വഴിയിൽ നിങ്ങളെ പിടിച്ചുനിറുത്തുന്ന ഒരു വൃക്ഷം
വഴിയിൽ നിങ്ങളെ പിടിച്ചുനിറുത്തുന്ന ഒരു വൃക്ഷം
ഇക്വഡോറിലെ ഉണരുക! ലേഖകൻ
ഡിസംബർ പകുതിയായിട്ടും ഇക്വഡോറിന്റെ തീരസമതലങ്ങളിൽ മഴ തുടങ്ങിയിട്ടില്ലായിരുന്നു. പൊടിപടലങ്ങളാൽ മൂടിയിരിക്കുന്ന മലമടക്കുകളിലെ വൃക്ഷലതാദികൾ പച്ചപ്പില്ലാതെ നിറം മങ്ങി കാണപ്പെട്ടു. മുകളിലെ നരച്ച മേഘക്കൂട്ടങ്ങളാൽ മ്ലാനമായ ആ ദിവസം ഒരു സംഘം യാത്രക്കാർ പടിഞ്ഞാറ്, പസിഫിക് സമുദ്രത്തിന്റെ ഭാഗത്തേക്കു പോകുന്ന ഒരു പ്രധാനവീഥിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന്, എല്ലാ കണ്ണുകളും വഴിയരികിൽ ഉണ്ടായിരുന്ന ഒരു വൃക്ഷത്തിൽ ഉടക്കിനിന്നു. കാറും പെട്ടെന്നു നിന്നു. ഏതു മരമാണ് അവർ അവിടെ കണ്ടത്?
പൂത്തുലഞ്ഞുനിൽക്കുന്ന ഒരു ഗ്വൈയാക്കൻ മരം! “എത്ര മനോഹരം! ഇത്രയധികം ശോഭയുള്ള നിറം ആരെങ്കിലും മുമ്പു കണ്ടിട്ടുണ്ടോ? പിങ്ക് നിറത്തിലും ഊതനിറത്തിലും ചെമപ്പുനിറത്തിലും ഓറഞ്ചുനിറത്തിലുമൊക്കെയുള്ള പൂക്കൾ ചൂടിനിൽക്കുന്ന മരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ഈ ജ്വലിക്കുന്ന കാന്തിക്കു മുമ്പിൽ അവയൊന്നും ഏതുമില്ല!” ആശ്ചര്യത്തിൽ കുതിർന്ന ഈ വാക്കുകൾ നിമിഷനേരത്തെ നിശ്ശബ്ദതയെ ഭഞ്ജിച്ചു.
അതിന്റെ സുവർണ സൗന്ദര്യത്തെ കുറെ പുകഴ്ത്തിയശേഷം അവർ യാത്ര തുടർന്നു. എന്നാൽ അത് വെറുമൊരു തുടക്കം മാത്രമായിരുന്നു എന്ന് അവർക്ക് അറിയില്ലായിരുന്നു. കുറച്ചുദൂരം താഴേക്കു ചെന്ന അവർ ഒന്നിനു പിറകെ ഒന്നായി പൂത്തുലഞ്ഞു നിൽക്കുന്ന നിരവധി ഗ്വൈയാക്കൻ മരങ്ങൾ കണ്ടു. അതുകണ്ടാൽ മലകളാകെ പൊൻവെയിലിൽ കുളിച്ചുനിൽക്കുകയാണോ എന്നുതോന്നും! ഗ്വൈയാക്കൻ മരങ്ങൾ പൂക്കുന്ന കാലമായിരുന്നു അത്. നിറം മങ്ങിയ വനങ്ങൾ പൊൻനിറച്ചാർത്തുകളാൽ സ്വയം അണിഞ്ഞൊരുങ്ങുന്ന കാലം.
എന്നാൽ, മനോഹരമായ ഈ പൂമരം ഒരു രാജ്യത്തിന്റെമാത്രം സ്വന്തമല്ല. തെക്കേ അമേരിക്കയുടെയും മധ്യ അമേരിക്കയുടെയും പല ഭാഗങ്ങളിലും ഇത് നൈസർഗികമായി വളരുന്നു. അരഗ്വാനേ, ഗ്വൈയാക്കൻ അമരില്ലോ, ഗോൾഡൻ ട്രംപെറ്റ്, ട്രംപെറ്റ് മരം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. സ്വർണനിറമുള്ള, കാഹളത്തിന്റെ (trumpet) ആകൃതിയിലുള്ള പൂക്കളാണ് ഇവയ്ക്കുള്ളത്. ശാസ്ത്രീയനാമം റ്റബീബ്യാ ക്രിസാന്താ എന്നാണ്.
ഗ്വൈയാക്കൻ മരത്തിന്റെ നല്ല ആരടുപ്പമുള്ള തടി ഉയർന്ന ഗുണനിലവാരത്തിലുള്ള ഫർണിച്ചർ നിർമാണത്തിന് വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. തത്ഫലമായി ഇവയുടെ ദൗർലഭ്യം അനുഭവപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ചില രാജ്യങ്ങളിൽ ഇവയെ സംരക്ഷണ നിയമങ്ങളിൻകീഴിൽ ആക്കേണ്ടത് ആവശ്യമായി തീർന്നിരിക്കുന്നു. വർഷത്തിൽ ഒരിക്കൽ ഏതാനും ദിവസത്തേക്കു മാത്രമാണെങ്കിൽപ്പോലും തദ്ദേശീയരും സന്ദർശകരും ഈ പൂമരത്തിന്റെ തനതായ സൗന്ദര്യം തുടർന്നും ആസ്വദിക്കുന്നു എന്നുറപ്പു വരുത്താൻ വേണ്ടിയാണ് ഇത്.
ഏറ്റവും മഹാനായ കലാകാരന്റെ—നാം ജീവിക്കുന്ന അത്ഭുത ഗ്രഹമായ ഈ ഭൂമിയുടെ വിദഗ്ധശിൽപ്പിയായ മഹാസ്രഷ്ടാവിന്റെ—കരവിരുതിനുള്ള ജീവിക്കുന്ന ഒരു സാക്ഷ്യമാണ് ഗ്വൈയാക്കൻ എന്നതിന് സംശയമില്ല. (g01 3/8)