ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പൊട്ടുകൾ “കൺമുമ്പിലെ പൊട്ടുകൾ—നിങ്ങളും അവ കാണാറുണ്ടോ?” (ജൂൺ 8, 2000) എന്ന ലേഖനം എന്റെ ജീവിതത്തിൽ ഗണ്യമായ പ്രഭാവം ചെലുത്തി. എന്റെ വലതുകണ്ണിന്റെ റെറ്റിന ഭാഗികമായി വേർപെട്ടതിനു മൂന്നു ദിവസം മുമ്പു മാത്രമായിരുന്നു എനിക്ക് ആ മാസിക കിട്ടിയത്. ആ ലേഖനത്തിൽ വിവരിച്ചിരുന്ന ലക്ഷണങ്ങൾ, എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതിന്റെ ആവശ്യകത എന്നെ ബോധ്യപ്പെടുത്തി. തകരാറ് പരിഹരിക്കുന്നതിനായി ലേസർ ചികിത്സ നടത്തി. അതുകൊണ്ട് എന്റെ കാഴ്ചയ്ക്കു കുഴപ്പമൊന്നും സംഭവിച്ചില്ല. നന്നായി ഗവേഷണം ചെയ്തു തയ്യാറാക്കിയ ഇത്തരം പ്രായോഗിക ലേഖനങ്ങൾക്കു നന്ദി.
സി. വി., ദക്ഷിണാഫ്രിക്ക (g01 3/8)
പ്രചാരണം 2000 ജൂൺ 22 ലക്കം ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. “കേൾക്കുന്നത് എല്ലാം കണ്ണുമടച്ചു വിശ്വസിക്കണമോ?” എന്ന ലേഖനപരമ്പരയ്ക്കു നന്ദി. ഞാൻ താമസിക്കുന്ന പ്രദേശത്ത് റോമനികളെ (ജിപ്സികളെ) പരിഹസിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. അവർ മോഷണം നടത്തുന്നതെങ്ങനെ എന്നതിനെ കുറിച്ചൊക്കെ ആളുകൾ ഓരോരോ തമാശകൾ ഉണ്ടാക്കി പറയാറുണ്ട്. അത്തരം തമാശകൾ പറയുന്നത് ഉചിതമല്ല എന്ന് ആ ലേഖനങ്ങൾ വായിച്ചപ്പോൾ എനിക്കു മനസ്സിലായി. അവ പറയുന്ന ആളുകളുടെ കൂടെ കൂടുകയില്ലെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
കെ. എം., ചെക്ക് റിപ്പബ്ലിക്ക് (g01 3/8)
പുഞ്ചിരി “പുഞ്ചിരിക്കൂ—അതു നിങ്ങൾക്കു നല്ലതാണ്!” (ജൂലൈ 8, 2000) എന്ന മൂല്യവത്തായ ലേഖനത്തിനു നന്ദി. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു ഞാൻ പൂർണമായി യോജിക്കുന്നു. എന്റെ പുഞ്ചിരി ആത്മാർഥമായിരിക്കുന്നതിനായി എപ്പോഴും ക്രിയാത്മകമായി ചിന്തിക്കാൻ അതെന്നെ ഓർമിപ്പിച്ചു. അതേ, മറ്റുള്ളവരുമായി സൗഹൃദത്തിലാകാൻ പുഞ്ചിരി നമ്മെ സഹായിക്കും, അതുപോലെ സംഘർഷങ്ങളെ ഇല്ലാതാക്കാനും.
പി. സി., ചൈന (g01 3/8)
സാന്റേറിയ “സാന്റേറിയ ഒരുക്കുന്ന കെണി” (ജൂലൈ 8, 2000) എന്ന നിങ്ങളുടെ ഉണരുക! ലേഖനം ആരംഭിച്ചിരിക്കുന്നത് സാന്റേറിയ ക്യൂബയിൽ ആണ് ഏറ്റവും പ്രമുഖമായിരിക്കുന്നതെന്നും അവിടെനിന്നാണ് അത് മറ്റു പല രാജ്യങ്ങളിലേക്കും ക്രമേണ വ്യാപിച്ചത് എന്നും പറഞ്ഞുകൊണ്ടാണ്. എന്നാൽ, കരീബിയൻ ദ്വീപുകളിലേക്കെല്ലാം ഈ മതം കൊണ്ടുവന്നത് നൈജീരിയയിൽനിന്നുള്ള ആഫ്രിക്കൻ അടിമകളാണെന്ന ഒരു ആശയം ലേഖനത്തിന്റെ ഉള്ളിൽ മറഞ്ഞിരിപ്പുണ്ട്. ക്യൂബയിൽനിന്നുള്ള ആളല്ല ഇത് എഴുതിയിരിക്കുന്നത്, മെക്സിക്കോയിൽനിന്നുള്ള ആളാണ്. ഇതിനെയാണ് ‘യെല്ലോ ജേർണലിസം’ എന്നു വിളിക്കുന്നത്. ഇതു നിങ്ങളുടെ വിശ്വാസ്യത നശിക്കുന്നതിന് ഇടയാക്കും.
വി. ആർ., ഐക്യനാടുകൾ
സാന്റേറിയ “ക്യൂബയിൽ ആണ് ഏറ്റവും പ്രമുഖമായിരിക്കുന്നത്” എന്നു സൂചിപ്പിക്കാൻ ഞങ്ങൾ ഒരു പ്രകാരത്തിലും ഉദ്ദേശിച്ചിരുന്നില്ല. നേരെ മറിച്ച്, മെക്സിക്കോയും ഐക്യനാടുകളും ഉൾപ്പെടെയുള്ള ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും സാന്റേറിയ വ്യാപകമായി പ്രചാരത്തിലുണ്ട് എന്നാണ് ഞങ്ങൾ എഴുതിയിരുന്നത്. സാന്റേറിയ മതം പ്രചരിച്ചതിനെക്കുറിച്ച് “എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക” പറയുന്നത് ഇങ്ങനെയാണ്: “ക്യൂബയിൽ ഉത്ഭവിച്ച് അയൽദ്വീപുകളിലേക്കു വ്യാപിച്ച ഒരു ആരാധനാസമ്പ്രദായം ആണ് [സാന്റേറിയ] . . . യോരുബക്കാരുടെ (ആധുനിക നൈജീരിയയിലും ബെനിനിലുമുള്ള) പാരമ്പര്യങ്ങളിൽനിന്നാണ് ഇത് വികാസം പ്രാപിച്ചത്.”—പത്രാധിപർ (g01 3/22)
അന്റാർട്ടിക്ക “ഒടുവിലതാ—അന്റാർട്ടിക്കയിലും” (ആഗസ്റ്റ് 8, 2000) എന്ന ലേഖനം ഞാൻ വീണ്ടും വീണ്ടും വായിച്ചു. ഓസ്ട്രേലിയയിലെ നമ്മുടെ ഉണരുക! ലേഖകനും ലേ ഔട്ട് ആർട്ടിസ്റ്റും ചേർന്ന് അതു വളരെ മനോഹരമാക്കിത്തീർത്തിരിക്കുന്നു! അത് എന്നിൽ ഗതകാലസ്മരണകൾ ഉണർത്തി. ഏതാണ്ട് 45 വർഷം മുമ്പ് അന്താരാഷ്ട്ര ഭൂഭൗതികവർഷത്തിൽ, ഐക്യനാടുകളിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയെ കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ടു. അവരുടെ പഠനഫലങ്ങൾ രേഖപ്പെടുത്താൻ മൂന്നു വലിയ വാല്യങ്ങൾതന്നെ വേണ്ടിവന്നു. ഒരു സ്വതന്ത്ര കലാകാരി എന്ന നിലയിൽ ഞാനായിരുന്നു അവരുടെ ലേ ഔട്ട് ആർട്ടിസ്റ്റ്. ഇന്ന് ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. സുവാർത്തയുടെ ഒരു മുഴുസമയ ശുശ്രൂഷകയായി എന്റെ 16-ാമത്തെ വർഷമാണ് ഇത്. എന്റെ സ്റ്റുഡിയോയിൽ അന്റാർട്ടിക്കയുടെ ധാരാളം ഫോട്ടോകളും ഭൂപടങ്ങളും പ്രദർശിപ്പിച്ചിട്ടുള്ളതിനാൽ ഞാൻ അന്റാർട്ടിക്കയാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് എന്നു പറയാം. ആ ലേഖനത്തിന് വളരെ നന്ദി!
സി. എം., ഐക്യനാടുകൾ (g01 3/8)