വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ചെല​വേ​റിയ തകരാറ്‌

ഭൂരി​ഭാ​ഗം കമ്പ്യൂട്ടർ ശൃംഖ​ല​ക​ളും 1999-ൽനിന്ന്‌ 2000-ാം ആണ്ടി​ലേക്ക്‌ വിജയ​ക​ര​മാ​യി കടന്ന​പ്പോൾ കമ്പ്യൂട്ടർ എഞ്ചിനീ​യർമാർ ആശ്വാ​സ​നി​ശ്വാ​സം ഉതിർത്തു. വർഷത്തെ സൂചി​പ്പി​ക്കുന്ന ഇടങ്ങളിൽ ആദ്യത്തെ രണ്ട്‌ അക്കങ്ങൾ വിട്ടു​ക​ള​യുന്ന ഒരു രീതി കമ്പ്യൂട്ടർ പ്രോ​ഗ്രാം ചെയ്‌തവർ വികസി​പ്പി​ച്ചി​രു​ന്നു. തന്മൂലം, മിക്ക കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾക്കും 1900-ഉം 2000-ഉം തമ്മിൽ വേർതി​രി​ച്ച​റി​യാൻ സാധി​ക്കാ​തെ വരു​മെ​ന്നും അങ്ങനെ വളരെ​യ​ധി​കം കുഴപ്പ​ങ്ങൾക്ക്‌ ഇടയാ​ക്കി​ക്കൊണ്ട്‌ പല കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​ക​ളും തകരാ​റി​ലാ​കു​മെ​ന്നും ചില വിദഗ്‌ധർ പ്രവചി​ച്ചി​രു​ന്നു. (1999 ഫെബ്രു​വരി 8 ലക്കം ഉണരുക!യുടെ 21-3 പേജുകൾ കാണുക.) ഇത്‌ തടയു​ന്ന​തിന്‌, 2000-ാം ആണ്ട്‌ തുടങ്ങു​ന്ന​തി​നു മുമ്പായി പ്രശ്‌ന​മുള്ള കമ്പ്യൂട്ടർ സിസ്റ്റം നന്നാക്കാൻ കമ്പ്യൂട്ടർ എഞ്ചിനീ​യർമാർ കിണഞ്ഞു പരി​ശ്ര​മി​ച്ചു. അതിന്റെ ചെലവോ? “ലോക​വ്യാ​പ​ക​മാ​യി 30,000 കോടി മുതൽ 60,000 കോടി വരെ ഡോളർ ഇതിനാ​യി ചെലവ​ഴി​ച്ചി​ട്ടുണ്ട്‌” എന്ന്‌ ഒരു ഫിനാൻസ്‌ ഗ്രൂപ്പി​ന്റെ അവലോ​കനം തെളി​യി​ക്കു​ന്ന​താ​യി ഫ്രഞ്ച്‌ ദിനപ്പ​ത്ര​മായ ല മോൺടിൽ വന്ന ഒരു ലേഖനം പറയുന്നു. ഐക്യ​നാ​ടു​കൾ ഏകദേശം 10,000 കോടി ഡോള​റും ഫ്രാൻസ്‌ 2,000 കോടി ഡോള​റും ഇതിനാ​യി ചെലവ​ഴി​ച്ചു. ഇതി​നോ​ടു താരത​മ്യ​ത്തിൽ ഗൾഫ്‌ യുദ്ധത്തിൽ സഖ്യക​ക്ഷി​കൾക്ക്‌ ചെലവായ തുക വളരെ കുറവാണ്‌, “4,600 കോടി ഡോള​റി​നും 6,000 കോടി ഡോള​റി​നും ഇടയ്‌ക്ക്‌.” എന്തായാ​ലും, “കമ്പ്യൂ​ട്ട​റും സംഖ്യ​ക​ളു​മാ​യി ബന്ധപ്പെട്ട പുതിയ പ്രശ്‌ന​ങ്ങ​ളു​ടെ ഒരു പരമ്പര​തന്നെ ഉണ്ടാ​യേ​ക്കാം എന്നതി​നാൽ ഈ സ്ഥിതി​വി​ശേഷം ആവർത്തി​ക്കു​ക​തന്നെ ചെയ്യും” എന്ന്‌ ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ പ്രസ്‌താ​വി​ക്കു​ന്നു. എന്നുവ​രി​കി​ലും, “ഈ പ്രശ്‌ന​ങ്ങ​ളൊ​ന്നും തന്നെ 2000-ാം ആണ്ടി​നോ​ടു ബന്ധപ്പെട്ട കമ്പ്യൂട്ടർ തകരാ​റി​നെ [Y2K] കടത്തി​വെ​ട്ടാൻ സാധ്യ​ത​യില്ല.” (g00 12/08)

പാസ്‌വേർഡ്‌ പ്രശ്‌ന​ങ്ങൾ

പാസ്‌വേർഡു​കൾ മറന്നു പോകു​ന്നത്‌ ഐക്യ​നാ​ടു​ക​ളിൽ ഒരു തലവേദന ആയിരി​ക്കു​ക​യാണ്‌. അത്‌ ഉത്‌പാ​ദ​നത്തെ ബാധി​ക്കു​ന്ന​തി​നാ​ലും പ്രസ്‌തുത പ്രശ്‌നം പരിഹ​രി​ക്കാൻ ആവശ്യ​മായ സാങ്കേ​തിക സഹായം പ്രദാനം ചെയ്യേ​ണ്ടി​വ​രു​ന്ന​തി​നാ​ലും ബിസി​ന​സു​കാർക്കു വർഷം തോറും ദശലക്ഷ​ക്ക​ണ​ക്കി​നു ഡോളർ ചെലവ​ഴി​ക്കേ​ണ്ട​താ​യി വരുന്നു. “ഇരുപതു വർഷം മുമ്പ്‌, ആളുകൾക്ക്‌ തങ്ങളുടെ സാമൂഹ്യ സുരക്ഷാ (സോഷ്യൽ സെക്യൂ​രി​റ്റി) നമ്പരും, ഒന്നോ രണ്ടോ ഫോൺ നമ്പരും മാത്രം ഓർമി​ച്ചാൽ മതിയാ​യി​രു​ന്നു,” ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പറയുന്നു. എന്നാൽ ഇന്ന്‌, കമ്പ്യൂട്ടർ ഫയലുകൾ തുറക്കാ​നും ഇ-മെയിൽ സേവനങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്താ​നും വേണ്ടി മിക്കവാ​റും എല്ലാവർക്കും​തന്നെ പാസ്‌വേർഡു​കൾ ഉണ്ട്‌. വാസ്‌ത​വ​ത്തിൽ, പലർക്കും ഇപ്പോൾ ഡസൻ കണക്കിന്‌ പാസ്‌വേർഡു​ക​ളും കോഡു​ക​ളും വ്യക്തിഗത തിരി​ച്ച​റി​യൽ നമ്പരു​ക​ളു​മുണ്ട്‌. താൻ 129 പാസ്‌വേർഡു​കൾ ഉപയോ​ഗി​ക്കു​ന്നു​ണ്ടെന്ന്‌ ഒരു നെറ്റ്‌വർക്ക്‌ കാര്യ​നിർവാ​ഹകൻ റിപ്പോർട്ട്‌ ചെയ്‌ത​താ​യി പറയ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ പാസ്‌വേർഡു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാ​ക്കു​ന്ന​തി​നാ​യി ചില കമ്പനികൾ തങ്ങളുടെ പാസ്‌വേർഡ്‌ അധിഷ്‌ഠിത സിസ്റ്റങ്ങൾ മാറ്റി, പകരം ഫിംഗർപ്രിന്റ്‌ സ്‌കാ​ന​റു​ക​ളും മറ്റ്‌ ഉയർന്ന സാങ്കേ​തിക സുരക്ഷാ സംവി​ധാ​ന​ങ്ങ​ളും സ്ഥാപി​ച്ചു​വ​രു​ന്നു. (g00 12/08)

കോപ​വും നിങ്ങളു​ടെ ഹൃദയ​വും

“കോപി​ക്കാൻ പ്രവണത കൂടു​ത​ലു​ള്ള​വർക്ക്‌ അത്‌ കുറവു​ള്ള​വരെ അപേക്ഷിച്ച്‌, ഹൃദയാ​ഘാ​തം ഉണ്ടാകാൻ മൂന്നി​രട്ടി സാധ്യ​ത​യു​ണ്ടെന്ന്‌” ഗ്ലോബ്‌ ആൻഡ്‌ മെയിൽ ദിനപ്പ​ത്ര​ത്തിൽ വന്ന ഒരു റിപ്പോർട്ട്‌ പറയുന്നു. ഏകദേശം 13,000 ആളുകളെ ഹൃ​ദ്രോഗ സാധ്യത നിർണ​യി​ക്കു​ന്ന​തി​നു വേണ്ടി ഒരു 6 വർഷ പഠനത്തി​നു വിധേ​യ​രാ​ക്കി. പങ്കെടുത്ത ആർക്കും തുടക്ക​ത്തിൽ ഹൃ​ദ്രോ​ഗ​മി​ല്ലാ​യി​രു​ന്നു. ഓരോ​രു​ത്ത​രോ​ടും കുറെ ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും അവയോട്‌ അവർ പ്രതി​ക​രിച്ച വിധം അനുസ​രിച്ച്‌ കോപി​ക്കാ​നുള്ള അവരുടെ പ്രവണത താഴ്‌ന്നത്‌, മിതമാ​യത്‌, ഉയർന്നത്‌ എന്നിങ്ങനെ രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അവരിൽ 256 പേർക്ക്‌ ആ 6 വർഷത്തി​നു​ള്ളിൽ ഹൃദയാ​ഘാ​തം ഉണ്ടായി. മിതമായ അളവിൽ കോപം പ്രകട​മാ​ക്കി​യ​വർക്കു പോലും ഹൃദയ​സം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത 35 ശതമാനം കൂടു​ത​ലാ​ണെന്ന്‌ പഠനം വെളി​പ്പെ​ടു​ത്തി. ഈ പഠനത്തിന്‌ നേതൃ​ത്വം വഹിച്ച, നോർത്ത്‌ കരോ​ലി​നാ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ഡോ. ജാനെസ്‌ വില്യംസ്‌ പറയുന്നു: “കോപം ഹൃദയാ​ഘാ​ത​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം. മധ്യവ​യ​സ്‌ക​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ കാര്യ​ത്തിൽ അത്‌ പ്രത്യേ​കി​ച്ചും ശരിയാണ്‌—അവരുടെ രക്തസമ്മർദം സാധാരണ നിലയിൽ ആണെങ്കിൽപ്പോ​ലും.” അതു​കൊണ്ട്‌, കോപി​ക്കാൻ പ്രവണ​ത​യുള്ള ആളുകൾ സമ്മർദം ലഘൂക​രി​ക്കു​ന്ന​തി​നുള്ള മാർഗങ്ങൾ അവലം​ബി​ക്ക​ണ​മെന്ന്‌ ഗവേഷകർ ശുപാർശ ചെയ്‌തു. (g00 12/08)

വെള്ളം—ഒരു വിപണന തന്ത്രം

ഇന്ത്യയി​ലെ ചില വ്യാപാ​രി​കൾ, ഉപഭോ​ക്താ​ക്കളെ ആകർഷി​ക്കു​ന്ന​തി​നാ​യി ഈ അടുത്ത കാലത്തു​ണ്ടായ വരൾച്ചയെ പ്രയോ​ജ​ന​പ്പെ​ടു​ത്തി​വ​രു​ന്നു. ചില പ്രമുഖ ഗൃഹോ​പ​ക​ര​ണ​ങ്ങ​ളോ​ടൊ​പ്പം വെള്ളം സൗജന്യം എന്നതാണ്‌ അവരുടെ വ്യാപാ​ര​ത​ന്ത്രം. ഒരു അവ്‌നോ റഫ്രി​ജ​റേ​റ്റ​റോ വാഷിങ്‌ മെഷീ​നോ ടെലി​വി​ഷൻ സെറ്റോ വാങ്ങുന്ന ഏതൊരു ഉപഭോ​ക്താ​വി​നും 2 വേനൽക്കാല മാസങ്ങ​ളിൽ ആഴ്‌ച​യിൽ 4 ദിവസം 500 ലിറ്റർ വെള്ളം വീതം നൽകാ​മെന്ന്‌ ഒരു ചില്ലറ​വ്യാ​പാ​രി വാഗ്‌ദാ​നം ചെയ്‌ത​താ​യി ദ ടൈംസ്‌ ഓഫ്‌ ഇൻഡ്യ റിപ്പോർട്ടു ചെയ്‌തു. ഒരു റഫ്രി​ജ​റേ​റ്റ​റോ ടെലി​വി​ഷ​നോ വാങ്ങി​യാൽ ‘ആ വർഷം ശേഷിച്ച വേനൽക്കാ​ലം വെള്ളം സൗജന്യം’ എന്ന്‌ മറ്റൊരു വ്യാപാ​രി വാഗ്‌ദാ​നം ചെയ്‌തു. ഇന്നോളം ഗുജറാത്ത്‌ സംസ്ഥാ​ന​ത്തി​ന്റെ വടക്കു പടിഞ്ഞാ​റൻ ഭാഗങ്ങ​ളിൽ ഉണ്ടായി​ട്ടു​ള്ള​തിൽ വെച്ചേ​റ്റ​വും രൂക്ഷമായ ഒരു വരൾച്ച​യു​ടെ ദുരി​തങ്ങൾ അനുഭ​വി​ക്കു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം സ്വർണം, വെള്ളി, സൗജന്യ ഒഴിവു​കാ​ല​യാ​ത്ര എന്നിവ​യെ​ക്കാ​ളൊ​ക്കെ പ്രലോ​ഭ​നീ​യ​മായ വാഗ്‌ദാ​ന​മാ​യി​രു​ന്നു അത്‌. വെള്ളം വാഗ്‌ദാ​നം ചെയ്‌ത​തി​നാൽ തങ്ങളുടെ വിൽപ്പന മൂന്നു മടങ്ങ്‌ വർധി​ച്ച​താ​യി രാജ്‌കോട്ട്‌ നഗരത്തി​ലെ വ്യാപാ​രി​കൾ പറഞ്ഞു. (g00 12/08)

യൂറോ​പ്പി​ലെ പീഡന​വും ക്രൂര​ത​യും

“നിർബ​ന്ധിത നാടു​ക​ട​ത്ത​ലി​നി​ടെ സംഭവി​ക്കുന്ന മരണം, തടവി​ലാ​യി​രി​ക്കു​മ്പോ​ഴത്തെ പീഡനം, പോലീസ്‌ മർദനം, വംശീ​യ​വും മതപര​വു​മായ അടിച്ച​മർത്തൽ” എന്നിവ യൂറോ​പ്പി​ലെ മനുഷ്യാ​വ​കാശ ലംഘന​ങ്ങ​ളു​ടെ ചില ഉദാഹ​ര​ണ​ങ്ങ​ളാ​ണെന്ന്‌ അമ്‌നെസ്റ്റി ഇന്റർനാ​ഷ​ണ​ലി​ന്റെ ഒരു വാർത്താ​പ​ത്രിക റിപ്പോർട്ടു ചെയ്യുന്നു. “യൂറോ​പ്പിൽ ഒട്ടുമു​ക്കാ​ലും ആളുകൾ അടിസ്ഥാന മനുഷ്യാ​വ​കാ​ശങ്ങൾ ആസ്വദി​ക്കു​ന്നുണ്ട്‌. എന്നാൽ, മനുഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും രക്ഷാസ​ങ്കേതം എന്ന യൂറോ​പ്പി​ന്റെ പ്രതി​ച്ഛാ​യ​യ്‌ക്കു നേർവി​പ​രീ​ത​മാ​യി അഭയാർഥി​കൾക്കും മത, വംശീയ ന്യൂന​പ​ക്ഷ​ങ്ങൾക്കും ഇവയുടെ ലംഘനം അനുഭ​വി​ക്കേണ്ടി വരുന്നു” എന്ന്‌ ആ വാർത്താ​പ​ത്രിക പറയുന്നു. “ക്രൂര​മായ പോലീസ്‌ മർദന​ങ്ങളെ കുറി​ച്ചുള്ള ആരോ​പ​ണ​ങ്ങ​ളു​ടെ എണ്ണത്തിൽനിന്ന്‌ ഇതു വ്യക്തമാണ്‌. യു​ണൈ​റ്റഡ്‌ കിങ്‌ഡം മുതൽ അസർ​ബൈ​ജാൻ വരെയുള്ള ഇടങ്ങളിൽ ആളുകൾ പോലീ​സി​ന്റെ കരങ്ങളാ​ലുള്ള ക്രൂര​വും മനുഷ്യ​ത്വ​ര​ഹി​ത​വും അധഃപ​തി​ച്ച​തു​മായ മർദന​ങ്ങൾക്ക്‌ . . . ഇരയാ​കു​ന്നു.” ഇതിന്‌ ഉത്തരവാ​ദി​ക​ളാ​യ​വർക്ക്‌ എതിരെ നീതി നടപ്പാ​ക്കു​ന്നില്ല എന്ന്‌ പ്രസ്‌തുത സംഘടന പറയുന്നു. അത്‌ പിൻവ​രുന്ന ഉദാഹ​രണം തെളി​വാ​യി എടുത്തു​കാ​ണി​ക്കു​ന്നു: “പീഡന​വും ന്യായ​മായ വിചാ​ര​ണ​യും സംബന്ധിച്ച അന്താരാ​ഷ്‌ട്ര നിലവാ​രങ്ങൾ ലംഘി​ച്ച​തിന്‌ ഫ്രാൻസ്‌ കുറ്റക്കാ​രാ​ണെന്ന്‌ [1999] ജൂ​ലൈ​യിൽ യൂറോ​പ്പി​ലെ മനുഷ്യാ​വ​കാശ കോടതി കണ്ടെത്തി.” പോലീസ്‌ കസ്റ്റഡി​യി​ലാ​യി​രുന്ന ഒരു കുടി​യേ​റ്റ​ക്കാ​രൻ ഉൾപ്പെ​ട്ട​താ​യി​രു​ന്നു പ്രശ്‌നം. “ആ വർഷാ​വ​സാ​ന​വും കുറ്റക്കാ​രായ പോലീ​സു​കാർ ജോലി​യിൽ തുടരു​ന്നു​ണ്ടാ​യി​രു​ന്നു,” എന്ന്‌ റിപ്പോർട്ട്‌ കൂട്ടി​ച്ചേർക്കു​ന്നു. (g00 12/22)

മതഭക്തി ആയുസ്സ്‌ വർധി​പ്പി​ക്കു​ന്നു​വെ​ന്നോ?

“മതപ്ര​വർത്ത​ന​ങ്ങ​ളിൽ പതിവാ​യി ഉൾപ്പെ​ടു​ന്നത്‌ മെച്ചപ്പെട്ട ആരോ​ഗ്യ​ത്തി​നും ആയുർ​ദൈർഘ്യ​ത്തി​നും സംഭാവന ചെയ്യു​ന്നു​വെന്ന്‌ 1977 മുതൽ ഈ വിഷയ​ത്തോ​ടുള്ള ബന്ധത്തിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുള്ള 42 സ്വതന്ത്ര പഠനങ്ങ​ളു​ടെ റിപ്പോർട്ട്‌ കാണി​ക്കു​ന്നു” എന്ന്‌ സയൻസ്‌ ന്യൂസ്‌ പ്രസ്‌താ​വി​ക്കു​ന്നു. “മതവു​മാ​യി ബന്ധപ്പെട്ട പൊതു​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നത്‌ ആയുസ്സ്‌ വർധി​പ്പി​ക്കു​ന്നു എന്ന്‌ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ സൂചി​പ്പി​ക്കു​ന്ന​താ​യി ശാസ്‌ത്രജ്ഞർ പറയുന്നു.” ഈ കണ്ടെത്ത​ലു​കൾക്ക്‌ ധാരാളം കാരണങ്ങൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നുണ്ട്‌. ദോഷ​ക​ര​മായ സ്വഭാ​വങ്ങൾ ഒഴിവാ​ക്കൽ, വൈവാ​ഹിക സ്ഥിരത, സ്വയം പരിഹ​രി​ക്കാൻ പറ്റാത്ത പ്രശ്‌ന​ങ്ങളെ നേരി​ടേ​ണ്ട​താ​യി വരു​മ്പോ​ഴുള്ള കുറഞ്ഞ സമ്മർദം, വിസ്‌തൃ​ത​മായ സാമൂ​ഹ്യ​ബന്ധം, ക്രിയാ​ത്മക ചിന്താ​ഗതി എന്നിവ​യാണ്‌ അവയിൽ ചിലത്‌. ഒരു റിപ്പോർട്ട്‌ ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “സ്ഥിരമാ​യി മതകാ​ര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തും ദീർഘാ​യു​സ്സും തമ്മിൽ ബന്ധമു​ള്ള​താ​യി കണ്ടെത്തി​യി​രി​ക്കു​ന്നു, പ്രത്യേ​കി​ച്ചും സ്‌ത്രീ​ക​ളു​ടെ കാര്യ​ത്തിൽ. അത്തരക്കാർക്ക്‌ നല്ല സാമൂ​ഹ്യ​ബ​ന്ധങ്ങൾ, സംഘർഷം കുറഞ്ഞ അവസ്ഥ, മെച്ചപ്പെട്ട ആരോ​ഗ്യ​ശീ​ലങ്ങൾ എന്നിവ ഉള്ളതായി റിപ്പോർട്ട്‌ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.” (g00 12/22)

കടലാ​മകൾ വീണ്ടും!

ഇന്ത്യയു​ടെ കിഴക്കൻ തീരങ്ങ​ളിൽ ഈ വർഷം ഒലിവ്‌ റൈഡ്‌ലി വർഗത്തിൽപ്പെട്ട കടലാ​മ​ക​ളു​ടെ ഒരു വൻകൂ​ട്ടത്തെ കാണാൻ കഴിഞ്ഞത്‌ പരിസ്ഥി​തി സംരക്ഷ​കരെ സന്തോ​ഷി​പ്പി​ച്ചു. 1980-കളുടെ മധ്യത്തി​നു ശേഷം ആദ്യമാ​യി​ട്ടാണ്‌ ഇത്രയും കടലാ​മകൾ തീരത്ത​ണ​യു​ന്നത്‌. 1999-ൽ ഒരു ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ഒറീസാ സംസ്ഥാ​ന​ത്തി​ന്റെ തീര​പ്ര​ദേ​ശത്ത്‌ വമ്പിച്ച നാശന​ഷ്ടങ്ങൾ വിതച്ച​തി​നാൽ ഇത്‌ അതിശ​യ​മാ​യി​രി​ക്കു​ന്നു എന്ന്‌ ഒരു പരിസ്ഥി​തി മാസി​ക​യായ ഡൗൺ ടു എർത്ത്‌ പറയുന്നു. വംശനാ​ശം സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഈ ജീവി​ക​ളു​ടെ, ലോക​ത്തി​ലേ​ക്കും​വെച്ച്‌ ഏറ്റവും വലിയ താവള​മാണ്‌ ഈ തീരങ്ങൾ. മാർച്ച്‌ 13-നും 20-നും ഇടയ്‌ക്ക്‌ ഏതാണ്ട്‌ 12,30,000 കടലാ​മകൾ കടലിൽനി​ന്നു കയറി വരിക​യും അവയിൽ ഏകദേശം 7,11,000 ആമകൾ മുട്ടയി​ടു​ക​യും ചെയ്‌തു. എന്നാൽ ഏതാണ്ട്‌ 28,000 ആമകൾ തീരത്തി​ന​ടുത്ത്‌ കോരു​വ​ല​ക​ളിൽ കുടു​ങ്ങി​യ​തി​ന്റെ ഫലമായി കൊല്ല​പ്പെട്ടു. ഈ കടലാ​മ​കൾക്ക്‌ പലതര​ത്തി​ലുള്ള ഭീഷണി​കൾ ഉണ്ട്‌. ആമമുട്ട തിന്നാ​നെ​ത്തുന്ന കാട്ടു​പ​ന്നി​ക​ളും നായ്‌ക്ക​ളും, ഒരു വിശിഷ്ട ഭോജ്യ​മാ​യി കരുത​പ്പെ​ടുന്ന കടലാമ മാംസം വിൽക്കാൻവേണ്ടി അവയെ അനധി​കൃ​ത​മാ​യി വേട്ടയാ​ടു​ന്നവർ, “കടലാ​മകൾ കുടു​ങ്ങു​ന്നത്‌ തടയു​ന്ന​തി​നുള്ള സജ്ജീക​ര​ണങ്ങൾ ഇല്ലാത്ത” വലകൾ ഘടിപ്പി​ച്ചി​ട്ടുള്ള മത്സ്യബന്ധന ബോട്ടു​കൾ എന്നിവ​യാണ്‌ അവ. (g00 12/22)

ചോറിട്ട കൈക്കു കടിക്കു​ന്നു

“തിമിം​ഗ​ല​ങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശ്യ​ത്തോ​ടെ പസിഫിക്‌ സമു​ദ്ര​ത്തി​നു കുറുകെ, തനിയെ ഒരു ബോട്ടു​യാ​ത്ര​യിൽ ഏർപ്പെ​ട്ടി​രുന്ന കാലി​ഫോർണി​യ​ക്കാ​ര​നായ ഒരു നാവി​കന്‌ രണ്ടു തിമിം​ഗ​ല​ങ്ങ​ളു​മാ​യി ഏറ്റുമു​ട്ടേണ്ടി വന്നതി​നാൽ . . . യാത്ര തുടരാൻ സാധി​ച്ചില്ല” എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. സാൻഫ്രാൻസി​സ്‌കോ​യിൽ നിന്ന്‌ യാത്ര ആരംഭിച്ച നാവി​ക​നായ മൈക്കൾ റെപ്പി ജപ്പാനി​ലെ യോ​ക്കോ​ഹാ​മ​യി​ലേ​ക്കുള്ള മാർഗ​മ​ധ്യേ ആയിരു​ന്നു. തേസ്‌ഡേസ്‌ ചൈൽഡ്‌ എന്ന തന്റെ 18 മീറ്റർ നീളമുള്ള മത്സര​ബോ​ട്ടിൽ സഞ്ചരിച്ച്‌ റെക്കോർഡ്‌ സമയം ഇട്ടു​കൊണ്ട്‌ “വേട്ടയാ​ട​പ്പെ​ടുന്ന തിമിം​ഗ​ല​ങ്ങ​ളു​ടെ ദുരവ​സ്ഥയെ പരസ്യ​പ്പെ​ടു​ത്തുക” എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം. എന്നാൽ, യാത്ര തുടങ്ങിയ ദിവസം തന്നെ രണ്ടു തിമിം​ഗ​ലങ്ങൾ അദ്ദേഹ​ത്തി​ന്റെ ബോട്ട്‌ “ഇടിച്ചു തെറി​പ്പിച്ച”തിന്റെ ഫലമായി ബോട്ടി​ന്റെ ഗതി നിയ​ന്ത്രി​ക്കുക ദുഷ്‌ക​ര​മാ​യി​ത്തീർന്നു. ടൈംസ്‌ പറയുന്നു: “കടന്നു​പോയ തിമിം​ഗ​ല​ങ്ങ​ളിൽ ഒന്ന്‌ ഇടിച്ച​തി​നാ​ലാ​വാം, ചുക്കാന്റെ ചുവടു​ഭാ​ഗം തകർന്ന​താ​യി അദ്ദേഹം കണ്ടെത്തി,” ടൈംസ്‌ പറയുന്നു. അതിനു മുമ്പ്‌ 1997-ൽ “സമു​ദ്ര​ജീ​വി​ക​ളു​ടെ ദുരവ​സ്ഥ​യി​ലേക്ക്‌ ലോക​ശ്രദ്ധ ക്ഷണിക്കു​ന്ന​തി​നാ​യി” നടത്തിയ ഒരു ശ്രമം, ടോക്കി​യോ​യിൽ നിന്ന്‌ ഏതാണ്ട്‌ 500 കിലോ​മീ​റ്റർ പിന്നി​ട്ട​പ്പോൾ ബോട്ട്‌ മറിഞ്ഞതു നിമിത്തം അദ്ദേഹ​ത്തിന്‌ ഉപേക്ഷി​ക്കേണ്ടി വന്നു. (g00 12/22)

മലേറി​യ​യോ​ടു പോരാ​ടാൻ ഡിഡിറ്റി തിരി​ച്ചു​വ​രു​ന്നു

“യൂറോ​പ്പി​ലും അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലും ഏതാണ്ട്‌ 30 വർഷമാ​യി നിരോ​ധി​ച്ചി​രി​ക്കുന്ന ഒരു കീടനാ​ശി​നി​യായ ഡിഡിറ്റി, ലോക​ത്തി​ലെ ഏറ്റവും വലിയ കൊല​യാ​ളി​ക​ളിൽ ഒന്നായ മലേറിയ പരത്തുന്ന കൊതു​കു​കളെ നശിപ്പി​ക്കു​ന്ന​തിൽ ഫലപ്രദം എന്നു തെളി​ഞ്ഞി​രി​ക്കു​ന്ന​തി​നാൽ ലോക​വ്യാ​പ​ക​മാ​യുള്ള നിരോ​ധ​ന​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻ സാധ്യ​ത​യുണ്ട്‌,” ബിബിസി വൈൽഡ്‌​ലൈഫ്‌ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. “ജീവജാ​ല​ങ്ങളെ പ്രതി​കൂ​ല​മാ​യി ബാധി​ക്കുന്ന, ഉയർന്ന വിഷാം​ശ​മുള്ള ഒരു സംയു​ക്ത​മാണ്‌ ഡിഡിറ്റി എന്ന്‌ തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നുവ​രി​കി​ലും, ഒരു വർഷം 27 ലക്ഷം ആളുകളെ കൊ​ന്നൊ​ടു​ക്കു​ക​യും 50 കോടി ആളുകളെ വിട്ടു​മാ​റാത്ത രോഗ​ത്തിന്‌ അടിമ​ക​ളാ​ക്കു​ക​യും ചെയ്യുന്ന മലേറി​യ​യ്‌ക്ക്‌ എതി​രെ​യുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട ആയുധ​ങ്ങ​ളിൽ ഒന്നാണ്‌ ഇത്‌ എന്ന്‌ ആരോ​ഗ്യ​പ്ര​വർത്തകർ പറയുന്നു.” കാർഷി​കാ​വ​ശ്യ​ങ്ങൾക്ക്‌ ഡിഡിറ്റി ഉപയോ​ഗി​ക്കു​ന്ന​തി​നെ നിരോ​ധി​ച്ചു​കൊ​ണ്ടുള്ള നിയമത്തെ പിന്താ​ങ്ങു​മ്പോൾത്തന്നെ, സുരക്ഷി​ത​വും ഫലപ്ര​ദ​വു​മായ മറ്റൊരു മാർഗം വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തു​വരെ മലേറിയ നിയ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇത്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌ എന്നു ലോകാ​രോ​ഗ്യ സംഘടന പറയുന്നു. (g00 12/22)