വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീണ്ട ചരിത്രമുള്ള ഒരു ബിസിനസ്‌

നീണ്ട ചരിത്രമുള്ള ഒരു ബിസിനസ്‌

നീണ്ട ചരി​ത്ര​മുള്ള ഒരു ബിസി​നസ്‌

മികച്ച പണിയാ​യു​ധ​ങ്ങ​ളുള്ള, സ്ഥലത്തെ ഏറ്റവും നല്ല മരപ്പണി​ശാ​ല​യാ​യി​രു​ന്നു ജോണി​ന്റേത്‌. അതു സ്വന്തമാ​യു​ള്ള​തിൽ അദ്ദേഹ​ത്തി​നു വലിയ അഭിമാ​ന​വും സന്തോ​ഷ​വും തോന്നി​യി​രു​ന്നു. എന്നാൽ ഒരു രാത്രി വലിയ തീപി​ടി​ത്ത​മു​ണ്ടാ​യി. ഏതാനും മണിക്കൂ​റു​കൾകൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ ആ മനോ​ഹ​ര​മായ പണിശാല കത്തിയ​മർന്നു.

പണിശാല നിർമി​ക്കാൻ പദ്ധതി ഇട്ടപ്പോൾത്തന്നെ അതിനുള്ള പണത്തിൽ കുറെ മുടക്കി അഗ്നി ഇൻഷ്വ​റൻസ്‌ എടുക്കു​ന്ന​തി​നെ കുറിച്ച്‌ ജോൺ ആലോ​ചി​ച്ച​താണ്‌. എന്നാൽ അപ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ‘ഞാൻ വളരെ ശ്രദ്ധി​ച്ചാണ്‌ കാര്യങ്ങൾ ചെയ്യു​ന്നത്‌. ഒരിക്ക​ലും തീപി​ടി​ത്തം ഉണ്ടായി​ല്ലെ​ങ്കിൽ, ഇൻഷ്വ​റൻസി​നു മുടക്കുന്ന പണം വെറു​തെ​യാ​കും.’ എന്നാൽ പ്രതീ​ക്ഷി​ച്ച​തി​നു വിപരീ​ത​മാ​യി ജോണി​ന്റെ പണിശാ​ല​യ്‌ക്കു തീപി​ടി​ച്ചു. അത്‌ ഇൻഷ്വർ ചെയ്‌തി​രു​ന്നെ​ങ്കിൽ ജോണിന്‌ അതു പുതുക്കി പണിയാൻ കഴി​ഞ്ഞേനെ. എന്നാൽ ഇൻഷ്വ​റൻസ്‌ ഇല്ലാതി​രു​ന്ന​തി​നാൽ അതു സാധി​ച്ചില്ല.

എന്താണ്‌ ഇൻഷ്വ​റൻസ്‌?

മുടക്കു​പണം അവശ്യം തിരിച്ചു കിട്ടു​മെന്നു പ്രതീ​ക്ഷി​ക്കാ​വുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷ്വ​റൻസ്‌. അതു പണം കൊണ്ടുള്ള ചൂതാ​ട്ട​വു​മല്ല. എന്തു​കൊണ്ട്‌? ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടുന്ന വ്യക്തി തനിക്ക്‌ നഷ്ടസാ​ധ്യത വരുത്തി​വെ​ക്കു​ന്നു. അതേസ​മയം ഇൻഷ്വ​റൻസ്‌, നിലവി​ലുള്ള നഷ്ടസാ​ധ്യ​ത​കൾക്കെ​തി​രെ ഒരുവനു സംരക്ഷണം പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിക്ക്‌ നേരി​ട്ടേ​ക്കാ​വുന്ന നഷ്ടം മറ്റുള്ള​വ​രു​മാ​യി പങ്കിടാ​നുള്ള ഒരു മാർഗ​മാണ്‌ അത്‌.

നഷ്ടം നേരി​ടു​ന്ന​വരെ സഹായി​ക്കാൻ ഒരു പൊതു ഫണ്ടി​ലേക്കു സംഭാവന ചെയ്യുന്ന രീതി പുരാതന കാലം മുതൽക്കേ പല ജനസമൂ​ഹ​ങ്ങ​ളി​ലും നിലവി​ലുണ്ട്‌. ഏകദേശം 3,500 വർഷം മുമ്പ്‌, കാലി​ക​മായ അടിസ്ഥാ​ന​ത്തിൽ തങ്ങളുടെ വിളവി​ന്റെ ഒരംശം ‘പരദേ​ശി​ക്കും അനാഥ​നും വിധവ​യ്‌ക്കും’ വേണ്ടി സംഭാവന ചെയ്യാൻ മോശെ ഇസ്രാ​യേൽ ജനത​യോട്‌ ആവശ്യ​പ്പെട്ടു.—ആവർത്ത​ന​പു​സ്‌തകം 14:28, 29.

ഇൻഷ്വ​റൻസി​ന്റെ പിറവി

ഇൻഷ്വ​റൻസ്‌ സമ്പ്രദാ​യ​ത്തിന്‌ ആയിര​ക്ക​ണ​ക്കി​നു വർഷത്തെ പഴക്കമുണ്ട്‌. മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തെ​ക്കാൾ പുരാ​ത​ന​മെന്നു കരുത​പ്പെ​ടുന്ന, ബാബി​ലോ​ണി​യൻ നിയമ​സം​ഹി​ത​യായ ഹമ്മുറാ​ബി​യു​ടെ നീതി​ശാ​സ​ന​ത്തിൽ ഒരു പ്രത്യേക തരം വായ്‌പാ ഇൻഷ്വ​റൻസ്‌ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. പണ്ടുകാ​ല​ങ്ങ​ളിൽ കപ്പലു​ട​മകൾ തങ്ങളുടെ വാണിജ്യ യാത്ര​കൾക്ക്‌ ആവശ്യ​മായ പണത്തിനു വേണ്ടി വായ്‌പകൾ വാങ്ങി​യി​രു​ന്നു. യാത്ര​യ്‌ക്കി​ടെ കപ്പൽ തകർന്നാൽ വായ്‌പ തിരിച്ച്‌ അടയ്‌ക്കേ​ണ്ട​തില്ല എന്നായി​രു​ന്നു വ്യവസ്ഥ. കപ്പലുകൾ മിക്ക​പ്പോ​ഴും ആപത്തൊ​ന്നും കൂടാതെ തിരി​ച്ചെ​ത്തി​യി​രു​ന്ന​തി​നാൽ അവയുടെ ഉടമകൾ, വായ്‌പ വാങ്ങിയ പണം പലിശ സഹിതം മടക്കി കൊടു​ക്ക​ണ​മാ​യി​രു​ന്നു. യാത്ര​യ്‌ക്കി​ട​യിൽ മുങ്ങി​പ്പോ​കുന്ന കപ്പലുകൾ മൂലമു​ണ്ടാ​കുന്ന നഷ്ടം നികത്താൻ ഈ തുക പര്യാ​പ്‌ത​മാ​യി​രു​ന്നു.

വാണിജ്യ സമു​ദ്ര​യാ​ത്ര​ക​ളു​മാ​യി ബന്ധപ്പെട്ട ഇത്തരം ഇടപാ​ടു​ക​ളാ​ണു പിൽക്കാ​ലത്ത്‌ ലോക​ത്തി​ലെ ഏറ്റവും പേരു​കേട്ട ഇൻഷ്വ​റൻസ്‌ സ്ഥാപന​ങ്ങ​ളിൽ ഒന്നായി​ത്തീർന്ന ‘ലണ്ടനിലെ ലോയ്‌ഡ്‌സി’ന്റെ പിറവി​യി​ലേക്കു നയിച്ചത്‌. 1688 ആയപ്പോ​ഴേ​ക്കും, എഡ്വേർഡ്‌ ലോയ്‌ഡ്‌ എന്നയാൾ നടത്തി​യി​രുന്ന ഒരു കോഫി ഹൗസിൽ അനൗ​ദ്യോ​ഗി​ക​മാ​യി കൂടി​വന്ന്‌ ബിസി​നസ്‌ ചെയ്യു​ന്നത്‌ ലണ്ടനിലെ പല വ്യാപാ​രി​ക​ളു​ടെ​യും പണമി​ട​പാ​ടു​കാ​രു​ടെ​യും പതിവാ​യി​ത്തീർന്നു. കപ്പലു​ട​മ​ക​ളു​മാ​യി ഇൻഷ്വ​റൻസ്‌ കരാറു​ക​ളിൽ ഏർപ്പെ​ട്ടി​രുന്ന ഈ വ്യക്തികൾ, ഒരു നിശ്ചിത തുകയ്‌ക്കുള്ള നഷ്ടമു​ണ്ടാ​യാൽ തങ്ങൾ അതു വഹിച്ചു​കൊ​ള്ളാ​മെന്നു—അതിനു പകരമാ​യി കപ്പലു​ട​മകൾ ഒരു തുക അഥവാ പ്രീമി​യം അടയ്‌ക്ക​ണ​മാ​യി​രു​ന്നു—സമ്മതി​ച്ചു​കൊണ്ട്‌ ആ തുകയു​ടെ അടിയിൽ സ്വന്തം പേരെ​ഴു​തുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. ഈ ഇൻഷ്വ​റർമാർ പിന്നീട്‌ അടിയിൽ എഴുതു​ന്നവർ എന്നർഥ​മുള്ള ‘അണ്ടർ​റൈ​റ്റർമാർ’ എന്നറി​യ​പ്പെ​ടാൻ ഇടയായി. തുടർന്ന്‌, 1769-ൽ ലോയ്‌ഡ്‌സ്‌ അണ്ടർ​റൈ​റ്റർമാ​രു​ടെ ഒരു ഔദ്യോ​ഗിക സംഘമാ​യി​ത്തീർന്നു. ക്രമേണ അവരുടെ സ്ഥാപനം സമുദ്ര അപകടങ്ങൾ ഇൻഷ്വർ ചെയ്യുന്ന കമ്പനി​ക​ളു​ടെ മുൻനി​ര​യിൽ എത്തി.

ഇൻഷ്വ​റൻസ്‌ ഇന്ന്‌

നമ്മുടെ കാലത്തും, ഒരുവന്‌ ഉണ്ടാ​യേ​ക്കാ​വുന്ന നഷ്ടം മറ്റുള്ള​വ​രു​മാ​യി പങ്കിടാ​നുള്ള ഒരു മാർഗ​മാണ്‌ ഇൻഷ്വ​റൻസ്‌. തങ്ങളുടെ ഇടപാ​ടു​കാർക്ക്‌ ഉണ്ടാകാ​നി​ട​യുള്ള നഷ്ടങ്ങൾ മുൻകൂ​ട്ടി മനസ്സി​ലാ​ക്കാൻ ആധുനിക ഇൻഷ്വ​റൻസ്‌ കമ്പനികൾ, കഴിഞ്ഞ കാലങ്ങ​ളിൽ എത്ര കൂടെ​ക്കൂ​ടെ നഷ്ടങ്ങൾ—ഉദാഹ​ര​ണ​ത്തിന്‌, പണിശാ​ല​കൾക്കും മറ്റും തീപി​ടി​ക്കു​ന്നതു മൂലമു​ണ്ടാ​കുന്ന നഷ്ടം—ഉണ്ടായി​ട്ടുണ്ട്‌ എന്നു കാണി​ക്കുന്ന കണക്കുകൾ പഠിക്കു​ന്നു. അനേകം ഇടപാ​ടു​കാർ അടയ്‌ക്കുന്ന പണം ഉപയോ​ഗിച്ച്‌ ഇൻഷ്വ​റൻസ്‌ കമ്പനികൾ ഇത്തരം നഷ്ടങ്ങൾ നേരി​ടുന്ന ഇടപാ​ടു​കാർക്ക്‌ നഷ്ടപരി​ഹാ​രം നൽകുന്നു.

നിങ്ങൾക്ക്‌ ഇൻഷ്വ​റൻസി​ന്റെ ആവശ്യ​മു​ണ്ടോ? ഉണ്ടെങ്കിൽ നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾക്ക്‌ അനു​യോ​ജ്യ​മായ ഇൻഷ്വ​റൻസ്‌ ഏതാണ്‌? ഇനി, നിങ്ങൾക്ക്‌ ഇൻഷ്വ​റൻസ്‌ ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും ജീവി​ത​ത്തിൽ ഉണ്ടാ​യേ​ക്കാ​വുന്ന നഷ്ടങ്ങളെ വിജയ​ക​ര​മാ​യി നേരി​ടാൻ നിങ്ങൾക്ക്‌ എന്തെല്ലാം മുൻക​രു​ത​ലു​കൾ എടുക്കാൻ കഴിയും? (g01 2/22)

[3-ാം പേജിലെ ചിത്രം]

ലോകത്തിലെ ഏറ്റവും പേരു​കേട്ട ഇൻഷ്വ​റൻസ്‌ സ്ഥാപന​ങ്ങ​ളിൽ ഒന്നിന്റെ തുടക്കം ഒരു കോഫി ഹൗസിൽനിന്ന്‌ ആയിരു​ന്നു

[കടപ്പാട്‌]

Courtesy of Lloyd’s of London