വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ?

ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ദൈവം എന്റെ പ്രാർഥ​നകൾ കേൾക്കു​മോ?

“ഏതു കാര്യത്തെ കുറി​ച്ചും ഞാൻ പ്രാർഥി​ക്കും. കാരണം യഹോവ എന്റെ സുഹൃ​ത്താണ്‌. എനി​ക്കൊ​രു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ അവൻ എന്നെ സഹായി​ക്കു​മെന്ന്‌ എനിക്ക​റി​യാം.”—ആൻഡ്രിയ.

ദൈവം തന്റെ പ്രാർഥന കേൾക്കും എന്ന കാര്യ​ത്തിൽ ആൻഡ്രിയ എന്ന പെൺകു​ട്ടിക്ക്‌ ഉറപ്പുണ്ട്‌. എന്നാൽ എല്ലാ യുവജ​ന​ങ്ങൾക്കും അങ്ങനെ​യൊ​രു ഉറച്ച വിശ്വാ​സ​മില്ല. തങ്ങൾ ദൈവ​ത്തോട്‌ അടുക്കാ​നാ​കാ​ത്തത്ര അകലെ​യാ​ണെന്ന്‌ ചിലർ കരുതു​ന്നു. പ്രാർഥന മൂല്യ​വ​ത്താ​യി​രി​ക്കാൻ മാത്രം ദൈവം തങ്ങളെ​ക്കു​റിച്ച്‌ കരുതു​ന്നു​ണ്ടോ എന്നു പോലും അവർ സംശയി​ച്ചേ​ക്കാം.

പ്രാർഥ​ന​യു​ടെ രഹസ്യം എന്താണ്‌? ലളിത​മാ​യി പറഞ്ഞാൽ, ദൈവ​വു​മാ​യി ഒരു യഥാർഥ സുഹൃ​ദ്‌ബന്ധം ഉണ്ടായി​രി​ക്കു​ന്ന​താണ്‌ അത്‌. “നിന്റെ നാമത്തെ അറിയു​ന്നവർ നിങ്കൽ ആശ്രയി​ക്കും” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ പ്രാർഥി​ച്ചു. (സങ്കീർത്തനം 9:10) നിങ്ങളു​ടെ കാര്യ​മോ? ദൈവം പ്രാർഥന കേൾക്കു​മെന്ന വിശ്വാ​സ​ത്തോ​ടെ അവനോ​ടു പ്രാർഥി​ക്കാൻ മാത്രം നിങ്ങൾക്ക്‌ ദൈവത്തെ അടുത്ത​റി​യാ​മോ? തുടർന്നു വായി​ക്കു​ന്ന​തി​നു മുമ്പ്‌ “നിങ്ങൾക്ക്‌ ദൈവത്തെ എത്ര നന്നായി അറിയാം?” എന്ന ശീർഷ​ക​ത്തോ​ടു കൂടിയ ചതുര​ത്തി​ലെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ ദയവായി ശ്രമി​ക്കുക. അതിൽ എത്ര ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയും?

നിങ്ങൾക്ക്‌ ദൈവത്തെ എത്ര നന്നായി അറിയാം?

1. ദൈവ​ത്തി​ന്റെ നാമം എന്ത്‌, അതിന്റെ അർഥം എന്ത്‌?

2. ബൈബിൾ വെളി​പ്പെ​ടു​ത്തുന്ന പ്രകാരം, ദൈവ​ത്തി​ന്റെ നാലു പ്രമുഖ ഗുണങ്ങൾ ഏവ?

3. മനുഷ്യ​വർഗ​ത്തോ​ടുള്ള ദൈവ​സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും വലിയ പ്രകടനം ഏത്‌?

4. ദൈവ​വു​മാ​യി സുഹൃ​ദ്‌ബന്ധം ആസ്വദി​ക്കാൻ നമുക്ക്‌ എങ്ങനെ സാധി​ക്കും?

5. നാം പ്രാർഥി​ക്കു​മ്പോൾ ഉചിത​മായ എന്തു മനോ​ഭാ​വം നമുക്ക്‌ ഉണ്ടായി​രി​ക്കണം?

ലേഖന​ത്തി​ന്റെ തുടർന്നുള്ള ഭാഗം വായി​ക്കു​ന്ന​തി​നു മുമ്പു​തന്നെ അതിൽ ചില ചോദ്യ​ങ്ങൾക്കെ​ങ്കി​ലും ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ ദൈവത്തെ കുറിച്ച്‌ മിക്ക ആളുകൾക്കും അറിയാ​വു​ന്ന​തി​ലും കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക്‌ അറിയാ​മെ​ന്നാണ്‌ അർഥം. എന്നാൽ ചില​പ്പോൾ നിങ്ങളു​ടെ ഉത്തരങ്ങൾ, ദൈവത്തെ കുറിച്ച്‌ ഇനിയും പരിജ്ഞാ​നം നേടേ​ണ്ട​തുണ്ട്‌, അവനെ കൂടുതൽ അടുത്ത​റി​യേ​ണ്ട​തുണ്ട്‌ എന്നു വെളി​പ്പെ​ടു​ത്തി​യേ​ക്കാം. (യോഹ​ന്നാൻ 17:3, NW) ആ ലക്ഷ്യം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, ‘പ്രാർത്ഥന കേൾക്കു​ന്ന​വനെ’ കുറിച്ച്‌ ബൈബിൾ പഠിപ്പി​ക്കുന്ന ചില കാര്യങ്ങൾ പരിചി​ന്തി​ക്കാം.—സങ്കീർത്തനം 65:2.

ദൈവം ഒരു യഥാർഥ വ്യക്തി

ആദ്യം​തന്നെ, ദൈവം ഏതോ ഒരു അമൂർത്ത ശക്തിയല്ല എന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു. യഹോവ എന്ന നാമ​ത്തോ​ടു കൂടിയ ഒരു വ്യക്തി​യാണ്‌ അവൻ. (സങ്കീർത്തനം 83:18) എബ്രാ​യ​യിൽ ആ നാമത്തി​ന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. തന്റെ ഉദ്ദേശ്യ​നി​വൃ​ത്തി​ക്കാ​യി എന്തു വേണ​മെ​ങ്കി​ലും ആയിത്തീ​രാൻ അവനു കഴിയും. അമൂർത്ത​മായ ഒരു ഊർജ സഞ്ചയത്തിന്‌ അതിനു കഴിയില്ല! അതു​കൊണ്ട്‌, പ്രാർഥി​ക്കു​മ്പോൾ ഒരു അമൂർത്ത ശക്തി​യോ​ടോ വായു​വി​നോ​ടോ അല്ല നിങ്ങൾ സംസാ​രി​ക്കു​ന്നത്‌ എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ പ്രാർഥ​നകൾ ശ്രദ്ധി​ക്കാ​നും അവയ്‌ക്ക്‌ ഉത്തരം നൽകാ​നും കഴിവുള്ള ഒരു വ്യക്തി​യോ​ടാണ്‌ നിങ്ങൾ സംസാ​രി​ക്കു​ന്നത്‌.—എഫെസ്യർ 3:20.

ഡയാന എന്ന പെൺകു​ട്ടി പറയുന്നു: “ഞാൻ എവി​ടെ​യാ​യി​രു​ന്നാ​ലും യഹോവ എന്റെ പ്രാർഥന കേൾക്കു​മെന്ന്‌ എനിക്ക​റി​യാം.” അങ്ങനെ​യൊ​രു ഉറപ്പു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ ദൈവം നിങ്ങൾക്ക്‌ ഒരു യഥാർഥ വ്യക്തി ആയിരി​ക്കണം! ‘ദൈവ​ത്തി​ന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട്‌ എന്നു വിശ്വ​സി​ക്കണം’ എന്നു ബൈബിൾ പറയുന്നു.—എബ്രായർ 11:6.

ജ്ഞാനത്തി​ന്റെ​യും ശക്തിയു​ടെ​യും ഉറവ്‌

ദൈവ​ത്തിന്‌ നമ്മെ വാസ്‌ത​വ​മാ​യും സഹായി​ക്കാൻ കഴിയും. കാരണം നമ്മിൽ ഭയാദ​രവ്‌ ഉണർത്തു​ന്നത്ര ശക്തിയു​ള്ള​വ​നാണ്‌ അവൻ. ഭൗതിക പ്രപഞ്ച​ത്തി​ന്റെ വലുപ്പ​വും സങ്കീർണ​ത​യും പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ ആ ശക്തി അപരി​മേ​യ​മാണ്‌. കോടാ​നു​കോ​ടി നക്ഷത്രങ്ങൾ ഉണ്ടെങ്കി​ലും അവയുടെ ഓരോ​ന്നി​ന്റെ​യും പേര്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മെന്ന്‌ ബൈബിൾ പറയുന്നു! അതിലു​പരി, ആ നക്ഷത്ര​ങ്ങ​ളിൽ അടങ്ങി​യി​രി​ക്കുന്ന മുഴു ഊർജ​ത്തി​ന്റെ​യും ഉറവ്‌ അവനാണ്‌. (യെശയ്യാ​വു 40:25, 26) അത്‌ വിസ്‌മ​യ​ജ​ന​ക​മായ ഒരു സംഗതി​യല്ലേ? ഈ വസ്‌തു​ത​ക​ളെ​ല്ലാം നമ്മെ അമ്പരപ്പി​ക്കാൻ പോന്ന​താ​ണെ​ങ്കി​ലും “ഇവ അവന്റെ ശക്തിയു​ടെ അംശങ്ങൾ മാത്ര​മാണ്‌” എന്ന്‌ ബൈബിൾ പറയുന്നു.—ഇയ്യോബ്‌ 26:14, ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ.

യഹോ​വ​യു​ടെ അപരി​മിത ജ്ഞാന​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക. അവന്റെ വിചാ​രങ്ങൾ “അത്യന്തം അഗാധ​മാ​യവ”യാണ്‌ എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 92:5) മനുഷ്യ​വർഗത്തെ സൃഷ്ടി​ച്ചത്‌ അവനാണ്‌. അതു​കൊണ്ട്‌ നാം നമ്മെ മനസ്സി​ലാ​ക്കു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി അവൻ നമ്മെ മനസ്സി​ലാ​ക്കു​ന്നു. (സങ്കീർത്തനം 100:3) ദൈവം “അനാദി”കാലം മുതൽ സ്ഥിതി ചെയ്യു​ന്ന​വ​നാ​യ​തു​കൊണ്ട്‌ അവന്‌ അപരി​മേ​യ​മായ അനുഭ​വ​സ​മ്പ​ത്തുണ്ട്‌. (സങ്കീർത്തനം 90:1, 2) അവനു ഗ്രഹി​ക്കാൻ കഴിയാ​ത്ത​താ​യി യാതൊ​ന്നു​മില്ല.—യെശയ്യാ​വു 40:13, 14.

ആ ശക്തിയും ജ്ഞാനവു​മെ​ല്ലാം യഹോവ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? 2 ദിനവൃ​ത്താ​ന്തം 16:9 ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ലെ​ല്ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” ദൈവ​ത്തിന്‌ പരിഹ​രി​ക്കാ​നാ​കാത്ത അല്ലെങ്കിൽ പൊരു​ത്ത​പ്പെ​ടാൻ നിങ്ങളെ സഹായി​ക്കാ​നാ​കാത്ത പ്രശ്‌ന​ങ്ങ​ളൊ​ന്നും ഇല്ല. കാല്യ എന്ന പെൺകു​ട്ടി അനുസ്‌മ​രി​ക്കു​ന്നു: “അടുത്ത​കാ​ലത്ത്‌ എനിക്കും എന്റെ കുടും​ബ​ത്തി​നും വളരെ പ്രയാ​സ​ക​ര​മായ ഒരു സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​കേ​ണ്ട​താ​യി വന്നു. ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ആ സാഹച​ര്യ​ത്തെ​യും അതുമാ​യി ബന്ധപ്പെട്ട്‌ ഞങ്ങൾക്കു​ണ്ടായ വൈകാ​രിക വിഷമ​ത​ക​ളെ​യും തരണം ചെയ്യാൻ അവൻ ഞങ്ങളെ സഹായി​ച്ചു. അവന്റെ സഹായ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴിയു​മാ​യി​രു​ന്നില്ല.” ദൈവ​ത്തോ​ടു സംസാ​രി​ക്കു​മ്പോൾ, ജ്ഞാനത്തി​ന്റെ ഉറവി​ട​ത്തെ​യാണ്‌ നിങ്ങൾ സമീപി​ക്കു​ന്നത്‌. അതിലും മെച്ചമാ​യി എന്തെങ്കി​ലും ചെയ്യാൻ നിങ്ങൾക്കാ​വില്ല!

നീതി​യു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും ദൈവം

എന്നാൽ നിങ്ങളെ സഹായി​ക്കാൻ ദൈവ​ത്തിന്‌ ആഗ്രഹ​മുണ്ട്‌ എന്ന്‌ എങ്ങനെ അറിയാം? ദൈവം തന്നെത്തന്നെ തിരി​ച്ച​റി​യി​ക്കു​ന്നത്‌ തന്റെ ബൃഹത്തായ ശക്തിയാ​ലോ ആഴമായ ജ്ഞാനത്താ​ലോ അചഞ്ചല​മായ നീതി​യാ​ലോ അല്ല, പിന്നെ​യോ തന്റെ പ്രമുഖ ഗുണമായ സ്‌നേ​ഹ​ത്താ​ലാണ്‌ എന്നതി​നാൽ. ‘ദൈവം സ്‌നേഹം ആകുന്നു’ എന്ന്‌ 1 യോഹ​ന്നാൻ 4:8 പറയുന്നു. ആ മഹത്തായ സ്‌നേ​ഹ​മാണ്‌ നമ്മുടെ പ്രാർഥ​ന​യ്‌ക്ക്‌ ആധാരം. നാം നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തിന്‌ തന്റെ പുത്രനെ മറുവി​ല​യാ​ഗ​മാ​യി നൽകി​യ​താണ്‌ അവന്റെ സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും വലിയ പ്രകടനം.—യോഹ​ന്നാൻ 3:16; 1 യോഹ​ന്നാൻ 4:9, 10.

ദൈവം സ്‌നേ​ഹ​മാ​യ​തു​കൊണ്ട്‌ അവൻ എപ്പോ​ഴെ​ങ്കി​ലും നിങ്ങളെ അവഗണി​ക്കു​മെ​ന്നോ നിങ്ങ​ളോട്‌ അനീതി​യാ​യി പെരു​മാ​റു​മെ​ന്നോ ഭയക്കേ​ണ്ട​തില്ല. “അവന്റെ വഴികൾ ഒക്കെയും ന്യായം” എന്ന്‌ ആവർത്ത​ന​പു​സ്‌തകം 32:4 പറയുന്നു. നിങ്ങ​ളോ​ടുള്ള ദൈവ​ത്തി​ന്റെ സ്‌നേഹം അവൻ നിങ്ങളു​ടെ പ്രാർഥ​നകൾ ശ്രദ്ധി​ക്കു​മെന്ന ഉറപ്പു നൽകുന്നു. അത്‌ നമ്മുടെ ഏറ്റവും സ്വകാ​ര്യ​മായ വികാ​ര​വി​ചാ​രങ്ങൾ പോലും അവനു​മാ​യി പങ്കിടാൻ സാധി​ക്ക​ത്ത​ക്ക​വി​ധം ഒരു സുരക്ഷി​ത​ത്വ​ബോ​ധം നമുക്കു നൽകുന്നു.—ഫിലി​പ്പി​യർ 4:6, 7.

ദൈവ​വു​മാ​യുള്ള സൗഹൃദം

തന്നോടു സംസാ​രി​ക്കാൻ യഹോവ നമ്മെ ക്ഷണിക്കു​ന്നു. നാം അവനെ ഒരു അപരി​ചി​ത​നാ​യി കണക്കാ​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നില്ല. മറിച്ച്‌, മാനവ​ച​രി​ത്ര​ത്തി​ലു​ട​നീ​ളം, തന്റെ സ്‌നേ​ഹി​ത​രാ​യി​രി​ക്കാ​നുള്ള ക്ഷണം യഹോവ ആളുകൾക്കു വെച്ചു​നീ​ട്ടി​യി​ട്ടുണ്ട്‌. സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും പ്രായ​മാ​യ​വ​രും ചെറു​പ്പ​ക്കാ​രു​മെ​ല്ലാം ദൈവ​വു​മാ​യുള്ള സുഹൃ​ദ്‌ബന്ധം ആസ്വദി​ച്ചി​ട്ടുണ്ട്‌, അവന്റെ ഹൃദയ​ത്തി​നു ബോധിച്ച വ്യക്തികൾ ആയിരി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അബ്രാ​ഹാം, ദാവീദ്‌ രാജാവ്‌, യേശു​വി​ന്റെ അമ്മയായ മറിയ എന്നിവ​രൊ​ക്കെ അവരിൽ പെടുന്നു.—യെശയ്യാ​വു 41:8; ലൂക്കൊസ്‌ 1:26-38; പ്രവൃ​ത്തി​കൾ 13:22.

നിങ്ങൾക്കും യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രിൽ ഒരാളാ​യി​ത്തീ​രാൻ സാധി​ക്കും. എന്നാൽ, അത്തരം സുഹൃ​ദ്‌ബന്ധം ഏത്‌ അഭീഷ്ട​വും സാധി​ച്ചു​ത​രാൻ വിളി​പ്പു​റ​ത്തെ​ത്തുന്ന ഒരു കുട്ടി​ച്ചാ​ത്തനെ പോലെ ദൈവത്തെ വീക്ഷി​ക്ക​ണ​മെന്ന്‌ അർഥമാ​ക്കു​ന്നില്ല. നമ്മുടെ ആവശ്യ​ങ്ങളെ ചുറ്റി​പ്പറ്റി മാത്ര​മാ​യി​രി​ക്ക​രുത്‌ നമ്മുടെ പ്രാർഥ​നകൾ. ദൈവ​വു​മാ​യുള്ള സുഹൃ​ദ്‌ബന്ധം ആഗ്രഹി​ക്കു​ന്ന​പക്ഷം നാം അവന്റെ ഇഷ്ടത്തിൽ—നമ്മു​ടേ​തിൽ മാത്രമല്ല—താത്‌പ​ര്യ​മെ​ടു​ക്കണം. കൂടാതെ, നാം അവന്റെ ഇഷ്ടം ചെയ്യു​ക​യും വേണം. (മത്തായി 7:21) അതു​കൊണ്ട്‌, പ്രാർഥി​ക്കു​മ്പോൾ ദൈവ​ദൃ​ഷ്ടി​യിൽ സുപ്ര​ധാ​ന​മായ കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ തന്റെ അനുഗാ​മി​കളെ യേശു പഠിപ്പി​ച്ചു. അവൻ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥി​പ്പിൻ: സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.” (മത്തായി 6:9, 10) കൂടാതെ, നമ്മുടെ പ്രാർഥന ദൈവ​ത്തി​നുള്ള സ്‌തു​തി​യും കൃതജ്ഞ​ത​യും നിറഞ്ഞ​താ​യി​രി​ക്കണം.—സങ്കീർത്തനം 56:12, NW; 150:6.

എന്നിരു​ന്നാ​ലും, നമ്മുടെ ആവശ്യ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളു​മെ​ല്ലാം പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്തേ​ണ്ട​തി​ല്ലാത്ത വിധം അത്ര നിസ്സാ​ര​മാ​ണെന്നു നാം ഒരിക്ക​ലും വിചാ​രി​ക്ക​രുത്‌. “ദൈവ​ത്തോ​ടു തുറന്നു സംസാ​രി​ക്കാൻ ഞാൻ ശ്രമി​ക്കാ​റു​ണ്ടെ​ങ്കി​ലും, ചില ദൈനം​ദിന കാര്യങ്ങൾ പറഞ്ഞ്‌ ദൈവത്തെ അസഹ്യ​പ്പെ​ടു​ത്ത​രു​തെന്ന്‌ ചില​പ്പോൾ എനിക്കു തോന്നാ​റുണ്ട്‌.” അത്തരം തോന്ന​ലു​കൾ ഉണ്ടാകു​മ്പോൾ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പിച്ച ഈ വസ്‌തു​തയെ കുറിച്ച്‌ ഓർക്കുക: “രണ്ടു കാശിന്നു അഞ്ചു കുരി​കി​ലി​നെ വില്‌ക്കു​ന്നി​ല്ല​യോ? അവയിൽ ഒന്നി​നെ​പ്പോ​ലും ദൈവം മറന്നു​പോ​കു​ന്നില്ല. . . . ആകയാൽ ഭയപ്പെ​ടേണ്ടാ; ഏറിയ കുരി​കി​ലി​നെ​ക്കാ​ളും നിങ്ങൾ വിശേ​ഷ​ത​യു​ള്ളവർ” ആണ്‌. (ലൂക്കൊസ്‌ 12:6, 7) അത്‌ സാന്ത്വ​ന​ദാ​യ​ക​മല്ലേ?

യഹോ​വ​യെ എത്രയ​ധി​കം അടുത്ത​റി​യു​ന്നു​വോ പ്രാർഥ​ന​യിൽ അവനെ സമീപി​ക്കാൻ നിങ്ങൾ അത്രയ​ധി​കം പ്രേരി​ത​നാ​യി​ത്തീ​രും, യഹോ​വ​യ്‌ക്ക്‌ നിങ്ങളെ സഹായി​ക്കാൻ കഴിയു​മെ​ന്നും അവൻ നിങ്ങളെ സഹായി​ക്കു​മെ​ന്നു​മുള്ള നിങ്ങളു​ടെ ഉറപ്പും വർധി​ക്കും. അതു​കൊണ്ട്‌, പ്രാർഥ​ന​യിൽ ദൈവത്തെ സമീപി​ക്കു​മ്പോൾ നിങ്ങളു​ടെ മാനസിക ഭാവം എന്തായി​രി​ക്കണം? നിങ്ങൾ ആദരവും താഴ്‌മ​യും നിസ്വാർഥ​ത​യും ഉള്ളവനാ​യി​രി​ക്കണം. അഹങ്കാ​ര​ത്തോ​ടെ​യും അനാദ​ര​വോ​ടെ​യും നിങ്ങൾ ഒരു കാര്യം ആവശ്യ​പ്പെ​ട്ടാൽ ഭൂമി​യി​ലെ, ഉന്നത പദവി​യി​ലി​രി​ക്കുന്ന ഏതെങ്കി​ലും ഒരു വ്യക്തി അത്‌ സാധി​ച്ചു​ത​രു​മെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? അതു​കൊണ്ട്‌, പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം നൽകു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യെ​യും അവന്റെ നിലവാ​ര​ങ്ങ​ളെ​യും നിങ്ങൾ ആദരി​ക്കാൻ അവൻ പ്രതീ​ക്ഷി​ക്കു​ന്ന​തിൽ അത്ഭുത​പ്പെ​ടാ​നില്ല.—സദൃശ​വാ​ക്യ​ങ്ങൾ 15:29.

ദൈവ​ഭ​യ​മു​ള്ള ആയിര​ക്ക​ണ​ക്കിന്‌ യുവ​പ്രാ​യ​ക്കാർ തങ്ങളുടെ ഹൃദയങ്ങൾ ദൈവ​സ​ന്നി​ധി​യിൽ പകരാൻ പഠിച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 62:8) “യഹോവ എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകു​മ്പോൾ അവൻ ഇപ്പോ​ഴും എന്റെ സുഹൃ​ത്താ​ണെന്ന്‌ ഞാൻ മനസ്സി​ലാ​ക്കു​ന്നു, അത്‌ എനിക്കു പ്രോ​ത്സാ​ഹനം നൽകു​ക​യും ചെയ്യുന്നു” എന്നു ബ്രെറ്റ്‌ പറയുന്നു. നിങ്ങളു​ടെ കാര്യ​മോ? ദൈവ​വു​മാ​യി അത്തര​മൊ​രു സുഹൃ​ദ്‌ബന്ധം ആസ്വദി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധി​ക്കും? ക്രിസ്‌ത്യാ​നി​ക​ളായ രണ്ടു പെൺകു​ട്ടി​കൾ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു:

റെയ്‌ച്ചൽ: “യഹോ​വ​യോട്‌ കൂടുതൽ അടുക്ക​ണ​മെ​ങ്കിൽ ഞാൻ അവന്റെ വചനം കൂടുതൽ ആഴമായി പഠി​ക്കേ​ണ്ട​തുണ്ട്‌ എന്ന്‌ എനിക്കു തോന്നു​ന്നു. അത്തര​മൊ​രു പഠനത്തി​നാ​യുള്ള തീവ്ര​മായ ആഗ്രഹം വളർത്തി​യെ​ടു​ക്കാൻ ഞാൻ ശ്രമി​ക്കു​ക​യാണ്‌.”—1 പത്രൊസ്‌ 2:2.

ജെന്നി: “നിങ്ങൾ അവന്റെ സേവന​ത്തിൽ എത്രയ​ധി​കം മുഴു​കു​ന്നു​വോ, നിങ്ങൾക്ക്‌ അവനോട്‌ അത്രയ​ധി​കം അടുപ്പം തോന്നും.”—യാക്കോബ്‌ 4.8.

പ്രാർഥി​ക്കു​ന്നത്‌ എത്രമാ​ത്രം ഗുണം ചെയ്യു​മെന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ക്രിസ്‌ത്യാ​നി​യായ ഒരു പെൺകു​ട്ടി ഇങ്ങനെ പറയുന്നു: “ദൈവം എന്നോടു സംസാ​രി​ക്കു​ക​യോ എനിക്ക്‌ ഒരു സന്ദേശം അയയ്‌ക്കു​ക​യോ ചെയ്‌തി​രു​ന്നെ​ങ്കിൽ എനിക്ക്‌ അവനോട്‌ കൂടുതൽ അടുപ്പം തോന്നി​യേനെ.” നാം പ്രാർഥി​ക്കു​മ്പോൾ നമുക്കു കേൾക്കാ​വുന്ന വിധത്തിൽ യഹോവ ഉത്തരം നൽകു​ന്നി​ല്ലാ​ത്ത​തി​നാൽ പ്രാർഥന യഥാർഥ​ത്തിൽ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഇത്‌ ഇനി​യൊ​രു ലക്കത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.(g01 6/22)

[13-ാം പേജിലെ ചതുരം]

11-ാം പേജിലെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

1. യഹോവ. “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌ അതിന്റെ അർഥം.

2. സ്‌നേഹം, ശക്തി, നീതി, ജ്ഞാനം.

3. നമുക്കു വേണ്ടി മരിക്കാൻ തന്റെ ഏകജാത പുത്ര​നായ യേശു​വി​നെ അവൻ അയച്ചു.

4. നമ്മുടെ സ്വന്തം ആവശ്യ​ങ്ങളെ കുറിച്ചു മാത്രം ചിന്തി​ക്കാ​തെ, ദൈവ​ഹി​ത​ത്തിൽ താത്‌പ​ര്യം പ്രകട​മാ​ക്കു​ക​യും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും ചെയ്യുക.

5. നാം ആദരവും താഴ്‌മ​യും നിസ്വാർഥ​ത​യും ഉള്ളവരാ​യി​രി​ക്കണം.

[12-ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ പഠിക്കു​ന്ന​തും ദൈവ​ത്തി​ന്റെ സൃഷ്ടി​കളെ നിരീ​ക്ഷി​ച്ചു മനസ്സി​ലാ​ക്കു​ന്ന​തും ദൈവത്തെ മെച്ചമാ​യി അറിയാൻ നിങ്ങളെ സഹായി​ക്കും