വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മനുഷ്യ​ന്റെ ഉറ്റമി​ത്ര​മോ?

മുതിർന്ന​വ​രു​ടെ മേൽനോ​ട്ട​മി​ല്ലാ​തെ കൊച്ചു​കു​ട്ടി​കളെ നായ്‌ക്ക​ളോ​ടൊ​പ്പം ആയിരി​ക്കാൻ അനുവ​ദി​ച്ചാൽ അവർക്ക്‌ അവയുടെ കടി​യേൽക്കാൻ സാധ്യ​ത​യുണ്ട്‌ എന്ന്‌ മെക്‌സി​ക്കോ നഗരത്തി​ലെ എൽ യൂണി​വേ​ഴ്‌സാൽ പത്രത്തിൽ വന്ന ഒരു റിപ്പോർട്ട്‌ പറയുന്നു. അത്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ആക്രമ​ണ​ത്തി​നു തുടക്ക​മി​ടു​ന്നതു മിക്ക​പ്പോ​ഴും കുട്ടി​കൾതന്നെ ആയിരി​ക്കും. നായ സ്വയം പ്രതി​രോ​ധി​ക്കുക മാത്ര​മാ​ണു ചെയ്യു​ന്നത്‌.” കഴിഞ്ഞ അഞ്ചു വർഷത്തി​നു​ള്ളിൽ, നായക​ടി​യേ​റ്റതു നിമിത്തം 426 കുട്ടി​കളെ ഒരു മെക്‌സി​ക്കൻ ആശുപ​ത്രി​യിൽ ചികി​ത്സി​ക്കു​ക​യു​ണ്ടാ​യി. ഈ കുട്ടി​ക​ളിൽ പന്ത്രണ്ടു ശതമാനം പേർക്ക്‌ സ്ഥായി​യായ പരി​ക്കേൽക്കു​ക​യോ രൂപ​വൈ​കൃ​തം സംഭവി​ക്കു​ക​യോ ചെയ്‌തി​രു​ന്നു. നായ്‌ക്കളെ സംബന്ധിച്ച പിൻവ​രുന്ന തത്ത്വങ്ങൾ കുട്ടി​കളെ പഠിപ്പി​ക്ക​ണ​മെന്ന്‌ ആ റിപ്പോർട്ട്‌ മാതാ​പി​താ​ക്കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: നായ്‌ക്ക​ളു​ടെ കളിപ്പാ​ട്ടങ്ങൾ, കൂട്‌, തീറ്റപ്പാ​ത്രങ്ങൾ ഇവയെ മാനി​ക്കുക; നായ തീറ്റ തിന്നു​ക​യോ ഉറങ്ങു​ക​യോ ചെയ്യു​മ്പോൾ അതിന്റെ അടുത്തു പോകാ​തി​രി​ക്കുക; അതിന്റെ വാലിൽ പിടിച്ചു വലിക്കു​ക​യോ അതിന്റെ പുറത്തു​ക​യറി സവാരി​ചെ​യ്യാൻ ശ്രമി​ക്കു​ക​യോ ചെയ്യാ​തി​രി​ക്കുക. (g01 3/8)

കൂലി കൊടു​ത്തു പ്രാണി​കളെ കൊല്ലു​ന്നു

ഇന്ത്യയി​ലെ ഉത്തർപ്ര​ദേശ്‌ സംസ്ഥാന വനംവ​കുപ്പ്‌, പ്രാണി​കളെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​നുള്ള ഒരു പ്രസ്ഥാ​ന​ത്തി​നു തുടക്ക​മി​ട്ടി​രി​ക്കു​ക​യാണ്‌ എന്ന്‌ ദ ടൈംസ്‌ ഓഫ്‌ ഇൻഡ്യ റിപ്പോർട്ടു ചെയ്യുന്നു. ചിറകു​ക​ളും 2.5 സെന്റി​മീ​റ്റർ നീളവു​മുള്ള ഹോപ്‌ലോ എന്നറി​യ​പ്പെ​ടുന്ന പ്രാണി​കൾക്കെ​തി​രെ​യാണ്‌ ഈ പോരാ​ട്ടം ആരംഭി​ച്ചി​രി​ക്കു​ന്നത്‌. ഏകദേശം 6,50,000 സാൽമ​ര​ങ്ങ​ളു​ടെ ഒരു വനം നശിപ്പി​ക്കു​ന്ന​തിൽനിന്ന്‌ അവയെ തടയുക എന്നതാണ്‌ ഈ പരിപാ​ടി​യു​ടെ ലക്ഷ്യം. അടുത്ത​കാ​ലത്ത്‌ ഈ പ്രാണി​ക​ളു​ടെ എണ്ണം വർധി​ച്ചി​രി​ക്കു​ന്ന​തി​നാൽ സാൽമ​ര​ങ്ങ​ളു​ടെ നിലനിൽപ്പു​തന്നെ അപകട​ത്തി​ലാ​യി​രി​ക്കു​ക​യാണ്‌. ഈ പ്രാണി​കൾ മരത്തിന്റെ പുറം​തൊ​ലി​യും തടിയും തുരക്കു​ന്ന​തി​നാൽ മരം ഉണങ്ങി നശിച്ചു​പോ​കാ​നി​ട​യാ​കു​ന്നു. പ്രാണി​പി​ടി​ത്ത​ത്തി​നാ​യി “മരക്കെണി” എന്ന രീതി​യാണ്‌ വനംവ​കുപ്പ്‌ ഉപയോ​ഗി​ക്കു​ന്നത്‌. പ്രാണി​കൾ ഉള്ള സ്ഥലങ്ങളിൽ ഇളം സാൽമ​ര​ങ്ങ​ളു​ടെ കഷണങ്ങ​ളാ​ക്കിയ പുറം​തൊ​ലി വിതറി​യി​ടു​ന്നു. ഈ തൊലി​യിൽ നിന്ന്‌ ഊറി​വ​രുന്ന ദ്രാവകം പ്രാണി​കളെ ആകർഷി​ക്കു​ക​യും മത്തുപി​ടി​പ്പി​ക്കു​ക​യും ചെയ്യുന്നു. അപ്പോൾ അവയെ പിടി​ക്കുക കൂടുതൽ എളുപ്പ​മാണ്‌. ഈ ജോലിക്ക്‌ തദ്ദേശീ​യ​രായ ആൺകു​ട്ടി​കളെ കൂലി കൊടുത്ത്‌ ഏർപ്പാ​ടാ​ക്കി​യി​രി​ക്കു​ക​യാണ്‌. ഒരു പ്രാണി​യെ പിടി​ച്ചാൽ അവർക്ക്‌ 75 പൈസ കിട്ടും. (g01 3/8)

നല്ല ഉറക്കം ലഭിക്കാൻ

“ഉറക്കമി​ല്ലായ്‌മ അപകട​ക​ര​മായ പ്രശ്‌ന​മാ​യി​ത്തീർന്നി​രി​ക്കുന്ന ഒരു സമൂഹ​മാണ്‌ നമ്മു​ടേത്‌” എന്ന്‌ ബ്രിട്ടീഷ്‌ കൊളം​ബിയ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ മനശ്ശാ​സ്‌ത്ര​വി​ദ​ഗ്‌ധ​നായ സ്റ്റാൻലി കോറൻ പ്രസ്‌താ​വി​ക്കു​ന്നു. ത്രീ മൈൽ ദ്വീപി​ലെ ആണവ അപകട​ത്തി​ന്റെ​യും എക്‌സൻ വാൽഡിസ എണ്ണച്ചോർച്ച​യു​ടെ​യും ഭാഗി​ക​മായ കാരണം ഉറക്കക്കു​റ​വാ​യി​രു​ന്നു. ഉറക്കം​തൂ​ങ്ങൽ കാരണം വടക്കേ അമേരി​ക്ക​യിൽ ഓരോ വർഷവും 1,00,000-ത്തിലധി​കം കാറപ​ക​ടങ്ങൾ ഉണ്ടാകു​ന്നു എന്ന്‌ കാനഡ​യി​ലെ മക്ലീൻസ മാസിക റിപ്പോർട്ടു ചെയ്യുന്നു. സ്റ്റാൻഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ, ഉറക്കം സംബന്ധിച്ച വിദഗ്‌ധ​നായ ഡോ. വില്യം ഡെമെന്റ്‌

ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “തങ്ങൾക്ക്‌ എന്തുമാ​ത്രം ഉറക്കം ആവശ്യ​മാ​ണെന്ന്‌ യഥാർഥ​ത്തിൽ ആളുകൾക്ക്‌ അറിയില്ല.” നല്ല ഉറക്കം ലഭിക്കാൻ ചില മാർഗങ്ങൾ ഗവേഷകർ നിർദേ​ശി​ക്കു​ന്നു: അത്താഴം കഴിക്കു​ന്നതു കിടക്കാൻ പോകു​ന്ന​തി​നു മൂന്നു മണിക്കൂർ മുമ്പെ​ങ്കി​ലും ആയിരി​ക്കണം. എല്ലാ ദിവസ​വും ഒരേ സമയത്തു​തന്നെ ഉറങ്ങാൻ കിടക്കു​ക​യും ഉണരു​ക​യും ചെയ്യുക. കിടക്ക​മു​റി​യിൽ ടിവി​യോ കമ്പ്യൂ​ട്ട​റോ വെക്കാ​തി​രി​ക്കുക. കഫീൻ, മദ്യം, പുകയില എന്നിവ ഒഴിവാ​ക്കുക. കിടക്കു​മ്പോൾ, നിങ്ങളു​ടെ കാലുകൾ ചൂടു​ള്ള​താ​യി​രി​ക്കാൻ സോക്‌സ്‌ ധരിക്കുക. കിടക്കു​ന്ന​തി​നു മുമ്പ്‌ ഇളംചൂ​ടു വെള്ളത്തിൽ കുളി​ക്കുക. ദിവസ​വും വ്യായാ​മം ചെയ്യുക, എന്നാൽ കിടക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ചെയ്യരുത്‌. അവസാ​ന​മാ​യി, മക്ലീൻസ ഇങ്ങനെ പറയുന്നു: “നിങ്ങൾക്ക്‌ ഉറങ്ങാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ എഴു​ന്നേറ്റ്‌ എന്തെങ്കി​ലും ചെയ്യുക. ക്ഷീണം അനുഭ​വ​പ്പെ​ടു​മ്പോൾ മാത്രം വീണ്ടും കിടക്കുക, എന്നിട്ട്‌ പതിവു സമയത്തു​തന്നെ ഉണരുക.” (g01 3/8)

അടുക്കള വൃത്തി​യാ​യി സൂക്ഷി​ക്കാൻ

തിരക്കു​പി​ടിച്ച ഒരു അടുക്ക​ള​യിൽ ഒളിഞ്ഞി​രി​ക്കുന്ന രോഗാ​ണു​ക്കൾക്കെ​തി​രെ​യുള്ള “ഏറ്റവും നല്ല ആയുധം [സാധാരണ] ബ്ലീച്ചാണ്‌” എന്ന്‌ കാനഡ​യി​ലെ വാൻകൂ​വർ സൺ പത്രം പറയുന്നു. അവർ പിൻവ​രുന്ന നിർദേ​ശങ്ങൾ നൽകുന്നു: ദിവസ​വും 4 ലിറ്റർ ഇളംചൂ​ടു​വെ​ള്ള​ത്തിൽ 30 മില്ലി​ലി​റ്റർ ബ്ലീച്ച്‌ ചേർത്ത്‌ ഒരു ലായനി തയ്യാറാ​ക്കുക. വെള്ളം ഏറെ ചൂടു​ള്ള​താ​യാൽ ബ്ലീച്ച്‌ ബാഷ്‌പീ​ക​രി​ച്ചു പോകും. വൃത്തി​യുള്ള ഒരു തുണി ഈ ലായനി​യിൽ മുക്കി അടുക്കള തുടയ്‌ക്കു​ക​യും കാറ്റു കൊണ്ട്‌ ഉണങ്ങാൻ അനുവ​ദി​ക്കു​ക​യും ചെയ്യുക. ബ്ലീച്ചും പ്രതല​വും തമ്മിൽ പരമാ​വധി സമയം സമ്പർക്ക​ത്തിൽ വരാൻ അനുവ​ദി​ച്ചാൽ കൂടുതൽ അണുക്കളെ കൊല്ലാൻ സാധി​ക്കും. പാത്രങ്ങൾ നല്ല ചൂടുള്ള സോപ്പു​വെ​ള്ള​ത്തിൽ കഴുകി​യ​തി​നു​ശേഷം ബ്ലീച്ച്‌ ലായനി​യിൽ ഏതാനും മിനിട്ടു മുക്കി​വെച്ച്‌ അണുവി​മു​ക്ത​മാ​ക്കുക. ഉണങ്ങി​ക്ക​ഴി​യു​മ്പോൾ രാസാ​വ​ശി​ഷ്ടങ്ങൾ ഒന്നും പാത്ര​ങ്ങ​ളിൽ ശേഷി​ക്കു​ക​യില്ല. അടുക്ക​ള​യിൽ ഉപയോ​ഗി​ക്കുന്ന സ്‌പോ​ഞ്ചു​കൾ, പാത്രം തുടയ്‌ക്കു​ന്ന​തി​നുള്ള തുണികൾ, ഉരച്ചു​ക​ഴു​കു​ന്ന​തി​നുള്ള ബ്രഷുകൾ എന്നിവ​യും എല്ലാ ദിവസ​വും കഴുകു​ക​യും ബ്ലീച്ചു​ചെ​യ്യു​ക​യും ചെയ്യുക. നിങ്ങളു​ടെ കൈക​ളാൽ ആഹാര​സാ​ധ​നങ്ങൾ മലിന​മാ​കു​ന്നതു തടയാൻ കൈകൾ, പ്രത്യേ​കിച്ച്‌ നഖങ്ങളു​ടെ അടിഭാ​ഗം നന്നായി കഴുകുക. (g01 3/8)

തൊഴി​ലിൽനിന്ന്‌ വിരമി​ക്ക​ലും വൈകാ​രിക പ്രശ്‌ന​ങ്ങ​ളും

നേരത്തേ ജോലി​യിൽനി​ന്നു വിരമി​ക്കു​ന്ന​തി​നു ചില നേട്ടങ്ങൾ ഉണ്ടായി​രി​ക്കാ​മെ​ങ്കി​ലും അതിനു വൈകാ​രി​ക​മാ​യി കനത്ത വില ഒടു​ക്കേ​ണ്ടി​വ​രു​ന്നു. ‘അസംതൃ​പ്‌തി, ശുണ്‌ഠി, സുരക്ഷി​ത​ത്വ​മി​ല്ലായ്‌മ, വ്യക്തി​ത്വം നഷ്ടമാകൽ എന്നിവ​യിൽ തുടങ്ങി വിഷാദം, തങ്ങളുടെ ലോകം​തന്നെ തകരു​ക​യാ​ണെന്ന തോന്നൽ എന്നിവ​വരെ എത്തുന്ന’ അനേകം പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ നേരത്തേ ഗവൺമെന്റ്‌ ജീവന​ക്കാ​രാ​യി​രുന്ന ആളുകൾ പരാതി​പ്പെ​ട്ട​താ​യി ബ്രസീ​ലി​ലെ ഡിയാ​റി​യോ ഡെ പെർനാ​മ്പൂ​ക്കോ റിപ്പോർട്ടു ചെയ്‌തു. വാർധ​ക്യ​രോഗ ചികി​ത്സാ​വി​ദ​ഗ്‌ധ​നായ ഗീഡോ ഷാഷ്‌നി​ക്കി​ന്റെ അഭി​പ്രാ​യ​പ്ര​കാ​രം “നേരത്തേ ജോലി​യിൽനി​ന്നു വിരമി​ക്കുന്ന പുരു​ഷ​ന്മാർ മദ്യത്തിൽ അഭയം തേടു​ന്ന​തും സ്‌ത്രീ​കൾ മരുന്നു​കളെ അമിത​മാ​യി ആശ്രയി​ക്കു​ന്ന​തും സാധാ​ര​ണ​മാണ്‌.” ജോലി​യിൽനിന്ന്‌ വിരമി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നവർ “കടബാ​ധ്യ​തകൾ ഒഴിവാ​ക്കു​ക​യും തങ്ങളുടെ കഴിവു​കളെ പുതിയ മണ്ഡലങ്ങ​ളി​ലേക്ക്‌ തിരി​ച്ചു​വി​ടു​ക​യും കടത്തിന്റെ നിലയി​ല്ലാ​ക്ക​യ​ത്തിൽ അകപ്പെ​ടു​ന്നത്‌ ഒഴിവാ​ക്കു​ന്ന​തി​നുള്ള ഉപദേ​ശങ്ങൾ ആരായു​ക​യും” ചെയ്യേ​ണ്ടത്‌ ആവശ്യ​മാണ്‌ എന്ന്‌ മനശ്ശാ​സ്‌ത്ര​ജ്ഞ​യായ ഗ്രാസ സേന്റൊസ്‌ പറയുന്നു. (g01 3/8)

മനസ്സ്‌ ഹൃദയത്തെ ബാധി​ക്കു​ന്നു

മാനസിക സമ്മർദം രണ്ടാമ​തൊ​രു ഹൃദയാ​ഘാ​തം ഉണ്ടാകാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു എന്ന്‌ ടഫ്‌റ്റ്‌സ്‌ യൂണി​വേ​ഴ്‌സി​റ്റി ഹെൽത്ത്‌ & ന്യു​ട്രീ​ഷൻ ലെറ്റർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അതു കൂടു​ത​ലാ​യി ഇങ്ങനെ പറയുന്നു: “ഹൃ​ദ്രോ​ഗം ആദ്യമാ​യി ഉണ്ടാകു​ന്ന​തിന്‌ ഇടയാ​ക്കു​ന്ന​തി​ലും മനസ്സിനു പങ്കുണ്ട്‌ എന്നതിന്‌ തെളി​വു​കൾ വർധി​ച്ചു​വ​രി​ക​യാണ്‌.” “കോപ പ്രവണത ഉള്ളവർക്ക്‌, ഹൃദയാ​ഘാ​തം ഉണ്ടാകാ​നോ ഹൃ​ദ്രോ​ഗ​ത്താൽ മരിക്കാ​നോ ഉള്ള സാധ്യത അതില്ലാ​ത്ത​വ​രെ​ക്കാൾ ഏകദേശം മൂന്നു മടങ്ങു കൂടു​ത​ലാണ്‌ എന്നും, “വിദ്വേ​ഷ​ത്തി​ന്റെ ഫലങ്ങൾ താരത​മ്യേന ചെറു​പ്പ​ത്തിൽത്തന്നെ പ്രകട​മാ​കു​ന്നു” എന്നും അടുത്ത​കാ​ലത്തു നടത്തിയ പഠനങ്ങൾ തെളി​യി​ക്കു​ന്നു. സമ്മർദം, ഹൃദയ​പേ​ശി​ക്കും ഹൃദയ​ത്തി​ലേക്കു രക്തം എത്തിക്കുന്ന രക്തക്കു​ഴ​ലു​കൾക്കും കേടു​പാ​ടു​കൾ ഉണ്ടാക്കു​ന്നു. വിഷാ​ദ​ത്തിന്‌, ഹൃദയാ​ഘാ​ത​മോ മറ്റു ഹൃ​ദ്രോ​ഗ​ങ്ങ​ളോ ഉണ്ടാകാ​നുള്ള സാധ്യത 70 ശതമാ​ന​ത്തി​ല​ധി​കം വർധി​പ്പി​ക്കാൻ കഴിയും. എന്നിരു​ന്നാ​ലും, ഒരു വ്യക്തിക്ക്‌ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും സുഹൃ​ത്തു​ക്ക​ളിൽനി​ന്നും ഒക്കെ നല്ല പിന്തുണ ഉണ്ടെങ്കിൽ വിഷാ​ദ​ത്തി​ന്റെ അനന്തര​ഫ​ലങ്ങൾ കുറയ്‌ക്കാൻ കഴിയു​മെന്ന്‌ ഗവേഷകർ പറയുന്നു. (g01 3/22)

ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അമി​തോ​പ​യോ​ഗം

“ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അമിത ഉപയോ​ഗം സംബന്ധിച്ച്‌ ആരോ​ഗ്യ​വി​ദ​ഗ്‌ധർ നൽകുന്ന ആവർത്തി​ച്ചുള്ള മുന്നറി​യി​പ്പു​കൾ ബധിര​കർണ​ങ്ങ​ളി​ലാ​ണു പതിക്കു​ന്നത്‌” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക കുറി​ക്കൊ​ള്ളു​ന്നു. “ഐക്യ​നാ​ടു​ക​ളി​ലെ ഒമ്പതു സംസ്ഥാ​ന​ങ്ങ​ളി​ലുള്ള 10,000 ആളുക​ളു​ടെ ഇടയിൽ നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തി​യ​ത​നു​സ​രിച്ച്‌ 32 ശതമാനം പേർ ആന്റബ​യോ​ട്ടി​ക്കു​കൾക്ക്‌ ജലദോ​ഷത്തെ സുഖ​പ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ വിശ്വ​സി​ക്കു​ന്നു. ജലദോ​ഷ​മു​ള്ള​പ്പോൾ ആന്റിബ​യോ​ട്ടി​ക്കു​കൾ കഴിക്കു​ക​യാ​ണെ​ങ്കിൽ കൂടുതൽ ഗുരു​ത​ര​മായ രോഗങ്ങൾ തടയാൻ കഴിയു​മെന്ന്‌ 27 ശതമാനം പേർ വിശ്വ​സി​ക്കു​ന്നു. ജലദോ​ഷ​ത്തി​ന്റെ ലക്ഷണങ്ങൾക്ക്‌ ഡോക്ടറെ കാണു​മ്പോൾ 48 ശതമാനം പേരും അദ്ദേഹം ആന്റിബ​യോ​ട്ടിക്ക്‌ കുറി​ച്ചു​കൊ​ടു​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്നു.” എന്നാൽ ജലദോ​ഷം പോ​ലെ​യുള്ള വൈറസ ബാധകൾക്കെ​തി​രെ ആന്റിബ​യോ​ട്ടി​ക്കു​കൾ പ്രവർത്തി​ക്കു​ക​യില്ല. ബാക്ടീ​രി​യാ ബാധകൾക്കെ​തി​രെ മാത്രമേ അവ പ്രവർത്തി​ക്കു​ക​യു​ള്ളൂ. ഔഷധ പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗ​ങ്ങൾക്കുള്ള ഒരു പ്രധാന കാരണം ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അമിത ഉപയോ​ഗ​മാ​ണെന്നു കരുത​പ്പെ​ടു​ന്നു. (1998 ഡിസംബർ 22 ലക്കം ഉണരുക!യുടെ 28-ാം പേജ്‌ കാണുക.) ഓക്‌സ്‌ഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ബ്രയാൻ സ്‌പ്രാറ്റ്‌ പറയുന്നു: “ശരിയായ വസ്‌തുത ആളുകളെ ബോധ്യ​പ്പെ​ടു​ത്തു​ന്ന​തിന്‌ നാം കുറേ​ക്കൂ​ടെ മെച്ചമായ ഒരു മാർഗം കണ്ടുപി​ടി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.” (g01 3/22)

വിവാ​ദ​പ​ര​മായ ഒരു തിര​ഞ്ഞെ​ടുപ്പ്‌

ജോൺ പോൾ രണ്ടാമൻ പാപ്പാ 2000 സെപ്‌റ്റം​ബ​റിൽ പീയൂസ്‌ ഒമ്പതാ​മനെ (പാപ്പാ, 1846-78) വിശു​ദ്ധ​നാ​യി പ്രഖ്യാ​പി​ക്കാ​നുള്ള നടപടി​ക​ളെ​ടു​ത്തു. പീയൂസ്‌ ഒമ്പതാമൻ “സുവി​ശേ​ഷ​കരെ ഞെട്ടി​ക്കുന്ന തരത്തി​ലുള്ള തീരു​മാ​നങ്ങൾ—രാഷ്‌ട്ര​ത്തി​ന്റെ തലവൻ എന്ന നിലയി​ലുള്ള തന്റെ അധികാ​രത്തെ ചോദ്യം ചെയ്‌ത​തി​ന്റെ പേരിൽ വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട ഇറ്റലി​ക്കാ​രായ ദേശസ്‌നേ​ഹി​ക​ളു​ടെ വധനിർവ​ഹ​ണ​ത്തിന്‌ അനുമതി നൽകി​യ​തു​പോ​ലെ​യു​ള്ളവ—[എടുത്തി​ട്ടുണ്ട്‌]” എന്ന്‌ ലാ ക്ര്‌വാ എന്ന കത്തോ​ലി​ക്കാ ദിനപ്പ​ത്ര​ത്തിൽ ഫ്രഞ്ചു ചരി​ത്ര​കാ​ര​നായ റെനേ റേമോൺ പരാമർശി​ച്ചി​രി​ക്കു​ന്നു. പീയൂസ്‌ ഒമ്പതാ​മനെ “യൂറോ​പ്പി​ലെ സമ്പൂർണ അധികാ​ര​മുള്ള അവസാ​നത്തെ ഏകാധി​പതി” എന്നു വിളി​ച്ചു​കൊണ്ട്‌ ല മോൺട്‌ എന്ന വർത്തമാ​ന​പ്പ​ത്രം ഈ പാപ്പാ-രാജാ​വി​ന്റെ അസഹി​ഷ്‌ണു​തയെ, പ്രത്യേ​കി​ച്ചും “മനഃസാ​ക്ഷി സ്വാത​ന്ത്ര്യം, മനുഷ്യാ​വ​കാ​ശങ്ങൾ, യഹൂദ​ന്മാ​രു​ടെ വിമോ​ചനം” എന്നിവ​യ്‌ക്കെ​തി​രെ അദ്ദേഹം നടത്തിയ പോരാ​ട്ടത്തെ എടുത്തു​കാ​ട്ടു​ന്നു. പീയൂസ്‌ ഒമ്പതാമൻ “ജനാധി​പ​ത്യം, മതസ്വാ​ത​ന്ത്ര്യം, സഭയെ രാഷ്‌ട്ര​ത്തിൽനി​ന്നു വേർതി​രി​ക്കൽ, പത്രസ്വാ​ത​ന്ത്ര്യം, ചിന്താ സ്വാത​ന്ത്ര്യം, കൂടി​വ​രാ​നുള്ള സ്വാത​ന്ത്ര്യം എന്നിവയെ അപലപി​ച്ചു” എന്ന്‌ പത്രം കൂട്ടി​ച്ചേർക്കു​ന്നു. വിശ്വാ​സ​സം​ബ​ന്ധ​വും ധാർമി​ക​വു​മായ കാര്യ​ങ്ങ​ളിൽ പാപ്പാ​യ്‌ക്കുള്ള അപ്രമാ​ദി​ത്വ​ത്തെ അംഗീ​ക​രിച്ച 1869-ലെ ഒന്നാം വത്തിക്കാൻ കൗൺസിൽ വിളി​ച്ചു​കൂ​ട്ടി​യത്‌ പീയൂസ്‌ ഒമ്പതാ​മ​നാണ്‌. (g01 3/22)

ഡാൻഡി​ലൈയൻ—അത്ഭുത​ഗു​ണ​വി​ശേ​ഷ​ങ്ങ​ളോ​ടു കൂടിയ കള

“എല്ലാ സ്ഥലങ്ങളി​ലു​മുള്ള ഗോൾഫ്‌ മൈതാന മേൽനോ​ട്ട​ക്കാ​രും പുൽത്ത​കി​ടി​ക​ളു​ടെ പരിപാ​ല​ന​ത്തിൽ അതീവ​ശ്ര​ദ്ധാ​ലു​ക്ക​ളായ അതിന്റെ ഉടമസ്ഥ​രും” ഡാൻഡി​ലൈയൻ ചെടി​കളെ “ഒന്നാം നമ്പർ പൊതു​ശ​ത്രു, പറി​ച്ചെ​റി​ഞ്ഞാ​ലും പോകാത്ത കള എന്നൊക്കെ വിളി​ച്ചാണ്‌ അധി​ക്ഷേ​പി​ക്കു​ന്നത്‌” എന്ന്‌ മെക്‌സി​ക്കോ നഗരത്തി​ലെ ദ ന്യൂസ്‌ പ്രസ്‌താ​വി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഡാൻഡി​ലൈയൻ “ലോക​ത്തി​ലെ ഏറ്റവും ആരോ​ഗ്യ​ദാ​യ​ക​മായ സസ്യങ്ങ​ളി​ലൊ​ന്നാണ്‌.” നിങ്ങളു​ടെ ആരോ​ഗ്യ​ത്തി​നും ഭക്ഷണ​ക്ര​മ​ത്തി​നും വളരെ​യേറെ സംഭാവന ചെയ്യാൻ ഇതിനു കഴിയും. ജീവകം-എയും പൊട്ടാ​സ്യ​വും ധാരാളം അടങ്ങി​യി​രി​ക്കുന്ന ഡാൻഡി​ലൈയൻ, ബ്രോ​ക്കൊ​ലി​യെ​ക്കാ​ളും വശളച്ചീ​ര​യെ​ക്കാ​ളും (spinach) പോഷ​ക​സ​മൃ​ദ്ധ​മാണ്‌. ഈ ചെടി​യു​ടെ എല്ലാ ഭാഗങ്ങ​ളും ഉപയോ​ഗ​പ്ര​ദ​മാണ്‌. ഇതിന്റെ തളിരി​ലകൾ സാലഡു​ക​ളിൽ ഉപയോ​ഗി​ക്കാൻ നല്ലതാണ്‌. മാത്രമല്ല, വശളച്ചീര ചേർക്കേണ്ട മിക്കവാ​റും എല്ലാ പാചക​വി​ധി​ക​ളി​ലും ഇത്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ഇതിന്റെ ഉണക്കി വറു​ത്തെ​ടുത്ത വേരുകൾ ചേർത്ത്‌ കാപ്പി പോലുള്ള ഒരു പാനീയം ഉണ്ടാക്കാം. ഇതിന്റെ പൂവുകൾ വീഞ്ഞു​പോ​ലെ​യുള്ള ഒരു പാനീയം ഉണ്ടാക്കാൻ ഉപയോ​ഗി​ക്കാം. കരളിനെ ശുദ്ധീ​ക​രി​ക്കു​ന്ന​തി​നും ലിവർ ടോണി​ക്കാ​യും, രക്തം വർധി​പ്പി​ക്കു​ന്ന​തി​നും ശുദ്ധീ​ക​രി​ക്കു​ന്ന​തി​നും, ശക്തി കുറഞ്ഞ മൂത്ര​വി​സർജന സഹായി​യാ​യും പണ്ടുമു​തൽക്കേ ഡാൻഡി​ലൈയൻ ഉപയോ​ഗി​ച്ചു വന്നിരി​ക്കു​ന്നു. “ചൈനീസ്‌ ഔഷധ​പ്പെ​ട്ടി​യി​ലെ ആറു പ്രധാന പച്ചമരു​ന്നു​ക​ളിൽ ഒന്നാണ്‌” ഡാൻഡി​ലൈയൻ എന്ന്‌ ദ ന്യൂസ്‌ പ്രസ്‌താ​വി​ക്കു​ന്നു. പുൽത്ത​കി​ടി​യോ പുൽമേ​ടു​ക​ളോ ഉള്ളവർക്ക്‌ ഡാൻഡി​ലൈയൻ പണം മുടക്കി​ല്ലാ​തെ ലഭിക്കും. (g01 3/22)