സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആഗ്രഹിച്ച ഒരു വ്യക്തി
സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആഗ്രഹിച്ച ഒരു വ്യക്തി
ഒരു അമേരിക്കൻ ശിൽപ്പിയും ചിത്രശലഭങ്ങളുടെ ശേഖരണത്തിൽ ഏർപ്പെട്ടിരുന്ന ആളുമായ ഹെർമൻ സ്ട്രെക്കർ മരണമടഞ്ഞിട്ട് ഒരു നൂറ്റാണ്ടായി. ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പക്കൽ. അമേരിക്കകളിൽ അന്നുണ്ടായിരുന്ന ചിത്രശലഭ ശേഖരങ്ങളിൽ ഏറ്റവും വലുതായിരുന്നു അത്. ഏകദേശം 50,000 ഇനങ്ങൾ അടങ്ങിയ ആ വൻ ശേഖരത്തിൽ ഭൂരിഭാഗവും ഇപ്പോൾ ഐക്യനാടുകളിലെ ഇല്ലിനോയ്സിലുള്ള ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിൽ കാണാൻ കഴിയും. അക്കൂട്ടത്തിൽ, പ്രത്യേക ശ്രദ്ധ അർഹിക്കുന്നത് തെക്കേ അമേരിക്കയിൽ നിന്നുള്ള വലിയ ഒരിനം പട്ടുനൂൽശലഭം ആണ്. അതിന്റെ കാരണമാകട്ടെ അതിന്റെ പേരും. ലെപിഡോപ്ടെറാ എന്ന തന്റെ പുസ്തകത്തിൽ സ്ട്രെക്കർ വിശദീകരിക്കുന്ന പ്രകാരം, തന്റെ ബഹുമാനാർഥം ഒരു വിരുന്നൊരുക്കിയ ആരുടെയെങ്കിലും പേരോ കുറെ പണം വായ്പ നൽകിയ ആളുടെ പേരോ ഒന്നുമല്ല അദ്ദേഹം അതിനിട്ടത്. a പിന്നെയോ, സ്രഷ്ടാവിന്റെ പേരാണ്. അതുവഴി “വിസ്മയം ഉണർത്തുന്ന” ആ ശലഭം അതിനെ കാണുന്ന ഏതൊരാളിന്റെയും ചിന്തയെ ദൈവത്തിലേക്കു നയിക്കുന്നു. അങ്ങനെ, സ്രഷ്ടാവിനെ ബഹുമാനിക്കുക എന്ന സ്ട്രെക്കറിന്റെ അഭിലാഷത്തിന്റെ ഫലമായി, ഇന്ന് ആ പട്ടുനൂൽശലഭം കോപിയോപ്ടെറിക്സ് ജെഹോവ എന്ന ശാസ്ത്രീയനാമം വഹിക്കുന്നു.
എന്നാൽ സ്ട്രെക്കർ ദൈവനാമം ഉപയോഗിച്ചതിനെ അദ്ദേഹത്തിന്റെ സമകാലികരിൽ ചിലർ എതിർത്തു. അതിനെ കുറിച്ച് ഒരു വിമർശകൻ ഇങ്ങനെ എഴുതി: “ദൈവനാമം ഈ വിധത്തിൽ ഉപയോഗിക്കുന്നത്, ചിന്തകരുടെയും പണ്ഡിതരുടെയും ശ്രദ്ധ പവിത്ര കാര്യങ്ങളിലേക്കു തിരിക്കാനേ ഉതകൂ.” സ്ട്രെക്കർ അതിനോട് ഇങ്ങനെ പ്രതികരിച്ചു. “അങ്ങനെയെങ്കിൽ, ആ പേര് തിരഞ്ഞെടുത്തതിൽ ഞാൻ തികച്ചും സന്തുഷ്ടനാണ്. കാരണം, സ്രഷ്ടാവിനെ കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്തും . . . പ്രയോജനപ്രദമാണ് എന്നു ഞാൻ കരുതുന്നു. അത്യുന്നതന്റെ മാഹാത്മ്യത്തിനും ശക്തിക്കും തെളിവു നൽകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായി മറ്റെന്താണുള്ളത്?” അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “സ്രഷ്ടാവിന്റെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നിന് അവന്റെ തന്നെ പേര് കൊടുക്കുന്നതിനെ എതിർക്കുന്നതിൽ എന്തെങ്കിലും ന്യായമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.”
സ്രഷ്ടാവിനോടുള്ള സ്ട്രെക്കറിന്റെ ഭക്തിയും ബഹുമാനവും ശ്രദ്ധേയമാണ്. ഇന്ന് ക്രിസ്ത്യാനികൾ യഹോവ എന്ന മഹനീയ നാമം, മഹിമ കരേറ്റുന്ന വിധത്തിൽ ഉപയോഗിക്കാൻ ശ്രദ്ധാലുക്കളാണ്. (g01 1/22)
[അടിക്കുറിപ്പ്]
a സ്ട്രെക്കറിന്റെ പുസ്തകത്തിന്റെ പൂർണമായ പേര് ലെപിഡോപ്ടെറാ, റോപലോസെറസ്, ഹെടെറോസെറസ്, സ്വദേശിയും വിദേശിയും; വിവരണങ്ങളും കളർച്ചിത്രങ്ങളും സഹിതം (1872) എന്നാണ്.
[31-ാം പേജിലെ ചിത്രം]
ഹെർമൻ സ്ട്രെക്കർ: From the book The Passing Scene, Vol. 8/The Historical Society of Berks County
[കടപ്പാട്]
ഹെർമൻ സ്ട്രെക്കർ
[31-ാം പേജിലെ ചിത്രം]
(യഥാർഥ വലിപ്പം)