വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഴകുള്ള ശലഭം

അഴകുള്ള ശലഭം

അഴകുള്ള ശലഭം

പ്രസന്ന​മായ സായാഹ്നം. ആഡംബ​ര​പൂർണ​മായ ആ റെസ്റ്ററ​ന്റി​ലേക്ക്‌ എങ്ങുനി​ന്നോ ഒരു ശലഭം (Moth) പറന്നെത്തി. അത്‌ നേരെ അവിടെ ആഹാരം കഴിച്ചു​കൊ​ണ്ടി​രുന്ന ഒരു സ്‌ത്രീ​യു​ടെ അടു​ത്തെത്തി ചുറ്റും തത്തിക്ക​ളി​ക്കാൻ തുടങ്ങി. അവരാ​കട്ടെ രോഗം പരത്തുന്ന ഒരു കൊതു​കി​നെ കണ്ടാ​ലെ​ന്ന​പോ​ലെ സംഭ്രാ​ന്തി​യോ​ടെ അതിനെ ആട്ടി​യോ​ടി​ക്കാൻ ശ്രമിച്ചു. ഉടനെ ആ ശലഭം മറ്റൊരു മേശയു​ടെ അരികി​ലേക്കു പറന്നു​ചെന്ന്‌ ഒരാളു​ടെ കോട്ടി​ന്റെ മുൻവ​ശത്തെ മടക്കിൽ സ്ഥാനം​പി​ടി​ച്ചു. എന്നാൽ അദ്ദേഹ​ത്തി​ന്റെ​യും ഭാര്യ​യു​ടെ​യും പ്രതി​ക​രണം തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. നിരു​പ​ദ്ര​വ​കാ​രി​യായ ആ മൃദുല ജീവി​യു​ടെ ഭംഗി ആസ്വദി​ച്ചു​കൊണ്ട്‌ അവർ അതിനെ കൗതു​ക​ത്തോ​ടെ വീക്ഷിച്ചു.

“ശലഭ​ത്തെ​പ്പോ​ലെ ഇത്ര നിരു​പ​ദ്ര​വ​കാ​രി​ക​ളായ ജീവികൾ വേറെ ഇല്ലെന്നു​തന്നെ പറയാം,” കണെറ്റി​ക്കട്ട്‌ ബട്ടർഫ്‌ളൈ അസോ​സി​യേ​ഷന്റെ സഹസ്ഥാ​പ​ക​നായ ജോൺ ഹിമൽമാൻ വിവരി​ക്കു​ന്നു. “കടിക്കാൻ ഉതകുന്ന ഭാഗങ്ങ​ളൊ​ന്നും അവയുടെ വായിൽ ഇല്ല. സുപരി​ചി​ത​നായ ലൂണ മോത്ത്‌ പോലുള്ള, വളർച്ച​യെ​ത്തിയ ശലഭങ്ങൾക്ക്‌ ആഹാരമേ വേണ്ട. അവ പേയ്‌ പോലുള്ള രോഗങ്ങൾ പരത്തു​ന്നില്ല, അവ നിങ്ങളെ കുത്തു​ക​യും ചെയ്യില്ല . . . പൂമ്പാ​റ്റകൾ പകൽനേ​രത്തു പറന്നു​ന​ട​ക്കുന്ന ശലഭങ്ങ​ളാ​ണെന്ന കാര്യം മിക്ക ആളുക​ളും തിരി​ച്ച​റി​യു​ന്നില്ല എന്നതാണു വാസ്‌തവം.”

പൂമ്പാ​റ്റ​യെ എല്ലാവർക്കും ഇഷ്ടമാണ്‌, എന്നാൽ ശലഭങ്ങ​ളു​ടെ മനോ​ഹാ​രി​ത​യും വൈവി​ധ്യ​വും ആസ്വദി​ക്കാൻ അധിക​മാ​രും മിന​ക്കെ​ടാ​റി​ല്ലെന്നു തോന്നു​ന്നു. ‘മനോ​ഹാ​രി​ത​യോ?’ നിങ്ങൾ നെറ്റി​ചു​ളി​ച്ചേ​ക്കാം. അഴകേ​റിയ പൂമ്പാ​റ്റ​യു​ടെ ഭംഗി​കു​റഞ്ഞ ബന്ധുവാണ്‌ ശലഭങ്ങൾ എന്ന്‌ ചിലർ കരുതു​ന്നു. എന്നാൽ ശാസ്‌ത്രീ​യ​മാ​യി രണ്ടി​നെ​യും, “ശൽക്ക ചിറകു​കൾ” എന്നർഥ​മുള്ള ലെപി​ഡോ​പ്‌റ്റെറ എന്ന കുടും​ബ​ത്തി​ലാ​ണു പെടു​ത്തി​യി​രി​ക്കു​ന്നത്‌. ഈ മനോഹര ജീവി​ക​ളു​ടെ ഇടയിലെ വൈവി​ധ്യം നമ്മെ വിസ്‌മയം കൊള്ളി​ക്കും. ലെപി​ഡോ​പ്‌റ്റെറ കുടും​ബ​ത്തിൽ അറിയ​പ്പെ​ടുന്ന 1,50,000 മുതൽ 2,00,000 വരെ ഇനങ്ങൾ ഉള്ളതായി ദി എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ ഇൻസെ​ക്‌റ്റ്‌സ്‌ പറയുന്നു. എന്നാൽ ഇതിൽ പത്തു ശതമാനം മാത്രമേ പൂമ്പാ​റ്റകൾ ഉള്ളൂ, ബാക്കി​യെ​ല്ലാം ശലഭങ്ങൾ ആണത്രേ!

തുണികൾ നശിപ്പി​ക്കുന്ന ശലഭങ്ങളെ അകറ്റി​നി​റു​ത്താൻ ശൈത്യ​കാല വസ്‌ത്ര​ങ്ങൾക്കി​ട​യിൽ പാറ്റാ​ഗു​ളി​കകൾ വെക്കു​മ്പോൾ മാത്ര​മാണ്‌ മറ്റു പലരെ​യും​പോ​ലെ ഞാനും ശലഭങ്ങളെ കുറിച്ച്‌ ഓർത്തി​രു​ന്നത്‌. വളർച്ച​യെ​ത്തിയ ശലഭങ്ങൾ തുണി തിന്നാ​റേ​യി​ല്ലെ​ന്നും ശലഭപ്പു​ഴു​ക്ക​ളാ​യി​രി​ക്കു​മ്പോൾ മാത്ര​മാണ്‌ അവ അതു ചെയ്യു​ന്ന​തെ​ന്നു​മുള്ള കാര്യം എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. a

ശലഭങ്ങളെ കുറി​ച്ചുള്ള എന്റെ തെറ്റി​ദ്ധാ​രണ മാറി​യത്‌ എങ്ങനെ​യെ​ന്ന​റി​യേണ്ടേ? കുറച്ചു നാൾ മുമ്പ്‌ ഞാനും ഭർത്താ​വും ഞങ്ങളുടെ സുഹൃ​ത്തു​ക്ക​ളായ ബോബി​നെ​യും റോണ്ട​യെ​യും സന്ദർശി​ക്കാൻ പോയി. ബോബിന്‌ ശലഭങ്ങളെ കുറിച്ച്‌ വളരെ കാര്യങ്ങൾ അറിയാ​മാ​യി​രു​ന്നു. അദ്ദേഹം എനിക്ക്‌ ഒരു ചെറിയ പെട്ടി കാണി​ച്ചു​തന്നു. അതിന​ക​ത്തു​ള്ളത്‌ മനോ​ഹ​ര​മായ ഒരു പൂമ്പാ​റ്റ​യാ​ണെ​ന്നാണ്‌ ഞാൻ ആദ്യം വിചാ​രി​ച്ചത്‌. എന്നാൽ അത്‌ ഒരു സി​ക്രോ​പ്യ അഥവാ റോബിൻ മോത്ത്‌ ആണെന്ന്‌ അദ്ദേഹം പറഞ്ഞു. വടക്കേ അമേരി​ക്ക​യി​ലെ ഏറ്റവും വലിയ ശലഭങ്ങ​ളിൽ ഒന്നാണ​ത്രേ അത്‌. അതിന്‌ 15 സെന്റി​മീ​റ്റർ വരെ ചിറകു​വി​രിവ്‌ കണ്ടേക്കാം. ഒരു വർഷമാണ്‌ അതിന്റെ ജീവച​ക്രം. വളർച്ച​യെ​ത്തിയ ശലഭം എന്ന നിലയിൽ അതിന്റെ ആയുസ്സ്‌ വെറും 7 മുതൽ 14 വരെ ദിവസ​ങ്ങ​ളാ​ണെന്നു മനസ്സി​ലാ​ക്കിയ ഞാൻ ആകെ അത്ഭുത​പ്പെ​ട്ടു​പോ​യി! ഹൃദയ​ഹാ​രി​യായ സി​ക്രോ​പ്യ​യെ അടുത്തു നിരീ​ക്ഷി​ച്ച​പ്പോൾ ശലഭങ്ങളെ കുറി​ച്ചുള്ള എന്റെ ധാരണ അപ്പാടെ മാറി.

പെട്ടി​യു​ടെ അടിയി​ലെ ഏതാനും ചെറിയ പൊട്ടു​കൾ ചൂണ്ടി​ക്കാ​ട്ടി ബോബ്‌ വിവരി​ച്ചു: “അവ മുട്ടക​ളാണ്‌. അവയെ വളർത്തി ശലഭങ്ങ​ളാ​ക്കാ​മെ​ന്നാണ്‌ എന്റെ പ്രതീക്ഷ.” ശലഭത്തെ വളർത്തു​ക​യോ? ആ ആശയം എനിക്കു വളരെ കൗതു​ക​ക​ര​മാ​യി തോന്നി. എന്നാൽ അത്‌ വിചാ​രി​ക്കു​ന്നത്ര എളുപ്പ​മുള്ള പണി​യൊ​ന്നു​മ​ല്ല​ത്രേ. അവ വിരി​യി​ക്കാൻ രണ്ടാഴ്‌ച​ക്കാ​ലം ബോബ്‌ പഠിച്ച പണി​യൊ​ക്കെ നോക്കി. പിന്നീട്‌, ആ മുട്ടകൾ വെച്ചി​രുന്ന പെട്ടി​യിൽ അദ്ദേഹം വെള്ളം തളിച്ചു. അങ്ങനെ ചെയ്‌ത്‌ ഒരാഴ്‌ച​യ്‌ക്കു​ള്ളിൽ, ഒറ്റ ദിവസം​കൊണ്ട്‌ 29 മുട്ടക​ളിൽ 26-ഉം വിരിഞ്ഞു. കൊതു​കി​നോ​ളം വലിപ്പ​മുള്ള, ലോല​മായ ആ ശലഭപ്പു​ഴു​ക്കൾ പുറ​ത്തേക്ക്‌ ഇഴഞ്ഞു​പോ​കാ​തി​രി​ക്കാൻ ബോബ്‌ അവയെ മിനു​സ​മുള്ള ഒരു കാസ​റോൾ പാത്ര​ത്തിൽ സൂക്ഷിച്ചു.

മുട്ടവി​രിഞ്ഞ്‌ പുറത്തു​വന്ന ശലഭപ്പു​ഴു​ക്കൾ ആദ്യം അകത്താ​ക്കി​യത്‌ അവയു​ടെ​തന്നെ മുട്ട​ത്തോ​ടു​കൾ ആയിരു​ന്നു. അതിനു​ശേഷം അവയ്‌ക്ക്‌ വേറെ തീറ്റ കൊടു​ക്കേ​ണ്ട​താ​യി വന്നു. അത്‌ ശരിക്കും ബുദ്ധി​മു​ട്ടു പിടിച്ച ഒരു പണിയാ​യി​രു​ന്നു. അൽപ്പം ഗവേഷ​ണ​മൊ​ക്കെ നടത്തി​യ​ശേഷം, ബോബ്‌ അവയ്‌ക്ക്‌ മേപ്പിൾ മരത്തിന്റെ ഇലകൾ തിന്നാൻ കൊടു​ത്തു. ശലഭപ്പു​ഴു​ക്കൾ ഇലകളു​ടെ പുറത്ത്‌ ഇഴഞ്ഞു​ന​ട​ന്നെ​ങ്കി​ലും അതു തിന്നില്ല. എന്നാൽ ചെറി​യു​ടെ​യും ബെർച്ചി​ന്റെ​യും ഇലകൾ കൊടു​ത്ത​പ്പോൾ അവ അതെല്ലാം അകത്താ​ക്കു​ക​യും ചെയ്‌തു.

ലാർവകൾ ശലഭപ്പു​ഴു​ക്ക​ളാ​യി വളർന്ന​പ്പോൾ ബോബ്‌ അവയെ ലോഹ​വ​ല​കൊണ്ട്‌ മൂടിയ ഒരു കൂട്ടി​ലേക്കു മാറ്റി. അതിനു​ള്ളിൽ ശലഭപ്പു​ഴു​ക്കൾക്കും ഇലകൾക്കും ആവശ്യ​മായ അളവിൽ നനവ്‌ പ്രദാനം ചെയ്‌തി​രു​ന്നു. ഇഴയാൻ പാകത്തി​നു വളർച്ച​യെ​ത്തി​ക്ക​ഴി​ഞ്ഞാൽ ശലഭപ്പു​ഴു​ക്കൾക്ക്‌ അങ്ങുമി​ങ്ങും നടക്കു​ന്നത്‌ ഒരു ഹരമാണ്‌. ഏതായാ​ലും കൂട്ടി​നു​ള്ളിൽ ആക്കിയി​രു​ന്ന​തി​നാൽ അവ പുറ​ത്തേക്ക്‌ ഇഴഞ്ഞു​പോ​യില്ല.

വിശന്നു​വ​ലഞ്ഞ 26 ശലഭപ്പു​ഴു​ക്കൾക്കു തീറ്റി കൊടു​ക്കു​ന്നത്‌ പ്രതീ​ക്ഷി​ച്ച​തി​ലും പ്രയാ​സ​മേ​റിയ ജോലി​യാ​യി​രു​ന്നു. കൂട്ടി​നു​ള്ളിൽ നിറയെ ഇലകൾ നിറച്ചാ​ലും ശലഭപ്പു​ഴു​ക്കൾ അതു രണ്ടു ദിവസം​കൊണ്ട്‌ തിന്നു​തീർത്തി​രു​ന്നു. ഈ ഘട്ടത്തിൽ, വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ആ ശലഭപ്പു​ഴു​ക്കളെ നിരീ​ക്ഷി​ക്കാ​നും തീറ്റി കൊടു​ക്കാ​നു​മാ​യി ബോബ്‌ തന്റെ ഇളയ സഹോ​ദ​രി​യു​ടെ​യും സുഹൃ​ത്തു​ക്ക​ളായ ഒരാൺകു​ട്ടി​യു​ടെ​യും പെൺകു​ട്ടി​യു​ടെ​യും സഹായം തേടി.

ഇത്രയ​ധി​കം ആഹാരം അകത്താ​ക്കു​ന്നത്‌ ശലഭപ്പു​ഴു​ക്കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രധാ​ന​മാണ്‌. ലാർവാ അവസ്ഥയിൽനി​ന്നു വളരാ​നും പൂർണ വളർച്ച​യെ​ത്തിയ ശേഷമുള്ള പോഷ​ണ​ത്തി​നും ഇത്‌ സഹായി​ക്കും. വളർച്ച​യെ​ത്തിയ സി​ക്രോ​പ്യ ശലഭത്തി​ന്റെ വായ്‌ക്ക്‌ കടിക്കാ​നോ ചവയ്‌ക്കാ​നോ ഉതകുന്ന ഭാഗങ്ങ​ളൊ​ന്നും ഇല്ല, വാസ്‌ത​വ​ത്തിൽ അവ യാതൊ​രു ഭക്ഷണവും കഴിക്കു​ന്നില്ല! ശലഭമാ​യി പൂർണ വളർച്ച എത്തിയ ശേഷമുള്ള ഹ്രസ്വ​മായ ആ ആയുഷ്‌കാ​ല​ത്തിൽ പോഷ​ണ​ത്തി​നാ​യി അത്‌ പൂർണ​മാ​യും ആശ്രയി​ക്കു​ന്നത്‌ ലാർവാ അവസ്ഥയിൽ അകത്താ​ക്കിയ ആഹാര​ശേ​ഖ​ര​ത്തെ​യാണ്‌.

പുതിയ ചർമം അണിയു​ന്നു

ശലഭപ്പു​ഴു​ക്കൾ വളരവേ, അവ പല പ്രാവ​ശ്യം തങ്ങളുടെ ചർമം പൊഴി​ച്ചു​ക​ള​യും. ചർമം പൊഴി​ക്കു​ന്ന​തി​നി​ട​യി​ലെ ശലഭപ്പു​ഴു​വി​ന്റെ വളർച്ചാ​ദ​ശയെ ഇൻസ്റ്റാർ എന്നാണു വിളി​ക്കു​ന്നത്‌.

സി​ക്രോ​പ്യ ശലഭത്തി​ന്റെ ചർമം വളരു​ക​യില്ല. അതു​കൊണ്ട്‌ ശലഭപ്പു​ഴു​വി​ന്റെ വലുപ്പം വർധി​ക്കു​മ്പോൾ അതിന്റെ ചർമം വലിഞ്ഞു​മു​റു​കു​ന്നു, അപ്പോൾ അതു പൊഴി​ച്ചു​ക​ള​യേ​ണ്ട​തുണ്ട്‌. ഇത്‌ സംഭവി​ക്കുന്ന സമയം ബോബിന്‌ അറിയാ​മാ​യി​രു​ന്നു, കാരണം ആ സമയത്ത്‌ ശലഭപ്പു​ഴു​ക്കൾ ആഹാരം കഴിക്കു​ന്നതു നിറു​ത്തും. എന്നിട്ട്‌ പട്ടുനൂ​ലു​കൊണ്ട്‌ ഒരു പാഡ്‌ തീർത്ത​ശേഷം അവ അതിൽ പറ്റിപ്പി​ടി​ച്ചി​രി​ക്കും. പുതിയ ചർമം വളർന്നു​വ​രു​ന്ന​തു​വരെ ശലഭപ്പു​ഴു​ക്കൾ ദിവസ​ങ്ങ​ളോ​ളം അങ്ങനെ ഒരേയി​രു​പ്പാണ്‌. പുതിയ ചർമം കിട്ടി​ക്ക​ഴി​യു​മ്പോൾ അവ തങ്ങളുടെ പഴയ ചർമത്തിൽനിന്ന്‌ മെല്ലെ പുറത്തു​വ​രും. പഴയ ചർമം പട്ടുനൂൽ കൊണ്ടുള്ള ആ പാഡിൽ പറ്റിപ്പി​ടി​ച്ചി​രി​പ്പു​ണ്ടാ​യി​രി​ക്കും. അവസാ​നത്തെ ഇൻസ്റ്റാർ ഘട്ടത്തി​ലെ​ത്തിയ ശലഭപ്പു​ഴു​ക്ക​ളു​ടെ വലുപ്പം കണ്ട്‌ ഞാൻ അമ്പരന്നു​പോ​യി. അവയ്‌ക്ക്‌ ഏതാണ്ട്‌ അഞ്ച്‌ ഇഞ്ച്‌ നീളമു​ണ്ടാ​യി​രു​ന്നു, എന്റെ ചൂണ്ടു​വി​ര​ലി​നെ​ക്കാൾ വണ്ണവും.

പുഴു​ക്കൂട്‌ നെയ്‌തെ​ടു​ക്കൽ

അവസാ​നത്തെ ഇൻസ്റ്റാ​റി​നു ശേഷം ഓരോ ശലഭപ്പു​ഴു​വും ഒരു പുഴു​ക്കൂട്‌ നെയ്‌തെ​ടു​ക്കും. ഒരു ചെറിയ കമ്പിന്മേൽ പട്ടുനൂൽ ചുറ്റി​യാണ്‌ അവ ഈ കൂടുകൾ നെയ്യു​ന്നത്‌. സി​ക്രോ​പ്യ ശലഭങ്ങൾ രണ്ടു തരത്തി​ലുള്ള കൂടുകൾ നിർമി​ക്കാ​റുണ്ട്‌. അയഞ്ഞു​കി​ട​ക്കുന്ന, സഞ്ചി​പോ​ലെ തോന്നി​ക്കു​ന്ന​താണ്‌ ഒരെണ്ണം. നല്ല വലുപ്പ​മുള്ള ഈ കൂടു​ക​ളു​ടെ അടിവശം ഉരുണ്ടി​രി​ക്കും, മുകൾഭാ​ഗ​മാ​കട്ടെ വണ്ണം കുറഞ്ഞ്‌ കൂർത്തി​രി​ക്കും. രണ്ടാമ​ത്തേത്‌ ചെറു​താണ്‌. ദീർഘ​വൃ​ത്താ​കൃ​തി​യാണ്‌ അതിനു​ള്ളത്‌. അടിഭാ​ഗ​വും മുകൾഭാ​ഗ​വും ഒരു​പോ​ലെ കൂർത്ത​താണ്‌. രണ്ടെണ്ണ​ത്തി​ന്റെ​യും അകത്ത്‌ നൂലി​ഴകൾ അടുപ്പിച്ച്‌ നെയ്‌തെ​ടുത്ത മറ്റൊരു പുഴു​ക്കൂ​ടും ഉണ്ടായി​രി​ക്കും. സി​ക്രോ​പ്യ പുഴു​ക്കൂ​ടു​കൾക്ക്‌ സാധാ​ര​ണ​ഗ​തി​യിൽ തവിട്ടോ ചെമപ്പു കലർന്ന തവിട്ടോ നരച്ച പച്ചയോ അല്ലെങ്കിൽ ചാരനി​റ​മോ ആയിരി​ക്കും. മറ്റു വടക്കേ അമേരി​ക്കൻ ഇനങ്ങളെ അപേക്ഷിച്ച്‌ സി​ക്രോ​പ്യ​യു​ടെ പുഴു​ക്കൂ​ടു​കൾ നല്ല വലുപ്പ​മു​ള്ള​വ​യാണ്‌. അവയ്‌ക്ക്‌ നാല്‌ ഇഞ്ച്‌ നീളവും രണ്ട്‌ ഇഞ്ച്‌ വീതി​യും കണ്ടേക്കാം. വിസ്‌മയം ജനിപ്പി​ക്കുന്ന ഈ കൂടു​കൾക്ക്‌ അവയ്‌ക്കു​ള്ളി​ലെ നിവാ​സി​കളെ മൈനസ്‌ 34 ഡിഗ്രി സെൽഷ്യസ്‌ താഴ്‌ന്ന താപനി​ല​യിൽ പോലും സംരക്ഷി​ക്കാൻ സാധി​ക്കും.

ശലഭപ്പു​ഴു​ക്കൾ അവയുടെ പുഴു​ക്കൂ​ടു​കൾക്കു​ള്ളിൽ ആയാൽപ്പി​ന്നെ നാം ക്ഷമാപൂർവം കാത്തി​രി​ക്കു​കയേ വേണ്ടൂ. അടുത്ത വസന്തകാ​ലത്ത്‌, അതായത്‌ ബോബിന്‌ വളർച്ച​യെ​ത്തിയ ശലഭത്തെ ആദ്യമാ​യി ലഭിച്ച്‌ ഒരു വർഷത്തി​നു ശേഷം ആണ്‌ വളർച്ച​യെ​ത്തിയ ശലഭങ്ങൾ പുഴു​ക്കൂ​ട്ടിൽനിന്ന്‌ പുറത്തു​വ​രു​ന്നത്‌. പുഴു​ക്കൂ​ടു​കളെ വഹിക്കുന്ന കമ്പുകൾ നേരെ നിറു​ത്താ​നാ​യി ബോബ്‌ അവയെ ഒരു കഷണം പതുപ​തുത്ത പ്ലാസ്റ്റി​ക്കിൽ കുത്തി​നി​റു​ത്തി. താമസി​യാ​തെ, സി​ക്രോ​പ്യ​ക​ളിൽ ഒരെണ്ണം ഒഴികെ ബാക്കി​യെ​ല്ലാം പുഴു​ക്കൂ​ടു​ക​ളിൽനിന്ന്‌ പുറത്തു​വന്നു. അങ്ങനെ ബോബി​ന്റെ ക്ഷമയ്‌ക്കും കഠിനാ​ധ്വാ​ന​ത്തി​നും ഫലമു​ണ്ടാ​യി.

ശലഭങ്ങളെ വിലമ​തി​ക്കൽ

സി​ക്രോ​പ്യ​യു​ടെ ശ്രദ്ധേ​യ​മായ ജീവച​ക്രം കണ്ടു മനസ്സി​ലാ​ക്കി​യ​തിൽപ്പി​ന്നെ വിളക്കു​കൾക്കു ചുറ്റും തത്തിപ്പ​റ​ക്കു​ക​യോ എന്തി​ന്റെ​യെ​ങ്കി​ലും പുറത്തു വിശ്ര​മി​ക്കു​ക​യോ ചെയ്യുന്ന ശലഭങ്ങളെ കണ്ടാൽ ഞാൻ അവയെ കൂടുതൽ അടുത്തു ശ്രദ്ധി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. കൗതു​ക​മു​ണർത്തുന്ന ഈ ജീവി​കളെ കുറിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ന്ന​തി​നും ആ അനുഭവം എന്നെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ശലഭങ്ങ​ളും പൂമ്പാ​റ്റ​ക​ളും ഒന്നാന്തരം പറക്കൽ വിദഗ്‌ധ​രാ​ണെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. ചില ഇനങ്ങൾ വളരെ ദൂരം താണ്ടി​യാണ്‌ ദേശാ​ന്ത​ര​ഗ​മനം നടത്തു​ന്നത്‌. ഡയമണ്ട്‌ബാക്ക്‌ എന്ന കൊച്ചു ശലഭത്തി​ന്റെ ചിറകു​വി​രിവ്‌ ഏതാണ്ട്‌ ഒരു ഇഞ്ച്‌ മാത്ര​മാണ്‌. എന്നാൽ അത്‌ ഇടയ്‌ക്കി​ടെ ഉത്തരസ​മു​ദ്ര​ത്തി​നു മീതെ​കൂ​ടി യൂറോ​പ്പി​നും ബ്രിട്ട​നും മധ്യേ സഞ്ചരി​ക്കു​ന്നു. സ്‌ഫി​ങ്‌സ്‌ മോത്ത്‌ അഥവാ ഹോക്ക്‌ മോത്ത്‌ മൂളി​പ്പ​ക്ഷി​ക​ളെ​പ്പോ​ലെ പൂക്കൾക്കു മീതെ ചിറക​ടി​ച്ചു നിൽക്കാ​റുണ്ട്‌.

സി​ക്രോ​പ്യ​യു​ടെ ജീവച​ക്രം നേരിൽക്കണ്ട്‌ കുറച്ചു ദിവസ​ങ്ങൾക്കു ശേഷം അത്തരം ഒരെണ്ണം ഒരു വൈദ്യു​ത വിളക്കി​നു കീഴി​ലാ​യി കുറ്റി​ച്ചെ​ടി​യി​ന്മേൽ ഇരിക്കു​ന്നതു കാണാൻ ഇടയായി. ശലഭത്തി​ന്റെ ചിറകു​ക​ളി​ന്മേ​ലുള്ള ശൽക്കങ്ങൾ അത്യന്തം ലോല​മാ​യ​തി​നാൽ ശലഭത്തെ അതിന്റെ ചിറകു​ക​ളിൽ പിടിച്ച്‌ എടുക്ക​രു​തെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. നമ്മൾ ശലഭത്തി​ന്റെ മുമ്പിൽ കൈ നീട്ടി​പ്പി​ടി​ച്ചു കൊടു​ക്കു​ക​യാ​ണെ​ങ്കിൽ അതു വിരലി​ലേക്ക്‌ പതുക്കെ നടന്നു​ക​യ​റി​യേ​ക്കാം. ഞാൻ അതൊന്നു പരീക്ഷി​ച്ചു​നോ​ക്കി. അപ്പോ​ഴതാ ആ മനോ​ഹ​ര​ജീ​വി എന്റെ കൈയു​ടെ നടുവി​ര​ലിൽ വന്ന്‌ ഇരിപ്പു​റ​പ്പി​ച്ചു. ഒടുവിൽ അതു മരങ്ങളു​ടെ മുകളി​ലൂ​ടെ പറന്നു​പോ​കു​ക​യും ചെയ്‌തു. അപ്പോൾ അതിനു പൂമ്പാ​റ്റ​യു​മാ​യി എത്രയ​ധി​കം സാമ്യ​മാണ്‌ ഉള്ളത്‌ എന്നു ഞാൻ ചിന്തി​ച്ചു​പോ​യി. അടുത്ത പ്രാവ​ശ്യം ഒരു പൂമ്പാ​റ്റയെ കാണു​മ്പോൾ അതിനെ ഒന്നു സൂക്ഷിച്ചു നോക്കാൻ മറക്കരു​തേ. ഒരുപക്ഷേ അത്‌ നിരു​പ​ദ്ര​വ​കാ​രി​യായ, അഴകേ​റിയ ഒരു ശലഭം ആയിരി​ക്കാം.—സംഭാവന ചെയ്യപ്പെട്ടത്‌.(g01 6/8)

[അടിക്കു​റിപ്പ്‌]

a ചില ശലഭപ്പു​ഴു​ക്കൾ വിളക​ളും ഗണ്യമാ​യി നശിപ്പി​ക്കാ​റുണ്ട്‌.

[18, 19 പേജു​ക​ളി​ലെ ചിത്രങ്ങൾ]

1. റോബിൻ മോത്ത്‌ (സി​ക്രോ​പ്യ)

2. പോളി​ഫീ​മസ്‌ മോത്ത്‌

3. സൺസെറ്റ്‌ മോത്ത്‌

4. അറ്റ്‌ലസ്‌ മോത്ത്‌

[കടപ്പാട്‌]

Natural Selection© - Bill Welch

എ. കെർസ്റ്റിച്ച്‌

[20-ാം പേജിലെ ചിത്രങ്ങൾ]

സിക്രോപ്യ മോത്തി​ന്റെ ജീവച​ക്രം:

1. മുട്ട

2. ശലഭപ്പു​ഴു

3. വളർച്ച​യെ​ത്തിയ ശലഭം

[കടപ്പാട്‌]

Natural Selection© - Bill Welch