അതിദാരുണമായ ഒരു ദുരന്തവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു
അതിദാരുണമായ ഒരു ദുരന്തവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു
ജയിംസ് ജാറാനോ പറഞ്ഞപ്രകാരം
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് മുത്തശ്ശീമുത്തശ്ശന്മാർ ആയിരിക്കുക എന്നത്. ഞാനും ഭാര്യ വിക്കിയും ഞങ്ങളുടെ ആദ്യത്തെ പേരക്കുട്ടിയുടെ ജനനത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ മകൾ തെരേസയും ഭർത്താവ് ജോനഥനും 2000 ഒക്ടോബർ ആദ്യത്തോടെ തങ്ങളുടെ കുഞ്ഞിന്റെ വരവു പ്രതീക്ഷിച്ചു. അതിദാരുണമായ ഒരു ദുരന്തമാണ് ഞങ്ങളെ കാത്തിരിക്കുന്നതെന്ന് അപ്പോൾ ഞങ്ങൾ അറിഞ്ഞതേയില്ല.
ചില ബന്ധുക്കളെ കാണാനും നോർത്ത് കരോലിനയുടെ തീരപ്രദേശത്ത് ഒരു ആഴ്ച ചെലവഴിക്കാനുമായി സെപ്റ്റംബർ 23 ശനിയാഴ്ച ഞാനും ഭാര്യയും മകനും മരുമകളും കൂടെ യാത്രതിരിച്ചു. തെരേസയും ജോനഥനും ഞങ്ങളോടൊപ്പം വരുന്നില്ല എന്നു തീരുമാനിച്ചു. കാരണം, തെരേസയ്ക്ക് അത് ഒമ്പതാം മാസം ആയിരുന്നു. കൂടാതെ ഒഹായോയിലെ ഞങ്ങളുടെ ഭവനത്തിൽനിന്ന് ഏകദേശം 11 മണിക്കൂർ നീണ്ട യാത്രയും ഉൾപ്പെട്ടിരുന്നു.
ആ യാത്ര മാറ്റിവെക്കുന്നതായിരിക്കും നല്ലതെന്ന് ഞങ്ങൾക്കു തോന്നി. എന്നാൽ പോയിട്ടുവരാൻ തെരേസ ഞങ്ങളെ നിർബന്ധിച്ചു. തനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന് അവൾ ഞങ്ങൾക്ക് ഉറപ്പു നൽകി. മാത്രമല്ല അവളുടെ പ്രസവത്തിന് പിന്നെയും രണ്ടാഴ്ച കൂടിയുണ്ടായിരുന്നു. അതിനു മുമ്പ് പ്രസവം നടക്കാൻ സാധ്യതയില്ല എന്ന് അവളുടെ ഡോക്ടർ പറഞ്ഞിരുന്നു.
രണ്ടായിരം സെപ്റ്റംബർ 27 ബുധനാഴ്ച. കഴിഞ്ഞ ഏതാനും വർഷമായി ഈ പ്രദേശത്ത് സമയം ചെലവഴിക്കാൻ ഞങ്ങളുടെ കുടുംബം പതിവായി എത്തിയിരുന്നതിന്റെ കാരണം എന്നെ അനുസ്മരിപ്പിക്കും വിധം സുന്ദരമായ ഒരു ദിവസം ആയിരുന്നു അത്. ആ ദിവസം അവസാനിക്കുന്നതിനു മുമ്പ് ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിയുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
“തെരേസയെ കാണ്മാനില്ല!”
അന്നു സന്ധ്യക്ക് ഒഹായോയിൽനിന്ന് എന്റെ അനുജന്റെ ഫോൺ വന്നു. വളരെ വിഷമിച്ച് അവൻ ഇത്രയും പറഞ്ഞൊപ്പിച്ചു: “തെരേസയെ കാണ്മാനില്ല!” അവളുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ ദുരൂഹത നിറഞ്ഞതായിരുന്നതിനാൽ പോലീസിൽ വിവരമറിയിച്ചിരുന്നു. അന്ന് വൈകുന്നേരം ജോനഥൻ വീട്ടിലെത്തിയപ്പോൾ മുൻ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. തെരേസയുടെ പ്രഭാതഭക്ഷണം അപ്പോഴും മേശപ്പുറത്ത് ഇരിക്കുകയായിരുന്നു. അവളുടെ പേഴ്സും വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. വിചിത്രമായ മറ്റൊരു സംഗതി, അവളുടെ ഷൂസ്—ഒമ്പതാം മാസത്തിൽ അവൾക്കു പാകമായിരുന്ന ഏക ജോഡി—അപ്പോഴും കതകിനടുത്തു തന്നെ ഉണ്ടായിരുന്നു എന്നതാണ്.
രാവിലെ 9:30-നോടടുത്ത് ജോനഥൻ വീട്ടിലേക്കു വിളിച്ചിരുന്നു. വിൽക്കാനുള്ള തങ്ങളുടെ കാർ വന്ന് കാണാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ് ഒരു സ്ത്രീ ഫോൺ ചെയ്തിരുന്ന കാര്യം തെരേസ അപ്പോൾ പറഞ്ഞിരുന്നു. അതു കഴിഞ്ഞ് തെരേസ ചില ജോലികൾ ചെയ്തുതീർക്കാൻ പുറത്തു പോകാനിരിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ജോനഥൻ വീട്ടിലേക്കു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. അതിനുശേഷം ഉച്ചകഴിഞ്ഞ് ഇടയ്ക്കിടയ്ക്ക് ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും യാതൊരു മറുപടിയും ഇല്ലായിരുന്നു. വൈകുന്നേരം 4:15-ഓടെ ജോനഥൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കാർ അവിടെ ഇല്ലായിരുന്നു. ഒരുപക്ഷേ തെരേസയ്ക്ക് പെട്ടെന്ന് പ്രസവവേദന തുടങ്ങിയിട്ട് ആശുപത്രിയിൽ പോയതായിരിക്കുമെന്നു വിചാരിച്ച് ജോനഥൻ അങ്ങോട്ടു വിളിച്ചു ചോദിച്ചു. എന്നാൽ അവൾ അവിടെ എത്തിയിട്ടില്ലായിരുന്നു. ചില ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും
അവരാരും അവളെ കണ്ടിരുന്നില്ല. ആകെ പരിഭ്രാന്തനായ ജോനഥൻ പോലീസിൽ വിവരമറിയിച്ചു. ഏകദേശം 6:00 മണിയോടെ അവരുടെ വീട്ടിൽനിന്നും വളരെ അകലെയല്ലാതെ പോലീസ് കാർ കണ്ടെത്തി. എന്നാൽ തെരേസയെ കുറിച്ച് അപ്പോഴും യാതൊരു വിവരവും ഇല്ലായിരുന്നു.നോർത്ത് കരോലിനയിൽ ആയിരുന്ന ഞങ്ങൾ ഈ വാർത്ത കേട്ട് സ്തംഭിച്ചുപോയി. പെട്ടെന്നുതന്നെ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. ആ നീണ്ട യാത്രയിൽ ഉടനീളം ഉള്ളിൽ വികാരങ്ങൾ ഇരമ്പിക്കൊണ്ടിരുന്നു. രാത്രി മുഴുവനും യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ ഞങ്ങൾ ഒഹായോയിൽ എത്തി.
അന്വേഷണത്തിന് ഒരു വഴിത്തിരിവ്
ഈ സമയത്ത് ജോനഥനും ചില ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മറ്റുള്ളവരും രാത്രി മുഴുവനും പോലീസിനോടൊപ്പം തെരേസയ്ക്കായുള്ള തിരച്ചിലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. തിരച്ചിൽ അഞ്ചു ദിവസം നീണ്ടുനിന്നു. തീ തിന്നാണ് ഞങ്ങൾ ആ ദിവസങ്ങൾ തള്ളിനീക്കിയത്. ഒടുവിൽ ഒക്ടോബർ 2 തിങ്കളാഴ്ച അന്വേഷണത്തിന് ഒരു വഴിത്തിരിവുണ്ടായി. ബുധനാഴ്ച രാവിലെ തെരേസയുടെ വീട്ടിലേക്കു വന്ന ഫോൺ എവിടെ നിന്നായിരുന്നെന്ന് അതിനോടകം പോലീസ് കണ്ടുപിടിച്ചിരുന്നു. ഏതാനും ബ്ലോക്കുകൾ അപ്പുറം താമസിക്കുന്ന ഒരു സ്ത്രീ മൊബൈൽ ഫോൺ ഉപയോഗിച്ച് വിളിച്ചതായിരുന്നു അത്.
ആ സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ പോലീസിന് സംശയം തോന്നി. അന്നു വൈകുന്നേരം പോലീസ് ആ സ്ത്രീയുടെ വീട്ടിലേക്കു മടങ്ങിച്ചെന്നു. എന്നാൽ അവർ വാതിലിനടുത്ത് എത്തിയപ്പോൾ അകത്ത് തോക്കിൽനിന്നു നിറയൊഴിക്കുന്ന ശബ്ദം കേട്ടു. വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോൾ ആ സ്ത്രീ മരിച്ചു കിടക്കുന്നതാണു കണ്ടത്. അവർ സ്വയം വെടിവെക്കുകയായിരുന്നു. രണ്ടാം നിലയിൽ ചെന്ന് നോക്കിയപ്പോൾ അവർ അതിശയിച്ചു പോയി. ഒരു ഇളംകുഞ്ഞ് അവിടെ നടന്ന ബഹളമൊന്നും അറിയാതെ സുഖമായി കിടന്ന് ഉറങ്ങുന്നു!
എന്നാൽ അപ്പോഴും തെരേസ എവിടെയാണ് എന്നതിനെ കുറിച്ച് ഒരു തുമ്പും ഇല്ലായിരുന്നു. അവൾ അവിടെ ഉണ്ടായിരുന്നതിന്റെ എന്തെങ്കിലും തെളിവിനായി അടുത്ത ഏതാനും മണിക്കൂർ പോലീസ് ആ വീട് മുഴുവനും അരിച്ചുപെറുക്കി. ചൊവ്വാഴ്ച വെളുപ്പിന് അന്വേഷണം സമാപിച്ചു. ഗരാജിനകത്ത് അധികം ആഴത്തിലല്ലാതെ തെരേസയുടെ ജഡം കുഴിച്ചിട്ടിരിക്കുന്നത് അവർ കണ്ടെത്തി. പിന്നീട്, സംശയാസ്പദ മരണങ്ങളെ കുറിച്ച് അന്വേഷിച്ചു തെളിവെടുക്കുന്ന ഉദ്യോഗസ്ഥന്റെ അന്വേഷണത്തിൽ ശക്തമായ അടിയേറ്റ് ബോധരഹിതയായ തെരേസയുടെ പുറത്ത് വെടിവെക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. അവൾ തത്ക്ഷണം മരിച്ചിരുന്നു. അതിനുശേഷം കുഞ്ഞിനെ അവളുടെ ഗർഭപാത്രത്തിൽനിന്ന് എടുക്കുകയായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ അവൾ അധികം വേദന അനുഭവിച്ചില്ല എന്നുള്ളത് ഒരൽപ്പം ആശ്വാസം നൽകുന്നു.
കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. അവൻ പൂർണ ആരോഗ്യവാനായിരുന്നു—അവന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല! നിയമപരമായി നടത്തേണ്ടിയിരുന്ന ഡിഎൻഎ പരിശോധനയിൽ അവൻ ഞങ്ങളുടെ പേരക്കുട്ടി തന്നെയാണെന്നു തെളിഞ്ഞു. താനും തെരേസയും കൂടെ അവനു വേണ്ടി കണ്ടുപിടിച്ചുവെച്ചിരുന്ന പേർ ജോനഥൻ അവനു നൽകി—ഓസ്കർ ഗാവിൻ. കുറച്ചു ദിവസം ആശുപത്രിയിൽ കിടത്തിയ ശേഷം ഒക്ടോബർ 5 വ്യാഴാഴ്ച, 3 കിലോഗ്രാം 950 ഗ്രാം തൂക്കമുള്ള ഞങ്ങളുടെ കൊച്ചുമകനെ അധികൃതർ അവന്റെ അച്ഛനു വിട്ടുകൊടുത്തു. കൊച്ചുമകനെ കിട്ടിയതിൽ ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു. എന്നാൽ അവനെ എടുക്കാൻ തെരേസ അവിടെ ഇല്ലായിരുന്നത് ഞങ്ങളെ എത്രമാത്രം തളർത്തിക്കളഞ്ഞെന്നു പറഞ്ഞറിയിക്കാൻ ആവില്ല.
സമൂഹത്തിന്റെ പ്രതികരണം
ആളുകളുടെ—മിക്കപ്പോഴും ഞങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുടെ—അകമഴിഞ്ഞ സഹായം കണ്ട് എന്റെയും കുടുംബത്തിന്റെയും കണ്ണു നിറഞ്ഞുപോയിട്ടുണ്ട്. തെരേസയെ കാണ്മാനില്ലാഞ്ഞ ദിവസങ്ങളിൽ അവൾക്കു വേണ്ടി തിരച്ചിൽ നടത്താൻ നൂറുകണക്കിന് ആളുകളാണ് സ്വമേധയാ എത്തിച്ചേർന്നത്. അനേകർ പണം സംഭാവന ചെയ്തു. പ്രാദേശിക ഓഫീസുകൾക്ക് ആവശ്യമായ സാധനങ്ങൾ പ്രദാനം ചെയ്യുന്ന പല കടകളും സൗജന്യമായി ആയിരക്കണക്കിനു നോട്ടീസുകൾ അച്ചടിച്ചു. ആ നോട്ടീസുകൾ സന്നദ്ധ സേവകർ തെരേസയുടെ വീടിനു ചുറ്റും, അനേകം കിലോമീറ്റർ ദൂരെ വരെ വിതരണം ചെയ്തു.
സ്ഥലത്തെ ഒരു അഭിഭാഷകൻ അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു ക്രിസ്തീയ സഹോദരിയിൽനിന്ന് ഞങ്ങളുടെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങളെ സഹായിക്കാമെന്നു പറഞ്ഞു. ഞങ്ങൾ ആ സഹായം സ്വീകരിച്ചു. അതൊരു വലിയ അനുഗ്രഹമായി. മാധ്യമങ്ങളുമായി ഇടപെടുന്നതിലും ഉയർന്നുവന്ന ചില നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം ഞങ്ങളെ സഹായിച്ചു. കൂടാതെ കേസിൽ വളരെയധികം സഹായിച്ച രണ്ടു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർമാരെ ശുപാർശ ചെയ്തതും അദ്ദേഹമാണ്. ഞങ്ങളിലുള്ള അവരുടെ യഥാർഥ താത്പര്യം വളരെ ഹൃദയസ്പർശകമായിരുന്നു.
ഞങ്ങളുടെ കൊച്ചുമകനെ കണ്ടുകിട്ടിക്കഴിഞ്ഞപ്പോൾ മുതൽ പിന്തുണയുടെ ആക്കം വർധിച്ചു. അനേകം പലചരക്കുകടകൾ ഭക്ഷണവും വീട്ടുസാമാനങ്ങളും പ്രദാനം ചെയ്തു. അനേകരും ഓസ്കറിനു വേണ്ടി വസ്ത്രങ്ങളും ഡിസ്പോസിബിൾ ഡയപ്പറുകളും ബേബി ഫുഡും കളിപ്പാട്ടങ്ങളുമൊക്കെ സംഭാവന ചെയ്തു. ലഭിച്ച സാധനങ്ങൾ ഓസ്കറിന് ഉപയോഗിക്കാൻ കഴിയുന്നതിനെക്കാൾ വളരെ കൂടുതലായിരുന്നു. അതുകൊണ്ട് മിച്ചമുള്ളവ ഞങ്ങൾ ഒരു പ്രാദേശിക ആശുപത്രിയിലെ പ്രസവ വാർഡിലേക്കായി നൽകി. മാധ്യമങ്ങൾ സംഭവത്തെ കുറിച്ചു റിപ്പോർട്ടു ചെയ്തിരുന്നതിനാൽ ഞങ്ങൾക്ക് ആയിരക്കണക്കിന് കാർഡുകളും കത്തുകളും ലഭിച്ചു—ഞങ്ങൾ താമസിക്കുന്ന പ്രദേശത്തുനിന്നു മാത്രമല്ല പിന്നെയോ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും.
ഒക്ടോബർ 8-ാം തീയതി ഞായറാഴ്ച തെരേസയ്ക്കു വേണ്ടി നടത്തിയ അനുസ്മരണ യോഗത്തിൽ ഈ പിന്തുണ പ്രത്യേകിച്ചും പ്രകടമായി. അനേകർക്കും സംബന്ധിക്കാൻ ആഗ്രഹമുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ വന്നവരുടെ എണ്ണം ഞങ്ങൾ പ്രതീക്ഷിച്ചതിലുമൊക്കെ വളരെ കൂടുതൽ ആയിരുന്നു. 1,400-ൽ അധികം
പേർക്ക് ഇരിക്കാവുന്ന ഒരു പ്രാദേശിക ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തിയത്. ഹാൾ നിറച്ചും ആളുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെ മേയറും സമൂഹത്തിലെ മറ്റുള്ളവരും ഹാജരായിരുന്നു. മാധ്യമങ്ങളുടെ പ്രതിനിധികളും എത്തിയിരുന്നു. പ്രാദേശിക ടെലിവിഷൻ സ്റ്റേഷനുകൾ പ്രസംഗം സംപ്രേഷണം ചെയ്തു. ഇന്റർനെറ്റിലും അതിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. കൂടാതെ നൂറുകണക്കിന് ആളുകൾ സ്കൂളിന്റെ വരാന്തയിലും പുറത്ത് മഴയും തണുപ്പുമേറ്റു കുടക്കീഴിലും നിന്നു പ്രസംഗം ശ്രദ്ധിച്ചു. ആ പ്രസംഗത്തിലൂടെ ഞങ്ങളുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങളെ കുറിച്ചുള്ള വിപുലമായ ഒരു സാക്ഷ്യം നൽകപ്പെട്ടു.അതിനുശേഷം ക്ഷമാപൂർവം വരിയായി കാത്തുനിന്ന് നൂറുകണക്കിനു പേർ ഞങ്ങളെ അനുശോചനം അറിയിച്ചു. അവരെയെല്ലാം ആശ്ലേഷിക്കുകയും വന്നതിന് നന്ദി പറയുകയും ചെയ്തുകൊണ്ട് ഞങ്ങൾ ഏകദേശം മൂന്നു മണിക്കൂർ അവിടെ നിന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മറ്റുള്ളവരും ഉൾപ്പെടെ ഞങ്ങളുടെ കൊച്ചുമകനെ വീണ്ടുകിട്ടുന്നതിൽ സഹായിച്ച 300-ലധികം പേർക്ക് ചടങ്ങിനു ശേഷം ഒരു പ്രാദേശിക ഹോട്ടൽ ഭക്ഷണം പ്രദാനം ചെയ്തു.
ഞങ്ങളെ സഹായിക്കാൻ ആളുകൾ—കൂടുതലും അപരിചിതർ—ചെയ്ത കാര്യങ്ങളോടുള്ള ഞങ്ങളുടെ വിലമതിപ്പ് എത്ര പറഞ്ഞാലും മതിയാവില്ല. ഈ അനുഭവം ക്രിസ്തീയ ശുശ്രൂഷയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാനുള്ള ദൃഢതീരുമാനമെടുക്കാൻ ഞങ്ങളെ സഹായിച്ചിരിക്കുന്നു. എന്തെന്നാൽ ഈ ലോകത്തിൽ നല്ല ഹൃദയമുള്ള അനേകരുണ്ട്. അവർക്ക് ദൈവരാജ്യ സുവാർത്ത എത്തിച്ചുകൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.—മത്തായി 24:14.
സഭ പ്രതികരിച്ച വിധം
ഈ പരിശോധനയുടെ തുടക്കം മുതൽ ഞങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാർ എല്ലായ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ സഹവസിക്കുന്ന യഹോവയുടെ സാക്ഷികളുടെ സഭയിൽ ഉള്ള സഹോദരങ്ങൾ മാത്രമല്ല ചുറ്റുവട്ടത്തുള്ള മറ്റു സഭകളിൽനിന്നുള്ളവരും സദാ സഹായിക്കാൻ സന്നദ്ധരായി ഉണ്ടായിരുന്നു.
നോർത്ത് കരോലിനയിൽനിന്ന് ഞങ്ങൾ വീട്ടിൽ എത്തുന്നതിനു മുമ്പുതന്നെ ഞങ്ങളുടെ സഭയിലെ മൂപ്പന്മാർ തെരേസയെ കണ്ടെത്താനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുന്നതിനു സഹായിച്ചിരുന്നു. സഹോദരങ്ങളിൽ അനേകരും അന്വേഷണത്തിൽ പങ്കുചേരാൻ ജോലിയിൽനിന്നു ലീവെടുത്തു. തങ്ങൾ ശമ്പളം ഇല്ലാതെ ലീവെടുക്കാൻ സന്നദ്ധരാണെന്നു ചിലർ തൊഴിലുടമകളോടു പറഞ്ഞു. എന്നാൽ ചിലർക്ക് തൊഴിലുടമകൾ ശമ്പളം കുറയ്ക്കാതെ തന്നെ ലീവു നൽകി. തെരേസയെ കാണാതായ ദിവസങ്ങളിൽ ആത്മീയ സഹോദരന്മാരിൽ ചിലർ ജോനഥനു കൂട്ടായി അവനോടൊപ്പം പോയി താമസിച്ചു. സഹോദരീസഹോദരന്മാരിൽ അനേകരും വന്ന് ഞങ്ങളുടെ വീട് വൃത്തിയാക്കി. മറ്റുള്ളവർ സന്നദ്ധ സേവകർക്കായി ഭക്ഷണം തയ്യാറാക്കുന്നതിലും വീട്ടിലേക്കു ഫോൺ വിളിച്ചവരോടു മറുപടി പറയുന്നതിലും സഹായിച്ചു.
തെരേസ മരിച്ച് ആറ് ആഴ്ച കഴിഞ്ഞപ്പോൾ എന്റെ ഭാര്യയും ജോനഥനും ഒരു വെല്ലുവിളിയെ നേരിട്ടു. തെരേസയുടെ സാധനങ്ങളെല്ലാം നോക്കി തരംതിരിക്കുകയും അവളുടെ വീടു കാലിയാക്കുകയും ചെയ്യുക എന്ന വളരെ വേദനാജനകമായ ജോലി ആയിരുന്നു അത്. തെരേസയോടൊപ്പം താമസിച്ച വീട്ടിൽ ഇനി തനിക്കു കഴിയാനാവില്ല എന്നു തോന്നിയതിനാൽ ജോനഥൻ ആ വീടു വിൽക്കാൻ തീരുമാനിച്ചു. തെരേസയുടെ ഓരോ സാധനവും അവളെ കുറിച്ചുള്ള സ്മരണകൾ ഉണർത്തി. അവളുടെ അഭാവം അവർക്ക് വളരെയധികം അനുഭവപ്പെട്ടു. ഇവിടെയും സഹോദരങ്ങൾ സഹായത്തിനെത്തി. അവളുടെ സാധനങ്ങൾ പെട്ടികളിൽ ആക്കാൻ അവർ സഹായിച്ചു. വിൽപ്പനയ്ക്കു മുമ്പ് വീടിനു ചെയ്യേണ്ടിയിരുന്ന ചില അറ്റകുറ്റപ്പണികൾ പോലും അവർ നടത്തി.
ഏറ്റവും പ്രധാനമായി, ഞങ്ങളുടെ സഹോദരീസഹോദരന്മാർ ഞങ്ങളുടെ കുടുംബത്തിന് ആവശ്യമായിരുന്ന ആത്മീയവും വൈകാരികവുമായ പിന്തുണ നൽകി. ഞങ്ങളെ പ്രോത്സാഹിപ്പിക്കാൻ അവർ ഫോൺ വിളിക്കുകയും വീട്ടിൽ വരികയും ചെയ്തു. പലരും ഞങ്ങൾക്ക് വളരെ ഹൃദയസ്പർശിയായ കാർഡുകളും കത്തുകളും അയച്ചു. ആദ്യത്തെ ഏതാനും ദിവസത്തേക്കു മാത്രമല്ല സ്നേഹപൂർവകമായ ഈ പിന്തുണ ഉണ്ടായിരുന്നത്. മാസങ്ങളോളം അതു തുടർന്നു.
സദൃശവാക്യങ്ങൾ 17:17; 18:24.
ഞങ്ങൾ പറയുന്നതു കേൾക്കാൻ ആരെങ്കിലും വേണമെന്നു തോന്നുമ്പോൾ തങ്ങളെ അറിയിക്കാൻ പലരും ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ ദയാപൂർവകമായ ഈ സഹായം സ്വീകരിച്ചിട്ടുണ്ട്. സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുമായി വികാരങ്ങൾ പങ്കുവെക്കാൻ കഴിയുക എന്നത് എത്ര വലിയ ആശ്വാസമാണെന്നോ! “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു” എന്ന ബൈബിൾ സദൃശവാക്യത്തിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ തന്നെയാണ് അവർ.—ഞങ്ങളുടെ കുടുംബത്തിന്മേലുള്ള ഫലം
തെരേസയുടെ കൊലപാതകവുമായി പൊരുത്തപ്പെടുക എന്നത് എന്നെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. അത് ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. അവൾ എന്നോടൊപ്പം ഇല്ലാത്തതിൽ ചില സമയങ്ങളിൽ എനിക്കു ദേഷ്യം തോന്നാറുണ്ട്. എന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമൊന്നും എന്റെ മോളില്ലല്ലോ എന്നോർക്കുമ്പോൾ ഞാനാകെ തകർന്നു പോകുന്നു.
തെരേസയും അവളുടെ അമ്മയും തമ്മിൽ വലിയ അടുപ്പമായിരുന്നു. അവർ പരസ്പരം സംസാരിക്കാതെ കടന്നു പോയ ഒരൊറ്റ ദിവസം പോലും ഉണ്ടായിരുന്നില്ല. തെരേസ ഗർഭിണിയായപ്പോൾ അതിനെ കുറിച്ചു സംസാരിച്ചുകൊണ്ട് അവർ മണിക്കൂറുകൾ ചെലവഴിച്ചു. കുഞ്ഞിനു വേണ്ടിയുള്ള മുറി ഒരുക്കിയതെല്ലാം അവർ ഒരുമിച്ചായിരുന്നു.
വിക്കി തന്റെ വികാരങ്ങൾ പങ്കുവെക്കുന്നു: “അവളുടെ അഭാവം എനിക്ക് അനുഭവപ്പെടുന്ന വളരെയേറെ സന്ദർഭങ്ങളുണ്ട്. അവളോടൊപ്പം പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നത്, ഒരുമിച്ച് കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നത്, അങ്ങനെ പലതും. അവളെ കുഞ്ഞിനോടൊപ്പം കാണാൻ കഴിയാഞ്ഞതിലാണ് എനിക്ക് ഏറ്റവും വിഷമം—അതോർക്കുമ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോകുന്നതു പോലെ തോന്നും. ഓസ്കറിനെ അവൻ ജനിക്കുന്നതിനു മുമ്പുതന്നെ അവൾ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് എനിക്ക് അറിയാം. തനിക്ക് ഒരു ആൺകുഞ്ഞാണ് ഉണ്ടാകാൻ പോകുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. ഞാൻ കുഞ്ഞിന് ഒരു പുതപ്പ് ഉണ്ടാക്കിക്കൊടുത്തപ്പോൾ അവൾ എനിക്ക് ഒരു കാർഡ് തന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
‘പ്രിയപ്പെട്ട മമ്മിക്ക്,
മനോഹരമായ ആ കുഞ്ഞിപ്പുതപ്പിനു വളരെ നന്ദി. അതുണ്ടാക്കാൻ വേണ്ടി മമ്മി എന്തുമാത്രം ബുദ്ധിമുട്ടിക്കാണുമെന്ന് എനിക്കറിയാം. ഞാൻ അതു വളരെ വിലമതിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ചില ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിൽ മമ്മി എനിക്കു നൽകിയ എല്ലാ സഹായത്തിനും പ്രോത്സാഹനത്തിനും ഒരിക്കൽക്കൂടെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അത് ഒരിക്കലും മറക്കില്ല. അതിന് മമ്മിയോട് എനിക്ക് എന്നും നന്ദിയുണ്ടാവും. വളർന്നു വലുതാകുമ്പോൾ, എന്നെങ്കിലുമൊരിക്കൽ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് നിങ്ങളുടെ അമ്മയാണെന്ന് നിങ്ങൾ തിരിച്ചറിയും എന്ന് ആളുകൾ പൊതുവെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതു മനസ്സിലാക്കാൻ എനിക്ക് അധികകാലം വേണ്ടിവരാഞ്ഞതിന് ഞാൻ ദിവസവും യഹോവയോടു നന്ദി പറയുന്നു. ഞാൻ എന്നും മമ്മിയെ സ്നേഹിക്കും.’”
ഞങ്ങളുടെ മരുമകൻ അനുഭവിച്ച വേദന കണ്ടുനിൽക്കുന്നതും വളരെ പ്രയാസമായിരുന്നു. ഓസ്കർ ആശുപത്രിയിൽ ആയിരുന്നപ്പോൾ ജോനഥന് ഏറ്റവും വിഷമംപിടിച്ച ഒരു സംഗതി ചെയ്യേണ്ടിവന്നു. തത്കാലത്തേക്കു ഞങ്ങളോടൊപ്പം വന്നു താമസിക്കാൻ ജോനഥൻ തീരുമാനിച്ചിരുന്നതിനാൽ, തങ്ങളുടെ വീട്ടിൽ അവനും തെരേസയും കുഞ്ഞിനു വേണ്ടി സജ്ജീകരിച്ചു വെച്ചിരുന്ന സാധനങ്ങളെല്ലാം മാറ്റേണ്ടി വന്നു. ആടുന്ന കുതിരയും തൊട്ടിലും പാവകളുമെല്ലാം പായ്ക്കു ചെയ്ത് അവൻ ഞങ്ങളുടെ വീട്ടിലേക്കു കൊണ്ടുവന്നു.
പൊരുത്തപ്പെടാൻ ഞങ്ങളെ സഹായിച്ചിരിക്കുന്നത്
സ്നേഹിക്കുന്ന ഒരാളെ ഇത്ര ദാരുണമായ ഒരു വിധത്തിൽ നഷ്ടപ്പെടുമ്പോൾ കുഴപ്പിക്കുന്ന അനേകം ചോദ്യങ്ങളും വികാരങ്ങളും ഉയർന്നുവരുന്നു. ഒരു ക്രിസ്തീയ മൂപ്പനെന്ന നിലയിൽ ഇത്തരം ചോദ്യങ്ങളും വികാരങ്ങളുമായി മല്ലിടുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഞാൻ പല സന്ദർഭങ്ങളിലും ശ്രമിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ ആ സ്ഥാനത്തായിരിക്കുമ്പോൾ വികാരങ്ങൾക്ക് നിങ്ങളുടെ ചിന്താപ്രാപ്തിയെ വികലമാക്കാൻ കഴിയും.
ഉദാഹരണത്തിന്, തെരേസയുടെ അവസ്ഥ അറിയാമായിരുന്നതിനാലും ഞങ്ങൾ ഒരാഴ്ചത്തേക്ക് സ്ഥലത്ത് ഉണ്ടായിരിക്കുകയില്ലാഞ്ഞതിനാലും അവളെ സംരക്ഷിക്കാൻ ഞാൻ യഹോവയോടു പ്രാർഥിച്ചിരുന്നു. അവൾ കൊല ചെയ്യപ്പെട്ട വിവരം അറിഞ്ഞപ്പോൾ യഹോവ എന്തുകൊണ്ട് എന്റെ പ്രാർഥന കേട്ടില്ല എന്ന് ഞാൻ ആദ്യം ചിന്തിച്ചു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. വ്യക്തികളെന്ന നിലയിൽ യഹോവ തന്റെ ജനത്തിന് അത്ഭുതകരമായ സംരക്ഷണം ഉറപ്പു നൽകിയിട്ടില്ല എന്ന് എനിക്കറിയാം. ഗ്രാഹ്യത്തിനായി ഞാൻ തുടർച്ചയായി പ്രാർഥിച്ചു. യഹോവ തന്റെ ജനത്തെ ആത്മീയമായി സംരക്ഷിക്കുന്നുവെന്ന്, അവനുമായുള്ള നമ്മുടെ ബന്ധം കാത്തുസൂക്ഷിക്കാൻ ആവശ്യമായത് അവൻ പ്രദാനം ചെയ്യുന്നുവെന്ന് ഉള്ള അറിവ് എനിക്ക് ആശ്വാസം നൽകിയിരിക്കുന്നു. ആ വിധത്തിലുള്ള സംരക്ഷണമാണ് ഏറ്റവും പ്രധാനം. കാരണം അതിലാണു നമ്മുടെ നിത്യ ഭാവി ആശ്രയിച്ചിരിക്കുന്നത്. ആ അർഥത്തിൽ യഹോവ തെരേസയെ സംരക്ഷിക്കുകതന്നെ ചെയ്തു; മരിച്ച സമയത്ത് അവൾ അവനെ വിശ്വസ്തമായി സേവിക്കുകയായിരുന്നു. അവളുടെ ഭാവി ജീവിതപ്രതീക്ഷകൾ അവന്റെ സ്നേഹപൂർവകമായ കരങ്ങളിലാണെന്ന് അറിയുന്നത് എനിക്ക് ആശ്വാസം നൽകിയിരിക്കുന്നു.
ചില തിരുവെഴുത്തുകൾ പ്രത്യേകിച്ചും വളരെ സാന്ത്വനദായകമായിരുന്നിട്ടുണ്ട്. എന്നെ സഹായിച്ചിട്ടുള്ള ഏതാനും തിരുവെഴുത്തുകളാണ് പിൻവരുന്നവ:
“നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) ഭൂമിയിലെ പറുദീസയിലേക്കുള്ള ഒരു പുനരുത്ഥാനത്തെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തിൽ വളരെക്കാലമായി എനിക്കു വിശ്വാസമുണ്ട്. എന്നാൽ ഇപ്പോൾ ആ പ്രത്യാശ എനിക്ക് കൂടുതൽ യഥാർഥമായിത്തീർന്നിരിക്കുന്നു. തെരേസയെ വീണ്ടും എനിക്ക് പുണരാൻ കഴിയുമെന്ന അറിവ് തന്നെ ഓരോ ദിവസവും തള്ളിനീക്കാനുള്ള കരുത്ത് എനിക്കു പകരുന്നു.
“ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.” (ലൂക്കൊസ് 20:38) പുനരുത്ഥാന പ്രത്യാശയുള്ള മരിച്ചവർ യഹോവയെ സംബന്ധിച്ചിടത്തോളം ഇപ്പോൾത്തന്നെ “ജീവിച്ചിരിക്കുന്നു” എന്ന അറിവ് വളരെ ആശ്വാസപ്രദമാണ്. അതുകൊണ്ട് അവന്റെ വീക്ഷണത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട തെരേസ ഇപ്പോഴും ജീവനോടിരിക്കുന്നു.
വിക്കി തന്നെ വളരെയധികം ശക്തീകരിച്ചിരിക്കുന്ന ചില ബൈബിൾ വാക്യങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു:
“‘ദൈവത്തിനു ഭോഷ്കു പറയാൻ കഴിയില്ല.’ (എബ്രായർ 6:18; തീത്തൊസ് 1:2) യഹോവയ്ക്കു ഭോഷ്കു പറയാൻ കഴിയുകയില്ലാത്തതിനാൽ മരിച്ചവരെ ഉയിർപ്പിക്കുമെന്ന തന്റെ വാഗ്ദാനം അവൻ നിവർത്തിക്കുമെന്ന് എനിക്കറിയാം.
“‘ഇതിങ്കൽ ആശ്ചര്യപ്പെടരുതു; [“സ്മാരക,” NW] കല്ലറകളിൽ ഉള്ളവർ എല്ലാവരും [യേശുവിന്റെ] ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.’ (യോഹന്നാൻ 5:28, 29) ‘സ്മാരക കല്ലറകൾ’ എന്ന വാക്കുകൾ യഹോവ തന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തരം തെരേസയെ പുനരുത്ഥാനപ്പെടുത്തുന്നതു വരെ അവൾ അവന്റെ സ്മരണയിൽ ഉണ്ടായിരിക്കും എന്നു സൂചിപ്പിക്കുന്നു. യഹോവയുടെ പിഴവറ്റ സ്മരണയെക്കാൾ സുരക്ഷിതമായ ഏതു സ്ഥാനത്താണ് അവൾക്കായിരിക്കാൻ കഴിയുക?
“‘എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.’ (ഫിലിപ്പിയർ 4:6, 7) എന്നെ ശക്തീകരിക്കുന്നതിനു വേണ്ടി ഞാൻ പ്രത്യേകിച്ചും യഹോവയുടെ ആത്മാവിനായി പ്രാർഥിക്കുന്നു. സഹിക്കാനാവാത്ത ദുഃഖം തോന്നുമ്പോൾ ഞാൻ യഹോവയോട് ‘എനിക്ക് നിന്റെ ആത്മാവിൽ കുറച്ചുംകൂടെ തരണേ’ എന്ന് അപേക്ഷിക്കും. അപ്പോൾ ഒരു ദിവസം കൂടെ തരണം ചെയ്യാനുള്ള ശക്തി അവൻ എനിക്കു നൽകുന്നു. ചിലപ്പോൾ എനിക്കു പ്രാർഥിക്കാൻ വാക്കുകൾ പോലും കിട്ടാറില്ല. എങ്കിലും മുന്നോട്ട് പോകാനുള്ള ശക്തി അവൻ എനിക്കു തരുന്നു.”
യഹോവ തീർച്ചയായും അതിദാരുണമായ ഈ ദുരന്തവുമായി പൊരുത്തപ്പെടാൻ ഞങ്ങളെ സഹായിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട തെരേസയെ നഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് ഇപ്പോഴും ദുഃഖം ഉണ്ട്. യഹോവയുടെ പുതിയ ഭൂമിയിൽ അവളെ വീണ്ടും കണ്ട് ഒന്നു കെട്ടിപ്പിടിക്കുന്നതുവരെ ആ ദുഃഖം പൂർണമായി മായുമെന്നു തോന്നുന്നില്ല. ഇപ്പോൾ യഹോവയെ പൂർവാധികം വിശ്വസ്തമായി സേവിക്കാൻ ഞങ്ങൾ ഏറെ ദൃഢചിത്തരാണ്. യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന വിധത്തിൽ ഓസ്കറിനെ വളർത്തിക്കൊണ്ടു വരുന്നതിനു കഴിവിന്റെ പരമാവധി ചെയ്യാൻ ജോനഥൻ തീരുമാനിച്ചുറച്ചിരിക്കുന്നു. ഞാനും വിക്കിയും അതിന് ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായവും അവനു നൽകും. ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് തെരേസയെ സ്വാഗതം ചെയ്യാനും അവൾക്ക് ഒന്ന് എടുക്കാൻ പോലും കഴിയാതെ പോയ അവളുടെ കുഞ്ഞിനെ അവൾക്കു പരിചയപ്പെടുത്തി കൊടുക്കാനും അവിടെയുണ്ടായിരിക്കുക എന്നതാണ് ഞങ്ങളുടെ ഹൃദയംഗമമായ ആഗ്രഹം.(g01 7/22)
[25-ാം പേജിലെ ചിത്രം]
ഞങ്ങളുടെ മകൾ തെരേസ അവളുടെ കുഞ്ഞിന്റെ ഹൃദയമിടിപ്പു ശ്രദ്ധിക്കുന്നു
[26, 27 പേജുകളിലെ ചിത്രങ്ങൾ]
അനുസ്മരണ യോഗത്തിൽ ആളുകളുടെ വമ്പിച്ച പിന്തുണ പ്രകടമായി
[29-ാം പേജിലെ ചിത്രം]
ഭാര്യ വിക്കിയോടൊപ്പം, തെരേസയുടെ വിവാഹദിനത്തിൽ
[29-ാം പേജിലെ ചിത്രം]
ഞങ്ങളുടെ കൊച്ചുമകൻ ഓസ്കർ