പച്ചക്കറികൾ കഴിക്കൂ!
പച്ചക്കറികൾ കഴിക്കൂ!
ബ്രസീലിലെ ഉണരുക! ലേഖകൻ
“അവയ്ക്കു കയ്പാണ്.” ● “അവയ്ക്കൊരു വല്ലാത്ത രുചിയാണ്.” ● “ഞാൻ അവ കഴിച്ചിട്ടേയില്ല.”
പച്ചക്കറികൾ കഴിക്കാത്തതിന് പലരും നൽകുന്ന കാരണങ്ങളിൽ ചിലതാണ് ഇവ. നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ ദിവസവും പച്ചക്കറികൾ കഴിക്കാറുണ്ടോ? ചിലർ പച്ചക്കറികൾ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർ അവ വെറുക്കുന്നത് എന്തുകൊണ്ടാണ് എന്നു കണ്ടുപിടിക്കാൻ ഉണരുക! പലരുമായും അഭിമുഖങ്ങൾ നടത്തുകയുണ്ടായി.
പച്ചക്കറികൾ ഇഷ്ടപ്പെടുന്നവർ പറഞ്ഞത് പച്ചക്കറികളും, പയറുവർഗങ്ങളും, പഴങ്ങളും കഴിക്കുന്നതു പ്രധാനമാണെന്ന് ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ തങ്ങളെ പഠിപ്പിച്ചുവെന്നാണ്. എന്നാൽ, പച്ചക്കറികളോടു വെറുപ്പുള്ള പലർക്കും ചെറുപ്പം മുതലേ അവ കഴിക്കുന്ന ശീലമില്ലായിരുന്നു. പോഷകഗുണം കുറഞ്ഞ ആഹാരത്തോടായിരുന്നു അവർക്കു പ്രിയം. എന്നാൽ, നല്ല ആരോഗ്യം നിലനിറുത്തുന്നതിന് പച്ചക്കറികൾ കഴിക്കേണ്ടത് പ്രധാനമാണെന്നതിനോട് ഇക്കൂട്ടരും യോജിച്ചു.
മാതാപിതാക്കളേ, പച്ചക്കറികൾ കഴിക്കാൻ നിങ്ങളുടെ കുട്ടികളെ ശീലിപ്പിക്കുക! ഇത് എങ്ങനെ ചെയ്യാൻ കഴിയും? ഏകദേശം ആറു മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും, മുലപ്പാലോ കുപ്പിപ്പാലോ കൊടുത്തശേഷം പച്ചക്കറികൾ പുഴുങ്ങി, തൊലികളഞ്ഞ്, കുഴച്ചു കൊടുക്കാൻ ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ പ്രസിദ്ധീകരണമായ ഫാക്റ്റ്സ് ഫോർ ലൈഫ് നിർദേശിക്കുന്നു. കൊടുക്കുന്ന ആഹാരത്തിൽ എന്തുമാത്രം വൈവിധ്യം വരുത്താമോ കുഞ്ഞിന് അത് അത്രയും നല്ലതാണ്. രണ്ടു വയസ്സുവരെ കുഞ്ഞുങ്ങളുടെ മുഖ്യാഹാരം പാലാണെങ്കിലും അതോടൊപ്പം മറ്റ് ആഹാരവും കൊടുക്കുന്നത് “പുതിയ രുചികളുമായി പരിചിതരാകാൻ കുഞ്ഞുങ്ങളെ സഹായിക്കും” എന്ന് ബ്രസീലിലെ ഒരു ശിശുരോഗ വിദഗ്ധനായ ഡോ. വാഗ്നെർ ലാപാട്ടേ പറയുന്നു.
മെഡിസിന മിറ്റൂസ് ഇ വെർഡാഡിസ് (ചികിത്സ—സത്യവും മിഥ്യയും) എന്ന പുസ്തകത്തിൽ കാർള ലിയോണെൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് മുകളിൽ പരാമർശിച്ചിരിക്കുന്നതിനെക്കാൾ നേരത്തേ കുഞ്ഞിന് കുറേശ്ശെ ഓറഞ്ചുനീരും കുഴമ്പു പരുവത്തിലാക്കിയ പഴം, ആപ്പിൾ, പപ്പായ തുടങ്ങിയ ഫലങ്ങളും കുറുക്കിയ ധാന്യങ്ങളും പച്ചക്കറി സൂപ്പും കൊടുത്തു തുടങ്ങാവുന്നതാണ്. എന്നുവരികിലും, ഇതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതിനാൽ നിങ്ങളുടെ ശിശുരോഗവിദഗ്ധനുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യുന്നതായിരിക്കും ഉചിതം. (g01 1/08)