ഞാൻ എന്റെ മുത്തശ്ശീമുത്തശ്ശന്മാരെ അടുത്തറിയേണ്ടത് എന്തുകൊണ്ട്?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ എന്റെ മുത്തശ്ശീമുത്തശ്ശന്മാരെ അടുത്തറിയേണ്ടത് എന്തുകൊണ്ട്?
“പരസ്പരം ആശയവിനിമയം നടത്തുന്നതിൽ എനിക്കും അമ്മയ്ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ, കാര്യങ്ങളൊക്കെ നേരെയാക്കാൻ മുത്തശ്ശി ഞങ്ങളെ സഹായിച്ചു.”—ഡാമരിസ്.
“കുടുംബത്തിന്റെ ഒരുമ നിലനിറുത്തുകയും കുടുംബ പാരമ്പര്യങ്ങളും മറ്റും ഇളം തലമുറയ്ക്കു കൈമാറുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കണ്ണിയായി ചരിത്രത്തിലുടനീളം മുത്തശ്ശീമുത്തശ്ശന്മാർ വർത്തിച്ചിരിക്കുന്നു” എന്ന് മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രഭാവം! (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. ആർതർ കോൺഹാബർ എഴുതുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അധ്യാപകരായും മാതാപിതാക്കളുടെ സഹായികളായും ചരിത്രകാരന്മാരായും പരിപാലകരായും ഉപദേഷ്ടാക്കളായും എന്തിന്, വിനോദിപ്പിക്കുന്നവർ പോലും ആയി വർത്തിക്കുന്ന അവരുടെ മനശ്ശാസ്ത്രപരവും സാമൂഹികവും ആത്മീയവുമായ റോളുകൾ അത്യന്തം പ്രധാനപ്പെട്ടവ ആയിരുന്നു. ശക്തമായ പ്രഭാവം ചെലുത്തുന്നതും അനേകം തലങ്ങളെ സ്പർശിക്കുന്നതുമായ മുത്തശ്ശീമുത്തശ്ശന്മാരുടെ റോൾ നമ്മുടെ സമൂഹത്തിന് എങ്ങനെ അവഗണിക്കാൻ കഴിഞ്ഞു എന്നു ഞാൻ ചോദിച്ചുപോകുകയാണ്.”
പോയ നാളുകളിൽ, മുത്തശ്ശീമുത്തശ്ശന്മാർ കുടുംബ ജീവിതത്തിന്റെ ഒരു അടിസ്ഥാന ഘടകമായി വർത്തിച്ചിരുന്നു. യഹോവയാം ദൈവത്തിന്റെ ആരാധകരുടെ കാര്യത്തിൽ ഇതു വിശേഷിച്ചും സത്യമായിരുന്നു. പ്രായമായവരെ ആദരിക്കാനും അവരോടു വിലമതിപ്പു പ്രകടിപ്പിക്കാനും ബൈബിൾ ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (ലേവ്യപുസ്തകം 19:32) മുത്തശ്ശീമുത്തശ്ശന്മാർ വിശേഷിച്ചും ആദരവ് അർഹിക്കുന്നവരായി കണക്കാക്കപ്പെട്ടിരുന്നു.—1 തിമൊഥെയൊസ് 5:4, NW.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, കാലം മാറിയിരിക്കുന്നു. ദൂരം പലപ്പോഴും കുടുംബാംഗങ്ങളെ തമ്മിൽ അകറ്റുന്നു. പല യുവജനങ്ങൾക്കും തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുമായി ഒരു സമ്പർക്കവുമില്ല. ആളുകളുടെ മനോഭാവങ്ങൾക്കും മാറ്റം വന്നിരിക്കുന്നു. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ചെറുപ്പക്കാർ പ്രായമായവരോട്—ബന്ധുക്കൾ ഉൾപ്പെടെയുള്ളവരോട്—ആദരവോടെ അല്ല പെരുമാറുന്നത്. (2 തിമൊഥെയൊസ് 3:1-3) തലമുറകൾ തമ്മിലുള്ള അന്തരത്തെ വർണിക്കാൻ മുമ്പ് തലമുറ വിടവ് എന്ന പ്രയോഗമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അതിനെ തലമുറ ഗർത്തം എന്നു വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതം എന്നു തോന്നുന്നു. ജീവിതത്തിന്റെ പുതിയ മുഖങ്ങളെ കുറിച്ച് തികച്ചും അജ്ഞരായ വെറും പഴഞ്ചൻ ചിന്താഗതിക്കാരായിട്ടാണ് മിക്ക യുവജനങ്ങളും തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരെ കാണുന്നത്. ഇന്നു യുവജനങ്ങൾ നേരിടുന്ന സമ്മർദങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാൻ ഈ പ്രായമായവർക്കു കഴിയുമെന്ന് അവർക്കു സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല.
അങ്ങനെയാണു നിങ്ങൾ കരുതുന്നതെങ്കിൽ, നിങ്ങളുടെ ചിന്താഗതിയെ ഒന്നുകൂടി പരിശോധിക്കാൻ ഒരുങ്ങിക്കൊള്ളുക! കാരണം, മുത്തശ്ശീമുത്തശ്ശന്മാരെ അടുത്തറിയുന്നതു കൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട്—പ്രത്യേകിച്ചും അവർ ദൈവഭയം ഉള്ളവരാണെങ്കിൽ. അവരുമായി നിങ്ങൾ ഇതുവരെ ഒരു അടുത്ത ബന്ധം നട്ടുവളർത്തിയിട്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമായിരുന്നേക്കാം. അങ്ങനെ പറയാൻ കാരണമെന്താണ്?
ജ്ഞാനത്തിന്റെയും ഉപദേശത്തിന്റെയും ഒരു ഉറവ്
കാറ്റും കോളും നിറഞ്ഞ യൗവന വർഷങ്ങളിൽ മുത്തശ്ശീമുത്തശ്ശന്മാർക്ക് ഒരു അഭയസ്ഥാനം ആയി വർത്തിക്കാൻ കഴിയും എന്ന് പല യുവജനങ്ങളും കണ്ടെത്തിയിരിക്കുന്നു. സെവന്റീൻ മാസിക ഇപ്രകാരം പറയുന്നു: “പതിറ്റാണ്ടുകളിലെ ജീവിത പരിചയം കൈമുതലായുള്ള അവർക്കാണ് പലപ്പോഴും നിങ്ങളുടെ അതേ പ്രശ്നങ്ങളുമായി മല്ലിടുന്ന സമപ്രായക്കാരായ സുഹൃത്തുക്കളെക്കാളും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളെ ഏറെ സഹായിക്കാനാകുക. ജീവിതത്തിൽ മാറ്റത്തിന്റെ ആദ്യ ഘട്ടങ്ങൾ കടക്കുന്നതിന്റെ നൊമ്പരത്തിലാണ് നിങ്ങളും കൂട്ടുകാരും. എന്നാൽ നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ സദൃശവാക്യങ്ങൾ 16:31.
ജീവിതത്തിൽ അത്തരം അനേകം ഘട്ടങ്ങൾ വിജയകരമായി കടന്നിട്ടുള്ളവരാണ്. അവർ പലപ്പോഴും ജ്ഞാനികൾ മാത്രമല്ല, സമർഥരും കൂടിയാണ്.” മേൽപ്പറഞ്ഞ ബുദ്ധിയുപദേശം നൽകിയപ്പോൾ, ആ മാസിക, നൂറ്റാണ്ടുകൾക്കു മുമ്പ് ബൈബിൾ പറഞ്ഞ കാര്യം ആവർത്തിക്കുക മാത്രമാണ് ചെയ്തത്. ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.”—നിങ്ങൾ ഇന്നു ജീവിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകത്തിലായിരിക്കാം നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ വളർന്നുവന്നത് എന്നതു ശരിതന്നെ. എങ്കിലും ഒരു കാര്യം സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും: നിങ്ങൾ ഇപ്പോൾ ഏതു തരം വികാരങ്ങളുമായാണോ മല്ലിടുന്നത്, അതേ വികാരങ്ങൾതന്നെ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ അവർക്കും തോന്നിയിട്ടുണ്ട്. ഈ വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾക്ക് ഇപ്പോഴും അനുഭവപരിചയം കുറവായിരിക്കാമെന്നിരിക്കെ, ഒരായുഷ്കാലത്തെ ജീവിത പരിചയത്തിലൂടെ ഇത്തരം വികാരങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നു മനസ്സിലാക്കിയിട്ടുള്ളവരാണ് നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ. (സദൃശവാക്യങ്ങൾ 1:4, NW) “വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു” എന്ന് നീതിമാനായ ഇയ്യോബ് പറഞ്ഞു. (ഇയ്യോബ് 12:12) അതുകൊണ്ട്, യുവജനങ്ങൾക്ക് സന്തുലിത ബുദ്ധിയുപദേശമോ പ്രോത്സാഹനമോ പിന്തുണയോ ആവശ്യമായി വരുന്ന പല സാഹചര്യങ്ങളിലും മുത്തശ്ശീമുത്തശ്ശന്മാർക്ക് ഒരു യഥാർഥ സഹായമായിരിക്കാൻ കഴിയും.
ഡാമരിസിന്റെ മുത്തശ്ശിയുടെ കാര്യംതന്നെ എടുക്കാം. അവർ ഡാമരിസിനോടും അമ്മയോടും ഒപ്പം നഗരത്തിലുള്ള അപ്പാർട്ട്മെന്റിലാണ് പാർത്തിരുന്നത്. “പരസ്പരം ആശയവിനിമയം നടത്തുന്നതിൽ എനിക്കും അമ്മയ്ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ, കാര്യങ്ങളൊക്കെ നേരെയാക്കാൻ മുത്തശ്ശി ഞങ്ങളെ സഹായിച്ചു. കാര്യങ്ങളെ വ്യത്യസ്തമായ ഒരു വിധത്തിൽ വീക്ഷിക്കാൻ മുത്തശ്ശി എന്നെ സഹായിച്ചിരുന്നു,” ഡാമരിസ് അനുസ്മരിക്കുന്നു.
അലിക്സാണ്ട്രിയയ്ക്കും സമാനമായ അനുഭവമുണ്ടായി. അവളുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റുകയും അവൾക്ക് മറ്റൊരു സ്കൂളിൽ ചേരേണ്ടി വരികയും ചെയ്തപ്പോഴായിരുന്നു അത്. “എന്റെ പുതിയ ടീച്ചർ പരുക്കൻ സ്വഭാവക്കാരിയായിരുന്നെന്നു മാത്രമല്ല ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നവരും ആയിരുന്നു,” അലിക്സാണ്ട്രിയ പറയുന്നു. അതുകൊണ്ട് പുതിയ സ്കൂളുമായി പൊരുത്തപ്പെടുന്നത് അലിക്സാണ്ട്രിയയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ആ സമയത്ത് മുത്തശ്ശി അവൾക്ക് വലിയൊരു സഹായമായിരുന്നു. സാഹചര്യത്തെ കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ അലിക്സാണ്ട്രിയയെ പൊരുത്തപ്പെടാൻ സഹായിച്ചു. “ഇപ്പോൾ ഞാൻ എന്റെ സ്കൂൾ ഇഷ്ടപ്പെടുന്നു. അതുപോലെ അധ്യാപികയെയും,” അലിക്സാണ്ട്രിയ പറയുന്നു.
ഹൈസ്കൂൾ പാസായ ശേഷം അനുബന്ധ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരുന്ന സമയത്ത് തന്റെ മുത്തശ്ശീമുത്തശ്ശന്മാർ നൽകിയ സഹായത്തെക്കുറിച്ച് ബ്രസീലിലെ റാഫായെൽ എന്ന ചെറുപ്പക്കാരൻ അനുസ്മരിക്കുന്നു: “കൂട്ടുകെട്ട് സംബന്ധിച്ചും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചെറുത്തു നിൽക്കേണ്ടത് എങ്ങനെയെന്നതിനെ കുറിച്ചുമൊക്കെ അവർ എനിക്ക് ധാരാളം ബുദ്ധിയുപദേശം നൽകി.” റാഫായെൽ ഇപ്പോൾ ഒരു മുഴുസമയ സുവിശേഷകനായി സേവിക്കുന്നു.
ഗ്രാൻഡ്പാരന്റിങ് ഇൻ എ ചേഞ്ചിങ് വേൾഡ് എന്ന തന്റെ പുസ്തകത്തിൽ ഇഡ ലെഷേൻ ഒരു മുത്തശ്ശി എന്ന നിലയിലുള്ള തന്റെ സ്വന്തം അനുഭവം വിവരിക്കുന്നു. അവർ എഴുതുന്നു: “ഒരു ദിവസം എന്റെ കൊച്ചുമകൾ എന്നെ വിളിച്ചിട്ടു പറഞ്ഞു, ‘മുത്തശ്ശീ, കൂട്ടുകാരിൽനിന്നുള്ള സമ്മർദത്തെ തരണം ചെയ്യാൻ എനിക്കു സഹായം വേണമായിരുന്നു.’ അവളുടെ സഹപാഠികളിൽ ചിലർ ആൺകുട്ടികളുമായി ഡേറ്റിങ്ങിൽ ഏർപ്പെടാൻ അവളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആൺകുട്ടികളിൽ ചിലർ അവളെ ഫോണിൽ വിളിച്ച് സംസാരിക്കുന്നുമുണ്ടായിരുന്നു.” പേരക്കുട്ടി ആവശ്യപ്പെട്ടതു നിമിത്തം ആവശ്യമായ ബുദ്ധിയുപദേശം നൽകി സഹായിക്കാൻ മുത്തശ്ശിക്കു സാധിച്ചു. സമാനമായി, സ്നേഹനിധിയായ ഒരു മുത്തശ്ശനുമായി അല്ലെങ്കിൽ മുത്തശ്ശിയുമായി നടത്തുന്ന ഹ്രസ്വനേരത്തെ സംഭാഷണം വളരെയധികം ധാർമിക പിന്തുണ നേടിത്തരുന്നതായി നിങ്ങളും കണ്ടെത്തിയേക്കാം.
പലപ്പോഴും, കുടുംബത്തിൽ രോഗമോ മരണമോ പോലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്ന സമയത്ത് മുത്തശ്ശീമുത്തശ്ശന്മാർ പ്രത്യേകിച്ചും വലിയൊരു സഹായമാണെന്നു തെളിയുന്നു. ലേസിയുടെ പിതാവ് ഗുരുതരമായ ഒരു രോഗം പിടിപെട്ട് മരണമടഞ്ഞപ്പോൾ ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവളുടെ മുത്തശ്ശി അവളെ സഹായിച്ചു. “ഇപ്പോൾ ഞങ്ങൾ മുമ്പത്തേതിലും ഒന്നുംകൂടി അടുത്തിരിക്കുന്നു,” ലേസി പറയുന്നു.
ഒരു പ്രത്യേക സ്നേഹബന്ധം
യുവജനങ്ങൾക്കും മാതാപിതാക്കൾക്കും ഇടയിൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ഉരസലുകളും പിരിമുറുക്കങ്ങളും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ സാധാരണമായി കാണാറില്ല എന്നതും ഒരു വസ്തുതയാണ്. എന്തായിരിക്കാം ഇതിനു കാരണം? സദൃശവാക്യങ്ങൾ 17:6, ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം.
മുത്തശ്ശീമുത്തശ്ശന്മാർ പലപ്പോഴും തങ്ങളുടെ പേരക്കുട്ടികളുമായി ഒരു പ്രത്യേക ബന്ധം ആസ്വദിക്കുന്നു എന്നതാണ് ഒരു കാരണം. “വൃദ്ധർ തങ്ങളുടെ കൊച്ചുമക്കളിൽ അത്യാനന്ദം കൊള്ളുന്നു” എന്നു ബൈബിൾ പറയുന്നു.—നിങ്ങളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വളർത്തിക്കൊണ്ടു വരാനുള്ള ഭാരിച്ച ഉത്തരവാദിത്വം നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുടെ ചുമലിലല്ല, പിന്നെയോ മാതാപിതാക്കളുടെ ചുമലിലാണ് എന്ന കാര്യവും ഓർമിക്കുക. (എഫെസ്യർ 6:4) മുത്തശ്ശീമുത്തശ്ശന്മാരുടെ റോൾ മാതാപിതാക്കളുടെയത്രയും ഭാരിച്ചതല്ലാത്തതിനാൽ അവർ നിങ്ങളെ കുറ്റപ്പെടുത്താനും വഴക്കു പറയാനും ഉള്ള സാധ്യത കുറവായിരിക്കാം. കൂടാതെ, കുടുംബകാര്യങ്ങൾ ദിവസേന നോക്കിനടത്തുന്നതിന്റെ ഉത്തരവാദിത്വങ്ങളും സമ്മർദങ്ങളും ഒന്നും സാധാരണഗതിയിൽ മുത്തശ്ശീമുത്തശ്ശന്മാർക്ക് അനുഭവിക്കേണ്ടി വരുന്നില്ല. അവർ അത്തരം സമ്മർദങ്ങളിൽനിന്നൊക്കെ മിക്കവാറും മോചിതരായതിനാൽ നിങ്ങളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതും നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും അവർക്കു കൂടുതൽ എളുപ്പമായിരുന്നേക്കാം. മുത്തശ്ശീമുത്തശ്ശന്മാർ തന്റെ കാര്യങ്ങളിൽ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്ന് പതിനേഴു വയസ്സുള്ള റ്റോം അനുസ്മരിക്കുന്നു. “നല്ല റിപ്പോർട്ട് കാർഡുകൾ ലഭിക്കുമ്പോൾ” അവർ അവന് “കൊച്ചു കൊച്ചു സമ്മാനങ്ങൾ” അയച്ചുകൊടുക്കുമായിരുന്നു. പിയാനോ പഠിക്കാൻ വേണ്ട പണം മുടക്കിയിരുന്നതും അവരായിരുന്നു.
എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും ഇത്തരം സമ്മാനങ്ങൾ തരാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മറ്റു വിധങ്ങളിൽ അവർ നിങ്ങളിലുള്ള താത്പര്യം പ്രകടിപ്പിച്ചേക്കാം. നിങ്ങൾക്ക് അഭിനന്ദനമോ പ്രോത്സാഹനമോ നൽകിക്കൊണ്ടോ നിങ്ങൾ പറയുന്നത് ശ്രദ്ധാപൂർവം കേട്ടുകൊണ്ടോ ഒക്കെ ആയിരിക്കാം ഒരുപക്ഷേ അവർ ഇതു ചെയ്യുന്നത്. ഇത് നിങ്ങളുടെ ഇടയിൽ ആഴമായ സൗഹൃദം വളർന്നുവരാൻ ഇടയാക്കും. ഡാമരിസ് തന്റെ മുത്തശ്ശിയെ കുറിച്ച് ഇങ്ങനെ പറയുന്നു: “മുത്തശ്ശിയുടെ അടുത്തായിരിക്കുമ്പോൾ എനിക്ക് ഒട്ടും പിരിമുറുക്കം അനുഭവപ്പെടുന്നില്ല. ഏതു സമയത്തു വേണമെങ്കിലും എനിക്ക് മുത്തശ്ശിയുടെ അടുത്തു പോയി സംസാരിക്കാൻ കഴിയും. കാരണം ഞാൻ പറയുന്നതു കേൾക്കാൻ മുത്തശ്ശി എപ്പോഴും ഒരുക്കമാണ്—ചിലപ്പോഴൊക്കെ ഞാൻ പറയുന്നതിൽ ഒരു കഴമ്പും ഇല്ലെങ്കിൽ കൂടി.” ജോനാറ്റസിന്റെ അനുഭവവും സമാനമാണ്. അവന് തന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി എന്തും ഏതു സമയത്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഗൗരവമേറിയ വിഷയങ്ങളെ കുറിച്ചുപോലും അവരുമായി ചർച്ചചെയ്യാൻ അവനു കഴിയുന്നു.
ഇരുകൂട്ടർക്കും പ്രയോജനം
നിങ്ങൾക്കു വേണ്ടുന്ന ജ്ഞാനവും സ്നേഹവും പകർന്നു തരാൻ മുത്തശ്ശീമുത്തശ്ശന്മാർക്കു കഴിയുമെന്നിരിക്കെ, നിങ്ങളുടെ സഖിത്വത്തിൽനിന്നും യൗവനത്തിന്റെ പ്രസരിപ്പിൽനിന്നും അവർക്കും പ്രയോജനം അനുഭവിക്കാനാകുന്നു. അതെങ്ങനെ? അനേക വിധങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർക്ക് സഹായവും പിന്തുണയും പ്രദാനം ചെയ്യാൻ കഴിഞ്ഞേക്കാം. അവരുടെ ശാരീരിക ബലം ക്ഷയിച്ചുകൊണ്ടിരിക്കുകയായിരിക്കാം. അല്ലെങ്കിൽ അവർ രോഗങ്ങളുമായി മല്ലിടുകയായിരിക്കാം. സാധനങ്ങൾ വാങ്ങാനും വീട്ടുജോലികൾ ചെയ്യാനും നിങ്ങൾ അവരെ സഹായിക്കുന്ന പക്ഷം അവർക്ക് അതു വളരെ പ്രോത്സാഹനമേകും എന്നതിനു സംശയമില്ല.
മുത്തശ്ശീമുത്തശ്ശന്മാരിൽ പലരും ഇണയെ മരണത്തിൽ നഷ്ടപ്പെട്ടവരാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ അവർക്ക് ഏകാന്തത അനുഭവപ്പെടുന്നു. അവരിൽ സജീവമായ താത്പര്യം എടുത്തുകൊണ്ട്, ഏകാന്തതയെ തരണം ചെയ്യാനും ജീവിതത്തിന്റെ ആസ്വാദ്യത നിലനിറുത്താനും അവരെ സഹായിക്കുന്നതിൽ നിങ്ങൾക്കു വളരെ വലിയ പങ്കു വഹിക്കാൻ കഴിയും. അപ്രകാരം ചെയ്യുന്നത്, ‘[നിങ്ങളുടെ] അമ്മയപ്പന്മാർക്കു [“അമ്മയപ്പന്മാർക്കും വല്യമ്മവല്യപ്പന്മാർക്കും,” NW] പ്രത്യുപകാരം ചെയ്യണം’ എന്ന ബൈബിളിന്റെ കൽപ്പനയോട് അനുസരണം പ്രകടമാക്കാൻ കഴിയുന്ന ഒരു വിധമാണ്.—1 തിമൊഥെയൊസ് 5:4.
മുത്തശ്ശീമുത്തശ്ശന്മാരുമായി അടുക്കുന്നത് നിങ്ങളുടെയും അവരുടെയും ജീവിതം സമ്പുഷ്ടമാക്കും എന്നതിനു സംശയമില്ല! ഒരുപക്ഷേ നിങ്ങൾ ഇതുവരെയും അവരുമായി ഒരു അടുത്ത ബന്ധം ആസ്വദിച്ചിട്ടില്ലായിരിക്കാം. അതിനു മാറ്റം വരുത്താൻ ആഗ്രഹമുണ്ടായിരിക്കാമെങ്കിലും എവിടെ തുടങ്ങണമെന്ന് നിങ്ങൾക്കു നിശ്ചയമില്ലായിരിക്കാം. ഒരുപക്ഷേ നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ താമസിക്കുന്നത് വളരെ ദൂരെയാണ് എന്നതായിരിക്കാം പ്രശ്നം. അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ മേലാൽ ഒന്നിച്ചല്ലാത്തത് നിങ്ങളെ മുത്തശ്ശീമുത്തശ്ശന്മാരിൽനിന്ന് അകറ്റിയിരിക്കാം. ഇത്തരം സാഹചര്യങ്ങളെ നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നതു സംബന്ധിച്ച് ചില പ്രായോഗിക നിർദേശങ്ങൾ ഉണരുക!-യുടെ ഒരു ഭാവി ലക്കം പ്രദാനം ചെയ്യുന്നതായിരിക്കും. (g01 4/22)
[17-ാം പേജിലെ ചിത്രം]
മുത്തശ്ശീമുത്തശ്ശന്മാർക്ക് നല്ല ശ്രോതാക്കളും ഉപദേശത്തിന്റെയും പിന്തുണയുടെയും ഒരു ഉറവും ആയിരിക്കാൻ കഴിയും
[18-ാം പേജിലെ ചിത്രം]
നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരെ സഹായിക്കുക