വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നയാഗ്രാ വെള്ളച്ചാട്ടം—അത്യന്തം വിസ്‌മയകരമായ ഒരു അനുഭവം

നയാഗ്രാ വെള്ളച്ചാട്ടം—അത്യന്തം വിസ്‌മയകരമായ ഒരു അനുഭവം

നയാഗ്രാ വെള്ളച്ചാ​ട്ടം—അത്യന്തം വിസ്‌മ​യ​ക​ര​മായ ഒരു അനുഭവം

മുമ്പൊ​രി​ക്ക​ലും കണ്ടിട്ടി​ല്ലാത്ത വിധത്തിൽ—വളരെ അടുത്ത്‌—നയാഗ്രാ വെള്ളച്ചാ​ട്ടം കാണാ​നുള്ള അവസരം എനിക്ക്‌ അടുത്ത​യി​ടെ ലഭിച്ചു. തീർച്ച​യാ​യും അത്യന്തം വിസ്‌മ​യ​ക​ര​മായ ഒരു അനുഭ​വ​മാ​ണത്‌. എന്റെ സുഹൃ​ത്തു​ക്ക​ളും ഞാനും കാനേ​ഡി​യൻ ഹോഴ്‌സ്‌ഷൂ (കുതി​ര​ലാ​ടം) വെള്ളച്ചാ​ട്ടം സന്ദർശി​ക്കു​ക​യാ​യി​രു​ന്നു. കുതി​ര​ലാ​ട​ത്തി​ന്റെ ആകൃതി ഉള്ളതി​നാ​ലാണ്‌ അതിന്‌ ആ പേരു ലഭിച്ചി​രി​ക്കു​ന്നത്‌. 1958-ൽ ആണ്‌ ഞാൻ ആദ്യമാ​യി അവിടം സന്ദർശി​ച്ചത്‌. അതിനു​ശേഷം പല പ്രാവ​ശ്യം ഞാൻ അവിടെ പോയി​ട്ടുണ്ട്‌. എന്നാൽ നദിയി​ലൂ​ടെ യാത്ര ചെയ്‌ത്‌ വെള്ളച്ചാ​ട്ട​ത്തി​ന്റെ തൊട്ട​ടു​ത്തു​വരെ പോകു​ന്നത്‌ ഇതാദ്യ​മാ​യി​ട്ടാണ്‌. 1848-ൽ ‘മെയ്‌ഡ്‌ ഓഫ്‌ ദ മിസ്റ്റ്‌’ ബോട്ടു​കൾ ഉപയോ​ഗി​ച്ചുള്ള ഉല്ലാസ​യാ​ത്രകൾ തുടങ്ങിയ കാലം മുതൽ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ആവേശ​ക​ര​മായ ഈ യാത്ര നടത്തി​യി​ട്ടുണ്ട്‌. ഇപ്പോൾ എന്റെ ഊഴമാ​യി.

അമേരി​ക്കൻ തീരത്തു​നി​ന്നും അതു​പോ​ലെ കാനഡ​യു​ടെ തീരത്തു​നി​ന്നും ബോട്ടു​കൾ പതിവാ​യി പുറ​പ്പെ​ടാ​റുണ്ട്‌. ഈ സവാരി നടത്താൻ എപ്പോ​ഴും ആളുക​ളു​ടെ ക്യൂവാണ്‌. എല്ലാ പ്രായ​ക്കാ​രും, കൊച്ചു കുട്ടികൾ പോലും, നീലനി​റ​ത്തി​ലുള്ള കനംകു​റഞ്ഞ പ്ലാസ്റ്റിക്‌ മഴക്കോ​ട്ടു​ക​ളും ധരിച്ചു നിൽക്കു​ന്നതു കാണാം. (അമേരി​ക്കൻ വെള്ളച്ചാ​ട്ടം സന്ദർശി​ക്കു​ന്നവർ മഞ്ഞനി​റ​മുള്ള കോട്ടാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌.) ചിതറി​വീ​ഴുന്ന വെള്ളം ദേഹത്തു പതിക്കാ​തി​രി​ക്കാൻ ഇതു കൂടിയേ തീരൂ. മെയ്‌ഡ്‌ ഓഫ്‌ ദ മിസ്റ്റ്‌ VII എന്ന ബോട്ടിൽ 582 പേർക്കു​വരെ യാത്ര ചെയ്യാം. 145 ടൺ ഭാരമുള്ള അതിന്‌ 24 മീറ്റർ നീളമുണ്ട്‌. അതിന്റെ ഏറ്റവും കൂടിയ വീതി 9 മീറ്ററാണ്‌. നിലവിൽ നാലു ബോട്ടു​കൾ ഉപയോ​ഗ​ത്തി​ലുണ്ട്‌. മെയ്‌ഡ്‌ ഓഫ്‌ ദ മിസ്റ്റ്‌ IV, V, VI, VII എന്നിവ​യാണ്‌ അവ.

സമീപ​ക്കാ​ഴ്‌ച

മറ്റുള്ള​വ​രോ​ടൊ​പ്പം ഞങ്ങളും വരിയാ​യി നിന്നു. മെയ്‌ഡ്‌ ഓഫ്‌ ദ മിസ്റ്റ്‌ VII-ൽനിന്ന്‌ നനഞ്ഞു​കു​തിർന്ന ഒരു കൂട്ടം സഞ്ചാരി​കൾ ഇറങ്ങി​യ​പ്പോൾ ഞങ്ങൾ അതിൽ പ്രവേ​ശി​ച്ചു. ആവേശ​ക​ര​മായ യാത്ര​യ്‌ക്കുള്ള ഒരു പുറപ്പാ​ടാണ്‌ അതെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഒരു കിലോ​മീ​റ്റ​റി​ലും അൽപ്പം കൂടെ അകലെ ഇടിമു​ഴക്കം പോലുള്ള ശബ്‌ദ​ത്തോ​ടെ വെള്ളം 52 മീറ്റർ താഴേക്കു പതിച്ചു​കൊ​ണ്ടി​രു​ന്നു. 55 മീറ്റർ ആഴമുള്ള ഒരു ഗർത്തത്തി​ലേ​ക്കാണ്‌ വെള്ളം വീഴു​ന്നത്‌. ഞങ്ങളുടെ ബോട്ട്‌ നദിയിൽ കടന്ന്‌ അമേരി​ക്കൻ ഭാഗ​ത്തേക്കു യാത്ര ആരംഭി​ച്ചു. 54 മീറ്റർ ഉയരമുള്ള അമേരി​ക്കൻ വെള്ളച്ചാ​ട്ട​ത്തി​ന്റെ ചുവട്ടി​ലേക്കു ഞങ്ങൾ ചുഴി​ഞ്ഞു​തി​രി​യുന്ന വെള്ളത്തി​ലൂ​ടെ മെല്ലെ മുന്നോ​ട്ടു നീങ്ങി. a ഞങ്ങളുടെ യാത്ര​യു​ടെ ഏറ്റവും ആവേശം കൊള്ളി​ക്കുന്ന ഘട്ടം വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ.

കുത്തി​വീ​ഴു​ന്ന വെള്ളത്തിന്‌ അടു​ത്തേക്ക്‌ പോകും​തോ​റും ഞങ്ങളുടെ ഹൃദയ​മി​ടി​പ്പു കൂടി​വന്നു. ശക്തമായ കാറ്റ്‌ ഉണ്ടായി​രു​ന്ന​തി​നാ​ലും ജലകണി​കകൾ വായു​വിൽ ചിതറി തെറി​ച്ചി​രു​ന്ന​തി​നാ​ലും ഫോട്ടോ എടുക്കുക അസാധ്യ​മാ​യി​ത്തീർന്നു. വെള്ളം പതിക്കുന്ന സ്ഥാന​ത്തേക്ക്‌ ബോട്ട്‌ അടുപ്പി​ക്കാൻ ഡ്രൈവർ വളരെ​യ​ധി​കം സമയം എടുക്കു​ന്ന​തു​പോ​ലെ തോന്നി. അവിടെ ഓരോ മിനി​ട്ടി​ലും 1,68,000-ത്തിലധി​കം ഘനമീറ്റർ വെള്ളമാണ്‌ താഴേക്കു പതിക്കു​ന്നത്‌. ബോട്ട്‌ അതിന്റെ തൊട്ടു മുന്നിൽ പോയി നിന്നു! ഇടിമു​ഴക്കം പോലുള്ള ശബ്ദമാണ്‌. നിങ്ങൾ ഉറക്കെ കൂവി​യാൽ പോലും കേൾക്കാ​നാ​വില്ല. എന്റെ ഹൃദയം ശക്തിയാ​യി മിടി​ക്കാൻ തുടങ്ങി. എനിക്കു വാസ്‌ത​വ​ത്തിൽ തണുത്ത, ശുദ്ധമായ നയാഗ്രാ വെള്ളം രുചി​ച്ച​റി​യാൻ കഴിഞ്ഞു. തീർച്ച​യാ​യും അത്‌ ആയുഷ്‌കാ​ലത്ത്‌ ഒരിക്ക​ലും മറക്കാ​നാ​വാത്ത ഒരു അനുഭവം ആയിരു​ന്നു!

ഡ്രൈവർ സാവധാ​നം ഞങ്ങളുടെ മെയ്‌ഡ്‌ അപകട രേഖയിൽനി​ന്നു താഴേക്കു നീക്കി, അതിന്‌ അനന്തമായ സമയം എടുക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി. ഒടുവിൽ ഞാൻ ആശ്വാ​സ​നി​ശ്വാ​സം ഉതിർത്തു. യാതൊ​രു അപകട​വും കൂടാതെ ഞങ്ങൾ ആ സവാരി വിജയ​ക​ര​മാ​യി പൂർത്തി​യാ​ക്കി. വാസ്‌ത​വ​ത്തിൽ, ഈ ബോട്ടു സവാരി ക്രമീ​ക​രി​ച്ചി​രി​ക്കുന്ന കമ്പനി ഇത്ര കാലമാ​യി​ട്ടും ഒരു അപകട​വും വരുത്തി​യി​ട്ടില്ല. ഓരോ ബോട്ടി​ലും പരമാ​വധി ആളുകൾ കയറി​യാൽ പോലും അവർക്കെ​ല്ലാം ലൈഫ്‌ ജാക്കറ്റു​ക​ളും റാഫ്‌റ്റു​ക​ളും കരുതി​യി​ട്ടു​ണ്ടെന്ന്‌ ആ സ്റ്റീം​ബോട്ട്‌ കമ്പനി​യു​ടെ ജനറൽ മാനേ​ജ​രായ ഇമിൾ ബെൻഡി ഞങ്ങൾക്ക്‌ ഉറപ്പു തന്നു. ടൈറ്റാ​നി​ക്കി​നു സംഭവി​ച്ചതു പോലുള്ള ഒരു ദുരന്തം ഇവിടെ ഉണ്ടാകാൻ യാതൊ​രു സാധ്യ​ത​യും ഇല്ല!

വെള്ളച്ചാ​ട്ട​ത്തി​ന്റെ സ്ഥാനം പിന്നോ​ട്ടു മാറുന്നു!

ശിലാ​ദ്ര​വീ​ക​രണം വെള്ളച്ചാ​ട്ടത്തെ ബാധി​ച്ചി​രി​ക്കു​ന്നു. കഴിഞ്ഞ 12,000 വർഷം​കൊണ്ട്‌ നയാഗ്രാ വെള്ളച്ചാ​ട്ട​ത്തിന്‌ ഏകദേശം 11 കിലോ​മീ​റ്റർ സ്ഥാന​ഭ്രം​ശം സംഭവി​ച്ചാണ്‌ ഇപ്പോ​ഴത്തെ സ്ഥാനത്തു വന്നിരി​ക്കു​ന്ന​തെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. ഒരു സമയത്ത്‌ ഈ ദ്രവി​ക്ക​ലി​ന്റെ തോത്‌ വർഷത്തിൽ ഏതാണ്ട്‌ ഒരു മീറ്റർ ആയിരു​ന്നു. ഇപ്പോൾ അതു പത്തു വർഷത്തിൽ 36-ഓളം സെന്റി​മീ​റ്റ​റാ​യി കുറഞ്ഞി​രി​ക്കു​ന്നു. ഈ ദ്രവി​ക്ക​ലി​ന്റെ കാരണം എന്താണ്‌?

കട്ടികു​റഞ്ഞ മണൽക്ക​ല്ലി​ന്റെ​യും കളിമൺപാ​റ​യു​ടെ​യും അടുക്കു​കൾക്കു മുകളി​ലുള്ള കട്ടി​യേ​റിയ മഗ്‌നീ​ഷ്യം ചുണ്ണാ​മ്പു​കൽ പാറകൾക്കു മീതെ കൂടി​യാണ്‌ വെള്ളം ഒഴുകു​ന്നത്‌. അടിയി​ലുള്ള പാളികൾ ദ്രവി​ച്ചു​പോ​കു​മ്പോൾ, ചുണ്ണാ​മ്പു​കൽ പാറകൾ താഴേക്കു തകർന്നു​വീ​ഴു​ന്നു.

വെള്ളം പാഴാ​ക്ക​പ്പെ​ടു​ന്നില്ല

ചെറിയ നയാഗ്രാ നദിയി​ലൂ​ടെ (56 കിലോ​മീ​റ്റർ) ഒഴുകി​വ​രുന്ന സമൃദ്ധ​മായ ജലം പഞ്ച മഹാത​ടാ​ക​ങ്ങ​ളിൽ നാലെ​ണ്ണ​ത്തിൽ നിന്നു​ള്ള​താണ്‌. ഈ നദി ഇയറി തടാക​ത്തിൽനി​ന്നു വടക്കോട്ട്‌ ഒഴുകി ഒൺടേ​റി​യോ തടാക​ത്തിൽ പതിക്കു​ന്നു. ഈ ഹ്രസ്വ​മായ യാത്ര​യ്‌ക്കി​ട​യിൽ വൈദ്യു​തി ഉത്‌പാ​ദി​പ്പി​ക്കാൻ അത്‌ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു. ഇങ്ങനെ കിട്ടുന്ന വൈദ്യു​തി കാനഡ​യും ഐക്യ​നാ​ടു​ക​ളും പങ്കി​ട്ടെ​ടു​ക്കു​ന്നു. ഇത്‌ ലോക​ത്തി​ലുള്ള ഏറ്റവും വലിയ ജല​വൈ​ദ്യു​ത സ്രോ​ത​സ്സു​ക​ളിൽ ഒന്നാ​ണെന്നു പറയ​പ്പെ​ടു​ന്നു. കനേഡി​യൻ-യു.എസ്‌. വൈദ്യു​ത നിലയ​ങ്ങ​ളു​ടെ ഉത്‌പാ​ദ​ന​ശേഷി 42,00,000 കിലോ​വാട്ട്‌ ആണ്‌. വെള്ളച്ചാ​ട്ട​ത്തിൽ എത്തുന്ന​തി​നു മുമ്പ്‌ നയാഗ്രാ നദിയിൽനിന്ന്‌ ആവശ്യ​മുള്ള വെള്ളം ടർ​ബൈ​നു​ക​ളി​ലേക്കു തിരി​ച്ചു​വി​ടു​ന്നു.

മധുവി​ധു​വും നിശാ​ദീ​പ​ങ്ങ​ളും

മധുവി​ധു ആഘോ​ഷി​ക്കുന്ന ദമ്പതി​മാ​രു​ടെ പ്രിയ​പ്പെട്ട സന്ദർശന സ്ഥലമാണ്‌ നയാഗ്രാ വെള്ളച്ചാ​ട്ടം. 1953-ലെ നയാഗ്രാ (ഇംഗ്ലീഷ്‌) എന്ന ചലച്ചി​ത്ര​ത്തി​നു ശേഷം ഇതു വിശേ​ഷാൽ സത്യമാ​യി​രു​ന്നു. രാത്രി​യിൽ നിറദീ​പങ്ങൾ ഈ വെള്ളച്ചാ​ട്ടത്തെ പ്രകാ​ശ​പൂ​രി​ത​മാ​ക്കു​ന്നു. അപ്പോൾ നമ്മുടെ ഗ്രഹത്തി​ലെ ഈ അപൂർവ സ്ഥാനത്തി​നു കൈവ​രുന്ന മനോ​ഹാ​രി​ത​യും ഗാംഭീ​ര്യ​വും ഒന്നു വേറെ​ത​ന്നെ​യാണ്‌. കാനഡ​യും ഐക്യ​നാ​ടു​ക​ളും സന്ദർശി​ച്ചിട്ട്‌ ലോക​ത്തി​ലെ ഈ അത്ഭുതം കാണാ​തി​രു​ന്നാൽ ആ സന്ദർശനം തീർച്ച​യാ​യും അപൂർണ​മാ​യി​രി​ക്കും. നിങ്ങൾ ഒരൽപ്പം സാഹസം ഇഷ്ടപ്പെ​ടുന്ന ആളാ​ണെ​ങ്കിൽ, ഇവിടത്തെ ബോട്ടിൽ സവാരി നടത്തുക! നിങ്ങൾക്ക്‌ അതിൽ ഖേദി​ക്കേ​ണ്ടി​വ​രില്ല, ഒരിക്ക​ലും മറക്കാ​നാ​വാത്ത ഒരു അനുഭ​വ​മാ​യി​രി​ക്കും അത്‌.—സംഭാവന ചെയ്യപ്പെട്ടത്‌.(g01 7/8)

[അടിക്കു​റിപ്പ്‌]

a “അമേരി​ക്കൻ വെള്ളച്ചാ​ട്ട​ത്തിൽ, 21 മുതൽ 34 വരെ മീറ്റർ താഴെ​യുള്ള പാറയി​ലേ​ക്കാ​ണു വെള്ളം കുത്തനെ പതിക്കു​ന്നത്‌.”—ഒൺടേ​റി​യോ​യി​ലെ നയാഗ്രാ പാർക്കു​കൾ, ഇംഗ്ലീഷ്‌.

[22-ാം പേജിലെ ചതുരം/ചിത്രം]

നയാഗ്രാ സ്‌പാ​നിഷ്‌ എയ്‌റോ കാർ

വെള്ളച്ചാ​ട്ട​ത്തി​ന്റെ സ്ഥാനത്തു​നിന്ന്‌ 4.5 കിലോ​മീ​റ്റർ താഴേക്കു ചെല്ലു​മ്പോൾ “അതിശീ​ഘ്രം വെള്ളം ഒഴുകുന്ന ഭാഗത്തി​ന്റെ ഒടുവി​ലാ​യി” ഒരു വലിയ ചുഴി “രൂപം​കൊ​ണ്ടി​രി​ക്കു​ന്നതു കാണാം. അവിടെ വെച്ച്‌ മലയി​ടുക്ക്‌ പെട്ടെന്നു വടക്കു കിഴ​ക്കോ​ട്ടു തിരി​യു​ന്നു. ഇവിടത്തെ മരതകപ്പച്ച വർണത്തി​ലുള്ള വലിയ ചുഴി​യിൽകി​ടന്ന്‌ വട്ടംതി​രിഞ്ഞ ശേഷം വെള്ളം മലയി​ടു​ക്കി​ലെ ഏറ്റവും ഇടുങ്ങിയ വഴിയി​ലൂ​ടെ രക്ഷപ്പെട്ടു പോകു​ന്നു.”—ഒൺടേ​റി​യോ​യി​ലെ നയാഗ്രാ പാർക്കു​കൾ.

ഈ ശ്രദ്ധേ​യ​മായ ചുഴി​യു​ടെ ആകമാന വലിപ്പം മനസ്സി​ലാ​ക്കാ​നുള്ള ഏറ്റവും മികച്ച മാർഗം നയാഗ്രാ സ്‌പാ​നിഷ്‌ എയ്‌റോ കാറിൽ (കേബിൾ കാർ) അതിനു മുകളി​ലൂ​ടെ സവാരി നടത്തു​ന്ന​താണ്‌. അതിൽ ഇരുന്നാൽ നദി ഒഴുകി​വ​രുന്ന ദൃശ്യ​വും ഒഴുകി​പ്പോ​കുന്ന ദൃശ്യ​വും നന്നായി കാണാൻ സാധി​ക്കും. എന്നാൽ എന്തു​കൊ​ണ്ടാണ്‌ ഈ കേബിൾ കാറിനെ “സ്‌പാ​നിഷ്‌” എയ്‌റോ കാർ എന്നു വിളി​ക്കു​ന്നത്‌? ലേയോ​നാർദോ ടോ​റെസ്‌ കേവേ​ഥോ (1852-1936) എന്ന അതിവി​ദ​ഗ്‌ധ​നായ സ്‌പാ​നിഷ്‌ എഞ്ചിനി​യ​റാണ്‌ അതു രൂപസം​വി​ധാ​നം ചെയ്‌ത്‌ ഉണ്ടാക്കി​യത്‌. 1916 മുതൽ അത്‌ ഉപയോ​ഗ​ത്തി​ലി​രി​ക്കു​ന്നു. അതു​പോ​ലുള്ള വേറൊന്ന്‌ നിലവി​ലില്ല.

[22-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ശിലാദ്രവീകരണം മൂലം 1678-ന്‌ ശേഷം വെള്ളച്ചാ​ട്ട​ത്തി​ന്റെ സ്ഥാനം 300-ലധികം മീറ്റർ പിന്നി​ലേക്കു മാറി​യി​രി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു

1678

1764

1819

1842

1886

1996

[കടപ്പാട്‌]

ഉറവിടം: Niagara Parks Commission

[23-ാം പേജിലെ ഭൂപടങ്ങൾ]

കാനഡ

അമേരിക്കൻ ഐക്യ​നാ​ടു​കൾ

കാനഡ

അമേരിക്കൻ ഐക്യ​നാ​ടു​കൾ

ഇയറി തടാകം

നയാഗ്രാ വെള്ളച്ചാ​ട്ടം

നയാഗ്രാ നദി

ഒൺടേറിയോ തടാകം

[21-ാം പേജിലെ ചിത്രം]

അമേരിക്കൻ വെള്ളച്ചാ​ട്ടം

കനേഡിയൻ ഹോഴ്‌സ്‌ഷൂ വെള്ളച്ചാ​ട്ടം ▸

[22-ാം പേജിലെ ചിത്രം]

നിശാദീപങ്ങളാൽ പ്രകാ​ശ​പൂ​രി​ത​മായ വെള്ളച്ചാ​ട്ട​ത്തി​ന്റെ ശിശി​ര​കാല ദൃശ്യം