വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജന്തുലോകത്തിലെ ശിശുപരിപാലനം

ജന്തുലോകത്തിലെ ശിശുപരിപാലനം

ജന്തു​ലോ​ക​ത്തി​ലെ ശിശു​പ​രി​പാ​ലനം

കെനിയയിലെ ഉണരുക! ലേഖകൻ

പച്ചപ്പര​വ​താ​നി വിരിച്ച വിശാ​ല​മായ ആഫ്രിക്കൻ സമതലം. അവിടെ ഉദയസൂ​ര്യൻ ഒരു കുഞ്ഞിന്റെ ജനനത്തി​നു സാക്ഷ്യം വഹിക്കു​ക​യാണ്‌. കുഞ്ഞ്‌ പിറന്നു​വീ​ഴുന്ന ഉടനെ അമ്മ അതീവ ശ്രദ്ധ​യോ​ടെ, നനഞ്ഞ്‌ മിനു​മി​നുത്ത തൊലി​യോ​ടു​കൂ​ടിയ തന്റെ പൊ​ന്നോ​മ​നയെ എഴു​ന്നേറ്റു നിൽക്കാൻ സഹായി​ക്കു​ന്നു. നവാഗ​തനെ ഒന്നടുത്തു കാണാ​നും തൊടാ​നും മണക്കാ​നു​മൊ​ക്കെ​യാ​യി മറ്റ്‌ അമ്മമാ​രും ചേച്ചി​മാ​രും ഓടി​യെ​ത്തു​ന്നു. വെറും 120 കിലോ​ഗ്രാം തൂക്കവും 90 സെന്റി​മീ​റ്റ​റിൽ താഴെ പൊക്ക​വു​മുള്ള ആനക്കുട്ടി, ആനക്കൂ​ട്ട​ത്തെ​യാ​കെ ആവേശം കൊള്ളി​ക്കു​ന്നു.

ഇനി, ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ്റർ അകലെ​യുള്ള അമേരി​ക്ക​ക​ളി​ലെ ഒരു ദൃശ്യം. ഒരു മരക്കൊ​മ്പിൽ വിരലു​റ​യോ​ളം വലിപ്പ​മുള്ള ഇത്തിരി​പ്പോന്ന ഒരു കൂട്‌ പറ്റിപ്പി​ടിച്ച്‌ ഇരിക്കു​ന്നു. ഇവിടെ, പ്രാണി​ക​ളോ​ളം​മാ​ത്രം വലിപ്പ​മുള്ള രണ്ടു തേനീച്ച മൂളി​പ്പ​ക്ഷി​കൾ തങ്ങളുടെ രണ്ടു കുഞ്ഞു​ങ്ങളെ വളർത്തു​ന്നു. അമ്പരി​പ്പി​ക്കുന്ന വേഗത്തിൽ പറക്കാൻ കഴിവുള്ള വർണപ്പ​കി​ട്ടാർന്ന ഈ പക്ഷികൾ പേടി​ത്തൊ​ണ്ട​ന്മാ​രാ​ണെന്നു കരുതി​യാൽ തെറ്റി. തങ്ങളുടെ കുഞ്ഞു​ങ്ങ​ളു​ടെ അടുത്തു വരുന്നത്‌ ആരായി​രു​ന്നാ​ലും ശരി—മനുഷ്യ​രോ വലിയ മൃഗങ്ങ​ളോ ആയി​ക്കൊ​ള്ളട്ടെ—ആ മൂളി​പ്പ​ക്ഷി​കൾ തുരത്തി​യോ​ടി​ക്കാൻ ശ്രമി​ക്കും.

മൃഗക്കു​ഞ്ഞു​ങ്ങൾ നമ്മെ​യെ​ല്ലാം ആകർഷി​ക്കു​ന്നു. നായ്‌ക്കു​ട്ടി​കൾ കൊച്ചു കുട്ടി​കളെ ഉത്സാഹ​ഭ​രി​ത​രാ​ക്കു​ന്നു. ഒരു പൂച്ചക്കു​ഞ്ഞി​ന്റെ വികൃ​തി​ക​ളും തള്ളയുടെ രോമ​ത്തിൽ അള്ളിപ്പി​ടി​ച്ചി​രി​ക്കുന്ന ഒരു കുട്ടി​ക്കു​ര​ങ്ങന്റെ ഓമനത്തം തുളു​മ്പുന്ന മുഖവും കൂട്ടിൽ സുരക്ഷി​ത​മാ​യി​രുന്ന്‌ ഉണ്ടക്കണ്ണു​കൾ ഉരുട്ടി പുറ​ത്തേക്കു നോക്കുന്ന മൂങ്ങക്കു​ഞ്ഞും ആരിലാ​ണു കൗതുകം ഉണർത്താ​ത്തത്‌?

മനുഷ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ​യത്ര നിസ്സഹാ​യരല്ല മിക്ക​പ്പോ​ഴും മൃഗക്കു​ഞ്ഞു​ങ്ങൾ. ചില മൃഗക്കു​ഞ്ഞു​ങ്ങ​ളു​ടെ കാര്യ​ത്തിൽ, അവയുടെ കുഞ്ഞി​ക്കാ​ലു​കൾ നിലത്തു തൊ​ടേ​ണ്ട​താ​മസം അവയ്‌ക്ക്‌ എഴു​ന്നേറ്റ്‌ ഓടാൻ കഴിയും. മറ്റു ചിലത്‌ ‘സ്വന്തം കാലിൽ നിൽക്കാൻ’ തനിയെ പഠിക്കു​ന്നു. ആത്മരക്ഷ​യ്‌ക്കും നിലനിൽപ്പി​നും അവയ്‌ക്കു മറ്റൊരു ആശ്രയ​വു​മില്ല. എന്നാൽ, അനേകം മൃഗങ്ങ​ളു​ടെ​യും പ്രാണി​ക​ളു​ടെ​യും കുഞ്ഞു​ങ്ങ​ളു​ടെ അതിജീ​വനം അവയുടെ അച്ഛനമ്മ​മാർ നൽകുന്ന പരിപാ​ല​നത്തെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. തങ്ങളുടെ കുഞ്ഞു​ങ്ങ​ളു​മാ​യി ദൃഢബ​ന്ധ​മുള്ള ഈ അച്ഛനമ്മ​മാർ അവരെ തീറ്റി​പ്പോ​റ്റു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.

ആശ്ചര്യം ഉണർത്തുന്ന പരിപാ​ല​കർ

മിക്ക പ്രാണി​ക​ളും മത്സ്യങ്ങ​ളും ഉഭയജീ​വി​ക​ളും ഉരഗങ്ങ​ളും തങ്ങളുടെ കുഞ്ഞു​ങ്ങ​ളു​ടെ കാര്യ​ത്തിൽ വലിയ താത്‌പ​ര്യ​മൊ​ന്നും കാണി​ക്കാ​റില്ല. എന്നാൽ, ഇതിന്‌ ശ്രദ്ധേ​യ​മായ ചില അപവാ​ദ​ങ്ങ​ളുണ്ട്‌. ആരിലും ഭീതി​യു​ണർത്തുന്ന നൈൽ മുതല​യാണ്‌ അതി​ലൊന്ന്‌. ശീതര​ക്ത​മുള്ള ഈ ഉരഗം തന്റെ കുഞ്ഞു​ങ്ങളെ പരിപാ​ലി​ക്കുന്ന വിധം വിസ്‌മ​യാ​വ​ഹ​മാണ്‌. ചൂടുള്ള മണലിൽ മുട്ടകൾ പൂഴ്‌ത്തി​വെച്ച ശേഷം അവ അധികം ദൂര​ത്തേ​ക്കൊ​ന്നും പോകില്ല. തങ്ങളുടെ ഭാവി സന്താന​ങ്ങളെ തട്ടി​യെ​ടു​ക്കാൻ ആരെങ്കി​ലും വരുന്നു​ണ്ടോ എന്നറി​യണ്ടേ? മുട്ടകൾ വിരി​യാ​റാ​കു​മ്പോൾ മുതല​ക്കു​ഞ്ഞു​ങ്ങൾ മുട്ടകൾക്ക​ക​ത്തി​രുന്ന്‌ മുരളാൻ തുടങ്ങും. അപ്പോൾ അമ്മ വന്ന്‌ മണലി​ന​ടി​യിൽനിന്ന്‌ അവ പുറ​ത്തെ​ടു​ക്കും. പിന്നീട്‌ കുഞ്ഞുങ്ങൾ പുറത്തു വന്നു കഴിയു​മ്പോൾ തള്ള തന്റെ ബലിഷ്‌ഠ​മായ താടി​യെ​ല്ലു​കൾ ഉപയോ​ഗിച്ച്‌ അവയെ വളരെ ശ്രദ്ധ​യോ​ടെ ജലാശ​യ​ത്തി​ന്റെ അരികി​ലേക്കു കൊണ്ടു​പോ​യി അവയുടെ ദേഹത്തുള്ള മണലെ​ല്ലാം കഴുകി​ക്ക​ള​യും. ചില​പ്പോൾ ഈ ജോലി അച്ഛൻ മുതല​ക​ളും ഏറ്റെടു​ക്കു​ന്ന​താ​യി കണ്ടിട്ടുണ്ട്‌. കുറച്ചു ദിവസ​ത്തേക്ക്‌ ഈ കുഞ്ഞുങ്ങൾ താറാ​വിൻകു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ വെള്ളത്തിൽ അമ്മയുടെ പുറകിൽനിന്ന്‌ മാറു​ക​യേ​യില്ല. അങ്ങനെ, തങ്ങളെ സംരക്ഷി​ക്കാ​നുള്ള അമ്മയുടെ അപാര ശക്തി അവ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

അതിശ​യ​ക​ര​മെ​ന്നു പറയട്ടെ, നല്ല അച്ഛനമ്മ​മാ​രു​ടെ ഗണത്തിൽ പെടു​ത്താ​വുന്ന മത്സ്യങ്ങ​ളു​മുണ്ട്‌. ശുദ്ധജല മത്സ്യമായ തിലാ​പ്പി​യ​ക​ളിൽ മിക്കവ​യും മുട്ടയി​ട്ടു കഴിഞ്ഞ്‌ മുട്ടകൾ സ്വന്തം വായിൽ സൂക്ഷി​ക്കു​ന്നു. അപ്പോൾപ്പി​ന്നെ ശത്രുക്കൾ വന്ന്‌ അവ മോഷ്ടി​ക്കു​മെന്ന പേടി വേണ്ടല്ലോ. മുട്ട വിരിഞ്ഞ്‌ പുറത്തു വരുന്ന കുഞ്ഞുങ്ങൾ വെള്ളത്തിൽ യഥേഷ്ടം നീന്തി​ത്തു​ടി​ക്കു​മെ​ങ്കി​ലും അച്ഛനമ്മ​മാ​രെ വിട്ട്‌ ഏറെ ദൂരേ​ക്കൊ​ന്നും പോകില്ല. എന്തെങ്കി​ലും ആപത്‌സൂ​ച​ന​യു​ണ്ടാ​യാൽ കുഞ്ഞു​ങ്ങൾക്ക്‌ ഓടി​യൊ​ളി​ക്കാ​നാ​യി അച്ഛനോ അമ്മയോ വായ്‌ മലർക്കെ തുറക്കും. അപകട ഭീഷണി ഒഴിയു​മ്പോൾ കുഞ്ഞുങ്ങൾ വീണ്ടും പുറത്തു വന്ന്‌ തങ്ങളുടെ സാധാരണ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടു​ക​യാ​യി.

കുഞ്ഞു​ങ്ങ​ളെ പരിപാ​ലി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ അതീവ ശ്രദ്ധ പുലർത്തു​ന്ന​വ​രാണ്‌ ഉറുമ്പു​ക​ളും ഈച്ചക​ളും ചിതലു​ക​ളും. സമൂഹ പ്രാണി​കൾ എന്നറി​യ​പ്പെ​ടുന്ന ഇവ കോള​നി​ക​ളി​ലാ​ണു കഴിയു​ന്നത്‌. മുട്ടകൾ സൂക്ഷി​ക്കു​ന്ന​തി​നാ​യി ഇവ പ്രത്യേ​കം അറകൾ ഉണ്ടാക്കു​ക​യും കുഞ്ഞു​ങ്ങൾക്ക്‌ തീറ്റ തേടി​ക്കൊ​ടു​ക്കു​ക​യും ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌ തേനീ​ച്ച​യു​ടെ കാര്യം പരിചി​ന്തി​ക്കുക. ഒരു തേനീ​ച്ച​ക്കൂ​ട്ടി​ലെ കുഞ്ഞു​ങ്ങ​ളു​ടെ പരിപാ​ലനം കഠിനാ​ധ്വാ​നി​ക​ളായ ആയിര​ക്ക​ണ​ക്കിന്‌ തേനീ​ച്ച​ക​ളു​ടെ കൂട്ടായ ചുമത​ല​യാണ്‌. കുഞ്ഞു​ങ്ങൾക്കാ​യി അറകൾ പണിയാ​നും അവയുടെ കേടു​പോ​ക്കാ​നും അവ വൃത്തി​യാ​ക്കാ​നും എന്തിന്‌, അവയിലെ താപനി​ല​യും ഈർപ്പ​വും നിയ​ന്ത്രി​ക്കാ​നും വരെ സഹജജ്ഞാ​നം ഈ തേനീ​ച്ച​കളെ പ്രാപ്‌ത​രാ​ക്കു​ന്നു.

പറവക​ളു​ടെ ശിശു​പ​രി​പാ​ലനം

മിക്ക പക്ഷിക​ളും വളരെ നല്ല അച്ഛനമ്മ​മാ​രാണ്‌. കൂടു​വെ​ക്കാ​നുള്ള സ്ഥലം കണ്ടെത്തു​ന്ന​തി​നും കൂട്‌ ഉണ്ടാക്കു​ന്ന​തി​നും കുഞ്ഞു​ങ്ങളെ വളർത്തു​ന്ന​തി​നും വേണ്ടി അവ വളരെ​യ​ധി​കം സമയവും ശ്രമവും ചെലവ​ഴി​ക്കു​ന്നു. ഒരു ആൺ ആഫ്രിക്കൻ വേഴാമ്പൽ തന്റെ ഇണ മുട്ടകൾക്ക്‌ അടയി​രുന്ന 120 ദിവസ​ത്തി​നി​ട​യിൽ 1,600 തവണയാണ്‌ കൂട്ടി​ലേക്കു പോയി​വ​ന്നത്‌; 24,000-ത്തോളം പഴക്കഷ​ണങ്ങൾ അവൻ തന്റെ ഇണയ്‌ക്ക്‌ കൊണ്ടു​വന്നു കൊടു​ത്തു!

കുഞ്ഞു​ങ്ങളെ നോക്കു​ന്ന​തിൽ ആശ്രയ​യോ​ഗ്യ​രായ മറ്റു പക്ഷിക​ളാണ്‌ വാണ്ടറിംഗ്‌ ആൽബ​ട്രോ​സു​കൾ. ഒരു പക്ഷി ഭക്ഷണം തേടി ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ്റർ ദൂര​ത്തേക്കു പറക്കു​മ്പോൾ അതു മടങ്ങി വരുന്ന​തും കാത്ത്‌ വിശ്വസ്‌ത ഇണ ക്ഷമയോ​ടെ കൂട്ടിൽ കഴിയും.

മരുഭൂ​മി​യി​ലെ ചില പക്ഷികൾക്ക്‌ തങ്ങളുടെ കുഞ്ഞു​ങ്ങ​ളു​ടെ ദാഹമ​ക​റ്റാൻ ഫലപ്ര​ദ​മായ ഒരു മാർഗ​മുണ്ട്‌. വെള്ളമുള്ള ഒരു കുഴി​യു​ടെ അടുത്തു ചെന്ന്‌ അവ തങ്ങളുടെ മാറി​ട​ത്തി​ലെ തൂവലു​കൾ വെള്ളത്തിൽ മുക്കി​യിട്ട്‌ തിരിച്ചു കൂട്ടി​ലേക്കു പറക്കുന്നു. അവയുടെ നനഞ്ഞ തൂവലു​ക​ളിൽ നിന്നുള്ള വെള്ളമാ​ണു കുഞ്ഞുങ്ങൾ കുടി​ക്കു​ന്നത്‌.

കുഞ്ഞു​ങ്ങ​ളെ​യെ​ല്ലാം തീറ്റി​പ്പോ​റ്റുന്ന ജോലി സ്വന്തം ‘കൊക്കി​ലൊ​തു​ങ്ങാ​തെ വരു​മ്പോൾ’ ചില പക്ഷികൾ അതിന്‌ മറ്റു പക്ഷിക​ളു​ടെ സഹായം തേടാ​റുണ്ട്‌. പലപ്പോ​ഴും അവയു​ടെ​തന്നെ മുതിർന്ന സന്താന​ങ്ങ​ളാണ്‌ തങ്ങളുടെ കൊച്ച​നു​ജ​ന്മാ​രെ​യും അനുജ​ത്തി​മാ​രെ​യും തീറ്റി​പ്പോ​റ്റു​ന്ന​തി​നും സംരക്ഷി​ക്കു​ന്ന​തി​നും സന്നദ്ധരാ​യി മുന്നോ​ട്ടു വരിക.

ശിശു സംരക്ഷണം

പക്ഷിക്കു​ഞ്ഞു​ങ്ങ​ളു​ടെ സംരക്ഷ​ണ​വും ഒരു മുഴു​സമയ ജോലി​യാണ്‌. മഴ പെയ്യു​മ്പോൾ പക്ഷികൾ മിക്ക​പ്പോ​ഴും തങ്ങളുടെ ചിറകു വിരിച്ച്‌ കൂടു മറയ്‌ക്കും. അകത്തുള്ള കുഞ്ഞു​ങ്ങളെ മഴയിൽനി​ന്നും തണുപ്പിൽനി​ന്നും സംരക്ഷി​ക്കു​ന്ന​തി​നാണ്‌ ഇത്‌. വീടു​നോ​ക്കുന്ന കാര്യ​ത്തിൽ ബഹുമി​ടു​ക്ക​രാണ്‌ സ്റ്റാർളിങ്‌ പക്ഷികൾ. തങ്ങളുടെ കൂടു​കളെ പേനിൽനി​ന്നും ചെള്ളിൽനി​ന്നും സംരക്ഷി​ക്കു​ന്ന​തിന്‌, സമർഥ​രായ ഈ പക്ഷികൾ ചില വിഷ​ച്ചെ​ടി​ക​ളു​ടെ ഭാഗങ്ങൾ ശേഖരിച്ച്‌ കൂട്ടി​ന​ക​ത്തും അതിനു ചുറ്റു​മൊ​ക്കെ​യാ​യി നിക്ഷേ​പി​ക്കു​ന്നു. പിന്നെ പ്രാണി​ക​ളൊ​ന്നും അതിന്റെ അടു​ത്തേക്കു ചെല്ലാൻ ധൈര്യ​പ്പെ​ടില്ല. ചെന്നാൽ അവയുടെ കഥ കഴിഞ്ഞ​തു​തന്നെ!

പെൺ വുഡ്‌കോക്ക്‌ പക്ഷി തന്റെ കുഞ്ഞു​ങ്ങളെ സംരക്ഷി​ക്കു​ന്ന​തി​നു പല മാർഗ​ങ്ങ​ളും അവലം​ബി​ക്കാ​റുണ്ട്‌. ഭീഷണി​യു​ണ്ടാ​കു​മ്പോൾ അവൾ തന്റെ കുഞ്ഞിനെ കാലു​കൾക്കി​ട​യിൽ ശരീര​ത്തോ​ടു ചേർത്തു പിടിച്ച്‌ സുരക്ഷി​ത​മായ ഒരു സ്ഥാന​ത്തേക്കു പറന്നു​പോ​കും. ചില പക്ഷികൾക്ക്‌ അപാര ധൈര്യ​മാണ്‌. കൗശല​ക്കാ​രായ അവർ കുഞ്ഞു​ങ്ങ​ളിൽനി​ന്നു ശത്രു​വി​ന്റെ ശ്രദ്ധ തിരി​ക്കു​ന്ന​തിന്‌ തങ്ങൾക്കു പരിക്കു പറ്റിയ​താ​യി അഭിന​യി​ക്കു​ന്നു. പരിക്കു പറ്റിയ​തു​പോ​ലെ നിലത്തു ചിറകി​ട്ട​ടി​ച്ചു​കൊണ്ട്‌ തള്ളപ്പക്ഷി ശത്രു​വി​നെ കൂട്ടിൽനി​ന്നു ദൂരേക്കു കൊണ്ടു​പോ​കു​ന്നു. ഭീഷണി മാറി​യെന്ന്‌ ഉറപ്പാ​കു​മ്പോൾ അവൾ അഭിനയം നിറുത്തി പറന്നു പോകും. നിലത്തു കൂട്‌ കൂട്ടുന്ന പക്ഷികൾ ഇരപി​ടി​യ​ന്മാ​രെ വിരട്ടി​യോ​ടി​ക്കാൻ ചില ശബ്ദവി​ദ്യ​കൾ പ്രയോ​ഗി​ക്കാ​റുണ്ട്‌. വടക്കേ അമേരി​ക്ക​യി​ലെ ബറോ​യിങ്‌ മൂങ്ങയാണ്‌ ഒരു ഉദാഹ​രണം. ആരെങ്കി​ലും അതിന്റെ പൊത്തിന്‌ അടു​ത്തേക്കു ചെന്നാൽ അതു പാമ്പു ചീറ്റു​ന്ന​തു​പോ​ലുള്ള ശബ്ദം പുറ​പ്പെ​ടു​വി​ക്കും. വടക്കേ അമേരി​ക്ക​യി​ലെ ആദ്യകാല കുടി​യേ​റ്റ​ക്കാർ വിശ്വ​സി​ച്ചി​രു​ന്നത്‌ കിലു​ക്ക​പ്പാ​മ്പു​ക​ളും ഈ മൂങ്ങക​ളും ഒരേ പൊത്തി​ലാ​ണു താമസി​ക്കു​ന്നത്‌ എന്നാണ്‌. അതു​കൊണ്ട്‌ ആരും പൊത്തി​ന്റെ അടു​ത്തേ​ക്കു​പോ​ലും പോകു​മാ​യി​രു​ന്നില്ല!

മാതൃ​വാ​ത്സ​ല്യം—സസ്‌ത​നി​ക​ളിൽ

ജന്തു​ലോ​ക​ത്തിൽ കുഞ്ഞു​ങ്ങളെ പരിപാ​ലി​ക്കുന്ന കാര്യ​ത്തിൽ ഒന്നാം സ്ഥാനം സസ്‌ത​നി​കൾക്കാണ്‌. പിടി​യാ​നകൾ തങ്ങളുടെ കുഞ്ഞു​ങ്ങൾക്കു​വേണ്ടി തങ്ങളെ​ത്തന്നെ ഉഴിഞ്ഞു​വെ​ക്കു​ന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള അടുത്ത ബന്ധം 50 വർഷം വരെ നീണ്ടു​നി​ന്നേ​ക്കാം. കുട്ടി​യാന എന്തിനും ഏതിനും തന്റെ അമ്മയെ ആശ്രയി​ക്കു​ന്നു. അമ്മ കുഞ്ഞിനെ ആർദ്ര​ത​യോ​ടെ മുലയൂ​ട്ടു​ക​യും തന്റെ വലിയ ശരീരം കൊണ്ട്‌ ചുട്ടു​പൊ​ള്ളുന്ന വെയി​ലിൽനിന്ന്‌ അതിനെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. കുഞ്ഞു​തു​മ്പി​ക്കൈ നീട്ടി തന്റെ വായിൽനിന്ന്‌ ഇലകൾ പറിച്ച്‌ തിന്നാ​നും അവൾ അതിനെ അനുവ​ദി​ക്കു​ന്നു. അവൾ പതിവാ​യി കുഞ്ഞിന്റെ മേൽ വെള്ളം ചീറ്റു​ക​യും തുമ്പി​ക്കൈ​കൊണ്ട്‌ അതിനെ തേച്ചു​കു​ളി​പ്പി​ക്കു​ക​യും ചെയ്യുന്നു. ആനക്കു​ട്ടി​യെ പരിപാ​ലി​ക്കുക എന്നത്‌ ഒരു കുടും​ബ​പ​ദ്ധ​തി​യാണ്‌. കുഞ്ഞു​ങ്ങളെ തീറ്റു​ക​യും പഠിപ്പി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്ന​തിൽ ആനക്കൂ​ട്ട​ത്തി​ലെ എല്ലാ പിടി​യാ​ന​ക​ളും സുപ്ര​ധാന പങ്കു വഹിക്കു​ന്നു.

ഇനി, മറ്റൊരു വലിയ സസ്‌ത​നി​യായ ഹിപ്പോ​പ്പൊ​ട്ടാ​മ​സി​ന്റെ കാര്യ​മെ​ടു​ക്കാം. അതു ചില​പ്പോൾ വെള്ളത്തി​ന​ടി​യി​ലാ​ണു പ്രസവി​ക്കുക. വെള്ളത്തിൽ മുങ്ങി​ക്കി​ട​ന്നു​കൊണ്ട്‌ പാലു കുടി​ക്കാൻ കൊച്ചു ഹിപ്പോ​യ്‌ക്ക്‌ ഒരു പ്രയാ​സ​വു​മില്ല. ഇടയ്‌ക്ക്‌ മുകളി​ലോ​ട്ടു പൊങ്ങി വായു ശ്വസി​ച്ചിട്ട്‌ അതു വെള്ളത്തി​ന​ടി​യിൽ പോയി വീണ്ടും പാലു​കു​ടി​ക്കാൻ തുടങ്ങും. കുഞ്ഞിന്റെ അടുത്തു ചെല്ലുന്ന എന്തി​നെ​യും തള്ള ആക്രമി​ച്ചു​ക​ള​യും.

വെർവെറ്റ്‌ കുരങ്ങ​ന്മാ​രും തങ്ങളുടെ കുഞ്ഞു​ങ്ങളെ വളരെ നന്നായി നോക്കു​ന്നു. പ്രസവി​ച്ച​ശേഷം ആദ്യത്തെ ഏതാനും മണിക്കൂ​റു​കൾ തള്ളക്കു​രങ്ങ്‌ ഒരു കൈ​യെ​ങ്കി​ലും കുഞ്ഞിന്റെ കഴുത്തി​ലോ തോള​ത്തോ ഇട്ട്‌ അതിനെ തന്നോടു ചേർത്തു പിടി​ക്കും. ആദ്യത്തെ ആഴ്‌ച കുഞ്ഞ്‌ മുഴു സമയവും​തന്നെ അമ്മയുടെ രോമ​ത്തിൽ അള്ളിപ്പി​ടി​ച്ചി​രി​ക്കും. തന്റെ പൊ​ന്നോ​മ​നയെ കയ്യി​ലെ​ടുത്ത്‌ പുണരാ​നും അതി​ന്റെ​യൊ​പ്പം കളിക്കാ​നും അതിന്റെ രോമം വൃത്തി​യാ​ക്കാ​നും കോതി​യൊ​തു​ക്കാ​നു​മൊ​ക്കെ അമ്മ മറ്റു പെൺകു​ര​ങ്ങു​കളെ അനുവ​ദി​ച്ചേ​ക്കാം.

തങ്ങളുടെ കുഞ്ഞു​ങ്ങളെ പരിപാ​ലി​ക്കു​ന്ന​തിൽ പല ജീവി​ക​ളും അസാമാ​ന്യ പാടവം പ്രകടി​പ്പി​ക്കു​ന്നു. ‘സഹജജ്ഞാന’മാണ്‌ അവയെ അതിനു പ്രാപ്‌ത​മാ​ക്കു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 30:24-28, NW) സാഹച​ര്യം മനസ്സി​ലാ​ക്കി ബുദ്ധി​പൂർവം അതി​നോ​ടു പ്രതി​ക​രി​ക്കാ​നുള്ള കഴിവ്‌ അവയ്‌ക്കു യാദൃ​ച്ഛി​ക​മാ​യി ലഭിച്ചതല്ല. പിന്നെ​യോ, അതു ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പ​ന​യു​ടെ ഫലമാണ്‌. അതേ, സകലത്തി​ന്റെ​യും സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്താ​ലുള്ള അത്ഭുത​ക​ര​മായ രൂപകൽപ്പ​ന​യു​ടെ ഫലംതന്നെ.—സങ്കീർത്തനം 104:24. (g01 1/22)

[23-ാം പേജിലെ ചിത്രം]

മൂങ്ങക്കുഞ്ഞുങ്ങൾ

[24-ാം പേജിലെ ചിത്രം]

തിലാപ്പിയകൾ മുട്ടകൾ സ്വന്തം വായിൽ സൂക്ഷി​ക്കു​ന്നു

[കടപ്പാട്‌]

Courtesy LSU Agricultural Center

[24-ാം പേജിലെ ചിത്രങ്ങൾ]

കുഞ്ഞിനെ വായ്‌ക്ക​കത്തു വെച്ചു കൊണ്ടു​പോ​കുന്ന മുതല

[കടപ്പാട്‌]

© Adam Britton, http://crocodilian.com

[25-ാം പേജിലെ ചിത്രം]

ആൽബട്രോസ്‌ പക്ഷിയും കുഞ്ഞും

[25-ാം പേജിലെ ചിത്രം]

വേഴാമ്പൽ

[25-ാം പേജിലെ ചിത്രം]

സ്റ്റാർളിങ്‌

[25-ാം പേജിലെ ചിത്രം]

വുഡ്‌കോക്ക്‌

[26-ാം പേജിലെ ചിത്രം]

കുഞ്ഞിന്റെ അടുത്തു ചെല്ലുന്ന എന്തി​നെ​യും തള്ള ഹിപ്പോ ആക്രമി​ച്ചു​ക​ള​യും

[കടപ്പാട്‌]

© Joe McDonald

[26-ാം പേജിലെ ചിത്രം]

ബബൂൺ തള്ളക്കു​ര​ങ്ങു​കൾ തങ്ങളുടെ കുഞ്ഞു​ങ്ങ​ളു​ടെ രോമം വൃത്തി​യാ​ക്കു​ക​യും കോതി​യൊ​തു​ക്കു​ക​യു​മൊ​ക്കെ ചെയ്യുന്നു

[26-ാം പേജിലെ ചിത്രം]

വെർവെറ്റ്‌ കുരങ്ങ​ന്മാർ

[കടപ്പാട്‌]

© Joe McDonald