വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണു സംസാരിക്കുന്നത്‌?

ആരാണു സംസാരിക്കുന്നത്‌?

ആരാണു സംസാ​രി​ക്കു​ന്നത്‌?

യവനിക ഉയരു​മ്പോൾ പരസ്‌പരം തമാശകൾ പറഞ്ഞി​രി​ക്കുന്ന അവതാ​ര​ക​നെ​യും അദ്ദേഹ​ത്തി​ന്റെ പാവ​യെ​യു​മാ​ണു നാം കാണു​ന്നത്‌. ആ പാവയെ കണ്ടാൽ, തനതായ ശബ്ദവും വ്യക്തി​ത്വ​വു​മുള്ള ജീവനുള്ള ഒരു പാവയാ​ണെന്നേ തോന്നൂ. എന്നാൽ വാസ്‌ത​വ​ത്തിൽ, പാവയു​ടെ “ശബ്ദം” പുറ​പ്പെ​ടു​വി​ക്കു​ന്നത്‌ അവതാ​രകൻ—ശബ്ദവി​ഡം​ബകൻ (Ventriloquist)—തന്നെയാണ്‌. അതു ചെയ്യു​മ്പോൾ തന്റെ ചുണ്ട്‌ അനക്കാ​തി​രി​ക്കാൻ അദ്ദേഹം പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു.

അസാധാ​ര​ണ​മാ​യ ഈ കലാരൂ​പത്തെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? ഏകദേശം 18 വർഷമാ​യി ഈ രംഗത്തു പ്രവർത്തി​ക്കുന്ന നാഖോ എസ്‌ട്രാ​ഡാ​യു​മാ​യി ഉണരുക! നടത്തിയ അഭിമു​ഖ​ത്തിൽനിന്ന്‌:

ഏതൊക്കെ തരത്തി​ലുള്ള ശബ്ദവി​ഡം​ബനം ആണുള്ളത്‌?

സമീപ ശബ്ദവി​ഡം​ബനം എന്നറി​യ​പ്പെ​ടു​ന്ന​തിൽ അവതാ​ര​കന്റെ ശബ്ദം അടുത്തു​നിന്ന്‌—സ്വന്തം മടിയിൽ ഇരിക്കുന്ന ഒരു പാവയിൽനിന്ന്‌ എന്ന പോലെ—വരുന്ന​താ​യി തോന്നു​ന്നു. വിദൂര ശബ്ദവി​ഡം​ബ​ന​ത്തി​ലാ​ണെ​ങ്കിൽ ശബ്ദം അകലെ​നി​ന്നു വരുന്ന​താ​യാ​ണു തോന്നുക. ഒരു പെട്ടി​പോ​ലെ, അടഞ്ഞി​രി​ക്കുന്ന എന്തി​ന്റെ​യെ​ങ്കി​ലും ഉള്ളിൽനി​ന്നു വരുന്ന​തു​പോ​ലെ ശബ്ദം പുറ​പ്പെ​ടു​വി​ക്കാ​നും ശബ്ദവി​ഡം​ബ​കർക്കു കഴിയാ​റുണ്ട്‌. ചിലർക്ക്‌ ഒരു മൃഗത്തി​ന്റെ ശബ്ദമോ കുഞ്ഞിന്റെ കരച്ചി​ലോ ഒക്കെ അനുക​രി​ക്കാൻ കഴിയും. ഇതെല്ലാം ചെയ്യു​മ്പോ​ഴും അവർ തങ്ങളുടെ ചുണ്ടുകൾ ചലിപ്പി​ക്കു​ന്നില്ല.

വിദഗ്‌ധ​നാ​യ ഒരു ശബ്ദവി​ഡം​ബ​കന്‌ ആളുകളെ ശരിക്കും കബളി​പ്പി​ക്കാൻ കഴിയും. നടന്നതാ​യി കരുത​പ്പെ​ടുന്ന ഒരു സംഭവം വിവരി​ക്കാം. ഒരിക്കൽ കച്ചി നിറച്ച ഒരു കുതി​ര​വണ്ടി വഴിയി​ലൂ​ടെ പോകു​ക​യാ​യി​രു​ന്നു. അതു കണ്ട ഒരു ശബ്ദവി​ഡം​ബ​കന്‌ ഒരു കുസൃതി തോന്നി. ആരോ സഹായ​ത്തി​നാ​യി കരയു​ന്നതു പോ​ലെ​യുള്ള ഒരു ശബ്ദം അയാൾ പുറ​പ്പെ​ടു​വി​ച്ചു. കരച്ചിൽ വണ്ടിയു​ടെ ഉള്ളിൽനി​ന്നു വരുന്ന​തു​പോ​ലെ തോന്നി​യ​തി​നാൽ ആളുകൾ വണ്ടി തടഞ്ഞു​നി​റു​ത്തി അതിലുള്ള കച്ചി മുഴുവൻ താഴെ​യി​റ​ക്കി​ച്ചു. ഏതോ പാവത്തി​നെ അതിനി​ട​യിൽ ബന്ധിയാ​ക്കി വെച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാണ്‌ അവർ കരുതി​യത്‌. എന്നാൽ, ഇല്ലാത്ത ബന്ധിയെ അവർക്കു കാണാൻ കഴിഞ്ഞി​ല്ലെന്നു പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ.

വർഷങ്ങളിലൂടെ ശബ്ദവി​ഡം​ബനം വികാസം പ്രാപി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

വർഷങ്ങൾക്കു മുമ്പ്‌, തങ്ങൾ മരിച്ച​വ​രു​മാ​യി ആശയവി​നി​മയം നടത്തു​ക​യാ​ണെന്ന്‌ അന്ധവി​ശ്വാ​സി​ക​ളായ ആളുകളെ ധരിപ്പി​ക്കു​ന്ന​തിന്‌ ശബ്ദവി​ഡം​ബനം ഉപയോ​ഗി​ച്ചി​രു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു. എന്നാൽ, കാലം കടന്നു​പോ​യ​തോ​ടെ മനുഷ്യ​രു​ടെ കഴിവു മാത്ര​മാണ്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നു വ്യക്തമാ​യി. അതേത്തു​ടർന്ന്‌ കലാരം​ഗത്ത്‌ ശബ്ദവി​ഡം​ബ​ന​ത്തിന്‌ ആദരണീ​യ​മായ ഒരു സ്ഥാനം ലഭിച്ചു. ഇന്ന്‌ വിദ്യാ​ഭ്യാ​സ രംഗത്തു പോലും ഇത്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌.

കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളിൽ ശബ്ദവി​ഡം​ബ​ക​രു​ടെ പ്രത്യേക കഴിവു​കൾ പ്രദർശി​പ്പി​ക്കാ​നും കാണി​കളെ രസിപ്പി​ക്കാ​നു​മാ​യി വ്യത്യസ്‌ത മാർഗങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 20-ാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും ഒരു മരപ്പാ​വ​യു​മാ​യി ശബ്ദവി​ഡം​ബകൻ സംഭാ​ഷണം നടത്തുന്ന രീതി പ്രചാ​ര​ത്തി​ലാ​യി.

താങ്കളെ ശബ്ദവി​ഡം​ബ​ന​ത്തി​ലേക്ക്‌ ആകർഷി​ച്ചത്‌ എന്താണ്‌?

ആളുകളെ രസിപ്പി​ക്കാ​നും ചിരി​പ്പി​ക്കാ​നു​മുള്ള അതിന്റെ കഴിവാണ്‌ എന്നെ ആകർഷി​ച്ചത്‌. ഞാൻ കുട്ടി​യാ​യി​രി​ക്കു​മ്പോൾ ഒരു കച്ചവട​ക്കാ​രൻ “വെൻട്രി​ലോ​ക്വിസ്റ്റ്‌” (ശബ്ദവി​ഡം​ബകൻ) എന്ന പദത്തിന്റെ ഉത്‌പ​ത്തി​യെ കുറിച്ച്‌ എനിക്കു വിശദീ​ക​രി​ച്ചു​തന്നു. അതാണ്‌ ഈ കലയി​ലുള്ള എന്റെ താത്‌പ​ര്യ​ത്തെ ഉണർത്തി​യത്‌. “ഉദര ഭാഷണം” അഥവാ “ഉദരത്തിൽ നിന്നുള്ള സംസാരം” എന്ന്‌ അർഥമുള്ള വെന്റർ, ലോക്വി എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നാണ്‌ ആ വാക്കു വന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഉദരം ഒരു പ്രത്യേക രീതി​യിൽ ഉപയോ​ഗി​ക്കു​ന്ന​തു​മാ​യി ശബ്ദവി​ഡം​ബ​ന​ത്തിന്‌ ബന്ധമു​ണ്ടെന്ന്‌ ആദ്യകാ​ല​ങ്ങ​ളിൽ ആളുകൾ വിചാ​രി​ച്ചി​രു​ന്ന​താണ്‌ അതിനു കാരണം. അദ്ദേഹ​മാണ്‌ ഈ കലയുടെ ബാലപാ​ഠങ്ങൾ എന്നെ പഠിപ്പി​ച്ചത്‌.

പഠിച്ചത്‌ അടുത്ത ദിവസം​തന്നെ ഞാൻ സ്‌കൂ​ളിൽ പ്രയോ​ഗി​ച്ചു നോക്കി. വിദൂര ശബ്ദവി​ഡം​ബനം ഉപയോ​ഗിച്ച്‌ എന്റെ ശബ്ദം സ്‌കൂ​ളി​ലെ ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ വരുന്ന​തു​പോ​ലെ തോന്നി​ക്കാൻ ഞാൻ ശ്രമിച്ചു. എന്നോടു ക്ലാസ്സിൽ നിന്നു പുറത്തു ചെല്ലാ​നാണ്‌ ഞാൻ പറഞ്ഞത്‌. ആ വിദ്യ ഫലിച്ചു! പിന്നീട്‌ തപാൽ വഴി ഞാൻ ശബ്ദവി​ഡം​ബ​നത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കു​ക​യും അതു തൊഴി​ലാ​യി സ്വീക​രി​ക്കു​ക​യും ചെയ്‌തു.

ശബ്ദവിഡംബകൻ എന്ന നിലയി​ലുള്ള താങ്കളു​ടെ തൊഴി​ലിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

വിരു​ന്നു​ക​ളി​ലും ശബ്ദവി​ഡം​ബ​ക​രു​ടെ കൺ​വെൻ​ഷ​നു​ക​ളി​ലു​മൊ​ക്കെ പരിപാ​ടി​കൾ അവതരി​പ്പി​ക്കു​ക​യും ഇടയ്‌ക്കൊ​ക്കെ ടെലി​വി​ഷ​നിൽ പ്രത്യ​ക്ഷ​പ്പെ​ടു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും സ്‌കൂൾ സദസ്സു​ക​ളിൽ കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തി​നാണ്‌ ഞാൻ കൂടുതൽ സമയവും ചെലവ​ഴി​ക്കു​ന്നത്‌. തമാശ, പരിപാ​ടി​യി​ലെ ഒരു മുഖ്യ ചേരു​വ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ വ്യക്തി​പ​ര​മായ ശുചി​ത്വ​ത്തെ കുറി​ച്ചുള്ള ഒരു പരിപാ​ടി​യിൽ ഞാൻ എന്റെ മരപ്പാവ മാക്ലോ​വി​യോ​യോട്‌ അവൻ പ്രാത​ലി​നു​ശേഷം പല്ലു തേക്കാ​ഞ്ഞ​തി​നാൽ മുട്ടയാ​ണു കഴിച്ച​തെന്ന്‌ എനിക്കു മനസ്സി​ലാ​യി എന്നു പറഞ്ഞ​പ്പോൾ അവന്റെ മറുപടി ഇങ്ങനെ​യാ​യി​രു​ന്നു: “അയ്യേ, താങ്കൾക്കു തെറ്റി. മുട്ട കഴിച്ചത്‌ ഇന്നലെ​യാണ്‌!”

ശബ്ദവിഡംബനം സാധ്യ​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

സാധാ​ര​ണ​ഗ​തി​യിൽ ചുണ്ട്‌ ഉപയോ​ഗിച്ച്‌ പുറ​പ്പെ​ടു​വി​ക്കുന്ന ശബ്ദങ്ങൾ ഞങ്ങൾ നാക്ക്‌ ഒരു പ്രത്യേക രീതി​യിൽ പിടി​ച്ചു​കൊണ്ട്‌ പുറ​പ്പെ​ടു​വി​ക്കു​ന്നു. ഡയഫ്ര​ത്തിൽനി​ന്നു ശ്വാസം കഴിക്കുന്ന ഒരു വിദ്യ ഉപയോ​ഗി​ച്ചാണ്‌ ശബ്ദം ദൂരെ​നി​ന്നു വരുന്നു എന്ന തോന്നൽ ഉളവാ​ക്കു​ന്നത്‌.

ഒരു ശബ്ദത്തിന്റെ ഉറവ്‌ ഏതാ​ണെ​ന്നോ അത്‌ എത്ര ദൂരത്തു നിന്നാണു വരുന്ന​തെ​ന്നോ മനസ്സി​ലാ​ക്കാൻ തക്കവണ്ണം മിക്കവ​രും തങ്ങളുടെ കാതു​കളെ പരിശീ​ലി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലാണ്‌ ശബ്ദവി​ഡം​ബനം സാധ്യ​മാ​കു​ന്നത്‌. അത്തരം കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നാ​യി ആളുകൾ പൊതു​വെ തങ്ങളുടെ കണ്ണുക​ളെ​യാണ്‌ ആശ്രയി​ക്കു​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌ ഒരു വാഹന​ത്തി​ന്റെ സൈറൺ കേൾക്കു​ക​യാ​ണെ​ങ്കിൽ ഏതോ അടിയ​ന്തി​രാ​വ​ശ്യ​ത്തി​നാ​യി പോകുന്ന ഒരു വാഹനം ദൂരെ നിന്നു വരിക​യാ​ണെന്നു നിങ്ങൾക്കു മനസ്സി​ലാ​കും. എന്നാൽ എത്ര ദൂരെ​യാണ്‌ വാഹനം? ഏതു ദിശയിൽ നിന്നാണ്‌ അതു വരുന്നത്‌? വാഹന​ത്തി​ന്റെ മിന്നുന്ന വെളിച്ചം കണ്ടാലേ സാധ്യ​ത​യ​നു​സ​രിച്ച്‌ നിങ്ങൾക്ക്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാ​നാ​വൂ.

ഒരു ശബ്ദവി​ഡം​ബകൻ ഈ സംഗതി​യെ മുത​ലെ​ടു​ക്കു​ന്നു. അയാൾ ആവശ്യ​മു​ള്ളത്ര ഉച്ചത്തിൽ ശബ്ദം പുറ​പ്പെ​ടു​വി​ക്കു​ക​യും ഏത്‌ ഉറവിൽനിന്ന്‌ ശബ്ദം വരുന്ന​താ​യി ആളുകൾ വിശ്വ​സി​ക്കാ​നാ​ണോ ആഗ്രഹി​ക്കു​ന്നത്‌ അതി​ലേക്ക്‌ അവരുടെ ശ്രദ്ധ തിരി​ക്കു​ക​യും ചെയ്യുന്നു.

ഈ കല അഭ്യസി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രോട്‌ താങ്കൾക്ക്‌ എന്താണു പറയാ​നു​ള്ളത്‌?

നിങ്ങളു​ടെ ഉദ്ദേശ്യം എന്താ​ണെ​ന്നതു സംബന്ധിച്ച്‌ വ്യക്തമായ ഒരു ധാരണ ഉണ്ടായി​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. മാത്രമല്ല ആ ഉദ്ദേശ്യ​ത്തിന്‌ ചേർച്ച​യി​ല​ല്ലാത്ത എന്തും ഒഴിവാ​ക്കാ​നുള്ള സന്നദ്ധത​യും ഉണ്ടായി​രി​ക്കണം. മറ്റെല്ലാ കലാരൂ​പ​ങ്ങ​ളെ​യും പോ​ലെ​തന്നെ ശബ്ദവി​ഡം​ബ​ന​വും ചില​പ്പോ​ഴൊ​ക്കെ മോശ​മായ ഉദ്ദേശ്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നതു കൊണ്ടാണ്‌ ഞാനിതു പറയു​ന്നത്‌. സ്‌നേഹം ഉദ്ദീപി​പ്പി​ക്കാ​നും ആളുകളെ രസിപ്പി​ക്കാ​നു​മുള്ള ശബ്ദവി​ഡം​ബ​ന​ത്തി​ന്റെ കഴിവാണ്‌ വ്യക്തി​പ​ര​മാ​യി എന്നെ അതി​ലേക്ക്‌ ആകർഷി​ച്ചത്‌. ഈ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യി​ലുള്ള സംഭാ​ഷ​ണ​ങ്ങ​ളും പരിപാ​ടി​ക​ളും മാത്രമേ ഞാൻ തിര​ഞ്ഞെ​ടു​ക്കാ​റു​ള്ളൂ.

ശബ്ദവി​ഡം​ബ​ന​ത്തിൽ പ്രാവീ​ണ്യം നേടാൻ മൂന്നു സംഗതി​കൾ ആവശ്യ​മാണ്‌—അറിവ്‌, ഭാവന, പരിശീ​ലനം. ശബ്ദവി​ഡം​ബനം നടത്തു​ന്ന​തെ​ങ്ങനെ എന്നതിനെ കുറി​ച്ചുള്ള അറിവു നേടാൻ ഒരു പുസ്‌ത​ക​മോ വീഡി​യോ​യോ നിങ്ങളെ സഹായി​ക്കും. ഭാവന ഉപയോ​ഗിച്ച്‌ നിങ്ങളു​ടെ പാവയ്‌ക്കു വിശ്വ​സ​നീ​യ​മായ ഒരു വ്യക്തി​ത്വം സൃഷ്ടി​ക്കു​ക​യാണ്‌ അടുത്ത​താ​യി ചെയ്യേ​ണ്ടത്‌. അതിന്‌ ശരിക്കും ജീവനു​ണ്ടെന്നു തോന്നി​പ്പി​ക്കാ​നുള്ള വഴികൾ കണ്ടുപി​ടി​ക്കുക. പരിശീ​ലനം ആണ്‌ അവസാ​നത്തെ പടി. നിങ്ങൾ ഈ കലയിൽ എത്രമാ​ത്രം പ്രാവീ​ണ്യം നേടും എന്നത്‌ പരിശീ​ല​നത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. (g01 1/08)