‘താത്പര്യമില്ല’ എന്ന് എനിക്ക് എങ്ങനെ പറയാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
‘താത്പര്യമില്ല’ എന്ന് എനിക്ക് എങ്ങനെ പറയാനാകും?
“ഇക്കഴിഞ്ഞ വേനൽക്കാലത്ത് സഭയിലെ ഒരു സഹോദരൻ എന്നെ പ്രേമിച്ചു തുടങ്ങി. ഞാൻ ഒരിക്കലും അദ്ദേഹത്തെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതെ അക്കാര്യം എങ്ങനെ പറയാനാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു.”—എലിസബത്ത്. a
“എനിക്ക് നിങ്ങളെ ഒന്ന് അടുത്തു പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട്.” എപ്പോഴെങ്കിലും ഒരു യുവാവു നിങ്ങളോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഒരു യുവതി b എന്ന നിലയിൽ നിങ്ങൾക്ക് അപ്പോൾ സന്തോഷമോ നിർവൃതിയോ അതിരറ്റ ആവേശം പോലുമോ തോന്നിയിരിക്കാം! അല്ലെങ്കിൽ ഒരുപക്ഷേ തിരിച്ച് എന്തു പറയണമെന്ന് അറിയാതെ നിങ്ങൾ ആകെ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകാം.
ആരെങ്കിലും നിങ്ങളിൽ പ്രേമപൂർവകമായ താത്പര്യം പ്രകടിപ്പിക്കുമ്പോൾ വികാരങ്ങളുടെ ഒരു വേലിയേറ്റംതന്നെ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങൾ വിവാഹ പ്രായത്തിൽ എത്തുകയും അത്തരമൊരു താത്പര്യത്തോടു പ്രതികരിക്കാൻ കഴിയുന്ന സാഹചര്യത്തിലായിരിക്കുകയും ചെയ്യുന്നെങ്കിൽ ഇതു വിശേഷിച്ചും സത്യമാണ്! c എന്നിരുന്നാലും വലിയൊരു അളവുവരെ താത്പര്യം എടുക്കുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ പ്രതികരണം. അയാൾക്കു വൈകാരിക പക്വതയുണ്ടായിരിക്കുകയും നിങ്ങൾക്ക് അയാളോട് ആകർഷണം തോന്നുകയും ചെയ്യുന്ന പക്ഷം അയാളുടെ താത്പര്യത്തോട് പ്രതികരിക്കുക എളുപ്പമായിരുന്നേക്കാം. എന്നാൽ, അനുയോജ്യനായ ഒരു വിവാഹപങ്കാളി ആയിരിക്കാൻ വേണ്ട യോഗ്യതകൾ അയാൾക്ക് ഇല്ലെന്നു വ്യക്തമാണെങ്കിലോ? അല്ലെങ്കിൽ, നല്ല ഗുണങ്ങളെല്ലാം ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് അയാളോടു പ്രേമപൂർവകമായ താത്പര്യം തോന്നുന്നില്ലെങ്കിലോ?
ഇനി, കുറച്ചു നാളായി ഒരു വ്യക്തിയുമായി ഡേറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു യുവതിയുടെ കാര്യം പരിചിന്തിക്കുക. താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയല്ല അയാളെന്ന് അവൾ മനസ്സിലാക്കുന്നു. എന്നാൽ ബന്ധം അവിടെവെച്ച് അവസാനിപ്പിക്കുന്നതിനു പകരം അവൾ അതു തുടർന്നു കൊണ്ടുപോകുന്നു. “താത്പര്യമില്ലെന്ന് എനിക്ക് എങ്ങനെ അദ്ദേഹത്തോടു പറയാൻ കഴിയും?” അവൾ ചോദിക്കുന്നു.
നിങ്ങൾക്കു പ്രേമപൂർവകമായ താത്പര്യം തോന്നാത്തപ്പോൾ
പുരാതന ഗോത്രപിതാക്കന്മാരുടെ കാലങ്ങളിൽ, സാധാരണഗതിയിൽ മാതാപിതാക്കൾ തിരഞ്ഞെടുത്തിരുന്ന വ്യക്തിയെയാണ് മക്കൾ വിവാഹം ചെയ്തിരുന്നത്. (ഉല്പത്തി 24:2-4, 8) പാശ്ചാത്യ നാടുകളിൽ മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ വിവാഹ ഇണയെ സ്വയം തിരഞ്ഞെടുക്കുകയാണു പതിവ്. എന്നാൽ, ഇക്കാര്യത്തിൽ ബൈബിൾ ക്രിസ്ത്യാനികളുടെമേൽ ഒരു നിബന്ധന വെക്കുന്നു, അതായത്, ‘കർത്താവിൽ വിശ്വസിക്കുന്നവനെ മാത്രമേ’ വിവാഹം ചെയ്യാവൂ എന്ന്.—1 കൊരിന്ത്യർ 7:39.
എന്നാൽ നിങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുകയോ കുറച്ചുകാലം നിങ്ങളുമായി ഡേറ്റിങ്ങിൽ ഏർപ്പെടുകയോ ഉത്തമഗീതം 2:7, പി.ഒ.സി ബൈബിൾ) വികാരങ്ങളിൽ മാത്രം അധിഷ്ഠിതമായ ഒരു തീരുമാനം എടുക്കാൻ തക്കവണ്ണം മറ്റുള്ളവർ തന്റെമേൽ സമ്മർദം ചെലുത്താൻ വിവേകമതിയായ ആ യുവതി ആഗ്രഹിച്ചില്ല. എളിയവനായ ഒരു ആട്ടിടയനെ സ്നേഹിച്ചിരുന്ന അവൾക്ക് ശലോമോനോട് പ്രേമപൂർവകമായ താത്പര്യം തോന്നിയില്ല.
ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഒരു സഹവിശ്വാസിയെ, അത് ആരായിരുന്നാലും ശരി, വിവാഹം ചെയ്യണം എന്നാണോ ഇതിന്റെ അർഥം? ബൈബിളിൽ കാണുന്ന ഒരു ഗ്രാമീണ പെൺകുട്ടിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. മധ്യപൂർവ ഗ്രാമമായ ശൂനേമിലാണ് അവൾ താമസിച്ചിരുന്നത്. അവിടത്തെ രാജാവായ ശലോമോൻ അവളെ കാണുകയും പ്രേമപരവശനായിത്തീരുകയും ചെയ്തു. എന്നാൽ അദ്ദേഹം അവളെ സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ ആ പെൺകുട്ടി അതിനെ എതിർത്തു. കൂടാതെ, അവൾ രാജകൊട്ടാരത്തിലെ പരിചാരികമാരോട് “സമയമാകുംമുമ്പ് . . . പ്രേമത്തെ തട്ടിയുണർത്തരുതേ; ഇളക്കിവിടരുതേ” എന്ന് അപേക്ഷിക്കുകയും ചെയ്തു. (ഇന്ന് വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവർക്ക് ഇതിൽനിന്നു പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനാകും: ഏതൊരാളെയും പ്രേമിക്കാൻ നിങ്ങൾക്കാവില്ല. അതുകൊണ്ട് കുറച്ചുനാൾ ഒരാളുമായി ഡേറ്റിങ്ങിൽ ഏർപ്പെട്ട ശേഷം പോലും തനിക്ക് അയാളോട് അനുരാഗം തോന്നുന്നില്ലെന്ന് ഒരു യുവതി കണ്ടെത്തിയേക്കാം. ഒരുപക്ഷേ ആ വ്യക്തിയിൽ കാണുന്ന എന്തെങ്കിലും സ്വഭാവ വൈകല്യം നിമിത്തമായിരിക്കാം അത്. അല്ലെങ്കിൽ അവൾക്ക് അയാളോടു വൈകാരിക അടുപ്പം തോന്നുന്നില്ലായിരിക്കാം. അത്തരം യാഥാർഥ്യങ്ങളെ അവഗണിക്കുന്നത് വിഡ്ഢിത്തം ആയിരിക്കും. അവയ്ക്കു നേരെ കണ്ണടച്ചതുകൊണ്ടുമാത്രം അവ ഇല്ലാതാകുകയില്ല. d താനുമായി ഡേറ്റിങ്ങിൽ ഏർപ്പെട്ടുകൊണ്ടിരുന്ന വ്യക്തിയെ കുറിച്ചു തമാര ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തെ സംബന്ധിച്ച് എനിക്ക് വളരെയേറെ സംശയങ്ങൾ ഉണ്ടായിരുന്നു. ചെറിയ ചെറിയ സംശയങ്ങളല്ല, മറിച്ച് അദ്ദേഹത്തോടൊപ്പം ആയിരിക്കുമ്പോൾ പിരിമുറുക്കവും ഉത്കണ്ഠയും തോന്നത്തക്കവിധത്തിലുള്ളവ.” ഈ കാരണത്താൽ ആ ബന്ധം അവസാനിപ്പിക്കുന്നതാണ് ഉത്തമമെന്ന് അവൾക്കു പിന്നീടു മനസ്സിലായി.
താത്പര്യമില്ല എന്നു പറയുന്നത് ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
എന്നാൽ, ഒരു യുവാവിനോട് അയാളെ വിവാഹം കഴിക്കാൻ താത്പര്യമില്ല എന്നു പറയുന്നത് വിചാരിക്കുന്നത്ര എളുപ്പമായിരിക്കണമെന്നില്ല. തുടക്കത്തിൽ പരാമർശിച്ച എലിസബത്തിനെ പോലെ, നിങ്ങൾ പറയുന്നത് അയാളെ വേദനിപ്പിക്കുമെന്ന ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കാം. നാം മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കണം എന്നതു ശരിതന്നെ. ‘മനസ്സലിവു ധരിച്ചുകൊള്ളാനും’ മറ്റുള്ളവർ നമ്മോടു പെരുമാറാൻ നാം ആഗ്രഹിക്കുന്നതുപോലെ അവരോടു പെരുമാറാനും ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:12; മത്തായി 7:12) എന്നാൽ ഈ യുവാവിനെ നിരാശപ്പെടുത്തുകയോ മുറിപ്പെടുത്തുകയോ ചെയ്യാതിരിക്കാൻ വേണ്ടിമാത്രം നിങ്ങൾ സ്വന്തം വികാരങ്ങൾ മറച്ചുവെച്ച് അഭിനയിക്കണം എന്നാണോ അതിന്റെ അർഥം? ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ യഥാർഥ വികാരങ്ങൾ അയാൾ മനസ്സിലാക്കും. അപ്പോൾ, നിങ്ങൾ സത്യസന്ധത പ്രകടമാക്കാതിരിക്കുകയും യഥാർഥ വികാരങ്ങൾ വെളിപ്പെടുത്താൻ വൈകുകയും ചെയ്തതു നിമിത്തം അയാൾക്കു കൂടുതൽ വേദന അനുഭവപ്പെടാനാണ് സാധ്യത. സഹതാപം തോന്നുന്നതുകൊണ്ടു മാത്രം ആ ചെറുപ്പക്കാരനെ വിവാഹം ചെയ്യുന്നത് അതിനെക്കാൾ കഷ്ടമാണ്. സഹതാപം എന്നത് ഒരു വിവാഹബന്ധം പടുത്തുയർത്താൻ പറ്റിയ അടിസ്ഥാനമല്ല.
എന്നാൽ ഒരുപക്ഷേ, ‘ഇയാളെ വേണ്ടെന്നു വെച്ചിട്ട് പിന്നെ വേറെ ആരെയും കിട്ടിയില്ലെങ്കിലോ’ എന്ന ചിന്ത നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടാകാം. ടീൻ മാസികയിലെ ഒരു ലേഖനത്തിൽ പറഞ്ഞതുപോലെ ഒരു പെൺകുട്ടി ഇങ്ങനെ ചിന്തിച്ചേക്കാം: “എന്റെ സങ്കൽപ്പത്തിലുള്ള ആളല്ല ഇദ്ദേഹം. എന്നാലും വേണ്ടില്ല, ഇദ്ദേഹത്തെത്തന്നെ വിവാഹം കഴിച്ചേക്കാം, എനിക്ക് മറ്റാരെ കിട്ടാനാ. ഏതായാലും ഒറ്റയ്ക്കായിരിക്കാൻ എനിക്കാവില്ല.” ഒരു കൂട്ടുണ്ടായിരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ശക്തമാണ് എന്നതു ശരി തന്നെ. എന്നിരുന്നാലും ആരെങ്കിലും ഒരാൾ കൂടെയുണ്ടായതുകൊണ്ടു മാത്രം ഈ ആഗ്രഹം നിവൃത്തിയാകില്ല. അതിന്, നിങ്ങൾക്ക് യഥാർഥത്തിൽ സ്നേഹിക്കാൻ കഴിയുന്ന, വിവാഹത്തോടനുബന്ധിച്ച തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രാപ്തനായ ഒരുവനെ കണ്ടെത്തേണ്ടതുണ്ട്. (എഫെസ്യർ 5:32) അതുകൊണ്ട് എടുത്തുചാടി ഒരു തീരുമാനം എടുക്കാതിരിക്കുക! തിടുക്കത്തിൽ വിവാഹം ചെയ്തിട്ടുള്ള പലർക്കും പിന്നീട് ഖേദിക്കേണ്ടി വന്നിട്ടുണ്ട്.
ഇനി മറ്റു ചിലർ, തങ്ങൾ ഡേറ്റിങ് നടത്തുന്ന വ്യക്തിക്ക് ഗുരുതരമായ ചില വ്യക്തിത്വ വൈകല്യങ്ങൾ ഉണ്ടെന്നു മനസ്സിലാക്കിയാൽപ്പോലും ബന്ധം തുടർന്നുകൊണ്ടു പോയേക്കാം. ‘കുറച്ചു കൂടെ സമയം നൽകിയാൽ അദ്ദേഹം ഒരുപക്ഷേ മാറ്റം വരുത്തിയേക്കും’ എന്ന് അവർ ന്യായവാദം ചെയ്യുന്നു. എന്നാൽ അത് വാസ്തവത്തിൽ ജ്ഞാനപൂർവകമാണോ? മോശമായ ശീലങ്ങളും പെരുമാറ്റ രീതികളും മിക്കപ്പോഴും ഒരാളുടെ വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നവയാണ്. അവ മാറ്റിയെടുക്കാൻ വളരെ പ്രയാസമാണ്. ഇനിയിപ്പോൾ അയാൾ പെട്ടെന്നുതന്നെ വലിയ ചില മാറ്റങ്ങൾ വരുത്തുന്നു എന്നിരിക്കട്ടെ. ആ
മാറ്റങ്ങൾ സ്ഥിരമായിരിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ? ഇങ്ങനെയൊരു സാഹചര്യത്തിലകപ്പെട്ട കാരെൻ എന്ന യുവതി, താൻ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരുന്ന വ്യക്തിക്കും തനിക്കും ഒരേ ലക്ഷ്യങ്ങളല്ല ഉള്ളതെന്നു മനസ്സിലാക്കിയപ്പോൾ ആ ബന്ധം അവസാനിപ്പിക്കാൻ ജ്ഞാനപൂർവം തീരുമാനിച്ചു. അവൾ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അദ്ദേഹത്തോട് എനിക്കു ശാരീരികമായ ആകർഷണം തോന്നിയിരുന്നതിനാൽ അതു വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ചെയ്യേണ്ട ശരിയായ സംഗതി അതാണെന്ന് എനിക്ക് അറിയാമായിരുന്നു.”ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക
ഒരാളുടെ പ്രേമപൂർവകമായ താത്പര്യത്തെ നിരസിക്കുക എന്നത് തീർച്ചയായും എളുപ്പമല്ല. അതിലോലമായ ഒരു വസ്തു അടങ്ങിയിട്ടുള്ള ഒരു പായ്ക്കറ്റിന്റെ കാര്യത്തിലെന്ന പോലെ ഇത്തരമൊരു സാഹചര്യത്തെ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രയോജനപ്രദമായേക്കാവുന്ന ചില നിർദ്ദേശങ്ങൾ ഇതാ:
മാതാപിതാക്കളുമായോ സഭയിലെ പക്വതയുള്ള ഒരു വ്യക്തിയുമായോ ഇതിനെ കുറിച്ചു സംസാരിക്കുക. നിറവേറ്റപ്പെടാൻ ഇടയില്ലാത്ത പ്രതീക്ഷകളാണോ നിങ്ങൾക്കുള്ളതെന്നു മനസ്സിലാക്കാൻ അവർക്കു നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.
വളച്ചുകെട്ടില്ലാതെ കാര്യം തുറന്നു പറയുക. നിങ്ങളുടെ നിലപാടു സംബന്ധിച്ച് അയാൾക്ക് എന്തെങ്കിലും സംശയത്തിന് ഇടം കൊടുക്കരുത്. “ഇഷ്ടമില്ല” എന്നു പറഞ്ഞാൽത്തന്നെ മിക്കവരും പിൻവാങ്ങിക്കൊള്ളും. വേണ്ടിവന്നാൽ, “ക്ഷമിക്കണം, എനിക്ക് ഒട്ടും താത്പര്യമില്ല” എന്നിങ്ങനെ കുറച്ചുകൂടെ ശക്തമായ ഭാഷ ഉപയോഗിക്കാൻ കഴിയും. കുറച്ചു കൂടെ ശ്രമിച്ചാൽ നിങ്ങൾ മനസ്സുമാറ്റിയേക്കും എന്നൊരു ധാരണ അയാൾക്കു കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് അയാളോട് പ്രേമപൂർവകമായ വികാരങ്ങളില്ല എന്നു വ്യക്തമാക്കുന്നത് ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും കൂടുതൽ എളുപ്പത്തിൽ നിരാശയെ തരണം ചെയ്യുന്നതിനും അയാളെ സഹായിക്കും.
സത്യസന്ധതയോടൊപ്പം നയവും പ്രകടമാക്കുക. സദൃശവാക്യങ്ങൾ 12:18 ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു.” കാര്യങ്ങൾ തുറന്നു പറയുന്നത് പ്രധാനമാണെങ്കിലും നമ്മുടെ വാക്കുകൾ ‘ഉപ്പിനാൽ രുചി വരുത്തിയത് ആയിരിക്കണം’ എന്നു ബൈബിൾ പറയുന്നു.—കൊലൊസ്സ്യർ 4:6.
നിങ്ങളുടെ തീരുമാനത്തോടു പറ്റിനിൽക്കുക. നിങ്ങളുടെ തീരുമാനത്തിനു പിന്നിലെ കാരണങ്ങൾ അറിയാത്ത സുഹൃത്തുക്കൾ ചിലപ്പോൾ സദുദ്ദേശ്യത്തോടെതന്നെ ഒരു പുനർവിചിന്തനത്തിനു സമ്മർദം ചെലുത്തിയേക്കാം. എന്നാൽ നിങ്ങളുടെ തീരുമാനത്തിന്റെ ഫലം അന്തിമമായി അനുഭവിക്കേണ്ടി വരുന്നത് നിങ്ങളാണ് അല്ലാതെ സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളല്ല.
നിങ്ങളുടെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക. മുമ്പ് നിങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നിരിക്കാം. കാര്യങ്ങൾ വീണ്ടും പഴയതുപോലെ ആയിത്തീരാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മിക്കപ്പോഴും അത് അപ്രായോഗികമോ അസാധ്യമോ ആണ്. അയാൾക്ക് നിങ്ങളോട് ഇപ്പോൾ പ്രേമപൂർവകമായ വികാരങ്ങളാണ് ഉള്ളത്. ആ വികാരങ്ങളെ അവഗണിച്ചുകൊണ്ട് ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറാൻ അയാൾക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നത് യാഥാർഥ്യബോധത്തിനു നിരക്കുന്നതാണോ? നിങ്ങൾ അന്യോന്യം സൗഹാർദപൂർവം പെരുമാറുന്നതു നല്ലതാണെങ്കിലും ക്രമമായി ഫോണിൽ സംസാരിക്കുന്നതോ ഒരുപാടു സമയം ഒരുമിച്ച് ചെലവഴിക്കുന്നതോ അയാളുടെ വേദന കൂട്ടുകയേ ഉള്ളൂ. അതുവഴി അയാളുടെ വികാരങ്ങളെയിട്ടു പന്താടുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്. അത് ഒട്ടും ദയ ആയിരിക്കുകയില്ല.
അന്യോന്യം ‘സത്യം സംസാരിക്കാൻ’ അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചു. (എഫെസ്യർ 4:25) അത് അത്ര എളുപ്പമല്ലെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അതു നിങ്ങൾ രണ്ടു പേരെയും സഹായിക്കും. (g01 3/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ യഥാർഥമല്ല.
b ഈ ലേഖനം യുവതികളെ സംബോധന ചെയ്തുകൊണ്ടുള്ളതാണെങ്കിലും ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ യുവാക്കൾക്കും ബാധകമാണ്.
c തീരെ ചെറുപ്പത്തിൽ ഡേറ്റിങ് നടത്തുന്നതിന്റെ അപകടങ്ങളെ കുറിച്ച് 2001 ഫെബ്രുവരി 8 ലക്കം ഉണരുക!യിൽ ചർച്ച ചെയ്തിട്ടുണ്ട്.
d 1988 ജൂലൈ 22 ലക്കം ഉണരുക!യിൽ [ഇംഗ്ലീഷ്] വന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . ഞങ്ങൾ ബന്ധം അവസാനിപ്പിക്കണമോ?” എന്ന ലേഖനം കാണുക.
[17-ാം പേജിലെ ആകർഷകവാക്യം]
ഏതൊരാളെയും പ്രേമിക്കാൻ നിങ്ങൾക്കാവില്ല
[18-ാം പേജിലെ ചിത്രം]
നിങ്ങളുടെ നിലപാട് എന്താണെന്നു വളച്ചുകെട്ടില്ലാതെ തുറന്നു പറയുക