ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഞങ്ങളുടെ വായനക്കാരിൽ നിന്ന്
അനക്കൊണ്ടകൾ അനക്കൊണ്ടകൾ ഉള്ള ഒരു പ്രദേശത്താണ് ഞാൻ താമസിക്കുന്നത്. ഈ പാമ്പുകളെക്കുറിച്ച് പല കഥകളും ആളുകൾ മിക്കപ്പോഴും പറയാറുണ്ടെങ്കിലും, അതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്നെനിക്ക് നിശ്ചയമില്ലായിരുന്നു. “അനക്കൊണ്ടകൾ—അവ ചില രഹസ്യങ്ങൾ ‘പൊഴിക്കു’ന്നുവോ?” (മേയ് 22, 2000) എന്ന നിങ്ങളുടെ ലേഖനം സങ്കൽപ്പവും യാഥാർഥ്യവും വേർതിരിച്ചറിയാൻ എന്നെ സഹായിച്ചു. വിസ്മയകരമായ ഈ സൃഷ്ടിയെ സംബന്ധിച്ച എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിൽ ഉണ്ടായിരുന്നു.
ജെ.എസ്.പി., ബ്രസീൽ (g01 2/08)
ഗ്രീക്ക് തീയേറ്റർ “നൂറ്റാണ്ടുകളെ അതിജീവിച്ച എപ്പിഡൊറസ് തീയേറ്റർ” (ജൂൺ 8, 2000) എന്ന നിങ്ങളുടെ ലേഖനത്തെ ഞാൻ എത്രമാത്രം വിലമതിച്ചെന്ന് പറയാൻ എനിക്കു വാക്കുകളില്ല. ഞാൻ പ്രതീക്ഷിച്ചിരുന്നതുപോലെ, ചിന്തോദ്ദീപകമായ ഒരു ലേഖനമായിരുന്നു അത്. എന്നിരുന്നാലും, ആത്മീയമായി ഇത്ര രസകരമായ വിവരങ്ങളും കൂടി അതിൽ ഉണ്ടാവുമെന്നു ഞാൻ കരുതിയതേയില്ല.
കെ. എസ്., ഐക്യനാടുകൾ (g01 2/08)
ടൈ “ടൈ—കാലം വരുത്തിയ മാറ്റങ്ങൾ” (ജൂൺ 8, 2000) എന്ന രസകരമായ ലേഖനത്തോടു വിലമതിപ്പ് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മൂന്നു കുട്ടികളുടെ മാതാവാണ്. ഞാൻ എന്റെ കുട്ടികളെ യഹോവയെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു. എന്റെ മൂത്ത മകന് 13 വയസ്സുണ്ട്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിയമനങ്ങൾ നിർവഹിക്കാനായി ടൈ എങ്ങനെയാണു കെട്ടുന്നതെന്ന് എനിക്കോ അവനോ അറിയില്ലായിരുന്നു. എന്റെ അവിശ്വാസിയായ ഭർത്താവാകട്ടെ, ഒരിക്കലും ടൈ ധരിച്ചിട്ടുമില്ല. ടൈ എങ്ങനെ കെട്ടാം എന്നു വളരെ ലളിതമായ രീതിയിൽ വിവരിച്ചുതന്നതിനു നന്ദി.
എം. ബി., ഐക്യനാടുകൾ
എനിക്കു 11 വയസ്സുണ്ട്. വിചിത്രമെന്നു തോന്നിയേക്കാമെങ്കിലും, ആ ചിത്രങ്ങൾ ടൈ എങ്ങനെ കെട്ടാം എന്ന് അവസാനം എന്നെ പഠിപ്പിച്ചു. ഇനി, അലമാരയിലിരിക്കുന്ന എന്റെ ടൈ എല്ലാം എനിക്കുപയോഗിക്കാം!
എ. പി., ഇറ്റലി (g01 2/22)
പരിണാമം പരിണാമത്തെ സംബന്ധിച്ച സത്യസന്ധമായ ഒരു വാദപ്രതിവാദത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ചില ആശയങ്ങൾ “പരിണാമം യുക്തിസഹമോ?” എന്ന നിങ്ങളുടെ ലേഖനം (ജൂൺ 8, 2000) അവതരിപ്പിക്കുകയുണ്ടായി. അത് ഇപ്രകാരം പ്രസ്താവിക്കുന്നു: “മനുഷ്യന് പിടികിട്ടാത്തത്ര സങ്കീർണമായ ഒരു നിർമാണവിദ്യ എട്ടുകാലി [പരിണാമ പ്രക്രിയയിലൂടെ] വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നു പറയുന്നത് വിശ്വസനീയമായി തോന്നുന്നുണ്ടോ?” എന്തുകൊണ്ടു വിശ്വസനീയമായി തോന്നിക്കൂടാ? എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള അറിവ് ശാസ്ത്രജ്ഞർക്കുണ്ടായിക്കൊള്ളണം എന്നില്ലല്ലോ.
സി. ഡബ്ല്യൂ., ഓസ്ട്രേലിയ
എട്ടുകാലിയുടെ പട്ടുനൂൽ നിർമാണത്തിൽ അവിശ്വസനീയമാം വിധം സങ്കീർണമായ പല പ്രക്രിയകളും ഉൾപ്പെടുന്നുണ്ട്. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങൾക്കു ശേഷവും ശാസ്ത്രജ്ഞർക്ക് അവ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എങ്കിലും, അതെല്ലാം പരിണാമത്തിന്റെ ഫലമാണ് എന്ന് അവർ തറപ്പിച്ചു പറയുന്നു. ഇതും മറ്റനേകം ഉദാഹരണങ്ങളും പരിണാമസിദ്ധാന്തത്തിന്റെ യുക്തിയില്ലായ്മയെ തെളിയിക്കുന്നു എന്നും അതിലുള്ള വിശ്വാസം ശാസ്ത്രീയ തെളിവുകളിൽ അധിഷ്ഠിതമായിരിക്കുന്നതിനു പകരം കേവലവിശ്വാസം മാത്രമാണെന്നും ഞങ്ങൾ കരുതുന്നു.—പത്രാധിപർ
പരിണാമം യുക്തിസഹമാണ് എന്ന വാദത്തെ ശക്തമായി എതിർക്കാൻ പറ്റിയതെന്ന് എനിക്കു തോന്നിയിട്ടുള്ള ഒരു ആശയത്തെക്കുറിച്ച് ഞാൻ ഇതുവരെയും ഒരിടത്തും വായിച്ചിട്ടില്ല. ആ ആശയം ഇതാണ്: നമ്മുടെ പൂർവികർ (അവർ എന്തുതന്നെ ആണെന്ന് ആളുകൾ കരുതിയാലും) വിഭജിക്കപ്പെടുകയും രണ്ടു വ്യത്യസ്ത ലിംഗവർഗത്തിൽപ്പെട്ടവരായി തീരുകയും ചെയ്തതെങ്ങനെ? അതു കോടിക്കണക്കിനു വർഷങ്ങൾകൊണ്ടു സംഭവിച്ചതാണെന്നു പറഞ്ഞാൽ തൃപ്തികരമായ വിശദീകരണം ആകുന്നില്ല. കാരണം, പെൺവർഗത്തിൽപ്പെട്ട ഒരു ജീവി ക്രമേണ ഗർഭം ധരിക്കുക എന്നത് സാധ്യമല്ലല്ലോ.
എച്ച്. ആർ., ഐക്യനാടുകൾ
വളരെ യുക്തിസഹമായ ഒരു ആശയമാണ് വായനക്കാരൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതേ ആശയം മേയ് 8, 1997 ലക്കത്തിലെ “പരിണാമത്തിന് അടിത്തറ ഇല്ലെന്നോ?” എന്ന ഞങ്ങളുടെ ലേഖനത്തിൽ അവതരിപ്പിച്ചിരുന്നു. അത് ഇങ്ങനെ പ്രസ്താവിച്ചു: “പുതിയ വർഗങ്ങൾ ഉളവാകേണ്ടതിന് പരിണാമം യാദൃച്ഛികമായി ആണിനെയും പെണ്ണിനെയും ഒരേസമയത്ത് ഉളവാക്കിയെന്നു നാം വിശ്വസിക്കണമത്രേ. അതിലും അസാധ്യമായ മറ്റൊന്ന്. ആണും പെണ്ണും ഒരേസമയത്തു മാത്രമല്ല ഒരേസ്ഥലത്തുതന്നെ പരിണമിച്ചുണ്ടായെന്നു നമ്മൾ വിശ്വസിക്കേണ്ടിയിരിക്കുന്നു! അവർ ഈ വിധത്തിൽ ഒത്തു ചേർന്നില്ലായിരുന്നെങ്കിൽ സന്താനോത്പാദനം നടക്കുകയില്ലായിരുന്നു!”—പത്രാധിപർ (g01 2/22)