ചരിത്രം അത് ആശ്രയയോഗ്യമോ?
ചരിത്രം അത് ആശ്രയയോഗ്യമോ?
“ചരിത്ര ജ്ഞാനം, . . . നമ്മുടെ ജനനത്തിന് യുഗങ്ങൾക്കു മുമ്പു തുടങ്ങിയതും നമ്മുടെ മരണ ശേഷം യുഗങ്ങളോളം ദീർഘിക്കുന്നതുമായ ഒരു കൂട്ടായ്മയുടെ ഭാഗമാണ് നാമെന്നുള്ള അവബോധം നമ്മിൽ ഉളവാക്കുന്നു.”—മൈക്കിൾ സ്റ്റാൻഫോർഡിന്റെ ചരിത്ര പഠന സഹായി (ഇംഗ്ലീഷ്).
ചരിത്രം അറിയാത്ത ജീവിതം ഒരു പരിധിവരെ ഓർമ ഇല്ലാത്ത ജീവിതം പോലെയാണ്. ചരിത്രം അറിയില്ലെങ്കിൽ, നമുക്കോ നമ്മുടെ കുടുംബത്തിനോ ഗോത്രത്തിനോ രാഷ്ട്രത്തിനോ പോലും ഉത്ഭവം ഇല്ലാത്തതായി, ഗതകാലം ഇല്ലാത്തതായി തോന്നും. വർത്തമാന കാലത്തിന് എന്തെങ്കിലും അടിസ്ഥാനമോ അർഥമോ ഇല്ലാത്തതായി അനുഭവപ്പെടും.
ചരിത്രത്തിന് ജീവിത പാഠങ്ങളുടെ വലിയൊരു സംഭരണി ആയിരിക്കാൻ കഴിയും. പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അതിനു നമ്മെ സഹായിക്കാനാകും. ഒരു തത്ത്വചിന്തകൻ തറപ്പിച്ചു പറഞ്ഞതുപോലെ, ചരിത്രം വിസ്മരിക്കുന്നവർ അത് ആവർത്തിക്കുമെന്ന് ഉറപ്പാണ്. ചരിത്രം അറിയുന്നത് കഴിഞ്ഞ കാലത്തെ സംസ്കാരങ്ങളെയും അതിശയകരമായ കണ്ടുപിടിത്തങ്ങളെയും കൗതുകമുണർത്തുന്ന ആളുകളെയും വ്യത്യസ്ത വീക്ഷണഗതികളെയും പറ്റി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
എന്നാൽ ചരിത്രം ദീർഘകാലം മുമ്പുള്ള ആളുകളെയും സംഭവങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്നതിനാൽ അത് ആശ്രയയോഗ്യമാണോ എന്ന് നമുക്ക് എങ്ങനെ അറിയാം? ചരിത്രത്തിൽനിന്ന് നാം വിലയേറിയ പാഠങ്ങൾ പഠിക്കണമെങ്കിൽ അവ തീർച്ചയായും യാഥാർഥ്യത്തിൽ അധിഷ്ഠിതമായിരിക്കണം. സത്യം കണ്ടെത്തുമ്പോൾ നാം അതു സ്വീകരിക്കണം, എല്ലായ്പോഴും അതത്ര സുഖകരം അല്ലായിരുന്നേക്കാമെങ്കിലും. ഗതകാലം റോസച്ചെടികളുടെ ഒരു തോട്ടം പോലെ ആയിരുന്നേക്കാം—അതിന് മനോഹാരിതയുണ്ട്, മുള്ളുമുണ്ട്; അതിനു പ്രചോദനമേകാൻ കഴിയും, അതുപോലെതന്നെ കുത്തിനോവിക്കാനും.
നാം വായിക്കുന്ന കാര്യങ്ങളുടെ കൃത്യത വിലയിരുത്താൻ സഹായിക്കുന്ന, ചരിത്രത്തിന്റെ ചില വശങ്ങൾ അടുത്ത ലേഖനങ്ങളിൽ നാം പരിചിന്തിക്കും. ആശ്രയയോഗ്യമായ ചരിത്രം വിവേചനാ പ്രാപ്തിയുള്ള വായനക്കാരന് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നാം പരിചിന്തിക്കും. (g01 3/8)
[3-ാം പേജിലെ ചിത്രങ്ങൾ]
നെഫെർറ്റിറ്റി രാജ്ഞി
[3-ാം പേജിലെ ചിത്രം]
ചരിത്രത്തിൽനിന്ന് എന്തു പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയും?
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
നെഫെർറ്റിറ്റി: Ägyptisches Museum der Staatlichen Museen Preußischer Kulturbesitz, Berlin
ബോർഡർ: Photograph taken by courtesy of the British Museum