വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചിറാപുഞ്ചി—ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്ന്‌

ചിറാപുഞ്ചി—ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്ന്‌

ചിറാ​പു​ഞ്ചിലോക​ത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ഒന്ന്‌

ഇന്ത്യയിലെ ഉണരുക! ലേഖകൻ

ലോക​ത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ഒന്നോ? അതും ജലദൗർല​ഭ്യം ഇത്ര സാധാ​ര​ണ​മാ​യി​രി​ക്കുന്ന, കുടയു​ടെ ആവശ്യം വരുന്ന ദിവസ​ങ്ങൾതന്നെ വിരള​മാ​യി​രി​ക്കുന്ന ഇന്ത്യയിൽ. ഏതാണ്‌ ഈ വിചിത്ര സ്ഥലം? ചിറാ​പു​ഞ്ചി. ബംഗ്ലാ​ദേ​ശി​നോട്‌ തൊട്ടു ചേർന്നു സ്ഥിതി​ചെ​യ്യുന്ന ഇന്ത്യയു​ടെ ഒരു വടക്കു​കി​ഴക്കൻ സംസ്ഥാ​ന​മായ മേഘാ​ല​യ​യി​ലെ ഒരു പട്ടണമാ​ണിത്‌. അതിമ​നോ​ഹ​ര​മായ ഒരു പ്രദേ​ശ​മാ​യ​തി​നാൽ “കിഴക്കി​ന്റെ സ്‌കോ​ട്ട്‌ലൻഡ്‌” എന്നാണ്‌ മേഘാ​ല​യയെ വിളി​ച്ചി​രി​ക്കു​ന്നത്‌. മേഘാലയ എന്ന പേരിന്റെ അർഥം തന്നെ “മേഘങ്ങ​ളു​ടെ ആലയം” എന്നാണ്‌. എന്നാൽ ചിറാ​പു​ഞ്ചി​യെ ലോക​ത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ഒന്നായി പണ്ടു മുതലേ കണക്കാ​ക്കി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കൗതു​ക​മു​ണർത്തുന്ന ഈ അത്ഭുത​നാ​ട്ടി​ലേക്ക്‌ നമുക്ക്‌ ഒരു ഹ്രസ്വ പര്യടനം നടത്താം. a

മേഘാ​ല​യ​യു​ടെ തലസ്ഥാ​ന​മായ ഷില്ലോ​ങ്ങിൽനി​ന്നാണ്‌ നാം യാത്ര ആരംഭി​ക്കു​ന്നത്‌. ഒരു ടൂറിസ്റ്റ്‌ ബസ്സിൽ നാം തെക്കോ​ട്ടു തിരി​ക്കു​ന്നു. മലമട​ക്കു​ക​ളും വിശാ​ല​മായ പുൽമേ​ടു​ക​ളും പിന്നിട്ട്‌ മുന്നോ​ട്ടു നീങ്ങവേ, പെയ്‌തൊ​ഴി​യാൻ വെമ്പി​നിൽക്കുന്ന മഴമേ​ഘങ്ങൾ നമ്മുടെ മുന്നി​ലാ​യി സ്ഥാനം പിടി​ച്ചി​രി​ക്കു​ന്നതു നാം കാണുന്നു. മേഘാലയ ഈ സ്ഥലത്തിനു യോജിച്ച പേരു തന്നെയാ​ണ​ല്ലോ എന്നു നാം പെട്ടെന്ന്‌ ഓർത്തു​പോ​കു​ന്നു.

മരങ്ങൾ ഇടതൂർന്നു വളരുന്ന ആഴമുള്ള ഒരു മലയി​ടു​ക്കി​ന്റെ ഓരം ചേർന്ന്‌ വളഞ്ഞു​പു​ളഞ്ഞു മുകളി​ലോ​ട്ടു പോകുന്ന ഒരു പാതയി​ലൂ​ടെ നമ്മുടെ ബസ്‌ മുന്നോ​ട്ടു നീങ്ങു​ക​യാണ്‌. വളരെ ഉയരത്തിൽനിന്ന്‌ വെള്ളം കുത്തി​മ​റി​ഞ്ഞൊ​ഴു​കി​വ​രു​ന്നതു നാം കാണുന്നു. താഴ്‌വ​ര​യി​ലൂ​ടെ കൂലം​കു​ത്തി​യൊ​ഴു​കുന്ന നദിയെ പരി​പോ​ഷി​പ്പി​ക്കു​ന്നത്‌ ഈ വെള്ളച്ചാ​ട്ട​ങ്ങ​ളാണ്‌. മൗഡോ​ക്കിൽ ബസ്‌ നിറു​ത്തു​മ്പോൾ കുന്നു​ക​ളി​ലൂ​ടെ താണു നീങ്ങുന്ന ഒരുകൂ​ട്ടം മേഘങ്ങൾ നമ്മുടെ കണ്ണിനു വിരു​ന്നൊ​രു​ക്കു​ന്നു. പെട്ടെന്ന്‌ അവ ഒരു വലിയ പ്രദേ​ശത്തെ മുഴുവൻ നമ്മുടെ കാഴ്‌ച​യിൽനി​ന്നു മറയ്‌ക്കു​ന്നു. എന്നിട്ട്‌ അതേ വേഗത്തിൽ ഉയർന്ന്‌ അതെല്ലാം നമുക്കു വീണ്ടും ദൃശ്യ​വേ​ദ്യ​മാ​ക്കു​ന്നു. ഒരു നിമി​ഷ​ത്തേക്ക്‌ നാമും അദൃശ്യ​ത​യു​ടെ നനുന​നുത്ത ഒരു വെള്ള കമ്പളത്തി​നു പിന്നിൽ, മേഘക്കൂ​ട്ട​ത്തിൽ അപ്രത്യ​ക്ഷ​രാ​കു​ന്നു. എന്നാൽ, പെട്ടെ​ന്നു​തന്നെ ആ മേഘച്ചു​രു​ളു​കൾ അവി​ടെ​നി​ന്നു മാറി​ത്ത​രു​ന്നു. പകലോ​ന്റെ കിരണങ്ങൾ ചേതോ​ഹ​ര​മായ പ്രകൃ​തി​ദൃ​ശ്യ​ത്തെ പ്രകാ​ശ​മാ​ന​മാ​ക്കി​ത്തീർക്കു​ന്നു.

ചിറാ​പു​ഞ്ചി സമുദ്ര നിരപ്പിൽനിന്ന്‌ 1,300 മീറ്റർ ഉയരത്തി​ലാണ്‌. ആ പട്ടണത്തിൽ എത്തി​ച്ചേ​രുന്ന നമുക്ക്‌ മഴമേ​ഘത്തെ കാണാനേ കഴിയു​ന്നില്ല. ആരു​ടെ​യും കൈയിൽ കുടയു​മില്ല. കനത്ത മഴയ്‌ക്കാ​യുള്ള തയ്യാ​റെ​ടു​പ്പു​കൾ നടത്തി​യി​രി​ക്കു​ന്നത്‌ സന്ദർശ​ക​രായ നാം മാത്ര​മാണ്‌! ഇനി എപ്പോ​ഴാണ്‌ മഴ പെയ്യുക?

സമു​ദ്ര​ങ്ങ​ളി​ലെ ചൂടു​കൂ​ടിയ ഭാഗങ്ങ​ളിൽനിന്ന്‌ സൂര്യന്റെ ചൂടേറ്റ്‌ വളരെ​യേറെ ജലം ആവിയാ​യി പൊങ്ങു​മ്പോ​ഴാണ്‌ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളിൽ കനത്ത മഴയു​ണ്ടാ​കു​ന്നത്‌. ഇന്ത്യൻ മഹാസ​മു​ദ്ര​ത്തിൽനി​ന്നുള്ള നീരാവി തിങ്ങിയ കാറ്റ്‌ ഹിമാലയ പർവത​ത്തി​ന്റെ തെക്കൻ ചെരി​വു​ക​ളിൽ തട്ടുക​യും മേൽപ്പോട്ട്‌ ഉയരാൻ നിർബ​ന്ധി​ത​മാ​കു​ക​യും ചെയ്യു​മ്പോൾ കോരി​ച്ചൊ​രി​യുന്ന മഴയുടെ രൂപത്തിൽ ഈർപ്പം വർഷി​ച്ചു​കൊണ്ട്‌ കാറ്റ്‌ അതിന്റെ ഭാരം ലഘൂക​രി​ക്കു​ന്നു. മഴവെ​ള്ള​ത്തി​ന്റെ നല്ലൊരു പങ്കും പതിക്കു​ന്നത്‌ മേഘാലയ പീഠഭൂ​മി​യി​ലാണ്‌. പകൽ നേരത്ത്‌, ഈ ഉയർന്ന പ്രദേശം കത്തിക്കാ​ളുന്ന ഉഷ്‌ണ​മേ​ഖലാ സൂര്യന്റെ ചൂടു മുഴുവൻ ഏറ്റുവാ​ങ്ങു​ന്ന​തി​നാൽ മഴ മേഘങ്ങൾ മേൽപ്പോട്ട്‌ ഉയരു​ക​യും വൈകു​ന്നേരം വായു തണുക്കു​ന്ന​തു​വരെ പീഠഭൂ​മി​ക്കു മുകളിൽ ഉഴറി നടക്കു​ക​യും ചെയ്യു​ന്ന​താ​യി കാണുന്നു. ഇതു​കൊ​ണ്ടാ​കാം മഴ ഏറെയും ലഭിക്കു​ന്നത്‌ രാത്രി​കാ​ല​ങ്ങ​ളി​ലാ​യത്‌.

ചിറാ​പു​ഞ്ചി​യിൽ 1861 ജൂ​ലൈ​യിൽ 930 സെന്റി​മീ​റ്റർ മഴ പെയ്‌തു! 1860 ആഗസ്റ്റ്‌ 1 മുതൽ 1861 ജൂലൈ 31 വരെയുള്ള 12 മാസ കാലയ​ള​വിൽ 2,646 സെന്റി​മീ​റ്റർ മഴയും. ഇന്ന്‌ ചിറാ​പു​ഞ്ചി​യിൽ വർഷത്തിൽ ശരാശരി 180 ദിവസം മഴ ലഭിക്കു​ന്നുണ്ട്‌. ഏറ്റവും കനത്ത മഴയു​ള്ളത്‌ ജൂൺ മുതൽ സെപ്‌റ്റം​ബർ വരെയുള്ള മാസങ്ങ​ളി​ലാണ്‌. മഴ ഏറെയും രാത്രി​യിൽ പെയ്യു​ന്ന​തു​കൊണ്ട്‌ സന്ദർശ​കർക്ക്‌ നനഞ്ഞു​കു​തി​രാ​തെ പ്രകൃ​തി​സൗ​ന്ദ​ര്യം മതിയാ​വോ​ളം നുകരാൻ കഴിയു​ന്നു.

ഇത്രയും മഴ ലഭിക്കുന്ന ഒരു സ്ഥലത്ത്‌ ജലദൗർല​ഭ്യം ഉണ്ടാവുക എന്നത്‌ വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. എന്നാൽ ശൈത്യ​കാല മാസങ്ങ​ളിൽ പലപ്പോ​ഴും അതാണു സംഭവി​ക്കു​ന്നത്‌. പെയ്‌തു​വീ​ഴുന്ന മഴവെ​ള്ള​മെ​ല്ലാം എങ്ങോ​ട്ടാ​ണു പോകു​ന്നത്‌? ചിറാ​പു​ഞ്ചി​ക്കു തൊട്ട്‌ വെളി​യി​ലുള്ള ഭാഗത്ത്‌ വ്യാപ​ക​മാ​യി വനനശീ​ക​രണം സംഭവി​ച്ചി​രി​ക്കു​ന്ന​തി​നാൽ ഉന്നത പീഠഭൂ​മി​യിൽ വീഴുന്ന മഴവെ​ള്ള​ത്തിൽ അധിക​വും താഴേക്ക്‌ ഒഴുകി സമതല​ങ്ങ​ളി​ലെ നദിക​ളിൽ പതിക്കു​ന്നു. ഈ നദിക​ളാ​ണെ​ങ്കിൽ മുഖ്യ​മാ​യും ബംഗ്ലാ​ദേ​ശി​ലേ​ക്കാണ്‌ ഒഴുകു​ന്നത്‌. അണക്കെ​ട്ടി​ന്റെ​യും ജലസം​ഭ​ര​ണി​ക​ളു​ടെ​യും നിർമാ​ണം പരിഗ​ണ​ന​യി​ലുണ്ട്‌. എന്നാൽ മൗസിൻറാ​മി​ലെ ഗോത്ര രാജാ​വായ ജി. എസ്‌. മാൻഗ്യാങ്‌ പറയു​ന്നത്‌ “ജലദൗർല​ഭ്യം പരിഹ​രി​ക്കാ​നാ​യി കാര്യ​മായ ശ്രമങ്ങ​ളൊ​ന്നും” നടന്നി​ട്ടില്ല എന്നാണ്‌.

നമ്മുടെ ചിറാ​പു​ഞ്ചി സന്ദർശനം ശരിക്കും ആവേശ​ജ​ന​ക​വും വിദ്യാ​ഭ്യാ​സ​മൂ​ല്യം ഉള്ളതും ആയിരു​ന്നു. പ്രകൃ​തി​സൗ​ന്ദ​ര്യ​ത്തി​ന്റെ സമസ്‌ത ഭാവങ്ങ​ളും ഒത്തിണ​ങ്ങിയ ഒരു ഭൂപ്ര​ദേ​ശ​മാണ്‌ ഇത്‌! 300-ഓളം ഇനം ഓർക്കി​ഡു​കൾ ഉൾപ്പെടെ, മനോ​ഹ​ര​മായ പൂക്കൾ ചൂടി നിൽക്കുന്ന പല സസ്യങ്ങ​ളും ഇവി​ടെ​യുണ്ട്‌. ഒരിനം കീട​ഭോ​ജി സസ്യവും ഇവി​ടെ​യുണ്ട്‌. ഭൂമി​യു​ടെ ഈ കോണിൽ മാത്ര​മാണ്‌ ഇതു കണ്ടുവ​രു​ന്നത്‌. നിരവധി ഇനം വന്യജീ​വി​ക​ളും ഈ പ്രദേ​ശ​ത്തി​നു സ്വന്തമാണ്‌. പര്യ​വേ​ക്ഷണം നടത്താൻ പറ്റിയ ചുണ്ണാ​മ്പു​കൽ ഗുഹക​ളും ഗവേഷണ വിധേ​യ​മാ​ക്കാൻ പറ്റിയ കൂറ്റൻ കല്ലുക​ളും ഇവി​ടെ​യുണ്ട്‌. ഈ പ്രദേ​ശത്തെ വലിയ ഓറഞ്ചു തോട്ടങ്ങൾ നല്ല നീരുള്ള ഓറഞ്ചു​കൾ വിളയി​ക്കു​ന്ന​തി​നു പുറമേ സ്വാദൂ​റുന്ന ഓറഞ്ച്‌ തേനിന്റെ പ്രകൃ​ത്യാ​യുള്ള ഉത്‌പാ​ദനം സാധ്യ​മാ​ക്കു​ക​യും ചെയ്യുന്നു. “മേഘങ്ങ​ളു​ടെ ആലയ”മായ മേഘാ​ല​യ​യി​ലേ​ക്കും ലോക​ത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ഒന്നായ ചിറാ​പു​ഞ്ചി​യി​ലേ​ക്കും ചെല്ലു​ന്ന​വരെ കാത്തി​രി​ക്കുന്ന വിസ്‌മ​യങ്ങൾ ഇതൊ​ക്കെ​യാണ്‌. (g01 5/8)

[അടിക്കു​റിപ്പ്‌]

a ഹവായിയൻ ദ്വീപായ കൗഐ​യി​ലെ വയാലീൽ കൊടു​മു​ടി​യി​ലും മൗസിൻറാ​മി​ലും—ചിറാ​പു​ഞ്ചി​യിൽനിന്ന്‌ ഏതാണ്ട്‌ 16 കിലോ​മീ​റ്റർ അകലെ​യാ​യി സ്ഥിതി​ചെ​യ്യുന്ന ഒരു ഗ്രാമ​മാണ്‌ അത്‌—ചിറാ​പു​ഞ്ചി​യി​ലേ​ക്കാൾ ഉയർന്ന ശരാശരി വർഷപാ​തം ഇടയ്‌ക്കൊ​ക്കെ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടുണ്ട്‌.

[22-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഇന്ത്യ

ചിറാപുഞ്ചി

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[23-ാം പേജിലെ ചിത്രം]

വെള്ളച്ചാട്ടങ്ങൾ താഴ്‌വ​ര​യി​ലൂ​ടെ കൂലം​കു​ത്തി ഒഴുകുന്ന നദിയെ പരി​പോ​ഷി​പ്പി​ക്കു​ന്നു

[23-ാം പേജിലെ ചിത്രം]

ഈ കീട​ഭോ​ജി സസ്യം ഭൂമി​യു​ടെ ഈ കോണിൽ മാത്ര​മാണ്‌ കണ്ടുവ​രു​ന്നത്‌

[കടപ്പാട്‌]

Photograph by Matthew Miller