വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭീകരപ്രവർത്തനം എന്ന ഭീഷണിയെ നേരിടൽ

ഭീകരപ്രവർത്തനം എന്ന ഭീഷണിയെ നേരിടൽ

ഭീകര​പ്ര​വർത്തനം എന്ന ഭീഷണി​യെ നേരിടൽ

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തെൺപ​തുക​ളു​ടെ ഒടുവിൽ, ഭീകര​പ്ര​വർത്തനം കുറഞ്ഞു​വ​രു​ന്ന​താ​യി കാണ​പ്പെട്ടു. എന്നിരു​ന്നാ​ലും, പുതിയ തരത്തി​ലുള്ള ഒരു ഭീകര​പ്ര​വർത്തനം ഉദയം ചെയ്‌തി​രി​ക്കു​ന്നു. സ്വന്തമാ​യി ധനശേ​ഖരണ ശൃംഖ​ലകൾ സ്ഥാപി​ച്ചി​രി​ക്കുന്ന തീവ്ര​വാ​ദി​ക​ളിൽ നിന്നാണ്‌ ഇന്നു ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ ഭീഷണി ഏറ്റവും കൂടുതൽ ഉള്ളത്‌. മയക്കു​മ​രു​ന്നു കള്ളക്കടത്ത്‌, സ്വകാര്യ ബിസി​നസ്‌, സ്വകാര്യ സ്വത്ത്‌, ധർമസ്ഥാ​പ​നങ്ങൾ, പ്രാ​ദേ​ശി​ക​മാ​യി ലഭിക്കുന്ന സാമ്പത്തിക പിന്തുണ എന്നിവ​യെ​ല്ലാം ആ ശൃംഖ​ല​യിൽ പെടുന്നു. ഇത്തരം ഭീകര​പ്ര​വർത്തകർ എന്നത്തെ​യും പോലെ കണ്ണിൽ ചോര​യി​ല്ലാത്ത പ്രവൃ​ത്തി​ക​ളു​മാ​യി മുമ്പോ​ട്ടു പോകു​ന്നു.

സമീപ വർഷങ്ങ​ളിൽ കൊടിയ ഭീകര​പ്ര​വർത്ത​ന​ങ്ങ​ളിൽ വൻ വർധനവ്‌ ഉണ്ടായി​ട്ടുണ്ട്‌. ന്യൂ​യോർക്ക്‌ നഗരത്തി​ലെ വേൾഡ്‌ ട്രേഡ്‌ സെന്റർ ബോംബു വെച്ചു തകർത്ത​പ്പോൾ 6 പേർ മരിക്കു​ക​യും ഏകദേശം 1,000 പേർക്കു പരി​ക്കേൽക്കു​ക​യും ചെയ്‌തു. ടോക്കി​യോ​യി​ലെ ഭൂഗർഭ റെയിൽപ്പാ​ത​യിൽ ഒരു വിശ്വാ​സി സംഘം സാറിൻ നാഡീ​വാ​തകം പ്രയോ​ഗി​ച്ച​തി​ന്റെ ഫലമായി 12 പേർ മരിച്ചു, 5,000-ത്തിലധി​കം പേർക്കു പരി​ക്കേറ്റു. ഒരു ഭീകര​പ്ര​വർത്തകൻ ട്രക്ക്‌ബോംബ്‌ ഉപയോ​ഗിച്ച്‌ ഒക്‌ല​ഹോമ നഗരത്തി​ലെ ഒരു ഗവൺമെന്റ്‌ കെട്ടിടം തകർത്ത​പ്പോൾ മരിച്ചത്‌ 168 പേരാണ്‌. നൂറു​ക​ണ​ക്കി​നു പേർക്കു പരി​ക്കേൽക്കു​ക​യും ചെയ്‌തു. 4-ഉം 5-ഉം പേജു​ക​ളി​ലെ ചാർട്ട്‌ കാണി​ക്കു​ന്ന​തു​പോ​ലെ, നാനാ​തരം ഭീകര​പ്ര​വർത്ത​നങ്ങൾ ഇന്നും തുടരു​ന്നു.

പൊതു​വേ പറഞ്ഞാൽ, മുൻകാ​ല​ങ്ങളെ അപേക്ഷിച്ച്‌ ഭീകര​പ്ര​വർത്ത​കർക്ക്‌ ഇന്ന്‌ ഏതു കൊടും​ക്രൂ​ര​ത​യും ചെയ്യാൻ മടിയി​ല്ലാ​ത്ത​താ​യി കാണ​പ്പെ​ടു​ന്നു. താൻ ആഗ്രഹി​ച്ചത്ര ജനശ്രദ്ധ കിട്ടു​ന്ന​തിന്‌ “കഴിയു​ന്നത്ര ആളുകളെ കൊല്ലാൻ” തീരു​മാ​നി​ച്ച​താ​യി 1995-ൽ ഒക്‌ല​ഹോമ നഗരത്തി​ലെ ഗവൺമെന്റ്‌ കെട്ടി​ട​ത്തിന്‌ ബോംബ്‌ വെച്ചയാൾ പറഞ്ഞതാ​യി ഉദ്ധരി​ക്ക​പ്പെട്ടു. 1993-ൽ ന്യൂ​യോർക്ക്‌ നഗരത്തി​ലെ വേൾഡ്‌ ട്രേഡ്‌ സെന്ററിൽ നടന്ന ബോം​ബാ​ക്ര​മ​ണ​ത്തി​നു കാരണ​ക്കാ​ര​നായ വ്യക്തി​യു​ടെ ആഗ്രഹം ആ ഇരട്ട കെട്ടി​ട​ത്തിൽ ഒന്ന്‌ മറ്റേതി​ന്റെ പുറ​ത്തേക്കു തകർത്തി​ടു​ക​യും അങ്ങനെ രണ്ടു കെട്ടി​ട​ങ്ങ​ളി​ലെ​യും ആളുകളെ എല്ലാം കൊല്ലു​ക​യു​മാ​യി​രു​ന്നു.

ഇന്ന്‌ ഭീകര​പ്ര​വർത്ത​ക​രു​ടെ കൈവ​ശ​മു​ള്ളത്‌ പുതിയ തരം ആയുധ​ങ്ങ​ളാണ്‌. ഭീകര​പ്ര​വർത്ത​നത്തെ കുറിച്ചു വിദഗ്‌ധ പഠനം നടത്തുന്ന ലൂയിസ്‌ ആർ. മിസെൽ ജൂനിയർ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “സമഗ്ര​മായ നാശം വരുത്തി​വെ​ക്കാൻ കഴിയുന്ന ആണവ, രാസ, ജൈവ ആയുധങ്ങൾ ഉപയോ​ഗ​ത്തി​ലുള്ള, അചിന്ത​നീ​യ​മായ അളവിൽ രോഷം കത്തിക്കാ​ളുന്ന ഒരു കാലഘ​ട്ട​ത്തി​ലാണ്‌ നാം ജീവി​ക്കു​ന്നത്‌.” ജനശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ആഗ്രഹി​ക്കുന്ന തീവ്ര​വാ​ദി​കൾ പുതിയ സാങ്കേ​തിക വിദ്യ​യി​ലൂ​ടെ ലഭ്യമാ​യി​രി​ക്കുന്ന കൂടുതൽ മാരക​മായ ആയുധ​ങ്ങ​ളി​ലേക്കു തിരി​യു​ക​യാണ്‌.

കമ്പ്യൂട്ടർ വഴിയുള്ള ആക്രമണം

കമ്പ്യൂ​ട്ട​റു​കൾ പോലുള്ള ആധുനിക സാങ്കേ​തി​ക​വി​ദ്യ ഉൾപ്പെ​ട്ട​താണ്‌ സൈബർ ഭീകര​പ്ര​വർത്തനം. അതിന്‌ ഉപയോ​ഗി​ക്കുന്ന ഒരു ആയുധ​മാണ്‌ കമ്പ്യൂട്ടർ വൈറസ്‌. അത്‌ കമ്പ്യൂട്ടർ സംവി​ധാ​ന​ങ്ങ​ളി​ലെ വിവരങ്ങൾ നശിപ്പി​ക്കു​ക​യോ അവയെ മരവി​പ്പി​ക്കു​ക​യോ ചെയ്യുന്നു. മറ്റൊ​ന്നാണ്‌ “ലോജിക്‌ ബോം​ബു​കൾ.” കമ്പ്യൂ​ട്ട​റു​കൾക്കു നിർവ​ഹി​ക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാ​നാ​കു​മെന്ന്‌ ധരിപ്പിച്ച്‌ അവയെ കബളി​പ്പി​ക്കു​ക​യാണ്‌ ഇവ ചെയ്യു​ന്നത്‌. തത്‌ഫ​ല​മാ​യി കമ്പ്യൂ​ട്ട​റു​കൾക്കു തകരാറ്‌ സംഭവി​ക്കു​ന്നു. രാഷ്‌ട്ര​ങ്ങ​ളു​ടെ സമ്പത്തും സുരക്ഷി​ത​ത്വ​വും ഏറെയും കമ്പ്യൂട്ടർ ശൃംഖ​ല​ക​ളി​ലെ വിവര​ങ്ങളെ ആശ്രയി​ച്ചി​രി​ക്കു​ന്ന​തി​നാൽ, ഭീകര​പ്ര​വർത്ത​ക​രു​ടെ അത്തരം ആക്രമ​ണ​ങ്ങൾക്ക്‌ പൊതു​ജ​നങ്ങൾ കൂടുതൽ ഇരയാ​കു​ന്നു എന്നു പലരും കരുതു​ന്നു. ഒരു ആണവ യുദ്ധം നടക്കുന്ന സമയത്തു പോലും മിക്ക സൈന്യ​ങ്ങൾക്കും ആശയവി​നി​മ​യ​ത്തി​നുള്ള സംവി​ധാ​നങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്താൻ കഴിയു​ന്നു. എന്നാൽ പൊതു​ജ​ന​ങ്ങ​ളു​ടെ പ്രയോ​ജ​ന​ത്തി​നാ​യുള്ള സംവി​ധാ​നങ്ങൾ—വൈദ്യു​തി വിതരണ സംവി​ധാ​നങ്ങൾ, യാത്രാ സംവി​ധാ​നങ്ങൾ, സാമ്പത്തിക വിപണി എന്നിവ—അട്ടിമ​റിക്ക്‌ വിധേ​യ​മാ​കാ​നുള്ള സാധ്യത ഏറെയാണ്‌ എന്നതാണ്‌ വാസ്‌തവം.

ഉദാഹ​ര​ണ​ത്തിന്‌, വൈദ്യു​ത സംവി​ധാ​നങ്ങൾ തകരാ​റി​ലാ​ക്കി ജർമനി​യി​ലെ ബെർലിൻ നഗരത്തെ അന്ധകാ​ര​ത്തിൽ ആഴ്‌ത്താൻ ഒരു ഭീകര​പ്ര​വർത്തകൻ ആഗ്രഹി​ക്കു​ന്നു​വെന്നു കരുതുക. പണ്ടൊക്കെ അതിന്‌ അയാൾ അവിടത്തെ ഒരു വൈദ്യു​ത നിലയ​ത്തിൽ ജോലി സമ്പാദി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ കമ്പ്യൂട്ടർ വിദഗ്‌ധ​നായ ഒരു കുറ്റവാ​ളി​ക്കു ലോക​ത്തി​ന്റെ മറുഭാ​ഗത്ത്‌ തന്റെ വീട്ടി​ലി​രുന്ന്‌ ആ നഗരത്തെ അന്ധകാ​ര​ത്തിൽ ആഴ്‌ത്താൻ കഴിയു​മെന്നു ചിലർ പറയുന്നു.

ഏറെക്കാ​ലം മുമ്പൊ​ന്നു​മല്ല പിൻവ​രുന്ന സംഭവം നടന്നത്‌. സ്വീഡ​നി​ലെ ഒരു കമ്പ്യൂട്ടർ കുറ്റവാ​ളി ഫ്‌ളോ​റി​ഡ​യി​ലെ ഒരു കമ്പ്യൂട്ടർ ശൃംഖ​ല​യിൽ അതി​ക്ര​മി​ച്ചു കടക്കു​ക​യും ഒരു മണിക്കൂർ നേര​ത്തേക്ക്‌ അവിടത്തെ അടിയ​ന്തിര സേവന​സം​വി​ധാ​നങ്ങൾ പ്രവർത്ത​ന​ര​ഹി​ത​മാ​ക്കു​ക​യും ചെയ്‌തു. അതിന്റെ ഫലമായി, പൊലീസ്‌, അഗ്നിശമന, ആംബു​ലൻസ്‌ വിഭാ​ഗ​ങ്ങൾക്ക്‌ ആളുക​ളു​ടെ അഭ്യർഥ​ന​യോ​ടു പ്രതി​ക​രി​ക്കാ​നാ​യില്ല.

“ഫലത്തിൽ, പൊലീസ്‌ ഡിപ്പാർട്ട്‌മെന്റ്‌ ഇല്ലാത്ത ഒരു ആഗോള ഗ്രാമം നാം സൃഷ്ടി​ച്ചി​രി​ക്കു​ക​യാണ്‌” എന്ന്‌ സെന്റർ ഫോർ സ്‌ട്രാ​റ്റ​ജിക്‌ ആൻഡ്‌ ഇന്റർനാ​ഷണൽ സ്റ്റഡീസി​ന്റെ ഇൻഫർമേഷൻ ടാസ്‌ക്‌ ഫോഴ്‌സി​ന്റെ ഡയറക്‌ട​റായ ഫ്രാങ്ക്‌ ജെ. ചിലൂ​ഫോ അഭി​പ്രാ​യ​പ്പെട്ടു. ഭീകര​പ്ര​വർത്തകർ അത്യാ​ധു​നിക രീതികൾ ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ, “അവരുടെ ആക്രമ​ണ​ത്തി​ന്റെ പ്രത്യാ​ഘാ​തങ്ങൾ കൈകാ​ര്യം ചെയ്യാൻ പ്രാപ്‌ത​മായ യാതൊ​രു ഏജൻസി​യും ഇന്നു നിലവി​ലില്ല” എന്ന്‌ മേൽപ്പറഞ്ഞ സ്ഥാപന​ത്തി​ലെ ഒരു മുതിർന്ന ഉപദേ​ഷ്‌ടാ​വായ റോബർട്ട്‌ കൂപ്പർമാൻ 1997-ൽ പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി.

സുരക്ഷാ ഏജൻസി​ക​ളു​ടെ ഏതൊരു സംരക്ഷണ ഉപാധി​ക​ളെ​യും കടത്തി​വെ​ട്ടുന്ന സാങ്കേ​തിക ഉപകര​ണങ്ങൾ കമ്പ്യൂട്ടർ ഭീകര​പ്ര​വർത്ത​ക​രു​ടെ പക്കലു​ണ്ടെന്ന്‌ ചില വിശകലന വിദഗ്‌ധർ വിശ്വ​സി​ക്കു​ന്നു. “ഉദ്ദേശി​ക്കുന്ന വൈറസ്‌ കടത്തി​വി​ടാ​നോ കൃത്യ​മായ ഒരു കമ്പ്യൂട്ടർ ടെർമി​നൽ ഉപയോ​ഗി​ക്കാ​നോ കഴിവുള്ള ഒരുവന്‌ കനത്ത നാശന​ഷ്‌ടങ്ങൾ വരുത്തി​വെ​ക്കാൻ കഴിയും,” യു.എസ്‌. സെൻട്രൽ ഇന്റലി​ജെൻസ്‌ ഏജൻസി​യു​ടെ ഡയറക്‌ട​റായ ജോർജ്‌ ടെനറ്റ്‌ പറയു​ക​യു​ണ്ടാ​യി.

രാസവ​സ്‌തു​ക്ക​ളും അണുക്ക​ളും ഭീതി പരത്തുന്നു

രാസ, ജൈവ ആയുധ​ങ്ങ​ളു​ടെ ഉപയോ​ഗ​വും ഭീതി​ദ​മാണ്‌. 1995-ന്റെ തുടക്ക​ത്തിൽ ടോക്കി​യോ ഭൂഗർഭ റെയിൽവേ​യിൽ ഉണ്ടായ വിഷവാ​തക ആക്രമ​ണത്തെ കുറി​ച്ചുള്ള വാർത്ത കേട്ട​പ്പോൾ ലോകം ഞെട്ടി. ഒരു അപ്പോ​ക്കാ​ലി​പ്‌റ്റിക്ക്‌ വിശ്വാ​സി​സം​ഘ​ത്തി​ന്റെ കറുത്ത കരങ്ങളാ​യി​രു​ന്നു ഇതിനു പിന്നിൽ എന്ന്‌ പിന്നീടു കണ്ടെത്ത​പ്പെട്ടു.

“ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ രൂപഭാ​വ​ത്തി​നു മാറ്റം വന്നിരി​ക്കു​ന്നു,” ഇൻസ്റ്റി​റ്റ്യൂട്ട്‌ ഫോർ ഡിഫൻസ്‌ അനാലി​സെസ്‌ എന്ന സ്ഥാപന​ത്തി​ലെ ബ്രാഡ്‌ റോബർട്‌സ്‌ പറയുന്നു. “മുമ്പുള്ള ഭീകര​പ്ര​വർത്ത​കർക്ക്‌ രാഷ്‌ട്രീയ ലക്ഷ്യങ്ങ​ളാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. എന്നാൽ ആളുകളെ കൂട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കുക എന്നതാണ്‌ തങ്ങളുടെ പ്രധാന ലക്ഷ്യ​മെന്ന്‌ ഇന്നത്തെ ചില ഭീകര​പ്ര​വർത്തക വിഭാ​ഗങ്ങൾ പറയുന്നു. അതിനാൽ ജൈവ ആയുധ​ങ്ങൾക്കാ​ണു പ്രിയം.” അത്തരം ആയുധങ്ങൾ ലഭിക്കാൻ പ്രയാ​സ​മാ​ണോ? സയന്റി​ഫിക്‌ അമേരി​ക്കൻ മാസിക ഇപ്രകാ​രം പറയുന്നു: “ബിയർ ഉണ്ടാക്കാൻ ഉപയോ​ഗി​ക്കു​ന്നതു പോലുള്ള ഒരു സാധാരണ ഉപകര​ണ​വും സൂക്ഷ്‌മാ​ണു​ക്കൾക്കു പെരു​കാൻ ആവശ്യ​മായ ഒരു പോഷ​ക​മാ​ധ്യ​മ​വും ഒരു ഗ്യാസ്‌ മാസ്‌ക്കും പ്ലാസ്റ്റിക്കു കൊണ്ടുള്ള ഒരു പുറം​കു​പ്പാ​യ​വും ഉണ്ടെങ്കിൽ, യാതൊ​രു ഹാനി​യും കൂടാ​തെ​തന്നെ ഒരാൾക്ക്‌ ശതസഹ​സ്ര​കോ​ടി​ക്ക​ണ​ക്കിന്‌ ബാക്‌ടീ​രി​യ​കളെ ഉത്‌പാ​ദി​പ്പി​ക്കാ​നാ​കും.” ഈ അണുക്കളെ തയ്യാറാ​ക്കി കഴിഞ്ഞാൽ, അവയെ പ്രയോ​ഗി​ക്കാൻ താരത​മ്യേന എളുപ്പ​മാണ്‌. അതിന്‌ ഇരയാ​കു​ന്നവർ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞേ, എങ്ങനെ​യുള്ള ആയുധ​മാ​ണു തങ്ങളു​ടെ​മേൽ പ്രയോ​ഗി​ച്ച​തെന്നു മനസ്സി​ലാ​ക്കൂ. അപ്പോ​ഴേ​ക്കും തീരെ വൈകി​പ്പോ​യി​രി​ക്കും.

ഒരു ജൈവാ​യു​ധം എന്ന നിലയിൽ ഭീകര​പ്ര​വർത്ത​കർക്ക്‌ ഏറ്റവും പ്രിയം അന്ത്രാ​ക്‌സ്‌ ആണെന്നു പറയ​പ്പെ​ടു​ന്നു. കൽക്കരി​ക്കുള്ള ഗ്രീക്കു പദത്തിൽ നിന്നാണ്‌—അന്ത്രാ​ക്‌സ്‌ ബാധിച്ച വീട്ടു​മൃ​ഗ​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരുന്ന​വ​രു​ടെ തൊലി​പ്പു​റത്ത്‌ ഉണ്ടാകുന്ന വ്രണങ്ങൾക്കു മീതെ സാധാരണ കാണുന്ന കറുത്ത നിറത്തി​ലുള്ള പൊറ്റനെ കുറി​ച്ചുള്ള പരാമർശം—ഈ രോഗ​ത്തിന്‌ ആ പേരു ലഭിച്ചി​രി​ക്കു​ന്നത്‌. അന്ത്രാ​ക്‌സ്‌ ബീജാ​ണു​ക്കളെ ശ്വസി​ക്കു​ന്നതു മൂലം ഉണ്ടാകുന്ന ശ്വാസ​കോശ പകർച്ച​വ്യാ​ധി​കൾ സംബന്ധിച്ച്‌ പ്രതി​രോധ ആസൂ​ത്രകർ ഉത്‌ക​ണ്‌ഠാ​കു​ല​രാണ്‌. മനുഷ്യ​രിൽ, അന്ത്രാ​ക്‌സ്‌ ബാധ ഉണ്ടായാൽ മരണനി​രക്ക്‌ വളരെ കൂടുതൽ ആയിരി​ക്കും.

അന്ത്രാ​ക്‌സ്‌ എന്തു​കൊ​ണ്ടാണ്‌ ഫലപ്ര​ദ​മായ ഒരു ജൈവാ​യു​ധം ആയിരി​ക്കു​ന്നത്‌? പ്രതി​രോ​ധ​ശേഷി കൂടിയ ഈ ബാക്‌ടീ​രി​യയെ വളർത്തി​യെ​ടു​ക്കാൻ വളരെ എളുപ്പ​മാണ്‌. ഈ രോഗാ​ണു ശരീര​ത്തിൽ പ്രവേ​ശി​ച്ചാൽ ദിവസങ്ങൾ കഴിഞ്ഞാണ്‌ രോഗ​ല​ക്ഷ​ണങ്ങൾ പ്രകട​മാ​കു​ന്നത്‌. ആദ്യം പനിക്കു​ന്ന​തു​പോ​ലുള്ള തോന്ന​ലും ക്ഷീണവും അനുഭ​വ​പ്പെ​ടും. തുടർന്ന്‌, ചുമയും നെഞ്ചിൽ അൽപ്പം അസ്വസ്ഥ​ത​യും കണ്ടേക്കാം. പിന്നീട്‌ കടുത്ത ശ്വാസ​ത​ട​സ്സ​വും ഷോക്കും ഉണ്ടാകു​ന്നു. മണിക്കൂ​റു​കൾക്കു​ള്ളിൽ രോഗി മരിക്കു​ക​യും ചെയ്യും.

ഭീകര​പ്ര​വർത്ത​ക​രു​ടെ കയ്യിൽ ആണവ ആയുധ​ങ്ങ​ളോ?

സോവി​യറ്റ്‌ യൂണി​യന്റെ പതനത്തി​നു ശേഷം, ആണവ ആയുധം മോഷ്ടി​ക്ക​പ്പെട്ട്‌ കരിഞ്ച​ന്ത​യിൽ എത്തുമോ എന്നു ചിലർ സംശയി​ച്ചു. എന്നിരു​ന്നാ​ലും, അതു സംഭവി​ക്കു​മെന്ന്‌ പല വിദഗ്‌ധ​രും കരുതു​ന്നില്ല. “ആണവ വസ്‌തു കൈവ​ശ​മാ​ക്കാൻ ഏതെങ്കി​ലും ഭീകര​പ്ര​വർത്തക വിഭാഗം ശ്രമി​ച്ച​താ​യി യാതൊ​രു തെളി​വു​മില്ല” എന്നു മുമ്പ്‌ ഉദ്ധരിച്ച റോബർട്ട്‌ കൂപ്പർമാൻ പറയുന്നു.

എന്നാൽ ഇപ്പോൾ ആശങ്കയു​ണ്ടാ​ക്കു​ന്നത്‌ ആണവ ബോം​ബി​നോട്‌ ബന്ധമുള്ള ഒന്നാണ്‌—റേഡി​യോ ആക്‌ടീ​വ​ത​യുള്ള പദാർഥങ്ങൾ. അതു പൊട്ടി​ത്തെ​റി​ക്കു​ന്നത്‌ അല്ലാത്ത​തി​നാൽ സ്‌ഫോ​ട​ന​മോ, ഉഗ്രതാ​പം മൂലമുള്ള നാശന​ഷ്ട​ങ്ങ​ളോ ഉണ്ടാകു​ന്നില്ല. പകരം, അത്‌ ഓരോ കോശ​ത്തെ​യും നശിപ്പി​ക്കുന്ന വികി​രണം പുറത്തു​വി​ടു​ന്നു. അസ്ഥിമ​ജ്ജ​യി​ലെ കോശ​ങ്ങ​ളെ​യാണ്‌ ഇതു വിശേ​ഷി​ച്ചും ബാധി​ക്കു​ന്നത്‌. കോശങ്ങൾ നശിക്കു​ന്ന​തി​ന്റെ അനന്തര​ഫ​ലങ്ങൾ അനവധി​യാണ്‌. രക്തവാർച്ച​യും പ്രതി​രോധ വ്യവസ്ഥ​യ്‌ക്ക്‌ ഉണ്ടാകുന്ന തകരാ​റും അതിൽ ഉൾപ്പെ​ടു​ന്നു. ഓക്‌സി​ജ​നു​മാ​യും ഈർപ്പ​വു​മാ​യും സമ്പർക്ക​ത്തിൽ വരു​മ്പോൾ നശിക്കുന്ന തരത്തി​ലുള്ള രാസാ​യു​ധ​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി റേഡി​യോ ആക്‌ടീ​വ​ത​യുള്ള പദാർഥങ്ങൾ വർഷങ്ങ​ളോ​ളം ഹാനി വരുത്തി​വെ​ച്ചേ​ക്കാം.

റേഡി​യോ പ്രസരണം എത്ര മാരക​മാ​ണെന്ന്‌ ബ്രസീ​ലി​ന്റെ ദക്ഷിണ-മധ്യ മേഖല​യി​ലുള്ള ഗോയി​യാ​നി​യ​യിൽ നടന്ന അത്യാ​ഹി​തം വ്യക്തമാ​ക്കു​ന്നു. 1987-ൽ ഒരു മനുഷ്യൻ യാതൊ​ന്നും സംശയി​ക്കാ​തെ, ഉപേക്ഷി​ക്ക​പ്പെട്ട ഒരു വൈദ്യ ഉപകര​ണ​ത്തോ​ടു ബന്ധിപ്പി​ച്ചി​രുന്ന ഒരു ചെറിയ പെട്ടി തുറന്നു​നോ​ക്കി. ആ ചെറിയ പെട്ടി​യിൽ സീസിയം-137 അടങ്ങി​യി​രു​ന്നു. താൻ കണ്ടെത്തിയ ആ കല്ലിന്റെ തിളങ്ങുന്ന നീല ജ്വാല​യാൽ ആകൃഷ്ട​നായ അദ്ദേഹം അത്‌ സ്‌നേ​ഹി​തർക്കും കാട്ടി​ക്കൊ​ടു​ത്തു. ഒരാഴ്‌ച​യ്‌ക്കു​ള്ളിൽ അവരിൽ ചിലർ രോഗി​ക​ളാ​യി സ്ഥലത്തെ ആശുപ​ത്രി​യിൽ ചെല്ലാൻ തുടങ്ങി. ആയിര​ക്ക​ണ​ക്കി​നു പേർക്ക്‌ വികി​ര​ണ​ബാധ ഏറ്റതായി പരി​ശോ​ധ​ന​യിൽ തെളിഞ്ഞു. നൂറോ​ളം പേർ രോഗി​ക​ളാ​യി. അമ്പതു പേരെ ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ക്കേണ്ടി വന്നു. നാലു പേർ മരിച്ചു. ഭീകര​പ്ര​വർത്തകർ മനഃപൂർവം ആ സീസിയം വിതറി​യി​രു​ന്നെ​ങ്കിൽ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു എന്ന ചിന്തതന്നെ ഭീകര​പ്ര​വർത്ത​ന​ത്തിന്‌ എതിരെ പോരാ​ടുന്ന വിദഗ്‌ധർക്ക്‌ ഒരു പേടി​സ്വ​പ്‌ന​മാണ്‌.

ഒടു​ക്കേ​ണ്ടി​വ​രുന്ന കനത്ത വില

കനത്ത ജീവന​ഷ്ട​മാണ്‌ ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ ഏറ്റവും പ്രകട​മായ ഫലം. അതി​നെ​ക്കാൾ വ്യാപ​ക​മായ ദുരന്ത​ഫ​ല​ങ്ങ​ളും ഉണ്ട്‌. ലോക​ത്തി​ലെ പ്രശ്‌ന​ബാ​ധിത സ്ഥലങ്ങളി​ലെ സമാധാന ശ്രമങ്ങളെ നശിപ്പി​ക്കാ​നോ അതിനു താമസം വരുത്താ​നോ ഭീകര​പ്ര​വർത്ത​ന​ത്തി​നു കഴിയും. അതു പോരാ​ട്ട​ങ്ങൾക്കു കാരണ​മാ​കു​ക​യോ, അവയെ ദീർഘി​പ്പി​ക്കു​ക​യോ, ശക്തമാ​ക്കു​ക​യോ ചെയ്യുന്നു. മാത്രമല്ല, അക്രമ​ത്തി​ന്റെ പരമ്പര​യ്‌ക്ക്‌ തിരി കൊളു​ത്തു​ക​യും ചെയ്യുന്നു.

ദേശീയ സാമ്പത്തി​കാ​വ​സ്ഥ​യോ​ടുള്ള ബന്ധത്തി​ലും ഭീകര​പ്ര​വർത്തനം പ്രത്യാ​ഘാ​തങ്ങൾ ഉളവാ​ക്കും. അതിനെ ചെറു​ത്തു​നിൽക്കു​ന്ന​തിന്‌ ധാരാളം സമയവും വിഭവ​ങ്ങ​ളും മുടക്കാൻ ഗവൺമെ​ന്റു​കൾ നിർബ​ന്ധി​ത​മാ​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളിൽ മാത്രം ഭീകര​പ്ര​വർത്ത​നത്തെ ചെറു​ക്കാ​നുള്ള പ്രവർത്ത​ന​ങ്ങൾക്കാ​യി ഗവൺമെന്റ്‌ 1,000 കോടി രൂപയി​ല​ധി​ക​മാണ്‌ 2000-ാം ആണ്ടി​ലേക്ക്‌ വക കൊള്ളി​ച്ചത്‌.

നാം മനസ്സി​ലാ​ക്കി​യാ​ലും ഇല്ലെങ്കി​ലും, ഭീകര​പ്ര​വർത്തനം നമ്മെ​യെ​ല്ലാം ബാധി​ക്കു​ന്നു. നാം യാത്ര ചെയ്യുന്ന വിധ​ത്തെ​യും യാത്ര​യോ​ടു ബന്ധപ്പെട്ട്‌ നാം കൈ​ക്കൊ​ള്ളുന്ന തിര​ഞ്ഞെ​ടു​പ്പു​ക​ളെ​യും അതു സ്വാധീ​നി​ക്കു​ന്നു. പൊതു​ജന പ്രമു​ഖ​രു​ടെ​യും പൗരന്മാ​രു​ടെ​യും അതു​പോ​ലെ​തന്നെ യന്ത്രസം​വി​ധാ​ന​ങ്ങ​ളു​ടെ​യും സംരക്ഷണം ഉറപ്പാ​ക്കാൻ കൂടുതൽ നികു​തി​പ്പണം ചെലവാ​ക്കാൻ ലോക​മെ​മ്പാ​ടു​മുള്ള രാജ്യങ്ങൾ നിർബ​ന്ധി​ത​രാ​കു​ന്നു.

ഉയർന്നു​വ​രു​ന്ന ചോദ്യം ഇതാണ്‌: ഭീകര​പ്ര​വർത്തനം എന്ന പ്രശ്‌ന​ത്തിന്‌ എന്തെങ്കി​ലും പരിഹാ​ര​മു​ണ്ടോ? അടുത്ത ലേഖനം അതു ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും. (g01 5/22)

[7-ാം പേജിലെ ചതുരം/ചിത്രം]

പരിസ്ഥിതിയുടെ പേരി​ലുള്ള ഭീകര​പ്ര​വർത്ത​നം

“പരിസ്ഥി​തി​യെ​യും അതിലെ ജീവി​ക​ളെ​യും രക്ഷിക്കു​ന്ന​തി​ന്റെ പേരിൽ നടത്തുന്ന കൊള്ളി​വ​യ്‌പും ബോം​ബാ​ക്ര​മ​ണ​വും അട്ടിമ​റി​യും” ആണ്‌ പുതിയ ഒരുതരം ഭീകര​പ്ര​വർത്തനം എന്ന്‌ ഓറി​ഗ​നി​യൻ പത്രം പറയുന്നു. ഇത്തരം നാശക​ര​മായ പ്രവൃ​ത്തി​കളെ ആവാസ ഭീകര​പ്ര​വർത്തനം എന്നു വിളി​ക്കു​ന്നു. 1980 മുതൽ ഇത്തരത്തി​ലുള്ള 100 വൻ ഭീകര​പ്ര​വർത്ത​ന​ങ്ങ​ളെ​ങ്കി​ലും ഉണ്ടായി​ട്ടുണ്ട്‌. അതിന്റെ ഫലമോ 428 ലക്ഷം ഡോള​റി​ന്റെ നാശന​ഷ്ട​വും. മരം മുറിക്കൽ, വനപ്ര​ദേ​ശ​ങ്ങ​ളു​ടെ വിനോ​ദാർഥ​മുള്ള ഉപയോ​ഗം, രോമ​ത്തി​നും ഭക്ഷണത്തി​നും ഗവേഷ​ണ​ത്തി​നും മൃഗങ്ങളെ ഉപയോ​ഗി​ക്കൽ എന്നിവ തടയാൻ ഉദ്ദേശി​ച്ചു​ള്ള​വ​യാണ്‌ അത്തരം ആക്രമ​ണങ്ങൾ.

ഈ പ്രവർത്ത​ന​ങ്ങ​ളിൽ, വ്യക്തി​ക​ളു​ടെ​യും സ്ഥാപന​ങ്ങ​ളു​ടെ​യും നടപടി​കൾക്കും പൊതു നയങ്ങൾക്കും മാറ്റം വരുത്തുക എന്ന ഉദ്ദേശ്യ​ത്തോ​ടെ നടത്തുന്ന അക്രമങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവയെ ഭീകര​പ്ര​വർത്ത​ന​ങ്ങ​ളാ​യി കണക്കാ​ക്കു​ന്നു. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപന​ങ്ങ​ളെ​യും മറ്റുമാണ്‌ ഈ ഭീകര​പ്ര​വർത്തകർ ലക്ഷ്യമി​ടാ​റു​ള്ളത്‌. മിക്ക​പ്പോ​ഴും രാത്രി​യിൽ ആയിരി​ക്കും ഇവരുടെ ആക്രമണം. തന്നെയു​മല്ല, ആക്രമ​ണ​ശേഷം തെളി​വു​ക​ളൊ​ന്നും അവശേ​ഷി​പ്പി​ക്കാ​തി​രി​ക്കാൻ ഇവർ പ്രത്യേ​കം ശ്രദ്ധി​ക്കു​ക​യും ചെയ്യും. ഇക്കാര​ണ​ങ്ങ​ളാൽ അന്വേഷണ ഉദ്യോ​ഗ​സ്ഥർക്ക്‌ ഇവരെ പിടി​കൂ​ടാൻ സാധി​ക്കാ​തെ വരുന്നു. അടുത്ത​കാ​ലം വരെ പരിസ്ഥി​തി സംരക്ഷ​ണ​ത്തി​ന്റെ പേരി​ലുള്ള അക്രമ​ങ്ങ​ളും അവ പ്രാ​ദേ​ശി​ക​മാ​യി ഉളവാ​ക്കുന്ന ഫലങ്ങളു​ടെ വ്യാപ്‌തി​യും വളരെ കുറവാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവ കാര്യ​മായ ശ്രദ്ധ പിടി​ച്ചു​പ​റ്റി​യി​രു​ന്നില്ല. എന്നാൽ സമീപ വർഷങ്ങ​ളിൽ ഈ ഭീകര​പ്ര​വർത്ത​ക​രു​ടെ ആക്രമണ വ്യാപ്‌തി വർധി​ച്ചി​രി​ക്കു​ന്നു. “പരിവർത്ത​ന​ത്തി​നാ​യി തങ്ങൾ ഏതു തത്ത്വങ്ങൾക്കു വേണ്ടി നില​കൊ​ള്ളു​ന്നു​വോ അവയി​ലേക്ക്‌ ആളുക​ളു​ടെ ശ്രദ്ധ തിരി​ച്ചു​വി​ടുക എന്നതാണ്‌ അവരുടെ ലക്ഷ്യം,” ദീർഘ​കാ​ല​മാ​യി യു.എസ്‌. ഫോറസ്റ്റ്‌ സെർവീ​സിൽ അന്വേഷണ ഉദ്യോ​ഗ​സ്ഥ​നാ​യി സേവന​മ​നു​ഷ്‌ഠി​ക്കുന്ന ജയിംസ്‌ എൻ. ഡാമി​റ്റി​യോ പ്രസ്‌താ​വി​ച്ചു. “തങ്ങൾക്കു വേണ്ട ശ്രദ്ധ കിട്ടാ​ത്ത​താ​യി തോന്നു​ന്നെ​ങ്കിൽ, അവർ മറ്റെ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെയ്യും.”

[10-ാം പേജിലെ ചതുരം/ചിത്രം]

ഭീകരപ്രവർത്തനവും മാധ്യ​മ​ങ്ങ​ളും

“രാഷ്‌ട്രീയ ആശയങ്ങൾ പ്രചരി​പ്പി​ക്കാൻ അല്ലെങ്കിൽ ക്രമസ​മാ​ധാ​നം തകർക്കാൻ നിഷ്‌ക​ള​ങ്ക​രായ ആളുകൾക്കെ​തി​രെ ഭീകര​പ്ര​വർത്ത​നങ്ങൾ നടത്തു​ന്ന​വ​രു​ടെ പ്രാഥ​മിക ലക്ഷ്യം പൊതു​ജന ശ്രദ്ധയാണ്‌, അവർ അതിനെ ഒരു ആയുധ​മാ​യും ഉപയോ​ഗി​ക്കു​ന്നു,” ലബനോ​ണിൽ ഏകദേശം ഏഴു വർഷക്കാ​ലം ഭീകര​പ്ര​വർത്ത​ക​രു​ടെ പിടി​യിൽ കഴിഞ്ഞ ടെറി ആൻഡേ​ഴ്‌സൺ എന്ന പത്ര​പ്ര​വർത്തകൻ പറയുന്നു. “രാഷ്‌ട്രീയ തട്ടി​ക്കൊ​ണ്ടു​പോക്ക്‌, കൊല​പാ​തകം, അല്ലെങ്കിൽ കനത്ത ബോം​ബാ​ക്ര​മണം എന്നിവയെ കുറി​ച്ചുള്ള റിപ്പോർട്ട്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തു​തന്നെ ഭീകര​പ്ര​വർത്ത​കന്റെ ആദ്യത്തെ വിജയ​മാണ്‌. ലോക​ത്തി​ന്റെ ശ്രദ്ധ കിട്ടാ​ഞ്ഞാൽ, ഈ ക്രൂര​കൃ​ത്യ​ങ്ങൾ നിരർഥ​ക​മാ​യി​ത്തീ​രും.”

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

1. ഇസ്രാ​യേ​ലി​ലെ ജെറൂ​സ​ലേ​മിൽ നടന്ന മനുഷ്യ ബോം​ബാ​ക്ര​മ​ണം

2. വംശീയ ഭീകര​പ്ര​വർത്തകർ ശ്രീല​ങ്ക​യി​ലെ കൊളം​ബോ​യി​ലുള്ള ഒരു ബാങ്കിൽ നടത്തിയ ബോം​ബാ​ക്ര​മ​ണം

3. കെനി​യ​യി​ലെ നയ്‌റോ​ബി​യിൽ ഉണ്ടായ ഒരു കാർബോംബ്‌ സ്‌ഫോ​ട​നം

4. റഷ്യയി​ലെ മോസ്‌കോ​യിൽ നടന്ന ബോംബ്‌ സ്‌ഫോ​ട​ന​ത്തിന്‌ ഇരയായ ഒരു കുടും​ബം

[കടപ്പാട്‌]

Heidi Levine/Sipa Press

A. Lokuhapuarachchi/Sipa Press

AP Photo/Sayyid Azim

Izvestia/Sipa Press