെ പ്രകൃതിയെ മറ്റൊരു വേഷത്തിലാണു ഞങ്ങൾ കണ്ടത്. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം വനനിബിഡമായിരുന്നു. റോഡിലൂടെ പോകവെ ഞങ്ങൾക്കു രണ്ടു തവണ കോൺടിനെന്റൽ ഡിവൈഡ് മുറിച്ചു കടക്കേണ്ടി വന്നു. കാട്ടുപോത്തുകളെയും മറ്റു വലിയ മൃഗങ്ങളെയും പിന്നെയും പലയിടങ്ങളിലും ഞങ്ങൾ കണ്ടു. വിനോദസഞ്ചാരികളെ യെല്ലോസ്റ്റോണിലേക്ക്
ആകർഷിക്കുന്ന മറ്റൊരു ഘടകമാണ് കരടികൾ. സങ്കടകരമെന്നു പറയട്ടെ, ഒറ്റ കരടിയെ പോലും കാണാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. കരടികളെല്ലാം എവിടെ പോയി?മനുഷ്യരും കരടികളും തമ്മിലുള്ള അടുത്ത സമ്പർക്കം ചില ടൂറിസ്റ്റുകൾക്ക് പരിക്കേൽക്കുന്നതിനും ചിലർ കൊല്ലപ്പെടുന്നതിനുപോലും ഇടയാക്കി. മനുഷ്യരുമായുള്ള സഹവാസം കരടികൾക്കും നല്ലതായിരുന്നില്ല. അതുകൊണ്ട്, 1970-കളുടെ ആരംഭത്തിൽ നാഷണൽ പാർക്ക് സർവീസ്, കരടികൾ ചവറ്റുകൂനകളിൽനിന്ന് തീറ്റതിന്നുന്നതു തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ആഹാരത്തിനുവേണ്ടി മനുഷ്യരെ ആശ്രയിക്കുന്ന രീതി അവ അതോടെ അവസാനിപ്പിച്ചു. അങ്ങനെ കരടികൾ കാട്ടിലേക്കു മടങ്ങി. ഈ പരിപാടി ഗുണകരമെന്നു തെളിഞ്ഞിരിക്കുന്നു. കാരണം കരടികൾ ഇപ്പോൾ ഭക്ഷണത്തിനായി പ്രകൃതിയെ ആശ്രയിക്കുന്നതു നിമിത്തം കൂടുതൽ ആരോഗ്യമുള്ളവയാണ്. എന്നിരുന്നാലും കരടികളും ടൂറിസ്റ്റുകളും ഒത്തുചേരുന്ന ചിലയിടങ്ങളുണ്ട്. അതിൽ ഒന്നാണ് ഫിഷിങ് ബ്രിഡ്ജ്. ഇവിടെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും മീൻപിടിക്കാനുമായി മനുഷ്യരും കരടികളും ഒരുമിക്കുന്നു.
ഫിഷിങ് ബ്രിഡ്ജിലെ സന്ദർശനം ഞങ്ങളുടെ യാത്രാപരിപാടിയിലെ അവസാനത്തെ ഇനമായിരുന്നു. കൺകുളിർക്കെ കാണാനായി മറ്റൊരു ഗംഭീര ദൃശ്യം യെല്ലോസ്റ്റോൺ അവിടെ ഞങ്ങൾക്കായി കരുതി വെച്ചിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവത തടാകമായ യെല്ലോസ്റ്റോൺ തടാകത്തിനു മുകളിലൂടെ, ഹിമത്തൊപ്പിയണിഞ്ഞു നിൽക്കുന്ന റ്റിറ്റോൺ പർവതനിരയിലേക്കു നോക്കിയപ്പോൾ ഞങ്ങൾ വടക്കൻ ഇറ്റലിയിലാണോ എന്ന് ഒരു നിമിഷം ഓർത്തുപോയി. ആ തടാകത്തിനും അതിന്റെ പശ്ചാത്തലത്തിനും ആൽപ്സ് പർവതനിരകളുടെ അതേ ഗാംഭീര്യവും മനോഹാരിതയും ഉണ്ടായിരുന്നു. എന്നിരുന്നാലും, കരടികളെയൊന്നും ഞങ്ങൾ കണ്ടില്ല.
അപ്പോഴേക്കും ഞങ്ങളുടെ കണ്ണിനും മനസ്സിനും ഒരു ഗംഭീര സദ്യ തന്നെ ഒരുക്കിത്തന്ന യെല്ലോസ്റ്റോണിനോടു വിടചൊല്ലാനുള്ള സമയമായിരുന്നു. യെല്ലോസ്റ്റോണിൽ ഞങ്ങൾ കണ്ട കാര്യങ്ങൾ അതിനെ കുറിച്ചുള്ള ഞങ്ങളുടെ സങ്കൽപ്പങ്ങളെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു. (g00 12/08)
[അടിക്കുറിപ്പ്]
a വടക്കേ അമേരിക്കയിലൂടെയും തെക്കേ അമേരിക്കയിലൂടെയും കടന്നുപോകുന്ന പർവതനിരയാണ് കോൺടിനെന്റൽ ഡിവൈഡ്. അതിന്റെ വശങ്ങളിൽ ഉള്ള നദികൾ വിപരീത ദിശകളിൽ—പസിഫിക് സമുദ്രത്തിലേക്കും (പടിഞ്ഞാറോട്ട്) അറ്റ്ലാന്റിക് സമുദ്രത്തിലേക്കും (കിഴക്കോട്ട്) മെക്സിക്കോ ഉൾക്കടലിലേക്കും (തെക്കോട്ട്) ആർട്ടിക് സമുദ്രത്തിലേക്കും (വടക്കോട്ട്)—ഒഴുകുന്നു.
[17-ാം പേജിലെ ചതുരം/ചിത്രം]
1988-ലെ തീപിടിത്തങ്ങൾ
1988 ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ യെല്ലോസ്റ്റോണിലെ ചെറിയ തോതിലുള്ള തീപിടിത്തങ്ങൾ പെട്ടെന്ന് സംഹാര രൂപം പൂണ്ട് വിനാശകരമായ എട്ട് തീപിടിത്തങ്ങളായി മാറി. മനുഷ്യന് അവയുടെ മുന്നേറ്റത്തെ തടയാനായില്ല. വരൾച്ചയായിരുന്നു ഒരു കാരണം. യെല്ലോസ്റ്റോണിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ വരൾച്ച ഉണ്ടായത് 1988-ലെ വേനൽക്കാലത്താണ്. ശക്തിയേറിയ കാറ്റുകളായിരുന്നു മറ്റൊരു കാരണം. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ആ കാറ്റുകൾ ഓരോ ദിവസവും 20 കിലോമീറ്ററോളം ദൂരത്തിൽ തീ ആളിപ്പടരുന്നതിന് ഇടയാക്കി. അഗ്നിശമന പ്രവർത്തകർ വിചാരിക്കാത്തത്ര ദൂരത്തോളം അവ തീക്കനലുകൾ പറത്തി കൊണ്ടുപോയി. ഈ കനലുകൾ പുതിയ തീപിടിത്തങ്ങൾക്കു വഴിയൊരുക്കി.
അഗ്നിശമന പ്രവർത്തനം ഏറ്റവും ഊർജിതമായിരുന്ന സമയത്ത്, 100-ലധികം ഫയർ എഞ്ചിനുകളാണ് ഉപയോഗിക്കപ്പെട്ടത്. സൈനികരും സൈനികരല്ലാത്തവരും ഉൾപ്പെട്ട അഗ്നിശമന പ്രവർത്തകരുടെ എണ്ണമാകട്ടെ ഏകദേശം 10,000-വും. അഗ്നിശമന പ്രവർത്തനങ്ങൾക്കെല്ലാം കൂടെ 12 കോടി ഡോളറാണു ചെലവായത്. ഹെലിക്കോപ്റ്ററുകളും വ്യോമ ടാങ്കറുകളും കൂടി 50,00,000-ത്തോളം ലിറ്റർ അഗ്നി പ്രതിരോധകങ്ങളും 4,00,00,000-ഓളം ലിറ്റർ വെള്ളവും സംഭവ സ്ഥലത്ത് വർഷിച്ചു. എന്നാൽ ഈ ശ്രമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് തീ പാർക്കിലെങ്ങും അതിവേഗം ആളിപ്പടരുകയായിരുന്നു. ചുറ്റുവട്ടത്തുള്ള പല ജനസമൂഹങ്ങളും കഷ്ടിച്ചാണു രക്ഷപ്പെട്ടത്. പുകയുടെ ഒരു കരിമ്പടം ദിവസങ്ങളോളം പാർക്കിനെ മൂടി. വേനൽ അവസാനിക്കാറായപ്പോഴേക്കും പാർക്കിന് ഒരു യുദ്ധഭൂമിയുടെ മുഖച്ഛായയാണ് ഉണ്ടായിരുന്നത്. സെപ്റ്റംബർ പകുതിയോടെ എത്തിയ തണുത്ത കാറ്റും ശരത്കാല മഴയും ചെറിയ തോതിലുള്ള മഞ്ഞുമാണ് ഒടുവിൽ തീയണച്ചത്. അപ്പോഴേക്കും 14 ലക്ഷം ഏക്കർ പ്രദേശം തീ വിഴുങ്ങിയിരുന്നു.
തീപിടിത്തം പാർക്കിലെ ജന്തുക്കൾക്ക് കാര്യമായ ഉപദ്രവമൊന്നും ഏൽപ്പിച്ചില്ല. ടൂറിസ്റ്റുകളുടെ എണ്ണം അന്നു മുതൽ സ്ഥിരമായി വർധിച്ചിട്ടുമുണ്ട്. പുകയുടെ മൂടുപടം നീങ്ങിയപ്പോൾ ശരത്കാല സൗന്ദര്യം ആ പ്രദേശത്തിനാകെ നിറച്ചാർത്തേകി. വസന്തകാലമായപ്പോഴേക്കും മുമ്പ് ഒറ്റയൊരു പൂപോലും കാണാതിരുന്നിടത്ത് കാട്ടുപൂക്കൾ ധാരാളമായി കാണാൻ തുടങ്ങി. തീപിടിത്തത്തെ തുടർന്നു സമൃദ്ധമായി വളർന്ന പുതിയ മരങ്ങളുടെ സാന്നിധ്യം കത്തിക്കരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെ ഹരിതസുന്ദരമാക്കിത്തീർത്തിരിക്കുന്നു.
[15-ാം പേജിലെ ചിത്രങ്ങൾ]
ഓൾഡ് ഫെയ്ത്ഫുൾ
ലോവർ വെള്ളച്ചാട്ടം
[കടപ്പാട്]
NPS Photo
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ഫയർഹോൾ നദി
[17-ാം പേജിലെ ചിത്രങ്ങൾ]
മോർണിങ് ഗ്ലോറി പൂൾ
[കടപ്പാട്]
NPS Photo