എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വ്യത്യസ്ത പാതകളോ?
ബൈബിളിന്റെ വീക്ഷണം
എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വ്യത്യസ്ത പാതകളോ?
“മുഴു പ്രപഞ്ചത്തിന്റെയും ദൈവം ഏതെങ്കിലും ഒരൊറ്റ മതത്തോടു ബന്ധപ്പെട്ടു മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നത് എനിക്ക് അവിശ്വസനീയമായി തോന്നുന്നു.” ഗ്രന്ഥകാരനായ മാർക്കസ് ബോർഗിന്റേതാണ് ആ വാക്കുകൾ. സമാധാനത്തിനായുള്ള നോബൽ സമ്മാനം നേടിയ ഡെസ്മൊണ്ട് ടൂട്ടു ഇപ്രകാരം പറഞ്ഞു: വിശ്വാസത്തിന്റെ “മർമം സംബന്ധിച്ച മുഴു സത്യവും ഉൾക്കൊള്ളുന്നതായി ഒരു മതത്തിനും അവകാശപ്പെടാൻ സാധിക്കുകയില്ല.” ഹിന്ദുക്കളുടെ ഇടയിൽ പൊതുവെയുള്ള ഒരു വീക്ഷണമാണ് ജോട്ടോ മോഥ്, ടോട്ടോ പോഥ് എന്നത്. അതിന്റെ അർഥം എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്ന വ്യത്യസ്ത പാതകളാണെന്നാണ്. ബുദ്ധമതക്കാരും ആ വിശ്വാസംതന്നെ വെച്ചുപുലർത്തുന്നു. അതേ, എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വ്യത്യസ്ത പാതകളാണെന്ന് കോടിക്കണക്കിന് ആളുകൾ വിശ്വസിക്കുന്നു.
ചരിത്രകാരനായ ജെഫ്രി പാരിൻഡർ ഇങ്ങനെ പറഞ്ഞു: “എല്ലാ മതങ്ങൾക്കും ഒരേ ലക്ഷ്യമാണ് ഉള്ളതെന്ന്, അവയെല്ലാം സത്യത്തിലേക്കു നയിക്കുന്ന വിവിധ പാതകൾ മാത്രമാണെന്ന്, അല്ലെങ്കിൽ എല്ലാ മതങ്ങളുടെയും പഠിപ്പിക്കലുകൾ ഒന്നുതന്നെയാണെന്ന് ചിലപ്പോൾ പറഞ്ഞുകേൾക്കാറുണ്ട്.” മിക്ക മതങ്ങളുടെയും പഠിപ്പിക്കലുകൾക്കും അനുഷ്ഠാനങ്ങൾക്കും ദൈവങ്ങൾക്കും സമാനതകളുണ്ട്. അവയെല്ലാംതന്നെ സ്നേഹത്തെ കുറിച്ചു സംസാരിക്കുന്നു, കൊല ചെയ്യുന്നതും മോഷ്ടിക്കുന്നതും നുണ പറയുന്നതും തെറ്റാണെന്നു പഠിപ്പിക്കുന്നു. മിക്ക മതവിഭാഗങ്ങളിലെയും ചിലരെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു. അതുകൊണ്ട്, ഒരുവൻ തന്റെ വിശ്വാസങ്ങൾ സംബന്ധിച്ച് ആത്മാർഥതയുള്ളവനാണെങ്കിൽ, നല്ല ഒരു ജീവിതം നയിക്കാൻ ശ്രമിക്കുന്നെങ്കിൽ, അയാൾ ഏതു മതസ്ഥനാണെന്നുള്ളതിനു പ്രസക്തിയുണ്ടോ? അതോ എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വ്യത്യസ്ത പാതകൾ മാത്രമാണോ?
ആത്മാർഥത മാത്രം മതിയോ?
പിൽക്കാലത്ത് പൗലൊസ് എന്ന പേരിൽ അറിയപ്പെട്ട ക്രിസ്തീയ അപ്പൊസ്തലനായിത്തീർന്ന ഒന്നാം നൂറ്റാണ്ടിലെ ശൗൽ എന്ന യഹൂദന്റെ കാര്യമെടുക്കുക. യഹൂദമതത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന, തീക്ഷ്ണതയുള്ള ഒരു വ്യക്തിയായിരുന്നു അവൻ. അതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ അനുയായികളുടെ ആരാധന തെറ്റാണെന്ന ധാരണയിൽ അത് ഉന്മൂലനം ചെയ്യാൻ അവൻ ശ്രമിക്കുകയും ചെയ്തു. (പ്രവൃത്തികൾ 8:1-3; 9:1, 2) എന്നാൽ, തന്നെപ്പോലെ വളരെ മതഭക്തരായ അനേകർക്കും ദൈവത്തോട് തീക്ഷ്ണതയുണ്ടായിരിക്കാമെങ്കിലും വസ്തുതകളെല്ലാം അറിവില്ലാത്തതിനാൽ അവരുടെ വിശ്വാസം തെറ്റായിരിക്കാം എന്ന് ശൗൽ ദൈവത്തിന്റെ കാരുണ്യത്താൽ തിരിച്ചറിയാനിടയായി. (റോമർ 10:2) ദൈവത്തിന്റെ ഹിതത്തെയും ഇടപെടലുകളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ ശൗൽ തന്റെ വിശ്വാസത്തിനു മാറ്റം വരുത്തുകയും താൻ പീഡിപ്പിച്ചിരുന്ന അതേ വ്യക്തികളോടൊപ്പം, അതായത് യേശുക്രിസ്തുവിന്റെ അനുഗാമികളോടൊപ്പം, ദൈവത്തെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു.—1 തിമൊഥെയൊസ് 1:12-16.
നമുക്കു തിരഞ്ഞെടുക്കാൻ നൂറു കണക്കിനു മതങ്ങൾ ഉണ്ടെന്നും നാം അതിൽ ഏതു തിരഞ്ഞെടുത്താലും അതു ദൈവത്തിനു സ്വീകാര്യമായിരിക്കുമെന്നും ബൈബിൾ പറയുന്നുണ്ടോ? വസ്തുത നേരെ മറിച്ചാണെന്ന് പുനരുത്ഥാനം ചെയ്യപ്പെട്ട യേശുക്രിസ്തുവിൽനിന്ന് അപ്പൊസ്തലനായ പൗലൊസിനു ലഭിച്ച നിർദേശങ്ങൾ കാണിക്കുന്നു. യേശു അവനെ ജാതികളുടെ അടുക്കലേക്ക് “അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും” വേണ്ടി അയച്ചു. (പ്രവൃത്തികൾ 26:17, 18) നാം തിരഞ്ഞെടുക്കുന്ന മതം ഏതാണെന്നുള്ളത് പ്രാധാന്യം അർഹിക്കുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. പൗലൊസ് ആരുടെയെല്ലാം അടുക്കലേക്ക് അയയ്ക്കപ്പെട്ടുവോ അവരിൽ പലരും ഏതെങ്കിലുമൊരു മതത്തിൽ പെട്ടവർ ആയിരുന്നു. എന്നാൽ അവർ “ഇരുളിൽ” ആയിരുന്നു. എല്ലാ മതങ്ങളും നിത്യജീവനിലേക്കും ദൈവപ്രീതിയിലേക്കും നയിക്കുന്ന വ്യത്യസ്ത വഴികൾ മാത്രമായിരുന്നെങ്കിൽ യേശുവിന് തന്റെ അനുഗാമികളെ ശിഷ്യരാക്കൽ വേലയ്ക്കായി നിയോഗിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു.—മത്തായി 28:19, 20.
തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) “ഒരു വിശ്വാസം” മാത്രമേ ഉള്ളുവെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (എഫെസ്യർ 4:5) “വിശാല”മായ വഴിയിലൂടെ സഞ്ചരിക്കുന്ന പലരും ഏതെങ്കിലുമൊരു മതത്തിലെ അംഗങ്ങൾ ആണ്. എന്നാൽ ബൈബിൾ പറയുന്ന “ഒരു വിശ്വാസം” അല്ല അവർക്കുള്ളത്. സത്യാരാധന ഒന്നു മാത്രമേ ഉള്ളു എന്നതിനാൽ, ആ സത്യ വിശ്വാസം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ അത് അന്വേഷിച്ചു കണ്ടെത്തുകതന്നെ വേണം.
സത്യ ദൈവത്തെ അന്വേഷിക്കുക
മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ ദൈവം മനുഷ്യരോട് അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്താണെന്ന് പറഞ്ഞിട്ടുണ്ട്. (ഉല്പത്തി 1:28; 2:15-17; 4:3-5) അവന്റെ നിബന്ധനകൾ ബൈബിളിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു. ദൈവത്തിനു സ്വീകാര്യമായ ആരാധനയും സ്വീകാര്യമല്ലാത്ത ആരാധനയും ഏതാണെന്നു വേർതിരിച്ചറിയാൻ അതു നമ്മെ സഹായിക്കുന്നു. (മത്തായി 15:3-9) ചില ആളുകൾക്ക് തങ്ങളുടെ മതം പാരമ്പര്യമായി കൈമാറിക്കിട്ടിയതാണ്. എന്നാൽ മറ്റു ചിലർ സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെ പിന്നാലെ പോകുന്നു. അനേകരെയും സംബന്ധിച്ചിടത്തോളം മതം അവർ എപ്പോൾ, എവിടെ ജനിച്ചു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, ഒരു മതം തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ വ്യക്തിപരമായ അവകാശം നിങ്ങൾ യാദൃച്ഛികതയ്ക്കോ മറ്റുള്ളവർക്കോ വിട്ടുകൊടുക്കേണ്ടതുണ്ടോ?
തിരുവെഴുത്തുകൾ സൂക്ഷ്മമായി പരിശോധിച്ച് വസ്തുതകൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ വേണം നിങ്ങൾ ഒരു മതം തിരഞ്ഞെടുക്കാൻ. ഒന്നാം നൂറ്റാണ്ടിൽ അഭ്യസ്തവിദ്യരായ ചിലർ അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകൾ കണ്ണുമടച്ചു വിശ്വസിക്കാതെ, “അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” (പ്രവൃത്തികൾ 17:11; 1 യോഹന്നാൻ 4:1) എന്തുകൊണ്ട് നിങ്ങൾക്കും അങ്ങനെ ചെയ്തുകൂടാ?
പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവം, ആളുകൾ തന്നെ സത്യത്തിൽ ആരാധിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ബൈബിൾ പറയുന്നു. യോഹന്നാൻ 4:23, 24-ൽ യേശു ഇങ്ങനെ പറഞ്ഞു: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി”യാണ് അവനു സ്വീകാര്യമായിരിക്കുന്നത്. (യാക്കോബ് 1:27) ജീവനിലേക്കുള്ള ഇടുങ്ങിയ വഴി കണ്ടെത്താനുള്ള ലക്ഷക്കണക്കിന് ആളുകളുടെ ശ്രമത്തെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. നിസ്സംഗരായ ആളുകൾക്ക് ദൈവം ഭാവിയിൽ നിത്യജീവൻ നൽകുകയില്ല, മറിച്ച് അവൻ ഒരുക്കിയിരിക്കുന്ന ഇടുങ്ങിയ വഴി കണ്ടെത്തി അതിലൂടെ സഞ്ചരിക്കാൻ യഥാർഥ ശ്രമം ചെയ്യുന്നവർക്കായിരിക്കും അത് ലഭിക്കുക.—മലാഖി 3:18.(g01 6/8)