എവിടെയും സഹായഹസ്തങ്ങൾ
എവിടെയും സഹായഹസ്തങ്ങൾ
പതിനഞ്ച് വയസ്സുള്ള ഹൈസ്കൂൾ വിദ്യാർഥിയാണ് ബാക്സ്റ്റർ. ശനിയാഴ്ച തോറും ഉച്ചകഴിഞ്ഞുള്ള സമയം ചെലവഴിക്കാൻ അവനു രസകരമായ ഒരു മാർഗമുണ്ട്. എന്താണെന്നോ, ഒരു വൃദ്ധമന്ദിരം സന്ദർശിച്ച് അന്തേവാസികളെ സംഗീതോപകരണങ്ങൾ വായിച്ചു കേൾപ്പിക്കുകയും അവരോടൊത്തു പാട്ടുകൾ പാടുകയും ചെയ്യുക. “അവൻ ആ അന്തേവാസികളുടെ ജീവിതത്തിലേക്ക് ചിരിയും സന്തോഷവും തമാശയും കൊണ്ടുവരുന്നു,” ബാക്സ്റ്ററിന്റെ അധ്യാപകൻ പറയുന്നു. 78 വയസ്സുള്ള ലൂസിലും സമാനമായ ഒരു ദയാപ്രവൃത്തി ചെയ്യുന്നു. മുട്ടുള്ളവർക്ക് അവർ ഭക്ഷണം വിതരണം ചെയ്യുകയും ഏകാന്തരായ രോഗികളെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്യുന്നു. ലൂസിലിനെ കുറിച്ച് ഒരു സ്നേഹിത പറയുന്നു: “ആർക്കെങ്കിലും സഹായം ആവശ്യമാണെങ്കിൽ, അതു നൽകാൻ തനിക്കു കഴിയുമെങ്കിൽ തീർച്ചയായും അവർ അതു നൽകിയിരിക്കും.”
സന്നദ്ധസേവനം നിർവചിക്കപ്പെടുന്നു
‘സഹായം ആവശ്യമുള്ളപ്പോൾ അതു നൽകുക’ എന്ന ഈ വീക്ഷണം ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ വെച്ചുപുലർത്തുന്നു. നിർമാണ സ്ഥലങ്ങൾ, ഓഫീസുകൾ, ഫാക്ടറികൾ, ആതുരാലയങ്ങൾ, അഗതിമന്ദിരങ്ങൾ, അഭയാർഥി ക്യാമ്പുകൾ, ഭവനരഹിതർക്കായുള്ള കേന്ദ്രങ്ങൾ, അഗ്നിശമന വിഭാഗങ്ങൾ, പ്രതിസന്ധിഘട്ടങ്ങളിൽ സഹായമേകുന്ന കേന്ദ്രങ്ങൾ, മൃഗപരിപാലന കേന്ദ്രങ്ങൾ എന്നുവേണ്ട എല്ലായിടത്തുംതന്നെ അവരുടെ സഹായഹസ്തങ്ങൾ നീണ്ടുചെല്ലുന്നു! വീടു പണിയാൻ സഹായിക്കൽ, ധനശേഖരണം നടത്തൽ, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കൽ, മാരകരോഗം ബാധിച്ചവരെ ആശ്വസിപ്പിക്കൽ തുടങ്ങിയ നാനാ പ്രവർത്തനങ്ങൾക്കായി അവർ തങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നു. അവർ സന്നദ്ധസേവകരാണ്, സഹായം ആവശ്യമുള്ളവർക്ക് അതു നൽകുന്നവരാണ്.
സന്നദ്ധസേവനത്തെ, “പ്രവൃത്തിപഥത്തിലാക്കപ്പെട്ട ഉത്കൃഷ്ട ചിന്ത” എന്നു വർണിച്ചിരിക്കുന്നു. ഒരു ഉദ്ദേശ്യത്തോടോ ആദർശത്തോടോ ഉള്ള പ്രതിബദ്ധത, ആത്മത്യാഗ മനോഭാവം, പ്രതിഫലേച്ഛയില്ലായ്മ, നിസ്വാർഥത എന്നിങ്ങനെയുള്ള ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിരിക്കുന്നു. “സന്നദ്ധസേവനം നമ്മെത്തന്നെ വിട്ടുകൊടുക്കലാണ്. നമ്മുടെ സമയവും നമ്മുടെ കൈകാലുകളും ആശയങ്ങളും മറ്റൊരാളെ സഹായിക്കാനുള്ള പ്രാപ്തിയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും തൊഴിൽ വൈദഗ്ധ്യങ്ങളുമൊക്കെ മറ്റുള്ളവർക്കു വേണ്ടി ഉപയോഗിക്കലാണ്.” രസകരമെന്നു പറയട്ടെ, അത്തരമൊരു ഗതി സന്നദ്ധസേവകർക്കും പ്രയോജനം ചെയ്യുന്നു.—“സന്നദ്ധസേവകരും പ്രയോജനം നേടുന്നു” എന്ന ചതുരം കാണുക.
എണ്ണം വർധിക്കുന്നു, ഒപ്പം ആവശ്യവും
ഐക്യനാടുകളിൽ പത്തു കോടിയോളം ആളുകൾ സന്നദ്ധസേവകരായി ഉണ്ട് എന്നാണു കണക്ക്, അവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. “ഞങ്ങളുടെ സംഘടന ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നു,” ന്യൂയോർക്ക് കെയേഴ്സ് എന്ന സന്നദ്ധസേവന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ കാത്ലിൻ ബെയ്റെൻസ് അടുത്തയിടെ ഉണരുക!യോടു പറഞ്ഞു. “കഴിഞ്ഞ വർഷത്തിൽ മാത്രം 5,000-ത്തിലധികം പുതിയ സന്നദ്ധസേവകർ ഞങ്ങളുടെ പരിപാടിയിൽ പങ്കുചേർന്നു.” യൂറോപ്പിലുള്ള സന്നദ്ധസേവന സംഘങ്ങളിലും സമാനമായ വർധനവു കാണാം. ഉദാഹരണത്തിന്, ഫ്രാൻസിൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി സന്നദ്ധസേവകരുടെ എണ്ണത്തിൽ പ്രതിവർഷം 6 ശതമാനം വർധനവുണ്ട്. എന്നിട്ടും, കൂടുതൽ സന്നദ്ധസേവകർക്കായുള്ള ആവശ്യം അതേപടി നിലനിൽക്കുന്നു. ഗോളവ്യാപകമായി നോക്കുമ്പോൾ “വർധിച്ച സന്നദ്ധസേവനത്തിന്റെ ആവശ്യം ഇന്നു മുമ്പെന്നത്തെക്കാളും അധികമാണ്” എന്ന് ഐക്യരാഷ്ട്ര സന്നദ്ധസേവകർ (ഒരു യുഎൻ ഏജൻസി) പ്രസ്താവിക്കുന്നു. ഒരു മ്യൂസിയത്തിന്റെ സൂപ്പർവൈസർ ഇപ്രകാരം പറയുന്നു: “സന്നദ്ധസേവകരാണ് ഞങ്ങളുടെ ജീവരക്തം.”
എന്നാൽ, ഇതാ ഒരു വൈരുദ്ധ്യം. സന്നദ്ധസേവകർ “അങ്ങേയറ്റം വിലപ്പെട്ടവർ” ആണെന്ന് അവരോടൊപ്പം പ്രവർത്തിക്കുന്ന അനേകം ഡയറക്ടർമാരും മാനേജർമാരും കോ-ഓഡിനേറ്റർമാരും കരുതുന്നെങ്കിലും, അവരുടെ വേലയിൽ അധികവും അംഗീകരിക്കപ്പെടാതെ
പോകുന്നു. പ്രസ്തുത അവസ്ഥയ്ക്കു മാറ്റം വരുത്തുന്നതിലേക്കുള്ള ചവിട്ടുപടി എന്ന നിലയിൽ 2001-നെ സന്നദ്ധസേവകരുടെമേൽ ശ്രദ്ധ തിരിക്കുന്നതിനുള്ള ഒരു വർഷമായി ഉപയോഗിക്കാൻ ഐക്യരാഷ്ട്രങ്ങൾ തീരുമാനിച്ചു. “സന്നദ്ധസേവകരുടെ അന്താരാഷ്ട്ര വർഷം” എന്ന ചതുരം ഐക്യരാഷ്ട്രങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ വിശദീകരിക്കുന്നു.അതേസമയം, സന്നദ്ധസേവന രംഗം സന്നദ്ധസേവകർക്കും അവരുടെ വേലയ്ക്കു നേതൃത്വം കൊടുക്കുന്നവർക്കും വെല്ലുവിളികൾ ഉയർത്തുന്ന തരത്തിലുള്ള മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും, മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിൽ തങ്ങളെത്തന്നെ ലഭ്യരാക്കാൻ തയ്യാറുള്ള നിരവധി ആളുകൾ ഇപ്പോഴും ലോകത്തിനു ചുറ്റുമുണ്ട്. അവരെ അതിനു പ്രചോദിപ്പിക്കുന്നത് എന്താണ്? അവർ എന്താണു നിവർത്തിക്കുന്നത്? അവർ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചേക്കാം?(g01 7/22)
[4-ാം പേജിലെ ചതുരം/ചിത്രം]
സന്നദ്ധസേവകരും പ്രയോജനം നേടുന്നു
“എന്റെ ബിസിനസ് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്നതിനെക്കാൾ ആഴത്തിലുള്ളതും മൂല്യവത്തും ആസ്വാദ്യവുമായ പ്രതിഫലം മറ്റുള്ളവരെ സഹായിച്ചതിലൂടെ എനിക്കു ലഭിച്ചിരിക്കുന്നു,” ഒരു അംശകാല സന്നദ്ധസേവകനായ മൈക്കിൾ പറയുന്നു. മൈക്കിളിന്റേതിനോടു സമാനമായ വികാരങ്ങളുള്ള അനേകർ ഉണ്ട്. ഐക്യരാഷ്ട്ര സന്നദ്ധസേവകരുടെ എക്സിക്യൂട്ടീവ് കോ-ഓർഡിനേറ്ററായ ഷാരൺ കേപ്ലിങ്-ആലാക്കിഡ്ജാ ഇങ്ങനെ പ്രസ്താവിക്കുന്നു: “തങ്ങളുടെ സേവനത്തിൽനിന്നു തങ്ങൾക്ക് എത്രമാത്രം പ്രയോജനം കിട്ടുന്നുണ്ടെന്നു ലോകമെങ്ങുമുള്ള സന്നദ്ധസേവകർ ശരിക്കും തിരിച്ചറിയുന്നു.” “ഏതാനും മണിക്കൂർ നേരത്തെ സന്നദ്ധസേവനം പോലും ഒരു വ്യക്തിയുടെ പൊതുവായ പെരുമാറ്റരീതിയെയും മാനസിക ക്ഷേമത്തെയും അങ്ങേയറ്റം മെച്ചപ്പെടുത്തുന്ന”തായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായും തന്മൂലം അത് “സന്നദ്ധസേവകന്റെ ഉത്തേജിതാവസ്ഥ” എന്നു വിളിക്കപ്പെടുന്നതായും സന്നദ്ധസേവന രംഗത്തെ വിദഗ്ധനായ ഡോ. ഡഗ്ലസ് എം. ലോസൺ സ്ഥിരീകരിക്കുന്നു. “സന്നദ്ധസേവകന്റെ ഉത്തേജിതാവസ്ഥ” അൽപ്പനേരത്തേക്കു മാത്രമുള്ള ഒരു അനുഭവമല്ല. അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഒരു കൂട്ടം ആളുകളെ 30-ലധികം വർഷം പഠന വിധേയരാക്കുകയും “സന്നദ്ധസേവനം ചെയ്തവർ അതു ചെയ്യാത്തവരെക്കാൾ സന്തുഷ്ടരും ആരോഗ്യമുള്ളവരും ആണ്” എന്ന് കണ്ടെത്തുകയും ചെയ്തു. ശ്രദ്ധേയമായി, ബൈബിൾ ഇങ്ങനെ പറയുന്നു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW; സദൃശവാക്യങ്ങൾ 11:25.
[5-ാം പേജിലെ ചതുരം/ചിത്രം]
സന്നദ്ധസേവകരുടെ അന്താരാഷ്ട്ര വർഷം
ഐക്യരാഷ്ട്ര പൊതുസഭ 1997 നവംബർ 20-ന് 2001-ാം ആണ്ടിനെ “സന്നദ്ധസേവകരുടെ അന്താരാഷ്ട്ര വർഷം” ആയി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രങ്ങൾ പറയുന്നതനുസരിച്ച്, ഈ വർഷം കൈവരിക്കാൻ ഉദ്ദേശിക്കുന്ന നാലു ലക്ഷ്യങ്ങൾ ഉണ്ട്.
വർധിച്ച അംഗീകാരം സന്നദ്ധസേവകരുടെ നേട്ടങ്ങൾ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടും മികച്ച സേവനങ്ങൾക്ക് അവാർഡുകൾ നൽകിക്കൊണ്ടും അവരുടെ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കാൻ ഗവൺമെന്റുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
വർധിച്ച ആനുകൂല്യങ്ങൾ സന്നദ്ധസേവനം ചെയ്യുന്നവർക്ക് സൈനിക സേവനത്തിൽനിന്ന് ഒഴിവു നൽകിക്കൊണ്ടോ ചില നികുതി ഇളവുകൾ നൽകിക്കൊണ്ടോ ഒക്കെ സന്നദ്ധസേവനത്തോടുള്ള താത്പര്യം വർധിപ്പിക്കാൻ രാഷ്ട്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
ശൃംഖലാ പ്രവർത്തനം സന്നദ്ധസേവനത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ കൂടുതലായ സഹായം നൽകാൻ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നു. തത്ഫലമായി, “തങ്ങൾക്കുവേണ്ടി പദ്ധതികൾ സ്വയം രൂപീകരിക്കേണ്ട ആവശ്യം ഒഴിവാക്കിക്കൊണ്ട് ഓരോ സമൂഹത്തിനും” വിജയം വരിച്ചിരിക്കുന്ന അത്തരം പദ്ധതികൾ പകർത്താൻ കഴിയും.
ഉന്നമനം സന്നദ്ധസേവനത്തിന്റെ ഫലമായി സമൂഹത്തിനു ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കാൻ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിന് സന്നദ്ധസേവന സംഘടനകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
സന്നദ്ധസേവകരുടെ സഹായങ്ങൾക്കായുള്ള കൂടുതൽ അഭ്യർഥനകൾ ലഭിക്കുന്നതിനും കൂടുതൽ കൂടുതൽ ആളുകൾ സന്നദ്ധസേവകരായി മുന്നോട്ടു വരുന്നതിനും സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനു സന്നദ്ധസേവന സംഘടനകൾക്കുള്ള സാമ്പത്തിക സഹായങ്ങളും മറ്റു സൗകര്യങ്ങളും വർധിക്കുന്നതിനും സന്നദ്ധസേവകരുടെ അന്താരാഷ്ട്ര വർഷമായ 2001 ഉതകുമെന്നാണ് ഐക്യരാഷ്ട്രങ്ങളുടെ പ്രത്യാശ. ഈ ഐക്യരാഷ്ട്ര പ്രമേയത്തിന്റെ ലക്ഷ്യങ്ങൾ ഏറ്റെടുത്തു നടത്തുന്നതിൽ മൊത്തം 123 ഗവൺമെന്റുകൾ പങ്കുചേർന്നിരിക്കുന്നു.