വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എങ്ങനെ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി കൂടുതൽ അടുക്കാൻ കഴിയും?

എനിക്ക്‌ എങ്ങനെ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി കൂടുതൽ അടുക്കാൻ കഴിയും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എനിക്ക്‌ എങ്ങനെ എന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​മാ​യി കൂടുതൽ അടുക്കാൻ കഴിയും?

“എന്റെ മുത്തശ്ശ​നും മുത്തശ്ശി​ക്കും നന്നായി കഥ പറയാ​ന​റി​യാം. അവർ പറയുന്ന കഥകൾ എന്റെതന്നെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ക്കു​ന്നു.”—ജോഷ്വ.

ഒരു കുടും​ബ​ത്തി​ലെ പല തലമു​റ​ക​ളിൽ പെട്ടവർ ഒരേ മേൽക്കൂ​ര​യ്‌ക്കു കീഴിൽ ഒന്നിച്ചു കഴിഞ്ഞി​രുന്ന ഒരു കാലം ഉണ്ടായി​രു​ന്നു. അന്നൊക്കെ കുട്ടികൾ സ്വാഭാ​വി​ക​മാ​യും തങ്ങളുടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​മാ​യി വളരെ അടുത്ത ബന്ധം പുലർത്തി​യി​രു​ന്നു​താ​നും.

ഇക്കാലത്ത്‌, പേരക്കു​ട്ടി​കൾ ഒരിട​ത്താ​ണെ​ങ്കിൽ വളരെ അകലെ മറ്റൊ​രി​ട​ത്താ​യി​രി​ക്കും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ താമസി​ക്കു​ന്നത്‌. മാത്രമല്ല, വിവാ​ഹ​മോ​ചനം നിമിത്തം ശിഥി​ല​മാ​കുന്ന കുടും​ബ​ങ്ങ​ളു​ടെ എണ്ണവും വർധി​ച്ചു​വ​രു​ക​യാണ്‌. “വിവാ​ഹ​മോ​ച​ന​ത്തി​ന്റെ ഇരകൾ ആയിത്തീർന്നേ​ക്കാ​വുന്ന മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർക്ക്‌ തങ്ങൾ സ്‌നേ​ഹി​ക്കുന്ന പേരക്കു​ട്ടി​കളെ കാണു​ന്ന​തിൽ വിലക്ക്‌ ഉണ്ടായി​രു​ന്നേ​ക്കാം” എന്ന്‌ ദ ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്‌തു. മറ്റു ചില കേസു​ക​ളിൽ, പ്രായ​മാ​യ​വരെ കുറിച്ച്‌ യുവജ​നങ്ങൾ മോശ​മായ ഒരു വീക്ഷണം പുലർത്തു​ന്നു എന്നതാണു പ്രശ്‌നം. അവർ പഴഞ്ചൻ ചിന്താ​ഗ​തി​ക്കാ​രും തങ്ങളു​ടേ​തിൽനി​ന്നു വളരെ ഭിന്നമായ വീക്ഷണ​ങ്ങ​ളും മൂല്യ​ങ്ങ​ളും താത്‌പ​ര്യ​ങ്ങ​ളും ഉള്ളവരു​മാ​ണെന്ന്‌ ഈ യുവജ​നങ്ങൾ കരുതു​ന്നു. ഇതി​ന്റെ​യൊ​ക്കെ ഫലമെ​ന്താണ്‌? പല യുവജ​ന​ങ്ങ​ളും തങ്ങളുടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​മാ​യി അടുത്ത ബന്ധം പുലർത്തു​ന്നില്ല.

അതു വളരെ സങ്കടക​ര​മാണ്‌. ഈ പരമ്പര​യി​ലെ കഴിഞ്ഞ ലേഖനം പ്രകട​മാ​ക്കി​യതു പോലെ, ഒരുവന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​മാ​യി—പ്രത്യേ​കി​ച്ചും അവർ ദൈവ​ഭയം ഉള്ളവരാ​ണെ​ങ്കിൽ—അടുത്ത ബന്ധം പുലർത്തു​ന്നത്‌ ആരോ​ഗ്യാ​വ​ഹ​വും പ്രയോ​ജ​ന​പ്ര​ദ​വും ആസ്വാ​ദ്യ​വു​മാണ്‌. a തന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രെ കുറിച്ച്‌ റിബേക്കാ എന്ന കൗമാ​ര​പ്രാ​യ​ക്കാ​രി പറയുന്നു: “ഞങ്ങൾക്ക്‌ എപ്പോ​ഴും ഒരുമി​ച്ചു തമാശ പറയാ​നും ചിരി​ക്കാ​നു​മൊ​ക്കെ കഴിയു​ന്നു.” പീറ്റർ എന്ന ഒരു യുവാവ്‌ സമാന​മാ​യി ഇങ്ങനെ പറയുന്നു: “എന്റെ തോന്ന​ലു​കളെ കുറി​ച്ചും പദ്ധതി​കളെ കുറി​ച്ചു​മൊ​ക്കെ അവരോ​ടു പറയാൻ എനിക്കു ഭയമില്ല. മാതാ​പി​താ​ക്ക​ളു​ടെ അടുക്കൽ ആയിരി​ക്കു​മ്പോ​ഴുള്ള പിരി​മു​റു​ക്ക​മൊ​ന്നും അവരുടെ അടുത്ത്‌ എനിക്കു തോന്നാ​റില്ല. മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോട്‌ എന്തിനെ കുറി​ച്ചും പറയാൻ കഴിയു​മെന്ന്‌ എനിക്കു തോന്നു​ന്നു.”

നിങ്ങളു​ടെ കാര്യ​മോ? കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഒരുപക്ഷേ നിങ്ങൾക്ക്‌ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോട്‌ അടുപ്പം തോന്നി​യി​രു​ന്നി​രി​ക്കാം. എന്നാൽ ഇപ്പോൾ കൗമാ​ര​പ്രാ​യ​ത്തി​ലാ​യി​രി​ക്കുന്ന നിങ്ങൾ ആ ബന്ധം അരക്കി​ട്ടു​റ​പ്പി​ക്കാൻ അടുത്ത​യി​ടെ കാര്യ​മാ​യൊ​ന്നും ചെയ്‌തി​ട്ടു​ണ്ടാ​വില്ല. നിങ്ങളു​ടെ കാര്യ​ത്തിൽ അതു സത്യമാ​ണെ​ങ്കിൽ, 2 കൊരി​ന്ത്യർ 6:11-13-ലെ ബൈബിൾ ഉപദേ​ശ​ത്തി​ന്റെ തത്ത്വം, അതായത്‌ അവരോ​ടുള്ള ബന്ധത്തിൽ ‘ഹൃദയം വിശാ​ല​മാ​ക്കാ​നുള്ള’ ഉപദേശം നിങ്ങൾക്കു ബാധക​മാ​ക്കാ​നാ​കും. ‘എങ്ങനെ?’ എന്നതാണ്‌ അപ്പോ​ഴത്തെ ചോദ്യം.

മുൻകൈ എടുക്കുക

‘വിശാ​ല​മാ​ക്കു​ന്ന​തിൽ’ മുൻകൈ എടുക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തി​യു​ള്ള​പ്പോൾ അതിന്നു യോഗ്യ​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു ചെയ്യാ​തി​രി​ക്ക​രു​തു” എന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 3:27) നിങ്ങൾ കുട്ടി​യാ​യി​രു​ന്ന​പ്പോൾ, മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​മാ​യുള്ള ബന്ധം സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യു​ന്ന​തി​നുള്ള “പ്രാപ്‌തി” നിങ്ങൾക്ക്‌ ഇല്ലായി​രു​ന്നി​രി​ക്കാം. എന്നാൽ ഇപ്പോൾ നിങ്ങൾ കുറേ​ക്കൂ​ടെ മുതിർന്നി​രി​ക്കു​ന്നു, ഒരുപക്ഷേ നിങ്ങൾക്കു പ്രായ​പൂർത്തി​യാ​യി​രി​ക്കു​ന്നു. ഇക്കാര്യ​ത്തിൽ പലതും ചെയ്യാൻ കഴിയു​മെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം.

നിങ്ങളു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ അടുത്താ​ണു താമസി​ക്കു​ന്ന​തെ​ങ്കിൽ, അവരെ പതിവാ​യി സന്ദർശി​ക്കുന്ന രീതി വളർത്തി​യെ​ടു​ക്കാ​വു​ന്ന​താണ്‌. അതു മുഷി​പ്പ​നാ​യി തോന്നു​ന്നു​ണ്ടോ? നിങ്ങൾ അവരുടെ അടുക്കൽ ചെന്ന്‌ യാതൊ​ന്നും മിണ്ടാ​തി​രു​ന്നാൽ ഒരുപക്ഷേ മുഷിപ്പു തോന്നി​യേ​ക്കും. അതു​കൊണ്ട്‌ അവരു​മാ​യി സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടുക! എന്തിനെ കുറിച്ചു സംസാ​രി​ക്കാ​നാ​കും? ഫിലി​പ്പി​യർ 2:4-ൽ (പി.ഒ.സി. ബൈബിൾ) കാണുന്ന ബൈബിൾ തത്ത്വം സഹായ​ക​മാണ്‌. “സ്വന്തം താത്‌പ​ര്യം മാത്രം നോക്കി​യാൽ പോരാ; മറിച്ച്‌ മററു​ള്ള​വ​രു​ടെ താത്‌പ​ര്യ​വും പരിഗ​ണി​ക്കണം” എന്ന്‌ അതു നമ്മോടു പറയുന്നു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നിങ്ങളു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രിൽ താത്‌പ​ര്യ​മെ​ടു​ക്കുക. അവർക്കു താത്‌പ​ര്യ​മുള്ള കാര്യ​ങ്ങളെ കുറിച്ചു സംസാ​രി​ക്കുക. അവർക്ക്‌ എങ്ങനെ​യുണ്ട്‌, ഇപ്പോൾ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ ചോദി​ക്കുക. കഴിഞ്ഞ കാര്യ​ങ്ങളെ കുറിച്ചു സംസാ​രി​ക്കാൻ അവർക്ക്‌ ഇഷ്ടമാ​യി​രി​ക്കാം. അവരുടെ ചെറു​പ്പ​കാ​ലത്തെ കുറിച്ചു ചോദി​ക്കുക. നിങ്ങളു​ടെ അച്ഛൻ അല്ലെങ്കിൽ അമ്മ കുഞ്ഞാ​യി​രു​ന്ന​പ്പോൾ, അവർ എങ്ങനെ ആയിരു​ന്നു? നിങ്ങളു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ ക്രിസ്‌ത്യാ​നി​കൾ ആണെങ്കിൽ, അവരെ ബൈബിൾ സത്യത്തി​ലേക്ക്‌ ആകർഷി​ച്ചത്‌ എന്താ​ണെന്ന്‌ ആരായുക.

മിക്ക​പ്പോ​ഴും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ കുടുംബ ചരി​ത്ര​ത്തി​ന്റെ ഒരു അക്ഷയഖ​നി​യാണ്‌. അവ പറഞ്ഞ്‌ നിങ്ങളെ രസിപ്പി​ക്കാൻ അവർക്കു സന്തോ​ഷമേ കാണൂ. അത്‌ ഒരു വിനോ​ദ​മാ​യി നിങ്ങൾക്ക്‌ എടുക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കുക, ഒരുപക്ഷേ നിങ്ങൾക്ക്‌ കുറി​പ്പു​കൾ എടുക്കു​ക​യോ ഓഡി​യോ, വീഡി​യോ റെക്കോർഡിങ്‌ നടത്തു​ക​യോ ചെയ്യാ​വു​ന്ന​താണ്‌. അവരോട്‌ എന്തു ചോദി​ക്ക​ണ​മെന്ന്‌ അറിയി​ല്ലെ​ങ്കിൽ, അനു​യോ​ജ്യ​മായ ചോദ്യ​ങ്ങൾ തയ്യാറാ​ക്കാൻ മാതാ​പി​താ​ക്കൾക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രെ​യും മാതാ​പി​താ​ക്ക​ളെ​യും നിങ്ങ​ളെ​ത്ത​ന്നെ​യും മെച്ചമാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന പലതും നിങ്ങൾ അറിയാ​നി​ട​യുണ്ട്‌. “എന്റെ മുത്തശ്ശ​നും മുത്തശ്ശി​ക്കും നന്നായി കഥ പറയാ​ന​റി​യാം. അവർ പറയുന്ന കഥകൾ എന്റെതന്നെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ക്കു​ന്നു,” ജോഷ്വ പറയുന്നു.

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ നിങ്ങളു​ടെ ജീവി​ത​ത്തി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും തത്‌പരർ ആണെന്ന കാര്യം മറക്കാ​തി​രി​ക്കുക. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അവരോ​ടു പറയു​മ്പോൾ നിങ്ങൾ അവരെ നിങ്ങളു​ടെ ജീവി​ത​ത്തി​ലേക്കു ക്ഷണിക്കു​ക​യാണ്‌. അതു തീർച്ച​യാ​യും നിങ്ങളെ അവരു​മാ​യുള്ള ഒരു അടുത്ത ബന്ധത്തി​ലേക്കു വരുത്തും. ഫ്രാൻസി​ലെ ഇഗോർ എന്ന യുവാവ്‌ ഇങ്ങനെ പറയുന്നു: “റെസ്റ്ററ​ന്റിൽ പോയി ഒരുമി​ച്ചി​രു​ന്നു ചായ കുടി​ച്ചു​കൊണ്ട്‌, ഞങ്ങൾ ഈയി​ടെ​യാ​യി ചെയ്യുന്ന കാര്യ​ങ്ങളെ കുറി​ച്ച​ങ്ങനെ സംസാ​രി​ച്ചി​രി​ക്കാൻ മുത്തശ്ശി​ക്കും എനിക്കും വലിയ ഇഷ്ടമാണ്‌.”

ഞങ്ങൾക്ക്‌ ഒന്നിച്ച്‌ എന്തു ചെയ്യാൻ കഴിയും?

നിങ്ങൾ പരസ്‌പരം സംസാ​രി​ക്കാൻ തുടങ്ങി​ക്ക​ഴി​ഞ്ഞാൽ ഒന്നിച്ചു കാര്യങ്ങൾ ചെയ്‌തു​തു​ട​ങ്ങാൻ സാധി​ക്കും. അൽപ്പം മുൻകൂ​ട്ടി ചിന്തി​ക്കു​ന്നെ​ങ്കിൽ, നിങ്ങൾക്ക്‌ ഒരുമി​ച്ചു ചെയ്യാൻ കഴിയുന്ന പല കാര്യ​ങ്ങ​ളും കണ്ടെത്താ​നാ​കും. യുവതി​യായ ഡാര ഇങ്ങനെ പറയുന്നു: “പാചകം, ഭക്ഷണസാ​ധ​നങ്ങൾ ടിന്നിൽ സൂക്ഷിക്കൽ, ബേക്കിങ്‌, ചെടി​വ​ളർത്തൽ, പൂന്തോട്ട നിർമാ​ണം എന്നീ കാര്യ​ങ്ങ​ളി​ലൊ​ക്കെ എന്റെ രണ്ടു മുത്തശ്ശി​മാ​രും എനിക്കു പരിശീ​ലനം തന്നിട്ടുണ്ട്‌.” കുടുംബ കൂടി​വ​ര​വി​ന്റെ സമയത്തും അവധി​ക്കാ​ല​ത്തും എമി മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കു​ന്നു. അധികം പ്രായ​മാ​കാത്ത ചില മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ ചുറു​ചു​റു​ക്കോ​ടെ പ്രവർത്തി​ക്കു​ന്നവർ ആണ്‌. തന്റെ മുത്തശ്ശി​യോ​ടൊ​പ്പം ഗോൾഫ്‌ കളിക്കാൻ ആരന്‌ ഇഷ്ടമാണ്‌. ജോഷ്വ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോ​ടൊത്ത്‌ മീൻ പിടി​ക്കാൻ പോകു​ക​യും വീട്ടിലെ ചെറിയ, ചെറിയ ജോലി​കൾ നോക്കു​ക​യും ചെയ്യാ​റുണ്ട്‌.

നിങ്ങളു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ യഹോ​വ​യു​ടെ ആരാധകർ ആണെങ്കിൽ, ബൈബി​ളി​നെ കുറിച്ചു മറ്റുള്ള​വ​രോ​ടു പറയു​ന്ന​തു​പോ​ലെ, യഹോ​വ​യു​ടെ ആരാധ​ന​യു​ടെ വ്യത്യസ്‌ത വശങ്ങളിൽ അവരോ​ടൊ​പ്പം പങ്കുപ​റ്റു​ന്നത്‌ വിശേ​ഷാൽ ആസ്വാ​ദ്യ​മാ​യി​രി​ക്കും. ഇഗോർ തന്റെ മുത്തശ്ശി​യോ​ടൊ​പ്പം പോള​ണ്ടിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ചു. “ഞങ്ങൾക്ക്‌ ഒന്നിച്ച്‌ അതിൽ സംബന്ധി​ക്കാൻ കഴിഞ്ഞത്‌ അവിസ്‌മ​ര​ണീ​യ​മായ ഒരു അനുഭവം ആയിരു​ന്നു. അതേക്കു​റിച്ച്‌ ഞങ്ങൾ ഇപ്പോ​ഴും പറയാ​റുണ്ട്‌,” അവൻ പറയുന്നു. യാത്ര ചെയ്യാ​നുള്ള ആരോ​ഗ്യം എല്ലാ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർക്കും ഇല്ലെന്നതു ശരിതന്നെ. എങ്കിലും, അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നത്‌ മൂല്യ​മുള്ള സംഗതി​യാണ്‌.

ഒരു ആത്മീയ പൈതൃ​കം

ബൈബിൾ കാലങ്ങ​ളിൽ, മുന്തിയ ദൈവ​ഭ​ക്തി​യുള്ള ഒരു വ്യക്തി​യാ​യി​ത്തീ​രാൻ തന്റെ കൊച്ചു​മ​ക​നായ തിമൊ​ഥെ​യൊ​സി​നെ സഹായി​ക്കു​ന്ന​തിൽ സുപ്ര​ധാന പങ്കു വഹിച്ച ഒരു വനിത​യാണ്‌ ലോവീസ്‌. (2 തിമൊ​ഥെ​യൊസ്‌ 1:5) ഇന്നത്തെ അനവധി ക്രിസ്‌തീയ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രും സമാന​മായ ഒരു പങ്കു വഹിക്കു​ന്നു എന്നതിൽ സംശയ​മില്ല. തന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രെ കുറിച്ച്‌ ജോഷ്വ ഇങ്ങനെ പറയുന്നു: “ഞാൻ ജീവി​ച്ചി​രു​ന്നി​ട്ടുള്ള വർഷങ്ങ​ളെ​ക്കാ​ള​ധി​കം യഹോ​വയെ സേവി​ച്ച​വ​രാണ്‌ അവർ. അതു​കൊണ്ട്‌ എനിക്ക്‌ അവരോട്‌ ആഴമായ ആദരവുണ്ട്‌. മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ എന്ന നിലയി​ലല്ല, നിർമ​ല​താ​പാ​ലകർ എന്ന നിലയിൽ.” എമി പറയു​ന്നതു കേൾക്കുക: “ഞാൻ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നതു കാണു​ന്നത്‌ തങ്ങൾക്ക്‌ എത്രയ​ധി​കം പ്രോ​ത്സാ​ഹ​ന​വും സന്തോ​ഷ​വും കൈവ​രു​ത്തു​ന്നു എന്ന്‌ എന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ എപ്പോ​ഴും പറയാ​റുണ്ട്‌. എന്നിരു​ന്നാ​ലും, അവരുടെ നല്ല മാതൃ​ക​യും പയനി​യർമാർ [മുഴു​സമയ സുവി​ശേ​ഷകർ] എന്ന നിലയി​ലുള്ള അവരുടെ ഉത്സാഹ​വും കാണു​ന്നത്‌ പയനി​യ​റി​ങ്ങിൽ തുടരാൻ എനിക്കു പ്രോ​ത്സാ​ഹനം ആയിരു​ന്നി​ട്ടുണ്ട്‌.”

“പഠിക്കാ​നും പക്വത പ്രാപി​ക്കാ​നും എന്നെ ഏറ്റവു​മ​ധി​കം പ്രോ​ത്സാ​ഹി​പ്പിച്ച വ്യക്തി” എന്നാണ്‌ തന്റെ മുത്തശ്ശി​യെ കുറിച്ച്‌ ക്രിസ്‌ പറയു​ന്നത്‌. അവൻ കൂട്ടി​ച്ചേർക്കു​ന്നു: “‘നാം യഹോ​വ​യ്‌ക്കു വേണ്ടി ഏറ്റവും നല്ലത്‌ ചെയ്യണം’ എന്ന്‌ അവർ പറയാ​റു​ള്ളത്‌ ഞാൻ ഒരിക്ക​ലും മറക്കില്ല.” പേ​ഡ്രോ​യു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ അവന്റെ ആത്മീയ വളർച്ച​യിൽ പ്രത്യേ​കി​ച്ചും വലിയ ഒരു പങ്കു വഹിച്ചി​ട്ടുണ്ട്‌. അവൻ പറയുന്നു: “അവരുടെ അനുഭ​വ​പ​രി​ചയം എന്നെ വളരെ​യ​ധി​കം സഹായി​ച്ചി​രി​ക്കു​ന്നു. സുവാർത്ത പ്രസം​ഗി​ക്കാൻ പോകു​മ്പോൾ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ എന്നെ എപ്പോ​ഴും കൂടെ കൊണ്ടു​പോ​കു​മാ​യി​രു​ന്നു, ഞാൻ അതു വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു.” അതേ, ദൈവ​ഭ​ക്തി​യുള്ള മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോട്‌ അടുത്ത ബന്ധം പുലർത്തു​ന്നത്‌ ദൈവത്തെ പൂർണ​മാ​യി സേവി​ക്കാൻ നിങ്ങളെ സഹായി​ക്കും.

വിദൂ​ര​ത്താ​യി​രി​ക്കുന്ന മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ

നിങ്ങളു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ വളരെ അകലെ​യാണ്‌ താമസി​ക്കു​ന്ന​തെ​ങ്കി​ലോ? സാധ്യ​മെ​ങ്കിൽ, അവരെ പതിവാ​യി സന്ദർശി​ക്കാൻ ശ്രമി​ക്കുക. സന്ദർശ​ന​ങ്ങൾക്ക്‌ ഇടയി​ലുള്ള സമയത്ത്‌ അവരു​മാ​യി സമ്പർക്കം നിലനി​റു​ത്താൻ സാധി​ക്കു​ന്ന​തൊ​ക്കെ ചെയ്യുക. ഓർനാന്‌ തന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രെ വർഷത്തിൽ മൂന്നു പ്രാവ​ശ്യ​മേ കാണാൻ സാധി​ക്കാ​റു​ള്ളൂ. അവൻ ഇങ്ങനെ പറയുന്നു: “ഞാൻ എല്ലാ ഞായറാ​ഴ്‌ച​യും അവരെ ഫോണിൽ വിളി​ക്കാ​റുണ്ട്‌.” അതു​പോ​ലെ, തന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രിൽനിന്ന്‌ വളരെ അകലെ കഴിയുന്ന ഡാര പറയുന്നു: “അവർ എന്റെ ജീവി​ത​ത്തിൽ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌, ഞങ്ങൾ മിക്കവാ​റും എല്ലാ ആഴ്‌ച​യി​ലും ഫോൺ ചെയ്യു​ക​യോ ഇ-മെയിൽ അയയ്‌ക്കു​ക​യോ ചെയ്യാ​റുണ്ട്‌.” ഇ-മെയി​ലും ഫോൺവി​ളി​ക​ളും പ്രയോ​ജ​ന​പ്രദം ആണെങ്കി​ലും, സ്വന്തം കൈപ്പ​ട​യിൽ കത്തെഴു​തുന്ന പഴയ രീതി​യു​ടെ മൂല്യത്തെ വിലകു​റച്ച്‌ കാണരുത്‌. ബാല്യ​കാ​ലം മുതൽ തങ്ങൾ എഴുതി​യി​ട്ടുള്ള എല്ലാ കത്തുക​ളും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ സൂക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കിയ പല യുവജ​ന​ങ്ങ​ളും അമ്പരന്നു​പോ​യി​ട്ടുണ്ട്‌. കത്തുകൾ പിന്നെ​യും പിന്നെ​യും വായി​ക്കാ​നും താലോ​ലി​ച്ചു വെക്കാ​നും സാധി​ക്കും. അതു​കൊണ്ട്‌ തീർച്ച​യാ​യും അവർക്ക്‌ കത്തെഴു​തുക!

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർക്ക്‌ കൊച്ചു​മ​ക്ക​ളോ​ടു മിക്ക​പ്പോ​ഴും ഒരു പ്രത്യേക വാത്സല്യം ഉണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 17:6) മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ താമസി​ക്കു​ന്നത്‌ നിങ്ങളു​ടെ അടുത്ത്‌ ആയിരു​ന്നാ​ലും അകലെ ആയിരു​ന്നാ​ലും, അവരു​മാ​യി അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാ​നും അതു നിലനി​റു​ത്താ​നും സഹായി​ക്കുന്ന നിരവധി മാർഗ​ങ്ങ​ളുണ്ട്‌. തീർച്ച​യാ​യും അതിനു ശ്രമം ചെലു​ത്തുക. (g01 5/22)

[അടിക്കു​റിപ്പ്‌]