വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ദക്ഷിണാ​ഫ്രി​ക്ക​യിൽ രക്തരഹിത ശസ്‌ത്ര​ക്രി​യ

“ഞെട്ടി​ക്കും വിധം ഉയർന്ന എയ്‌ഡ്‌സ്‌ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഒരു പ്രധാന സ്വകാര്യ ആശുപ​ത്രി സംഘത്തെ ‘രക്തരഹിത ചികി​ത്സ​യും ശസ്‌ത്ര​ക്രി​യ​യും’ തിര​ഞ്ഞെ​ടു​ക്കാൻ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ഒരു ദക്ഷിണാ​ഫ്രി​ക്കൻ പത്രമായ ദ മെർക്കു​റി റിപ്പോർട്ട്‌ ചെയ്യുന്നു. ഈ പദ്ധതി​യു​ടെ മെഡിക്കൽ ഡയറക്ട​റായ ഡോ. എഫ്രാ​യീങ്‌ ക്രേമർ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ലക്ഷ്യം, ദാനം ചെയ്യപ്പെട്ട രക്തം ഉപയോ​ഗി​ക്കാ​തെ​യുള്ള ശസ്‌ത്ര​ക്രി​യ​ക​ളും ചികി​ത്സ​യും രോഗി​കൾക്കു ലഭ്യമാ​ക്കാൻ ചികിത്സാ സംഘങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതാണ്‌.” രക്തം കൂടാതെ ചികി​ത്സ​യും ശസ്‌ത്ര​ക്രി​യ​യും നടത്തുന്ന 800 ഡോക്ടർമാ​രെ​ങ്കി​ലും ദക്ഷിണാ​ഫ്രി​ക്ക​യിൽ ഉണ്ടെങ്കി​ലും ഇത്തരം ഒരു ദേശീയ സംഘടിത പദ്ധതിക്ക്‌ രൂപം നൽകാൻ ഒരു ആശുപ​ത്രി​സം​ഘം തീരു​മാ​നി​ക്കു​ന്നത്‌ ഇതാദ്യ​മാ​യാണ്‌. ഡോക്ടർമാ​രു​ടെ പ്രതി​ക​രണം “വളരെ അനുകൂ​ലം” ആയിരു​ന്നു എന്ന്‌ ഡോ. ക്രേമർ പറഞ്ഞു. ദ മെർക്കു​റി ഇങ്ങനെ പറയുന്നു: “ദാനം ചെയ്യപ്പെട്ട രക്തം ഉപയോ​ഗി​ച്ചുള്ള ചികി​ത്സ​യ്‌ക്കു വിസമ്മ​തി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളെ​പ്പോ​ലെ​യുള്ള മതവി​ഭാ​ഗ​ങ്ങ​ളു​ടെ ആവശ്യങ്ങൾ വലി​യൊ​രു അളവു​വരെ ഫലപ്ര​ദ​മായ രക്തരഹി​ത​ചി​കി​ത്സാ മാർഗങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു കാരണ​മാ​യി​ട്ടുണ്ട്‌.” (g01 4/8)

സിങ്ക്‌ ഔഷധ മിഠാ​യി​കൾ ജലദോ​ഷം കുറയ്‌ക്കു​മോ?

ജലദോ​ഷം മാറാൻ സിങ്ക്‌ സഹായ​ക​മാ​ണോ എന്നതി​നെ​ക്കു​റിച്ച്‌ വർഷങ്ങ​ളാ​യി ഗവേഷ​ക​രു​ടെ ഇടയിൽ സംവാ​ദങ്ങൾ നടന്നി​ട്ടുണ്ട്‌. “ജലദോ​ഷ​ത്തി​ന്റെ ആരംഭ​ത്തിൽ ഏതാനും മണിക്കൂ​റു​കൾ ഇടവിട്ട്‌ സിങ്ക്‌ ഔഷധ മിഠാ​യി​കൾ കഴിക്കു​ന്നത്‌ ജലദോ​ഷ​ത്തി​ന്റെ ശരാശരി ദൈർഘ്യ​ത്തെ ഏതാണ്ട്‌ പകുതി​യാ​യി കുറയ്‌ക്കു​ന്നു” എന്ന്‌ അടുത്ത​കാ​ലത്ത്‌ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി​യ​താ​യി സയൻസ്‌ ന്യൂസ റിപ്പോർട്ടു ചെയ്യുന്നു. മാത്രമല്ല, രണ്ടുമൂ​ന്നു മണിക്കൂ​റു​കൾ ഇടവിട്ട്‌ നാലോ അഞ്ചോ ദിവസ​ത്തേക്ക്‌ സിങ്ക്‌ ഔഷധ മിഠാ​യി​കൾ കഴിച്ചവർ പ്ലസീബോ (രോഗ​മു​ക്തി​ക്കെ​ന്ന​തി​നെ​ക്കാൾ രോഗി​യു​ടെ തൃപ്‌തി​ക്കു​വേണ്ടി നൽക​പ്പെ​ടുന്ന ഔഷധം) കഴിച്ച​വരെ അപേക്ഷിച്ച്‌ ‘വളരെ കുറഞ്ഞ അളവി​ലുള്ള ചുമയും മൂക്കൊ​ലി​പ്പു​മേ അനുഭ​വ​പ്പെ​ട്ടു​ള്ളൂ എന്ന്‌ പറഞ്ഞതാ​യും’ പഠനം കാണി​ക്കു​ക​യു​ണ്ടാ​യി. എന്നിരു​ന്നാ​ലും, അവരിൽ ചിലർക്ക്‌ മലബന്ധം, വായിലെ ഉമിനീർ വറ്റി​പ്പോ​കൽ തുടങ്ങിയ പാർശ്വ​ഫ​ലങ്ങൾ അനുഭ​വ​പ്പെ​ട്ട​താ​യി മാസിക പറയുന്നു. (g01 4/22)

പുകവ​ലിക്ക്‌ അടിമ​യാ​കാൻ ഏറെ സമയം വേണ്ട

“ആദ്യത്തെ സിഗരറ്റ്‌ വലിച്ച്‌ ദിവസ​ങ്ങൾക്കു​ള്ളിൽത്തന്നെ” ചില ആളുകൾ പുകവ​ലിക്ക്‌ അടിമ​ക​ളാ​യി​ത്തീർന്ന​തി​ന്റെ ലക്ഷണങ്ങൾ പ്രകട​മാ​ക്കു​ന്നു​വെന്ന്‌ മസാച്ചു​സെ​റ്റ്‌സ്‌ സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ സ്ഥിരീ​ക​രി​ച്ച​താ​യി അസോ​സി​യേ​റ്റഡ്‌ പ്രസ്സിന്റെ ഒരു റിപ്പോർട്ട്‌ സൂചി​പ്പി​ക്കു​ന്നു. 12-നും 13-നും ഇടയ്‌ക്കു പ്രായ​മുള്ള 681 കുട്ടി​ക​ളു​ടെ പുകവ​ലി​ശീ​ലങ്ങൾ ഒരു വർഷ​ത്തേക്കു പഠനവി​ധേ​യ​മാ​ക്കി​യ​പ്പോൾ പുകവലി ശീലത്തിന്‌ അടിമ​ക​ളാ​യ​തി​ന്റെ ലക്ഷണങ്ങൾ അവരിൽ നിരീ​ക്ഷി​ക്കാൻ ഈ ഗവേഷ​കർക്കു കഴിഞ്ഞു. “അനേകം ആളുക​ളും വളരെ പെട്ടെ​ന്നാണ്‌ ഈ ശീലത്തിന്‌ അടിമ​ക​ളാ​യി​ത്തീ​രു​ന്നത്‌ എന്ന ധാരണ നിലവി​ലു​ണ്ടാ​യി​രു​ന്നു, അതിനെ സ്ഥിരീ​ക​രി​ക്കുന്ന ആദ്യത്തെ ഈടുറ്റ തെളി​വാണ്‌ ഇപ്പോൾ ലഭിച്ചി​രി​ക്കു​ന്നത്‌” എന്ന്‌ ഡോ. റിച്ചാർഡ്‌ ഹർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. “വെറുതെ ഒരു രസത്തി​നു​വേണ്ടി അല്ലെങ്കിൽ ഒരു പരീക്ഷ​ണ​മെന്ന നിലയിൽ പുകവ​ലി​ച്ചിട്ട്‌ ഏതാനും ആഴ്‌ച​കൾക്കു​ശേഷം അതങ്ങ്‌ നിറു​ത്തി​ക്ക​ള​യാ​മെന്നു കരുതു​ന്നത്‌ വിഡ്‌ഢി​ത്ത​മാണ്‌ എന്ന്‌ കുട്ടി​കൾക്കു മുന്നറി​യി​പ്പു കൊടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഈ പഠനം വെളി​പ്പെ​ടു​ത്തു​ന്നു” എന്ന്‌ ഈ ഗവേഷക സംഘത്തി​ന്റെ ഡയറക്ടർ ഡോ. ജോസഫ്‌ ഡീഫ്രാൻസാ പറയുന്നു. (g01 4/22)

പുരോ​ഹി​ത​ന്മാ​രെ ഇറക്കു​മതി ചെയ്യുന്നു

വികസിത രാജ്യ​ങ്ങ​ളിൽ അനുഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന പുരോ​ഹിത ക്ഷാമം സംബന്ധിച്ച്‌ ഉത്‌ക​ണ്‌ഠാ​കു​ല​രായ കത്തോ​ലി​ക്കാ സഭ അതു നികത്തു​ന്ന​തി​നാ​യി പുരോ​ഹി​ത​ന്മാ​രെ ഇറക്കു​മതി ചെയ്യാൻ തുടങ്ങി​യി​രി​ക്കു​ന്നു​വെന്ന്‌ ഇറ്റലി​യിൽനി​ന്നുള്ള ലെസ്‌​പ്രെ​സ്സോ മാസിക റിപ്പോർട്ട്‌ ചെയ്യുന്നു. “ഇറ്റലി, യൂറോപ്പ്‌, വടക്കേ അമേരിക്ക എന്നിവി​ട​ങ്ങ​ളി​ലെ സെമി​നാ​രി​കൾ ഫലശൂ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. രൂപത​ക​ളി​ലൊ​ന്നും പുതു​താ​യി നിയമി​ക്കാൻ പുരോ​ഹി​ത​ന്മാ​രില്ല” എന്ന്‌ മാസിക പറയുന്നു. ഇടവക​ക​ളി​ലെ ഒഴിഞ്ഞു കിടക്കുന്ന പുരോ​ഹിത സ്ഥാനങ്ങ​ളി​ലേക്കു നിയമി​ക്കാൻവേണ്ടി ബ്രസീൽ, ഇന്ത്യ, ഫിലി​പ്പീൻസ്‌ മുതലായ രാജ്യ​ങ്ങ​ളിൽനിന്ന്‌ പുരോ​ഹി​ത​ന്മാ​രെ ഇപ്പോൾ ഇറക്കു​മതി ചെയ്യു​ക​യാണ്‌. ലെസ്‌​പ്രെ​സ്സോ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “ഈ പ്രവണത കേവലം ആരംഭി​ച്ചി​ട്ടേ​യു​ള്ളൂ, എന്നാൽ അതു സഭയെ മാറ്റി​മ​റി​ക്കുക തന്നെ ചെയ്യുന്നു. . . . ഇറ്റലി​യിൽ, ബിഷപ്പ്‌സ്‌ കോൺഫ​റൻസി​ന്റെ ശമ്പളപ്പ​ട്ടി​ക​യിൽ ഇപ്പോൾത്തന്നെ യൂറോ​പ്യൻ യൂണി​യനു പുറത്തു​നി​ന്നുള്ള 1,131 പുരോ​ഹി​ത​ന്മാ​രുണ്ട്‌. അതായത്‌, ആകെയു​ള്ള​തി​ന്റെ 3 ശതമാനം.” ഇറ്റലി അങ്ങനെ ഒരു ‘മിഷനറി പ്രദേശം’ ആയി മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന്‌ മാസിക അഭി​പ്രാ​യ​പ്പെ​ടു​ന്നു. (g01 4/22)

ക്ഷേത്ര​ത്തി​ലെ​ത്തുന്ന സമ്മിശ്ര കൂട്ടം

ജപ്പാനി​ലെ ഒരു പുരാതന ബുദ്ധമത ക്ഷേത്രം ആരാധ​കരെ മാത്രമല്ല ആകർഷി​ക്കു​ന്നത്‌. 1955-ൽ ക്ഷേത്രം പുതു​ക്കി​പ്പ​ണി​തതു മുതൽ അവിടം മരം​കൊ​ത്തി​ക​ളു​ടെ താവള​മാ​യി മാറി​യി​രി​ക്കു​ന്നു. ക്ഷേത്ര​ത്തിൽ ഇവയു​ണ്ടാ​ക്കി​യി​രി​ക്കുന്ന പൊത്തു​കൾ “അത്രയ​ധി​ക​മാ​യ​തി​നാൽ അവ അതിന്റെ രൂപകൽപ്പ​ന​യു​ടെ​തന്നെ ഭാഗം—സൂര്യ​പ്ര​കാ​ശം അരിച്ചി​റങ്ങി ഉൾഭാഗം പ്രകാ​ശ​മാ​ന​മാ​ക്കി​ത്തീർക്കു​ന്ന​തി​നു വേണ്ടി​യു​ള്ളവ—ആണെന്ന്‌ ചില സന്ദർശകർ കരുതു​ന്നു” എന്ന്‌ ആസാഹി ഈവനിങ്‌ ന്യൂസ്‌ പറയുന്നു. ഈ പക്ഷികളെ ക്ഷേത്ര​ത്തിൽനി​ന്നു തുരത്താ​നാ​യി ഇതുവരെ നടത്തിയ എല്ലാ ശ്രമങ്ങ​ളും പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി അവിടത്തെ മുഖ്യ​പു​രോ​ഹി​തൻ പരാതി​പ്പെ​ടു​ന്നു. 1286-ൽ പണി കഴിപ്പിച്ച യമനാഷി പ്രി​ഫെ​ക്‌ച​റി​ലെ ഡൈ​സെൻഷീ ക്ഷേത്ര​ത്തി​ന്റെ പ്രധാന ഹാൾ ഒരു ദേശീ​യ​നി​ധി എന്ന നിലയിൽ ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താണ്‌. (g01 4/22)