ഗതകാലം നമ്മെ എന്തു പഠിപ്പിക്കുന്നു?
ഗതകാലം നമ്മെ എന്തു പഠിപ്പിക്കുന്നു?
“ഒരു ചരിത്രകാരനെ സംബന്ധിച്ചിടത്തോളം കാര്യകാരണ ബന്ധം വിശദീകരിക്കുന്നതിനെക്കാൾ പ്രധാനമായി മറ്റൊന്നില്ല.”—ജെറാൾഡ് ഷ്ലാബക്ക്, അസിസ്റ്റന്റ് ചരിത്ര പ്രൊഫസർ.
ചരിത്രകാരന്മാർ പലപ്പോഴും ഇങ്ങനെ ചോദിക്കുന്നു, ഒരു സംഭവം നടന്നത് എങ്ങനെ, എന്തുകൊണ്ട്? ദൃഷ്ടാന്തത്തിന്, റോമാ സാമ്രാജ്യം നിലംപതിച്ചെന്ന് ചരിത്രം നമ്മോടു പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് അത് നിലംപതിച്ചത്? അഴിമതിയോ സുഖലോലുപതയോ നിമിത്തം ആയിരുന്നോ? സാമ്രാജ്യത്തിലെ ഭരണനിർവഹണം കൈപ്പിടിയിൽ ഒതുങ്ങാതാകുകയും സൈനിക ചെലവ് അത്യധികം വർധിക്കുകയും ചെയ്തതിനാലാണോ? അതോ റോമിന്റെ ശത്രുക്കളുടെ എണ്ണം വളരെയേറെ പെരുകുകയും അവർ അത്യന്തം ശക്തരായിത്തീരുകയും ചെയ്തതുകൊണ്ടാണോ?
ഇനി കുറേക്കൂടെ അടുത്തകാലത്തെ ഒരു സംഭവമെടുക്കാം. ഒരുകാലത്ത് പാശ്ചാത്യ ലോകത്തിന് ഭീഷണിയായി കാണപ്പെട്ട പൂർവയൂറോപ്യൻ കമ്മ്യൂണിസം ഒന്നിനു പുറകെ ഒന്നായി അനേകം രാജ്യങ്ങളിൽ ഒറ്റ രാത്രികൊണ്ടെന്നപോലെ തകർന്നു വീണു. എന്നാൽ എന്തുകൊണ്ട്? അതിൽനിന്ന് എന്തു പാഠങ്ങളാണ് പഠിക്കാനുള്ളത്? ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ചരിത്രകാരന്മാർ ശ്രമിക്കുന്നത്. എന്നാൽ അവർ നൽകുന്ന ഉത്തരങ്ങളെ അവരുടെ വ്യക്തിപരമായ ചായ്വുകൾ ഏതളവുവരെ ബാധിക്കുന്നു?
ചരിത്രം വിശ്വാസയോഗ്യമാണോ?
ചരിത്രകാരന്മാർക്ക് ശാസ്ത്രജ്ഞന്മാരെക്കാൾ കുറ്റാന്വേഷകരോടാണ് സാമ്യം. അവർ ഗതകാല വിവരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും അവയെ ചോദ്യംചെയ്യുകയും അവയുടെ സത്യതയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അവർ സത്യം കണ്ടെത്താൻ ലക്ഷ്യമിടുന്നു, എന്നാൽ അവരുടെ ലക്ഷ്യം പലപ്പോഴും അത്ര വ്യക്തമല്ല. അതിന്റെ ഒരു കാരണം അവരുടെ വേല മുഖ്യമായും ആളുകളെ ചുറ്റിപ്പറ്റിയുള്ളതാണ് എന്നതാണ്. ചരിത്രകാരന്മാർക്ക് മനസ്സു വായിക്കാനാവില്ലല്ലോ, വിശേഷിച്ചും മരിച്ചവരുടെ. തന്നെയുമല്ല, ചരിത്രകാരന്മാർക്ക് മുൻധാരണകളും മുൻവിധികളും ഉണ്ടായിരുന്നേക്കാം. ആയതിനാൽ, ചിലപ്പോൾ ഏറ്റവും നല്ല ഒരു ചരിത്ര രചന വാസ്തവത്തിൽ ചരിത്രകാരന്റെ സ്വന്തം വീക്ഷണഗതി അനുസരിച്ചുള്ള ഒരു വ്യാഖ്യാനമായിരിക്കാം.
എന്നാൽ, ഒരു ചരിത്രകാരന് സ്വന്തമായ വീക്ഷണഗതികൾ ഉണ്ടെന്നു കരുതി അദ്ദേഹത്തിന്റെ രചനകൾ കൃത്യതയില്ലാത്തത് ആയിരിക്കണമെന്നില്ല. ശമൂവേൽ, രാജാക്കന്മാർ, ദിനവൃത്താന്തം എന്നീ ബൈബിൾ പുസ്തകങ്ങളിൽ അഞ്ച് വ്യത്യസ്ത വ്യക്തികൾ എഴുതിയ സമാന്തര വിവരണങ്ങൾ ഉൾക്കൊള്ളുന്നു. എങ്കിലും അവയിൽ ഗണ്യമായ എന്തെങ്കിലും വൈരുദ്ധ്യങ്ങളോ തെറ്റുകളോ ഇല്ല. നാലു സുവിശേഷങ്ങളുടെ കാര്യത്തിലും അതു സത്യമാണ്. പല ബൈബിൾ എഴുത്തുകാരും സ്വന്തം തെറ്റുകളും ഭോഷത്തങ്ങളും പോലും രേഖപ്പെടുത്തി, മതേതര എഴുത്തുകളിൽ അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഒരു സംഗതിയാണ് അത്.—സംഖ്യാപുസ്തകം 20:9-12; ആവർത്തനപുസ്തകം 32:48-52.
മുൻവിധി പ്രകടമാക്കാനുള്ള സാധ്യതയ്ക്കു പുറമെ, ചരിത്രം വായിക്കുമ്പോൾ കണക്കിലെടുക്കേണ്ട മറ്റൊരു പ്രധാന ഘടകം എഴുത്തുകാരന്റെ ആന്തരമാണ്. “അധികാര സ്ഥാനത്തുള്ളവരോ അധികാരമോഹികളോ അവരുടെ സുഹൃത്തുക്കളോ പറഞ്ഞ ചരിത്രത്തെ അങ്ങേയറ്റം സംശയത്തോടെ വേണം വീക്ഷിക്കാൻ” എന്ന് മൈക്കിൾ സ്റ്റാൻഫോർഡിന്റെ ചരിത്ര പഠന സഹായി പറയുന്നു. കടുത്ത ദേശീയ-രാജ്യസ്നേഹ വികാരങ്ങൾ ഉണർത്താൻ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിക്കുന്ന ചരിത്ര പുസ്തകങ്ങളുടെ ലക്ഷ്യം ചോദ്യം ചെയ്യത്തക്കതാണ്. ദുഃഖകരമെന്നു പറയട്ടെ, ചിലപ്പോൾ സ്കൂൾ പാഠപുസ്തകങ്ങളിൽ കാണുന്നത് ഇതാണ്. ചരിത്രം പഠിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം “ജനഹൃദയങ്ങളിൽ ദേശീയ-രാജ്യസ്നേഹ വികാരങ്ങൾ ആളിക്കത്തിക്കുക എന്നതാണ്. . . . കാരണം രാഷ്ട്രത്തിന്റെ ഗതകാലത്തെ കുറിച്ചുള്ള അറിവാണ് രാജ്യസ്നേഹ സ്വഭാവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രേരക ഘടകം” എന്ന് ഒരു രാജ്യത്തെ ഗവൺമെന്റ് ഉത്തരവ് തെല്ലും മറകൂടാതെ പ്രസ്താവിക്കുന്നു.
വളച്ചൊടിക്കപ്പെട്ട ചരിത്രം
ചില അവസരങ്ങളിൽ ചരിത്രം കേവലം മുൻവിധിപരമല്ല, പകരം വളച്ചൊടിച്ചതാണ്. ദൃഷ്ടാന്തത്തിന് മുൻ സോവിയറ്റ് യൂണിയൻ, “ട്രോറ്റ്സ്കി ജീവിച്ചിരുന്നുവെന്ന വസ്തുത മൂടിവെക്കാനായി അദ്ദേഹത്തിന്റെ പേര് രേഖകളിൽനിന്നു പൂർണമായും നീക്കംചെയ്തു” എന്ന് ചരിത്രത്തിലെ സത്യം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ആരായിരുന്നു ട്രോറ്റ്സ്കി? റഷ്യയിലെ ബോൾഷേവിക് വിപ്ലവത്തിലെ ഒരു നേതാവ് ആയിരുന്നു അദ്ദേഹം. ലെനിൻ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം അദ്ദേഹത്തിനായിരുന്നു. ലെനിന്റെ മരണശേഷം ട്രോറ്റ്സ്കി സ്റ്റാലിനുമായി ഇടഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പേര് സോവിയറ്റ് വിജ്ഞാനകോശങ്ങളിൽനിന്നു നീക്കം ചെയ്യപ്പെടുകപോലുമുണ്ടായി. തങ്ങളുടെ ചിന്താഗതിക്കു വിരുദ്ധമായ ആശയങ്ങൾ അവതരിപ്പിക്കുന്ന പുസ്തകങ്ങൾ കത്തിച്ചുകളയുന്നതുവരെ എത്തുന്ന, ചരിത്രത്തിന്റെ സമാനമായ വളച്ചൊടിക്കൽ മിക്ക ഏകാധിപത്യ ഭരണങ്ങളുടെയും ഒരു പതിവായിരുന്നിട്ടുണ്ട്.
എന്നിരുന്നാലും ചരിത്രം വളച്ചൊടിക്കൽ പുരാതന ഈജിപ്തിന്റെയും അസീറിയയുടെയും കാലംതൊട്ടെങ്കിലുമുള്ള ഒരു രീതിയാണ്. തങ്ങളെ പുകഴ്ത്തിപ്പറയുന്ന ചരിത്രമാണ് എഴുതപ്പെടുന്നതെന്ന് അഹങ്കാരികളും വൃഥാഭിമാനികളും ആയിരുന്ന ഫറവോന്മാരും രാജാക്കന്മാരും ചക്രവർത്തിമാരും ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ട് നേട്ടങ്ങൾ എപ്പോഴും പെരുപ്പിച്ചു കാട്ടിയിരുന്നു. അതേസമയം യുദ്ധത്തിലെ തോൽവിപോലെ, നാണക്കേട് ഉളവാക്കുന്ന കാര്യങ്ങൾ ഗൗരവം കുറച്ചു കാണിക്കുകയോ തേച്ചുമായ്ച്ചുകളയുകയോ റിപ്പോർട്ടു ചെയ്യാതിരിക്കുകയോ ചെയ്തിരുന്നു. അതിൽനിന്നു തികച്ചും വ്യത്യസ്തമായി, ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്ന ഇസ്രായേലിന്റെ ചരിത്രം രാജാക്കന്മാരുടെയും പ്രജകളുടെയും നേട്ടങ്ങളും പരാജയങ്ങളും ഒരുപോലെ രേഖപ്പെടുത്തുന്നു.
ചരിത്രകാരന്മാർ പഴയ എഴുത്തുകളുടെ കൃത്യത പരിശോധിക്കുന്നത് എങ്ങനെയാണ്? അവർ അവയെ പഴയ നികുതി രേഖകൾ, നിയമ സംഹിതകൾ, അടിമ ലേലത്തെ കുറിച്ചുള്ള പരസ്യങ്ങൾ, വ്യാപാര-സ്വകാര്യ കത്തുകളും രേഖകളും, കളിമൺപാത്ര കഷണങ്ങളിലെ ലിഖിതങ്ങൾ, കപ്പലിലെ സഞ്ചാരവിവരക്കുറിപ്പുകൾ, ശവക്കുഴികളിലും കല്ലറകളിലും നിന്നു കണ്ടെത്തിയ സാധനങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുന്നു. ഇങ്ങനെ പലയിടങ്ങളിൽ നിന്നായി കിട്ടുന്ന വിവരങ്ങൾ പലപ്പോഴും ഔദ്യോഗിക എഴുത്തുകളുടെമേൽ
കൂടുതൽ വെളിച്ചം ചൊരിയുകയോ അവയ്ക്ക് വ്യത്യസ്തമായ ഒരു വിശദീകരണം നൽകുകയോ ചെയ്യുന്നു. ചില വിവരങ്ങൾ ലഭ്യമല്ലാതിരിക്കുകയോ സംശയങ്ങൾ നിലനിൽക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ ഒരു നല്ല ചരിത്രകാരൻ സാധാരണമായി അതു തുറന്നു സമ്മതിക്കും, അതു സംബന്ധിച്ച് അദ്ദേഹം സ്വന്തമായ നിഗമനങ്ങൾ അവതരിപ്പിച്ചേക്കാമെങ്കിലും. സംഗതി എന്തുതന്നെ ആയിരുന്നാലും, സമനിലയുള്ള ഒരു വ്യാഖ്യാനം തേടുന്ന വിവേകികളായ വായനക്കാർ ഒന്നിലധികം കൃതികൾ പരിശോധിച്ചു നോക്കും.ഒരു ചരിത്രകാരൻ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങൾ പ്രദാനം ചെയ്യാൻ അയാളുടെ രചനയ്ക്കു കഴിയും. ഒരു ചരിത്ര പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ലോകചരിത്രം രചിക്കുന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണെങ്കിലും . . . നമുക്ക് അതു പ്രധാനമാണ്, അത്യന്താപേക്ഷിതം പോലുമാണ്.” ചരിത്രം ഗതകാലത്തേക്കുള്ള ഒരു ജാലകം തുറന്നു തരുന്നതിനു പുറമേ, മനുഷ്യന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ഇന്ന് ആളുകൾ പ്രകടമാക്കുന്ന അതേ മാനുഷ സ്വഭാവങ്ങൾ പുരാതന കാലത്തെ ആളുകളും പ്രകടിപ്പിച്ചിരുന്നതായി നമുക്ക് നിഷ്പ്രയാസം കണ്ടെത്താനാകും. ആവർത്തിക്കപ്പെടുന്ന ഈ സ്വഭാവസവിശേഷതകൾക്ക് ചില ചരിത്രസംഭവങ്ങളുടെ മേൽ ഒരു നിർണായക സ്വാധീനം ഉണ്ടായിരുന്നിട്ടുണ്ട്. ചരിത്രം ആവർത്തിക്കുന്നു എന്ന ചൊല്ലിന് വഴിതെളിച്ചത് ഒരുപക്ഷേ ഇതായിരിക്കാം. എന്നാൽ ആ ചൊല്ല് എല്ലായ്പോഴും സത്യം ആയിരിക്കണമെന്നുണ്ടോ?
ചരിത്രം ആവർത്തിക്കുന്നുണ്ടോ?
ഗതകാലത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് ഭാവി കൃത്യമായി പ്രവചിക്കാനാകുമോ? ചിലതരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ദൃഷ്ടാന്തത്തിന്, മുൻ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഹെൻട്രി കിസിൻജർ പ്രസ്താവിച്ചു. “നിലവിൽവന്നിട്ടുള്ള ഏതു സംസ്കാരവും ഒടുവിൽ തകർന്നു വീണിട്ടുണ്ട്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “പരാജയമടഞ്ഞ ശ്രമങ്ങളുടെ, സഫലമാകാതെ പോയ അഭിലാഷങ്ങളുടെ ഒരു കഥയാണു ചരിത്രം. . . . അതുകൊണ്ട് ദുരന്തം ഒഴിവാക്കാനാവാത്തത് ആണെന്നുള്ള ബോധം ഒരു ചരിത്രകാരന് എപ്പോഴും ഉണ്ടായിരിക്കണം.”
രണ്ട് സാമ്രാജ്യങ്ങളുടെ പതനം ഒരിക്കലും ഒരുപോലെ ആയിരുന്നിട്ടില്ല. പൊ.യു.മു. 539-ൽ, മേദ്യരും പേർഷ്യക്കാരും ചേർന്ന് ഒറ്റ രാത്രികൊണ്ട് ബാബിലോണിനെ കീഴടക്കി. മഹാനായ അലക്സാണ്ടറിന്റെ മരണശേഷം ഗ്രീസ് പല രാജ്യങ്ങളായി വിഭജിക്കപ്പെടുകയും ഒടുവിൽ റോമിന് അടിയറവു പറയുകയും ചെയ്തു. എന്നാൽ റോമിന്റെ പതനം ഒരു വിവാദമായി തുടരുന്നു. ചരിത്രകാരനായ ജെറാൾഡ് ഷ്ലാബക്ക് ഇങ്ങനെ ചോദിക്കുന്നു: “എന്നാണ് റോം നിലംപതിച്ചത്? അതു വാസ്തവത്തിൽ നിലംപതിച്ചോ? പൊ.യു. 400-നും പൊ.യു. 600-നും ഇടയ്ക്ക് പശ്ചിമ യൂറോപ്പിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടായി. എന്നാൽ കൂടുതൽ കാര്യങ്ങളും മാറ്റമില്ലാതെ തുടർന്നു.” a വ്യക്തമായും, ചരിത്രത്തിലെ ചില സംഗതികൾ ആവർത്തിക്കപ്പെടുന്നു, എന്നാൽ മറ്റുള്ളവ ആവർത്തിക്കപ്പെടുന്നില്ല.
ചരിത്രത്തിൽ തുടർച്ചയായി ആവർത്തിക്കപ്പെടുന്ന ഒരു സംഗതി മാനുഷ ഭരണത്തിന്റെ പരാജയമാണ്. സ്വാർഥ താത്പര്യങ്ങളും ഹ്രസ്വദൃഷ്ടിയും അത്യാഗ്രഹവും അഴിമതിയും സ്വജനപക്ഷപാതവും എല്ലാറ്റിലുമുപരി അധികാരം നേടാനും നിലനിറുത്താനുമുള്ള അമിതോത്സാഹവും നിമിത്തം എല്ലാ കാലത്തും നല്ല ഭരണകൂടങ്ങൾക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ ആയുധ മത്സരവും നിഷ്ഫല ഉടമ്പടികളും യുദ്ധങ്ങളും സാമൂഹിക അസ്വസ്ഥതയും അക്രമവും നീതിരഹിത ധനവിതരണവും തകർന്ന സാമ്പത്തിക വ്യവസ്ഥകളുംകൊണ്ടു നിറഞ്ഞതാണ് ഗതകാലം.
ദൃഷ്ടാന്തത്തിന്, പാശ്ചാത്യ സംസ്കാരത്തിന് ശേഷിച്ച ലോകത്തിന്മേലുള്ള സ്വാധീനത്തെ കുറിച്ച് ദ കൊളംബിയ ഹിസ്റ്ററി ഓഫ് ദ വേൾഡ് പറയുന്നത് എന്തെന്നു നോക്കുക: “മുന്നിലുള്ള സാധ്യതകളെ കുറിച്ച് കൊളംബസും കോർട്ടെസും പശ്ചിമയൂറോപ്പിലെ ജനസമൂഹത്തെ അറിയിച്ചപ്പോൾ, മതപരിവർത്തനത്തിനും ധനലാഭത്തിനും കീർത്തിക്കും വേണ്ടിയുള്ള അവരുടെ ആഗ്രഹം ഉണർന്നു. അങ്ങനെ ഏതാണ്ട് മുഴു ഗോളത്തിലും പാശ്ചാത്യ സംസ്കാരം പടർന്നുപന്തലിച്ചു. മിക്കപ്പോഴും അത് അടിച്ചേൽപ്പിക്കപ്പെടുകയാണ് ഉണ്ടായത്. മേൽത്തരം ആയുധങ്ങൾ കൈവശമുണ്ടായിരുന്ന വലിയ യൂറോപ്യൻ ശക്തികൾ തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാനുള്ള അടങ്ങാത്ത ത്വരയോടെ ശേഷിച്ച ലോകത്തെ തങ്ങളുടെ കാൽക്കീഴാക്കി. . . . ചുരുക്കിപ്പറഞ്ഞാൽ, ഈ ഭൂഖണ്ഡങ്ങളിലെ [ആഫ്രിക്ക, ഏഷ്യ, അമേരിക്കകൾ] ജനങ്ങൾ നിർദയവും അനുസ്യൂതവുമായ ചൂഷണത്തിന് ഇരയായിത്തീർന്നു.” ബൈബിളിൽ സഭാപ്രസംഗി 8:9-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ എത്രയോ സത്യമാണ്: ‘മനുഷ്യനു മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായിട്ടാണ് അധികാരമുള്ളത്.’
മനുഷ്യൻ ചരിത്രത്തിൽനിന്ന് യാതൊന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രത്തിൽനിന്നു നമുക്കു പഠിക്കാൻ കഴിയുന്ന ഏക സംഗതി എന്ന് അഭിപ്രായപ്പെടാൻ ഒരു ജർമൻ തത്ത്വചിന്തകനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ഈ ശോചനീയ സംഭവങ്ങൾ ആയിരിക്കാം. യിരെമ്യാവു 10:23 ഇങ്ങനെ പറയുന്നു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” നമ്മുടെ കാലടികളെ നേരെയാക്കുന്നതിലെ ഈ അപ്രാപ്തി ഇന്ന് നമ്മെ പ്രത്യേകിച്ചും ആകുലചിത്തരാക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട്? എന്തെന്നാൽ എണ്ണത്തിലും വ്യാപ്തിയിലും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര പ്രശ്നങ്ങളാണ് നമ്മെ ബാധിക്കുന്നത്. നമുക്ക് എങ്ങനെയാണ് അവയെ നേരിടാനാകുക?
മുമ്പ് ഉണ്ടായിട്ടില്ലാത്തതരം പ്രശ്നങ്ങൾ
വനനശീകരണം, മണ്ണൊലിപ്പ്, മരുഭൂവത്കരണം, സസ്യജന്തുജാലങ്ങളുടെ വൻതോതിലുള്ള വംശനാശം, അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ ശോഷണം, മലിനീകരണം, ആഗോളതപനം, നശിച്ചുകൊണ്ടിരിക്കുന്ന സമുദ്രങ്ങൾ, ജനസംഖ്യാ സ്ഫോടനം തുടങ്ങിയവയുടെ ഒരു സംയുക്ത ഭീഷണി മാനവരാശിയുടെ ചരിത്രത്തിൽ മുമ്പെങ്ങും മുഴു ഭൂമിയിലും ഉണ്ടായിട്ടില്ല.
“ആധുനിക സമൂഹങ്ങൾ നേരിടുന്ന മറ്റൊരു വെല്ലുവിളി മാറ്റങ്ങളുടെ ഗതിവേഗമാണ്” എന്ന് ലോകത്തിന്റെ ഒരു ഹരിത ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. വേൾഡ് വാച്ച് മാസികയുടെ പത്രാധിപരായ എഡ് ആർസ് ഇങ്ങനെ എഴുതുന്നു: “നമ്മുടെ സംയുക്ത അനുഭവജ്ഞാനത്തിന് തീർത്തും അതീതമായ ഒരു സംഗതിയെ നാം അഭിമുഖീകരിക്കുകയാണ്. അതുകൊണ്ട് തെളിവുകൾ ധാരാളം ഉള്ളപ്പോഴും നാം അതു വാസ്തവത്തിൽ മനസ്സിലാക്കുന്നില്ല. നമ്മെ സംബന്ധിച്ചിടത്തോളം ആ ‘സംഗതി’ നമ്മെ നിലനിറുത്തിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിലെ വൻതോതിലുള്ള ജൈവ-ഭൗതിക വ്യതിയാനങ്ങളുടെ ശക്തമായ കടന്നാക്രമണമാണ്.”
ഇവയുടെയും ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളുടെയും വീക്ഷണത്തിൽ, ചരിത്രകാരനായ പാർഡൻ ഇ. റ്റില്ലിങ്ഹാസ്റ്റ് ഇങ്ങനെ പ്രസ്താവിക്കുന്നു: “അത്യന്തം സങ്കീർണമായ ദിശകളിലാണ് സമൂഹം ഇന്ന് ചരിച്ചുകൊണ്ടിരിക്കുന്നത്. ഉൾപ്പെട്ടിരിക്കുന്ന വിഷമസന്ധികൾ നമ്മിൽ മിക്കവരെ സംബന്ധിച്ചും ഭീതിദമാണ്. ആശയക്കുഴപ്പത്തിലായിരിക്കുന്ന ഇന്നത്തെ ജനതതിക്കായി പ്രഗത്ഭ ചരിത്രകാരന്മാർക്ക് എന്തു മാർഗനിർദേശമാണ് നൽകാനുള്ളത്? കാര്യമായൊന്നും ഇല്ലെന്നു തോന്നുന്നു.”
എന്തു ചെയ്യണം അല്ലെങ്കിൽ എന്ത് ഉപദേശിക്കണം എന്ന കാര്യത്തിൽ പ്രഗത്ഭരായ ചരിത്രകാരന്മാർ ആശയക്കുഴപ്പത്തിലായിരിക്കാം. എന്നാൽ നമ്മുടെ സ്രഷ്ടാവിന്റെ കാര്യത്തിൽ തീർച്ചയായും അതല്ല സ്ഥിതി. വാസ്തവത്തിൽ, “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരു”മെന്ന് അവൻ ബൈബിളിലൂടെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊഥെയൊസ് 3:1-5) എന്നാൽ ദൈവം അതു മാത്രമല്ല ചെയ്തിരിക്കുന്നത്. അവൻ നമുക്കു പോംവഴിയും കാണിച്ചുതന്നിട്ടുണ്ട്—ചരിത്രകാരന്മാർക്ക് ചെയ്യാൻ കഴിയാത്ത ഒന്നുതന്നെ. അടുത്ത ലേഖനത്തിൽ നാം അതു ചർച്ചചെയ്യും. (g01 3/8)
[അടിക്കുറിപ്പ്]
a റോമാ സാമ്രാജ്യത്തിന്റെ സ്ഥാനം കൈയടക്കുന്നത് അതിൽനിന്നുതന്നെ വളർന്നു വരുന്ന ഒരു രാജ്യമായിരിക്കുമെന്നുള്ള പ്രവാചകനായ ദാനീയേലിന്റെ പ്രവചനത്തോട് ഷ്ലാബക്കിന്റെ അഭിപ്രായങ്ങൾ യോജിക്കുന്നു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 4-ഉം 9-ഉം അധ്യായങ്ങൾ കാണുക.
[5-ാം പേജിലെ ആകർഷകവാക്യം]
‘അധികാര സ്ഥാനത്തുള്ളവർ പറഞ്ഞ ചരിത്രത്തെ അങ്ങേയറ്റം സംശയത്തോടെ വീക്ഷിക്കണം.’—ചരിത്രകാരനായ മൈക്കിൾ സ്റ്റാൻഫോർഡ്
[4-ാം പേജിലെ ചിത്രം]
നീറോ ചക്രവർത്തി
[കടപ്പാട്]
Roma, Musei Capitolini
[7-ാം പേജിലെ ചിത്രങ്ങൾ]
എല്ലാ യുഗങ്ങളിലും ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം’ പ്രയോഗിച്ചിരിക്കുന്നു
[കടപ്പാട്]
പിയറി ഫ്രിറ്റലിനാലുള്ള “ജേതാക്കൾ” (ഇംഗ്ലീഷ്). (ഇടത്തുനിന്ന്): റാംസിസ് രണ്ടാമൻ, ആറ്റില, ഹാനിബാൾ, റ്റാമെർലെയ്ൻ, ജൂലിയസ് സീസർ (മധ്യത്തിൽ), നെപ്പോളിയൻ ഒന്നാമൻ, മഹാനായ അലക്സാണ്ടർ, നെബൂഖദ്നേസർ, ചാൾമെയ്ൻ. ചരിത്ര കഥാപാത്രങ്ങളുടെയും വിഖ്യാത സംഭവങ്ങളുടെയും സമാഹാരം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ വാല്യം 3, 1895-ൽനിന്ന്; വിമാനങ്ങൾ: USAF ഫോട്ടോ