ചീവീടിന്റെ പ്രണയഗാനം
ചീവീടിന്റെ പ്രണയഗാനം
രണ്ട് ഇഞ്ചോ അതിൽ കുറവോ മാത്രം നീളം വരുന്ന ചീവീട് കാഴ്ചയ്ക്ക് അത്ര സുന്ദരനൊന്നും അല്ലെന്നുള്ളതു നേരുതന്നെ. എങ്കിലും അവന്റെ ഗാനം ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. എങ്ങനെയാണ് ഈ കൊച്ചു ജീവി ഗാനം ആലപിക്കുന്നത്? എന്തിനു വേണ്ടിയാണത്?
ഏതാണ്ട് 2,400 ഇനങ്ങളുള്ള ചീവീട് കുടുംബത്തിലെ ആണുങ്ങൾക്കു മാത്രമേ ഈ ‘സംഗീത വാസന’ ഉള്ളൂ. ആൺ ചീവീടുകൾ ഗാനം ആലപിക്കുന്നത് അഥവാ ശബ്ദമുണ്ടാക്കുന്നത് അവയുടെ തൊണ്ട കൊണ്ടല്ല, മറിച്ച് ചിറകുകൾ കൊണ്ടാണ്. ഒരു മുൻചിറകിന്റെ ഒരു ഭാഗം എതിർവശത്തുള്ള മുൻചിറകിലെ 50 മുതൽ 250 വരെ വരുന്ന പല്ലുകളിൽ ഉരസിയാണ് ആൺചീവീടുകൾ ശബ്ദം പുറപ്പെടുവിക്കുന്നത് എന്ന് ഒരു എൻസൈക്ലോപീഡിയ പറയുന്നു. ചിലയ്ക്കലിന്റെ ആവൃത്തി സെക്കൻഡിൽ എത്ര പല്ലുകളെ ഉരസുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെ അന്തരീക്ഷം ചീവീടിന്റെ ഗാനത്താൽ മുഖരിതമാകുന്നു.
എന്നാൽ ആൺചീവീടുകൾ മനുഷ്യരെ രസിപ്പിക്കാനൊന്നുമല്ല ഈ ഗാനാലാപനം നടത്തുന്നത്! ഇണയെ വശീകരിക്കുകയാണ് ഈ സംഗീത വിദ്വാന്റെ ലക്ഷ്യം. പ്രകൃതിയിലെ നിഗൂഢതകൾ കണ്ടെത്തൽ (ഇംഗ്ലീഷ്) എന്ന പുസ്തകം വിവരിക്കുന്നു: “സന്ദേശം കൈമാറുന്നതിൽ നിപുണനായ ആൺചീവീട്, ഇണയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ മൂന്ന് വ്യത്യസ്ത ഗാനങ്ങൾ ആലപിക്കുന്നു: ഒന്ന് തന്റെ സാന്നിധ്യം അറിയിക്കാൻ, രണ്ടാമത്തേത് പ്രേമസല്ലാപം നടത്താൻ, മൂന്നാമത്തേത് വില്ലന്മാരെ വിരട്ടിയോടിക്കാൻ.” ഏതെങ്കിലുമൊരു പെൺചീവീട് തന്റെ പ്രേമാഭ്യർഥനയോടു പ്രതികരിക്കുന്നതുവരെ ചില ചീവീടുകൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് ഗാനാലാപനം തുടരും. പെൺചീവീടിന്റെ മുൻകാലുകളിലുള്ള “കാതുകളിൽ” ഈ സംഗീതധാര ഒഴുകിയെത്തുന്നു. ദൂരെയിരുന്നുകൊണ്ടുള്ള പ്രണയത്തിലൊന്നും പെൺചീവീട് തൃപ്തയല്ല. സംഗീതത്തിന്റെ ഉറവ് അന്വേഷിച്ച് അവൾ പറന്നടുക്കവേ, ആൺചീവീട് നിറുത്താതെ പ്രണയഗാനം ആലപിക്കും. അങ്ങനെ സംഗീതത്താൽ വശീകരിക്കപ്പെട്ട് പെൺചീവീട് തന്റെ പ്രണയാർഥിയുടെ അടുക്കൽ എത്തുന്നു, തുടർന്ന് ഇരു ചീവീടുകളും ഇണചേരുകയായി.
പൂർവേഷ്യയിൽ, ചിലർ ആൺചീവീടുകളുടെ ഗാനത്തിൽ ആകൃഷ്ടരായി അവയെ വീട്ടിൽ വളർത്താറുണ്ട്. മറ്റു ചിലർക്ക് ചീവീടുകൾ അവയുടെ സ്വാഭാവിക ആവാസത്തിലിരുന്ന് ഗാനം ആലപിക്കുന്നതു കേൾക്കാനാണ് താത്പര്യം. അറിഞ്ഞുകൊണ്ടല്ലെങ്കിലും മനുഷ്യ ശ്രോതാക്കളെ രസിപ്പിക്കുന്ന ഈ കൊച്ചു ജീവികൾ തങ്ങളുടെ രൂപകൽപ്പിതാവിന് സ്തുതി കരേറ്റുന്നു.(g01 6/22)