സ്നേഹത്തെ മരവിപ്പിക്കുന്ന ഘടകങ്ങൾ
സ്നേഹത്തെ മരവിപ്പിക്കുന്ന ഘടകങ്ങൾ
“ഒരാളുമായി സ്നേഹത്തിലാകാൻ വളരെ എളുപ്പമാണ്. എന്നാൽ ആ സ്നേഹബന്ധം നിലനിറുത്താനാണു ബുദ്ധിമുട്ട്.” —ഡോ. കാരൻ കൈസർ.
സ്നേഹശൂന്യമായ ദാമ്പത്യങ്ങളുടെ എണ്ണം പെരുകുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം വിവാഹബന്ധം സങ്കീർണമായ ഒന്നാണെങ്കിലും പലരും അതിലേക്കു കാലെടുത്തു വെക്കുന്നത് ഒട്ടുംതന്നെ തയ്യാറെടുപ്പില്ലാതെയാണ്. ഡോ. ഡിൻ എസ്. ഈഡെൽ ഇപ്രകാരം പറയുന്നു: “ഒരു ഡ്രൈവിങ് ലൈസൻസ് കിട്ടണമെങ്കിൽ ഒരുവൻ തന്റെ കഴിവു തെളിയിക്കേണ്ടതുണ്ട്. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ വെറുമൊരു ഒപ്പ് മതി.”
അതുകൊണ്ടുതന്നെ വിവാഹജീവിതം ചിലർക്ക് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉറവായിരിക്കുമ്പോൾ ഒട്ടനവധി പേർക്ക് അത് തോരാത്ത കണ്ണുനീർ മാത്രം സമ്മാനിക്കുന്നു. വിവാഹ ഇണകളിൽ ഒരാളോ രണ്ടുപേരുമോ ഒരു ആജീവനാന്ത ബന്ധത്തിന് ആവശ്യമായ യോഗ്യതകളൊന്നും ഇല്ലാതെ നൂറുനൂറു പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ചിരിക്കാം. ഡോ. ഹാരി റൈസ് ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു സ്ത്രീയും പുരുഷനും തമ്മിൽ ആദ്യമായി അടുക്കുമ്പോൾ അവർക്കു പരസ്പരം എന്തെന്നില്ലാത്ത വിശ്വാസം തോന്നുന്നു. തന്നെപ്പോലെതന്നെ കാര്യങ്ങളെ വീക്ഷിക്കുന്ന ഒരു വ്യക്തി ഈ ഭൂലോകത്തുണ്ടെങ്കിൽ” അതു തന്റെ പങ്കാളി “മാത്രം” ആണെന്ന് അവർക്കു തോന്നുന്നു. “ചിലപ്പോൾ ഈ തോന്നലിനു മങ്ങലേൽക്കും. അതോടെ ദാമ്പത്യം വിനാശത്തിലേക്കു കൂപ്പുകുത്തുന്നു.”
സന്തോഷകരമെന്നു പറയട്ടെ, മിക്ക വിവാഹബന്ധങ്ങളും ആ ഘട്ടത്തോളം എത്തുന്നില്ല. എന്നാൽ ചിലരുടെ കാര്യത്തിൽ സ്നേഹത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്ന ചില ഘടകങ്ങളെ കുറിച്ച് നമുക്കു ചുരുക്കമായി പരിചിന്തിക്കാം.
തകിടം മറിയുന്ന പ്രതീക്ഷകൾ —“ഇതൊന്നുമല്ല ഞാൻ പ്രതീക്ഷിച്ചത്”
‘ജിമ്മും ഞാനുമായുള്ള വിവാഹം നടന്നപ്പോൾ ഞാനോർത്തത്, പ്രേമകഥകളിലെ നായികാനായകന്മാരെപ്പോലെ ആയിരിക്കും ഞങ്ങൾ എന്നാണ്. പ്രേമവും വാത്സല്യവും കരുതലും നിറഞ്ഞ ഒരു ജീവിതമാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്,’ റോസ് പറയുന്നു. എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ റോസിന്റെ ഭർത്താവിന് ‘പ്രേമകഥകളിലെ നായകന്റെ’ ഭാവം നഷ്ടപ്പെടാൻ തുടങ്ങി. “അദ്ദേഹത്തെ സംബന്ധിച്ച എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു,” അവൾ പറയുന്നു.
മിക്ക ചലച്ചിത്രങ്ങളും പ്രണയ നോവലുകളും പ്രശസ്ത ഗാനങ്ങളും സ്നേഹത്തെ സംബന്ധിച്ച് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചിത്രമാണു വരച്ചു കാട്ടുന്നത്. പ്രണയിച്ചു നടക്കുന്ന കാലത്ത് തങ്ങളുടെ സ്വപ്നങ്ങളെല്ലാം സഫലമാകുകയാണെന്ന് ഒരു സ്ത്രീക്കും പുരുഷനും തോന്നിയേക്കാം. എന്നാൽ വിവാഹിതരായി ഏതാനും വർഷം കഴിയുമ്പോൾ തങ്ങൾ അന്ന് വെറും ഒരു സ്വപ്നലോകത്തിൽ ആയിരുന്നു എന്ന് അവർക്കു തോന്നിത്തുടങ്ങുന്നു. സാമാന്യം ഭേദപ്പെട്ട ദാമ്പത്യജീവിതം നയിക്കുന്ന ചില ദമ്പതികൾ പോലും, തങ്ങളുടെ ജീവിതം ഒരു പ്രണയകഥയിലെ പോലെ അല്ല എന്ന കാരണത്താൽ അതിനെ തികഞ്ഞ പരാജയമായി കണക്കാക്കുന്നു.
വിവാഹത്തെ സംബന്ധിച്ച് യാതൊരു പ്രതീക്ഷകളും പാടില്ല എന്നല്ല ഇതിന്റെ അർഥം. ഉദാഹരണത്തിന്, ഇണയുടെ സ്നേഹവും ശ്രദ്ധയും പിന്തുണയും ഒക്കെ പ്രതീക്ഷിക്കുന്നത് തികച്ചും ഉചിതമാണ്. എന്നാൽ പലപ്പോഴും അതുപോലും ലഭിക്കാതെ വന്നേക്കാം. അടുത്തകാലത്ത് വിവാഹിതയായ മീന എന്ന ഇന്ത്യക്കാരി ഇങ്ങനെ പറയുന്നു: “ഞാൻ വിവാഹിതയായോ എന്നു പോലും സംശയിച്ചു പോകുന്നു. കാരണം ഏകാന്തതയും അവഗണിക്കപ്പെടുന്നു എന്ന തോന്നലും എന്നെ അത്രമാത്രം വേട്ടയാടുന്നു.”
പൊരുത്തമില്ലായ്മ —“ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയുമില്ല”
“മിക്കവാറും എല്ലാ കാര്യങ്ങളിലുംതന്നെ ഞാനും എന്റെ ഭർത്താവും രണ്ടു ധ്രുവങ്ങളിലാണ്,” ഒരു സ്ത്രീ പറയുന്നു. “അദ്ദേഹത്തെ വിവാഹം കഴിച്ചതിനെ കുറിച്ചോർത്തു ഖേദിക്കാത്ത
ഒറ്റ ദിവസം പോലുമില്ല. ഞങ്ങൾ തമ്മിൽ ഒട്ടും ചേരില്ല, ഒട്ടും.”പ്രണയിച്ചു നടന്ന കാലത്ത് കരുതിയിരുന്നത്ര ചേർച്ച തങ്ങൾ തമ്മിൽ ഇല്ലെന്ന് വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെതന്നെ ദമ്പതികൾ തിരിച്ചറിയുന്നു. “പങ്കാളികൾ ഒറ്റയ്ക്കായിരുന്ന കാലത്ത് അവർക്കു പോലും അറിയാൻ പാടില്ലായിരുന്ന സ്വഭാവവിശേഷതകൾ വിവാഹം കഴിയുമ്പോൾ പുറത്തുവരാൻ തുടങ്ങുന്നു” എന്ന് ഡോ. നീന എസ്. ഫീൽഡ്സ് എഴുതുന്നു.
അതിന്റെ ഫലമായി, വിവാഹം കഴിയുന്നതോടെ ചില ദമ്പതികൾ തങ്ങൾ തമ്മിൽ ഒട്ടും പൊരുത്തമില്ല എന്ന നിഗമനത്തിൽ എത്തുന്നു. “വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന പലർക്കും അഭിരുചിയിലും വ്യക്തിത്വത്തിലും കുറച്ചൊക്കെ സമാനതകൾ ഉണ്ടെങ്കിലും അവരുടെ ശൈലിയിലും ശീലങ്ങളിലും മനോഭാവങ്ങളിലും ഒട്ടേറെ വ്യത്യാസങ്ങൾ കണ്ടേക്കാം” എന്ന് ഡോ. ആരൻ റ്റി. ബെക്ക് പറയുന്നു. ഈ വ്യത്യാസങ്ങളുമായി പൊരുത്തപ്പെട്ടു പോകേണ്ടത് എങ്ങനെയെന്നു പല ദമ്പതികൾക്കും അറിഞ്ഞുകൂടാ.
കലഹങ്ങൾ—“ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കാണ്”
“ഞങ്ങൾ തമ്മിൽ എന്തുമാത്രം വഴക്കിടുന്നു എന്നോർത്തപ്പോൾ ഞങ്ങൾക്കുതന്നെ അതിശയം തോന്നി. വഴക്കു മാത്രമാണെങ്കിൽ സാരമില്ല എന്നു വെക്കാമായിരുന്നു. പക്ഷേ ഞങ്ങൾ പരസ്പരം ആക്രോശിക്കുകയും ഒന്നും മിണ്ടാതെ ദിവസങ്ങളോളം മുഖംവീർപ്പിച്ചു നടക്കുകയും ഒക്കെ ചെയ്യുമായിരുന്നു,” വിവാഹജീവിതത്തിന്റെ ആദ്യനാളുകളെ കുറിച്ച് ഓർക്കുകയാണ് സിൻഡി.
ദാമ്പത്യമായാൽ കുറച്ചൊക്കെ രസക്കേടുകൾ ഉണ്ടായെന്നിരിക്കും. എന്നാൽ അവ എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത്? ഡോ. ദാനിയേൽ ഗോൾമൻ ഇപ്രകാരം എഴുതുന്നു: “ഒരു നല്ല വിവാഹബന്ധത്തിൽ, ഭാര്യയ്ക്കും ഭർത്താവിനും പരാതി തുറന്നു പറയാനുള്ള സ്വാതന്ത്ര്യം തോന്നും. എന്നാൽ പലപ്പോഴും കോപത്തിന്റെ വേലിയേറ്റത്തിൽ, ഇണയുടെ വ്യക്തിത്വത്തിന്മേൽ ആക്രമണം നടത്തിക്കൊണ്ട് വിനാശകമായ രൂപത്തിൽ ആയിരിക്കും ഇവ പുറത്തുവരിക.”
ഇങ്ങനെ സംഭവിക്കുമ്പോൾ, സംഭാഷണത്തിന് ഒരു യുദ്ധത്തിന്റെ ഭാവം കൈവരുന്നു. തന്റെ ഭാഗമാണ് ശരി എന്ന് എങ്ങനെയും സ്ഥാപിച്ചെടുക്കാൻ ഇണകൾ ഓരോരുത്തരും ശ്രമിക്കുന്നു. വാക്കുകൾ സംഭാഷണത്തിനുള്ള ഉപാധി ആയിരിക്കുന്നതിനു പകരം പങ്കാളിക്കെതിരെ തൊടുത്തു വിടാനുള്ള ആയുധമായി മാറുന്നു. വിദഗ്ധരുടെ ഒരു സംഘം ഇങ്ങനെ പറയുന്നു: “നിയന്ത്രണം വിട്ടുപോകുന്ന വാക്കേറ്റങ്ങളുടെ ഏറ്റവും മാരകമായ ഒരു വശം വിവാഹത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന കാര്യങ്ങൾ അത് ഇണകളെക്കൊണ്ടു പറയിക്കുന്നു എന്നതാണ്.”
നിർവികാരത—“ഞങ്ങൾ ശ്രമം ഉപേക്ഷിച്ചു”
“ഞങ്ങളുടെ ദാമ്പത്യം നേരെയാക്കാനുള്ള ശ്രമം ഞാൻ ഉപേക്ഷിച്ചു,” അഞ്ചു വർഷത്തെ വിവാഹജീവിതത്തിനു ശേഷം ഒരു സ്ത്രീ സമ്മതിച്ചു പറഞ്ഞു. “ഇനി ഈ ബന്ധം വിളക്കിച്ചേർക്കാനാവില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്ക് ഇപ്പോൾ കുഞ്ഞുങ്ങളെ കുറിച്ചു മാത്രമേ ചിന്തയുള്ളൂ.”
സ്നേഹത്തിന്റെ വിപരീതം വിദ്വേഷമല്ല നിർവികാരതയാണെന്നു പറയപ്പെടുന്നു. വാസ്തവത്തിൽ, വിദ്വേഷത്തെ പോലെതന്നെ നിർവികാരതയ്ക്കും വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ കഴിയും.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, ചില ഇണകൾ സ്നേഹശൂന്യമായ വിവാഹജീവിതവുമായി പൊരുത്തപ്പെട്ടുപോകാൻ ശീലിക്കുന്നതു നിമിത്തം തങ്ങളുടെ അവസ്ഥയ്ക്ക് ഒരു മാറ്റം വരാൻ പ്രതീക്ഷിക്കുന്നതേയില്ല. ഉദാഹരണത്തിന്, ഒരു ഭർത്താവ് 23 വർഷത്തെ തന്റെ വിവാഹജീവിതത്തെ “ഇഷ്ടപ്പെടാത്ത ഒരു ജോലിയിൽ ആയിരിക്കുന്നതിനോട്” ഉപമിച്ചു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “കഴിവിന്റെ പരമാവധി ചെയ്തുകൊണ്ടു മുന്നോട്ടു പോകാൻ ശ്രമിക്കുന്നു, അത്രമാത്രം.” സമാനമായ ഒരനുഭവമാണ് വെൻഡിയുടേത്. വിവാഹിതയായിട്ട് ഏഴു വർഷമായ അവൾ ഭർത്താവുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന എല്ലാ പ്രതീക്ഷകളും വെടിഞ്ഞിരിക്കുന്നു. “ഞാൻ ഒരുപാടു തവണ ശ്രമിച്ചു നോക്കി,” അവൾ പറയുന്നു. “പക്ഷേ ഓരോ തവണയും അദ്ദേഹം എന്നെ നിരാശപ്പെടുത്തുകയാണു ചെയ്തത്. ഒടുവിൽ ഞാൻ വിഷാദത്തിന് അടിമയായിത്തീർന്നു. ഇനിയും അതെല്ലാം അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആശിച്ചാൽ എനിക്ക് നിരാശപ്പെടേണ്ടി വരുകയേ ഉള്ളൂ. അതുകൊണ്ട് ഒന്നും ആശിക്കാതിരിക്കുന്നതാണ് ഭേദം. ജീവിതം ആസ്വാദ്യമായിരിക്കില്ലെങ്കിലും നിരാശപ്പെടേണ്ടി വരില്ലല്ലോ.”
തകിടം മറിയുന്ന പ്രതീക്ഷകൾ, പൊരുത്തമില്ലായ്മ, കലഹങ്ങൾ, നിർവികാരത എന്നിവ സ്നേഹശൂന്യമായ ദാമ്പത്യത്തിന് ഇടയാക്കുന്ന ചില ഘടകങ്ങൾ മാത്രമാണ്. എന്നാൽ അതിലേക്കു നയിക്കുന്ന വേറെയും സംഗതികളുണ്ട്, അവയിൽ ചിലത് 5-ാം പേജിലെ ചതുരത്തിൽ കാണാൻ കഴിയും. സ്നേഹത്തെ മരവിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയായാലും ശരി, സ്നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയവർക്ക് പ്രതീക്ഷയ്ക്ക് എന്തെങ്കിലും വകയുണ്ടോ? (g01 1/08)
[5-ാം പേജിലെ ചതുരം/ചിത്രം]
സ്നേഹശൂന്യമായ ദാമ്പത്യം—മറ്റു ചില കാരണങ്ങൾ
• പണം: “വരവു-ചെലവു കാര്യങ്ങൾ സംബന്ധിച്ചു കൂടിയാലോചിക്കുന്നത് ദമ്പതികളെ തമ്മിൽ അടുപ്പിക്കുമെന്നു നാം കരുതിയേക്കാം. അങ്ങനെ കരുതുന്നതിന് പല കാരണങ്ങളുമുണ്ട്. ഇരുവരുടെയും സഹകരണം ഉണ്ടെങ്കിലേ അതു നടക്കുകയുള്ളൂ എന്നതാണ് ഒരു സംഗതി. കൂടാതെ അടിസ്ഥാന ജീവിതാവശ്യങ്ങൾ നിർവഹിക്കുന്നതിനു വേണ്ടി രണ്ടുപേരുടെയും വരുമാനം ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം അതു പ്രദാനം ചെയ്യുന്നു. തങ്ങളുടെ അധ്വാനത്തിന്റെ ഫലങ്ങൾ ആസ്വദിക്കാനും അവർക്ക് അതിലൂടെ കഴിയും. എന്നാൽ ഇത് പലപ്പോഴും ദമ്പതികളെ ഒരുമിപ്പിക്കുന്നതിനു പകരം അവരെ തമ്മിൽ അകറ്റുകയാണു ചെയ്യുന്നത്.”—ഡോ. ആരൻ റ്റി. ബെക്ക്.
• കുഞ്ഞിന്റെ ജനനം: “67 ശതമാനം ദമ്പതികളുടെ കാര്യത്തിലും, ആദ്യത്തെ കുഞ്ഞിന്റെ ജനനശേഷം ദാമ്പത്യ സംതൃപ്തിയിൽ വലിയ കുറവു സംഭവിക്കുന്നതായും കലഹങ്ങൾ എട്ടിരട്ടി വർധിക്കുന്നതായും ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. മാതാപിതാക്കൾ ക്ഷീണിതരായിത്തീരുന്നതും തങ്ങൾക്കായിത്തന്നെ ചെലവഴിക്കാൻ അവർക്ക് അധികം സമയം ലഭിക്കാത്തതും ആണ് ഇതിന്റെ ഭാഗികമായ കാരണം.”—ഡോ. ജോൺ ഗോട്ട്മാൻ.
• വിവാഹത്തിനു പുറത്തു തളിരിടുന്ന ബന്ധങ്ങൾ: “വിവാഹബാഹ്യ ബന്ധങ്ങൾ തേടിപ്പോകുന്ന ഇണകൾ സാധാരണഗതിയിൽ വഞ്ചനയാണു കാണിക്കുന്നത്. വഞ്ചന എന്നു പറഞ്ഞാൽ, തനി വിശ്വാസവഞ്ചന. ഒരു വിവാഹബന്ധത്തെ നിലനിറുത്തുന്നതിനും വിജയിപ്പിക്കുന്നതിനും പരസ്പര വിശ്വാസം അത്യന്താപേക്ഷിതമാണ്. അപ്പോൾപ്പിന്നെ, വിശ്വാസവഞ്ചന ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്തുന്നതിൽ അതിശയിക്കാനുണ്ടോ?”—ഡോ. നീനാ എസ്. ഫീൽഡ്സ്.
• ലൈംഗികത: “വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന ഒട്ടേറെ ദമ്പതികൾ വർഷങ്ങളായി ലൈംഗിക അസംതൃപ്തി അനുഭവിക്കുന്നവരാണ്. ഇവരിൽ ചിലരുടെ കാര്യത്തിൽ, ലൈംഗികതയ്ക്ക് ദാമ്പത്യ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ല. മറ്റു ചിലരുടെ കാര്യത്തിലാകട്ടെ അതു തികച്ചും യാന്ത്രികമാണ്, ഇണകളിൽ ഒരാളുടെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ഒരു മാർഗം മാത്രം.”—ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ജൂഡിത്ത് എസ്. വാലർസ്റ്റൈൻ.
[6-ാം പേജിലെ ചതുരം/ചിത്രം]
ദാമ്പത്യത്തിലെ താളപ്പിഴകൾ കുട്ടികളെ ബാധിക്കുമ്പോൾ
നിങ്ങളുടെ ദാമ്പത്യത്തിന്റെ ഗുണനിലവാരം കുട്ടികളെ ബാധിക്കുമോ? ഉവ്വ് എന്നാണ് ഏതാണ്ട് 20 വർഷക്കാലം വിവാഹിത ദമ്പതികളെ കുറിച്ചു പഠനം നടത്തിയ ഡോ. ജോൺ ഗോട്ട്മാന്റെ അഭിപ്രായം. അദ്ദേഹം ഇങ്ങനെ പറയുന്നു: “അസന്തുഷ്ടരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് കളിക്കുന്ന സമയത്ത് ഉയർന്ന ഹൃദയമിടിപ്പ് ഉള്ളതായും അവർക്ക് മറ്റു കുട്ടികളുടെ അത്രയും ആത്മസംയമനം പാലിക്കാൻ കഴിയാതെ വരുന്നതായും പത്തുവർഷം വീതം നീണ്ടുനിന്ന ഞങ്ങളുടെ രണ്ടു പഠനങ്ങൾ വെളിപ്പെടുത്തി. സമയം കടന്നുപോകുന്നതോടെ, ദാമ്പത്യ കലഹങ്ങൾ കുട്ടികളുടെ സ്കൂൾ പഠനത്തെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ ബുദ്ധിയുടെ തോത് എത്രയായിരുന്നാലും ഇതു സത്യമാണ്.” എന്നാൽ, നന്നായി പൊരുത്തപ്പെട്ടുപോകുന്ന ദമ്പതികളുടെ കുട്ടികൾ “പഠനകാര്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും മറ്റു കുട്ടികളെക്കാൾ മികവു കാണിക്കുന്നു” എന്ന് ഡോ. ഗോട്ട്മാൻ പറയുന്നു. “കാരണം മറ്റുള്ളവരോട് ആദരവോടെ പെരുമാറേണ്ടത് എങ്ങനെയെന്നും വികാര വിക്ഷോഭങ്ങളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നും അവരുടെ മാതാപിതാക്കൾ അവർക്കു വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”