നമ്മുടെ സൂര്യന്റെ അനന്യസാധാരണ സവിശേഷതകൾ
നമ്മുടെ സൂര്യന്റെ അനന്യസാധാരണ സവിശേഷതകൾ
നിങ്ങൾ ഈ ലേഖനം വായിക്കുന്ന സമയത്ത്, ഒന്നുകിൽ സൂര്യൻ ഉദിച്ചുയർന്നിട്ടുണ്ട് അല്ലെങ്കിൽ അതിനായി ഏതാനും മണിക്കൂർ കാത്തിരിക്കേണ്ടതുണ്ടായിരിക്കാം. ഇത് പ്രാധാന്യം അർഹിക്കുന്ന സംഗതിയാണോ? ഉവ്വ്, സൂര്യന്റെ പ്രഭാകിരണങ്ങൾ ഇല്ലെങ്കിൽ, നിങ്ങൾ ഉൾപ്പെടെയുള്ള ശതസഹസ്രകോടിക്കണക്കിനു ജീവജാലങ്ങൾക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കാനാവില്ല. ഏകകോശ ജീവിയായ ബാക്ടീരിയ മുതൽ കൂറ്റൻ തിമിംഗിലങ്ങൾ വരെയുള്ള ദശലക്ഷക്കണക്കിനു വരുന്ന വിവിധ ജീവിവർഗങ്ങൾ ഈ ഗ്രഹത്തിൽനിന്ന് അപ്രത്യക്ഷമാകും.
സൂര്യനിൽനിന്നു ബഹിർഗമിക്കുന്ന ഊർജത്തിന്റെ ഏതാണ്ട് 200 കോടിയിൽ ഒരു അംശം മാത്രമേ നമ്മുടെ ഗ്രഹത്തിൽ എത്തിച്ചേരുന്നുള്ളു എന്നതു ശരിതന്നെ. എങ്കിലും, ഭൂമിയിലെ ജീവജാലങ്ങളെ പരിപോഷിപ്പിക്കാനും നിലനിറുത്താനും സൗര “മേശ”യിൽനിന്നു വീഴുന്ന ആ “നുറുങ്ങുകൾ” ധാരാളം മതി. മാത്രമല്ല, സൗരോർജത്തിന്റെ ഈ തുച്ഛമായ അളവ് പാഴാക്കാതെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നമ്മുടെ ആധുനിക സമൂഹത്തിന്റെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടതിലും അധികമുണ്ടായിരിക്കും അത്.
മിക്ക ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളും സൂര്യനെ വിശേഷിപ്പിക്കുന്നത് ഒരു ശരാശരി നക്ഷത്രം അഥവാ “ഒരു സാധാരണ ജ്യോതിർവസ്തു” എന്നാണ്. എന്നാൽ സൂര്യൻ എല്ലാ പ്രകാരത്തിലും “ഒരു സാധാരണ ജ്യോതിർവസ്തു” ആണോ? സൂര്യൻ അനന്യസാധാരണ സവിശേഷതകളുള്ള ഒരു ഗോളമാണെന്ന്, സിയാറ്റ്ലിലുള്ള വാഷിങ്ടൺ സർവകലാശാലയിലെ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനായ ഗെല്യെർമോ ഗൊൺസാലിസ് അഭിപ്രായപ്പെടുന്നു. ജീവനു വേണ്ടിയുള്ള മറ്റു ഗ്രഹങ്ങളിലെ തിരച്ചിലിനെ ഇതു ബാധിക്കണമോ? ഗൊൺസാലിസ് ഉത്തരം നൽകുന്നു: “ബുദ്ധിശക്തിയുള്ള ജീവജാലങ്ങളെ നിലനിറുത്താൻ പ്രാപ്തമായ നക്ഷത്രങ്ങൾ ആളുകൾ വിചാരിക്കുന്നതിനെക്കാൾ കുറവേ ഉള്ളൂ.” അദ്ദേഹം ഇങ്ങനെ തുടർന്നു: “ജ്യോതിശ്ശാസ്ത്രജ്ഞർ തങ്ങളുടെ തിരച്ചിൽ, സൂര്യനെ പോലെ അസാധാരണ സവിശേഷതകളുള്ള നക്ഷത്രങ്ങളിൽ പരിമിതപ്പെടുത്താത്തപക്ഷം അവർ തങ്ങളുടെ സമയത്തിന്റെ നല്ലൊരു പങ്കും വെറുതെ പാഴാക്കിക്കളയുകയാണ്.”
ജീവൻ നിലനിറുത്താൻ സൂര്യനെ പ്രാപ്തമാക്കുന്ന ചില സവിശേഷതകൾ എന്തെല്ലാമാണ്? ഇവയെ കുറിച്ച് പരിചിന്തിക്കുമളവിൽ, പ്രപഞ്ചത്തിന്റെ ഭൗതികശാസ്ത്രത്തെ കുറിച്ചുള്ള പല പ്രസ്താവനകളും സൈദ്ധാന്തിക സ്വഭാവമുള്ളതാണെന്ന കാര്യം നാം മനസ്സിൽ പിടിക്കണം.
അമ്പരപ്പിക്കുന്ന സവിശേഷതകൾ
● ഒറ്റയാൻ നക്ഷത്രം: സൂര്യന്റെ സമീപത്തുള്ള 85 ശതമാനം നക്ഷത്രങ്ങളും അന്യോന്യം പരിക്രമണം ചെയ്യുന്ന രണ്ടോ അതിലധികമോ നക്ഷത്രങ്ങളുടെ കൂട്ടങ്ങളായാണ് സ്ഥിതിചെയ്യുന്നതെന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഈ നക്ഷത്രങ്ങൾ ഗുരുത്വാകർഷണ ശക്തിയാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ, സൂര്യൻ തനിച്ചാണു നിൽക്കുന്നത്. “ഒരു ഒറ്റയാൻ നക്ഷത്രം എന്ന നിലയിലുള്ള സൂര്യന്റെ അവസ്ഥ അസാധാരണമായി തോന്നുന്നു,” എന്ന് ജ്യോതിശ്ശാസ്ത്രജ്ഞനായ കെന്നത്ത് ജെ. എച്ച്. ഫിലിപ്സ് സൂര്യനിലേക്കുള്ള വഴികാട്ടി (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു. സൂര്യൻ ഇങ്ങനെ തനിച്ചു നിൽക്കുന്നതിനാൽ ഭൂമിയുടെ പരിക്രമണപഥം കൂടുതൽ സ്ഥിരതയുള്ളതാണെന്നും അത്, ഈ ഗോളത്തിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു എന്നും ഗൊൺസാലിസ് പറയുന്നു.
● ഉയർന്ന ദ്രവ്യമാനമുള്ള ഒരു നക്ഷത്രം: ഗൊൺസാലിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ന്യൂ സയന്റിസ്റ്റ് മാസിക സൂര്യന്റെ മറ്റൊരു സവിശേഷത ചൂണ്ടിക്കാണിക്കുന്നു. “അത് അതിന്റെ സമീപത്തുള്ള ഏറ്റവുമധികം ദ്രവ്യമാനമുള്ള 10 ശതമാനം നക്ഷത്രങ്ങളിൽ ഒന്നാണ്.” ഫിലിപ്സ് പറയുന്നു: “സൗരയൂഥത്തിന്റെ ദ്രവ്യമാനത്തിന്റെ 99.87 ശതമാനവും സൂര്യനിലാണ്. തത്ഫലമായി സൂര്യൻ സൗരയൂഥത്തിലെ എല്ലാ ഗോളങ്ങളുടെമേലും ഗുരുത്വാകർഷണപരമായി നിയന്ത്രണം ചെലുത്തുന്നു.”
സൂര്യനിൽനിന്ന് താരതമ്യേന അകലെയായിരിക്കാനും—15 കോടി കിലോമീറ്റർ—അതേസമയം സൂര്യന്റെ ആകർഷണ വലയത്തിൽത്തന്നെ ആയിരിക്കാനും ഭൂമിക്കു സാധിക്കുന്നത് സൂര്യന്റെ ഈ സവിശേഷത മൂലമാണ്. സൂര്യന്റെ ചൂടേറ്റ് പൊള്ളിച്ചാകുന്നതിൽനിന്ന് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഈ അകലമാണ്.
● ഘന മൂലകങ്ങൾ: സൂര്യനിൽ, അതിന്റെ അതേ പ്രായത്തിലും ഇനത്തിലും പെട്ട മറ്റു നക്ഷത്രങ്ങളിൽ ഉള്ളതിനെക്കാൾ 50 ശതമാനം കൂടുതൽ ഘന മൂലകങ്ങൾ—കാർബൺ, നൈട്രജൻ, ഓക്സിജൻ, മഗ്നീഷ്യം, സിലിക്കൺ, ഇരുമ്പ്—ഉണ്ടെന്ന് ഗൊൺസാലിസ് പറയുന്നു. ഇക്കാര്യത്തിൽ നമ്മുടെ സൂര്യൻ അതിന്റെ തരപ്പടിക്കാരെക്കാൾ മികച്ചുനിൽക്കുന്നു. “ഘന മൂലകങ്ങളുടെ അളവ് സൂര്യനിൽ വളരെ കുറവാണ്. എന്നാൽ ചില നക്ഷത്രങ്ങളിൽ . . . അവയുടെ അളവ് അതിലേറെ കുറവാണ്” എന്ന് ഫിലിപ്സ് പറയുന്നു. വാസ്തവത്തിൽ, സൂര്യനെ പോലെ, കൂടുതൽ ഘന മൂലകങ്ങൾ അടങ്ങിയിരിക്കുന്ന നക്ഷത്രങ്ങളെ, സമഷ്ടി 1 നക്ഷത്രങ്ങൾ എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഇതിന് ഭൗമജീവന്റെ നിലനിൽപ്പുമായി എന്തു ബന്ധമാണുള്ളത്? ഘന മൂലകങ്ങൾ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. എന്നാൽ അവ വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ. അവയുടെ അളവ് പ്രപഞ്ചത്തിൽ 1 ശതമാനത്തിലും താഴെയാണ്. എങ്കിലും, നമ്മുടെ ഭൂമി ഏതാണ്ട് പൂർണമായിത്തന്നെ ഘന മൂലകങ്ങളാൽ നിർമിതമാണ്. എന്താണ് ഇതിനു കാരണം? ഭൂമി, ഇത്രയ്ക്കും അസാധാരണമായ ഒരു നക്ഷത്രത്തെ, സൂര്യനെ, ചുറ്റുന്നതാണ് ഇതിനു കാരണമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു.
● ഭ്രമണപഥത്തിന്റെ ആകൃതിയിലുള്ള പ്രത്യേകത: സൂര്യൻ സമഷ്ടി 1 നക്ഷത്രം ആയിരിക്കുന്നതുകൊണ്ട് മറ്റൊരു പ്രയോജനം കൂടിയുണ്ട്. “സമഷ്ടി 1 നക്ഷത്രങ്ങൾ പൊതുവെ, ഗാലക്സിയുടെ കേന്ദ്രത്തിനു ചുറ്റുമായി ഏതാണ്ട് വൃത്താകാരമായ ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്നു” എന്ന് സൂര്യനിലേക്കുള്ള വഴികാട്ടി എന്ന പുസ്തകം പറയുന്നു. സൂര്യന്റെ ഭ്രമണപഥം അതിന്റെ അതേ പ്രായത്തിലും ഇനത്തിലും പെട്ട മറ്റു നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങളുടെ അത്രയും ദീർഘവൃത്താകാരമല്ല. ഭൗമജീവന്റെ നിലനിൽപ്പിനെ അത് എങ്ങനെയാണു ബാധിക്കുക? സൂര്യന്റെ ഭ്രമണപഥത്തിന്റെ വൃത്താകൃതി, സൂപ്പർനോവകൾ (പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ) കൂടെക്കൂടെ സന്ദർശിക്കുന്നിടമായ ഗാലക്സിയുടെ ഉൾഭാഗത്തേക്ക് സൂര്യൻ വീണു പോകാതിരിക്കാൻ സഹായിക്കുന്നു.
● പ്രകാശപ്പൊലിമയിലെ വ്യതിയാനം: നമ്മുടെ സൗരയൂഥത്തിലെ നക്ഷത്രത്തിന്റെ മറ്റൊരു രസകരമായ സവിശേഷത ഇപ്പോൾ പരിചിന്തിക്കാം. സമാനമായ നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, സൂര്യന്റെ ശോഭയിൽ വളരെ കുറച്ച് വ്യതിയാനമേ സംഭവിക്കുന്നുള്ളൂ. മറ്റു വാക്കുകളിൽ പറഞ്ഞാൽ അതിന്റെ ശോഭ കൂടുതൽ സ്ഥിരസ്വഭാവമുള്ളതാണ്.
ഈ സവിശേഷത ഭൗമജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്ര ചരിത്രകാരനായ കാൾ ഹൂഫ്ബൗവെർ പ്രസ്താവിക്കുന്നു: “ഈ ഗ്രഹത്തിലെ നമ്മുടെ സാന്നിധ്യം തന്നെ, സൂര്യന്റെ ശോഭ കൂടുതൽ സ്ഥിരതയുള്ള പാരിസ്ഥിതിക ഘടകങ്ങളിൽ ഒന്നാണെന്നുള്ളതിന്റെ തെളിവാണ്.”
● ഭ്രമണപഥത്തിന്റെ ചെരിവ്: സൂര്യന്റെ ഭ്രമണപഥം ക്ഷീരപഥത്തിന്റെ ഗാലക്സീയ തലത്തിനോട് അൽപ്പം മാത്രം ചെരിഞ്ഞാണിരിക്കുന്നത്. അതായത്, സൂര്യന്റെ ഭ്രമണതലത്തിനും നമ്മുടെ ഗാലക്സിയുടെ തലത്തിനും ഇടയിലുള്ള കോൺ വളരെ ചെറുതാണ് എന്നർഥം. ഇത് ഭൂമിയിലെ ജീവജാലങ്ങൾക്ക് ഏതു വിധത്തിലാണ് പ്രയോജനം ചെയ്യുന്നത്?
നമ്മുടെ സൗരയൂഥത്തിന്റെ അതിരുകൾക്ക് അപ്പുറത്ത്, ധൂമകേതുക്കളുടെ ഗോളാകൃതിയിലുള്ള ഒരു വൻ ശേഖരം നമ്മെ ആവരണം ചെയ്യുന്നു. ഇതിന് ഊർട്ട് മേഘം എന്നാണു പറയുന്നത്. a സൂര്യന്റെ ഭ്രമണപഥം ഗാലക്സീയ തലത്തിനോട് കൂടുതൽ ചെരിഞ്ഞാണിരിക്കുന്നത് എന്നു സങ്കൽപ്പിക്കുക. അപ്പോൾ, സൂര്യൻ നമ്മുടെ ഗാലക്സിയുടെ തലം പൊടുന്നനെ മറികടക്കുകയും ഊർട്ട് മേഘത്തിന് ഇളക്കം തട്ടാൻ ഇടയാക്കുകയും ചെയ്യും. ഫലമോ? ധൂമകേതുക്കളുടെ വിപത്കരമായ ഒരു പേമാരിയാൽ ഭൂമി ആക്രമിക്കപ്പെടും എന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു.
സൂര്യഗ്രഹണങ്ങൾ എന്തു വെളിപ്പെടുത്തുന്നു?
നമ്മുടെ സൗരയൂഥത്തിൽ കുറഞ്ഞപക്ഷം 60 ചന്ദ്രന്മാരെങ്കിലും ഉണ്ട്. ഇവ സൗരയൂഥത്തിലെ ഒമ്പതു ഗ്രഹങ്ങളിൽ ഏഴെണ്ണത്തെ ചുറ്റുന്നു. എന്നിരുന്നാലും, പൂർണസൂര്യഗ്രഹണം അനുഭവപ്പെടുന്ന സൗരയൂഥത്തിലെ ഏക ഗ്രഹം ഭൂമി ആയിരിക്കുന്നതായി കാണപ്പെടുന്നു. എന്തുകൊണ്ടാണത്?
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയ്ക്ക് വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. പൂർണസൂര്യഗ്രഹണം സംഭവിക്കണമെങ്കിൽ, സൂര്യന്റെയും ചന്ദ്രന്റെയും പ്രത്യക്ഷ വലിപ്പം—ഭൂമിയിൽനിന്നു നോക്കുമ്പോൾ കാണുന്ന വലിപ്പം—ഏറെക്കുറെ ഒരുപോലെ ആയിരിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ സൂര്യബിംബം ചന്ദ്രനാൽ ഏതാണ്ട് പൂർണമായി മറയ്ക്കപ്പെടുകയുള്ളൂ. ഇതുതന്നെയാണ് സംഭവിക്കുന്നതും! സൂര്യന് ചന്ദ്രന്റെ 400 ഇരട്ടി വ്യാസമുണ്ടെങ്കിലും അത് ചന്ദ്രനെ അപേക്ഷിച്ച് ഭൂമിയിൽനിന്ന് ഏകദേശം 400 ഇരട്ടി അകലത്തിലാണ് സ്ഥിതിചെയ്യുന്നത്.
എന്നാൽ, സൂര്യനിൽനിന്നുള്ള ഭൂമിയുടെ അകലം—അതുകൊണ്ടുതന്നെ സൂര്യന്റെ പ്രത്യക്ഷ വലിപ്പവും—പൂർണസൂര്യഗ്രഹണം സാധ്യമാക്കുന്ന ഒരു ഘടകം മാത്രമല്ല. അത് ഭൗമജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒരു സംഗതി കൂടിയാണ്. “നാം സൂര്യനോട് കുറച്ചുകൂടെ അടുത്തോ അതിൽനിന്ന് കുറച്ചുകൂടെ അകലത്തിലോ ആയിരുന്നെങ്കിൽ ഭൂമി ചുട്ടുപഴുത്തതോ തണുത്തുറഞ്ഞതോ ആയ നിവാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായിത്തീരുമായിരുന്നു,” ഗൊൺസാലിസ് പറയുന്നു.
ഇനിയും ഭൂമിയുടെ, അസാധാരണ വലിപ്പമുള്ള ചന്ദ്രനും ഈ ഗ്രഹത്തിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനു സഹായിക്കുന്നു. കാരണം ചന്ദ്രന്റെ ഗുരുത്വാകർഷണം, ഭൂമിയുടെ അച്ചുതണ്ട് വല്ലാതെ ദോലനം ചെയ്യാതിരിക്കാൻ സഹായിക്കുന്നു. അച്ചുതണ്ടിന്റെ ചെരിവിൽ ഇങ്ങനെ മാറ്റം വരുന്ന പക്ഷം കാലാവസ്ഥയിൽ അനിയന്ത്രിതവും വിപത്കരവുമായ മാറ്റങ്ങൾ ഉണ്ടാകും. അതുകൊണ്ട്, സൂര്യനും ഭൂമിക്കും ഇടയിലുള്ള ശരിയായ അകലം, ശരിയായ വലിപ്പത്തിലുള്ള ചന്ദ്രൻ, കൂടാതെ നാം പരിചിന്തിച്ചു കഴിഞ്ഞ സൂര്യന്റെ സവിശേഷതകൾ ഇവയെല്ലാം കൃത്യമായി കൂടിച്ചേർന്നാലേ ഭൂമിയിൽ ജീവജാലങ്ങൾക്കു നിലനിൽക്കാനാവൂ. ഇതൊക്കെ യാദൃച്ഛികമായി സംഭവിച്ചിരിക്കാനുള്ള സാധ്യതയുണ്ടോ?
ഒരു യാദൃച്ഛിക സംഭവമോ?
നിങ്ങളുടെ കാറിന്റെ എഞ്ചിൻ ട്യൂൺ ചെയ്യുന്നതിനായി നിങ്ങൾ പരിശീലനം ലഭിച്ച, വിദഗ്ധനായ ഒരു മെക്കാനിക്കിന്റെ അടുത്ത് പോകുന്നു എന്നിരിക്കട്ടെ. അദ്ദേഹം ഉത്സാഹത്തോടെ തന്റെ ജോലി ചെയ്തു തീർക്കുന്നു. എല്ലാം നല്ല കണ്ടീഷനിൽ ആയിരിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നു. നിങ്ങളുടെ കാറിന്റെ എഞ്ചിൻ കൃത്യമായി ട്യൂൺ ചെയ്യപ്പെട്ടത് വെറുമൊരു യാദൃച്ഛിക സംഭവത്താലാണ് എന്ന് നിങ്ങൾ പിന്നീട് അദ്ദേഹത്തോടു പറഞ്ഞാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?
നമ്മുടെ സൂര്യന്റെ അനന്യസാധാരണ സവിശേഷതകളെ കുറിച്ചും അതേ ചോദ്യംതന്നെ ചോദിക്കാനാകും. സൂര്യന്റെ ഘടനയും ഭ്രമണപഥവും ഭൂമിയിൽനിന്നുള്ള അകലവും മറ്റു സവിശേഷതകളും എല്ലാം ഭാഗ്യവശാൽ ഒത്തുവന്നതാണെന്ന് ചില ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. എന്നാൽ അത് യുക്തിസഹമായ ഒരു നിഗമനമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
വിദഗ്ധമായി ട്യൂൺ ചെയ്ത ഒരു മോട്ടോർ വാഹനം അതിനു പിന്നിൽ പ്രവർത്തിച്ച മെക്കാനിക്കിന്റെ പരിശീലനത്തെയും വൈദഗ്ധ്യത്തെയും കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നതുപോലെ, ജ്യോതിർഗോളങ്ങളിൽ ഒന്നായ നമ്മുടെ സൂര്യനും ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഭൂമിയിൽ ജീവന്റെ നിലനിൽപ്പു സാധ്യമാക്കുന്ന സൂര്യന്റെ അനന്യസാധാരണ സവിശേഷതകൾ അത് ബുദ്ധിയും ശക്തിയും ഉള്ള ഒരു രൂപസംവിധായകന്റെ, സ്രഷ്ടാവിന്റെ, കരവേലയാണെന്ന് വ്യക്തമായി വെളിപ്പെടുത്തുന്നു. അപ്പൊസ്തലനായ പൗലൊസ് അതിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.”—റോമർ 1:20. (g01 3/22)
[അടിക്കുറിപ്പ്]
a ഊർട്ട് മേഘത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 1999 ജൂലൈ 22 ലക്കം ഉണരുക!യുടെ 26-ാം പേജു കാണുക.
[21-ാം പേജിലെ ആകർഷകവാക്യം]
സൂര്യനിൽനിന്നു ബഹിർഗമിക്കുന്ന ഊർജത്തിന്റെ ഏതാണ്ട് 200 കോടിയിൽ ഒരു അംശം മാത്രമേ നമ്മുടെ ഗ്രഹത്തിൽ എത്തിച്ചേരുന്നുള്ളൂ
[20-ാം പേജിലെ ചിത്രങ്ങൾ]
ഇതുപോലുള്ള സൗര ജ്വാലകൾ ഭൗമ ജീവനെ അപകടത്തിലാക്കിയിട്ടില്ല
[കടപ്പാട്]
2, 19, 20 പേജുകൾ: NASA photo
[21-ാം പേജിലെ ചിത്രം]
ഒരു യാദൃച്ഛിക സംഭവമോ? സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പത്തിലുള്ള പ്രത്യക്ഷ സമാനത ഗംഭീരമായ സൂര്യഗ്രഹണങ്ങൾക്ക് ഇടയാക്കുന്നു
[22-ാം പേജിലെ ചിത്രം]
സൂര്യന്റെ ഭ്രമണപഥം ഗാലക്സീയ തലത്തിനോട് കൂടുതൽ ചെരിഞ്ഞാണിരിക്കുന്നതെങ്കിൽ ധൂമകേതുക്കളുടെ വിപത്കരമായ പേമാരിയാൽ ഭൂമി ആക്രമിക്കപ്പെടുമായിരുന്നു