വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൂക്കാലിപ്‌റ്റസ്‌ അതെത്ര ഉപയോഗപ്രദമാണ്‌?

യൂക്കാലിപ്‌റ്റസ്‌ അതെത്ര ഉപയോഗപ്രദമാണ്‌?

യൂക്കാ​ലി​പ്‌റ്റസ്‌ അതെത്ര ഉപയോ​ഗ​പ്ര​ദ​മാണ്‌?

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

അവയിൽ ചിലത്‌ ഭീമാ​കാ​ര​രാണ്‌. 90 മീറ്ററി​ലേറെ ഉയരമുള്ള അവ ലോക​ത്തി​ലെ ഏറ്റവും പൊക്ക​മുള്ള വൃക്ഷങ്ങ​ളു​ടെ ഗണത്തിൽപ്പെ​ടു​ന്നു. വരണ്ട നിലത്ത്‌ അധികം ഉയരത്തിൽ വളരാതെ, വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുള്ളന്മാ​രാണ്‌ മറ്റു ചിലവ. ഈ മരങ്ങളു​ടെ ഇലകൾ രൂപകൽപ്പ​ന​യി​ലെ ഒരു വിസ്‌മയം തന്നെയാണ്‌, പൂക്കളാ​കട്ടെ നയനമ​നോ​ഹ​ര​വും. ഈ മരത്തിന്റെ ഭാഗങ്ങൾ ഏതെങ്കി​ലും വിധത്തിൽ നിങ്ങൾക്കു പ്രയോ​ജ​ന​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം.

ചിലതിന്‌ ആൽപൈൻ ആഷ്‌, ടാസ്‌മാ​നി​യൻ ഓക്ക്‌ എന്നിങ്ങ​നെ​യുള്ള കുലീ​ന​മായ പേരു​ക​ളാണ്‌ ഉള്ളത്‌. എന്നാൽ മിക്കതും പശമരം എന്ന സാധാരണ പേരി​ലാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ശരിക്കും പറഞ്ഞാൽ, കാർബോ​ഹൈ​ഡ്രേ​റ്റു​ക​ളാൽ നിർമി​ക്ക​പ്പെ​ട്ട​തും വെള്ളത്തിൽ ലയിക്കു​ന്ന​തു​മായ ഒരു പദാർഥ​മാണ്‌ യഥാർഥ പശ. എന്നാൽ യൂക്കാ​ലി​പ്‌റ്റസ്‌ മരങ്ങ​ളൊ​ന്നും ഇത്തരം പശ ഉത്‌പാ​ദി​പ്പി​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ പശമരം എന്നത്‌ വാസ്‌ത​വ​ത്തിൽ ശരിയായ പേരല്ല. യൂക്കാ​ലി​പ്‌റ്റസ്‌ ജീനസിൽപ്പെട്ടവ ആയതി​നാൽ ഈ മരങ്ങളെ യൂക്കാ​ലി​പ്‌റ്റസ്‌ എന്നു വിശേ​ഷി​പ്പി​ക്കു​ന്ന​താണ്‌ കൂടുതൽ ഉചിതം. യൂക്കാ​ലി​പ്‌റ്റസ്‌ ജീനസിൽ 600-ലേറെ അംഗങ്ങ​ളുണ്ട്‌. ഇവയുടെ സ്വദേശം ഓസ്‌​ട്രേ​ലിയ ആണ്‌.

ഓസ്‌​ട്രേ​ലി​യ​യു​ടെ നോർത്തേൺ ടെറി​റ്റ​റി​യി​ലെ ഉഷ്‌ണ​മേ​ഖലാ കാലാ​വ​സ്ഥ​യി​ലും ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലെ വരണ്ട സമതല​ങ്ങ​ളി​ലും യൂക്കാ​ലി​പ്‌റ്റസ്‌ തഴച്ചു വളരുന്നു. എന്നാൽ അവിടെ മാത്രമല്ല, അന്റാർട്ടിക്‌ കാറ്റു വീശുന്ന തെക്കൻ ടാസ്‌മാ​നി​യ​യി​ലും തീര​ദേ​ശത്തെ മഞ്ഞുമൂ​ടിയ പർവത​നി​ര​ക​ളി​ലും ഇവ സമൃദ്ധ​മാ​യുണ്ട്‌. ഇവ എല്ലാ സ്ഥലങ്ങളി​ലും ഇത്ര വ്യാപ​ക​മാ​യി കാണ​പ്പെ​ടു​ന്ന​തി​നാൽ 19-ാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന പര്യ​വേ​ക്ഷ​ക​നും ജന്തുശാ​സ്‌ത്ര​ജ്ഞ​നു​മായ ഒരു വ്യക്തി ഇങ്ങനെ പരിത​പി​ച്ചു: “എവിടെ നോക്കി​യാ​ലും [കിലോ​മീ​റ്റ​റു​ക​ളോ​ളം] വ്യാപി​ച്ചു കിടക്കുന്ന പശമര​ങ്ങളേ കാണാ​നു​ള്ളൂ. നോ​ക്കെ​ത്താ​ദൂ​ര​ത്തെ​ങ്ങും പ്രകൃ​തി​യിൽ ഈ ഒരു ദൃശ്യം മാത്രം.”

19-ാം നൂറ്റാ​ണ്ടിൽ യൂറോ​പ്യൻ കുടി​യേ​റ്റ​ക്കാർ ഓസ്‌​ട്രേ​ലി​യ​യി​ലേക്കു വന്നപ്പോൾ മുതൽ യൂക്കാ​ലി​പ്‌റ്റ​സിന്‌ കൊടും വിപത്തു​കൾ നേരി​ട്ടി​ട്ടുണ്ട്‌. ഇവ വികസ​ന​ത്തിന്‌ തടസ്സമാ​ണെന്നു കരുതി​യവർ 3,00,000 ചതുരശ്ര കിലോ​മീ​റ്റർ ഭാഗത്തെ യൂക്കാ​ലി​പ്‌റ്റസ്‌ മരങ്ങൾ പിഴുതു മാറ്റി​യ​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, എല്ലാവ​രും ഈ അമൂല്യ വിഭവ​ത്തോട്‌ ഇത്തരം കടുത്ത അവഗണന കാട്ടി​യില്ല. 19-ാം നൂറ്റാ​ണ്ടിൽ യൂക്കാ​ലി​പ്‌റ്റസ്‌ കുടും​ബം ലോകത്തെ കീഴട​ക്കാൻ തുടങ്ങി.

ഒരു ചക്രവർത്തി​യും ഡോക്ട​റും

1880-കളിൽ അബിസീ​നി​യ​യി​ലെ—ഇന്നത്തെ എത്യോ​പ്യ—മെനെ​ലിക്‌ രണ്ടാമൻ ചക്രവർത്തി തന്റെ പുതിയ തലസ്ഥാന നഗരമായ വരണ്ടു​ണ​ങ്ങിയ ആഡിസ്‌ അബാബ​യിൽ തണലി​നും വിറകി​നു​മാ​യി മരങ്ങൾ വെച്ചു​പി​ടി​പ്പി​ക്കാൻ തീരു​മാ​നി​ച്ചു. വനനശീ​ക​രണം സംഭവി​ച്ചി​രുന്ന ഈ പ്രദേ​ശത്ത്‌ ആഫ്രി​ക്ക​യി​ലെ നൈസർഗിക സസ്യങ്ങ​ളൊ​ന്നും അനു​യോ​ജ്യ​മാ​യി​രു​ന്നില്ല. കുറഞ്ഞ​പക്ഷം തങ്ങളുടെ പ്രദേ​ശ​ത്തി​ന്റെ അത്ര​യെ​ങ്കി​ലും ചൂടുള്ള ഒരു സ്ഥലത്ത്‌ തഴച്ചു​വ​ള​രുന്ന ഒരു മരത്തിനു വേണ്ടി ചക്രവർത്തി​യു​ടെ വിദഗ്‌ധ​സേ​വകർ മറ്റിട​ങ്ങ​ളിൽ അന്വേ​ഷണം തുടങ്ങി. “ആഡിസ്‌ അബാബ” എന്നാൽ “പുതു​പു​ഷ്‌പം” എന്നാണർഥം. എത്യോ​പ്യ​യു​ടെ സമ്പദ്‌വ്യ​വ​സ്ഥ​യിൽ നിർണാ​യ​ക​പങ്കു വഹിച്ച ഒരു വിദേ​ശ​സ​സ്യ​മായ യൂക്കാ​ലി​പ്‌റ്റ​സി​ന്റെ ബഹുമാ​നാർഥ​മാ​യി​രി​ക്കാം തലസ്ഥാന നഗരത്തിന്‌ ആഡിസ്‌ അബാബ എന്ന പേരു നൽക​പ്പെ​ട്ടത്‌.

യൂക്കാ​ലി​പ്‌റ്റ​സി​ന്റെ ആധുനി​ക​കാല കുടി​യേ​റ്റ​ത്തി​നു സംഭാവന ചെയ്‌ത മറ്റൊരു വ്യക്തി​യാണ്‌ ഡോ. എഡ്‌മൂ​ണ്ടൂ നാവാരൂ ഡെ ആൻഡ്രാ​ഡി. അതി​വേഗം ക്ഷയിച്ചു​കൊ​ണ്ടി​രി​ക്കുന്ന ബ്രസീ​ലി​ലെ വനങ്ങളെ പുനരു​ദ്ധ​രി​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ അദ്ദേഹം 1910-ൽ ഓസ്‌​ട്രേ​ലി​യ​യിൽ നിന്ന്‌ യൂക്കാ​ലി​പ്‌റ്റസ്‌ തൈകൾ ഇറക്കു​മതി ചെയ്യാൻ തുടങ്ങി. അവിടെ 3.8 കോടി യൂക്കാ​ലി​പ്‌റ്റസ്‌ മരങ്ങൾ നട്ടുപി​ടി​പ്പി​ക്കു​ന്ന​തി​നു മുൻകൈ എടുത്തത്‌ അദ്ദേഹ​മാണ്‌. ഇന്ന്‌ ബ്രസീ​ലിൽ 200 കോടി​യി​ല​ധി​കം യൂക്കാ​ലി​പ്‌റ്റ​സു​ക​ളുണ്ട്‌.

സ്വതസി​ദ്ധ​മാ​യു​ള്ള മഴവന​ങ്ങൾക്കു പുറമേ, യൂക്കാ​ലി​പ്‌റ്റ​സു​ക​ളു​ടെ ഒരു വൻശേ​ഖ​ര​വും ബ്രസീ​ലിൽ ഉണ്ട്‌. വാസ്‌ത​വ​ത്തിൽ, ഓസ്‌​ട്രേ​ലിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യൂക്കാ​ലി​പ്‌റ്റസ്‌ മരങ്ങൾ ഉള്ളത്‌ എന്ന ബഹുമതി ബ്രസീ​ലി​നാണ്‌. ബ്രസീ​ലി​ന്റെ സമ്പദ്‌വ്യ​വ​സ്ഥ​യു​ടെ പുരോ​ഗ​തി​യിൽ യൂക്കാ​ലി​പ്‌റ്റസ്‌ ഗണ്യമായ പങ്കു വഹിച്ചി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഈ അമൂല്യ സമ്പത്ത്‌ രാജ്യ​ത്തി​നു പരിച​യ​പ്പെ​ടു​ത്തിയ ഡോ. നാവാ​രൂ​വി​നെ വിശി​ഷ്ട​സേ​വ​ന​ത്തി​നുള്ള പ്രത്യേക മെഡൽ നൽകി ആദരി​ക്കു​ക​യു​ണ്ടാ​യി.

ജീവൻ നിലനി​റു​ത്താൻ കഴിവുള്ള ഒരു വൃക്ഷം

അധികം പൊക്ക​ത്തിൽ വളരാത്ത, കുറ്റി​ച്ചെ​ടി​കൾ പോ​ലെ​യുള്ള ചില ഓസ്‌​ട്രേ​ലി​യൻ യൂക്കാ​ലി​പ്‌റ്റ​സു​ക​ളു​ടെ വേരു​കൾക്ക്‌ നല്ല ജലസം​ഭ​ര​ണ​ശേഷി ഉണ്ട്‌. ഈ കഴിവു​പ​യോ​ഗിച്ച്‌ അവ വരണ്ടു​ണ​ങ്ങിയ മണ്ണിൽ നിന്നും ലഭ്യമാ​കു​ന്നത്ര വെള്ളം വലി​ച്ചെ​ടുത്ത്‌ ശേഖരി​ച്ചു വെക്കുന്നു. ഓസ്‌​ട്രേ​ലി​യ​യി​ലെ ആദിവാ​സി​ക​ളെ​യും അവിടെ എത്തിയ ആദ്യകാല പര്യ​വേ​ക്ഷ​ക​രെ​യും അവിടത്തെ വരണ്ട ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ സഹായി​ച്ചത്‌ മണ്ണിന​ടി​യി​ലെ ഈ വെള്ളക്കു​പ്പി​ക​ളാണ്‌. ഇവയുടെ നീളമുള്ള ഉപരി​ത​ല​വേ​രു​കൾ മാന്തി​യെ​ടുത്ത്‌ ചെറു​ക​ഷ​ണ​ങ്ങ​ളാ​ക്കു​ന്നു. ഈ കഷണത്തി​ന്റെ ഒരറ്റത്ത്‌ ഊതു​മ്പോൾ ഇളം തവിട്ടു​നി​റ​മുള്ള ഒരു ദ്രാവകം പുറ​ത്തേ​ക്കൊ​ഴു​കു​ന്നു. 9 മീറ്റർ നീളമുള്ള ഒരു വേരിൽനിന്ന്‌, അത്ര സ്വാദു​ള്ള​ത​ല്ലെ​ങ്കി​ലും, ജീവര​ക്ഷാ​ക​ര​മായ ഒന്നര ലിറ്റർ പാനീയം ലഭിക്കു​മെന്ന്‌ കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ചതുപ്പു​നി​ല​ങ്ങ​ളിൽ തഴച്ചു വളരുന്ന യൂക്കാ​ലി​പ്‌റ്റസ്‌ കുടും​ബ​ത്തി​ലെ മറ്റുചില അംഗങ്ങൾ നനഞ്ഞു കുതിർന്ന മണ്ണിൽ നിന്ന്‌ ആർത്തി​യോ​ടെ വെള്ളം വലി​ച്ചെ​ടു​ക്കു​ന്നു. ഒരുകാ​ലത്ത്‌ കൊതു​കു​ക​ളു​ടെ ആവാസ​കേ​ന്ദ്ര​മാ​യി​രുന്ന പോൻടൈൻ ചതുപ്പു​നി​ല​ങ്ങ​ളി​ലെ വെള്ളം വറ്റിക്കു​ന്ന​തിന്‌ ഇത്തരം യൂക്കാ​ലി​പ്‌റ്റ​സു​കളെ ഇറ്റലി​ക്കാർ പ്രയോ​ജ​ന​പ്പെ​ടു​ത്തി. ഇപ്പോൾ ആ പ്രദേശം ഫലഭൂ​യി​ഷ്‌ഠ​മായ കൃഷി​ഭൂ​മി​യാണ്‌.

ആഫ്രിക്ക, അമേരി​ക്കകൾ, ഏഷ്യ, യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളി​ലെ 50-ലേറെ രാജ്യങ്ങൾ വാണി​ജ്യ​പ​ര​മാ​യും അലങ്കാ​ര​പ​ര​മാ​യും മൂല്യ​മുള്ള യൂക്കാ​ലി​പ്‌റ്റസ്‌ ചെടി​കളെ തങ്ങളുടെ രാജ്യത്തു കൊണ്ടു​വന്നു നട്ടുവ​ളർത്തി​യി​രി​ക്കു​ന്നു. കടും​ചു​വപ്പു നിറത്തി​ലും തേനി​ന്റേതു പോലത്തെ തങ്കനി​റ​ത്തി​ലു​മുള്ള അതിന്റെ തടി ഫർണിച്ചർ നിർമാ​താ​ക്കൾക്കു വളരെ പ്രിയ​ങ്ക​ര​മാണ്‌. ഒരു ആധികാ​രിക ഉറവിടം ഇങ്ങനെ പറയുന്നു: “അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും കൂടുതൽ ഭാരവും കടുപ്പ​വും ഈടു​മുള്ള തടിക​ളി​ലൊ​ന്നാണ്‌ യൂക്കാ​ലി​പ്‌റ്റ​സി​ന്റേത്‌. തടിയു​ടെ ഗുണ​മേ​ന്മ​യും വേഗത്തി​ലുള്ള വളർച്ചാ​നി​ര​ക്കും . . . ഈ ജീനസി​നെ കടുപ്പ​മുള്ള തടിക​ളു​ടെ, ലോക​ത്തി​ലെ ഏറ്റവും അമൂല്യ​മായ ഉറവി​ട​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു.”

യൂക്കാ​ലി​പ്‌റ്റ​സി​ന്റെ ജലരോ​ധ​ക​ശേ​ഷി​യുള്ള ഇനങ്ങൾ കപ്പലുകൾ, കടൽപ്പാ​ലങ്ങൾ, ടെലി​ഫോൺ തൂണുകൾ, വേലികൾ എന്നിവ​യു​ടെ നിർമാ​ണ​ത്തി​നും തറപാ​കു​ന്ന​തി​നും ഉപയോ​ഗി​ച്ചു വരുന്നു. യെല്ലോ ബോക്‌സ്‌, അയൺബാർക്ക്‌ എന്നീ ഇനങ്ങളു​ടെ കട്ടിയുള്ള പുറ​ന്തോ​ടോ​ടു കൂടിയ മൊട്ടു​ക​ളിൽ നിന്നു വിരി​യുന്ന മനോ​ഹ​ര​മായ പൂക്കൾ മധുര​മുള്ള പൂന്തേൻ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. തേനീ​ച്ചകൾ ഇവയെ തേനാക്കി മാറ്റുന്നു. ഈ തേൻ വളരെ രുചി​ക​ര​വും വിശേ​ഷ​പ്പെ​ട്ട​തു​മാണ്‌. ഈ അടുത്ത വർഷങ്ങ​ളിൽ 45 ലക്ഷം ടൺ യൂക്കാ​ലി​പ്‌റ്റസ്‌ തടിക്ക​ഷ​ണങ്ങൾ ഓസ്‌​ട്രേ​ലി​യ​യിൽ നിന്ന്‌ കയറ്റു​മതി ചെയ്‌തി​രി​ക്കു​ന്നു. ഇതിൽനിന്ന്‌ അവർക്ക്‌ പ്രതി​വർഷം 25 കോടി ഡോളർ വരുമാ​നം ലഭിച്ചി​രി​ക്കു​ന്നു.

കീനോ, തൈലം, ടാനിൻ

യൂക്കാ​ലി​പ്‌റ്റസ്‌ മരത്തിന്റെ പട്ടയിൽനി​ന്നും തടിയിൽനി​ന്നും കീനോ എന്നു വിളി​ക്ക​പ്പെ​ടുന്ന രക്തവർണ​മാർന്ന പശപോ​ലുള്ള ഒരു പദാർഥം ഊറി​വ​രു​ന്നു. ചിലതരം കീനോ, കപ്പൽപ്പു​ഴു​വിൽ നിന്നു തടിയെ സംരക്ഷി​ക്കാ​നാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. രക്തവാർച്ച തടയു​ന്ന​തി​നുള്ള ഒരു ഔഷധ​ത്തി​ന്റെ നിർമാ​ണ​ത്തി​ലും കീനോ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. ചില സ്‌പീ​ഷീ​സു​ക​ളു​ടെ പട്ടയിൽ നിന്നു ലഭിക്കുന്ന ടാനിൻ, തുകൽ ഊറയ്‌ക്കി​ടാ​നും (tanning) തുണി​കൾക്ക്‌ ചായം പിടി​പ്പി​ക്കാ​നും ഉപയോ​ഗി​ക്കു​ന്നു.

വിലപ്പെട്ട തൈല​ത്തി​ന്റെ സംഭര​ണി​യായ ഇവയുടെ ഇലകൾ വിസ്‌മ​യ​ക​ര​മാ​യി രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​യാണ്‌. സ്വാധീ​ന​മി​ല്ലാത്ത കൈപ്പ​ത്തി​യിൽ നിന്നു തളർന്നു തൂങ്ങി​ക്കി​ട​ക്കുന്ന വിരലു​കൾ പോലുള്ള ഈ ഇലകളു​ടെ കൂർത്ത അഗ്രം മരത്തിന്റെ ചുവട്ടി​ലേക്കു ചൂണ്ടി​യാ​ണു നിൽക്കു​ന്നത്‌. ഇലപ്പടർപ്പ്‌ ഒരു വലിയ ചോർപ്പു​പോ​ലെ പ്രവർത്തി​ക്കാൻ ഈ രൂപകൽപ്പന സഹായി​ക്കു​ന്നു. ഇലകളു​ടെ ഉപരി​ത​ല​ത്തിൽ ശേഖരി​ക്ക​പ്പെ​ടുന്ന അമൂല്യ​മായ ജലാംശം തുകൽസ​മാ​ന​മായ അവയുടെ അഗ്രത്തിൽ നിന്ന്‌ താഴെ ദാഹജ​ല​ത്തി​നാ​യി കേഴുന്ന വേരു​പ​ട​ല​ത്തി​ലേക്ക്‌ ഇറ്റിറ്റു വീഴുന്നു.

തീക്ഷ്‌ണ​വും ഉന്മേഷ​ദാ​യ​ക​വു​മായ സുഗന്ധ​മുള്ള യൂക്കാ​ലി​പ്‌റ്റസ്‌ തൈലം ഇലകൾ വാറ്റി​യാണ്‌ എടുക്കു​ന്നത്‌. സുഗന്ധ​ദ്ര​വ്യ​ങ്ങൾ, സോപ്പു​കൾ, മരുന്നു​കൾ, മധുര​പ​ല​ഹാ​രങ്ങൾ, ശുചീ​കരണ ഉത്‌പ​ന്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി സാധന​ങ്ങ​ളിൽ ഇവ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. വൃക്ഷത്തിൽ ആയിരി​ക്കുന്ന അവസ്ഥയിൽ ഇലകളിൽ നിന്ന്‌ തൈലം ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെറു​തു​ള്ളി​ക​ളാ​യി വായു​വിൽ തങ്ങിനിൽക്കു​ക​യും ചെയ്യുന്നു. ഇവയിൽ പതിക്കു​മ്പോൾ സൂര്യ​പ്ര​കാ​ശ​ത്തിന്‌ അപവർത്തനം സംഭവി​ക്കു​ന്ന​തി​ന്റെ ഫലമായി യൂക്കാ​ലി​പ്‌റ്റസ്‌ വനത്തിന്‌ സവി​ശേ​ഷ​മായ ഒരു നീലവർണം ലഭിക്കു​ന്നു. സിഡ്‌നി നഗരത്തി​ന്റെ പടിഞ്ഞാ​റേ അറ്റത്തുള്ള ബ്ലൂ മൗണ്ടൻസിന്‌ ആ പേരു ലഭിക്കാൻ കാരണം ഈ പ്രതി​ഭാ​സ​മാണ്‌.

ഭക്ഷണകാ​ര്യ​ത്തിൽ നിർബന്ധം പിടി​ക്കുന്ന ചിലരു​ടെ പാർപ്പി​ടം

യൂക്കാ​ലി​പ്‌റ്റസ്‌ വനങ്ങളി​ലെ ഏറ്റവും പ്രശസ്‌ത​നായ അന്തേവാ​സി രോമ​പ്പ​ന്തു​പോ​ലെ​യി​രി​ക്കുന്ന, ഓമന​ത്ത​മുള്ള കോലാ ആണ്‌. ഭക്ഷണകാ​ര്യ​ത്തിൽ പിടി​വാ​ശി കാണി​ക്കുന്ന ഈ സസ്യ​ഭോ​ജി​യു​ടെ ഇഷ്ടഭക്ഷണം പന്ത്രണ്ടോ അതില​ധി​ക​മോ ഇനങ്ങളിൽപ്പെട്ട യൂക്കാ​ലി​പ്‌റ്റസ്‌ ഇലകളു​ടെ അറ്റമാണ്‌. മിക്ക മൃഗങ്ങ​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്തര​മൊ​രു പരിമി​ത​മായ ഭക്ഷണ​ക്രമം മരണത്തി​നു കാരണ​മാ​യേ​ക്കാം. എന്നാൽ കോലാ​യു​ടെ കാര്യ​ത്തിൽ അതു സംഭവി​ക്കു​ന്നില്ല. എന്തു​കൊണ്ട്‌?

പ്രത്യേ​ക​മാ​യി രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന അവയുടെ ദഹനവ്യ​വ​സ്ഥ​യാണ്‌ ഇതിനു കാരണം. ഒന്നുമു​തൽ രണ്ടുവരെ മീറ്റർ നീളമുള്ള ഒരു ഉണ്ഡുക​പു​ച്ഛം (appendix) ഇതിന്റെ സവി​ശേ​ഷ​ത​യാണ്‌. മനുഷ്യ​രു​ടെ ഉണ്ഡുക​പു​ച്ഛ​ത്തി​നാ​ണെ​ങ്കിൽ 8 മുതൽ 15 വരെ സെന്റി​മീ​റ്റർ മാത്രമേ നീളമു​ള്ളൂ. യൂക്കാ​ലി​പ്‌റ്റസ്‌ ഇലകളിൽ നിന്ന്‌ തങ്ങൾക്കാ​വ​ശ്യ​മായ മുഴുവൻ മാംസ്യ​ങ്ങ​ളും കാർബോ​ഹൈ​ഡ്രേ​റ്റു​ക​ളും കൊഴു​പ്പു​ക​ളും ആഗിരണം ചെയ്യാൻ ഈ സവിശേഷ ഉണ്ഡുക​പു​ച്ഛം ഈ കൊച്ചു മൃഗങ്ങളെ സഹായി​ക്കു​ന്നു.

കോലാ​യെ​പ്പോ​ലെ യൂക്കാ​ലി​പ്‌റ്റസ്‌ ഇലകൾ മാത്രം തിന്നു ജീവി​ക്കുന്ന, അത്രതന്നെ അറിയ​പ്പെ​ടാത്ത ഒരു ഓസ്‌​ട്രേ​ലി​യൻ സ്വദേ​ശി​യാണ്‌ പറക്കുന്ന ഒപ്പോ​സ​ങ്ങ​ളു​ടെ ഏറ്റവും വലിയ ഇനം. രോമ​ക്കു​പ്പാ​യ​മ​ണിഞ്ഞ ഈ സഞ്ചിമൃ​ഗ​ത്തിന്‌ ഒരു പൂച്ച​യോ​ളം വലിപ്പ​മു​ണ്ടാ​കും. ഇതിന്‌ ഏകദേശം 40 സെന്റി​മീ​റ്റർ നീളമുള്ള പരുപ​രുത്ത വാലും മുൻപാ​ദ​ങ്ങൾക്കും പിൻപാ​ദ​ങ്ങൾക്കും ഇടയ്‌ക്ക്‌ വ്യാപി​ച്ചു കിടക്കുന്ന ചർമപാ​ളി​ക​ളും ഉണ്ട്‌. ഈ മാംസ​ച്ചി​റ​കു​കൾ ഉപയോ​ഗ​പ്പെ​ടു​ത്തി ഒപ്പോസം ഒരു ശാഖയിൽനിന്ന്‌ ചാടു​ക​യും 100 മീറ്റർ വരെ ദൂരം പറന്ന്‌ അടുത്ത ശാഖയിൽ സുരക്ഷി​ത​മാ​യി പിടി​യു​റ​പ്പി​ക്കു​ക​യും ചെയ്യുന്നു. ഇങ്ങനെ പറക്കു​മ​ള​വിൽ അത്‌ 90 ഡിഗ്രി തിരി​യാ​റുണ്ട്‌.

കാട്ടു​തീ​യും വീണ്ടു​മുള്ള വളർച്ച​യും

ഓസ്‌​ട്രേ​ലി​യ​യിൽ സാധാ​ര​ണ​മായ കാട്ടുതീ യൂക്കാ​ലി​പ്‌റ്റസ്‌ വനങ്ങൾക്ക്‌ ഒരു ഭീഷണി​യാണ്‌. എന്നാൽ അതിനെ അതിജീ​വി​ക്കത്തക്ക വിധത്തി​ലാണ്‌ ഈ മരങ്ങളു​ടെ രൂപകൽപ്പന. അതെങ്ങനെ?

യൂക്കാ​ലി​പ്‌റ്റസ്‌ മരത്തിന്റെ പുറം​തൊ​ലി​ക്കു തൊട്ടു​താ​ഴെ​യാ​യി, തായ്‌ത്ത​ടി​യി​ലും ശിഖര​ങ്ങ​ളി​ലും ഉടനീളം സുഷു​പ്‌തി​യി​ലാ​ണ്ടു കിടക്കുന്ന പത്രമു​കു​ള​ങ്ങ​ളുണ്ട്‌. മരത്തിന്റെ പുറം​തൊ​ലി​യും ഇലകളും തീപി​ടി​ത്ത​ത്തിൽ നശിക്കു​മ്പോൾ ഈ മുകു​ളങ്ങൾ വളരാൻ തുടങ്ങു​ന്നു. കരിവാ​ളി​ച്ചു പോയ തായ്‌ത്ത​ടി​യെ അവ പച്ച ഇലകളാൽ പുതപ്പി​ക്കു​ന്നു. ഇതിന്റെ ഫലമായി വൃക്ഷത്തിന്‌ അതിജീ​വി​ക്കാൻ കഴിയു​ന്നു. കൂടാതെ, മണ്ണിൽ ഉറങ്ങി​ക്കി​ട​ക്കുന്ന വിത്തു​ക​ളും മിക്ക​പ്പോ​ഴും ഈ സാഹച​ര്യ​ത്തിൽ മുളയ്‌ക്കു​ക​യും പുതിയ മരങ്ങൾ വളരു​ന്ന​തി​നു കാരണ​മാ​കു​ക​യും ചെയ്യുന്നു.

അത്യന്തം വിലമ​തി​ക്ക​പ്പെ​ടേണ്ട ഒരു വൃക്ഷം

യൂക്കാ​ലി​പ്‌റ്റ​സിൽ നിന്ന്‌ തയ്യാറാ​ക്കി​യി​ട്ടുള്ള ഒരു ഔഷധം നിങ്ങളു​ടെ തൊണ്ട​യ്‌ക്ക്‌ ആശ്വാസം പകർന്നി​ട്ടു​ണ്ടോ? യൂക്കാ​ലി​പ്‌റ്റസ്‌ തേൻ ഉപയോ​ഗി​ച്ചു​ണ്ടാ​ക്കിയ മധുര​പ​ല​ഹാ​രം നിങ്ങൾ രുചിച്ചു നോക്കി​യി​ട്ടു​ണ്ടോ? ഈ മരത്തിന്റെ തടി ഉപയോ​ഗി​ച്ചു നിർമിച്ച ബോട്ടിൽ യാത്ര ചെയ്യാ​നോ വീട്ടിൽ താമസി​ക്കാ​നോ നിങ്ങൾക്ക്‌ അവസരം ലഭിച്ചി​ട്ടു​ണ്ടോ? ഇവയുടെ വിറകു കത്തിച്ചു നിങ്ങൾ തീ കാഞ്ഞി​ട്ടു​ണ്ടോ? ഏതെങ്കി​ലും വിധത്തിൽ ഈ വിശേ​ഷ​പ്പെട്ട മരത്തിന്റെ പ്രയോ​ജ​നങ്ങൾ നിങ്ങൾ അനുഭ​വി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌, അടുത്ത തവണ രോമ​ക്കു​പ്പാ​യ​മ​ണിഞ്ഞ ഒരു കോലാ​യെ നേരി​ട്ടോ ഫോ​ട്ടോ​യി​ലോ കാണു​മ്പോൾ അവയുടെ പാർപ്പി​ട​മായ ഈ വൃക്ഷത്തി​ന്റെ അത്ഭുത​ക​ര​മായ രൂപകൽപ്പന നിങ്ങളു​ടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ക​യി​ല്ലേ?

വാസ്‌ത​വ​ത്തിൽ, ബഹുമു​ഖോ​പ​യോ​ഗ​മു​ള്ള​തും പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൽ അതിജീ​വി​ക്കാൻ കഴിവു​ള്ള​തു​മായ ഒരു വൃക്ഷമാണ്‌ യൂക്കാ​ലി​പ്‌റ്റസ്‌. (g01 2/22)

[16, 17 പേജു​ക​ളി​ലെ ചിത്രം]

യൂക്കാലിപ്‌റ്റസുകൾ ലോക​ത്തി​ലെ ഏറ്റവും പൊക്ക​മുള്ള വൃക്ഷങ്ങ​ളു​ടെ ഗണത്തിൽപ്പെ​ടു​ന്നു

[17-ാം പേജിലെ ചിത്രം]

വിശേഷതരം തേനു​ണ്ടാ​ക്കാൻ തേനീ​ച്ചകൾ യൂക്കാ​ലി​പ്‌റ്റസ്‌ പൂന്തേൻ ഉപയോ​ഗി​ക്കു​ന്നു

[18-ാം പേജിലെ ചിത്രം]

“അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും കൂടുതൽ ഭാരവും കടുപ്പ​വും ഈടു​മുള്ള തടിക​ളി​ലൊ​ന്നാണ്‌” യൂക്കാ​ലി​പ്‌റ്റ​സി​ന്റേത്‌

[18-ാം പേജിലെ ചിത്രങ്ങൾ]

കോലാകളും (ഇടത്ത്‌) പറക്കുന്ന ഒപ്പോ​സ​ങ്ങ​ളും (മുകളിൽ) യൂക്കാ​ലി​പ്‌റ്റസ്‌ ഇലകൾ തിന്നു ജീവി​ക്കു​ന്നു

[കടപ്പാട്‌]

© Alan Root/Okapia/PR

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Geoff Law/The Wilderness Society

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Courtesy of the Mount Annan Botanic Gardens