വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊലയാളി തിരമാലകൾ സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും

കൊലയാളി തിരമാലകൾ സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും

കൊല​യാ​ളി തിരമാ​ലകൾ സങ്കൽപ്പ​ങ്ങ​ളും യാഥാർഥ്യ​ങ്ങ​ളും

ആ സംഭവം നടന്നത്‌ 1998 ജൂലൈ 17 വെള്ളി​യാ​ഴ്‌ച​യാണ്‌. പ്രശാ​ന്ത​മായ ആ ദിവസം സൂര്യൻ പടിഞ്ഞാ​റൻ ചക്രവാ​ള​ത്തിൽ മറഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. പാപ്പുവാ ന്യൂഗി​നി​യു​ടെ വടക്കൻ തീരത്തെ അനേകം ചെറിയ ഗ്രാമ​ങ്ങ​ളി​ലുള്ള സ്‌ത്രീ​പു​രു​ഷ​ന്മാർക്കും കുട്ടി​കൾക്കും പൊടു​ന്നനെ തങ്ങളെ എന്തോ പിടി​ച്ചു​ല​യ്‌ക്കു​ന്ന​താ​യി അനുഭ​വ​പ്പെട്ടു. ഭൂകമ്പ​മാ​പി​നി​യിൽ 7.1 എന്നു രേഖ​പ്പെ​ടു​ത്ത​പ്പെട്ട ഒരു ഭൂകമ്പ​മാ​യി​രു​ന്നു അത്‌. “ശക്തമായ ആ ഭൂകമ്പ​ത്തി​ന്റെ ഫലമായി കടലോ​രത്തെ 30 കിലോ​മീ​റ്റ​റോ​ളം പ്രദേ​ശത്ത്‌ അതിശ​ക്ത​മായ കുലു​ക്ക​മു​ണ്ടാ​യി. . . ആഴിത്ത​ട്ടിന്‌ പൊടു​ന്നനെ രൂപ​ഭേദം സംഭവി​ച്ചു. തന്മൂലം, സമു​ദ്ര​ത്തി​ലെ പ്രതല​ജലം പെട്ടെന്നു മുകളി​ലേക്ക്‌ ഉയരു​ക​യും ഭയാന​ക​മായ ഒരു സുനാമി രൂപം കൊള്ളു​ക​യും ചെയ്‌തു” എന്ന്‌ സയന്റി​ഫിക്‌ അമേരി​ക്കൻ പറയുന്നു.

ദൂരെ നിന്നുള്ള ഇടിമു​ഴ​ക്ക​ത്തി​ന്റെ ശബ്ദം പോലെ എന്തോ ഒന്ന്‌ താൻ കേട്ടു​വെ​ന്നും സാധാ​ര​ണ​യി​ലും താഴ്‌ന്ന ജലരേ​ഖ​യ്‌ക്കു താഴേക്ക്‌ കടൽ സാവധാ​നം പിൻവാ​ങ്ങി​യ​പ്പോൾ അത്‌ ഒട്ടും കേൾക്കാ​താ​യെ​ന്നും ഒരു ദൃക്‌സാ​ക്ഷി പറയുന്നു. ഏതാനും മിനി​ട്ടു​കൾക്കു ശേഷം, ആദ്യം ഒരു തിരമാല കരയി​ലേക്ക്‌ അടിച്ചു കയറു​ന്നത്‌ അദ്ദേഹം കണ്ടു. അതിന്‌ മൂന്നു മീറ്റ​റോ​ളം ഉയരമു​ണ്ടാ​യി​രു​ന്നു. ഓടി​മാ​റാൻ ശ്രമി​ച്ച​പ്പോ​ഴേ​ക്കും അത്‌ അദ്ദേഹത്തെ പിന്നി​ലാ​ക്കി മുന്നേ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. രണ്ടാമ​തു​ണ്ടായ കുറേ​ക്കൂ​ടെ വലിയ ഒരു തിരമാല അദ്ദേഹ​ത്തി​ന്റെ ഗ്രാമത്തെ തകർത്തു തരിപ്പ​ണ​മാ​ക്കു​ക​യും അവി​ടെ​നിന്ന്‌ ഏതാണ്ട്‌ ഒരു കിലോ​മീ​റ്റർ അകലെ​യുള്ള കണ്ടൽക്കാ​ടു​ക​ളി​ലേക്ക്‌ അദ്ദേഹത്തെ ഒഴുക്കി കൊണ്ടു​പോ​വു​ക​യും ചെയ്‌തു. “പനകളു​ടെ മുകളിൽ തൂങ്ങി​ക്കി​ട​ന്നി​രുന്ന നാശാ​വ​ശി​ഷ്ടങ്ങൾ, ആ തിരമാ​ല​യ്‌ക്ക്‌ 14 മീറ്റർ ഉയരമു​ണ്ടാ​യി​രു​ന്ന​താ​യി സൂചി​പ്പി​ച്ചു,” സയൻസ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു.

ആ സായാ​ഹ്ന​ത്തിൽ പടുകൂ​റ്റൻ തിരമാ​ലകൾ 2,500 പേരു​ടെ​യെ​ങ്കി​ലും ജീവൻ കവർന്നു. വൈരു​ദ്ധ്യ​മെന്നു പറയട്ടെ, ഒരു തടിക്ക​മ്പനി പുതിയ സ്‌കൂ​ളു​കൾ പണിയാൻ ആവശ്യ​മായ തടി സംഭാവന ചെയ്‌തു, എന്നാൽ സ്‌കൂ​ളിൽ പോകാ​നാ​യി അവിടെ വാസ്‌ത​വ​ത്തിൽ ഒരു കുട്ടി പോലും ശേഷി​ച്ചി​രു​ന്നില്ല. സ്‌കൂ​ളിൽ പോയി​രുന്ന കുട്ടി​ക​ളിൽ എല്ലാവ​രെ​യും​തന്നെ—230-ലധികം പേരെ—ആ സുനാമി വിഴു​ങ്ങി​യി​രു​ന്നു.

എന്താണ്‌ സുനാ​മി​കൾ?

“തുറമുഖ തിരമാല” എന്ന്‌ അർഥമുള്ള ഒരു ജാപ്പനീസ്‌ പദമാണ്‌ സുനാമി. “ഈ കൂറ്റൻ തിരമാ​ലകൾ കൂടെ​ക്കൂ​ടെ ജാപ്പനീസ്‌ തുറമു​ഖ​ങ്ങ​ളെ​യും തീരദേശ ഗ്രാമ​ങ്ങ​ളെ​യും തകർത്തു നശിപ്പി​ക്കു​ന്ന​തി​നാൽ ഈ പേര്‌ തികച്ചും അനു​യോ​ജ്യ​മാണ്‌,” സുനാമി! എന്ന പുസ്‌തകം പറയുന്നു. ഈ വിചിത്ര തിരമാ​ല​കൾക്ക്‌ ഇത്ര ഭയജന​ക​മായ ശക്തിയും വലിപ്പ​വും കൈവ​രു​ന്നത്‌ എങ്ങനെ​യാണ്‌?

ചില​പ്പോ​ഴൊ​ക്കെ സുനാ​മി​കളെ വേലാ തരംഗങ്ങൾ എന്ന്‌ വിളി​ക്കാ​റുണ്ട്‌. എന്നുവ​രി​കി​ലും, കൃത്യ​മാ​യി പറഞ്ഞാൽ, സുനാ​മി​ക​ളും വേലാ തരംഗ​ങ്ങ​ളും ഒന്നല്ല. വേലകൾ എന്നു വിളി​ക്കുന്ന, തീര​പ്ര​ദേ​ശത്ത്‌ ജലനി​രപ്പ്‌ ഉയരാ​നും താഴാ​നും ഇടവരു​ത്തുന്ന തിരമാ​ലകൾ മാത്ര​മാണ്‌ വേലാ തരംഗങ്ങൾ. സൂര്യ​ച​ന്ദ്ര​ന്മാർ ചെലു​ത്തുന്ന ഗുരു​ത്വാ​കർഷ​ണ​ബലം ആണ്‌ ഇവയ്‌ക്കു നിദാനം. എന്നാൽ, കൊടു​ങ്കാ​റ്റി​നാൽ ചുഴറ്റ​പ്പെട്ട്‌ ചില​പ്പോ​ഴൊ​ക്കെ 25 മീറ്ററി​ല​ധി​കം ഉയരുന്ന പടുകൂ​റ്റൻ തിരമാ​ല​ക​ളെ​പ്പോ​ലും സുനാ​മി​ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്താ​നാ​വില്ല. വേലാ തരംഗ​ങ്ങ​ളു​ടെ അടിയിൽ മുങ്ങി പരി​ശോ​ധി​ക്കുക ആണെങ്കിൽ, ആഴത്തി​ലേക്കു പോകു​ന്തോ​റും അവയുടെ ശക്തി കുറഞ്ഞു വരുന്ന​താ​യി നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടും. ഒരു നിശ്ചിത ആഴത്തി​ലെ​ത്തു​മ്പോൾ, സമു​ദ്ര​ഭാ​ഗം തികച്ചും ശാന്തമാ​യി​രി​ക്കും. പക്ഷേ, സുനാ​മി​ക​ളു​ടെ കാര്യം ഇങ്ങനെയല്ല. അവയുടെ സ്വാധീ​നം സമു​ദ്ര​ത്തി​ന്റെ ഉപരി​തലം മുതൽ അടിത്തട്ടു വരെ, കിലോ​മീ​റ്റ​റു​ക​ളോ​ളം ആഴത്തിൽ എത്തുന്നു!

സാധാ​ര​ണ​മാ​യി സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലെ അതിശ​ക്ത​മായ ഭൂഗർഭ പ്രവർത്ത​ന​ങ്ങ​ളു​ടെ ഫലമാ​യാ​ണു സുനാമി രൂപം കൊള്ളു​ന്നത്‌. തന്മൂലം അത്‌ സമു​ദ്ര​ത്തി​ന്റെ അടിത്തട്ടു വരെ എത്തുന്നു. ഇക്കാര​ണ​ത്താൽ ശാസ്‌ത്രജ്ഞർ ചില​പ്പോൾ സുനാ​മി​കളെ ഭൂകമ്പ തരംഗങ്ങൾ എന്നു പരാമർശി​ക്കാ​റുണ്ട്‌. ഒന്നുകിൽ, കടൽത്തറ ഉയരു​ക​യും അവി​ടെ​യുള്ള വെള്ളം മുകളി​ലേക്കു പൊങ്ങു​ന്ന​തി​ന്റെ ഫലമായി മൃദു​വായ ഒരു വീർപ്പ്‌ അഥവാ ഉപരിതല തരംഗം രൂപം കൊള്ളു​ക​യും ചെയ്യുന്നു. ചില​പ്പോ​ഴൊ​ക്കെ 25,000 ചതുരശ്ര കിലോ​മീ​റ്റർ വരെ ഈ തരംഗം വ്യാപി​ക്കാ​റുണ്ട്‌. അല്ലെങ്കിൽ, സമു​ദ്രോ​പ​രി​ത​ല​ത്തിൽ അൽപ്പസ​മ​യ​ത്തേക്ക്‌ ഒരു ഗർത്തം സൃഷ്ടി​ച്ചു​കൊണ്ട്‌ കടൽത്തറ താണു പോ​യേ​ക്കാം.

രണ്ടിൽ ഏതു രീതി​യി​ലാ​യാ​ലും, ഈ പ്രക്രി​യ​യ്‌ക്കു വിധേ​യ​മായ ഭാഗത്തെ ജലം ഗുരു​ത്വാ​കർഷണം മൂലം മുകളി​ലേ​ക്കും താഴേ​ക്കും ദോലനം ചെയ്യാൻ ഇടയാ​കു​ന്നു. തത്‌ഫ​ല​മാ​യി, ഒരു കുളത്തി​ലെ വെള്ളത്തിൽ കല്ലു വന്നുവീ​ഴു​മ്പോൾ ഓളങ്ങ​ളു​ണ്ടാ​കു​ന്നതു പോലെ, ഏകകേ​ന്ദ്രീയ തിരമാ​ല​ക​ളു​ടെ ഒരു വ്യൂഹം സൃഷ്ടി​ക്ക​പ്പെ​ടു​ന്നു. ഈ പ്രതി​ഭാ​സം, വികൃതി കാട്ടുന്ന ഒറ്റയാൻ തിരമാ​ല​ക​ളാണ്‌ സുനാ​മി​കൾ എന്ന പൊതു സങ്കൽപ്പ​ത്തി​ന്റെ അടിത്തറ തോണ്ടു​ന്നു. നേരെ മറിച്ച്‌, തുല്യ ഇടവേ​ള​ക​ളി​ലാ​യി ഒന്നിനു പിറകെ ഒന്നായി ഉണ്ടാവു​ക​യും വ്യാപി​ക്കു​ക​യും ചെയ്യുന്ന തിരമാ​ല​ക​ളാ​ണു സുനാ​മി​കൾ. അഗ്നിപർവത സ്‌ഫോ​ട​ന​ങ്ങ​ളും സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ സംഭവി​ക്കാ​റുള്ള ഭൂപാ​ളി​ക​ളു​ടെ തെന്നി​മാ​റ​ലും വിനാ​ശ​കാ​രി​ക​ളായ സുനാ​മി​കൾ ഉണ്ടാകു​ന്ന​തി​നു കാരണ​മാ​കു​ന്നു.

ചരി​ത്ര​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വിനാ​ശ​കാ​രി​ക​ളായ സുനാ​മി​ക​ളു​ടെ ശൃംഖ​ല​ക​ളി​ലൊ​ന്നു രൂപം കൊണ്ടത്‌ 1883 ആഗസ്റ്റിൽ ഇന്തൊ​നീ​ഷ്യ​യി​ലെ ക്രാക്ക​റ്റോവ എന്ന അഗ്നിപർവതം പൊട്ടി​ത്തെ​റി​ച്ചതു നിമി​ത്ത​മാണ്‌. ഇതിന്റെ ഫലമാ​യു​ണ്ടായ തിരമാ​ലകൾ സമു​ദ്ര​നി​ര​പ്പിൽ നിന്നു 41 മീറ്റർ ഉയരത്തിൽ പൊങ്ങു​ക​യും 300 കടലോര പട്ടണങ്ങ​ളെ​യും ഗ്രാമ​ങ്ങ​ളെ​യും തുടച്ചു നീക്കു​ക​യും ചെയ്‌തു. മരണസം​ഖ്യ 40,000 കവിഞ്ഞി​രി​ക്കാ​നാ​ണു സാധ്യത.

സുനാ​മി​യു​ടെ ഇരട്ട സ്വഭാവം

കാറ്റിന്റെ പ്രേര​ണ​കൊണ്ട്‌ ഉണ്ടാകുന്ന തിരമാ​ലകൾ ഒരിക്ക​ലും മണിക്കൂ​റിൽ 100 കിലോ​മീ​റ്റ​റിൽ കൂടുതൽ വേഗത്തിൽ സഞ്ചരി​ക്കു​ക​യില്ല. സാധാ​ര​ണ​മാ​യി, അവ വളരെ വേഗം കുറഞ്ഞ​വ​യാണ്‌. “നേരെ മറിച്ച്‌, സുനാമി തിരമാ​ല​കൾക്ക്‌ ഒരു ജെറ്റ്‌ വിമാ​ന​ത്തി​ന്റെ വേഗത്തിൽ—മണിക്കൂ​റിൽ 800 കിലോ​മീ​റ്റ​റോ അതിൽ കൂടു​ത​ലോ വേഗത്തിൽ—ആഴമേ​റിയ സമു​ദ്ര​ഭാ​ഗത്തു കൂടെ സഞ്ചരി​ക്കാൻ കഴിയും” എന്ന്‌ സുനാമി! എന്ന പുസ്‌തകം പറയുന്നു. എന്നാൽ, ഇത്ര​യേറെ വേഗത ഉണ്ടെങ്കി​ലും ആഴക്കട​ലിൽ അവ അപകട​കാ​രി​കളല്ല. എന്തു​കൊണ്ട്‌?

ഒന്നാമത്തെ കാരണം, ആഴക്കട​ലിൽ ഒരു ഒറ്റത്തി​ര​മാ​ല​യ്‌ക്ക്‌ സാധാ​ര​ണ​മാ​യി 3 മീറ്ററിൽ താഴെ ഉയരമേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ എന്നതാണ്‌. തിരമാ​ല​യു​ടെ വരമ്പുകൾ തമ്മിലുള്ള അകലം നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ ആയിരു​ന്നേ​ക്കാം എന്നതു​കൊണ്ട്‌ അവയ്‌ക്കു നല്ല ചെരിവു ലഭിക്കു​ന്നു എന്നതാണ്‌ രണ്ടാമത്തെ കാരണം. അതു​കൊണ്ട്‌, സുനാ​മി​കൾക്ക്‌ ആരു​ടെ​യും ശ്രദ്ധയിൽ പെടാതെ തന്നെ കപ്പലു​ക​ളു​ടെ അടിയി​ലൂ​ടെ കടന്നു പോകാൻ കഴിയും. ഹവായ്‌ ദ്വീപു​ക​ളി​ലൊ​ന്നി​ന്റെ തീരത്തു​നിന്ന്‌ ദൂരെ​യാ​യി​രുന്ന ഒരു കപ്പലിന്റെ കപ്പിത്താന്‌, കൂറ്റൻ തിരമാ​ലകൾ തീരം തകർത്തു തരിപ്പ​ണ​മാ​ക്കു​ന്നതു കണ്ടപ്പോൾ മാത്രമേ അതു വഴി ഒരു സുനാമി കടന്നു പോയി​രു​ന്നു എന്നു മനസ്സി​ലാ​യു​ള്ളൂ. കുറഞ്ഞ​പക്ഷം 180 മീറ്റർ ആഴമുള്ള ഭാഗത്തേ കപ്പലുകൾ ഇറക്കാൻ പാടുള്ളൂ എന്നത്‌ കടലിൽ ബാധക​മാ​യി​രി​ക്കുന്ന പൊതു​വായ ഒരു സുരക്ഷാ​നി​യമം ആണ്‌.

കരയോട്‌ അടുക്കു​മ്പോ​ഴും ജലത്തിൽ ആഴം കുറഞ്ഞ ഭാഗത്തു കൂടെ സഞ്ചരി​ക്കു​മ്പോ​ഴും സുനാ​മി​ക​ളു​ടെ സ്വഭാവം മാറുന്നു. കടൽത്ത​റ​യു​മാ​യു​ണ്ടാ​കുന്ന ഘർഷണം മൂലം തിരമാ​ല​യു​ടെ വേഗം കുറയു​ന്നു, എന്നാൽ ഒരേ രീതി​യിൽ അല്ല ഇതു സംഭവി​ക്കു​ന്നത്‌. തിരമാ​ല​യു​ടെ പിൻഭാ​ഗം എപ്പോ​ഴും മുൻഭാ​ഗത്തെ അപേക്ഷിച്ച്‌ ആഴം കൂടിയ ഭാഗത്ത്‌ ആയിരി​ക്കു​ന്ന​തി​നാൽ പിൻഭാ​ഗം അൽപ്പം കൂടുതൽ വേഗത്തിൽ സഞ്ചരി​ക്കു​ന്നു. ഫലത്തിൽ, തിരമാ​ല​യ്‌ക്ക്‌ മർദം അനുഭ​വ​പ്പെ​ടു​ക​യും അങ്ങനെ അതിന്റെ വേഗം കുറഞ്ഞ ഭാഗത്തി​ന്റെ ഉയരം വർധി​ക്കു​ക​യും ചെയ്യുന്നു. അതേസ​മയം ഒന്നിനു പിറകെ ഒന്നായി വരുന്ന തിരമാ​ല​ക്കൂ​ട്ടങ്ങൾ അതി​വേഗം സഞ്ചരിച്ച്‌ മുൻഭാ​ഗ​ത്തുള്ള തിരമാ​ല​ക​ളോ​ടു ചേരുന്നു.

അവസാ​ന​ഘ​ട്ട​ത്തിൽ സുനാ​മി​കൾ, ഒന്നുകിൽ ഛിന്നഭി​ന്ന​മാ​കുന്ന തിരയാ​യി അല്ലെങ്കിൽ വേലി​യേ​റ്റ​ഭി​ത്തി എന്നു വിളി​ക്കുന്ന ഒരു ജലമതി​ലാ​യി തീരത്തി​ന്റെ ഒരു ഭാഗത്തു പതിക്കു​ന്നു. എന്നാൽ ഇവ സാധാ​ര​ണ​മാ​യുള്ള ഉയർന്ന ജലരേ​ഖ​യെ​ക്കാൾ ഉയരത്തിൽ അതി​വേഗം പൊങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു വേലി​യേറ്റ പ്രവാഹം പോലെ തീരത്തു വന്നു ചേരു​ന്ന​താ​യി പൊതു​വെ കാണ​പ്പെ​ടു​ന്നു. സുനാ​മി​ക​ളു​ണ്ടാ​കു​മ്പോൾ വെള്ളം സമു​ദ്ര​നി​ര​പ്പി​നെ​ക്കാൾ 50 മീറ്ററി​ലേറെ ഉയരത്തിൽ പൊങ്ങു​ക​യും മാർഗ​മ​ധ്യേ ഉള്ള സകലതും തുടച്ചു നീക്കു​ക​യും പാറക്ക​ഷ​ണങ്ങൾ, മത്സ്യങ്ങൾ, പവിഴങ്ങൾ മുതലാ​യ​വയെ ആയിര​ക്ക​ണ​ക്കി​നു മീറ്റർ കരയി​ലേക്ക്‌ അടിച്ചു കയറ്റു​ക​യും ചെയ്യു​ന്ന​താ​യി കണ്ടെത്തി​യി​ട്ടുണ്ട്‌.

കരയെ ലക്ഷ്യമാ​ക്കി വരുന്ന, വലുതാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു തിരമാ​ല​യു​ടെ അഥവാ വീർപ്പി​ന്റെ രൂപത്തിൽ ആയിരി​ക്കും എല്ലായ്‌പോ​ഴും സുനാമി പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌ എന്നു തെറ്റി​ദ്ധ​രി​ക്ക​രുത്‌. ചില​പ്പോൾ, കടൽക്ക​ര​ക​ളി​ലെ​യും ഉൾക്കട​ലു​ക​ളി​ലെ​യും തുറമു​ഖ​ങ്ങ​ളി​ലെ​യും വെള്ളം അപ്പാടെ വറ്റിക്കു​ക​യും അവി​ടെ​യുള്ള മത്സ്യങ്ങൾ മണലി​ലും ചെളി​യി​ലും കിടന്നു പിടഞ്ഞു ചാകാൻ ഇടയാ​ക്കു​ക​യും ചെയ്യുന്ന ഒരു അസാധാ​രണ വേലി​യി​റ​ക്ക​ത്തി​ന്റെ രൂപത്തി​ലാ​യി​രി​ക്കാം അത്‌ രംഗ​പ്ര​വേശം ചെയ്യു​ന്നത്‌. ഇതിൽ ഏതു രൂപത്തി​ലാ​ണു സുനാമി എത്തുക എന്നത്‌ കൂട്ടമാ​യി വരുന്ന തിരമാ​ല​ക​ളു​ടെ മേൽഭാ​ഗ​മാ​ണോ കീഴ്‌ഭാ​ഗ​മാ​ണോ ആദ്യം കരയി​ലെ​ത്തു​ന്നത്‌ എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. a

കടൽത്തീ​രം വറ്റി വരളു​മ്പോൾ

1837 നവംബർ 7. ഹവായി​യൻ ദ്വീപായ മാവു​യി​യിൽ അന്നൊരു പ്രശാ​ന്ത​മായ സായാ​ഹ്ന​മാ​യി​രു​ന്നു. സുനാമി! എന്ന പുസ്‌തകം വിശദീ​ക​രി​ക്കുന്ന പ്രകാരം, അന്നു വൈകു​ന്നേരം ഏഴു മണി​യോ​ടെ കടൽക്ക​ര​യിൽ നിന്നു വെള്ളം ഇറങ്ങാൻ തുടങ്ങി. കരയിൽ പവിഴ​പ്പു​റ്റു​ക​ളും മത്സ്യങ്ങ​ളും അവശേ​ഷി​ച്ചി​രു​ന്നു. ആവേശ​ഭ​രി​ത​രായ ദ്വീപ​വാ​സി​ക​ളിൽ അനേക​രും മീൻപി​ടി​ക്കാ​നാ​യി കടൽക്ക​ര​യി​ലേക്കു കുതിച്ചു. എന്നാൽ, ജാഗരൂ​ക​രാ​യി​രുന്ന ചുരുക്കം ചിലർ ഉയർന്ന സ്ഥലങ്ങളെ ലക്ഷ്യം വെച്ച്‌ ഓടി. എന്താണ്‌ സംഭവി​ക്കാൻ പോകു​ന്നത്‌ എന്ന്‌ മുൻകാല അനുഭ​വ​ങ്ങ​ളിൽനിന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. പൊടു​ന്നനെ ഒരു പടുകൂ​റ്റൻ തിരമാല ആഞ്ഞടി​ക്കു​ക​യും 26 പുൽവീ​ടു​ക​ളുള്ള ആ ഗ്രാമത്തെ മുഴു​വ​നാ​യി, അതിലെ നിവാ​സി​ക​ളെ​യും വളർത്തു​മൃ​ഗ​ങ്ങ​ളെ​യും സഹിതം, അവി​ടെ​നിന്ന്‌ 200 മീറ്റർ ഉള്ളി​ലേക്ക്‌ അടിച്ചു​കൊ​ണ്ടു​പോ​യി ഒരു ചെറു​ത​ടാ​ക​ത്തിൽ തള്ളുക​യും ചെയ്‌തു.

അതേ സായാ​ഹ്ന​ത്തിൽ തന്നെ മറ്റൊരു ദ്വീപിൽ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ ഒരു മതയോ​ഗ​ത്തി​നാ​യി കടൽക്ക​ര​യിൽ സമ്മേളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഒരിക്കൽക്കൂ​ടി, വെള്ളത്തി​ന്റെ പെട്ടെ​ന്നു​ണ്ടായ പിൻവാ​ങ്ങ​ലിൽ ജിജ്ഞാ​സു​ക്ക​ളായ ഹവായ്‌ നിവാ​സി​കൾ കൂട്ട​ത്തോ​ടെ കടൽക്ക​ര​യി​ലേക്കു കുതിച്ചു. പൊടു​ന്നനെ, എവി​ടെ​നി​ന്നോ, ഭീമാ​കാ​ര​മായ ഒരു തിരമാല സാധാ​ര​ണ​മാ​യുള്ള ഉയർന്ന ജലരേ​ഖ​യെ​ക്കാൾ 6 മീറ്റർ ഉയരത്തിൽ, “ഒരു പന്തയക്കു​തി​ര​യു​ടെ വേഗത്തിൽ” കരയി​ലേക്ക്‌ ആഞ്ഞടിച്ചു എന്ന്‌ ഒരു ദൃക്‌സാ​ക്ഷി പറയുന്നു. പിൻവാ​ങ്ങിയ വെള്ളം വിദഗ്‌ധ​രായ നീന്തൽക്കാ​രെ പോലും കടലി​ലേക്ക്‌ അടിച്ചു​കൊ​ണ്ടു പോയി, തളർന്ന​വ​ശ​രായ അവരിൽ ചിലർ മുങ്ങി​മ​രി​ച്ചു.

ആക്രമണം എത്ര കൂടെ​ക്കൂ​ടെ?

“1990 മുതൽ, 10 സുനാ​മി​കൾ 4,000-ത്തിലധി​കം ആളുകൾക്ക്‌ ജീവഹാ​നി വരുത്തി​യി​രി​ക്കു​ന്നു. ഈ കാലയ​ള​വിൽ ലോക​മെ​മ്പാ​ടു​മാ​യി മൊത്തം 82 സുനാ​മി​ക​ളാ​ണു രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടത്‌. ഒരു ദശാബ്ദ​ത്തിൽ 57 എന്ന ശരാശ​രി​യെ​ക്കാൾ വളരെ കൂടു​ത​ലാണ്‌ ഇത്‌” എന്ന്‌ സയന്റി​ഫിക്‌ അമേരി​ക്കൻ പറയുന്നു. എന്നിരു​ന്നാ​ലും, ഈ വർധനവ്‌ രേഖ​പ്പെ​ടു​ത്താൻ കഴിഞ്ഞതു മുഖ്യ​മാ​യും, മെച്ചപ്പെട്ട വാർത്താ​വി​നി​മയ സംവി​ധാ​ന​ങ്ങ​ളു​ടെ ഫലമാ​ണെ​ന്നും ഉയർന്ന മരണനി​ര​ക്കി​നു കാരണം തീര​ദേ​ശത്തെ ജനസം​ഖ്യ​യി​ലു​ണ്ടായ വർധന​വാ​ണെ​ന്നും പ്രസ്‌തുത മാസിക കൂട്ടി​ച്ചേർക്കു​ന്നു.

സുനാ​മി​കൾക്ക്‌ വിശേ​ഷാൽ പേരു കേട്ടതാണ്‌ പസിഫിക്‌ സമുദ്രം. കാരണം അതിന്റെ അടിത്ത​റ​യിൽ ഭൂചല​നങ്ങൾ ഉണ്ടാകുക സാധാ​ര​ണ​മാണ്‌. വാസ്‌ത​വ​ത്തിൽ, “പസിഫിക്‌ സമു​ദ്ര​ത്തി​ന്റെ ഏതെങ്കി​ലു​മൊ​രു ഭാഗത്ത്‌ വിനാ​ശ​കാ​രി​യായ ഒരു സുനാ​മി​യെ​ങ്കി​ലും ഉണ്ടാകാത്ത ഒരു വർഷം പോലു​മില്ല. കഴിഞ്ഞ 50 വർഷത്തിൽ, ഐക്യ​നാ​ടു​ക​ളിൽ ഭൂകമ്പ​വു​മാ​യി ബന്ധപ്പെ​ട്ടു​ണ്ടായ മരണങ്ങ​ളിൽ 62 ശതമാ​ന​ത്തി​നും കാരണം സുനാ​മി​ക​ളാണ്‌” എന്ന്‌ ഒരു പരാമർശ ഗ്രന്ഥം പറയുന്നു.

പ്രവചി​ക്കാ​നാ​കു​മോ?

ഹവായി​യിൽ, 1948-നും 1998-നും ഇടയ്‌ക്ക്‌ സുനാ​മി​ക​ളെ​ക്കു​റി​ച്ചു നൽകപ്പെട്ട മുന്നറി​യി​പ്പു​ക​ളിൽ ഏതാണ്ട്‌ 75 ശതമാ​ന​വും വ്യാജ​മാ​ണെന്നു തെളിഞ്ഞു. ഇത്തര​മൊ​രു രേഖ ആളുകൾ മുന്നറി​യിപ്പ്‌ അവഗണി​ക്കാ​നുള്ള സാധ്യത വർധി​പ്പി​ക്കും എന്നത്‌ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. എന്നാൽ ഇപ്പോൾ, ഇവയുടെ സാന്നി​ധ്യം തിരി​ച്ച​റി​യാ​നുള്ള കൂടുതൽ മെച്ചപ്പെട്ട ഒരു സംവി​ധാ​നം ആധുനിക സാങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​ത്തോ​ടെ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. ഇതിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌ ആഴിത്ത​ട്ടി​ലെ മർദം രേഖ​പ്പെ​ടു​ത്തുന്ന ഉപകരണം (bottom pressure recorder) ആണ്‌. പേര്‌ സൂചി​പ്പി​ക്കു​ന്നതു പോലെ തന്നെ അത്‌ ആയിര​ക്ക​ണ​ക്കി​നു മീറ്റർ താഴെ, സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലാ​ണു സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌.

ഉയർന്ന സംവേ​ദ​ക​ത്വ​മുള്ള ഈ ഉപകരണം ഒരു സുനാമി കടന്നു പോകു​മ്പോൾ ജലത്തി​ലു​ണ്ടാ​കുന്ന മർദവ്യ​തി​യാ​നം—ഒരു സെന്റി​മീ​റ്റ​റിൽ കവിയാ​ത്തതു പോലും—രേഖ​പ്പെ​ടു​ത്താൻ പര്യാ​പ്‌ത​മാണ്‌. ആഴിത്ത​ട്ടി​ലെ മർദം രേഖ​പ്പെ​ടു​ത്തുന്ന ഉപകരണം, ശബ്ദതരം​ഗ​ങ്ങ​ളു​ടെ സഹായ​ത്താൽ സമു​ദ്രോ​പ​രി​ത​ല​ത്തിൽ പൊങ്ങി​ക്കി​ട​ക്കുന്ന ഒരു വിവര​ശേ​ഖ​ര​ണോ​പാ​ധി​യി​ലേക്ക്‌ (buoy) വിവരങ്ങൾ സം​പ്രേ​ഷണം ചെയ്യുന്നു. അവിടെ നിന്ന്‌ ഈ വിവരങ്ങൾ ഉപഗ്ര​ഹ​ത്തി​ലേക്ക്‌ അയയ്‌ക്ക​പ്പെ​ടു​ന്നു. ഉപഗ്രഹം സുനാമി മുന്നറി​യി​പ്പു കേന്ദ്ര​ത്തി​ലേക്ക്‌ സിഗ്നൽ അയയ്‌ക്കു​ന്നു. കൂടുതൽ കൃത്യ​ത​യുള്ള ഈ മുന്നറി​യി​പ്പു സംവി​ധാ​നം തെറ്റായ പ്രവച​ന​ങ്ങ​ളു​ടെ എണ്ണം കുറയ്‌ക്കും എന്ന്‌ ശാസ്‌ത്രജ്ഞർ ഉറച്ചു വിശ്വ​സി​ക്കു​ന്നു.

സുരക്ഷി​ത​ത്വം വർധി​പ്പി​ക്കുന്ന ഘടകങ്ങ​ളിൽ ഒരുപക്ഷേ ഏറ്റവും പ്രധാ​ന​പ്പെട്ടവ പൊതു​ജന ബോധ​വ​ത്‌ക​ര​ണ​വും വിദ്യാ​ഭ്യാ​സ​വു​മാണ്‌. ആളുകൾ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ ഏറ്റവും മെച്ചപ്പെട്ട മുന്നറി​യി​പ്പു സംവി​ധാ​നം​കൊ​ണ്ടു പോലും ഫലം ഉണ്ടായി​രി​ക്കു​ക​യില്ല. സുനാ​മി​ക​ളു​ടെ ആക്രമണം ഉണ്ടാകാൻ സാധ്യ​ത​യുള്ള താഴ്‌ന്ന ഒരു തീര​പ്ര​ദേ​ശ​ത്താ​ണു നിങ്ങൾ വസിക്കു​ന്ന​തെ​ങ്കിൽ, പ്രാ​ദേ​ശിക അധികാ​രി​കൾ സുനാ​മി​യെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകു​മ്പോ​ഴോ ഒരു ഭൂചലനം അനുഭ​വ​പ്പെ​ടു​മ്പോ​ഴോ അല്ലെങ്കിൽ പതിവി​നു വിപരീ​ത​മാ​യി ഒരു വേലി​യി​റക്കം കാണു​മ്പോ​ഴോ പെട്ടെന്നു തന്നെ ഒരു ഉയർന്ന പ്രദേ​ശ​ത്തേക്കു പോകുക. ഈ കാര്യം മനസ്സിൽപ്പി​ടി​ക്കുക: ആഴക്കട​ലിൽ സുനാ​മി​കൾക്ക്‌ ഒരു ജെറ്റ്‌ വിമാ​ന​ത്തി​ന്റെ വേഗത്തിൽ സഞ്ചരി​ക്കാൻ കഴിയും, കരയോ​ട​ടു​ക്കു​മ്പോ​ഴും അവ അതി​വേ​ഗ​ത്തി​ലാണ്‌ സഞ്ചരി​ക്കു​ന്നത്‌. അതു​കൊണ്ട്‌, സുനാമി തിരമാല ആഞ്ഞടി​ക്കു​മ്പോൾ നിങ്ങൾക്ക്‌ അതിന്റെ മുമ്പിൽ കയറുക സാധ്യമല്ല. അതേസ​മയം, നിങ്ങൾ ഒരു കപ്പൽ സവാരി​യി​ലോ മത്സ്യബ​ന്ധ​ന​ത്തി​ലോ ഏർപ്പെ​ട്ടു​കൊണ്ട്‌ പുറങ്ക​ട​ലിൽ ആയിരി​ക്കു​മ്പോ​ഴാണ്‌ ഒരു സുനാമി ഉണ്ടാകു​ന്ന​തെ​ങ്കിൽ നിങ്ങൾക്ക്‌ ആശ്വസി​ക്കാൻ വകയുണ്ട്‌. മേശപ്പു​റത്തു വെച്ചി​രി​ക്കുന്ന ഒരു കപ്പു കാപ്പി​യോ ഒരു ഗ്ലാസ്സ്‌ വൈനോ ഒന്നു തുളു​മ്പു​ക​പോ​ലും ചെയ്‌തെന്നു വരില്ല. (g01 2/08)

[അടിക്കു​റിപ്പ്‌]

a ഡിസ്‌കവർ മാഗസിൻ പറയുന്ന പ്രകാരം, എല്ലാ തിരമാ​ല​ക​ളു​ടെ​യും ഉള്ളിലുള്ള ആയതവൃ​ത്ത​രൂ​പ​ത്തി​ലുള്ള ചലനം (elliptic motion) വെള്ളം കരയിൽ നിന്നു പിൻവാ​ങ്ങാ​നുള്ള ഒരു ഘടകം ആണ്‌. സമു​ദ്ര​ത്തിൽ നീന്തി​ക്കൊ​ണ്ടി​രി​ക്കുന്ന ആളുകൾക്ക്‌ ഒരു തിരമാല തങ്ങളുടെ അടുക്കൽ എത്തുന്ന​തി​നു മുമ്പായി വെള്ളത്തിൽ ബാഹ്യ​മായ ഒരു വലിവ്‌ ഉണ്ടാകു​ന്ന​താ​യി അനുഭ​വ​പ്പെ​ടാ​റുണ്ട്‌. സുനാ​മി​ക​ളു​ടെ കാര്യ​ത്തിൽ ഈ പ്രഭാവം വളരെ ശക്തമാണ്‌. ഇതുത​ന്നെ​യാണ്‌ സുനാ​മി​യു​ടെ ആദ്യ തിരമാല ഉണ്ടാകു​ന്ന​തി​നു മുമ്പായി കടൽക്ക​ര​ക​ളി​ലും തുറമു​ഖ​ങ്ങ​ളി​ലു​മുള്ള വെള്ളം പിൻവാ​ങ്ങു​ന്ന​തി​ന്റെ പിന്നിലെ ഒരു കാരണം.

[21-ാം പേജിലെ രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ആഴിത്തട്ടിലുണ്ടാകുന്ന ഭൂകമ്പ​ത്തി​ന്റെ ഫലമാ​യാണ്‌ സാധാ​ര​ണ​മാ​യി സുനാ​മി​കൾ രൂപം കൊള്ളു​ന്നത്‌

സ്ഥാനഭ്രംശം സംഭവിച്ച ഭൂഗർഭ ശിലാ​പാ​ളി

രൂപം കൊള്ളൽ

വ്യാപിക്കൽ

വെള്ളപ്പൊക്കം

[23-ാം പേജിലെ രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഉപഗ്രഹ ശൃംഖല

5,000 മീറ്റർ

വിവരശേഖരണോപാധി

ഹൈഡ്രോഫോൺ

ശബ്ദതരംഗങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള പ്രവർത്തന ശൃംഖല

സുനാമി ഡിറ്റക്‌റ്റർ

നങ്കൂരം

[കടപ്പാട്‌]

Karen Birchfield/NOAA/Pacific Marine Environmental Laboratory

[21-ാം പേജിലെ ചിത്രങ്ങൾ]

ആഴക്കടലിലെ പ്രവർത്ത​നങ്ങൾ കണ്ടുപി​ടി​ക്കാ​നുള്ള ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌ നൂതന സാങ്കേ​തി​ക​വി​ദ്യ സുനാ​മി​ക​ളെ​ക്കു​റിച്ച്‌ പ്രവചി​ക്കാൻ ശ്രമി​ക്കു​ന്നു

സുനാമിയുടെ ഫലമായി ഒരു ചക്രത്തിൽ തറഞ്ഞു​ക​യ​റിയ മരക്കഷണം

[കടപ്പാട്‌]

U.S. Geological Survey

[22-ാം പേജിലെ ചിത്രങ്ങൾ]

അലാസ്‌കയിലെ സ്‌കോച്ച്‌ ക്യാപ്പ്‌ ലൈറ്റ്‌ഹൗസ്‌ 1946-ലെ സുനാമി ആക്രമ​ണ​ത്തി​നു മുമ്പ്‌ (ഇടത്ത്‌)

അതിനു ശേഷം സമ്പൂർണ​മാ​യി നശിപ്പി​ക്ക​പ്പെട്ട അവസ്ഥയിൽ (മുകളിൽ)

[കടപ്പാട്‌]

U.S. Coast Guard photo

[22-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

U.S. Department of the Interior