ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കൊച്ചു കുട്ടികളും ഞെട്ടിക്കുന്ന സംഗീതവും
ഏഴോ എട്ടോ വയസ്സുള്ള കുട്ടികൾ പോലും അശ്ലീലച്ചുവയുള്ളതും ലൈംഗികതയെ പച്ചയായി വർണിക്കുന്നതും അക്രമവാസന നിഴലിക്കുന്നതുമായ സംഗീതം ശ്രവിക്കുന്നതായി ചിക്കാഗോ ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. “മുമ്പൊക്കെ, നഴ്സറി മുതൽ അപ്പർ പ്രൈമറി വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി പ്രത്യേക സംഗീതം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രൈമറി ക്ലാസുകളിലെ കുട്ടികൾപോലും തങ്ങളുടെ മാതാപിതാക്കളോ കൗമാരപ്രായക്കാരായ കൂടപ്പിറപ്പുകളോ ഒക്കെ ശ്രവിക്കുന്നതരം സംഗീതമാണ് കേട്ടു രസിക്കുന്നത്.” അക്രമവും ലൈംഗികതയും നിറഞ്ഞ ഈരടികളുള്ള മ്യൂസിക് സി.ഡി.-കൾ കുട്ടികളുടെ കയ്യിൽ പെടാതിരിക്കാൻ അവയുടെ പുറത്ത് ലേബലുകൾ ഒട്ടിക്കാൻ ഐക്യനാടുകളിലെ റിക്കോർഡിങ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംഗീത സ്റ്റോറുകളിൽ ചെന്നാൽ അവർക്ക് അവ നിഷ്പ്രയാസം ശ്രവിക്കാൻ സാധിക്കും. മാധ്യമ സംസ്കാരവും കുട്ടികളും എന്ന വിഷയത്തിൽ വിദഗ്ധയായ ബോസ്റ്റണിലെ വീലോക് കോളെജിലെ ഡയാൻ ലെവിൻ ഈ മുന്നറിയിപ്പു നൽകി: “കാര്യങ്ങളെല്ലാം അപ്പാടെ തലതിരിഞ്ഞ രീതിയിൽ ആയിക്കൊണ്ടിരിക്കെ, ഒന്നും കണ്ടില്ല കേട്ടില്ല എന്നു നടിക്കാനുള്ള പ്രവണത നമുക്ക് ഏറിവരികയാണ്.”(g01 6/8)
ഗർഭസ്ഥ ശിശുക്കളുടെ പഠനപ്രാപ്തിയും ഓർമശക്തിയും
“ഗർഭസ്ഥ ശിശുക്കൾക്ക് പഠനപ്രാപ്തി മാത്രമല്ല, 10 മിനിറ്റ് നേരത്തേക്കുള്ള ഹ്രസ്വകാല ഓർമശക്തിയും 24 മണിക്കൂർ നേരത്തേക്കുള്ള ദീർഘകാല ഓർമശക്തിയും ഉണ്ട്” എന്ന് റൊയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. മാസ്ട്രിക്റ്റിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലുള്ള ഡച്ച് ഗവേഷകർ, “37 ആഴ്ച മുതൽ 40 ആഴ്ച വരെ വളർച്ചയെത്തിയ 25 ഗർഭസ്ഥ ശിശുക്കളെ” പ്രത്യേകതരം കമ്പനങ്ങൾക്കും ധ്വനികപ്രഭാവങ്ങൾക്കും വിധേയരാക്കുകയും “അൾട്രാസൗണ്ട് സ്കാനർ ഉപയോഗിച്ച് അവരുടെ പ്രതികരണങ്ങൾ നിരീക്ഷി”ക്കുകയും ചെയ്തു. ആദ്യത്തെ പരീക്ഷണങ്ങൾ നടത്തി, 10 മിനിറ്റും 24 മണിക്കൂറും നേരത്തെ ഇടവേളയ്ക്കു ശേഷം ശിശുക്കളെ വീണ്ടും ഈ കമ്പനങ്ങൾക്കു വിധേയരാക്കി. “കമ്പനത്തിനു വിധേയരായി ഒരു സെക്കൻഡിനകം കയ്യോ കാലോ അനക്കുന്നെങ്കിൽ ശിശു ആ കമ്പനത്തോടു ക്രിയാത്മകമായി പ്രതികരിക്കുന്നു എന്നാണർഥം,” റോയിറ്റേഴ്സ് പറയുന്നു. “എന്നാൽ അടുപ്പിച്ച് നാലു പ്രാവശ്യം കമ്പനങ്ങൾക്കു വിധേയരായ ശേഷവും പ്രതികരണമൊന്നും ഇല്ലെങ്കിൽ ശിശു ആ കമ്പനം തിരിച്ചറിഞ്ഞതായി അതു സൂചിപ്പിക്കുന്നു.” പരീക്ഷണങ്ങൾ ആവർത്തിച്ചപ്പോൾ ഗർഭസ്ഥ ശിശുക്കൾക്ക് ആ കമ്പനങ്ങൾ പരിചിതമാകുകയും അവയോട് അവർ പിന്നീട് പ്രതികരിക്കാതിരിക്കുകയും ചെയ്തതായി ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രസ്തുത ഗർഭസ്ഥ ശിശുക്കൾ ആ കമ്പനങ്ങൾ ഓർമിക്കുന്നു എന്നതിന്റെ സൂചന ആയിരുന്നു അത്.(g01 6/8)
സ്ത്രീകളും ഹൃദ്രോഗവും
“വർഷംതോറും ഹൃദ്രോഗം മൂലം പുരുഷന്മാരുടെ അത്രയുംതന്നെ സ്ത്രീകൾ മരിക്കുന്നുണ്ടെങ്കിലും അത് പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒന്നാണെന്നാണ് പരമ്പരാഗതമായി കരുതിപ്പോന്നിരുന്നത്,” ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. സ്ത്രീകൾക്കിടയിൽ ഹൃദ്രോഗം മിക്കപ്പോഴും വൈകിയാണ് കണ്ടെത്തപ്പെടുന്നത് എന്ന് ആ പത്രം പറയുന്നു. വടക്കേ അമേരിക്കയിൽ മരണകാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. “പുരുഷന്മാർക്ക് മിക്കപ്പോഴും, കഴുത്തിലേക്കും പുറത്തേക്കും തോളുകളിലേക്കും പടർന്നേക്കാവുന്ന കടുത്ത നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ സ്ത്രീകൾക്ക് താടിയെല്ലിനു വേദനയും ശ്വാസതടസ്സവും മനംപിരട്ടലുമാണ് ഉണ്ടാകുന്നത്” എന്ന് സ്റ്റാർ പറയുന്നു. സ്ത്രീകളിൽ 55 വയസ്സു കഴിയുമ്പോൾ, അതായത് ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ, ആണ് മിക്കപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നത്. “സ്ത്രീകളുടെ ശരീരത്തിൽനിന്ന് ഈസ്ട്രജൻ പാടേ അപ്രത്യക്ഷമാകുമ്പോൾ അവരിലെ ഹൃദ്രോഗ സാധ്യത പുരുഷന്മാരിലേതു പോലെതന്നെ ആയിത്തീരുന്നു” എന്ന് ടൊറന്റോ ജനറൽ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധയായ ഡോ. സ്റ്റെഫാനി ബ്രിസ്റ്റർ പറയുന്നു.(g01 6/8)
ആഹാരം കേടാകാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് വേണ്ട
ആഹാരസാധനങ്ങൾ തണുപ്പിച്ച്, പുതുമയോടെ സൂക്ഷിക്കാൻ മിക്കപ്പോഴും ഒരു ഫ്രിഡ്ജ് കൂടിയേ തീരൂ. എന്നാൽ മഴ തീരെ കുറവുള്ള ഉത്തര നൈജീരിയയിൽ, ഭക്ഷ്യവസ്തുക്കൾ കേടാകാതെ സൂക്ഷിക്കാൻ ഒരു പുതിയ മാർഗം കണ്ടുപിടിച്ചിരിക്കുന്നു. ലളിതവും ചെലവ് കുറഞ്ഞതുമായ ഈ മാർഗം വിജയകരമെന്നു തെളിഞ്ഞിട്ടുണ്ട്. ഒരു മൺകലം മറ്റൊന്നിൽ ഇറക്കിവെച്ച് അവയ്ക്കിടയിൽ നനഞ്ഞ മണൽ നിറയ്ക്കുന്നു. ആഹാരസാധനം ചെറിയ കലത്തിലാക്കിയശേഷം അത് നനഞ്ഞ തുണികൊണ്ടു മൂടുന്നു. “പുറത്തെ ചൂടുള്ള വായു ഈർപ്പത്തെ പുറമേയുള്ള കുടത്തിന്റെ ഉപരിതലത്തിലേക്കു വലിച്ചെടുക്കുകയും തുടർന്ന് ആ ഈർപ്പം ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. “ബാഷ്പീകരിക്കപ്പെടുന്ന ജലകണങ്ങൾ അവയോടൊപ്പം ചൂടു വഹിച്ചുകൊണ്ടുപോകും. ഈ നിർജലീകരണ പ്രക്രിയയുടെ ഫലമായി കലത്തിനകത്തുനിന്ന് ചൂട് തുടർച്ചയായി പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കും, മണലും തുണിയും എപ്പോഴും നനഞ്ഞിരിക്കണമെന്നേയുള്ളൂ.” ഈ രീതി ഉപയോഗിച്ച് തക്കാളിയും കാപ്സിക്കവും മൂന്ന് ആഴ്ചയിലധികവും വഴുതനങ്ങ ഒരു മാസത്തോളവും സൂക്ഷിക്കാനാകും. കർഷകർക്ക് ഇപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ ആവശ്യാനുസരണം വിൽക്കാനാകുമെന്നും ഓരോ ദിവസവും സാധനങ്ങൾ വിൽക്കുന്നതിനായി സാധാരണഗതിയിൽ വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നിരുന്ന അവരുടെ പെൺമക്കൾക്ക് ഇപ്പോൾ സ്കൂളിൽ പോകാൻ സാധിക്കുമെന്നും “മൺകല” സംവിധാനത്തിന്റെ ഉപജ്ഞാതാവായ മൊഹമ്മദ് ബാ ആബാ പറയുന്നു.(g01 6/8)
ഓരോ ആഴ്ചയിലും രണ്ടിനം മൃഗങ്ങൾ നശിക്കുന്നു
ഓരോ ആഴ്ചയിലും രണ്ടിനം വളർത്തുമൃഗങ്ങൾ ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും 1,350 ഇനങ്ങൾ വംശനാശ ഭീഷണിയിൽ ആണെന്നും ഇറ്റലിയിലെ കോറിയെറേ ഡേല്ലാ സേറാ റിപ്പോർട്ടു ചെയ്യുന്നു. ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടനയിലെ (എഫ്എഒ) ഗവേഷകർ
170 രാജ്യങ്ങളിലെ വീട്ടിൽ വളർത്തുന്ന 6,500 സസ്തനികളെയും പക്ഷികളെയും കുറിച്ചു പഠിക്കുന്നതിനായി പത്തു വർഷം ചെലവഴിച്ചു. “ഉചിതമായ നടപടികൾ കൈക്കൊള്ളാത്തപക്ഷം അടുത്ത 20 വർഷത്തിനുള്ളിൽ ഈ ജന്തു ഇനങ്ങളുടെ മൂന്നിലൊന്ന് നമുക്കു നഷ്ടമാകും” എന്ന് എഫ്എഒ-യുടെ മൃഗ ജനിതക വിഭവ വിഭാഗത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. കിത്ത് ഹാമൊണ്ട് പറയുന്നു. വികസിത ദേശങ്ങളിൽനിന്ന് മൃഗങ്ങളെ കയറ്റി അയയ്ക്കുന്നതാണ് പ്രശ്നം ഇത്ര രൂക്ഷമാകാൻ കാരണം എന്ന് റോമിൽനിന്നുള്ള ഒരു റോയിറ്റേഴ്സ് ന്യൂസ് റിപ്പോർട്ട് പറയുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന മൃഗങ്ങൾ പ്രാദേശിക മൃഗങ്ങളുമായി ഇണചേരുകയും തത്ഫലമായി പ്രാദേശിക ഇനങ്ങൾക്ക് ഉന്മൂലനാശം സംഭവിക്കുകയും ചെയ്തേക്കാം. “ഇറക്കുമതി ചെയ്യപ്പെടുന്ന ഈ ഇനങ്ങൾക്ക് സ്വന്തം രാജ്യത്തെ അവസ്ഥകളാണ് ഏറ്റവും യോജിക്കുന്നത്, വികസ്വര രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവയ്ക്ക് ബുദ്ധിമുട്ടാണ്” ഡോ. ഹാമൊണ്ട് പറയുന്നു.(g01 6/8)മൊബൈൽ ഫോൺ അത്യാഹിതങ്ങൾ
മൊബൈൽ ഫോണിന്റെ ഉപയോഗം മൂലം അപകടങ്ങൾ ഉണ്ടാകുന്നത് റോഡുകളിൽ മാത്രമല്ല. പ്ലാറ്റ്ഫോമുകളിൽ കാത്തുനിൽക്കുന്ന യാത്രക്കാർ മൊബൈൽ ഫോണിലൂടെയുള്ള സംഭാഷണത്തിൽ മുഴുകുമ്പോൾ തങ്ങൾ എവിടെയാണു നിൽക്കുന്നതെന്നു മറന്നുപോകുന്നതായി ജപ്പാനിലെ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ആസാഹി ഈവനിങ് ന്യൂസ് എന്ന പത്രം റിപ്പോർട്ടു ചെയ്ത അത്യാഹിതങ്ങളിൽ ഒന്ന് ഒരു ചെറുപ്പക്കാരന്റേതാണ്. പ്ലാറ്റ്ഫോമിന്റെ വക്കിലായി മുന്നോട്ട് ചാഞ്ഞുനിന്നുകൊണ്ട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു അയാൾ. സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയോടുള്ള ബഹുമാനാർഥം അറിയാതെ തല കുമ്പിട്ടതും ഒരു ട്രെയിൻ അയാളുടെ തലയിൽ ഉരസിക്കൊണ്ടു കടന്നുപോയതും ഒരുമിച്ചായിരുന്നു. എങ്കിലും, “വലതു കണ്ണിനു മുകളിലായി ഉണ്ടായ പരിക്കോടെ” അയാൾ രക്ഷപ്പെട്ടു. അതേസമയം, “പ്ലാറ്റ്ഫോമിന്റെ വക്കിലായി മുന്നോട്ട് ചാഞ്ഞുനിന്നുകൊണ്ട് മൊബൈൽ ഫോണിലൂടെ സംസാരിക്കുകയായിരുന്ന ഒരു ഹൈസ്കൂൾ വിദ്യാർഥി ഒരു ചരക്കുവണ്ടി ഇടിച്ചു മരിച്ചു.” ചിലപ്പോൾ ആളുകളുടെ കയ്യിൽനിന്ന് ഫോൺ റെയിൽപ്പാളത്തിലേക്കു വീഴാറുണ്ടെന്ന് സ്റ്റേഷൻ അധികൃതർ പറയുന്നു. തന്റെ ഫോൺ എടുക്കാനായി പാളത്തിലേക്ക് എടുത്തുചാടിയ ഒരു 26-കാരൻ ട്രെയിനിന്റെ അടിയിൽപ്പെട്ട് “ചതഞ്ഞരഞ്ഞു.” “റെയിൽവേ പ്ലാറ്റ്ഫോമുകൾ വളരെ അപകടം പിടിച്ച സ്ഥലമാണെന്ന കാര്യം മനസ്സിൽപ്പിടിക്കാൻ” റെയിൽവേ ഉദ്യോഗസ്ഥർ ആളുകളോട് ആവശ്യപ്പെടുന്നു.(g01 6/22)
ചിന്താഗതിയും വിമാനാപകടങ്ങളും
വിമാനാപകടങ്ങളുടെ നിരവധി കാരണങ്ങളിൽ ഒന്ന് അവയിലെ കോക്പിറ്റിനുള്ളിൽ ഉള്ളവരുടെ ആശയവിനിമയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സിംഗപ്പൂർ വർത്തമാനപത്രമായ ദ സ്ട്രെയിറ്റ്സ് ടൈംസിലെ ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. “ഏഷ്യയിൽ, കോക്പിറ്റിനകത്ത് ക്യാപ്റ്റനും കോപൈലറ്റും തമ്മിലുള്ള ഇടപെടലിൽ അധികാര പദവിയുമായി ബന്ധപ്പെട്ട ചിന്താഗതികൾ വളരെ സ്വാധീനം ചെലുത്തു”ന്നതായി റിപ്പോർട്ട് പറയുന്നു. “കോക്പിറ്റിലെ സർവാധികാരി ക്യാപ്റ്റനാണ്. അതുകൊണ്ട് കോപൈലറ്റ് എന്തെങ്കിലും തകരാറ് ശ്രദ്ധിച്ചാൽത്തന്നെ അതു ചൂണ്ടിക്കാണിക്കുന്നത് ക്യാപ്റ്റന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതായി കണക്കാക്കപ്പെടുമോ എന്ന ഭയത്താൽ മൗനം പാലിച്ചേക്കാം.” എന്തെങ്കിലും പ്രശ്നമുള്ളതായി കണ്ടെത്തിയാൽ പോലും ആളുകൾ അത് ചൂണ്ടിക്കാണിക്കാൻ മടിക്കുന്നത് “വെറുതെ അപ്രീതി സമ്പാദിക്കേണ്ടി വന്നേക്കാമെന്നതുകൊണ്ടാണ്.” അല്ലെങ്കിൽ, “അധികാരശ്രേണിയിലെ തങ്ങളുടെ സ്ഥാനം താഴ്ന്നതാ”യതിനാൽ തങ്ങളുടെ വിശ്വാസ്യത സംശയിക്കപ്പെടുമോ എന്ന് അവർ കരുതുന്നുണ്ടാകാം. ഒരു വിമാനത്തിന്റെ കോക്പിറ്റിൽ, കാര്യങ്ങൾ തുറന്നുപറയാൻ കോപൈലറ്റ് മടിക്കുന്നെങ്കിൽ, അത് അപകടസാധ്യത വർധിപ്പിച്ചേക്കാം.(g01 6/22)
പവിഴപ്പുറ്റുകൾ വലിയ അപകടത്തിൽ
ദക്ഷിണാഫ്രിക്ക മുതൽ ഇന്ത്യ വരെ, ഇൻഡ്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകൾ വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ് എന്ന് ദി ഇക്കണോമിസ്റ്റ് പറയുന്നു. “ഈ സമുദ്രത്തിലെ പവിഴപ്പുറ്റുകളുടെ 50-95% കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നശിച്ചുപോയി”രിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം സമുദ്ര ജൈവശാസ്ത്രജ്ഞർ അടുത്തയിടെ കണ്ടെത്തി. ഏതാനും ആഴ്ചകളിൽ കൂടുതൽ, സമുദ്ര താപനിലയിൽ 1 മുതൽ 2 വരെ ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടാകുന്നത് പവിഴപ്പുറ്റുകൾക്ക് താങ്ങാനാവാത്തതാണ് കാരണം. “1998-ൽ സെയ്ഷെൽസിന് ചുറ്റുമുള്ള താപനില സാധാരണ കാലിക താപനിലയെ അപേക്ഷിച്ച് 3 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു” എന്ന് റിപ്പോർട്ട് പറയുന്നു. ഇത് “ആഗോള താപവർധനവിന്റെ വലിയ തെളിവ്” ആയി ഗവേഷകർ വിശ്വസിക്കുന്നു. 1998/99-ൽ പവിഴപ്പുറ്റുകളുടെ നാശം മാലദ്വീപിന് 63 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് വരുത്തിവെച്ചത്. മനോഹരമായ പവിഴപ്പുറ്റുകൾ കാണാൻ ആശിച്ച് വന്നെത്തുന്ന വിനോദസഞ്ചാരികൾ “ചാരനിറത്തിലുള്ള പാഴ്കൂമ്പാരങ്ങളുടെ മടുപ്പിക്കുന്ന ദൃശ്യം കണ്ട് നിരാശരായി മടങ്ങുന്നു” എന്ന് ദി ഇക്കണോമിസ്റ്റ് പറയുന്നു. “ഭൂഗ്രഹത്തിലെ ഏറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥയുടെ വലിയൊരു ഭാഗം ഇപ്പോൾ താറുമാറായിരിക്കുന്നു” എന്ന് സ്വീഡിഷ് ശാസ്ത്രജ്ഞനായ ഓലോഫ് ലിൻഡൻ പറയുകയുണ്ടായി. പവിഴപ്പുറ്റുകൾ സമുദ്രത്തിൽ മത്സ്യങ്ങൾ പെറ്റുപെരുകുന്ന പ്രധാന ഇടങ്ങൾ ആയതുകൊണ്ട് മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്ന തീരവാസികൾക്കും ഈ ദുരന്തം ഭീഷണി ഉയർത്തുന്നു.(g01 6/22)
ഗുണമുള്ള വിറ്റാമിൻ
നാം കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ, സ്ക്രീനിലെ ശോഭയേറിയതും കടുത്തതുമായ പ്രകാശ ബിന്ദുക്കളോട് നമ്മുടെ കണ്ണുകൾ നിരന്തരമായി പ്രതികരിക്കുന്നുവെന്ന് ഒരു പോളിഷ് ആരോഗ്യ മാസികയായ സ്ഡ്രോവിയെ അഭിപ്രായപ്പെടുന്നു. ഈ ബിന്ദുക്കൾ എത്രയധികം ശക്തമാണോ അത്രയധികം നമ്മുടെ കണ്ണുകൾ റൊഡോപ്സിൻ ഉപയോഗപ്പെടുത്തുന്നു. കാഴ്ചയെ സഹായിക്കുന്ന, പ്രകാശസംവേദകത്വമുള്ള ഒരു വർണകമാണ് റൊഡോപ്സിൻ. റൊഡോപ്സിന്റെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വിറ്റാമിൻ-എ. സ്ഡ്രോവിയെ പറയുന്നതനുസരിച്ച് കരൾ, മീനെണ്ണ എന്നിവയിൽ വിറ്റാമിൻ-എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആഹാരത്തിൽ കൊഴുപ്പും കൊളസ്ട്രോളും നിയന്ത്രിക്കേണ്ടതായിട്ടുള്ളവർക്ക് ബീറ്റാ കാരോട്ടിൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാവുന്നതാണ്. സൂര്യപ്രകാശത്തിന്റെ സഹായത്താൽ ശരീരത്തിന് ബീറ്റാ കാരോട്ടിനെ വിറ്റാമിൻ-എ ആക്കി മാറ്റാൻ സാധിക്കും. മഞ്ഞ, ഓറഞ്ച്, പച്ച എന്നീ നിറങ്ങളിലുള്ള പച്ചക്കറികളിലും ഏപ്രിക്കോട്ട്, പീച്ച്, ഉണങ്ങിയ പ്ലം, മത്തങ്ങ, മാങ്ങ എന്നീ ഫലവർഗങ്ങളിലും ബീറ്റാ കാരോട്ടിൻ അടങ്ങിയിട്ടുണ്ട്. (g01 6/22)