വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭീകരപ്രവർത്തനത്തിന്റെ പുത്തൻ മുഖച്ഛായ

ഭീകരപ്രവർത്തനത്തിന്റെ പുത്തൻ മുഖച്ഛായ

ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ പുത്തൻ മുഖച്ഛായ

കഴിഞ്ഞ തവണ ഈ മാസി​ക​യിൽ ഭീകര​പ്ര​വർത്ത​നത്തെ കുറി​ച്ചുള്ള ആമുഖ ലേഖനം പ്രസി​ദ്ധീ​ക​രി​ച്ച​പ്പോൾ മുഖച്ചി​ത്ര​ത്തിൽ പരിചി​ത​മായ ഒരു പ്രതീ​ക​മാണ്‌ ഉപയോ​ഗി​ച്ചത്‌ —ശക്തി​യേ​റിയ ഒരു സ്‌ഫോ​ട​ന​ത്തി​ന്റെ പശ്ചാത്ത​ല​ത്തിൽ നിൽക്കുന്ന തോക്കു​ക​ളേ​ന്തിയ മുഖം​മൂ​ടി​കൾ. എന്നാൽ ഇപ്പോൾ ചിത്ര​ത്തി​നു മാറ്റം വന്നിരി​ക്കു​ന്നു.

സന്ധ്യാ​സ​മയം. കുറെ ട്രക്കുകൾ നിരനി​ര​യാ​യി ഒരു ഹൗസിങ്‌ കോള​നി​യി​ലൂ​ടെ സാവധാ​നം മുന്നോ​ട്ടു നീങ്ങുന്നു. ആ ട്രക്കുകൾ ഒരു സ്‌കൂൾ കെട്ടി​ട​ത്തിന്‌ അടുത്തു​വന്നു നിൽക്കു​ന്നു. ഗ്യാസ്‌ മാസ്‌ക്കു​ക​ളും രാസവ​സ്‌തു​ക്ക​ളിൽനി​ന്നു സംരക്ഷ​ണ​മേ​കുന്ന കവചങ്ങ​ളും ധരിച്ച പ്രത്യേക പരിശീ​ലനം നേടിയ പുരു​ഷ​ന്മാർ കുറ്റി​ച്ചെ​ടി​കൾക്ക്‌ ഇടയി​ലൂ​ടെ ആയാസ​പ്പെട്ട്‌ മുന്നോ​ട്ടു നീങ്ങുന്നു. ആ സ്‌കൂ​ളി​ലെ സ്റ്റേഡി​യ​ത്തിൽ ഒരു സ്‌പോർട്‌സ്‌ പരിപാ​ടി നടക്കു​ന്ന​തി​നി​ട​യിൽ, ചെറിയ ഒരു സ്‌ഫോ​ടക വസ്‌തു പൊട്ടി​ത്തെ​റി​ച്ചെ​ന്നും അതു പുറത്തു​വിട്ട വാതകം കാണി​കളെ രോഗ​ഗ്ര​സ്‌ത​രാ​ക്കി​യെ​ന്നും മാത്രമേ അവർക്ക്‌ അറിയാ​വൂ. എന്താണ്‌ നടന്നത്‌ എന്ന്‌ അറിയാൻ ആ പ്രദേ​ശത്തെ അടിയ​ന്തിര രക്ഷാ പ്രവർത്ത​ക​രോ​ടൊ​പ്പം ആ നാലു പുരു​ഷ​ന്മാർ സ്റ്റേഡി​യ​ത്തി​ലേക്കു പ്രവേ​ശി​ച്ചു. ആ സ്‌ഫോ​ടക വസ്‌തു എന്താണ്‌ പുറത്തു​വി​ട്ടത്‌? അന്ത്രാ​ക്‌സോ? അതോ നാഡീ​വാ​ത​ക​മോ?

അവർ സംഭവ​സ്ഥ​ല​ത്തേക്കു സാവധാ​നം നടന്നടു​ക്കു​ന്നു. രാസപ​രി​ശോ​ധന നടത്താ​നുള്ള കുറേ ഉപകര​ണ​ങ്ങ​ളും അവരുടെ പക്കൽ ഉണ്ട്‌. അവർ ഒരു കൊച്ചു മുറി​യു​ടെ അടു​ത്തെ​ത്തു​ന്നു. സ്‌ഫോ​ടക വസ്‌തു​വി​ന്റെ അവശി​ഷ്ടങ്ങൾ അവിടെ ചിതറി​ക്കി​ട​പ്പുണ്ട്‌. അതീവ ശ്രദ്ധ​യോ​ടെ നിർവ​ഹി​ക്കേണ്ട ഒരു ദൗത്യ​മാണ്‌ അവരു​ടേത്‌, പരി​ശോ​ധ​ന​യ്‌ക്കാ​യി കൊണ്ടു​വ​ന്നി​രി​ക്കുന്ന കൊച്ചു​കൊച്ച്‌ ഉപകര​ണങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തും ഭാരമുള്ള വസ്‌തു​ക്കൾ നീക്കം ചെയ്യു​ന്ന​തു​മൊ​ക്കെ അതിൽ പെടുന്നു.

പെട്ടെന്ന്‌ അവരുടെ മാസ്‌ക്കു​കൾ ആവി​കൊണ്ട്‌ നിറയു​ന്നു. വിദഗ്‌ധ പരിശീ​ലനം സിദ്ധിച്ച ഒരാൾക്കു പോലും ഈ വേല ആയാസ​ക​ര​മാണ്‌. പത്തു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആ അവശിഷ്ടം എന്താ​ണെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. “അത്‌ അന്ത്രാ​ക്‌സ്‌ തന്നെ,” കൂടെ​യുള്ള രാസപ​രി​ശോ​ധനാ വിദഗ്‌ധൻ പറയുന്നു.

ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ മുഖച്ഛായ മാറുന്നു

നിങ്ങൾക്കു തോന്നി​യി​രി​ക്കാ​വു​ന്ന​തു​പോ​ലെ അത്ര അപകടം പിടിച്ച ഒന്ന്‌ അല്ലായി​രു​ന്നു മേൽ വിവരിച്ച സംഭവം. ന്യൂ​യോർക്കി​ന്റെ വടക്കൻ ഭാഗത്ത്‌ എവി​ടെ​യെ​ങ്കി​ലും വാതക ആക്രമണം ഉണ്ടാകു​ന്നെ​ങ്കിൽ കൈ​ക്കൊ​ള്ളേണ്ട നടപടി​ക​ളിൽ പരിശീ​ലനം നേടു​ക​യാ​യി​രു​ന്നു ആ സംഘം. വൻ നശീകരണ ആയുധങ്ങൾ ഉപയോ​ഗി​ച്ചുള്ള കൂട്ട​ക്കൊ​ലകൾ നടക്കു​മ്പോൾ സംസ്ഥാന, പ്രാ​ദേ​ശിക അധികൃ​തർക്ക്‌ വേണ്ട സഹായം നൽകാ​നാ​യി അടുത്ത കാലത്ത്‌ പ്രത്യേക സംഘങ്ങൾ രൂപീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അവയിൽ ഒന്നായി​രു​ന്നു ആ സംഘം. ആക്രമ​ണ​ത്തിന്‌ ഉപയോ​ഗിച്ച അണുക്കൾ, രാസവ​സ്‌തു​ക്കൾ, റേഡി​യോ ആക്‌ടീ​വ​ത​യുള്ള പദാർഥങ്ങൾ എന്നിവ പരി​ശോ​ധിച്ച്‌, പുതിയ തരത്തി​ലുള്ള ഇത്തരം ഭീകര​പ്ര​വർത്ത​ന​ങ്ങ​ളു​ടെ വ്യാപ്‌തി​യും തീവ്ര​ത​യും വിലയി​രു​ത്താൻ ഈ സംഘങ്ങളെ നിയോ​ഗി​ക്കു​ന്നു.

ഭീകര​പ്ര​വർത്ത​നം ഉയർത്തി​യി​രി​ക്കുന്ന ഭീഷണി​ക​ളോ​ടും വെല്ലു​വി​ളി​ക​ളോ​ടു​മുള്ള പ്രതി​ക​ര​ണ​മാ​യി ലോക​മെ​മ്പാ​ടും രൂപം കൊടു​ത്തി​ട്ടുള്ള സംഘങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ ഇത്‌. a സ്വതന്ത്ര സംഘങ്ങ​ളോ ഒറ്റപ്പെട്ട തീവ്ര​വാ​ദി​ക​ളോ നടത്തുന്ന ഭീകര പ്രവർത്ത​നങ്ങൾ വർധി​ക്കു​ക​യാ​ണെന്ന്‌ സമീപ​കാല സംഭവങ്ങൾ സൂചി​പ്പി​ക്കു​ന്നു. പല ഭീകര​പ്ര​വർത്ത​ക​രും ഇപ്പോ​ഴും ലക്ഷ്യമി​ടു​ന്നത്‌ സൈനിക ആസ്ഥാന​ങ്ങ​ളും നയതന്ത്ര കാര്യാ​ല​യ​ങ്ങ​ളു​മൊ​ക്കെ​യാ​ണെ​ങ്കി​ലും ഗതാഗത സംവി​ധാ​നങ്ങൾ, സ്‌പോർട്‌സ്‌ പരിപാ​ടി​കൾ നടക്കുന്ന സ്ഥലങ്ങൾ, തിര​ക്കേ​റിയ നഗര​പ്ര​ദേ​ശങ്ങൾ, ഹോട്ട​ലു​കൾ, ടൂറിസ്റ്റ്‌ സ്ഥലങ്ങൾ എന്നിങ്ങനെ വലിയ സുരക്ഷാ​സ​ന്നാ​ഹ​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഇടങ്ങളും ഭീകര​രു​ടെ ആക്രമ​ണ​ത്തി​നു വിധേ​യ​മാ​കാ​റുണ്ട്‌.

ഭീകര​പ്ര​വർത്ത​ന​ങ്ങ​ളി​ലുള്ള ഒരു മാറ്റത്തെ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ അമേരി​ക്ക​യി​ലെ ഹൗസ്‌ ഇന്റലി​ജൻസ്‌ കമ്മിറ്റി​യു​ടെ ചെയർമാ​നായ പോർട്ടർ ഗോസ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “എല്ലാ ഭീകര പ്രവർത്ത​ന​ങ്ങൾക്കും പിന്നിൽ ഗവൺമെന്റ്‌ ആണെന്ന നമ്മുടെ പഴഞ്ചൻ ചിന്ത മാറ്റാ​റാ​യി​രി​ക്കു​ന്നു. ഏതെങ്കി​ലും മൗലിക താത്‌പ​ര്യ​ങ്ങൾ സ്ഥാപിച്ചു കിട്ടാൻ ഉദ്ദേശി​ച്ചുള്ള ഭീകര​പ്ര​വർത്ത​നങ്ങൾ വർധി​ച്ചു​വ​രുന്ന അവസ്ഥയാണ്‌ നമ്മുടെ കണ്മുമ്പിൽ ഉള്ളത്‌.”

തടയാ​നോ ചെറു​ത്തു​നിൽക്കാ​നോ പ്രയാ​സ​മുള്ള പ്രവർത്ത​ന​ങ്ങ​ളും തന്ത്രങ്ങ​ളും ഭീകര​പ്ര​വർത്ത​ക​രു​ടെ ഈ പുതിയ ആക്രമ​ണ​രീ​തി​യിൽ ഉൾപ്പെ​ടു​ന്നു. പുത്തൻ സാങ്കേ​തിക വിദ്യകൾ ഉപയോ​ഗ​പ്പെ​ടു​ത്താ​നും ആവശ്യ​മായ പണം സ്വരൂ​പി​ക്കാ​നും കൂടുതൽ കൂടുതൽ ഭീകര​പ്ര​വർത്ത​കർക്കു കഴിയു​ന്നു. യുഎസ്‌എ ടുഡേ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഭീകര​പ്ര​വർത്തകർ പുതിയ കമ്പ്യൂട്ടർ സാങ്കേ​തിക വിദ്യ​ക​ളും ആശയവി​നി​മയ സംവി​ധാ​ന​ങ്ങ​ളും ഉപയോ​ഗ​പ്പെ​ടു​ത്തു​ക​യും സംഘടിത കുറ്റകൃ​ത്യ​ത്തിൽ ഏർപ്പെ​ടു​ന്ന​വ​രു​മാ​യി ബന്ധം പുലർത്തു​ക​യും ചെയ്യു​ന്ന​തി​നാൽ ഭീകര പ്രവർത്ത​ന​ങ്ങളെ ചെറു​ത്തു​നിൽക്കു​ന്നത്‌ കൂടുതൽ ദുഷ്‌ക​ര​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.” ഈ പുതിയ മാറ്റത്തിൽ പുതിയ ലക്ഷ്യങ്ങ​ളും ഉൾപ്പെ​ടു​ന്നു. അതിന്റെ ഫലമായി, റിപ്പോർട്ടർമാർക്കും വിശകലന വിദഗ്‌ധർക്കും “സൈബർ ഭീകര​പ്ര​വർത്തനം,” “ജൈവ ഭീകര​പ്ര​വർത്തനം,” “ആവാസ ഭീകര​പ്ര​വർത്തനം” എന്നിങ്ങ​നെ​യുള്ള പദപ്ര​യോ​ഗങ്ങൾ ഉണ്ടാ​ക്കേണ്ടി വന്നിരി​ക്കു​ന്നു.

ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ ഈ പുതിയ മുഖം എത്ര ഭീഷക​മാണ്‌? നിങ്ങളു​ടെ വ്യക്തി​പ​ര​മായ സുരക്ഷി​ത​ത്വം അപകട​ത്തി​ലാ​ണോ? അന്താരാ​ഷ്‌ട്ര ഭീകര​പ്ര​വർത്തനം എന്ന പ്രശ്‌ന​ത്തിന്‌ എന്തെങ്കി​ലും പരിഹാ​ര​മു​ണ്ടോ? പിൻവ​രുന്ന ലേഖനങ്ങൾ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നൽകുന്നു. (g01 5/22)

[അടിക്കു​റിപ്പ്‌]

a ഭീകരപ്രവർത്തനം എന്താണ്‌ എന്നതു സംബന്ധിച്ച്‌ ഭിന്നങ്ങ​ളായ അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, ആഭ്യന്തര യുദ്ധത്താൽ ശിഥി​ല​മായ രാജ്യ​ങ്ങ​ളിൽ ഒരു വിഭാ​ഗ​ക്കാർ മറ്റൊരു വിഭാ​ഗ​ത്തി​നെ​തി​രെ നടത്തുന്ന ആക്രമ​ണ​ങ്ങളെ യുദ്ധത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന നിയമ​പ​ര​മായ സംഗതി​ക​ളാ​യോ ഭീകര​പ്ര​വർത്ത​ന​മാ​യോ വീക്ഷി​ച്ചേ​ക്കാം, ഏതു വിഭാ​ഗ​ത്തോ​ടാണ്‌ അതു ചോദി​ക്കു​ന്നത്‌ എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു ഉത്തരം. ബലപ്ര​യോ​ഗ​ത്തി​ലൂ​ടെ ലക്ഷ്യം നേടാ​നുള്ള ഒരു മാർഗ​മെന്ന നിലയിൽ അക്രമത്തെ അവലം​ബി​ക്കു​ന്ന​തി​നെ​യാണ്‌ ഈ ലേഖന​പ​ര​മ്പ​ര​യിൽ “ഭീകര​പ്ര​വർത്തനം” എന്ന പദം​കൊണ്ട്‌ വിവക്ഷി​ക്കു​ന്നത്‌.

[4, 5 പേജു​ക​ളി​ലെ ചതുരം/മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഭീകര​പ്ര​വർത്ത​ന​ങ്ങ​ളു​ടെ ഒരു ദശകം

1. ബ്വേന​സാ​റിസ്‌, അർജന്റീന

മാർച്ച്‌ 17, 1992

കാർബോംബ്‌ പൊട്ടി ഇസ്രാ​യേലി എംബസി തകരുന്നു. മരിച്ചവർ: 29. പരിക്കേറ്റവർ: 242

2. അൾജി​യേ​ഴ്‌സ്‌, അൾജീ​റി​യ

ആഗസ്റ്റ്‌ 26, 1992

അന്താരാഷ്‌ട്ര വിമാ​ന​ത്താ​വ​ള​ത്തിൽ ബോംബ്‌ സ്‌ഫോ​ടനം. മരിച്ചവർ: 12. പരി​ക്കേ​റ്റവർ: ചുരു​ങ്ങി​യ​പക്ഷം 128

3. ന്യൂ​യോർക്ക്‌ നഗരം, ഐക്യ​നാ​ടു​കൾ

ഫെബ്രുവരി 26, 1993

വേൾഡ്‌ ട്രേഡ്‌ സെന്ററി​നു താഴെ മതതീ​വ്ര​വാ​ദി​ക​ളു​ടെ കനത്ത ബോം​ബാ​ക്ര​മണം. മരിച്ചവർ: 6. പരി​ക്കേ​റ്റവർ: ഏകദേശം 1,000

4. മാറ്റ്‌സ​മോ​ട്ടോ, ജപ്പാൻ

ജൂൺ 27, 1994

ഓം ഷിൻറി​ക്യോ വിഭാ​ഗ​ക്കാർ ഒരു പാർപ്പിട മേഖല​യിൽ സാറിൻ ഗ്യാസ്‌ പ്രയോ​ഗി​ക്കു​ന്നു. മരിച്ചവർ: 7. പരി​ക്കേ​റ്റവർ: 270

5. ടോക്കി​യോ, ജപ്പാൻ

മാർച്ച്‌ 20, 1995

ഓം ഷിൻറി​ക്യോ വിഭാ​ഗ​ക്കാർ ടോക്കി​യോ​യി​ലെ ഭൂഗർഭ തീവണ്ടി​ക​ളിൽ സാറിൻ ഗ്യാസ്‌ പ്രയോ​ഗി​ക്കു​ന്നു. മരിച്ചവർ: 12. പരിക്കേറ്റവർ: 5,000-ത്തിൽ അധികം

6. ഓക്‌ല​ഹോമ നഗരം, ഐക്യ​നാ​ടു​കൾ

ഏപ്രിൽ 19, 1995

ഒരു ഗവൺമെന്റ്‌ കെട്ടി​ട​ത്തിന്‌ അടുത്താ​യി ട്രക്ക്‌ബോംബ്‌ സ്‌ഫോ​ടനം. വലതുപക്ഷ തീവ്ര​വാ​ദി​കൾ ഉത്തരവാ​ദി​ക​ളെന്ന്‌ ആരോ​പണം. മരിച്ചവർ: 168. പരി​ക്കേ​റ്റവർ: 500-ലധികം

7. കൊളം​ബോ, ശ്രീലങ്ക

ജനുവരി 31, 1996

വംശീയ ഭീകര​പ്ര​വർത്തകർ സ്‌ഫോ​ടക വസ്‌തു​ക്കൾ നിറച്ച ട്രക്ക്‌ ഒരു ബാങ്കി​ലേക്ക്‌ ഓടി​ച്ചു​ക​യ​റ്റു​ന്നു. മരിച്ചവർ: 90. പരിക്കേറ്റവർ: 1,400-ൽ അധികം

8. ലണ്ടൻ, ഇംഗ്ലണ്ട്‌

ഫെബ്രുവരി 9, 1996

ഐറിഷ്‌ ഭീകര​വാ​ദി​കൾ ഒരു പാർക്കിങ്‌ ഗരാജിൽ ബോംബ്‌ സ്‌ഫോ​ടനം നടത്തുന്നു. മരിച്ചവർ: 2. പരി​ക്കേ​റ്റവർ: 100-ൽ അധികം

9. ജെറൂ​സ​ലേം, ഇസ്രാ​യേൽ

ഫെബ്രുവരി 25, 1996

ഒരു ബസ്സിൽ മനുഷ്യ​ബോംബ്‌ സ്‌ഫോ​ടനം. അതിനു പിന്നിൽ മതതീ​വ്ര​വാ​ദി​കൾ ആണെന്നു സംശയി​ക്കു​ന്നു. മരിച്ചവർ: 26. പരിക്കേറ്റവർ: ഏകദേശം 80 പേർ

10. ഡഹ്‌റാൻ, സൗദി അറേബ്യ

ജൂൺ 25, 1996

ബോംബുമായി വന്ന ഒരു ട്രക്ക്‌ യു.എസ്‌. സൈനിക പാർപ്പിട സമുച്ച​യ​ത്തി​നു വെളി​യി​ലാ​യി പൊട്ടി​ത്തെ​റി​ക്കു​ന്നു. മരിച്ചവർ: 19. പരി​ക്കേ​റ്റവർ: 515

11. പനോം പെൻ, കംബോ​ഡി​യ

മാർച്ച്‌ 30, 1997

ഒരു ജാഥയു​ടെ ഇടയി​ലേക്ക്‌ ആക്രമ​ണ​കാ​രി​കൾ ഗ്രനേ​ഡു​കൾ എറിയു​ന്നു. മരിച്ചവർ: ഏതാണ്ട്‌ 16. പരിക്കേറ്റവർ: 100-ലധികം

12. കോയ​മ്പ​ത്തൂർ, ഇന്ത്യ

ഫെബ്രുവരി 14, 1998

മതഭീകരരുടെ ബോം​ബാ​ക്ര​മ​ണ​ങ്ങ​ളു​ടെ ഒരു പരമ്പര. മരിച്ചവർ: 43. പരിക്കേറ്റവർ: 200

13. നയ്‌റോ​ബി, കെനിയ; ഡാർ എസ്‌ സലാം, ടാൻസാ​നി​യ

ആഗസ്റ്റ്‌ 7, 1998

യു.എസ്‌. എംബസി​കൾക്കു ബോംബ്‌ വെക്കുന്നു. മരിച്ചവർ: 250. പരിക്കേറ്റവർ: 5,500-ലധികം

14. കൊളം​ബി​യ

ഒക്‌ടോബർ 18, നവംബർ 3, 1998

ബോംബാക്രമണവും മിസൈൽ ആക്രമ​ണ​വും. ആദ്യ​ത്തേ​തി​ന്റെ ലക്ഷ്യം ഒരു എണ്ണ പൈപ്പ്‌ ലൈൻ. മരിച്ചവർ: 209. പരി​ക്കേ​റ്റവർ: 130-ലധികം

15. മോസ്‌കോ, റഷ്യ

സെപ്‌റ്റംബർ 9, 13, 1999

രണ്ട്‌ വൻ സ്‌ഫോ​ട​നങ്ങൾ രണ്ടു പാർപ്പിട കെട്ടി​ടങ്ങൾ നശിപ്പി​ക്കു​ന്നു. മരിച്ചവർ: 212. പരിക്കേറ്റവർ: 300-ലധികം

[കടപ്പാട്‌]

ഉറവിടം: ഇന്റർഡി​സി​പ്ലി​നറി സെന്റർ, ഹെർസ​ലിയ, ഇസ്രാ​യേൽ

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[6-ാം പേജിലെ ചതുരം/ചിത്രം]

സൈബർ ആക്രമ​ണ​ങ്ങൾ

1999 മാർച്ച്‌: പെന്റഗ​ണി​ന്റെ കമ്പ്യൂ​ട്ട​റു​കൾ “ഏകീകൃ​ത​വും സംഘടി​ത​വു​മായ” ആക്രമ​ണ​ത്തി​നു വിധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന്‌ റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. ദിവസ​വും അവയുടെ നേരെ 60 മുതൽ 80 വരെ ആക്രമ​ണങ്ങൾ നടക്കു​ന്ന​താ​യി അമേരി​ക്ക​യു​ടെ പ്രതി​രോധ വകുപ്പി​ന്റെ കമ്പ്യൂട്ടർ സംവി​ധാ​നങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌.

1999-ന്റെ മ​ധ്യം: മൂ​ന്നു മാ​സ​ത്തി​നു​ള്ളിൽ ഗ​വൺമെന്റ്‌-വിരുദ്ധ കമ്പ്യൂട്ടർ അക്രമി​കൾ യു.എസ്‌. സെനറ്റി​ന്റെ​യും ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെ​സ്റ്റി​ഗേ​ഷ​ന്റെ​യും യു.എസ്‌. സൈന്യ​ത്തി​ന്റെ​യും വൈറ്റ്‌ ഹൗസി​ന്റെ​യും പല ഗവൺമെന്റ്‌ ഡിപ്പാർട്ട്‌മെ​ന്റു​ക​ളു​ടെ​യും വെബ്‌ പേജു​ക​ളിൽ അനധി​കൃ​ത​മാ​യി പ്രവേ​ശി​ക്കു​ക​യു​ണ്ടാ​യി.

2000 ജനുവരി: ഹാനി​ക​ര​മായ കമ്പ്യൂട്ടർ വൈറ​സു​ക​ളു​ടെ രൂപത്തി​ലുള്ള “സാമ്പത്തിക ഭീകര​വാദ”ത്തോടു പൊരു​താൻ കഴിഞ്ഞ വർഷം ബിസി​നസ്‌ സ്ഥാപനങ്ങൾ 1,210 കോടി ഡോളർ മുടക്കു​ക​യു​ണ്ടാ​യി.

2000 ആഗസ്റ്റ്‌: ഒരു കമ്പ്യൂട്ടർ അക്രമി ബ്രിട്ട​നി​ലെ ഗവൺമെന്റ്‌ ഏജൻസി​യു​ടെ​യും പ്രാ​ദേ​ശിക അധികാ​രി​ക​ളു​ടെ​യും വെബ്‌ സൈറ്റു​ക​ളിൽ കടന്നു​കൂ​ടി.