നമീബിയയിലെ മാറിക്കൊണ്ടിരിക്കുന്ന ശിൽപ്പങ്ങൾ
നമീബിയയിലെ മാറിക്കൊണ്ടിരിക്കുന്ന ശിൽപ്പങ്ങൾ
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ശിൽപ്പിയുടെ രചനാശൈലി സദാ മാറിക്കൊണ്ടിരിക്കുന്നു എങ്കിലും ശിൽപ്പങ്ങൾ മനോഹരമാണ്. മണലിൽ തീർത്ത ഈ ശിൽപ്പങ്ങളുടെ ശിൽപ്പി ആരെന്നല്ലേ? ചലിക്കുന്ന മണൽക്കുന്നുകളെ വിശേഷപ്പെട്ട ആകൃതികളിൽ മെനയുന്ന കാറ്റുതന്നെ. ഈ വ്യത്യസ്ത ആകൃതികളിൽ ഏറ്റവും പ്രസിദ്ധം ചന്ദ്രക്കലയുടെ ആകൃതിയാണ്. കാറ്റിന് അഭിമുഖമായുള്ള വശത്ത് “ശിൽപ്പത്തിന്” ചെരിവു കുറവാണ്. കാറ്റു തട്ടാത്ത വശത്തിനാകട്ടെ ഉയരം കുറവും ചെരിവു കൂടുതലും. ഇതിന്റെ മുകൾഭാഗം നല്ല മൂർച്ചയുള്ളതായി കാണപ്പെടുന്നെങ്കിലും കാലെങ്ങാനും അറിയാതെ ഒന്നു കൊണ്ടാൽമതി ഒക്കെ തകർന്നുവീഴാൻ.
തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ നമീബ് മരുഭൂമി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ശിൽപ്പങ്ങളെ നിരീക്ഷിക്കാൻ പറ്റിയ ഒരു സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മണൽക്കുന്നുകളിൽ ചിലവ—400 മീറ്ററിൽ കൂടുതൽ ഉയരമുള്ളവ—ഇവിടെയുണ്ട്. എങ്കിലും, ലോകത്തിലെ വലിയ മരുഭൂമികളെ അപേക്ഷിച്ച് നമീബ് മരുഭൂമിക്ക് വിസ്തീർണം കുറവാണ്. അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് കരയിലേക്ക് വ്യാപിച്ചു കിടക്കുന്ന അതിന് 1,900
കിലോമീറ്റർ നീളമുണ്ട്. ഏറ്റവും കൂടിയ വീതി ഏകദേശം 160 കിലോമീറ്റർ ആണ്.രചനയിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു ശിൽപ്പികൾ
ഈ വിദൂര ‘ശിൽപ്പപ്രദർശനശാല’യിലെ ശിൽപ്പങ്ങളുടെ പിന്നിൽ കാറ്റു മാത്രമല്ല ശിൽപ്പിയായി പ്രവർത്തിച്ചിട്ടുള്ളത്. ഈ മണൽക്കുന്നുകളെ ഒന്നുകൂടെ അടുത്തു പരിശോധിച്ചാൽ മറ്റു ശിൽപ്പികളുടെ വ്യതിരിക്തങ്ങളായ കലാസൃഷ്ടികളും നമുക്കു കാണാൻ സാധിക്കും. ഉദാഹരണത്തിന്, നല്ല ഭംഗിയും നീളവുമുള്ള ഒരു മാല മണലിൽ അലസമായി എറിഞ്ഞിരിക്കുന്നതുപോലെ തോന്നുന്ന ഒരു രൂപം നിങ്ങൾ കണ്ടേക്കാം. അവിടെത്തന്നെ കുറെസമയം കാത്തു നിൽക്കുന്നെങ്കിൽ, ആ രചനയിലേർപ്പെട്ടിരിക്കുന്ന ശിൽപ്പികളെയും നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. ഈ “മാല” ഉണ്ടായിരിക്കുന്നത് എങ്ങനെയാണെന്നോ? രാത്രിയിൽ മണലിലൂടെ കടന്നുപോയ വണ്ടുകളുടെ കാൽപ്പാടുകളാൽ. “മാല”യിൽനിന്ന് അധികം ദൂരെയല്ലാതെ മണലിൽ കൊച്ചുകൊച്ചു കുഴികളുടെ ഒരു നിരതന്നെ നിങ്ങൾക്കു കാണാൻ കഴിയും, ഏതാണ്ട് ഒരേപോലുള്ള കുഴികൾ. അതാകട്ടെ, തന്റെ ലക്ഷ്യസ്ഥാനത്തേക്കു ചാടിച്ചാടിപ്പോയ ഒരു ആനപ്പന്തെലിയുടെ കാൽപ്പാടുകളാണ്. തരിശായി കാണപ്പെടുന്ന, ഈ വിദൂര ശിൽപ്പപ്രദർശനശാല ജീവജാലങ്ങളാൽ സമൃദ്ധമാണെന്ന് പെട്ടെന്നുതന്നെ നിങ്ങൾക്കു മനസ്സിലാകുന്നു.
വടക്കോട്ടു മാറി, സ്കെലിട്ടൻ കോസ്റ്റിൽ മരുഭൂമിയിലെ മറ്റു ശിൽപ്പികളുടെ നിർമിതികൾ നിങ്ങൾക്കു കാണാൻ കഴിയും. മണലിനെ യാതൊരു മയവുമില്ലാതെയാണ് അവ കൈകാര്യം ചെയ്യുന്നത്. ഫലമോ? ആകെ അലങ്കോലപ്പെട്ട കുറെ ശിൽപ്പങ്ങൾ. അതാ നോക്കൂ! മണൽക്കുന്നുകളിലൂടെ ചാടിമറിഞ്ഞ് അവ എത്തിക്കഴിഞ്ഞല്ലോ. ഒന്നുറപ്പാണ്, അവ തങ്ങളുടെ നിർമാണപ്രവർത്തനം ശരിക്കും ആസ്വദിക്കുന്നുണ്ട്. നാനാദിശകളിലേക്കും മണൽവാരി എറിഞ്ഞുകൊണ്ട് അമ്പരപ്പിക്കുന്ന വേഗത്തിലാണ് ഈ വലിയ ജീവികൾ മണൽക്കുന്നുകളിലൂടെ ഓടിയിറങ്ങി വരുന്നത്. ഓട്ടംകൊണ്ടുമാത്രം തൃപ്തരാവാതെ അവ മണലിൽ ചാലുകൾ കീറിക്കൊണ്ട് പിൻകാലുകൾ വലിച്ചിഴച്ച് ഊർന്നിറങ്ങുന്നുമുണ്ട്. പിന്നെ അവ അടുത്തുള്ള ഒരു ജലാശയത്തിലേക്കു കുതിക്കുകയായി. വെള്ളത്തിൽച്ചാടി അവ കളിച്ചുതിമിർക്കുകയാണ്, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കുട്ടികളെപ്പോലെ. ഇവർ ആരാണെന്ന് അറിയേണ്ടേ? മറ്റാരുമല്ല, ആഫ്രിക്കൻ ആനകൾ. ഈ ശിൽപ്പികൾക്ക് ഓരോന്നിനും ഏകദേശം ആറു ടൺ ഭാരമുണ്ടാകും!
അത്രതന്നെ പരുക്കനല്ലെങ്കിലും, കൗതുകകരമായ രീതികൾ ഉപയോഗിക്കുന്ന മറ്റൊരു വിചിത്ര ശിൽപ്പിയാണ് പേരിൻഗ്വേസ് അണലി. മണലിൽ ഇവ കോറിയിടുന്ന വ്യക്തമായ ചിത്രങ്ങൾ കണ്ടാൽ വളഞ്ഞ കമ്പുകൾ നിരത്തിവെച്ചിരിക്കുകയാണെന്നേ തോന്നൂ. ഇവ ഉടൽ ഒരു പ്രത്യേകരീതിയിൽ ചലിപ്പിച്ച് വശങ്ങളിലേക്ക് നീങ്ങുമ്പോൾ അവശേഷിക്കുന്ന പാടുകളാണ് ഈ ചിത്രങ്ങൾ. പെട്ടെന്നതാ ഈ പാടുകൾ അവസാനിക്കുന്നു, അവിടെങ്ങും അണലിയുടെ ഒരു സൂചന പോലുമില്ല. അത് എവിടെപ്പോയി? വളരെ ശ്രദ്ധാപൂർവം നോക്കിയാൽ കാണാം, കൊച്ചുവിടവുകൾ പോലെ തോന്നിക്കുന്ന രണ്ടു കണ്ണുകൾ മണലിലൂടെ നിങ്ങളെ സൂക്ഷിച്ചുനോക്കുന്നത്. പാമ്പ് അതിന്റെ ബാക്കിഭാഗം മുഴുവനും മണലിൽ പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഇങ്ങനെ തന്നെത്താൻ ഒളിപ്പിച്ചുവെച്ച് അത് തന്റെ ഇരയ്ക്കായി ക്ഷമാപൂർവം കാത്തുകിടക്കുകയാണ്. അതിലേ കടന്നുപോകുന്ന പല്ലിവർഗത്തിൽപ്പെട്ട ഒരു ജീവിയായിരിക്കാം മിക്കവാറും ആ പാവം ഇര.
മണലിൽ കാണുന്ന മറ്റൊരു ചിത്രം ഒരുപക്ഷേ അത്രതന്നെ സുന്ദരമല്ലാത്തതാണ്. മരുഭൂമിയിലെ യാത്രയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്നു ചക്രങ്ങളുള്ള മോട്ടോർസൈക്കിളുകളുടെ ടയറുകൾ വീഴ്ത്തിയ വീതി കൂടിയ പാടുകളാണ് അവ. മനുഷ്യനും അവിടെ തന്റേതായ മുദ്രകൾ പതിപ്പിച്ചിരിക്കുന്നു.
രൂപഭേദം വരുത്തിക്കൊണ്ടേയിരിക്കുന്ന ഒരു ശിൽപ്പി
മണലിൽ തങ്ങളുടേതായ മുദ്രകൾ പതിപ്പിക്കുന്ന വേറെയും ജീവികളുണ്ട്. വളരെയേറെ ഉള്ളതിനാൽ എല്ലാറ്റിനെയും പേരെടുത്തു പരാമർശിക്കാനാവില്ല. സ്കെലിട്ടൻ കോസ്റ്റ് വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും മറ്റിടങ്ങളിലും കാണപ്പെട്ടേക്കാവുന്ന കാണ്ടാമൃഗങ്ങൾ, സിംഹങ്ങൾ, ജിറാഫുകൾ, കുറുക്കന്മാർ എന്നിവയൊക്കെ അതിൽപ്പെടുന്നു.
എന്നാൽ, മുഖ്യശിൽപ്പി കാറ്റുതന്നെയാണ്. പ്രദർശനശാല കാഴ്ചയ്ക്ക് പൊതുവെ എങ്ങനെയിരിക്കണമെന്നു തീരുമാനിക്കുകയും തനിക്കു തോന്നിയ രീതിയിൽ ശിൽപ്പങ്ങളുടെ ആകൃതിക്കു വ്യതിയാനം വരുത്തുകയും ചെയ്യുന്നത് കാറ്റാണ്. അത് എന്നും മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുന്നു. ഒരു വർഷത്തിനുശേഷം വീണ്ടും നിങ്ങൾ ഈ പ്രദർശനശാല സന്ദർശിക്കുകയാണെങ്കിൽ ചില മണൽക്കുന്നുകൾക്ക് 30 മീറ്റർവരെ സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നതായി നിങ്ങൾ കണ്ടേക്കാം! അതാണ് നമീബിയയിലെ കാറ്റിന്റെ വിരുത്. (g01 3/8)
[15-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ആഫ്രിക്ക
നമീബിയ
[14-ാം പേജിലെ ചിത്രങ്ങൾ]
ആനപ്പന്തെലി
[14-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Des and Jen Bartlett