തലമുടി—ഒരു അടുത്ത വീക്ഷണം
തലമുടി—ഒരു അടുത്ത വീക്ഷണം
“യുഗ-സംസ്കാര ഭേദമന്യേ, തലമുടി അതിന്റെ ഉടമയെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു” എന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. മുടി ആരോഗ്യമുള്ളതും ആകർഷകവുമാക്കി സൂക്ഷിക്കുന്നതിൽ മിക്കവരും അതീവ താത്പര്യം കാണിക്കുന്നതിൽ അപ്പോൾ അതിശയിക്കാനില്ല.
ഉണരുക! അനുഭവസമ്പന്നരായ നാലു കേശാലങ്കാരവിദഗ്ധരോട് മുടിയുടെ ഘടനയെ കുറിച്ചും പരിചരണത്തെ കുറിച്ചും സാധാരണമായി ഉയർന്നുവരാറുള്ള ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. പുറമേ കാണുന്നതിനെക്കാളൊക്കെ സങ്കീർണമാണ് തലമുടി എന്ന് അവരുടെ ഉത്തരങ്ങൾ വെളിപ്പെടുത്തി.
മുടി വളർച്ചയും മുടി കൊഴിച്ചിലും
ചോ: മുടിയുടെ ഘടന ഒന്നു വിവരിക്കാമോ?
ഉ: മുടിയിൽ കെരാറ്റിൻ എന്ന നാരുരൂപത്തിലുള്ള മാംസ്യം അടങ്ങിയിരിക്കുന്നു. തലയോട്ടിയെ ആവരണം ചെയ്യുന്ന ചർമത്തിലെ ഒരു കുഴിയിൽനിന്നാണ് ഓരോ മുടിയും വളരുന്നത്. ഈ കുഴിക്ക് രോമകൂപം (follicle) എന്നാണ് പറയുന്നത്. ഓരോ രോമകൂപത്തിന്റെയും ചുവട്ടിൽ പാപില എന്ന ഭാഗമുണ്ട്. ഇതിൽ ധാരാളം രക്തക്കുഴലുകൾ ഉണ്ട്. പാപില ഉത്പാദിപ്പിക്കുന്ന രോമകോശങ്ങൾ രോമകൂപത്തിന്റെ മുകളിലേക്കു നീങ്ങുകയും കട്ടിയായിത്തീർന്ന് മുടിയുടെ രൂപം കൈവരിക്കുകയും ചെയ്യുന്നു.
ചോ: മുടി മുറിച്ചാൽ അതു കൂടുതൽ വേഗത്തിൽ വളരും എന്നതു പരക്കെയുള്ള വിശ്വാസമാണ്. ഇതു ശരിയാണോ?
ഉ: അല്ല. മരത്തിന്റെ ശാഖകൾക്ക് തായ്ത്തടിയിൽനിന്നു പോഷണം ലഭിക്കുന്നതുപോലെ മുടിക്ക് ശരീരത്തിൽനിന്നു പോഷണം ലഭിക്കുന്നുണ്ടെന്നാണ് ചില ആളുകൾ
കരുതുന്നത്. എന്നാൽ മുടി തലയോട്ടിയിലെ ചർമത്തിൽനിന്നു പുറത്തുവന്നു കഴിഞ്ഞാൽ പിന്നെ അത് ഒരു മൃത വസ്തുവാണ്. അതുകൊണ്ട്, മുടി മുറിക്കുന്നത് അതിന്റെ വളർച്ചയെ ബാധിക്കുന്നില്ല.ചോ: എന്തുകൊണ്ടാണ് മുടി നരയ്ക്കുന്നത്?
ഉ: മുടിയുടെ ഉൾഭാഗത്തായി അതിനു നിറം പകരുന്ന ഒരു വർണകം അടങ്ങിയിട്ടുണ്ട്. വർണകോശങ്ങൾ മൃതിയടയുമ്പോൾ മുടി നരയ്ക്കുന്നു. അതു വാർധക്യ പ്രക്രിയയുടെ ഭാഗമാണ്. അകാല നരയ്ക്കു കാരണം ജനിതക ഘടകങ്ങളോ രോഗമോ ആയിരിക്കാം. എന്നാൽ ഒറ്റ രാത്രികൊണ്ടു മുടി നരയ്ക്കും എന്നതു വെറും അബദ്ധധാരണയാണ്. ചർമത്തിന് അടിയിൽ വെച്ചാണ് മുടിക്കു നിറം കൊടുക്കപ്പെടുന്നത്. അതുകൊണ്ട് നരച്ച മുടി വളർന്ന് (മാസത്തിൽ ഏകദേശം 1.25 സെന്റിമീറ്റർ എന്ന നിരക്കിലാണ് മുടി വളരുന്നത്) പുറത്തേക്കു വരാൻ സമയമെടുക്കും.
ചോ: മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
ഉ: മുടി കൊഴിച്ചിൽ മുടിയുടെ സ്വാഭാവിക പരിവൃത്തിയുടെ ഭാഗമാണ്. എല്ലാവരുടെയും തലയിൽനിന്ന് ശരാശരി 50 മുതൽ 80 വരെ മുടി ദിവസേന കൊഴിഞ്ഞുപോകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ പുരുഷന്മാരിൽ കണ്ടുവരുന്ന, തലയുടെ മുൻഭാഗത്തെയും ഉച്ചിയിലെയും മുടി കൊഴിച്ചിൽ പാരമ്പര്യമാണ്. ഇതിന്റെ കാരണം ഹോർമോൺ അസന്തുലനം ആണെന്നു കാണപ്പെടുന്നു. ഇങ്ങനെ കൊഴിയുന്ന മുടി a
പിന്നീട് മുളച്ചുവരുന്നില്ല. ക്രമാതീതമായ മുടി കൊഴിച്ചിലിന് കഷണ്ടി (alopecia) എന്നു പറയുന്നു.ചോ: മുടി ആരോഗ്യത്തിന്റെ കണ്ണാടിയാണ് എന്ന് ചിലർ പറയാറുണ്ട്. നിങ്ങൾ ഇതു നിരീക്ഷിച്ചിട്ടുണ്ടോ?
ഉ: ഉണ്ട്. തലയോട്ടിയിലെ ചർമത്തിന് അടിയിൽ മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകം എത്തിക്കുന്ന രക്തക്കുഴലുകളുടെ ഒരു ശേഖരമുണ്ട്. അതുകൊണ്ട് രക്തത്തിലൂടെ ധാരാളം പോഷകം ലഭിക്കുന്നുണ്ട് എന്നതിന്റെ സൂചന ആയിരുന്നേക്കാം ആരോഗ്യമുള്ള തലമുടി. എന്നാൽ, നന്നായി ഭക്ഷണം കഴിക്കാത്ത അല്ലെങ്കിൽ അമിതമായി മദ്യപിക്കുന്ന ആളുകളുടെ തലമുടി ആരോഗ്യമില്ലാത്തതും ദുർബലവും ആയിത്തീരാനിടയുണ്ട്. മുടിക്ക് ആവശ്യമായ പോഷകങ്ങൾ രക്തത്തിലൂടെ ലഭിക്കാത്തതാണ് അതിനു കാരണം. മുടി കൊഴിയുന്നതും മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നതും രോഗത്തിന്റെയോ ഗർഭധാരണത്തിന്റെയോ പ്രാരംഭ ലക്ഷണവും ആയിരിക്കാവുന്നതാണ്.
മുടിയും ചർമവും ആരോഗ്യമുള്ളതായി സൂക്ഷിക്കൽ
ചോ: മുടിയിലും തലയോട്ടിയിലെ ചർമത്തിലും ഷാംപൂ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു വിശദീകരിക്കുക.
ഉ: തലയോട്ടിയിലെ ചർമം വരണ്ടുണങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്ന ഭൂരിപക്ഷം ആളുകളും ഷാംപൂ ആവശ്യത്തിലേറെ പ്രാവശ്യം ഉപയോഗിക്കുന്നവരാണെന്ന് അനുഭവങ്ങൾ കാണിക്കുന്നു. മുടിയിലെ എണ്ണമയം, അഴുക്കും ചർമത്തിന്റെ പൊളിഞ്ഞുപോരുന്ന ശകലങ്ങളും തലയിൽ പറ്റിപ്പിടിക്കാൻ ഇടയാക്കുകയും രോമകൂപങ്ങളിലേക്കു തുറക്കുന്ന സ്നേഹനാളികളെ (oil ducts) അടച്ചുകളയുകയും ചെയ്തേക്കാം എന്നതുകൊണ്ട് പതിവായി ഷാംപൂ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നതു ശരിയാണ്. എന്നാൽ ഈ പ്രകൃതിദത്ത എണ്ണ ഉപദ്രവകാരികളായ ബാക്ടീരിയയിൽനിന്ന് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുകയും അതിനാവശ്യമായ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടെക്കൂടെ ഷാംപൂ ഉപയോഗിക്കുമ്പോൾ തലയോട്ടിയിലെ ചർമത്തിന്റെ ഈ സംരക്ഷകാവരണം നീക്കം ചെയ്യപ്പെടുന്നു. ഇത് ചർമം വരണ്ടുണങ്ങുന്നതു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കുന്നു. തലമുടിയിലോ തലയോട്ടിയിലെ ചർമത്തിലോ അഴുക്കുള്ളപ്പോൾ ഷാംപൂ ഉപയോഗിക്കാനാണ് മിക്ക വിദഗ്ധരും ശുപാർശ ചെയ്യുന്നത്. എണ്ണമയമുള്ള മുടിയുള്ളവർ സാധാരണ മുടിയോ വരണ്ട മുടിയോ ഉള്ളവരെക്കാളും കൂടുതൽ പ്രാവശ്യം ഷാംപൂ ഉപയോഗിക്കണം.
ഷാംപൂ ഇടുമ്പോൾ തലയോട്ടി നന്നായി തിരുമ്മുക. ഇത് തലയോട്ടിയിലെ ചർമത്തിൽനിന്ന് മൃതകോശങ്ങളും മറ്റും നീക്കം ചെയ്യപ്പെടാൻ ഇടയാക്കുന്നതോടൊപ്പം രക്തചംക്രമണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും, രക്തമാണല്ലോ മുടിക്ക് ആവശ്യമായ പോഷകം എത്തിക്കുന്നത്. ഷാംപൂ ഉപയോഗിച്ചശേഷം തലയിൽനിന്ന് അതു നന്നായി കഴുകി കളയാൻ ശ്രദ്ധിക്കുക! കയ്യിൽ സോപ്പു തേച്ചശേഷം കൈ കഴുകുന്നില്ലെങ്കിൽ ചർമം വരണ്ടുപൊട്ടും. അതുപോലെതന്നെ തലയിൽനിന്ന് ഷാംപൂ നന്നായി കഴുകി കളയുന്നില്ലെങ്കിൽ തലയിലെ ചർമം വരണ്ടുണങ്ങുകയും പൊളിഞ്ഞുപോകുകയും ചെയ്യും.
ചോ: തലയോട്ടിയിലെ വരണ്ടുണങ്ങിയ ചർമത്തിന് എന്താണു പ്രതിവിധി?
ഉ: ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. ഇത് നിങ്ങളുടെ ചർമത്തെ ഈർപ്പമുള്ളതും രക്തത്തെ പോഷകസമൃദ്ധവും ആക്കിത്തീർക്കുന്നു. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക, തലയോട്ടി പതിവായി തിരുമ്മുക. തലയിലെ ചർമം ഈർപ്പമുള്ളതാക്കുന്നതിന് ചിലർ, കഴുകി കളയേണ്ടതില്ലാത്തതരം കണ്ടീഷനറുകളും ലോഷനുകളും ഉപയോഗിക്കുന്നു.
കേശാലങ്കാരം
ചോ: ഒരു കേശാലങ്കാരവിദഗ്ധന്റെ/വിദഗ്ധയുടെ അടുത്തു പോകുമ്പോൾ എന്താണ് മനസ്സിൽ പിടിക്കേണ്ടത്?
ഉ: നിങ്ങൾ ഹെയർ സ്റ്റൈൽ മാറ്റാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്റ്റൈലിന്റെ ചിത്രവും ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കാത്തതിന്റെ ചിത്രവും കരുതുക. നിങ്ങളുടെ ആഗ്രഹങ്ങളും ഓരോ ദിവസവും മുടിയുടെ പരിചരണത്തിനായി എത്രസമയം നീക്കിവെക്കാൻ ഉദ്ദേശിക്കുന്നുവെന്നതും അവരോടു വ്യക്തമായി പറയുക. കാരണം ചില ഹെയർ സ്റ്റൈലുകൾക്ക് മറ്റുള്ളവയെക്കാൾ ശ്രദ്ധയാവശ്യമാണ്. സാധാരണഗതിയിൽ രണ്ടു മൂന്നു തവണത്തെ സന്ദർശനം കൊണ്ടേ കേശാലങ്കാരവിദഗ്ധന്/വിദഗ്ധയ്ക്ക് നിങ്ങളുടെ മുടിയുമായി പരിചയത്തിലാകാനും നിങ്ങളുമായി നല്ല ആശയവിനിമയ ബന്ധം സ്ഥാപിച്ചെടുക്കാനും കഴിയൂ എന്ന കാര്യം മനസ്സിൽ പിടിക്കുക. അതുകൊണ്ട് പുതിയ ഒരു കേശാലങ്കാരവിദഗ്ധനെ/വിദഗ്ധയെ തേടിപ്പോകാൻ ഒരിക്കലും തിടുക്കം കൂട്ടരുത്!
നിങ്ങളുടെ മുടി എന്തു വെളിപ്പെടുത്തുന്നു?
മുടിയുടെ പരിചരണവും കേശാലങ്കാരവും നമ്മെ കുറിച്ച് പലതും വെളിപ്പെടുത്തുന്നു. ഫാഷൻ തരംഗങ്ങൾക്കും മത വിശ്വാസങ്ങൾക്കും സാമൂഹികവും രാഷ്ട്രീയവും ആയ ആശയങ്ങൾക്കും അനുസൃതമായി ആളുകൾ തങ്ങളുടെ മുടി മുറിക്കുകയും വളർത്തുകയും നീട്ടുകയും ചുരുട്ടുകയും നിറം പിടിപ്പിക്കുകയും പല രീതിയിൽ അലങ്കരിക്കുകയും ഒക്കെ ചെയ്തിരിക്കുന്നു. നിങ്ങളുടെ മുടി ഒന്ന് അടുത്തു നിരീക്ഷിക്കുക. അത് നിങ്ങളെ കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്? ഭംഗിയായി ചീകിയൊതുക്കിയ ആരോഗ്യമുള്ള മുടി ഒരു വ്യക്തിക്ക് അഴകു ചാർത്തുന്നതോടൊപ്പം മറ്റുള്ളവരുടെ പ്രശംസയും പിടിച്ചുപറ്റുന്നു. (g01 4/8)
[അടിക്കുറിപ്പ്]
a ഇതേക്കുറിച്ച് കൂടുതൽ അറിയുന്നതിന്, 1991 ഏപ്രിൽ 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “ആലൊപിഷ്യ—മുടി കൊഴിച്ചിലുമായി നിശ്ശബ്ദം കഴിഞ്ഞുകൂടൽ” എന്ന ലേഖനം കാണുക.
[20-ാം പേജിലെ ചിത്രങ്ങൾ]
• പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും വരണ്ടുണങ്ങിയ ചർമം ആരോഗ്യമുള്ളതായിത്തീരുന്നതിന് സഹായിച്ചേക്കാം
[20-ാം പേജിലെ ചിത്രം]
• മുടി നരയ്ക്കുന്നത് വാർധക്യ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണ്
[20-ാം പേജിലെ ചിത്രം]
• ആവശ്യത്തിലേറെ പ്രാവശ്യം ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിയിലെ ചർമത്തിന് സംരക്ഷണമേകുന്ന എണ്ണ നഷ്ടപ്പെടുന്നതിന് ഇടയാക്കും