മെഡിറ്ററേനിയൻ സന്ന്യാസി സീലുകൾ അവ അതിജീവിക്കുമോ?
മെഡിറ്ററേനിയൻ സന്ന്യാസി സീലുകൾ അവ അതിജീവിക്കുമോ?
ഗ്രീസിലെ ഉണരുക! ലേഖകൻ
സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ഗ്രീസിന്റെ കടൽത്തീരങ്ങളിൽ അവ വെയിൽ കാഞ്ഞുകിടക്കുന്നതായി ഹോമർ തന്റെ ഇതിഹാസകാവ്യമായ ഒഡീസിയിൽ വർണിക്കുന്നു. പുരാതന ഏഷ്യാമൈനറിലെ ഒരു നഗരത്തിൽ അവയുടെ ചിത്രം മുദ്രണം ചെയ്ത നാണയങ്ങൾ പുറത്തിറക്കിയിരുന്നു. മെഡിറ്ററേനിയൻ കടലിലും കരിങ്കടലിലും ഒരുകാലത്ത് ഇവ ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, നാണംകുണുങ്ങിയായ ഈ ജീവിയെ—മെഡിറ്ററേനിയൻ സന്ന്യാസിസീലിനെ—നിങ്ങൾ കാണാൻ സാധ്യതയില്ല.
രോമാവൃത ചർമമുള്ള മറ്റു പലയിനം കടൽസസ്തനികളെയും പോലെ 18-ഉം 19-ഉം നൂറ്റാണ്ടുകളിലുടനീളം മെഡിറ്ററേനിയൻ സന്ന്യാസിസീലുകളും വൻതോതിൽ വേട്ടയാടപ്പെട്ടു. രോമാവൃത ചർമത്തിനും എണ്ണയ്ക്കും മാംസത്തിനുമായി ഇത്തരം ആയിരക്കണക്കിനു ജീവികളെ കൊന്നൊടുക്കുകയുണ്ടായി.
ഇവയെ കൊന്നൊടുക്കുന്നതിന്റെ ഭവിഷ്യത്ത് ഇപ്പോൾ വളരെ വ്യക്തമാണ്. 379-നും 530-നും ഇടയ്ക്കു മെഡിറ്ററേനിയൻ സന്ന്യാസിസീലുകളേ അവശേഷിക്കുന്നുള്ളൂ എന്നാണു കണക്കാക്കപ്പെടുന്നത്. ഈ ജീവികൾ ഒരുപക്ഷേ വംശനാശത്തിന്റെ വക്കിൽ എത്തിനിൽക്കുകയാകാം. എന്നാൽ ഇവയുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പുകൾ “തീരെ കൃത്യതയില്ലാത്തവയാണ്” എന്നു പറയേണ്ടിയിരിക്കുന്നു എന്ന് മൊണാക്കസ് ഗാർഡിയൻ എന്ന വാർത്താപത്രിക റിപ്പോർട്ടു ചെയ്യുന്നു.
ഇവയെ രക്ഷിച്ചെടുക്കാനാവാത്ത വിധം സമയം യഥാർഥത്തിൽ അതിക്രമിച്ചിരിക്കുന്നുവോ? സന്ന്യാസിസീലുകളെ സംരക്ഷിക്കുന്നതിനായി എന്തൊക്കെ ശ്രമങ്ങളാണു നടക്കുന്നത്?
ദുഷ്കരമായ ഒരു പോരാട്ടം
സന്ന്യാസിസീലിന് ആ പേര് ലഭിച്ചത് ഒരുപക്ഷേ അവയുടെ രോമക്കുപ്പായത്തിന്റെ നിറം ചില മതസന്ന്യാസികളുടെ വസ്ത്രത്തിന്റെ നിറത്തോടു സമാനമായതുകൊണ്ടാകാം. ഈജിയൻ കടലിലുള്ള വടക്കൻ സ്പൊറേഡിസ് ദ്വീപുകളിലെ എത്തിച്ചേരാൻ പ്രയാസമായ ചെങ്കുത്തായ പാറക്കെട്ടുകളിലും കടൽത്തീരത്തെ പാറകളിൽ തിരമാലകൾ തീർത്ത ഗുഹകളിലുമാണ് പ്രധാനമായും ഇവയുടെ വാസം. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെയും പോർച്ചുഗലിലെ ഡെസെർട്ടാഷ് ദ്വീപുകളുടെയും തീരങ്ങളിലുടനീളം കുറേക്കൂടെ ചെറിയ കൂട്ടങ്ങളെ കാണാൻ സാധിക്കും. 3 മീറ്റർ വരെ നീളവും 275 കിലോഗ്രാമിനടുത്തു തൂക്കവും വരുന്ന സന്ന്യാസിസീലുകൾ ലോകത്തിലെ ഏറ്റവും വലിയ ഇനം സീലുകളിൽ പെടുന്നു.
ബൾബിന്റെ ആകൃതിയിലുള്ള, വെള്ളിനിറമുള്ള രോമങ്ങൾ നിറഞ്ഞ തല, കരി പോലെ കറുത്ത കണ്ണുകൾ, വലിയ നാസാരന്ധ്രങ്ങളോടു കൂടിയ മോന്ത, ചെറിയ വിടവുകൾ പോലെയുള്ള ചെവി, താഴേക്കു തൂങ്ങിനിൽക്കുന്ന ഇടതൂർന്ന മീശരോമങ്ങൾ, പല മടക്കുകളുള്ള കുറുകിയ താടി എന്നിവ ഇവയുടെ വ്യതിരിക്തമായ സവിശേഷതകളിൽപ്പെടുന്നു. ശരീരത്തിന്റെ മേൽഭാഗത്ത് കറുപ്പുനിറത്തിലോ ചോക്കലേറ്റു തവിട്ടു നിറത്തിലോ ഉള്ളതും അടിഭാഗത്ത് ഇളംനിറത്തിലുള്ളതുമായ ചെറിയ രോമങ്ങൾ ഉണ്ടായിരിക്കും. എന്നാൽ, ജനിച്ച ഉടനെ സീൽ കുഞ്ഞുങ്ങൾക്ക്, മേൽഭാഗത്ത് നീളമുള്ള ഇരുണ്ട നിറത്തിലുള്ള രോമങ്ങളും വയറിന്മേൽ വെളുത്ത രോമങ്ങളും ആണ് ഉണ്ടായിരിക്കുക.
സന്ന്യാസിസീലുകളുടെ താണ പ്രത്യുത്പാദന നിരക്ക് അതിജീവനത്തിനു വേണ്ടിയുള്ള അവയുടെ പോരാട്ടത്തെ തടസ്സപ്പെടുത്തുന്നു. പെൺസീലുകൾ ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മമേകാറില്ല. മാത്രമല്ല, പ്രായപൂർത്തിയായ പെൺസീലുകൾ എല്ലാമൊന്നും വർഷംതോറും കുഞ്ഞുങ്ങളെ പ്രസവിക്കാറുമില്ല. ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു.
എന്നാൽ താണ പ്രത്യുത്പാദന നിരക്കുമാത്രമല്ല എണ്ണം കുറയുന്നതിനു കാരണം. വന്യജീവി സംരക്ഷണത്തിനുള്ള ന്യൂയോർക്ക് അക്വേറിയത്തിന്റെ ജനറൽ ക്യുറേറ്റർ (മേൽനോട്ടക്കാരൻ) ആയ ഡോ. ഡെന്നിസ് തോണി ഇപ്രകാരം പറയുന്നു: “മെഡിറ്ററേനിയൻ
സന്ന്യാസിസീലുകളുടെ പ്രത്യുത്പാദന നിരക്ക് വളരെ താണതാണ് എന്നതു ശരിതന്നെ. എന്നാൽ അതേ പ്രത്യുത്പാദന നിരക്ക് തന്നെയുള്ള ഹാർബർ സീലുകളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിക്കുന്നില്ല. അതുകൊണ്ട്, സന്ന്യാസിസീലുകളുടെ എണ്ണം കുറയുന്നതിനു പിന്നിൽ തീർച്ചയായും മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാകും.”ആക്രമണത്തിൻ കീഴിൽ
നിങ്ങളുടെ വീടിനു തീപിടിച്ചാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഒന്നു സങ്കൽപ്പിക്കുക. ഫർണിച്ചർ, വസ്ത്രങ്ങൾ, സ്വകാര്യ സമ്പാദ്യങ്ങൾ, സ്മാരക വസ്തുക്കൾ തുടങ്ങി എല്ലാം നിങ്ങൾക്ക് നഷ്ടമാകും. നിങ്ങളുടെ ജീവിതത്തിനുതന്നെ ആകെപ്പാടെ മാറ്റം സംഭവിച്ചേക്കാം. മെഡിറ്ററേനിയൻ സന്ന്യാസിസീലുകളുടെ വാസസ്ഥലത്തിനും ഫലത്തിൽ അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. മലിനീകരണം, വിനോദസഞ്ചാരം, വ്യവസായം, മനുഷ്യരുടെ മറ്റു പ്രവർത്തനങ്ങൾ എന്നിവ അവയുടെ പ്രകൃതിദത്ത വാസസ്ഥലത്തിന്റെ നല്ലൊരു ഭാഗവും നശിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു.
കൂടാതെ, അമിത മത്സ്യബന്ധനത്തിന്റെ ഫലമായി സന്ന്യാസിസീലുകളുടെ ഭക്ഷ്യശേഖരവും നന്നേ കുറഞ്ഞിരിക്കുന്നു. ജന്തുശാസ്ത്രജ്ഞയായ ഡോ. സൂസാൻ കെന്നഡി സ്റ്റോസ്കോപ്ഫ് ഇങ്ങനെ പറയുന്നു: “തീറ്റ കുറവായിരിക്കുമ്പോൾ, വയറു നിറയ്ക്കുന്നതിനായി സീലുകൾക്കു കൂടുതൽ ഊർജം ചെലവഴിക്കേണ്ടി വരുന്നു.” അങ്ങനെ, സീലുകൾക്ക് അവയുടെ വാസസ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിനു പുറമേ, വയറു നിറയ്ക്കുന്നതിനു പോലും കഠിനപോരാട്ടം നടത്തേണ്ട ഗതിയും വന്നിരിക്കുന്നു!
അമിത മത്സ്യബന്ധനത്തിന്റെ മറ്റൊരു ദൂഷ്യഫലം സീലുകൾ ഇടയ്ക്കിടെ മത്സ്യബന്ധന വലകളിൽ കുടുങ്ങി ശ്വാസം കിട്ടാതെ വെള്ളത്തിൽ കിടന്നുതന്നെ ചത്തുപോകാനിടയാകുന്നു എന്നതാണ്. എന്നാൽ, അതിലും കൂടുതൽ എണ്ണത്തെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കൊല്ലാറുമുണ്ട്. അതിന്റെ കാരണം, മത്സ്യബന്ധനവലകൾ നശിപ്പിച്ചുകൊണ്ട് അതിൽനിന്ന് ഭക്ഷണം തട്ടിയെടുക്കാൻ സീലുകൾ പഠിച്ചിരിക്കുന്നു എന്നതാണ്. അങ്ങനെ, കുറഞ്ഞുവരുന്ന മത്സ്യശേഖരത്തിനായി മനുഷ്യൻ മൃഗവുമായി പോരടിക്കുന്നു. ഈ അസന്തുലിതമായ പോരാട്ടം സന്ന്യാസിസീലുകളെ വംശനാശത്തിന്റെ വക്കോളം കൊണ്ടെത്തിച്ചിരിക്കുന്നു.
ഭക്ഷ്യശൃംഖലയിൽ സന്ന്യാസിസീലുകളുടെ സ്ഥാനം മുകൾഭാഗത്തോട് അടുത്തായതിനാൽ, അവ ഒരു “സൂചക ജീവിവർഗം” ആണെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അതായത്, അവയുടെ അവസ്ഥ മോശമാണെങ്കിൽ ഭക്ഷ്യശൃംഖലയിലെ ബാക്കിയുള്ള അംഗങ്ങളുടെ അവസ്ഥയും മോശമായിരിക്കുമെന്ന് അർഥം. ഇത് ശരിയാണെങ്കിൽ മെഡിറ്ററേനിയനിലെ പരിസ്ഥിതിവ്യവസ്ഥയുടെ സംരക്ഷണത്തിന് സാഹചര്യം തീരെ അനുകൂലമല്ല. കാരണം, യൂറോപ്പിൽ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ് സന്ന്യാസിസീലുകൾ.
അവ അതിജീവിക്കുമോ?
മെഡിറ്ററേനിയൻ സന്ന്യാസിസീലിന്റെ മുഖ്യശത്രുക്കളും മുഖ്യസംരക്ഷകരും മനുഷ്യർ തന്നെയാണ്. എന്തൊരു വൈരുദ്ധ്യം അല്ലേ? ഇവയുടെ സംരക്ഷണത്തിനായി ഗവൺമെന്റ് ഏജൻസികളും സ്വകാര്യ ഏജൻസികളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് അഭയം നൽകുന്നതിനായി ചില പ്രദേശങ്ങൾ തന്നെ മാറ്റിവെച്ചിട്ടുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ഈ വിശിഷ്ടമൃഗത്തെ നമുക്കെങ്ങനെ സഹായിക്കാൻ കഴിയും എന്നു കണ്ടെത്താനായി ഇവയുടെ സ്വാഭാവിക വാസസ്ഥാനങ്ങളിൽ വെച്ചുതന്നെ ധാരാളം പഠനങ്ങൾ നടത്തപ്പെട്ടിരിക്കുന്നു.
1988-ൽ മെഡിറ്ററേനിയൻ സന്ന്യാസിസീലുകളെ കുറിച്ചുള്ള പഠനത്തിനും അവയുടെ സംരക്ഷണത്തിനുമായുള്ള ഹെലെനിക് സൊസൈറ്റി (MOm) രൂപീകരിക്കപ്പെട്ടു. ഈ സൊസൈറ്റിയിലെ ഗവേഷകർ സന്ന്യാസിസീലുകളുടെ എണ്ണമെടുക്കുന്നതിനും അവയുടെ സംരക്ഷണത്തിനുതകുന്ന മറ്റു വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പതിവായി അവയുടെ സ്വാഭാവിക വാസസ്ഥാനങ്ങൾ സന്ദർശിക്കുന്നു.
ഒരു സംരക്ഷകസംഘം സ്പീഡ്ബോട്ടിൽ സംരക്ഷിത മേഖലകളിൽ റോന്തു ചുറ്റുന്നു. ഈ സംഘം, ഗ്രീസിലെ
വടക്കൻ സ്പൊറേഡിസ് ദ്വീപുകളിലെ ആലോനിസോസിലുള്ള നാഷണൽ മറൈൻ പാർക്കിലേക്കു പോകുന്ന സന്ദർശകർക്കും മീൻപിടിത്തക്കാർക്കും ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും പ്രദാനം ചെയ്യുന്നുമുണ്ട്. രോഗം ബാധിച്ചതോ മുറിവേറ്റതോ ആയ സീലുകളെ കണ്ടെത്തിയാൽ അവയ്ക്ക് ആവശ്യമായ ചികിത്സ നൽകുകയും അവയെ MOm പുനരധിവാസകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്യുന്നത് അവരാണ്.സീൽ ചികിത്സാ പുനരധിവാസകേന്ദ്രത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതും രോഗം ബാധിച്ചതും മുറിവേറ്റതുമായ സീൽ കുഞ്ഞുങ്ങളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്. തനിയെ ജീവിക്കാനുള്ള പ്രാപ്തിയാകുന്നതുവരെ അവയെ അവിടെത്തന്നെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതുവരെ ലഭിച്ചിരിക്കുന്ന ഫലങ്ങൾ ആശാവഹമാണ്. വർഷങ്ങളായി കുത്തനെ കുറഞ്ഞുകൊണ്ടിരുന്ന വടക്കൻ സ്പൊറേഡിസിലെ സന്ന്യാസിസീലുകളുടെ എണ്ണത്തിൽ പുരോഗതിയുടെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു.
ഈ ശ്രമങ്ങൾ തുടർന്നും വിജയിക്കുമോ? അതു കാലം തെളിയിക്കും. എന്നിരുന്നാലും, വംശനാശഭീഷണിയിൽ ആയിരിക്കുന്ന ഈ ജീവിവർഗം അതിജീവിക്കണമെങ്കിൽ ഇനിയും വളരെയേറെ ശ്രമങ്ങൾ ചെയ്യേണ്ടതുണ്ട് എന്നത് വ്യക്തമാണ്. സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ഡോ. ഡേവിഡ് വിൽഡ് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “സമുദ്രജീവികളുടെ അവസ്ഥ പൊതുവെ അത്ര മെച്ചമല്ല. സമുദ്രങ്ങളിൽ എന്താണുള്ളതെന്നു നമുക്ക് വ്യക്തമായി അറിയില്ല, അവയെ എങ്ങനെ സംരക്ഷിക്കണം എന്നതിനെ സംബന്ധിച്ചാകട്ടെ യാതൊന്നും അറിയില്ല എന്നതാണ് വാസ്തവം.” (g01 3/8)
[13-ാം പേജിലെ ചതുരം]
മറ്റു സന്ന്യാസസീലുകളും അപകടത്തിൽ
ലോകത്തിനു ചുറ്റുമായി മറ്റു സമുദ്രങ്ങളിലും സന്ന്യാസിസീലുകൾ കാണപ്പെടുന്നുണ്ട്. എന്നാൽ അവയും വംശനാശഭീഷണിയിലാണ്. നാഷണൽ ജിയോഗ്രഫിക മാസിക പറയുന്നപ്രകാരം കരീബിയൻ അഥവാ വെസ്റ്റ് ഇൻഡ്യൻ സന്ന്യാസിസീലാണ് “പുതിയ ലോകത്തിൽ [അമേരിക്ക] കൊളംബസ് ആദ്യമായി കണ്ടെത്തിയ സീൽ. തീരത്തോടടുത്തു കഴിയാൻ ഇഷ്ടപ്പെടുന്നതും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ സന്ന്യാസിസീലുകൾ വളരെ പെട്ടെന്നുതന്നെ വൻതോതിൽ കൊന്നൊടുക്കപ്പെട്ടു. . . . രേഖപ്പെടുത്തപ്പെട്ട അവസാനത്തെ കരീബിയൻ സന്ന്യാസിസീലിനെ കണ്ടത് 1952-ലായിരുന്നു.”
ഹവായിയൻ അഥവാ ലൈസാൻ സന്ന്യാസിസീലുകളുടെ അവസാനത്തെ അഭയം ഹവായ് ദ്വീപുകളിലെ ദേശീയ വന്യജീവി സങ്കേതത്തിലെ കൊച്ചുദ്വീപുകളുടെ സമൂഹമായ ഫ്രഞ്ച് ഫ്രിഗേറ്റ് ഷോൾസ് ആയിരുന്നേക്കാം. എന്നാൽ, അതിജീവിച്ചുകൊണ്ടിരിക്കുന്ന ഏതാണ്ട് 1,300 സീലുകളും “പ്രശ്നങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്,” അവയുടെ സംരക്ഷണത്തിനായി അശ്രാന്ത പരിശ്രമം ചെയ്തിട്ടുകൂടി.
പശ്ചിമാഫ്രിക്കയിലെ മോറിറ്റാനിയൻ തീരത്തെ 270 മെഡിറ്ററേനിയൻ സന്ന്യാസിസീലുകളിൽ മുക്കാൽഭാഗത്തോളവും 1997-ലെ വസന്തകാലം മുതൽ ഒരു പകർച്ചവ്യാധിയാൽ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. സയൻസ് ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പരിശോധനയ്ക്കു വിധേയമാക്കപ്പെട്ട സീലുകളിൽ ഭൂരിഭാഗത്തെയും “നായ്ക്കളിൽ ജലദോഷത്തിനും പനിക്കും മറ്റും ഇടയാക്കുന്ന വൈറസിനോടു സമാനമായ ഡോൾഫിൻ മോർബില്ലി വൈറസ്” ബാധിച്ചിരുന്നു.
[12-ാം പേജിലെ ചിത്രങ്ങൾ]
സന്ന്യാസിസീലുകൾക്ക് ബൾബിന്റെ ആകൃതിയിലുള്ള തലയും വലിയ നാസാരന്ധ്രങ്ങളും പോലെ അനന്യസാധാരണമായ അനേകം സവിശേഷതകളുണ്ട്
സീലുകളുടെ സംരക്ഷണത്തിനായി ഏജൻസികൾ രൂപീകരിക്കപ്പെട്ടിരിക്കുന്നു
[കടപ്പാട്]
Panos Dendrinos/HSSPMS
[13-ാം പേജിലെ ചിത്രങ്ങൾ]
വർഷങ്ങളായി കുത്തനെ കുറഞ്ഞുകൊണ്ടിരുന്ന വടക്കൻ സ്പൊറേഡിസിലെ സന്ന്യാസിസീലുകളുടെ എണ്ണത്തിൽ പുരോഗതിയുടെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു
[കടപ്പാട്]
P. Dendrinos/MOm
D. Kanellos/MOm
[13-ാം പേജിലെ ചിത്രം]
ഹവായിയൻ സന്ന്യാസിസീൽ
[12-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Panos Dendrinos/HSSPMS