ഭൂമിയിലെ ജീവിവർഗങ്ങളെ സംരക്ഷിക്കാനാകുമോ?
ഭൂമിയിലെ ജീവിവർഗങ്ങളെ സംരക്ഷിക്കാനാകുമോ?
“ആൾക്കുരങ്ങുകൾ, ആൽബട്രോസ് പക്ഷികൾ, ആനത്തുമ്പികൾ തുടങ്ങി നിരവധി ജീവിവർഗങ്ങളെ മനുഷ്യൻ വംശനാശത്തിന്റെ വക്കിലേക്ക് അതിവേഗം വലിച്ചിഴച്ചുകൊണ്ടിരിക്കുകയാണ്, അതാകട്ടെ അവന്റെതന്നെ നിലനിൽപ്പിന് ഭീഷണി ഉയർത്തുകയും ചെയ്തിരിക്കുന്നു,” കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയ്ൽ പറയുന്നു. സ്വിറ്റ്സർലൻഡിലുള്ള ജനീവയിലെ വേൾഡ് കൺസർവേഷൻ യൂണിയൻ (ഐയുസിഎൻ) പ്രസിദ്ധീകരിച്ച 2000 ഐയുസിഎൻ റെഡ് ലിസ്റ്റ് ഓഫ് ത്രെറ്റൻഡ് സ്പീഷീസിനെ ആസ്പദമാക്കിയായിരുന്നു പത്രം അങ്ങനെയൊരു പ്രസ്താവന നടത്തിയത്. സസ്യ-ജന്തുജാലങ്ങളുടെ 11,000-ത്തിൽപ്പരം വർഗങ്ങൾ കടുത്ത വംശനാശ ഭീഷണി നേരിടുന്നതായി റെഡ് ലിസ്റ്റ് മുന്നറിയിപ്പു നൽകുന്നു. ഏറ്റവും അപകടത്തിൽ ആയിരിക്കുന്നത് സസ്തനികളാണ്. “ഇന്ന് ഭൂമിയിൽ ജീവിക്കുന്ന സസ്തനിവർഗങ്ങളിൽ ഏതാണ്ട് നാലിലൊന്ന്, അതായത് 24 ശതമാനം, വംശനാശ ഭീഷണിയെ നേരിടുന്നു” എന്ന് ഗ്ലോബ് റിപ്പോർട്ടു ചെയ്യുന്നു.
ഈ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത് എന്താണ്? ഓമനമൃഗങ്ങളുടെ അന്താരാഷ്ട്ര വാണിജ്യം, ആയിരംചൂണ്ട ഉപയോഗിച്ചുള്ള മീൻപിടിത്തം, അനുയോജ്യമായ ആവാസങ്ങളുടെ നാശം എന്നിവയാണ് ഈ ജീവിവർഗങ്ങളുടെ ഉന്മൂലനാശത്തെ ത്വരിതപ്പെടുത്തുന്നത് എന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മുമ്പൊന്നും മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കാതിരുന്ന വനങ്ങളിലൂടെ ഇന്ന് തടി കടത്തിക്കൊണ്ടു പോകാനായി കൂടുതൽ കൂടുതൽ റോഡുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ, “ഒരിക്കൽ തങ്ങളുടെ കയ്യിൽ പെടാതിരുന്ന വന്യമൃഗങ്ങളെ മനുഷ്യർക്ക് ഇന്ന് നിഷ്പ്രയാസം പിടികൂടാമെന്നായിരിക്കുന്നു. അവർ അവയെ കൊന്നുതിന്നുന്നു. ഈ നില തുടർന്നാൽ ജീവിവർഗങ്ങൾക്ക് വംശനാശം സംഭവിക്കും.”
ഇത് മനുഷ്യനും അപകടഭീഷണി ഉയർത്തുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. “ജീവിവർഗങ്ങൾക്ക് വംശനാശം വരുത്തുകവഴി നാം നമ്മുടെ ജീവസന്ധാരണ വ്യവസ്ഥയെ തകിടം മറിക്കുകയാണു ചെയ്യുന്നത്” എന്ന് ലോക പരിസ്ഥിതി സംരക്ഷണ യൂണിയന്റെ ജീവിവർഗ അതിജീവന കമ്മീഷന്റെ അധ്യക്ഷനായ ഡേവിഡ് ബ്രാക്കെറ്റ് പറയുന്നു. “ഭൂമിയിലെ ജീവികളെല്ലാം മൃഗശാലയിൽ മാത്രമായി ഒതുങ്ങിയാൽ ഭൂഗ്രഹം നിലനിൽക്കുകയില്ല.”
“ഈ പ്രതിസന്ധിയെ നേരിടാനായി നമ്മുടെ മനുഷ്യ, സാമ്പത്തിക വിഭവങ്ങൾ ഇന്നുള്ളതിന്റെ 10 മുതൽ 100 വരെ മടങ്ങു വർധിപ്പിക്കണം” എന്ന് പ്രസ്താവിച്ചുകൊണ്ട് ഐയുസിഎൻ ആഗോള സമൂഹത്തോട് ഉണർന്നു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, നമ്മുടെ പ്രകൃതി വിഭവങ്ങളെ പരിരക്ഷിക്കാനുള്ള ആത്മാർഥ ശ്രമങ്ങൾക്ക് അത്യാഗ്രഹം മിക്കപ്പോഴും ഒരു വിലങ്ങുതടിയായി നിലകൊള്ളുന്നു.
ഭൂമിയിലെ ജീവിവർഗങ്ങളെ രക്ഷിക്കാനാകുമോ? ഭൂമിയിലെ ജൈവവൈവിധ്യത്തെ കാത്തുപരിപാലിക്കാനുള്ള ഉത്തരവാദിത്വം ആദ്യ മനുഷ്യ ജോടിക്കും അവരുടെ സന്താനങ്ങൾക്കും നൽകപ്പെട്ടു. “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി” എന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 2:15) തന്റെ ആ ഉത്തരവാദിത്വം നിർവഹിക്കാൻ മനുഷ്യൻ പരാജയപ്പെടുന്നെങ്കിലും, ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തിനു യാതൊരു മാറ്റവുമില്ല. അവൻ നമ്മുടെ ഗ്രഹത്തെ പരിപാലിക്കുന്നു, മനുഷ്യന്റെ അശ്രദ്ധയാലോ അത്യാഗ്രഹത്താലോ അതു നശിപ്പിക്കപ്പെടാൻ അവൻ അനുവദിക്കുകയില്ല. (വെളിപ്പാടു 11:18) “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് അവന്റെ വചനം നമുക്ക് ഉറപ്പു നൽകുന്നു.—സങ്കീർത്തനം 37:29.(g01 6/8)
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
U.S. Fish & Wildlife Service, Washington, D.C./J.D. Pittillo