നിങ്ങളുടെ ആരോഗ്യത്തിന്റെ കാവൽഭടന്മാർ
നിങ്ങളുടെ ആരോഗ്യത്തിന്റെ കാവൽഭടന്മാർ
“മാഡം, നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥ തകരാറിലാണല്ലോ,” രക്തപരിശോധനയുടെ ഫലങ്ങളിൽ കണ്ണോടിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. വേറോനിക്കായ്ക്ക് കുറച്ചു നാളായി നല്ല സുഖമില്ലായിരുന്നു. ആവർത്തിച്ചുണ്ടായ ശ്വാസനാളവീക്കം (bronchitis) അവരുടെ ആരോഗ്യം ക്ഷയിപ്പിച്ചിരുന്നു. മാത്രമല്ല, ആയിടെ അവർക്ക് ചെവിക്കുള്ളിൽ പഴുപ്പും സൈനസൈറ്റിസും ഉണ്ടാകുകയും ചെയ്തിരുന്നു.
രോഗപ്രതിരോധ വ്യവസ്ഥ എന്നാൽ എന്താണ്? അത് ഇത്രയേറെ പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ടാണ്? അതിന്റെ പ്രവർത്തനം എങ്ങനെയാണ്?
ആക്രമണത്തിൽനിന്ന് സംരക്ഷിക്കപ്പെടുന്നു
തന്മാത്രകളും പ്രത്യേക ധർമങ്ങൾ നിർവഹിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളും അടങ്ങിയ ഒരു സങ്കീർണ സംവിധാനമാണ് രോഗപ്രതിരോധ വ്യവസ്ഥ. രോഗബാധ ചെറുക്കുക എന്ന ലക്ഷ്യത്തിൽ ഇവ അങ്ങേയറ്റം സഹകരിച്ചു പ്രവർത്തിക്കുന്നു. ബാക്ടീരിയയും വൈറസുകളും പോലുള്ള ആക്രമണകാരികളിൽ നിന്നുള്ള സംരക്ഷണത്തിന് നാം നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെയാണ് ആശ്രയിക്കുന്നത്.
ഇതു വ്യക്തമാകുന്നതിന്, നമുക്ക് നമ്മുടെ ശരീരത്തെ പുരാതനകാലത്തെ ഒരു നഗരത്തോട് താരതമ്യപ്പെടുത്താൻ കഴിയും. പുരാതനകാലത്ത് നഗരങ്ങൾ കുന്നിൻ മുകളിലാണു സ്ഥാപിച്ചിരുന്നത്. ശത്രു സൈന്യങ്ങളെ ദൂരെനിന്നുതന്നെ കാണാൻ ഇതു സഹായിച്ചിരുന്നു. കൂടാതെ, മതിൽക്കെട്ടുകളാലും ഭടന്മാർ കാവൽനിൽക്കുന്ന കൂറ്റൻ വാതിലുകളാലും അവ സംരക്ഷിക്കപ്പെട്ടിരുന്നു. ഇത്തരം രക്ഷാസംവിധാനങ്ങൾ നഗരത്തെ ഒരു സുരക്ഷിത വാസസ്ഥാനമാക്കിത്തീർത്തു. മനുഷ്യശരീരത്തെ അത്തരമൊരു നഗരത്തോടു താരതമ്യം ചെയ്യുന്നെങ്കിൽ, അതിനെ ആക്രമണത്തിൽനിന്നു രക്ഷിക്കാൻ എന്താണ് ആവശ്യമായിരിക്കുന്നതെന്ന് മെച്ചമായി മനസ്സിലാക്കാൻ കഴിയും.
രോഗാണുക്കളുടെ ആക്രമണത്തെ ചെറുക്കുന്ന നമ്മുടെ ശരീരത്തിലെ ഒന്നാമത്തെ രക്ഷാസംവിധാനം ആയി വർത്തിക്കുന്നത് ത്വക്കും ശ്ലേഷ്മസ്തരങ്ങളും (ഉദാഹരണത്തിന്, നാസാരന്ധ്രങ്ങളുടെ ഉൾഭാഗത്തെയും തൊണ്ടയെയും ആവരണം ചെയ്യുന്നവ) ആണ്. നമ്മുടെ ത്വക്ക് പ്രധാനപ്പെട്ട ഒരു പ്രതിരോധ സംവിധാനമായി വർത്തിക്കുന്നു. ത്വക്കിന്റെ പുറംപാളികൾ പൊളിഞ്ഞുപോകുന്ന കൂട്ടത്തിൽ അതിന്റെ ഉപരിതലത്തിലുള്ള ശതകോടിക്കണക്കിന് രോഗാണുക്കളും നിർമാർജനം ചെയ്യപ്പെടുന്നു.
ശ്ലേഷ്മസ്തരങ്ങൾ ത്വക്കിന്റെയത്ര ഉറപ്പുള്ളതല്ല, ത്വക്കിനെ അപേക്ഷിച്ച് അത് ആക്രമണത്തിന് കൂടുതൽ വശംവദവുമാണ്. എന്നിരുന്നാലും, രോഗാണുക്കളെ ചെറുക്കാൻ കഴിവുള്ള പല പ്രകൃതിജന്യ പദാർഥങ്ങളും അവയിലുണ്ട്. അത്തരത്തിലുള്ള ഒരു പദാർഥമായ ലൈസോസൈം കണ്ണുനീർ, ഉമിനീർ, വിയർപ്പ് എന്നിവയിൽ അടങ്ങിയിട്ടുണ്ട്. പല രോഗാണുക്കളും പെരുകുന്നതു തടയാൻ വിയർപ്പിന്റെ അമ്ലത
മതിയെന്നിരിക്കെ, ലൈസോസൈം രോഗാണുക്കളുടെ കോശഭിത്തി തകർത്തുകൊണ്ട് അവയെ കൊല്ലുന്നു. മൃഗങ്ങൾക്ക് അവയുടെ മുറിവ് കേവലം നക്കിത്തുടച്ച് ഉണക്കാൻ കഴിയുന്നത് ഈ കാരണത്താലാണ്.പ്രധാന കാവൽഭടന്മാർ—ശ്വേതരക്താണുക്കൾ
എന്നാൽ, രോഗകാരികളായ ബാക്ടീരിയ മുറിവിലൂടെയോ സമ്പർക്കത്തിലൂടെയോ നമ്മുടെ “നഗര”ത്തിനുള്ളിൽ കയറിക്കൂടുന്നുവെന്നു സങ്കൽപ്പിക്കുക. കോശങ്ങളുടെ ഒരു സൈന്യം ഉടനടി കർമനിരതമാകുന്നു. ഈ കോശങ്ങൾക്കെല്ലാം ഒരേയൊരു ലക്ഷ്യമാണുള്ളത്—അതിക്രമിച്ചു കയറിയ രോഗാണുവിനെ തുരത്തുക, അങ്ങനെ രോഗസൗഖ്യം സാധ്യമാക്കുക. ഇങ്ങനെ രോഗബാധയിൽനിന്നു ശരീരത്തെ സംരക്ഷിക്കാൻ പടവെട്ടുന്ന കോശങ്ങളെ ലൂക്കോസൈറ്റുകൾ അഥവാ ശ്വേതരക്താണുക്കൾ എന്നാണു പറയുന്നത്. പോരാട്ടത്തിന്റെ ഈ ഘട്ടത്തിൽ പ്രധാനപ്പെട്ട മൂന്നു തരം ശ്വേതരക്താണുക്കളാണ് പ്രവർത്തനനിരതമാകുന്നത്. മോണോസൈറ്റുകൾ, ന്യൂട്രോഫിലുകൾ, ലിംഫോസൈറ്റുകൾ എന്നിവയാണവ.
ഒരു പ്രത്യേക മേഖലയിൽ, രോഗാണുക്കളുടെ ആക്രമണഫലമായി വീക്കം ഉണ്ടായിട്ടുണ്ടെന്നു സൂചിപ്പിക്കുന്ന രാസസംജ്ഞകൾ “കേൾക്കുമ്പോൾ” മോണോസൈറ്റുകൾ രക്തപ്രവാഹത്തിൽനിന്ന് അണുബാധിതമായ ശരീരകലയിലേക്ക് നുഴഞ്ഞുകയറുന്നു. അവിടെവെച്ച് അവ “വൻ തീറ്റക്കാർ” എന്നർഥമുള്ള ബൃഹദ്ഭക്ഷകജീവാണുക്കൾ (macrophages) ആയിത്തീരുകയും ശരീരത്തിന് അന്യമായ എല്ലാ വസ്തുക്കളെയും വിഴുങ്ങിക്കളയുകയും ചെയ്യുന്നു. ഇതിനു പുറമേ, അവ അണുബാധയെ ചെറുക്കാൻ ശരീരത്തെ സജ്ജമാക്കുന്ന സുപ്രധാന പദാർഥങ്ങളായ സൈറ്റോക്കൈനുകൾ സ്രവിപ്പിക്കുന്നു. സൈറ്റോക്കൈനുകളുടെ ധർമങ്ങളിലൊന്ന് പനി ഉളവാക്കുക എന്നതാണ്. പനി പ്രയോജനകരമായ ഒരു അവസ്ഥയാണ്. കാരണം, ശരീരത്തിനുള്ളിൽ പ്രവേശിച്ചിരിക്കുന്ന അണുക്കളോട് പ്രതിരോധ സംവിധാനം പൊരുതുകയാണ് എന്നതിന്റെ സൂചനയാണത്. അതിന് രോഗശമനം ത്വരിതപ്പെടുത്താനും രോഗനിർണയം നടത്താൻ സഹായിക്കുന്ന ഒരു ഘടകമായി വർത്തിക്കാനും കഴിയും.
അടുത്തതായി, ന്യൂട്രോഫിലുകൾ വീക്കം ബാധിച്ച മേഖലയിൽനിന്നുള്ള രാസസംജ്ഞ “കേൾക്കുകയും” ബൃഹദ്ഭക്ഷകജീവാണുക്കളെ സഹായിക്കാൻ അവിടേക്കു പായുകയും ചെയ്യുന്നു. അവയും ബാക്ടീരിയയെ വിഴുങ്ങുന്നു. ഈ ന്യൂട്രോഫിലുകൾ മൃതിയടയുമ്പോൾ, പഴുപ്പിന്റെ രൂപത്തിൽ ശരീരത്തിൽനിന്നു പുറന്തള്ളപ്പെടുന്നു. അതുകൊണ്ട് പഴുപ്പിന്റെ രൂപീകരണം മറ്റൊരുതരം പ്രതിരോധ സംവിധാനമാണ്. ഡോക്ടർമാർ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന പൂസ് ബോണുസ് എറ്റ് ലൗഡേബിലെ എന്ന ലാറ്റിൻ പ്രയോഗത്തിന്റെ പ്രസക്തി നമുക്ക് ഇവിടെ മനസ്സിലാക്കാൻ സാധിക്കും. “നല്ലതും പ്രശംസാർഹവുമായ പഴുപ്പ്” എന്നാണ് അതിന്റെ അർഥം. പഴുപ്പിന്റെ രൂപീകരണം അണുബാധയ്ക്ക് കടിഞ്ഞാണിടാൻ സഹായിക്കുന്നു. രോഗാണുക്കളെ ദഹിപ്പിച്ച ശേഷം നമ്മുടെ സുഹൃത്തുക്കളായ ബൃഹദ്ഭക്ഷകജീവാണുക്കൾ രോഗാണുക്കളുടെ ശകലങ്ങൾ ലിംഫോസൈറ്റുകളുടെ മുന്നിൽ “ഹാജരാക്കുന്നു” അല്ലെങ്കിൽ പ്രദർശിപ്പിക്കുന്നു. ആക്രമണകാരികളെ കുറിച്ച് ലിംഫോസൈറ്റുകൾക്ക് മുന്നറിയിപ്പു കൊടുക്കാനാണിത്.
രോഗാണുക്കളെ ചെറുക്കാൻ അതിവിശിഷ്ടമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു കൂട്ടം കോശങ്ങളാണ് ലിംഫോസൈറ്റുകൾ. അവ ആന്റിബോഡികൾ (പ്രതിവസ്തുക്കൾ) എന്നു വിളിക്കപ്പെടുന്ന പദാർഥങ്ങൾ ഉത്പാദിപ്പിക്കുന്നു. ഓരോ ആന്റിബോഡിയും ഒരു നിർദിഷ്ട രോഗാണു ശകലവുമായി മാത്രമേ സംയോജിക്കുകയുള്ളൂ. വ്യത്യസ്ത കഴിവുകളോടു കൂടിയ രണ്ടു പ്രമുഖ ഇനം ലിംഫോസൈറ്റുകളുണ്ട്. ബി കോശങ്ങളാണ് ആദ്യത്തെ ഇനം. ഇവ ആന്റിബോഡികളെ ഉത്പാദിപ്പിച്ച് രക്തപ്രവാഹത്തിലേക്കു പുറന്തള്ളുന്നു. ബി കോശങ്ങളെ പ്രതിരോധവ്യവസ്ഥയിലെ സായുധ സൈന്യവിഭാഗം എന്നാണു വിളിച്ചിരിക്കുന്നത്. അവ അതീവ കൃത്യതയോടെയാണ് ആന്റിബോഡികളാകുന്ന അസ്ത്രങ്ങൾ എയ്തുവിടുന്നത്. ഈ ആന്റിബോഡികൾ അവയ്ക്ക് തിരിച്ചറിയാൻ കഴിയുന്ന രോഗാണുവിനെ “തേടിപ്പിടിച്ച്” അതിന്റെ ഒരു മർമസ്ഥാനത്ത് ആക്രമണം നടത്തുന്നു. ലിംഫോസൈറ്റുകളുടെ മറ്റേ പ്രമുഖ ഇനമായ റ്റി കോശങ്ങൾ അവയ്ക്കു തിരിച്ചറിയാൻ കഴിയുന്ന ആന്റിബോഡികളെ അവയുടെ ഉപരിതലത്തിൽ ഉറപ്പിച്ചു നിറുത്തുന്നു. അവ ഈ ആന്റിബോഡികളെ ഉപയോഗിച്ചുകൊണ്ട് ശത്രുവുമായി പോരാട്ടത്തിൽ ഏർപ്പെടുന്നു.
പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം അതിലുമേറെ സങ്കീർണമാണ്. ‘സഹായി റ്റി കോശങ്ങൾ’ എന്നു വിളിക്കപ്പെടുന്ന, റ്റി കോശങ്ങളുടെ ഒരു ഉപവിഭാഗം അവയുടെ ചങ്ങാതിമാരായ ബി കോശങ്ങളെ ആന്റിബോഡികൾ വലിയ അളവിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ആക്രമണത്തിനു മുമ്പ് സഹായി റ്റി കോശങ്ങൾ അന്യോന്യം ആശയവിനിമയം ചെയ്യുന്നു. അന്യപദാർഥത്തെ സംബന്ധിച്ച വിവരങ്ങൾ രാസസംജ്ഞകൾ വഴി കൈമാറിക്കൊണ്ട് ഈ കോശങ്ങൾ അന്യോന്യം ആവേശഭരിതമായി “സംസാരിക്കുന്ന”തായി സമീപകാല ഗവേഷണം കാണിച്ചിരിക്കുന്നു. ജീവസ്സുറ്റ സംഭാഷണം എന്നാണ് ഇത് വിളിക്കപ്പെട്ടിരിക്കുന്നത്.
സ്വാഭാവിക കൊലയാളി കോശങ്ങൾ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട മറ്റൊരു കൂട്ടം കോശങ്ങൾ സഹായഹസ്തം നീട്ടുന്നു. ആന്റിബോഡികളൊന്നും ഉത്പാദിപ്പിക്കുന്നില്ലെങ്കിലും, അണുബാധിതമായതു നിമിത്തം “അന്യ”മായിത്തീർന്നിരിക്കുന്ന കോശങ്ങളെ കൊല്ലാൻ അവ
സദാ സജ്ജമാണ്. അതുകൊണ്ട് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ സ്വാഭാവിക കൊലയാളി കോശങ്ങൾക്കും ഒരു പങ്കുണ്ട്.അവസാനമായി, രോഗപ്രതിരോധ ഓർമശക്തി (immunologic memory) നിമിത്തം ലിംഫോസൈറ്റുകൾക്ക് രോഗാണുവിന്റെ സവിശേഷതകൾ ഓർമിച്ചുവയ്ക്കാൻ കഴിയുന്നു. എപ്പോൾ വേണമെങ്കിലും എടുത്തു നോക്കാനായി രോഗാണുവിനെ കുറിച്ചുള്ള രേഖ ഒരു ഫയലിൽ സൂക്ഷിച്ചിരിക്കുന്നതു പോലെയാണിത്. അതുകൊണ്ട് ആ ഇനത്തിൽപ്പെട്ട രോഗാണു വീണ്ടും പ്രത്യക്ഷപ്പെട്ടാൽ അതിനെ ഉടനടി നശിപ്പിക്കാനുള്ള നിർദിഷ്ട ആന്റിബോഡികൾ ഈ ലിംഫോസൈറ്റുകളുടെ പക്കൽ ഉണ്ടായിരിക്കും.
പ്രതിരോധവ്യവസ്ഥയെ പ്രവർത്തനത്തിന് ഉത്തേജിപ്പിക്കുന്ന ബൃഹദ്ഭക്ഷകജീവാണുക്കൾ, രോഗാണുവിന്റെ ആക്രമണഫലമായുണ്ടായ വീക്കം കുറയ്ക്കുന്നതിൽ പിന്തുണ നൽകികൊണ്ട് ജോലി പൂർത്തിയാക്കാനും സഹായിക്കുന്നു. അവ, പോരാട്ടശേഷം “യുദ്ധക്കള”ത്തിൽ കിടക്കുന്ന മൃതകോശങ്ങളും കോശശകലങ്ങളും ഉൾപ്പെടെയുള്ള എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും “നഗര”ത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
പ്രതിരോധവ്യവസ്ഥ ദുർബലമാകുമ്പോൾ
ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ശരിക്കും പ്രവർത്തിക്കേണ്ടത് എങ്ങനെ എന്നതിന്റെ ഒരു അടിസ്ഥാന രൂപരേഖ മാത്രമാണ് നാം കണ്ടത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രതിരോധവ്യവസ്ഥ ദുർബലമാകാം. പ്രതിരോധവ്യവസ്ഥയ്ക്ക് സ്വാഭാവികമായുള്ള തകരാറുകളും (പ്രാഥമിക തകരാറുകൾ) രോഗങ്ങളുടെ ഫലമായി ആർജിച്ചെടുത്ത തകരാറുകളും (ദ്വിതീയ തകരാറുകൾ) ഇതിനിടയാക്കിയേക്കാം.
ഇത്തരം രോഗങ്ങളിൽ ഏറ്റവും ഭീതിദമായ ഒന്നാണ് 1980-കളിൽ പൊട്ടിപ്പുറപ്പെട്ട എയ്ഡ്സ് എന്ന ലോകവ്യാപക പകർച്ചവ്യാധി. ‘ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്’ അഥവാ എച്ച്ഐവി (മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ക്ഷയിപ്പിക്കുന്ന വൈറസ്) ആണ് രോഗകാരി. ലിംഫോസൈറ്റുകളുടെ ഒരു പ്രത്യേക ഗണത്തെ പടിപടിയായി നശിപ്പിച്ചുകൊണ്ട് അത് പ്രതിരോധ വ്യവസ്ഥയുടെ ഹൃദയസ്ഥാനത്തെത്തന്നെ ആക്രമിക്കുന്നു. അങ്ങനെ വ്യക്തിയിലെ പ്രതിരോധവ്യവസ്ഥയുടെ മർമപ്രധാനമായ ഒരു ഭാഗം തകരാറിലാവുന്നു. ഇതിനെ തുടർന്ന്, ആവർത്തിച്ചുള്ള രോഗബാധകൾക്കു രോഗി വിധേയനാകുന്നു. അവ ഒരിക്കലും രോഗിയെ പൂർണമായി വിട്ടുമാറുന്നില്ല. വാസ്തവത്തിൽ അവ ഒന്നിനൊന്ന് വഷളായി തീരുകയും ശരീരത്തിന് പ്രതിരോധശേഷി പാടേ നഷ്ടമാകുകയും ചെയ്യുന്നു. ആർക്കും ഏതു സമയത്തും കീഴടക്കാവുന്ന, മതിൽക്കെട്ടുകളില്ലാത്ത, തകർന്നു കിടക്കുന്ന ഒരു നഗരം പോലെയായിത്തീരുന്നു ശരീരം.
ആശ്വാസകരമെന്നു പറയട്ടെ, പ്രതിരോധവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന എല്ലാ തകരാറുകളും ഇത്രത്തോളം ഗുരുതരമല്ല. തുടക്കത്തിൽ പരാമർശിച്ച വേറോനിക്കായ്ക്ക് ശ്ലേഷ്മ സ്തരങ്ങളിൽ, പ്രത്യേകിച്ചും ശ്വാസനാളികളിലെ ശ്ലേഷ്മ സ്തരങ്ങളിൽ, സാധാരണഗതിയിൽ കണ്ടുവരുന്ന ഒരിനം ആന്റിബോഡിയുടെ ഉത്പാദനത്തിൽ ചെറിയ തകരാറ് ഉണ്ടായിരുന്നു. അവർക്ക് കൂടെക്കൂടെ ഉണ്ടാകാറുണ്ടായിരുന്ന അസുഖങ്ങളുടെ കാരണം അതായിരുന്നു.
വേറോനിക്കായുടെ അവസ്ഥ മെച്ചപ്പെട്ടു. ഡോക്ടറുടെ വിശദീകരണം കേട്ടശേഷം, അദ്ദേഹം നിർദേശിച്ച ചികിത്സാവിധികൾ അപ്പാടെ പിൻപറ്റുമെന്ന് അവർ തീരുമാനിച്ചു. സൈനസൈറ്റിസ് ഭേദമായപ്പോൾ, ആന്റിബോഡികളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഏതാനും കുത്തിവയ്പുകൾ എടുക്കാനുള്ള നിർദേശം അവർ പിൻപറ്റി. a കൂടാതെ അവർ പുകവലി നിറുത്തുകയും നന്നായി വിശ്രമിക്കുകയും ചെയ്തു. താമസിയാതെ, അവരുടെ ആരോഗ്യം ഒരുപാടു മെച്ചപ്പെട്ടു.
അതേ, നല്ല ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കത്തക്ക വിധത്തിലാണ് നമ്മുടെ ശരീരം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ വ്യവസ്ഥയുടെ വിസ്മയാവഹമായ സങ്കീർണതയെ കുറിച്ചും മനുഷ്യ ശരീരത്തിലെ സങ്കീർണമായ മറ്റു സംവിധാനങ്ങളെ കുറിച്ചും ധ്യാനിക്കുമ്പോൾ നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനത്തെ പ്രതി അവനെ സ്തുതിക്കാനും അവനു നന്ദി കരേറ്റാനും നാം പ്രേരിതരാകുന്നു. (സങ്കീർത്തനം 139:14; വെളിപ്പാടു 15:3) മാനുഷ അപൂർണത നിമിത്തം ഇന്ന് നമുക്ക് എല്ലായ്പോഴും നല്ല ആരോഗ്യം ആസ്വദിക്കാൻ കഴിയുന്നില്ല. എന്നാൽ ഉടൻതന്നെ വരാൻ പോകുന്ന പുതിയ ലോകത്തിൽ ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാ’ത്തവണ്ണം മനുഷ്യവർഗം മാനസികവും ശാരീരികവും ആയ പൂർണതയിലേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് ദൈവത്തിന്റെ നിശ്വസ്ത വചനം നമുക്ക് ഉറപ്പു നൽകുന്നു—യെശയ്യാവു 33:24. (g01 2/08)
[അടിക്കുറിപ്പ്]
a ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാ രീതി ശുപാർശ ചെയ്യുന്നില്ല. ഈ കാര്യത്തിൽ ഓരോ വ്യക്തിയും സ്വന്തമായ തീരുമാനം കൈക്കൊള്ളേണ്ടതാണെന്ന് അതു തിരിച്ചറിയുന്നു.
[13-ാം പേജിലെ ചതുരം]
ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ:
• ത്വക്കും ശ്ലേഷ്മസ്തരങ്ങളും
• ലൂക്കോസൈറ്റുകൾ അഥവാ ശ്വേതരക്താണുക്കൾ
മോണോസൈറ്റുകൾ അണുബാധിതമായ ശരീരകലയിലേക്ക് നുഴഞ്ഞുകയറി ആക്രമണകാരികളായ ബാക്ടീരിയയെ വിഴുങ്ങുന്നു
ന്യൂട്രോഫിലുകൾ ബാക്ടീരിയയെ വിഴുങ്ങുന്നതിൽ സഹായിക്കുകയും പഴുപ്പിന്റെ രൂപത്തിൽ ശരീരത്തിൽനിന്നു പുറന്തള്ളപ്പെടുകയും ചെയ്യുന്നു
ലിംഫോസൈറ്റുകൾ രോഗപ്രതിരോധ ഓർമശക്തി ഉള്ളവയാണ്; ഒരിക്കൽ പ്രത്യക്ഷപ്പെട്ട അതേ ഇനം രോഗാണു വീണ്ടും പ്രത്യക്ഷപ്പെടുന്ന പക്ഷം ആന്റിബോഡികൾ അതിനെ ഉടനടി നശിപ്പിക്കും
• ബി കോശങ്ങൾ പുറന്തള്ളുന്ന ആന്റിബോഡികൾ, ലക്ഷ്യം പിഴയ്ക്കാതെ കൃത്യസ്ഥാനത്തു ചെന്നു തറയ്ക്കുന്ന അസ്ത്രങ്ങൾ പോലെയാണ്. അവ രോഗാണുക്കളെ “തേടിപ്പിടിച്ച്” ആക്രമിക്കുന്നു
• റ്റി കോശങ്ങൾ രോഗാണുക്കളുമായി പോരാട്ടത്തിൽ ഏർപ്പെടുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു
—സഹായി റ്റി കോശങ്ങൾ ബി കോശങ്ങളെ ആന്റിബോഡികൾ വലിയ അളവിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു
—സ്വാഭാവിക കൊലയാളി കോശങ്ങൾ ആന്റിബോഡികൾ ഉത്പാദിപ്പിക്കാതെ അണുബാധിതമായ കോശങ്ങളെ നേരിട്ടു കൊല്ലുന്നു
[13-ാം പേജിലെ ചിത്രം]
ശ്വേതരക്താണുക്കൾ ബാക്ടീരിയയെ ആക്രമിക്കുന്നു
[കടപ്പാട്]
Lennart Nilsson