വെള്ളത്തിന് ചെമപ്പു നിറം കൈവരുമ്പോൾ
വെള്ളത്തിന് ചെമപ്പു നിറം കൈവരുമ്പോൾ
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ
അതിരാവിലെ പതിവുപോലെ, തങ്ങളുടെ ബോട്ടുകളും വലകളും ഒരുക്കാനായി ആ മുക്കുവർ കടൽത്തീരത്തേക്കു നടക്കുകയാണ്. എന്നത്തെയും പോലെ അന്നും തങ്ങൾക്കു ധാരാളം മീൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ. എന്നാൽ ഉറക്കച്ചടവുള്ള അവരുടെ കണ്ണുകളെ നേരിട്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ്. ആയിരക്കണക്കിനു ചത്ത മീനുകൾ തീരത്തടിഞ്ഞിരിക്കുന്നു. ഈ കൂട്ട നാശത്തിനു കാരണമോ? ഒരു ചെന്തിര!
ചെന്തിരകൾ (Red tides) ഒരു ആഗോള പ്രതിഭാസമാണ്. ഐക്യനാടുകളുടെയും കാനഡയുടെയും അറ്റ്ലാന്റിക്, പസഫിക് തീരങ്ങളിൽ അവ കാണപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രൂണെയ്, വടക്കുപടിഞ്ഞാറൻ യൂറോപ്പ്, ജപ്പാൻ, മലേഷ്യ, പാപ്പുവ ന്യൂഗിനി, ഫിലിപ്പീൻസ് തുടങ്ങിയ ഇടങ്ങളിലും അവ ഉണ്ടായിട്ടുണ്ട്. താരതമ്യേന കുറച്ച് പേരെ അവയെ കുറിച്ചു കേട്ടിട്ടുള്ളെങ്കിലും, ചെന്തിരകൾ ഒരു പുതിയ പ്രതിഭാസമല്ല.
ഫിലിപ്പീൻസിൽ ആദ്യമായി ഒരു ചെന്തിര കാണപ്പെട്ടത് 1908-ൽ ബട്ടാൻ പ്രവിശ്യയിലാണ്. 1983-ൽ, ഒരു ചെന്തിര മൂലം സാമാർ കടലിലെ മാക്കേഡാ കടലിടുക്കിലെയും ബില്യാറേയാൽ കടലിടുക്കിലെയും മത്സ്യങ്ങൾക്കും കക്കകൾക്കും വിഷബാധയേറ്റു. അതിനുശേഷം, മറ്റു പല തീരദേശങ്ങളിലും ചെന്തിരകൾ കാണുകയുണ്ടായി. “മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിനു പുറമേ, ചെന്തിരകൾ മൂലമുണ്ടായ വിഷബാധ നിമിത്തം കക്കകൾക്കു തളർച്ചരോഗം ഉണ്ടായതിന്റെ 1,926 കേസുകൾ ഫിലിപ്പീൻസിലെ ബ്യൂറോ ഓഫ് ഫിഷറീസ് ആൻഡ് അക്വാറ്റിക് റിസോഴ്സസ് സ്ഥിരീകരിച്ചിട്ടുണ്ട്” എന്ന് ഫിലിപ്പീൻസ് നാഷണൽ റെഡ് ടൈഡ് ടാസ്ക് ഫോഴ്സിലെ സെനൈദാ ആബൂസോ ഉണരുക!യോടു പറഞ്ഞു. a എന്നാൽ എന്താണ് ഈ മാരകമായ പ്രതിഭാസം?
അവ എന്താണ്?
സമുദ്രത്തിന്റെ ചില ഭാഗങ്ങളിൽ ചിലപ്പോൾ ഉണ്ടാകാറുള്ള നിറം മാറ്റത്തിനാണ് “ചെന്തിര” എന്നു പറയുന്നത്. ഇങ്ങനെ ഉണ്ടാകുന്ന നിറം മിക്കപ്പോഴും ചെമപ്പ് ആയിരിക്കുമെങ്കിലും, തവിട്ടിന്റെയും മഞ്ഞയുടെയും നിറഭേദങ്ങളും കാണാറുണ്ട്. “ഇങ്ങനെ നിറം മാറിയ പ്രദേശങ്ങൾ ഏതാനും ചതുരശ്ര അടി അല്ലെങ്കിൽ ചതുരശ്ര മീറ്റർ മുതൽ 1,000 ചതുരശ്ര മൈൽ (2,600 ചതുരശ്ര കിലോമീറ്റർ) വരെ കണ്ടേക്കാം.”
ഇത്തരം നിറംമാറ്റത്തിന് കാരണം എന്താണ്? സൂക്ഷ്മാണുക്കളായ ഏകകോശ ആൽഗകളുടെയോ ഡൈനോഫ്ളാജലറ്റുകൾ എന്നു വിളിക്കപ്പെടുന്ന പ്രോട്ടോസോവകളുടെയോ ഏതാനും ഇനങ്ങളാണ് പൊതുവെ ചെന്തിരകൾ സൃഷ്ടിക്കുന്നത്. ഈ ചെറിയ സൂക്ഷ്മജീവികൾക്കു ഫ്ളാജെല്ലാ എന്നു വിളിക്കപ്പെടുന്ന രോമങ്ങൾ പോലുള്ള ഭാഗങ്ങളും വെള്ളത്തിലൂടെ മുന്നോട്ടു പോകാൻ സഹായിക്കുന്ന ചാട്ടപോലുള്ള വാലുകളും ഉണ്ട്. ഡൈനോഫ്ളാജല്ലകളുടെ ഏതാണ്ട് 2,000 ഇനങ്ങൾ ഉണ്ട്, അവയിൽ 30 എണ്ണം വിഷപദാർഥങ്ങൾ വഹിക്കുന്നവയാണ്. ഉപ്പുരസം വളരെ കൂടുതലുള്ള ഉഷ്ണജലത്തിലാണ് ഈ സൂക്ഷ്മാണുക്കൾ സാധാരണമായി വസിക്കുന്നത്.
സൂക്ഷ്മാണുക്കളായ ഈ ഡൈനോഫ്ളാജല്ലകളുടെ എണ്ണത്തിലെ ത്വരിതഗതിയിലുള്ള വർധനവാണ് ചെന്തിരയ്ക്കു കാരണം. ഈ സൂക്ഷ്മാണുക്കളുടെ എണ്ണം ഒരു ലിറ്റർ ജലത്തിൽ 5,00,00,000-യിലുമധികം കണ്ടേക്കാം! എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നു ശാസ്ത്രജ്ഞന്മാർക്കു പൂർണമായി അറിയില്ലെങ്കിലും, ചില അവസ്ഥകൾ ഒരേസമയം ജലത്തെ
ബാധിക്കുമ്പോൾ ഡൈനോഫ്ളാജല്ലകളുടെ എണ്ണം വളരെ വർധിക്കുന്നതായി അറിവായിട്ടുണ്ട്. അസാധാരണമായ കാലാവസ്ഥ, അനുയോജ്യമായ താപനില, ജലത്തിലെ പോഷകങ്ങളുടെ സമൃദ്ധി, വേണ്ടത്ര സൂര്യപ്രകാശം, അനുകൂലമായ ജലപ്രവാഹങ്ങൾ എന്നിവയൊക്കെ ഇവയിൽ പെടുന്നു. ചിലപ്പോൾ കനത്ത മഴയിൽ ധാതുക്കളും മറ്റു പോഷകങ്ങളും കരയിൽനിന്നു സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ഈ പോഷകങ്ങൾ ഡൈനോഫ്ളാജല്ലകൾ പെരുകുന്നതിനു കാരണമാകുന്നു. ഫലമോ? ചെന്തിരകൾ!ദുഃഖകരമെന്നു പറയട്ടെ, ചിലപ്പോൾ മനുഷ്യർ ഈ പ്രശ്നത്തെ വഷളാക്കുന്നതായി തോന്നുന്നു. വ്യാവസായിക പാഴ്വസ്തുക്കളും മനുഷ്യ മാലിന്യങ്ങളും വലിയ അളവിൽ കടലിലേക്കു പുറന്തള്ളുമ്പോൾ, ജലത്തിൽ ചില പോഷകങ്ങൾ അമിതമായി ഉണ്ടാകാൻ ഇടയാകുന്നു. ഡൈനോഫ്ളാജല്ലകളുടെ അതിവളർച്ചയെ അതു ത്വരിതപ്പെടുത്തുന്നു. തത്ഫലമായി, ജലത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്നു കുറയുകയും വളരെയധികം മത്സ്യങ്ങൾ ചത്തൊടുങ്ങുകയും ചെയ്യുന്നു.
സാധാരണഗതിയിൽ ചെന്തിരകൾ ഉണ്ടാകുന്നത് ഉഷ്ണ സമുദ്രങ്ങളിലും തീരത്തോടു ചേർന്നുള്ള ശാന്തമായ ജലത്തിലുമാണ്. ഇതു സംഭവിക്കുന്നത് വേനൽ അവസാനത്തിനും മഴക്കാല ആരംഭത്തിനും ഇടയ്ക്കുള്ള സമയത്താണ്. പ്രദേശത്തെ നിലവിലുള്ള അവസ്ഥകളെ ആശ്രയിച്ച് ഈ പ്രതിഭാസം ഏതാനും മണിക്കൂറുകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിന്നേക്കാം.
ഇതിന്റെ ഇരകൾ
മിക്ക ചെന്തിരകളും ഹാനികരമല്ല; എന്നാൽ ചിലത് അങ്ങേയറ്റം അപകടകരമാണ്. ചില തരത്തിലുള്ള ഡൈനോഫ്ളാജല്ലകൾ, മത്സ്യങ്ങളുടെയും മറ്റു സമുദ്രജീവികളുടെയും തളർച്ചരോഗത്തിനോ നാശത്തിനോ ഇടയാക്കുന്ന വിഷപദാർഥങ്ങൾ വെള്ളത്തിലേക്ക് തള്ളുന്നു. ഡൈനോഫ്ളാജല്ലകളെ തിന്നുജീവിക്കുന്ന മീനുകളും ചിപ്പികളും കൂന്തൽമത്സ്യങ്ങളും കക്കകളും ശംഖുകളും ചെമ്മീനും ഞണ്ടുകളുമൊക്കെ വൻതോതിൽ ചത്തൊടുങ്ങാൻ ചെന്തിരകൾ ഇടയാക്കിയിട്ടുണ്ട്. ഹാനികരമായ ഒരു ചെന്തിര ഉണ്ടാകുമ്പോൾ, മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയും പിന്നീട് കിലോമീറ്ററുകളോളം നീളത്തിൽ കരയിൽ വന്നടിയുകയും ചെയ്തേക്കാം.
അതു മനുഷ്യരെയും വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉപജീവനത്തിന് ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന സ്ഥലങ്ങളിൽ, ചെന്തിരകളുടെ ഫലമായി മുക്കുവന്മാർക്കു മീൻ കിട്ടാതായിട്ടുണ്ട്. അതിലും കഷ്ടം, ചെന്തിരകൾ ആളുകളുടെ മരണത്തിനു പോലും ഇടയാക്കിയിട്ടുണ്ട് എന്നതാണ്.
ചെന്തിര വിഷബാധ
ചില ഡൈനോഫ്ളാജല്ലകൾ പുറത്തുവിടുന്ന വിഷപദാർഥങ്ങളിൽ ഒന്നാണ് സാക്സിടോക്സിൻ. ജലത്തിൽ ലയിക്കുന്ന ഒരുതരം ഉപ്പായ ഇതു മനുഷ്യന്റെ നാഡീവ്യവസ്ഥയെ ആക്രമിക്കുന്നു. തന്മൂലം, അതിനെ ന്യൂറോടോക്സിൻ എന്നു വർഗീകരണം ചെയ്തിട്ടുണ്ട്. “ജലത്തിലേക്കു പുറന്തള്ളപ്പെടുന്ന വിഷപദാർഥങ്ങൾ മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. തിരകൾ വന്നടിക്കുന്നതു മൂലം ചെന്തിരയുടെ ഫലമായുള്ള വിഷപദാർഥങ്ങൾ വായുവിൽ കലരുന്നതിനാൽ ചില കടലോര ഉല്ലാസകേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്.
കക്കയിറച്ചിയും മറ്റു സമുദ്രോത്പന്നങ്ങളും നിങ്ങൾക്കു
പ്രിയമാണോ? ഡൈനോഫ്ളാജല്ലകളെ തിന്നുജീവിക്കുന്ന കക്കകൾക്ക് ചെന്തിരകൾ മൂലം വിഷബാധയേറ്റേക്കാം. ‘ചിപ്പികളും ശംഖുകളും കക്കകളും പോലുള്ള കക്കാപ്രാണികളും ബൈവാൽവുകളുമാണ് ഏറ്റവും വലിയ അപകടം വരുത്തിവെക്കുന്നത്. കാരണം, അവ വെള്ളം അരിച്ചെടുത്ത് ഭക്ഷണം കണ്ടെത്തുന്നവ ആയതിനാൽ മത്സ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ വിഷപദാർഥങ്ങൾ അവയുടെ ഉള്ളിൽ കടക്കുന്നു’ എന്ന് ഇൻഫോമാപ്പർ എന്ന മാസിക പ്രസ്താവിക്കുന്നു. എന്നിരുന്നാലും, “മീനുകളും കൂന്തൽമത്സ്യങ്ങളും ചെമ്മീനും ഞണ്ടുമൊക്കെ . . . മനുഷ്യർ ഭക്ഷണമായി ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.” കാരണം, ചെന്തിര മൂലമുള്ള വിഷപദാർഥങ്ങൾ അവയുടെ കുടലിലാണ് തങ്ങുന്നത്. സാധാരണഗതിയിൽ പാചകത്തിനു മുമ്പ് അവ നീക്കം ചെയ്യാറുണ്ട്.എങ്കിലും, ചെന്തിര മൂലം മലിനമായ പ്രദേശങ്ങളിൽനിന്നു കിട്ടുന്ന സമുദ്രജീവികളെ—പ്രത്യേകിച്ചും കക്കയിറച്ചി—ആഹാരമായി ഉപയോഗിക്കുന്നതിനെതിരെ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. അത്തരം തിരകൾ പാരാലിറ്റിക് ഷെൽഫിഷ് പോയ്സണിങ് എന്നു വിളിക്കപ്പെടുന്ന ഒരു അവസ്ഥയ്ക്കു കാരണമായേക്കാം. ചെന്തിരയുടെ ഫലമായുള്ള വിഷപദാർഥങ്ങൾ നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ, 30 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് അവയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന ചാർട്ടിൽ അവയുടെ ചില ലക്ഷണങ്ങൾ നൽകിയിരിക്കുന്നു. ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം, പാരാലിറ്റിക് ഷെൽഫിഷ് പോയ്സണിങ് ശ്വാസകോശ തളർച്ചയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
ചെന്തിര മൂലമുള്ള വിഷബാധയ്ക്കു നിലവിൽ യാതൊരു പ്രതിവിധിയും ഇല്ല. എന്നാൽ ചില അടിയന്തിര നടപടികൾക്കു നല്ല ഫലം ഉണ്ടായിട്ടുണ്ട്. രോഗിയെ ഛർദിപ്പിച്ച് അയാളുടെ വയറ്റിൽനിന്നു വിഷപദാർഥങ്ങൾ നീക്കാനാകും. രോഗിയുടെ ആമാശയത്തിലേക്ക് ഒരു കുഴൽ ഇറക്കി വയറുകഴുകി വിഷപദാർഥങ്ങൾ നീക്കം ചെയ്യുന്ന രീതിയുമുണ്ട്. ചില കേസുകളിൽ, കൃത്രിമ ശ്വാസം നൽകേണ്ടത് ആവശ്യമായി വരുന്നു. ബ്രൗൺ ഷുഗർ ചേർത്ത തേങ്ങാപ്പാൽ കൊടുക്കുന്നത് വേഗത്തിൽ സുഖം പ്രാപിക്കാൻ രോഗിയെ സഹായിക്കുന്നു എന്നു ഫിലിപ്പീൻസിലുള്ള ചിലർ കരുതുന്നു.
പരിഹാരം
നിലവിൽ, ചെന്തിരകൾ ഏറെയും നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കുന്നെങ്കിൽ, ചെന്തിരകൾ എന്ന പ്രശ്നം കുറയ്ക്കാനാകും എന്നു പലരും വിശ്വസിക്കുന്നു. അവ സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നത് ഇതുമൂലം തടയാനാകും. വ്യാവസായിക പാഴ്വസ്തുക്കളും മനുഷ്യ മാലിന്യങ്ങളും വെള്ളത്തിലേക്കു തള്ളാതിരിക്കുന്നതും ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ഡൈനോഫ്ളാജല്ലകൾ പെരുകാൻ ഇടയാക്കുന്ന പോഷകങ്ങളുടെ ഉറവിടങ്ങൾ തീരപ്രദേശത്തുനിന്നു നീക്കുന്നതാണു മറ്റൊരു മാർഗം.
ഇപ്പോൾ ചില ഗവൺമെന്റുകൾ ഈ സ്ഥിതിവിശേഷത്തെ അടുത്തുനിരീക്ഷിക്കുകയാണ്. ഉദാഹരണത്തിന്, ഫിലിപ്പീൻസിൽ പ്രാദേശിക, അന്താരാഷ്ട്ര വിപണികളിൽ കക്കയുടെ ഉപയോഗത്തിനു സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഒരു ഗവൺമെന്റ് ഏജൻസി അവയെ നിരന്തരം പരിശോധനയ്ക്കു വിധേയമാക്കുന്നു. എന്നാൽ, ചെന്തിര എന്ന പ്രതിഭാസം നിമിത്തം മനുഷ്യർക്ക് ഉണ്ടാകുന്ന ഹാനികരമായ ഫലങ്ങളെ അന്തിമമായി നീക്കം ചെയ്യാൻ സ്രഷ്ടാവിനു മാത്രമേ കഴിയൂ.(g01 6/8)
[അടിക്കുറിപ്പ]
a ഫിലിപ്പീൻസിൽ, കക്കകളിൽ തളർച്ചരോഗത്തിന് ഇടയാക്കുന്ന വിഷബാധയെ ചെന്തിരകളുമായി നേരിട്ടു ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ പ്രതിഭാസം ഉണ്ടായിട്ടുള്ള എല്ലാ രാജ്യങ്ങളിലെയും അവസ്ഥകൾ അങ്ങനെ ആയിരിക്കണമെന്നില്ല എന്നു ചില വിദഗ്ധർ പറയുന്നു.
[24-ാം പേജിലെ ചതുരം]
ചെന്തിര വിഷബാധയുടെ ലക്ഷണങ്ങൾ
1.ചുണ്ടുകൾക്കും മോണയ്ക്കും നാക്കിനും തരിപ്പ് അല്ലെങ്കിൽ നീറ്റൽ അനുഭവപ്പെടുന്നു
2.മുഖത്ത് മരവിപ്പും തരിപ്പും ഉണ്ടാകുന്നു, പിന്നീട് അതു മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിക്കുന്നു
3.തലവേദനയും തലകറക്കവും
4.കടുത്ത ദാഹവും അമിതമായ തുപ്പലും
5.ഓക്കാനവും ഛർദിയും വയറിളക്കവും
6.ശ്വസിക്കാനും സംസാരിക്കാനും ആഹാരസാധനങ്ങൾ ഇറക്കാനും ബുദ്ധിമുട്ട്
7.സന്ധിവേദനയും തലചുറ്റലും
8.വർധിച്ച നാഡിമിടിപ്പ്
9.പേശികളുടെ കരുത്തു കുറയുകയും ശരീരത്തിന്റെ സമനില നഷ്ടമാകുകയും ചെയ്യുന്നു
10.ശരീരത്തിന്റെ പക്ഷാഘാതം
[24, 25 പേജുകളിലെ ചിത്രങ്ങൾ]
ചെന്തിരകൾക്കു കാരണമായ അണുക്കൾ
പൈറോഡിനിയം ബഹാമെൻസ്
ജിംനോഡിനിയം കാറ്റെനാട്ടും
ഗാംബിയെർഡിസ്കസ് ടോക്സിക്കസ്
[കടപ്പാട്]
Courtesy of Dr. Rhodora V. Azanza, University of the Philippines
Courtesy of Dr. Haruyoshi Takayama
ASEAN-Canada Cooperative Programme on Marine Science
[25-ാം പേജിലെ ചിത്രം]
ചെന്തിരയുടെ ഫലങ്ങൾ
[കടപ്പാട്]
Grant Pitcher/Courtesy WHOI
[23-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Peter J. S. Franks, Scripps Institution of Oceanography
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Scripps Institution of Oceanography