മൊസാമ്പിക്കിലെ വെള്ളപ്പൊക്കം—ക്രിസ്ത്യാനികൾ പ്രളയബാധിതരെ സഹായിച്ച വിധം
മൊസാമ്പിക്കിലെ വെള്ളപ്പൊക്ക—ക്രിസ്ത്യാനികൾ പ്രളയബാധിതരെ സഹായിച്ച വിധം
മൊസാമ്പിക്കിലെ ഉണരുക! ലേഖകൻ
പ്രളയജലം കൊലവിളി ഉയർത്തവേ, മരക്കൊമ്പുകളിൽ അള്ളിപ്പിടിച്ചിരുന്ന മൊസാമ്പിക്കിലെ ആളുകളുടെ ചിത്രങ്ങൾ കഴിഞ്ഞ വർഷാരംഭത്തിൽ ടെലിവിഷൻ പ്രേക്ഷകരെ സ്തബ്ധരാക്കി. മരത്തിലായിരിക്കെ പ്രസവിച്ച ഒരു സ്ത്രീയെയും അവരുടെ കുഞ്ഞിനെയും ഹെലികോപ്റ്റർ എത്തി സുരക്ഷിത സ്ഥാനത്തേക്കു കൊണ്ടുപോകുന്നത് അതിൽ കാണിക്കുകയുണ്ടായി. എന്നാൽ, ആയിരക്കണക്കിനാളുകൾ—ചിലർക്കാണെങ്കിൽ പാമ്പുകളും കൂട്ടുണ്ടായിരുന്നു—രക്ഷപ്പെടാനാവാതെ ദിവസങ്ങളോളം പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങി പോയിരുന്നു. വെള്ളം താഴുന്നതുവരെ അല്ലെങ്കിൽ ഹെലികോപ്റ്ററുകൾ വന്നു രക്ഷപ്പെടുത്തും വരെ അവർക്കു പ്രളയജലവുമായി മല്ലിടേണ്ടി വന്നു.
മൊസാമ്പിക്കിന്റെ തലസ്ഥാന നഗരിയായ മാപൂട്ടോയിൽ തകർത്തു പെയ്ത മഴയാണ് ദുരന്തത്തിനു തുടക്കം കുറിച്ചത്. മണിക്കൂറുകൾക്കുള്ളിൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. ചിലയിടങ്ങളിൽ വീടുകളുടെ മേൽക്കൂര വരെ ജലനിരപ്പ് ഉയർന്നു. റോഡുകൾ അലറിപ്പാഞ്ഞൊഴുകുന്ന നദികളുടെ രൂപം കൈവരിച്ചു. വെള്ളപ്പാച്ചലുകൾ വലിയ ചാലുകൾ സൃഷ്ടിച്ചു. വീടുകൾ, കാറുകൾ എന്നു വേണ്ട എല്ലാ സാധനങ്ങളുംതന്നെ ഒഴുകിയൊലിച്ചു പോയി. എന്നാൽ ഇതെല്ലാം ദുരന്തങ്ങളുടെ തുടക്കം മാത്രമായിരുന്നു.
രാജ്യത്തിന്റെ തെക്കു ഭാഗത്തെ മൊത്തം വെള്ളത്തിലാഴ്ത്തിക്കൊണ്ട് മഴ തുടർന്നു. സമീപത്തുള്ള ദക്ഷിണാഫ്രിക്ക, സിംബാബ്വേ, ബോട്സ്വാന എന്നിവിടങ്ങളിലും മഴ പെയ്തു. ഈ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഇൻകോമാറ്റി, ലിംപോപോ, സാമ്പിസി എന്നീ നദികൾ മൊസാമ്പിക്ക് കടന്നാണ് സമുദ്രത്തിൽ ചെന്നു പതിക്കുന്നത്. അതുകൊണ്ട് അവ കരകവിഞ്ഞൊഴുകിയപ്പോൾ
അത് മൊസാമ്പിക്കിന്റെ ഒട്ടേറെ പ്രദേശങ്ങളിൽ വിനാശം വിതച്ചു. ഈ കൊടുംവിപത്തിന്റെ സമയത്ത് ക്രിസ്ത്യാനികൾ അന്യോന്യം സഹായിച്ച വിധം വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു അനുഭവകഥയാണ്.ആദ്യ കെടുതികൾ വിലയിരുത്തുന്നു
കഴിഞ്ഞ വർഷം ഫെബ്രുവരി 9-ന് മാപൂട്ടോയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിന്റെ രണ്ട് പ്രതിനിധികൾ വടക്കു ഭാഗം സന്ദർശിക്കാനായി യാത്രതിരിച്ചു. രാവിലെ ഏകദേശം 9 മണിയോടെ ഷിനവാനി നഗരത്തിലെത്തിയ അവർ ഇൻകോലൂയാനെ നദിയിലെ ജലനിരപ്പ് വളരെ ഉയർന്നിരിക്കുന്നതായി നിരീക്ഷിച്ചു. ഗാസ പ്രവിശ്യയുടെ തലസ്ഥാനമായ ഷൈ-ഷൈയിലേക്ക് യാത്ര തുടരാൻ അവർ തീരുമാനിച്ചു. എങ്കിലും ഷോക്വെ നഗരത്തിനു—വലിയ കാറ്റും മഴയും ഉണ്ടാകുന്ന സമയത്ത് മിക്കപ്പോഴും ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടാകാറുള്ള സ്ഥലമാണ് അത്—സമീപമെത്തിയ അവർക്ക് വെള്ളപ്പൊക്കത്തിന്റെ യാതൊരു സൂചനയും കാണാനായില്ല. അതുകൊണ്ട് മാപൂട്ടോയിലേക്കു മടങ്ങിപ്പോകാൻ അവർ തീരുമാനിച്ചു.
എന്നിരുന്നാലും, മടക്കയാത്രയിൽ ഷിനവാനിക്കു സമീപം എത്തിയപ്പോൾ പൊലീസുകാർ അവരെ തടഞ്ഞുനിറുത്തി. ‘ദക്ഷിണാഫ്രിക്കയിൽനിന്നു പ്രളയജലം ഒഴുകിയെത്തിയിരിക്കുന്നു. അതിനാൽ ദേശീയ പാതയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. . . . ബസ്സും ട്രക്കും ഒന്നും അതുവഴി പോകില്ല,’ പൊലീസ് മുന്നറിയിപ്പു നൽകി. അന്നേ ദിവസം രാവിലെ അവർ കടന്നുപോന്ന റോഡിന്റെ ഭാഗങ്ങൾ അപ്പോൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു! കുറെക്കൂടെ വടക്കോട്ടു മാറിയുള്ള നദികളിലെ ജലനിരപ്പും കൂടെ ഉയരാൻ തുടങ്ങിയതോടെ ആ പ്രദേശം രാജ്യത്തിന്റെ ബാക്കി ഭാഗത്തുനിന്ന് ഒറ്റപ്പെട്ടുപോയി.
അടുത്തുള്ള മാസീയായിൽ രാത്രി കഴിച്ചുകൂട്ടാൻ ആ രണ്ടു സഹോദരന്മാർ തീരുമാനിച്ചു. രാത്രിയിൽ സ്ഥിതിഗതികൾ ഒന്നുകൂടി വഷളായി. ഷിനവാനി നഗരം മുഴുവൻ വെള്ളത്തിലായി. അവിടത്തുകാർക്ക് സകലതും നഷ്ടപ്പെട്ടു. ആ പ്രദേശത്തുള്ള സാക്ഷികളെ മാസീയായിലെ ഒരു രാജ്യഹാളിൽ എത്തിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. അവിടെ ഒരു താത്കാലിക അഭയാർഥി ക്യാമ്പ് സ്ഥാപിക്കപ്പെട്ടു. സാക്ഷികൾ പെട്ടെന്നുതന്നെ പണ്ടകശാലകളിൽ ചെന്ന് അരി, പയറ്, മാവ്, എണ്ണ തുടങ്ങിയ അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നു.
ഷോക്വെയിലും സമീപ നഗരങ്ങളിലും ഉള്ള സഹ ക്രിസ്ത്യാനികളെ കുറിച്ചായി അടുത്ത ചിന്ത. ഷോക്വെയിലുള്ള സഭകളിലെ മേൽവിചാരകന്മാർ ഒരുമിച്ചുകൂടി, കൂട്ടത്തോടെ ഒഴിഞ്ഞു പോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു. “ഉടനടി സ്ഥലം വിടുക, മാസീയായിലേക്കു പോകുക!” എന്ന സന്ദേശം എല്ലായിടത്തും എത്തി. എന്നാൽ ഷിനവാനിയിലുള്ള പലരും മാസീയായിൽ എത്തിച്ചേർന്നിട്ടില്ലെന്ന് താമസിയാതെ മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ട് അവരുടെ കാര്യം തിരക്കാനായി ചില സാക്ഷികളെ അങ്ങോട്ട് അയച്ചു. ഒരു ക്രിസ്തീയ മൂപ്പൻ തന്റെ വീട്ടിനുള്ളിൽവെച്ച് മുങ്ങി മരിച്ചെന്നും അറിവു കിട്ടി. അദ്ദേഹത്തിന്റെ ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ബാക്കിയുള്ള സാക്ഷികളെ—അവരിൽ ചിലർ മേൽക്കൂരകളിൽ അഭയം തേടിയിരുന്നു—കണ്ടെത്തി മാസീയായിലെത്തിച്ചു.
ഈ ക്രമീകരണങ്ങളെല്ലാം ചെയ്തശേഷം ബ്രാഞ്ചിന്റെ പ്രതിനിധികൾ ഒരു കൊച്ചു തീരദേശ നഗരമായ ബിലെനിയിലേക്കു തിരിച്ചു. അവിടെനിന്ന് അവർ വാടകയ്ക്കെടുത്ത ഒരു വിമാനത്തിൽ മാപൂട്ടോയിലേക്കു പോയി. നോക്കെത്താദൂരത്തോളം വെള്ളം പൊങ്ങിക്കിടക്കുന്നതാണ് അവർക്കു കാണാൻ കഴിഞ്ഞത്. ഗാസ പ്രവിശ്യയിൽ തന്നെ പ്രളയബാധിതരായ 6,00,000 പേർ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്.
സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു
തുടർന്നു വന്ന ഏതാനും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായി പെയ്യാൻ തുടങ്ങി. അങ്ങനെ മൊസാമ്പിക്കിന്റെ മധ്യ പ്രവിശ്യകളും പ്രളയജലത്തിന്റെ ഭീകര മുഖം കണ്ടു. തുടർന്ന്, എലൈൻ എന്നു പേരുള്ള ഒരു വലിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപംകൊണ്ടു. ഫെബ്രുവരി 20-ന് അത് ഇന്യാമ്പാനേ, സോഫാളാ, മാനീക്കാ എന്നീ പ്രവിശ്യകളിൽ വിനാശകമായ രീതിയിൽ മഴ പെയ്യാൻ ഇടയാക്കി. അങ്ങനെ വെള്ളപ്പൊക്കവും മരണവും വിനാശവും ഒരു തുടർക്കഥയായി മാറി.
അങ്ങനെയിരിക്കെ, ഫെബ്രുവരി അവസാനത്തോടെ, ഷോക്വെ നഗരത്തിലും അതിനു ചുറ്റുമുള്ള മുഴു പ്രദേശത്തും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കമുണ്ടായി. ഫെബ്രുവരി 26 ശനിയാഴ്ച അർധരാത്രിയോടടുത്ത് വലിയ ഉരുൾപ്പൊട്ടലുണ്ടാകുമ്പോൾ സംഭവിക്കും പോലെ, പ്രളയജലം അതിന്റെ പാതയിലുണ്ടായിരുന്ന സകലതിനെയും അടിച്ചൊഴുക്കിക്കൊണ്ട് പാഞ്ഞെത്തി. “ഒരു അയൽക്കാരി ജനാലയിലൂടെ ഉച്ചത്തിൽ വിളിക്കുന്നതു കേട്ടാണ് ഞങ്ങൾ ഉണർന്നത്,” 32 വയസ്സുള്ള ലൂയിഷ് ഷിറ്റ്ലാങ്ഗൂ എന്ന സാക്ഷി പറയുന്നു.
ഷിറ്റ്ലാങ്ഗൂ വിവരിക്കുന്നു: “കിടക്കയിൽനിന്ന് ചാടിയെണീറ്റ ഞങ്ങൾക്ക് വെള്ളത്തിന്റെ ഉച്ചത്തിലുള്ള ഇരമ്പൽ കേൾക്കാമായിരുന്നു. ഇറങ്ങിയോടുന്നതിനിടയ്ക്ക് ഞങ്ങൾ നിരവധി പാമ്പുകളെ കണ്ടു. പുലർച്ചെ 6 മണിയോടെ ഞങ്ങൾ ഉയരംകൂടിയ ഒരു സ്ഥലത്തെത്തി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ നാലു പാടും വെള്ളം പൊങ്ങിയതിനാൽ ഞങ്ങൾക്കു മരങ്ങളിൽ കയറേണ്ടതായി വന്നു. ഞങ്ങളുടെ സംഘത്തിൽ 20 പേർ ഉണ്ടായിരുന്നു.
“ആദ്യം പുരുഷന്മാർ മരങ്ങളിൽ കയറി. അതിനു ശേഷം സ്ത്രീകൾ കുട്ടികളെ അവരുടെ കയ്യിൽ കൊടുത്തു. താഴെ വീഴാതിരിക്കാനായി അവരെ മരക്കൊമ്പുമായി ബന്ധിച്ചു. പിന്നെ സ്ത്രീകൾ കൊച്ചു കുഞ്ഞുങ്ങളെയും കൊണ്ട് മരങ്ങളിൽ കയറിപ്പറ്റി. അവിടെ നിലക്കടല കൃഷി ചെയ്തിരുന്നുവെന്ന് അറിയാമായിരുന്നതിനാൽ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് മരത്തിൽനിന്നിറങ്ങി നിലക്കടലയ്ക്കായി വെള്ളത്തിനടിയിൽ പരതുമായിരുന്നു.
“മൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും ഷോക്വെയിലേക്ക് നടന്നു പോകാൻ തീരുമാനിച്ചു. നെഞ്ചൊപ്പം വെള്ളമുണ്ടായിരുന്നു, മാത്രമല്ല ശക്തമായ ഒഴുക്കും. പോകുന്ന വഴിക്ക് മരങ്ങളിലും പുരമുകളിലുമൊക്കെ നിരവധി പേർ ഇരിക്കുന്നതു ഞങ്ങൾ കണ്ടു. പിറ്റേന്ന് വെള്ളം ഇറങ്ങിയതിനാൽ ട്രക്കുകൾക്ക് നഗരത്തിലേക്കു വന്ന് ആളുകളെയും കൊണ്ട് മാസീയായിലേക്കു പോകാൻ കഴിഞ്ഞു.”
സാക്ഷികളുടെ അഭയാർഥി ക്യാമ്പ്
മാർച്ച് 4-ാം തീയതി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് ഒരു വിമാനം വാടകയ്ക്കെടുത്ത് ദുരന്തബാധിത പ്രദേശത്തേക്ക് പ്രതിനിധികളെ അയച്ചു. ജനങ്ങളിൽ നല്ലൊരു ശതമാനവും മാസീയായിലേക്കു പലായനം ചെയ്തിരുന്നു. മാസീയാ ഒരു വലിയ അഭയാർഥി ക്യാമ്പായി മാറിയിരുന്നു. പ്രളയബാധിതരിൽ പലരും ഫ്ളൂ, വികലപോഷണം, മലമ്പനി, മറ്റു ദുരിതങ്ങൾ എന്നിവമൂലം കഷ്ടത അനുഭവിച്ചു.
ആ പ്രദേശത്തിന് ഒരു യുദ്ധഭൂമിയുടെ പ്രതിച്ഛായയാണ് ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ ആകാശത്തെ മൂടി. അവ സാധനങ്ങൾ ഇറക്കാനായി, ആവശ്യം പ്രമാണിച്ച് പെട്ടെന്ന് ഉണ്ടാക്കിയെടുത്ത അവിടത്തെ റൺവേകളിൽ പറന്നിറങ്ങി. സാക്ഷികളുടെ ദുരിതാശ്വാസ സംഘം മാസീയായിൽ എത്തിയപ്പോൾ പ്രളയബാധിതർക്ക് ഭക്ഷണം നൽകുന്നതിനുള്ള ഏർപ്പാടുകൾ മാത്രമല്ല അവർ ചെയ്തത്. ഒരു ചെറിയ വൈദ്യസഹായ കേന്ദ്രവും അവർ സ്ഥാപിച്ചു. എന്നാൽ അതിനു മുമ്പായി അവർ പ്രാദേശിക അധികാരികളിൽനിന്ന് അതിനുള്ള അനുമതി വാങ്ങി. സാക്ഷികളുടെ മുൻകൈയെടുത്തുള്ള ഈ പ്രവർത്തനത്തെ അവർ മുക്തകണ്ഠം പ്രശംസിച്ചു.
700-ഓളം സാക്ഷികളും മറ്റുള്ളവരും താമസിച്ചിരുന്ന സാക്ഷികളുടെ ക്യാമ്പിൽ എല്ലാ ദിവസവും രാവിലെ 6:30-ന് ഒരു ബൈബിൾ വാക്യം പരിചിന്തിച്ചിരുന്നു. ക്രിസ്തീയ സഹോദരിമാർ പാകം ചെയ്യുന്ന ആഹാരം തയ്യാറായി കഴിയുമ്പോൾ കുടുംബനാഥന്മാരുടെ പേരു വിളിക്കും. എത്ര പ്ലേറ്റ് ഭക്ഷണം വേണമെന്ന് ഓരോരുത്തരും അപ്പോൾ കൈവിരലുകൾ ഉയർത്തി കാണിക്കും. തുടർന്ന് ഭക്ഷണം നൽകും.
ക്യാമ്പിലെ എല്ലാ കാര്യങ്ങളും സുസംഘടിതമായിരുന്നു. ചിലർക്ക് ആഹാരസാധനങ്ങൾ വാങ്ങാനായിരുന്നു നിയമനമെങ്കിൽ കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പുവരുത്തൽ, കക്കൂസുകൾ
വൃത്തിയാക്കൽ തുടങ്ങിയവയായിരുന്നു മറ്റു ചിലരുടെ നിയമനങ്ങൾ. സാക്ഷികളുടെ നല്ല സംഘാടനം ഗവൺമെന്റ് അധികാരികളുടെ ശ്രദ്ധയിൽ പെടാതെ പോയില്ല. അവർ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ആയിരിക്കാൻ പറ്റിയ ഒരു നല്ല സ്ഥലമാണ് ഇവിടം. ആർക്കും ആഹാരം കിട്ടാതെ പോകുന്നില്ല. ആരും ഒരു വഴക്കും ഉണ്ടാക്കുന്നുമില്ല.’ ഒരു പ്രാദേശിക അധികാരി പറഞ്ഞു: ‘കാര്യങ്ങൾ എങ്ങനെയാണ് നടക്കേണ്ടതെന്നു കാണാൻ എല്ലാവരും സാക്ഷികളുടെ ക്യാമ്പ് സന്ദർശിക്കേണ്ടതാണ്.’ദുരിതാശ്വാസ കമ്മിറ്റി ഒരു ദിവസം ക്രിസ്തീയ മൂപ്പന്മാരെയെല്ലാം വിളിച്ചു കൂട്ടി, വീടുകളും രാജ്യഹാളുകളും പുനർനിർമിക്കാനും പ്രളയക്കെടുതികൾ അനുഭവിക്കുന്നവർക്ക് മറ്റ് അടിസ്ഥാന സംഗതികൾ ലഭ്യമാക്കാനും ബ്രാഞ്ച് ഓഫീസ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതായി അറിയിച്ചു. പിറ്റേന്നു രാവിലെ, ബൈബിൾ വാക്യ പരിചിന്തന വേളയിൽ ഇതിനെ കുറിച്ചുള്ള അറിയിപ്പു നടത്തിയപ്പോൾ നീണ്ട കരഘോഷമുയർന്നു.
അധികൃതർ വലിയ രണ്ട് കൂടാരങ്ങൾ നൽകിയിരുന്നെങ്കിലും ക്യാമ്പിലുണ്ടായിരുന്ന പലരും അപ്പോഴും വെളിയിൽ കിടന്നാണ് ഉറങ്ങിയിരുന്നത്. അതുകൊണ്ട് പ്രാദേശിക സഭയുടെ വക സ്ഥലത്ത് ഒരു വലിയ രാജ്യഹാൾ പണിയുന്നതിന്, പ്രളയബാധിതരുടെ ഇടയിൽനിന്ന് ഒരു സംഘത്തെ തിരഞ്ഞെടുത്തു. ഈറ്റയും മടക്കുകളുള്ള സിങ്ക് ഷീറ്റുകളും ഉപയോഗിച്ചാണ്—മൊസാമ്പിക്കൻ ശൈലി—അത് പണിതത്. 200 പേർക്കുള്ള സൗകര്യം അതിലുണ്ടായിരുന്നു. വെറും രണ്ടു ദിവസത്തിനുള്ളിൽ അതിന്റെ പണി പൂർത്തിയായി!
ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തുന്നു
അതിനിടയ്ക്ക്, മാർച്ച് 5-ാം തീയതി, വെള്ളം ഏതാണ്ടൊന്ന് ഇറങ്ങിക്കഴിഞ്ഞപ്പോൾ ആൽഡെയ്യ ഡാ ബേറാഷെൻ പട്ടണത്തിലേക്കു പോകാനായി ഒരു ദുരിതാശ്വാസ സംഘത്തെ രൂപീകരിച്ചു. ആദ്യം വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിലൊന്നിലാണ് അത് സ്ഥിതിചെയ്യുന്നത്. അവിടെ 90-ഓളം സാക്ഷികളുള്ള ഒരു സഭയുണ്ടായിരുന്നു. അവരെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല.
1,00,000-ത്തോളം ആളുകൾ താമസിക്കുന്ന ഷിഹാക്കെലാനി അഭയാർഥി ക്യാമ്പ് പിന്നിട്ടാണ് സംഘം അങ്ങോട്ടു പോയത്. റോഡിന്റെ—അതിന്റെ ചില ഭാഗങ്ങൾ ഒലിച്ചുപോയിരുന്നു—ഇരു വശങ്ങളിലും നോക്കെത്താദൂരത്തോളം വെള്ളം പൊങ്ങിക്കിടന്നിരുന്നു. സംഘത്തിൽ ഒരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഷോക്വെയിൽ എത്തിയ ഞങ്ങളെ വല്ലാത്ത ഒരു ദൃശ്യമാണ് വരവേറ്റത്. നഗരകവാടത്തിലുള്ള പല വീടുകളുടെയും മേൽക്കൂര വരെ അപ്പോഴും വെള്ളമുണ്ടായിരുന്നു. വീടുകളിൽ ഏറിയ പങ്കും പ്രളയജലത്തിൽ അപ്പാടെ മുങ്ങിപ്പോയിരുന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. ആൽഡെയ്യ ഡാ ബേറാഷെനിൽ എത്താൻ പിന്നെയും 25 കിലോമീറ്റർ കൂടി ഞങ്ങൾക്കു യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു.”
ഒടുവിൽ സംഘം രാത്രിയിൽ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. സംഘത്തിലൊരാൾ അനുസ്മരിക്കുന്നു: “അടുത്തതായി എന്തു ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് ഞങ്ങൾ അവിടെ നിന്നു.” അപ്പോൾ “സഹോദരന്മാരേ!” എന്ന് ഉറക്കെ വിളിച്ചുകൊണ്ട് കുറെപ്പേർ അവിടെ എത്തി. അവിടമാകെ സന്തോഷം തുളുമ്പുന്ന ഉച്ചത്തിലുള്ള ചിരികൊണ്ടു നിറഞ്ഞു. രണ്ടു വാഹനങ്ങളുടെ വെളിച്ചം കണ്ടപ്പോൾ തന്നെ അതു സഹോദരങ്ങളായിരിക്കുമെന്നു പ്രാദേശിക സാക്ഷികൾ കരുതി. അവർ മറ്റുള്ളവരോട് ഇതു പറയുകയും ചെയ്തു. നിരീക്ഷകർക്കെല്ലാം വളരെ മതിപ്പു തോന്നി. അവർ പറഞ്ഞു: ‘ഈ ആളുകൾക്ക് ശരിക്കും സ്നേഹമുണ്ട്. അവർ ആഹാരം എത്തിക്കുക മാത്രമല്ല വന്നു കാണുക പോലും ചെയ്യുന്നു!’
തുടർന്നും സഹായം പ്രദാനം ചെയ്യുന്നു
ആൽഡെയ്യ ഡാ ബേറാഷെനിലുള്ള സഹോദരങ്ങളെ മാസീയായിലെ ക്യാമ്പിലേക്കു മാറ്റി. അവിടെ അവർക്ക് ആഹാരവും താമസസൗകര്യവും വൈദ്യസഹായവും ലഭിച്ചു. അതിനിടയിൽ മാസീയായിലെ സ്ഥിതിഗതികൾ ഗുരുതരം ആയിക്കൊണ്ടിരിക്കുകയായിരുന്നു. ആഹാരവും മരുന്നും ഇന്ധനവും എല്ലാം വായുമാർഗം അയച്ചുകൊണ്ടിരുന്നതിനാൽ അവയ്ക്കു ദൗർലഭ്യം അനുഭവപ്പെട്ടു. മാപൂട്ടോയുമായി കരമാർഗം ബന്ധം പുനഃസ്ഥാപിക്കേണ്ടത് അടിയന്തിരമായിരുന്നു. മാർച്ച് 8-ാം തീയതിയോടെ ഇതിനു കഴിഞ്ഞു.
ഷൈ-ഷൈ വൻ നഗരം പൂർണമായും വെള്ളത്തിലായിരുന്നു. നഗരകേന്ദ്രത്തിന്റെ ചില ഭാഗങ്ങളിൽ മൂന്നു മീറ്റർ വരെ വെള്ളമുണ്ടായിരുന്നു! അവിടെയുള്ള സഹോദരങ്ങളെ സഹായിക്കുന്നതിനായി സാക്ഷികൾ ഒരു ദുരിതാശ്വാസ കമ്മിറ്റി രൂപീകരിച്ചു. സോഫാളാ, മാനീക്കാ എന്നീ പ്രവിശ്യകളിൽ സഹായം ആവശ്യമായിരിക്കുന്നവർക്കുവേണ്ടി കരുതാനും കമ്മിറ്റികൾ സംഘടിപ്പിക്കപ്പെട്ടു.
മറ്റു രാജ്യങ്ങളിലുള്ള സാക്ഷികളിൽനിന്ന് ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചേർന്നു. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്ക ബ്രാഞ്ച് ടൺ കണക്കിന് വസ്ത്രങ്ങളും കമ്പിളികളും മറ്റു സാധനങ്ങളും അയച്ചു കൊടുത്തു. ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടി ഫണ്ടുകൾ ലഭ്യമാക്കി.
വെള്ളം വേണ്ടത്ര താഴുകയും പാർപ്പിടം നഷ്ടപ്പെട്ടവരുടെ കണക്കെടുക്കുകയും ചെയ്തു കഴിഞ്ഞപ്പോൾ, വീടുകളുടെയും രാജ്യഹാളുകളുടെയും പുനർനിർമാണ പ്രവർത്തനം ആരംഭിച്ചു. ഒരു പുനർനിർമാണ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. നിരവധി സന്നദ്ധസേവകർ ഈ കമ്മിറ്റിയെ പിന്തുണച്ചു. ഇവർ ഉടനടി പ്രവർത്തനമാരംഭിച്ചു. അന്നു മുതൽ 270-ലേറെ വീടുകളും കുറഞ്ഞപക്ഷം അഞ്ചു രാജ്യഹാളുകളും പുനർനിർമിക്കപ്പെട്ടിരിക്കുന്നു.
സാക്ഷികളായ സന്നദ്ധസേവകർ പണിത ആദ്യ ഭവനങ്ങൾ ഉയർന്നുവരാൻ തുടങ്ങിയപ്പോൾ ആളുകൾ അതു ശ്രദ്ധിക്കാനിടയായി. ഒരു അയൽക്കാരി ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘നിങ്ങൾ ജീവനുള്ള ഒരു ദൈവത്തെയാണ് ആരാധിക്കുന്നത്. ഞങ്ങളുടെ ഇടയന്മാർ ദുരിതമനുഭവിക്കുന്ന അവരുടെ ആടുകളെ മറന്നുപോയിരിക്കുന്നു. എന്നാൽ നിങ്ങൾക്കിതാ മനോഹരമായ വീടുകൾ ലഭിക്കുന്നു.’ അത്തരം പ്രദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന രാജ്യസന്ദേശം കേൾക്കാൻ അനേകരും മനസ്സൊരുക്കം കാണിച്ചിരിക്കുന്നു; അനേകം ബൈബിൾ അധ്യയനങ്ങൾ തുടങ്ങാനും കഴിഞ്ഞിരിക്കുന്നു.—മത്തായി 24:14; വെളിപ്പാടു 21:3-5.
സാക്ഷികളിൽ അനേകർക്കും അവരുടെ ഭൗതിക സ്വത്തുക്കൾ മുഴുവൻ നഷ്ടമായി. എന്നാൽ ആർക്കും വിശ്വാസം നഷ്ടമായില്ല. പകരം, യഹോവയാം ദൈവത്തിലും ലോകവ്യാപക സഹോദരവർഗത്തിലും ഉള്ള അവരുടെ വിശ്വാസം ബലിഷ്ഠമാക്കപ്പെടുകയാണു ചെയ്തത്. ഈ കൊടും വിപത്തിനോട് സത്വരം പ്രതികരിച്ച സ്നേഹം നിറഞ്ഞ തങ്ങളുടെ അന്തർദേശീയ സഹോദരവർഗത്തോട് അവർ നന്ദിയുള്ളവരാണ്. യഹോവയുടെ ആർദ്ര കരുതലും സംരക്ഷണവും അവർ വ്യക്തിപരമായ ഒരു വിധത്തിൽ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ‘യഹോവ വലിയവൻ’ എന്ന ബൈബിളിന്റെ പ്രസ്താവന അവർ എന്നും ഓർമിക്കും.—സങ്കീർത്തനം 48:1. (g01 4/22)
[22-ാം പേജിലെ ചിത്രം]
ഷൈ-ഷൈ നഗരം ചെളിവെള്ളത്തിൽ മുങ്ങിപ്പോയി
[23-ാം പേജിലെ ചിത്രം]
ദുരിതാശ്വാസ സാധനങ്ങൾ വിമാന മാർഗം എത്തിച്ചേർന്നു
[24-ാം പേജിലെ ചിത്രം]
സാക്ഷികളുടെ ദുരിതാശ്വാസ സംഘം ഒരു വൈദ്യസഹായ കേന്ദ്രം സ്ഥാപിച്ചു
[24-ാം പേജിലെ ചിത്രം]
പുതിയ ഭവനങ്ങൾ തുടർന്നും നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു
[24-ാം പേജിലെ ചിത്രം]
ഏറ്റവും വലിയ അഭയാർഥി ക്യാമ്പിൽ 1,00,000 ആളുകൾ ഉണ്ടായിരുന്നു