ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പ്രാണവായുവിനായി കേഴുന്ന കണ്ണുകൾ
കോൺടാക്ട് ലെൻസ് (സ്പർശകാചം) ധരിക്കുന്ന ചിലർ തങ്ങളുടെ കണ്ണുകൾക്ക് ഓക്സിജൻ നൽകാതെ പട്ടിണിക്കിടുകയാണെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. “കോർണിയയ്ക്ക് [കണ്ണിന്റെ മുൻഭാഗത്തെ ആവരണം ചെയ്യുന്ന സുതാര്യമായ പടലം] വായുസമ്പർക്കത്തിലൂടെ ലഭിക്കേണ്ട ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ഈ നഷ്ടം നികത്തുന്നതിനായി അതിന്റെ ഉള്ളിൽ രക്തക്കുഴലുകൾ വളരാൻ തുടങ്ങുന്നു.” ഇത് കാഴ്ചശക്തി ക്ഷയിക്കുന്നതിനോ അന്ധതയ്ക്കു പോലുമോ ഇടയാക്കിയേക്കാം. ടൊറന്റോയിലെ ഒരു ആശുപത്രിയിൽ നേത്രരോഗചികിത്സാ വിഭാഗം തലവനായ ഡോ. റെയ്മണ്ട് സ്റ്റെയ്ൻ ഇങ്ങനെ പറയുന്നു: “ഒരു രോഗി തന്റെ ലെൻസ് ശരിയായി സൂക്ഷിക്കാതിരിക്കുകയും കണ്ണട വിദഗ്ധനെ സന്ദർശിച്ച് ഇടയ്ക്കിടെ പരിശോധനകൾ നടത്താതിരിക്കുകയും ചെയ്യുമ്പോൾ സംഗതി വഷളാകുന്നു.” ഒരു നേത്രചികിത്സാ വിദഗ്ധനെ സന്ദർശിച്ച് തങ്ങളുടെ കണ്ണുകൾക്ക് അനുയോജ്യമായ കോൺടാക്ട് ലെൻസ് ഏതെന്ന് ഉറപ്പാക്കാനും അത് ധരിക്കുന്നതും സംരക്ഷിക്കുന്നതും സംബന്ധിച്ച നിർദേശങ്ങൾ പിൻപറ്റാനും കണ്ണട വിദഗ്ധർ രോഗികളെ പ്രോത്സാഹിപ്പിക്കുന്നു. (g01 1/08)
“ഒട്ടിപ്പിടിക്കുന്ന” പാദങ്ങൾ
പല്ലികൾക്ക് കണ്ണാടിപോലെ മിനുസമുള്ള മച്ചിലൂടെ നിഷ്പ്രയാസം ഓടാൻ കഴിയും. അവയ്ക്ക് എങ്ങനെ അതിനു കഴിയുന്നു? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ശ്രമിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് ഒരു വിശദീകരണം ലഭിച്ചിരിക്കുന്നത്രേ. “പല്ലിയുടെ പാദങ്ങളിലുള്ള കൊച്ചുരോമങ്ങൾ ഏതെങ്കിലും പ്രതലത്തിൽ ഉരസുമ്പോൾ വളരെ ശക്തമായ ഒരു ഒട്ടൽബലം ഉണ്ടാകുന്നതായി ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തി,” എന്ന് സയൻസ് ന്യൂസ് മാസിക റിപ്പോർട്ടു ചെയ്യുന്നു. “ഓരോ രോമത്തിൽ നിന്നും ‘സ്പാറ്റുലാ’ എന്ന് വിളിക്കപ്പെടുന്ന അതിസൂക്ഷ്മ രോമങ്ങൾ മുളയ്ക്കുന്നു. പല്ലി അതിന്റെ പാദം തറയിൽ വെക്കുമ്പോൾ അതിന്റെ പാദത്തെ ആവരണം ചെയ്തിരിക്കുന്ന കോടിക്കണക്കിനു ചെറുരോമങ്ങൾ ആ പ്രതലത്തോട് ഒട്ടിച്ചേരുന്നതിന്റെ ഫലമായി അന്തർ തന്മാത്രാ ബലങ്ങൾ . . . ഉണ്ടാകുന്നു.” വേറൊരു സംഗതിയും ഗവേഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. പല്ലി തന്റെ പാദങ്ങൾ തറയിൽ ഉറപ്പിക്കുമ്പോൾ “രോമങ്ങൾ തറയിൽ പതിപ്പിക്കുന്നതോടൊപ്പം അവയെ തറയ്ക്കു സമാന്തരമായി മുമ്പോട്ടു വലിക്കുകയും ചെയ്യുന്നു.” “വെറുതെ പ്രതലത്തിൽ വെക്കുമ്പോൾ കിട്ടുന്നതിനെക്കാൾ 10 മടങ്ങ് കൂടുതൽ പിടിത്തം ഓരോ രോമത്തിനും ലഭിക്കാൻ” ഈ പ്രവർത്തനം ഇടയാക്കുന്നു എന്ന് പ്രസ്തുത മാസിക പറയുന്നു. (g01 1/22)
ഇന്റർനെറ്റ് അശ്ലീലത്തിന്റെ അടിമകൾ
“കുറഞ്ഞത് 2,00,000 ഇന്റർനെറ്റ് ഉപയോക്താക്കളെങ്കിലും അശ്ലീല വെബ്സൈറ്റുകൾക്കും പ്രായപൂർത്തിയായവർക്കു വേണ്ടി മാത്രമുള്ള ചാറ്റ് റൂമുകൾക്കും ഇന്റർനെറ്റിൽ ലഭ്യമായിരിക്കുന്ന മറ്റു ലൈംഗിക പരിപാടികൾക്കും അടിമകളാണ്” എന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. സ്റ്റാൻഫൊർഡ് ആൻഡ് ഡ്യൂക്കെയ്ൻ സർവകലാശാലയിലെ മനശ്ശാസ്ത്രജ്ഞരാണ് ഈ പഠനത്തിന് നേതൃത്വം വഹിച്ചത്. ആദ്യമായി “സൈബർ സെക്സ് ആസക്തരുടെ” അതായത്, ഇന്റർനെറ്റ് ലൈംഗിക ആസക്തരുടെ കണക്ക് എടുത്തവരിൽ ഇവർ ഉൾപ്പെടുന്നു. ഇന്റർനെറ്റ് അശ്ലീലത്തിന് അടിമകളായവർ അശ്ലീല-വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനായി ആഴ്ചയിൽ 11 മണിക്കൂറിലധികം സമയം ചെലവഴിക്കുന്നതായി ഗവേഷകർ പറയുന്നു. ഗവേഷകരെ ഉദ്ധരിച്ചുകൊണ്ട് പ്രസ്തുത ദിനപ്പത്രം ഇങ്ങനെ പറയുന്നു: “അനുദിനം വളർന്നുകൊണ്ടിരിക്കുന്നതും മറഞ്ഞിരിക്കുന്നതുമായ ഒരു സാമൂഹിക ആരോഗ്യപ്രശ്നമാണ് ഇത്. വളരെക്കുറച്ചു പേർ മാത്രമേ ഈ പ്രശ്നം മനസ്സിലാക്കുന്നുള്ളു അഥവാ ഗുരുതരമായി കണക്കാക്കുന്നുള്ളു എന്നതാണ് അതിനുള്ള ഭാഗികമായ കാരണം.” (g01 1/08)
ആഫ്രിക്കയിൽ എയ്ഡ്സിന്റെ തേർവാഴ്ച
ഐക്യരാഷ്ട്രങ്ങളുടെ സെക്രട്ടറി ജനറലായ കോഫി ആന്നൻ പറയുന്നതനുസരിച്ച്, ആഫ്രിക്കയിൽ കഴിഞ്ഞ വർഷം യുദ്ധത്തിൽ മരണമടഞ്ഞതിനെക്കാൾ കൂടുതൽ പേരെ എയ്ഡ്സ് കൊന്നൊടുക്കി. കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്, സിയെറാ ലിയോൺ, അംഗോള, കോംഗോ റിപ്പബ്ലിക്ക്, എത്യോപ്യ, സൊമാലിയ, എറിട്രിയ, സുഡാൻ എന്നിവിടങ്ങളിൽ ഉണ്ടായ യുദ്ധങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള 3.6 കോടി എയ്ഡ്സ് രോഗികളിൽ മൂന്നിൽ രണ്ടു ഭാഗവും സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേശത്താണു ജീവിക്കുന്നത്. ഐവറികോസ്റ്റിൽ ഓരോ അധ്യയന ദിവസവും ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എയ്ഡ്സ് മൂലം മരണമടയുന്നു. ബോട്സ്വാനയിൽ ആയുർപ്രതീക്ഷ 70-ൽനിന്ന് 41 ആയി കുറഞ്ഞിരിക്കുന്നു. സിംബാബ്വേയുടെ കാര്യത്തിലാണെങ്കിൽ, 2005 ആകുമ്പോഴേക്കും അവരുടെ ആരോഗ്യക്ഷേമ ബജറ്റിന്റെ 60 ശതമാനവും എയ്ഡ്സിനോടും എച്ച്ഐവിയോടും ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഉപയോഗിച്ചു തീർക്കാനിടയുണ്ട്, ഒരുപക്ഷേ അതിൽ കൂടുതലും വേണ്ടി വന്നേക്കാം. എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതലുള്ള സാംബിയയും മലാവിയും ഈ വിഷയം ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. ദക്ഷിണാഫ്രിക്കയിലാകട്ടെ, എയ്ഡ്സ് രോഗികളെ പാടേ അവഗണിച്ചിരിക്കുകയാണ് എന്ന് ഒരു ലണ്ടൻ പത്രമായ ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. “ഈ മാരകരോഗം ആഫ്രിക്കയിലെ ജീവിതനിലവാരത്തെയും സാമ്പത്തിക പുരോഗതിയെയും സാമൂഹിക-രാഷ്ട്രീയ സ്ഥിരതയെയും എത്രമാത്രം പ്രതികൂലമായി
ബാധിക്കുന്നു എന്നു നമുക്കാർക്കും ഇതുവരെ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല,” കോഫി ആന്നൻ പറയുന്നു. (g01 1/08)വേദനയില്ലാത്ത ഹൃദയാഘാതം
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് നെഞ്ചിനുള്ളിൽ അനുഭവപ്പെടുന്ന ഞെരിക്കുന്ന തരത്തിലുള്ള വേദന. അതുണ്ടാകുമ്പോൾ മിക്ക ആളുകളും ജാഗ്രത പുലർത്തുന്നു. എന്നിരുന്നാലും, “ഹൃദയാഘാതം ഉണ്ടാകുമ്പോൾ മൂന്നിലൊരു ഭാഗം രോഗികൾക്ക് വേദനയേ അനുഭവപ്പെടാറില്ല” എന്ന കാര്യം വളരെ കുറച്ചുപേർക്കു മാത്രമേ അറിയാവൂ എന്ന് ടൈം മാസിക റിപ്പോർട്ടു ചെയ്യുന്നു. “ഹൃദയാഘാതം ഉണ്ടാകുമ്പോൾ വേദന അനുഭവപ്പെടാത്ത രോഗികൾ ആശുപത്രിയിൽ പോകുന്നത് പിന്നത്തേക്ക്—കുറഞ്ഞത് രണ്ടു മണിക്കൂർ നേരത്തേക്ക്—നീട്ടിവെക്കുന്നത്” എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ഇത് സഹായിക്കുന്നു എന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ പ്രസിദ്ധീകരിച്ച ഒരു പഠനലേഖനം പറയുന്നു. ജീവരക്ഷാകരമായ ചികിത്സ ലഭ്യമാക്കുന്നതിൽ വരുത്തുന്ന ഏതൊരു അമാന്തവും അപകടകരമാണ്. അങ്ങനെയെങ്കിൽ, നിങ്ങൾ ശ്രദ്ധിക്കേണ്ട സംഗതി എന്താണ്? “മിക്കവരുടെയും കാര്യത്തിൽ അടുത്ത പ്രധാന മുന്നറിയിപ്പ് കടുത്ത ശ്വാസം മുട്ടലാണ്,” ടൈം പറയുന്നു. സാധ്യതയുള്ള മറ്റു ലക്ഷണങ്ങൾ മനംപിരട്ടൽ, അമിതമായ വിയർക്കൽ, “നടക്കുമ്പോഴോ കായികാധ്വാനത്തിൽ ഏർപ്പെടുമ്പോഴോ അധികരിക്കുന്ന ‘നെഞ്ചെരിച്ചിൽ’” എന്നിവയാണെന്ന് അതു കൂട്ടിച്ചേർക്കുന്നു. (g01 1/22)
“കുളിച്ചു വൃത്തിയാകുന്ന” താമര
പൗരസ്ത്യദേശത്തെ മതങ്ങൾ വിശുദ്ധമായി വീക്ഷിക്കുന്ന താമര എപ്പോഴും നല്ല വൃത്തിയുള്ളതായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? വർഷങ്ങളായി ജീവശാസ്ത്രജ്ഞരുടെ ജിജ്ഞാസ ഉണർത്തിയിരുന്ന ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നതായി ജർമൻ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. “ഇലയുടെ പ്രതലത്തിൽ നിന്ന് വെള്ളം നീക്കിക്കളയാനുള്ള ഈ ചെടിയുടെ കഴിവ് നേരത്തേ തന്നെ അറിവുള്ളതാണ്,” ജർമൻ ശാസ്ത്രജ്ഞരായ വിൽഹെം ബാർത്ലോട്ടും ക്രിസ്റ്റോഫ് നൈൻഹ്യൂസും പറയുന്നു. “എന്നാൽ സ്വയം ശുചിയാക്കാനുള്ള അതിന്റെ കഴിവ് . . . ആരും ഒട്ടും ശ്രദ്ധിച്ചിരുന്നില്ല.” ദ സൺഡേ ടൈംസ് ഓഫ് ഇൻഡ്യ വിശദീകരിക്കുന്ന പ്രകാരം, “താമരയിലയിലൂടെ ഒഴുകി വീഴുന്ന ജലകണങ്ങൾ അതിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു, അങ്ങനെ അതിന്റെ പ്രതലം നന്നായി വൃത്തിയാകുന്നു.” താമരയിലയുടെ പ്രതലം മിനുസമുള്ളതാണ് എന്ന് അത് അർഥമാക്കുന്നില്ല. ഒരു മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ “വെള്ളം തെറിപ്പിച്ചു കളയാൻ കഴിവുള്ള, ഉരുണ്ടതോ ഉന്തിനിൽക്കുന്നതോ ആയ, മുഴകളും മടക്കുകളും ഉള്ള” പരുപരുത്ത പ്രതലമാണ് ഈ ഇലകളുടേതെന്ന് നമുക്കു മനസ്സിലാകും. ഇതിനു പുറമേ, മെഴുകുകൊണ്ടുള്ള ഒരുതരം ആവരണവും ഈ ചെടിക്കുണ്ട്. ഇലയുടെ ഉപരിതലത്തിൽനിന്ന് വെള്ളം വേഗം വാർന്നു പോകാൻ ഈ മെഴുക് സഹായിക്കുന്നു. ഗവേഷകർ പറയുന്ന പ്രകാരം ‘താമരയുടെ ഈ സവിശേഷത’ വെള്ളവും മറ്റു മാലിന്യങ്ങളും തങ്ങിനിൽക്കുന്നത് ഫലപ്രദമായി തടയുന്നു. പ്രതികൂല കാലാവസ്ഥയിൽ പോലും മെഴുക് ഉത്പാദിപ്പിക്കാൻ അവയ്ക്കു കഴിയുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. താമരയുടെ ഈ പ്രകൃതിദത്ത കഴിവ്, മനുഷ്യർ നിർമിച്ചിരിക്കുന്ന ജലരോധക പെയിന്റുകൾ, ഡിറ്റർജന്റുകൾ എന്നിവയെക്കാളൊക്കെ അവയെ മേൽത്തരമാക്കി തീർക്കുന്നു. (g01 1/08)
ബാക്ടീരിയയ്ക്കെതിരെയുള്ള യുദ്ധം അനാവശ്യം
“അമേരിക്കൻ ഉപഭോക്താക്കൾ തങ്ങളുടെ വീടുകളിലുള്ള കീടാണുക്കൾക്കെതിരെ അനാവശ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്,” എന്ന് യുഎസ്എ ടുഡേ പറയുന്നു. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫിസിഷ്യനും മൈക്രോബയോളജിസ്റ്റുമായ സ്റ്റുവാർട്ട് ലീവി ഇങ്ങനെ പറയുന്നതായി അത് റിപ്പോർട്ടു ചെയ്തു, “ബാക്ടീരിയാനാശിനികൾ ഇത്രയേറെ പെരുകിയിരിക്കുന്നത് . . . ബാക്ടീരിയാനാശക സോപ്പുകളെ മാത്രമല്ല, ആന്റിബയോട്ടിക്കുകളെക്കൂടി നിർവീര്യമാക്കാൻ കഴിവുള്ള ബാക്ടീരിയകളുടെ ആവിർഭാവത്തിനു വഴി തെളിച്ചിരിക്കുന്നു.” വീടും പരിസരവും അണുവിമുക്തമാക്കുന്നതിന് ബാക്ടീരിയാനാശിനികൾ ഉപയോഗിക്കുന്നത് “ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കുന്നതിനു” സമാനമാണെന്ന് ലീവി പറയുന്നു. എന്നാൽ ബ്ലീച്ച്, ഹൈഡ്രജൻ പെറോക്സൈഡ്, ചൂടുവെള്ളം, സോപ്പ് എന്നിവ ഉപയോഗിക്കുന്നത് മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നുവെന്നു മാത്രമല്ല, കൂടുതൽ പ്രതിരോധശക്തിയുള്ള ബാക്ടീരിയയായി ഉത്പരിവർത്തനം സംഭവിക്കാതെ തടയുകയും ചെയ്യുന്നു. “ബാക്ടീരിയ നമ്മുടെ മിത്രങ്ങളാണ്, അവയെ വെറുപ്പിക്കാതിരിക്കുന്നതാണു നല്ലത്,” ലീവി പറയുന്നു. (g01 1/22)
ടിവി കാണുന്നതിൽ ഒന്നാം സ്ഥാനം ബ്രിട്ടീഷുകാർക്ക്
“ബ്രിട്ടനിലെ ഏകദേശം 25 ശതമാനം ആളുകളും സാധാരണ ഒരാഴ്ചയിൽ ജോലി ചെയ്യാനെടുക്കുന്ന അത്രയും സമയം തന്നെ ടിവി കാണാനും ചെലവഴിക്കുന്നു” എന്ന് ലണ്ടൻ ദിനപ്പത്രമായ ദി ഇൻഡിപ്പെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. ഗവേഷകർ പറയുന്നതനുസരിച്ച് ഒരു സാധാരണ ബ്രിട്ടീഷുകാരൻ ടെലിവിഷൻ കാണുന്നതിന് ആഴ്ചയിൽ 25 മണിക്കൂർ ചെലവഴിക്കുമ്പോൾ 21 ശതമാനം പേർ 36 മണിക്കൂറിലധികം സമയം അതിനായി ചെലവഴിക്കുന്നു. “അമിതമായി ടിവി കാണുന്നവരുടെ കൂട്ടത്തിൽ ചെറുപ്പക്കാർ മാത്രമല്ല, സ്ത്രീകളും പുരുഷന്മാരും പ്രായമായവരും ഒക്കെ ഉൾപ്പെടുന്നു” എന്ന് പ്രസ്തുത പത്രം പറയുന്നു. ടെലിവിഷൻ കാണുന്നതിനായി ആഴ്ചയിൽ ഏകദേശം 30 മണിക്കൂർ ചെലവഴിക്കുന്ന ഒരു കുടുംബം പറഞ്ഞത് “തിരക്കു പിടിച്ച ജീവിതത്തിൽനിന്ന് താത്കാലികമായിട്ടെങ്കിലും രക്ഷപ്പെടാൻ ഇതു കൂടിയേ തീരൂ” എന്നാണ്. കൂടുതൽ സമയം ടിവി കാണുന്ന ഈ ശീലത്തിന് കനത്ത വില ഒടുക്കേണ്ടി വരുന്നു. 20 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഒരു പഠനം അനുസരിച്ച് “ടിവി കാണുന്നവരുടെ പട്ടികയിൽ ബ്രിട്ടൻ ഒന്നാമത് എത്തി” എന്ന് ലണ്ടനിലെ ദ ഗാർഡിയൻ വീക്ക്ലി റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ “സാക്ഷരതയുടെ മൂന്നു നിർണായക ഘടകങ്ങളുടെ കാര്യത്തിൽ ബ്രിട്ടൻ വളരെ പിന്നിലായിരുന്നു.” (g01 1/08)