വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒറിജിനൽ പാനമാ തൊപ്പി ഇക്വഡോറിൽ ഉണ്ടാക്കിയതോ?

ഒറിജിനൽ പാനമാ തൊപ്പി ഇക്വഡോറിൽ ഉണ്ടാക്കിയതോ?

ഒറിജി​നൽ പാനമാ തൊപ്പി ഇക്വ​ഡോ​റിൽ ഉണ്ടാക്കി​യ​തോ?

ഇക്വഡോറിലെ ഉണരുക! ലേഖകൻ

ആ ഉപഭോ​ക്താവ്‌ കബളി​പ്പി​ക്ക​പ്പെ​ട്ടോ? കാഴ്‌ച​ക്കാ​രന്‌ അങ്ങനെ തോന്നി​യേ​ക്കാം. ഒറിജി​നൽ പാനമാ തൊപ്പി​യാ​ണെന്നു കരുതി 300 ഡോള​റല്ലേ അയാൾ അതിന്‌ എണ്ണി​ക്കൊ​ടു​ത്തത്‌! പക്ഷേ “ഇക്വ​ഡോ​റിൽ ഉണ്ടാക്കി​യത്‌” എന്നെഴു​തിയ ഒരു പെട്ടി​യിൽനി​ന്നാ​ണ​ല്ലോ വിൽപ്പ​ന​ക്കാ​രൻ അത്‌ എടുത്തു കൊടു​ത്തത്‌! തട്ടിപ്പാ​ണോ? തീർച്ച​യാ​യു​മല്ല. വാസ്‌ത​വ​ത്തിൽ, യഥാർഥ പാനമാ തൊപ്പി ഉണ്ടാക്കു​ന്നത്‌ ഇക്വ​ഡോ​റിൽ ആണ്‌. അപ്പോൾ എങ്ങനെ​യാണ്‌ അതിന്‌ ഒരു കള്ളപ്പേര്‌ ലഭിച്ചത്‌? ഒരു തൊപ്പിക്ക്‌ എങ്ങനെ​യാണ്‌ നൂറു​ക​ണ​ക്കി​നു ഡോളർ വില വരുന്നത്‌?

സ്വർണ​വേ​ട്ട​ക്കാർ 1800-കളുടെ മധ്യത്തിൽ പാനമാ കരയി​ടു​ക്കു വഴിയാണ്‌ കാലി​ഫോർണി​യ​യിൽ എത്തിയി​രു​ന്നത്‌. ഇക്വ​ഡോ​റിൽനിന്ന്‌ ഇറക്കു​മതി ചെയ്‌ത തൊപ്പി​കൾ അവർ അവി​ടെ​നി​ന്നു വാങ്ങി. പിൽക്കാ​ലത്ത്‌ ആ തൊപ്പി​കൾ, അവ ഉണ്ടാക്കുന്ന സ്ഥലത്തിന്റെ പേരിലല്ല, മറിച്ച്‌ അത്‌ എവി​ടെ​നി​ന്നു വാങ്ങു​ന്നു​വോ ആ സ്ഥലത്തിന്റെ പേരിൽ അറിയ​പ്പെ​ടാൻ തുടങ്ങി. കാര്യം എന്തായി​രു​ന്നാ​ലും, പാനമാ തൊപ്പി വളരെ പ്രസി​ദ്ധ​മാ​യി​ത്തീർന്നു. ഉദാഹ​ര​ണ​ത്തിന്‌, 1849-ൽ 2,20,000-ത്തിലധി​കം തൊപ്പി​ക​ളാണ്‌ ഇക്വ​ഡോ​റിൽനി​ന്നു കയറ്റി അയച്ചത്‌! പിന്നീട്‌, 1855-ൽ പാനമാ​യിൽ ജീവി​ച്ചി​രുന്ന ഒരു ഫ്രഞ്ചു​കാ​രൻ ഈ തൊപ്പി​കൾ പാരീ​സിൽ നടന്ന ഒരു ലോക​മേ​ള​യിൽ പ്രദർശി​പ്പി​ച്ചു. ഫാഷൻഭ്ര​മ​ക്കാ​രായ ഫ്രഞ്ചു​കാർക്ക്‌ അതു നിർമി​ക്കാൻ ഉപയോ​ഗിച്ച മൃദു​ല​മായ വസ്‌തു​വിൽ വളരെ മതിപ്പു തോന്നി. ചിലർ അതിനെ “കച്ചിത്തു​ണി” എന്നു പോലും വിളിച്ചു. അതിൽപ്പി​ന്നെ മറ്റേ​തെ​ങ്കി​ലും സ്റ്റൈലി​ലുള്ള തൊപ്പി ധരിക്കു​ന്ന​തി​നെ കുറിച്ച്‌ ആലോ​ചി​ക്കാൻ പോലും കഴിയാത്ത അവസ്ഥയാ​യി എന്നു വേണ​മെ​ങ്കിൽ പറയാം!

ഇരുപ​താം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ, അമേരി​ക്കൻ പ്രസി​ഡ​ന്റായ തിയോ​ഡോർ റൂസ്‌വെൽട്ട്‌ മനോ​ഹ​ര​മായ ഒരു ഫിനോ തൊപ്പി ധരിച്ചു​നിൽക്കുന്ന ചിത്രം ലോക പത്രങ്ങ​ളിൽ വന്നതോ​ടെ പാനമാ തൊപ്പി​ക്കു പ്രചാ​ര​മേറി. അഴകാർന്ന ഈ തൊപ്പി​ക്കു പ്രിയം വർധിച്ചു. ലോക​മെ​മ്പാ​ടു​മുള്ള പ്രമുഖ കമ്പനികൾ അവ വിതരണം ചെയ്യാൻ തുടങ്ങി. ടർക്കി​യിൽ, ആധുനി​ക​വ​ത്‌ക​ര​ണ​ത്തി​ന്റെ ഭാഗമാ​യി 1925-ൽ നിലവിൽ വന്ന നിയമങ്ങൾ ഫെസ്‌ തൊപ്പി​കൾ (വിളു​മ്പി​ല്ലാ​ത്ത​തും ശിരസ്സു​മാ​യി പറ്റെ ചേരു​ന്ന​തു​മായ ഒരിനം ചുവന്ന രോമ​ത്തൊ​പ്പി) ധരിക്കു​ന്നതു നിരോ​ധി​ക്കു​ക​യും പകരം പാനമാ തൊപ്പി​കൾ ധരിക്കു​ന്നത്‌ നിർബ​ന്ധ​മാ​ക്കു​ക​യും ചെയ്‌തു. 1944 ആയതോ​ടെ പാനമാ തൊപ്പി ഇക്വ​ഡോ​റി​ന്റെ പ്രമുഖ കയറ്റു​മതി ഇനമായി മാറി.

ഇരുപ​താം നൂറ്റാ​ണ്ടി​ന്റെ രണ്ടാം പകുതി​യോ​ടെ, ആളുകൾക്ക്‌ പൊതു​വെ തൊപ്പി​ക​ളോ​ടുള്ള പ്രിയം കുറഞ്ഞു. എങ്കിലും, ഇക്വ​ഡോ​റിൽ നിർമി​ക്ക​പ്പെ​ടുന്ന ഈ വിശേ​ഷ​പ്പെട്ട തൊപ്പി​കൾ അവയുടെ വൈശി​ഷ്ട്യം നിലനി​റു​ത്തി. തീർച്ച​യാ​യും, ലോക​മെ​മ്പാ​ടു​മുള്ള വിദഗ്‌ധ തൊപ്പി നിർമാ​താ​ക്കൾ ഏറ്റവും മികച്ച​തരം പാനമാ തൊപ്പി​കൾ സമ്പാദി​ക്കാൻ മത്സരി​ക്കു​ന്നു. കഴിഞ്ഞ കാല​ത്തെ​യും ഇക്കാല​ത്തെ​യും പ്രമുഖർ പാനമാ തൊപ്പി​യു​ടെ പ്രൗഢി​യാൽ വശീക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. വിൻസ്റ്റൺ ചർച്ചിൽ, നികിത ക്രൂഷ്‌ചോഫ്‌, ഹംഫ്രി ബോഗാർട്ട്‌, മൈക്കിൽ ജോർഡാൻ തുടങ്ങി​യ​വ​രു​ടെ​യെ​ല്ലാം ശിരസ്സു​കളെ ഈ തൊപ്പി അലങ്കരി​ച്ചി​ട്ടുണ്ട്‌.

പാനമാ തൊപ്പി​പോ​ലെ തോന്നി​ക്കുന്ന വിലകു​റഞ്ഞ ധാരാളം ഡൂപ്ലി​ക്കേറ്റ്‌ തൊപ്പി​കൾ വൻതോ​തിൽ നിർമി​ക്ക​പ്പെ​ടു​ന്നുണ്ട്‌. എന്നിരു​ന്നാ​ലും, അവയിൽ പലതും പൊട്ടി​പ്പോ​കു​ന്നു; അല്ലെങ്കിൽ വായു കടക്കാ​ത്ത​വ​യാണ്‌. നേരെ മറിച്ച്‌ യഥാർഥ പാനമാ തൊപ്പി കനം കുറഞ്ഞ​തും വായു കടക്കു​ന്ന​തു​മാണ്‌. അത്‌ ഒരു ആയുഷ്‌കാ​ലം നീണ്ടു​നിൽക്കു​ക​യും ചെയ്യും. ഓരോ​ന്നും കൈ​കൊണ്ട്‌ നെയ്‌തു​ണ്ടാ​ക്കു​ന്നത്‌ ആയതി​നാൽ തനതു പ്രത്യേ​കത ഉള്ളതു​മാണ്‌. പരുക്കൻ തൊപ്പി​കൾക്ക്‌ ഏതാനും ഡോളർ മാത്രം വിലവ​രു​മ്പോൾ മോ​ണ്ടെ​ക്രി​സ്റ്റി​യി​ലെ അത്യന്തം അപൂർവ​മായ തരം സൂപ്പർഫി​നോസ്‌ തൊപ്പി​കൾക്ക്‌ 1,000-ത്തിലധി​കം ഡോളർ വില കൊടു​ക്കേ​ണ്ടി​വ​രും. നെയ്‌ത്തി​ന്റെ ഗുണവും നേർമ​യും നിറ​പ്പൊ​രു​ത്ത​വും നോക്കി​യാ​ണു വില നിശ്ചയി​ക്കു​ന്നത്‌. എന്നാൽ എല്ലായ്‌പോ​ഴും ഒരു കാര്യം ഓർക്കുക: ഒറിജി​നൽ പാനമാ തൊപ്പി ഉണ്ടാക്കു​ന്നത്‌ ഇക്വ​ഡോ​റി​ലാണ്‌. (g01 5/8)

[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

പാനമാ തൊപ്പി​യു​ടെ നിർമാ​ണം

എങ്ങനെ​യാണ്‌ പാനമാ തൊപ്പി ഉണ്ടാക്കു​ന്നത്‌? ടോക്കി​യാ എന്നറി​യ​പ്പെ​ടുന്ന, പനപോ​ലുള്ള ഒരു ചെടി​യിൽനി​ന്നു ലഭിക്കുന്ന വഴക്കമു​ള്ള​തും ഈടു​നിൽക്കു​ന്ന​തു​മായ നാരു​ക​ളാണ്‌ ഈ തൊപ്പി​യു​ടെ നിർമാ​ണ​ത്തിന്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഈ ചെടി തഴച്ചു​വ​ള​രാൻ അനു​യോ​ജ്യ​മായ ചുറ്റു​പാ​ടു​ക​ളാണ്‌ ഇക്വ​ഡോ​റി​ലെ തീരദേശ സമതല​പ്ര​ദേ​ശ​ങ്ങ​ളിൽ ഉള്ളത്‌. ഇക്വ​ഡോ​റി​ലെ തൊപ്പി നിർമാ​താ​ക്കൾ ലോക​ത്തി​ലെ ഏറ്റവും മികച്ച നെയ്‌ത്തു​കാ​രു​ടെ ഗണത്തിൽ വരുന്ന​താ​യി അറിയ​പ്പെ​ടു​ന്നു. എത്ര ശ്രമക​ര​മായ ഒരു വേലയാണ്‌ അവർ ചെയ്യു​ന്നത്‌! വളരെ ഉയർന്ന ഗുണ​മേ​ന്മ​യുള്ള ഒരു മോ​ണ്ടെ​ക്രി​സ്റ്റി സൂപ്പർഫി​നോ തൊപ്പി നെയ്‌തു​ണ്ടാ​ക്കാൻ ആറു മാസം​വരെ വേണ്ടി​വ​ന്നേ​ക്കാം. ഓരോ തൊപ്പി​യി​ലെ​യും നാരിന്റെ നീളം നന്നേ കുറവാ​യി​രി​ക്കും. എങ്കിലും ഒരു യഥാർഥ പാനമാ തൊപ്പി​യിൽ ഒരു നാര്‌ എവിടെ തുടങ്ങു​ന്നു അല്ലെങ്കിൽ എവിടെ അവസാ​നി​ക്കു​ന്നു എന്നു പറയാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. മാത്രമല്ല, ഇഴകൾ വളരെ അടുപ്പിച്ച്‌ നെയ്‌തി​രി​ക്കു​ന്ന​തി​നാൽ അതിൽക്കൂ​ടി വെള്ളം പോലും കടന്നു​പോ​കു​ക​യില്ല!

മോ​ണ്ടെ​ക്രി​സ്റ്റി, കൈ​കൊണ്ട്‌ നെയ്‌തു​ണ്ടാ​ക്കിയ വിശി​ഷ്ട​മായ തൊപ്പി​കൾക്കു പേരു കേട്ട പട്ടണമാണ്‌. അതിരാ​വി​ലെ​യോ വൈകു​ന്നേ​ര​മോ ആണ്‌ അവിട​ത്തു​കാർ തൊപ്പി നെയ്യു​ന്നത്‌. അതിനാൽ ഭൂമധ്യ​രേഖാ പ്രദേ​ശത്തെ ചൂട്‌, നാരു​ക​ളു​ടെ വഴക്കത്തെ ബാധി​ക്കു​ക​യില്ല. വൃത്താ​കാ​ര​ത്തി​ലുള്ള മുകൾഭാ​ഗം അതിസൂ​ക്ഷ്‌മ​മാ​യി, സങ്കീർണ​മായ ഊടും പാവും ഇട്ട്‌ അവർ നെയ്‌തു തുടങ്ങു​ന്നു. ആവശ്യ​മാ​യത്ര വ്യാസം കിട്ടു​ന്ന​തു​വരെ ഇതു ചെയ്യുന്നു. തുടർന്ന്‌ അത്‌ സിലി​ണ്ട​റി​ന്റെ ആകൃതി​യുള്ള ഒരു തടിക്ക​ട്ട​യി​ന്മേൽ വെക്കുന്നു, എന്നിട്ട്‌ തൊപ്പി​യു​ടെ താഴേ​ക്കുള്ള ഭാഗം വിദഗ്‌ധ​മാ​യി നെയ്‌തു​ണ്ടാ​ക്കു​ന്നു. അതുക​ഴിഞ്ഞ്‌, ആഴ്‌ച​കൾക്കു​ശേഷം അനു​യോ​ജ്യ​മായ കോണ​ത്തിൽ തൊപ്പി​യു​ടെ വിളുമ്പ്‌ നെയ്യാൻ തുടങ്ങു​ന്നു. എന്നിട്ട്‌ അഗ്രം മുറി​ക്കു​ന്നു, കഴുകു​ന്നു, ബ്ലീച്ച്‌ ചെയ്യുന്നു, വെയി​ലത്ത്‌ ഉണങ്ങുന്നു. അതോടെ പ്രസി​ദ്ധ​മായ പാനമാ തൊപ്പി റെഡി.

[16-ാം പേജിലെ ചിത്രങ്ങൾ]

ഇലകളുടെ ചീകി​യെ​ടുത്ത നാരുകൾ നെയ്യു​ന്ന​തി​നു മുമ്പ്‌ പുഴുങ്ങി ഉണങ്ങുന്നു

[17-ാം പേജിലെ ചിത്രം]

പാനമാ തൊപ്പി ധരിച്ചി​ട്ടുള്ള അനേകം വിഖ്യാ​ത​രിൽ ഒരാളാണ്‌ വിൻസ്റ്റൺ ചർച്ചിൽ

[കടപ്പാട്‌]

U.S. National Archives photo