പ്രതീക്ഷയ്ക്ക് വകയുണ്ടോ?
പ്രതീക്ഷയ്ക്ക് വകയുണ്ടോ?
“ഉടവു തട്ടിയ വിവാഹബന്ധങ്ങളുടെ ഒരു കുഴപ്പം ഒന്നും നേരെയാകാൻ പോകുന്നില്ല എന്ന നിഷേധാത്മക ചിന്തയാണ്. അത്തരം ചിന്തയുണ്ടെങ്കിൽത്തന്നെ കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ല. കാരണം ക്രിയാത്മകമായ എന്തെങ്കിലും പരീക്ഷിച്ചുനോക്കാനുള്ള പ്രചോദനത്തെ അതു കെടുത്തിക്കളയുന്നു.”—ഡോ. ആരൻ റ്റി. ബെക്ക്.
നിങ്ങൾക്കു നല്ല സുഖമില്ലെന്നിരിക്കട്ടെ. ശരീരത്തിന്റെ ഒരു ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെടുന്നു. പരിശോധനയ്ക്കുവേണ്ടി നിങ്ങൾ ഡോക്ടറുടെ അടുക്കൽ പോകുന്നു. നിങ്ങൾ ഉത്കണ്ഠാകുലനാണ്, അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാരണം, നിങ്ങളുടെ ആരോഗ്യം, എന്തിന് ജീവൻപോലും ഒരുപക്ഷേ അപകടത്തിലായിരിക്കാം. എന്നാൽ പരിശോധനയ്ക്കു ശേഷം, നിങ്ങളുടെ പ്രശ്നം ഗുരുതരമാണെങ്കിലും പേടിക്കാനില്ലെന്നും ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ എന്നും ഡോക്ടർ പറയുന്നുവെന്നു സങ്കൽപ്പിക്കുക. പഥ്യം നോക്കുകയും വ്യായാമം ചെയ്യുകയും ആണെങ്കിൽ നിങ്ങൾക്ക് പൂർണമായും സുഖം പ്രാപിക്കാനാകുമത്രേ. അതു കേൾക്കുമ്പോൾ നിങ്ങൾക്കു വളരെ ആശ്വാസം തോന്നും എന്നതിനു സംശയമില്ല. നിങ്ങൾ സന്തോഷത്തോടുകൂടി ഡോക്ടറുടെ നിർദേശം പിൻപറ്റുകയും ചെയ്യും.
ഇനി ഈ സാഹചര്യത്തെ നാം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയവുമായി താരതമ്യം ചെയ്യുക. നിങ്ങളുടെ വിവാഹജീവിതം നിങ്ങൾക്ക് വേദനകളാണോ സമ്മാനിക്കുന്നത്? ഏതൊരു ദാമ്പത്യത്തിലും കുറച്ചൊക്കെ പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ടായെന്നിരിക്കും. അതുകൊണ്ട്, വിവാഹബന്ധത്തിൽ അൽപ്പസ്വൽപ്പം അസ്വാരസ്യങ്ങൾ ഉണ്ടാകുന്നെങ്കിൽ സ്നേഹശൂന്യമായ ഒരു വിവാഹബന്ധമാണു നിങ്ങളുടേത് എന്നു കരുതേണ്ടതില്ല. എന്നാൽ വേദനിപ്പിക്കുന്ന ഈ സാഹചര്യം ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ പോലും നീണ്ടുനിൽക്കുന്നെങ്കിലോ? അങ്ങനെയെങ്കിൽ നിങ്ങൾ ഉത്കണ്ഠപ്പെടുന്നതിൽ കഴമ്പുണ്ട്, കാരണം അതു നിസ്സാര സംഗതിയല്ല. വാസ്തവത്തിൽ ദാമ്പത്യത്തിന്റെ ഗുണനിലവാരം നിങ്ങളുടെയും കുട്ടികളുടെയും ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നു. ഉദാഹരണത്തിന്, വിഷാദം, ജോലിയിൽ കാര്യക്ഷമതയില്ലായ്മ, പഠനരംഗത്തെ കുട്ടികളുടെ പരാജയം എന്നീ പ്രശ്നങ്ങൾക്കു പിന്നിലെ ഒരു പ്രധാന വില്ലൻ ദാമ്പത്യത്തിലെ താളപ്പിഴകളാണെന്നു കരുതപ്പെടുന്നു. എന്നാൽ സംഗതി അവിടംകൊണ്ട് അവസാനിക്കുന്നില്ല. ദാമ്പത്യത്തിന്റെ ഗുണനിലവാരം ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കുന്നുവെന്ന് ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.—1 പത്രൊസ് 3:7.
നിങ്ങൾക്കും ഇണയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നതുകൊണ്ട് ഒരു സന്തുഷ്ട ദാമ്പത്യം ഒരിക്കലും ആസ്വദിക്കാനാവില്ലെന്ന് അർഥമില്ല. വിവാഹത്തെ സംബന്ധിച്ച യാഥാർഥ്യം അതായത്, വിവാഹമായാൽ വെല്ലുവിളികൾ ഉണ്ടാകും എന്ന സംഗതി മനസ്സിലാക്കുന്നത് പ്രശ്നങ്ങളെ അവ ആയിരിക്കുന്ന വിധത്തിൽ വസ്തുനിഷ്ഠമായി വീക്ഷിക്കാനും പരിഹരിക്കാനും ദമ്പതികളെ സഹായിക്കും. ഐസക് എന്നു പേരുള്ള ഒരു ഭർത്താവ് പറയുന്നു: “ദാമ്പത്യ സന്തുഷ്ടിയിൽ ഏറ്റിറക്കങ്ങൾ ഉണ്ടാകുക സ്വാഭാവികമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്നാണു ഞാൻ കരുതിയത്.”
നിങ്ങളുടെ ദാമ്പത്യം സ്നേഹശൂന്യമായ ഒരു അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുന്നെങ്കിൽ പോലും പ്രതീക്ഷയ്ക്കു വകയുണ്ട്. ദാമ്പത്യത്തിലെ താളപ്പിഴകൾ നിങ്ങളിൽ ആഴത്തിലുള്ള വ്രണങ്ങൾ സൃഷ്ടിച്ചിരിക്കാം എന്നതു ശരിതന്നെ, പ്രത്യേകിച്ചും നിങ്ങളുടെ വിവാഹബന്ധം പ്രശ്നങ്ങളുടെ വലയിൽ കുരുങ്ങിയിട്ട് വർഷങ്ങളായെങ്കിൽ. അപ്പോഴും കാര്യങ്ങൾ നേരെയാകും എന്നു പ്രതീക്ഷിക്കാൻ ശക്തമായ കാരണമുണ്ട്. എന്നാൽ ദമ്പതികൾക്ക് വിവാഹബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പങ്കാളികൾ a
മനസ്സു വെക്കുന്ന പക്ഷം വലിഞ്ഞുമുറുകി പൊട്ടാറായ ദാമ്പത്യങ്ങൾ പോലും മെച്ചപ്പെടുത്തിയെടുക്കാനാകും.അതുകൊണ്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘സന്തുഷ്ട ദാമ്പത്യത്തിനുള്ള എന്റെ ആഗ്രഹം എത്രമാത്രം ശക്തമാണ്?’ നിങ്ങളുടെ ദാമ്പത്യത്തെ സുദൃഢമാക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ ചെയ്യാൻ നിങ്ങളും ഇണയും മനസ്സൊരുക്കമുള്ളവരാണോ? നേരത്തേ പരാമർശിച്ച ഡോ. ബെക്ക് ഇങ്ങനെ പറയുന്നു: “ദാമ്പത്യത്തിൽ കുറവുള്ള വശങ്ങൾ തിരുത്താനും നല്ല വശങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഇണകൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ ഉലച്ചിൽ തട്ടിയ ഒരു വിവാഹബന്ധം എത്രമാത്രം ബലിഷ്ഠമാകുന്നു എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.” എന്നാൽ നിങ്ങളുടെ ഇണ, ദാമ്പത്യം മെച്ചപ്പെടുത്തുന്നതിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ വൈമുഖ്യം കാണിക്കുകയോ ദാമ്പത്യ പ്രശ്നങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നെങ്കിലെന്ത്? വിവാഹബന്ധം മെച്ചപ്പെടുത്തിയെടുക്കാൻ നിങ്ങൾ ഒറ്റയ്ക്കു ശ്രമിക്കുന്നതു വെറുതെയാകുമോ? ഒരിക്കലുമില്ല! “നിങ്ങൾ മാറ്റങ്ങൾ വരുത്തുന്നതു കാണുമ്പോൾ നിങ്ങളുടെ ഇണയും മാറ്റം വരുത്താൻ തീരുമാനിച്ചേക്കാം—ഒട്ടുമിക്കപ്പോഴും അങ്ങനെ സംഭവിക്കാറുമുണ്ട്.” ഡോ. ബെക്ക് പറയുന്നു.
‘പക്ഷേ ഞങ്ങളുടെ കാര്യത്തിൽ ഇതൊന്നും നടക്കാൻ പോകുന്നില്ല’ എന്നു തിടുക്കത്തിൽ നിഗമനം ചെയ്യരുത്. ഒരുപക്ഷേ ഈ നിഷേധാത്മക ചിന്താഗതിതന്നെ ആയിരിക്കാം നിങ്ങളുടെ ദാമ്പത്യത്തിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്! നിങ്ങളിൽ ഒരാൾ മുൻകൈ എടുക്കേണ്ടത് ആവശ്യമാണ്. അതു നിങ്ങൾക്കായിക്കൂടെ? നിങ്ങൾ തുടക്കമിടുന്നപക്ഷം സന്തുഷ്ട ദാമ്പത്യം കെട്ടിപ്പടുക്കുന്നതിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് പ്രയോജനകരമാണെന്ന് നിങ്ങളുടെ ഇണ തിരിച്ചറിഞ്ഞേക്കാം.
അതുകൊണ്ട് സ്നേഹശൂന്യമായ ദാമ്പത്യം എന്ന പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക്—ഒറ്റയ്ക്കായാലും ഇണയോടൊപ്പം ആയാലും ശരി—എന്തൊക്കെ ചെയ്യാനാകും? ബൈബിൾ ഇക്കാര്യത്തിൽ ദമ്പതികൾക്ക് ഒരു ഉത്തമ വഴികാട്ടിയാണ്. ബൈബിളിനു പറയാനുള്ളത് എന്താണെന്നു നമുക്കു നോക്കാം. (g01 1/08)
[അടിക്കുറിപ്പ്]
a അങ്ങേയറ്റം പോകുന്ന ചില സാഹചര്യങ്ങളിൽ ഭാര്യയ്ക്കും ഭർത്താവിനും വേർപിരിയുന്നതിന് സാധുവായ കാരണം ഉണ്ടായിരുന്നേക്കാം. (1 കൊരിന്ത്യർ 7:10, 11) ഇണ പരസംഗം ചെയ്യുന്നപക്ഷം വിവാഹമോചനം നേടുന്നതിന് ബൈബിളും അനുമതി നൽകുന്നുണ്ട്. (മത്തായി 19:9) തന്നോട് അവിശ്വസ്തത കാണിച്ച ഒരു ഇണയിൽനിന്നു വിവാഹമോചനം നേടണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിരപരാധിയായ ഇണയാണ്. ഒരു കാരണവശാലും മറ്റുള്ളവർ വിവാഹമോചനത്തെ സംബന്ധിച്ച തങ്ങളുടെ വീക്ഷണം നിരപരാധിയായ ഇണയുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.—വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ 158-61 പേജുകൾ കാണുക.