നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്ന സന്നദ്ധസേവനം
നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്ന സന്നദ്ധസേവനം
മത്തായി 14:14-21) എന്നാൽ അവൻ ഏതു പ്രവർത്തനത്തിനാണ് മുൻഗണന കൊടുത്തത്? യേശുവിന്റെ ശുശ്രൂഷയുടെ പ്രാരംഭ ഘട്ടത്തിൽ നടന്ന ഒരു സംഭവം അതിന് ഉത്തരം നൽകുന്നു. മർക്കൊസിന്റെ സുവിശേഷത്തിന്റെ ആദ്യത്തെ അധ്യായത്തിൽ അതു രേഖപ്പെടുത്തിയിരിക്കുന്നു.
സഹായം ആവശ്യമുള്ളവർക്കായി യേശു പതിവായി സത്പ്രവൃത്തികൾ ചെയ്തു. ഉദാഹരണത്തിന് അവൻ വിശക്കുന്നവരെ പോഷിപ്പിച്ചു, രോഗികളെ സൗഖ്യമാക്കി. (യേശു ഗലീലാക്കടലിന് അടുത്തുള്ള കഫർന്നഹൂമിൽ ആയിരുന്നപ്പോൾ, അവനു ശിമോന്റെ അഥവാ പത്രൊസിന്റെ വീട്ടിലേക്കു ക്ഷണം ലഭിച്ചു. അവിടെ ‘ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടപ്പിലായിരുന്നു,’ യേശു അവളെ സുഖപ്പെടുത്തി. (മർക്കൊസ് 1:29-31) പിന്നീട്, ‘സകലവിധദീനക്കാരും’ ഉൾപ്പെടെ ഒരു ജനക്കൂട്ടം പത്രൊസിന്റെ വീട്ടുവാതിൽക്കൽ തടിച്ചുകൂടി, യേശു അവരെയും സൗഖ്യമാക്കി. (മർക്കൊസ് 1:32-34) രാത്രിയായപ്പോൾ എല്ലാവരും ഉറങ്ങാൻ പോയി.
പിറ്റേന്ന് “അതികാലത്തു” ഇരുട്ട് മാറുന്നതിനു മുമ്പുതന്നെ യേശു ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് “ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” കുറച്ചുസമയം കഴിഞ്ഞ്, അവന്റെ ശിഷ്യന്മാർ ഉണർന്ന് വീടിനു വെളിയിലേക്കു നോക്കിയപ്പോൾ വാതിൽക്കൽ വലിയൊരു ജനാവലി കൂടിവന്നിരിക്കുന്നതാണ് കണ്ടത്. എന്നാൽ അവർ എന്തു ചെയ്യും? യേശുവിനെ കാണ്മാനില്ലായിരുന്നു! ഉടൻ പത്രൊസും കൂടെയുള്ളവരും യേശുവിനെ അന്വേഷിച്ച് കണ്ടെത്തി അവനോടു പറഞ്ഞു: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു.” (മർക്കൊസ് 1:35-37; ലൂക്കൊസ് 4:42) അവർ ഫലത്തിൽ യേശുവിനോട് ‘നീ ഇവിടെ എന്തെടുക്കുകയാണ്? കഴിഞ്ഞ ദിവസം നിന്റെ സൗഖ്യമാക്കൽ ഒരു വമ്പിച്ച വിജയമായിരുന്നു. ഇന്ന് ഇതാ മഹത്തായ മറ്റൊരു അവസരം കൂടി!’ എന്നു പറയുകയായിരുന്നതു പോലെ തോന്നുന്നു.
എന്നാൽ യേശുവിന്റെ പ്രതികരണം ശ്രദ്ധിക്കുക: “ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) ആ മറുപടി പ്രാധാന്യമുള്ളതാണ്. മറ്റുള്ളവരെ സൗഖ്യമാക്കാൻ യേശു പത്രൊസിന്റെ വീട്ടിലേക്കു മടങ്ങിയില്ല. അതിന്റെ കാരണം അവൻ ഇങ്ങനെ വ്യക്തമാക്കി: “ഇതിന്നായിട്ടല്ലോ [അതായത്, പ്രസംഗിക്കാനാണ്] ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു.” (മർക്കൊസ് 1:38, 39; ലൂക്കൊസ് 4:43) ശിഷ്യന്മാരോട് അങ്ങനെ പറഞ്ഞതിനാൽ യേശു എന്താണ് അർഥമാക്കിയത്? സത്പ്രവൃത്തികൾ ചെയ്യുന്നത് അവനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. എന്നാൽ, യേശുവിന്റെ മുഖ്യ ദൗത്യം ദൈവവചനം പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും ആയിരുന്നു.—മർക്കൊസ് 1:14.
യേശുവിന്റെ “കാൽച്ചുവടു പിന്തുടരുവാൻ” ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ, ഏതുതരം സന്നദ്ധസേവനത്തിനു മുൻഗണന നൽകണം എന്നതു സംബന്ധിച്ച് ഇന്ന് അവർക്കു വ്യക്തമായ മാർഗനിർദേശമുണ്ട്. (1 പത്രൊസ് 2:21) മുൻ ലേഖനം വ്യക്തമാക്കിയതുപോലെ, അവർ യേശുവിനെ അനുകരിച്ചുകൊണ്ട് സഹായം ആവശ്യമുള്ളവർക്ക് അതു നൽകുന്നു. മാത്രമല്ല, യേശുവിനെ പോലെ ദൈവരാജ്യ സുവാർത്ത സംബന്ധിച്ച ബൈബിൾ സന്ദേശം പഠിപ്പിക്കുന്ന വേലയ്ക്ക് അവർ മുന്തിയ സ്ഥാനം കൊടുക്കുകയും ചെയ്യുന്നു. a (മത്തായി 5:14-16; 24:14; 28:19, 20) എന്നാൽ, ബൈബിൾ സന്ദേശം മറ്റുള്ളവരെ പഠിപ്പിക്കുന്ന സന്നദ്ധസേവന വേലയ്ക്ക് മൂല്യമുള്ള മറ്റു സന്നദ്ധസേവനങ്ങളെക്കാൾ പ്രാധാന്യം ഉള്ളത് എന്തുകൊണ്ടാണ്?
ബൈബിൾ വിദ്യാഭ്യാസം പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ട്, എങ്ങനെ?
ഏഷ്യയിലെ ഒരു പഴമൊഴി അതിനുള്ള ഉത്തരം നൽകുന്നു. അത് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ ആസൂത്രണം ഒരു വർഷത്തേക്കാണെങ്കിൽ വിത്തു വിതയ്ക്കുക. പത്തു വർഷത്തേക്കാണെങ്കിൽ വൃക്ഷങ്ങൾ നടുക. നൂറു വർഷത്തേക്കാണെങ്കിൽ ആളുകളെ വിദ്യ അഭ്യസിപ്പിക്കുക.” സ്ഥായിയായ പരിഹാരമാർഗങ്ങൾ പ്രദാനം ചെയ്യുന്ന കാര്യത്തിൽ വിദ്യാഭ്യാസം അനിവാര്യമാണ്. കാരണം, ജീവിതത്തെ മെച്ചപ്പെടുത്താനാവുന്ന തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി വളർത്തിയെടുക്കാൻ അത് ഒരു വ്യക്തിയെ സഹായിക്കും. അതുകൊണ്ടാണ് ഇന്ന് 60 ലക്ഷത്തിലധികം അംശകാല, മുഴുസമയ സന്നദ്ധസേവകർ ആളുകൾക്കു സൗജന്യ ബൈബിൾ വിദ്യാഭ്യാസം നൽകുന്നതിനു തങ്ങളുടെ സമയവും ശ്രമവും വിഭവങ്ങളും ചെലവിടുന്നത്. യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന കാലം മാറ്റു തെളിയിച്ച ഈ സന്നദ്ധസേവന
പരിപാടി ലോകമെങ്ങും നല്ല ഫലം ഉളവാക്കിക്കൊണ്ടിരിക്കുന്നു. എങ്ങനെ?ബൈബിളിന്റെ പ്രായോഗിക ബുദ്ധിയുപദേശം മനസ്സിലാക്കാനും പിൻപറ്റാനും ആളുകൾക്കു സഹായം ലഭിക്കുമ്പോൾ, ജീവിതപ്രശ്നങ്ങൾ തരണം ചെയ്യാൻ മെച്ചപ്പെട്ട ഒരു സ്ഥാനത്തായിരിക്കും അവർ. ഹാനികരമായ ശീലങ്ങൾ തരണം ചെയ്യുന്നതിന് ആവശ്യമായ ധാർമിക കരുത്ത് അവർക്കു ലഭിക്കും. ബൈബിൾ വിദ്യാഭ്യാസത്തിന്റെ മറ്റൊരു പ്രയോജനം ബ്രസീലിലെ നെൽസോൺ എന്ന യുവാവ് ഊന്നിപ്പറയുന്നു: “യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയതിൽപ്പിന്നെ ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞിരിക്കുന്നു, കാരണം എന്റെ ജീവിതത്തിന് ഇപ്പോൾ ഒരു ഉദ്ദേശ്യമുണ്ട്.” (സഭാപ്രസംഗി 12:13) അടുത്ത കാലത്തു ദൈവവചനം പഠിക്കാൻ തുടങ്ങിയ വ്യത്യസ്ത പ്രായക്കാരായ ലക്ഷക്കണക്കിനു മറ്റുള്ളവർക്കു നെൽസോന്റെ അതേ വികാരമാണ് ഉള്ളത്. ജീവിതത്തിൽ സംതൃപ്തി നൽകുന്ന ഒരു ഉദ്ദേശ്യം കണ്ടെത്താൻ സഹായിക്കുന്നതിനു പുറമേ, ദൈവരാജ്യ സന്ദേശം ഭാവി സംബന്ധിച്ച മഹത്തായ പ്രത്യാശയും പകരുന്നു—ആ പ്രത്യാശ ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും ജീവിക്കുന്നതു മൂല്യവത്തായ ഒരു അനുഭവം ആക്കിത്തീർക്കുന്നു. (1 തിമൊഥെയൊസ് 4:8)—“ദൈവരാജ്യം കൈവരുത്തുന്ന പ്രയോജനങ്ങൾ” എന്ന ചതുരം കാണുക.
ബൈബിൾ വിദ്യാഭ്യാസം നൽകുന്നതിലൂടെ, നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരു സന്നദ്ധസേവനമാണ് യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്നത്. അത് എത്ര കാലം നിലനിൽക്കും? ദൈവവചനം ഇങ്ങനെ പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യോഹന്നാൻ 17:3) നിത്യ പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ചു ചിന്തിക്കുക—അതു തീർച്ചയായും മറ്റുള്ളവർക്കു പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരു സന്നദ്ധസേവനം ആയിരിക്കും! അത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുകയില്ലേ? എങ്കിൽ, നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. ഈ ആഹ്വാനത്തിനു ചെവി കൊടുക്കുന്നെങ്കിൽ, അതേപ്രതി നിങ്ങൾക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല, തീർച്ച.(g01 7/22)
[അടിക്കുറിപ്പ]
a യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗവേലയെ പൗലൊസ് അപ്പൊസ്തലൻ വീക്ഷിച്ചതുപോലെ—അതായത് സത്യക്രിസ്ത്യാനികൾക്കുള്ള ഒരു വ്യവസ്ഥ എന്ന നിലയിൽ—ആണു വീക്ഷിക്കുന്നത്. പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെ മേൽ കിടക്കുന്നു.” (1 കൊരിന്ത്യർ 9:16) അപ്പോൾ പോലും പ്രസംഗപ്രവർത്തനം ഒരു സന്നദ്ധസേവനമാണ്. കാരണം, ക്രിസ്തുവിന്റെ ശിഷ്യന്മാർ ആയിത്തീരുമ്പോഴുള്ള ഉത്തരവാദിത്വങ്ങൾ നന്നായി തിരിച്ചറിഞ്ഞുകൊണ്ട് ആ പദവി സ്വീകരിക്കാൻ അവർ സ്വമനസ്സാലെ തീരുമാനിച്ചിരിക്കുന്നു.
[11-ാം പേജിലെ ആകർഷക വാക്യം]
“നിങ്ങളുടെ ആസൂത്രണം ഒരു വർഷത്തേക്കാണെങ്കിൽ വിത്തു വിതയ്ക്കുക. പത്തു വർഷത്തേക്കാണെങ്കിൽ വൃക്ഷങ്ങൾ നടുക. നൂറു വർഷത്തേക്കാണെങ്കിൽ ആളുകളെ വിദ്യ അഭ്യസിപ്പിക്കുക.”
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അവർ സഹായവും പ്രത്യാശയും നൽകുന്നു
ഉഷ്ണമേഖലാ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഒരു ഫ്രഞ്ച് നഴ്സാണ് 43 വയസ്സുള്ള നാഡിൻ. മധ്യ ആഫ്രിക്കൻ പ്രദേശത്ത് പ്രവർത്തിച്ചിട്ടുള്ള സന്നദ്ധസേവകരിൽ ഒരാളാണ് അവർ. “എന്തുകൊണ്ടാണ് ഇതു ചെയ്യുന്നതെന്ന് ആളുകൾ ചോദിക്കാറുണ്ട്,” അടുത്തയിടെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു; ഞാൻ ആളുകളെ സ്നേഹിക്കുന്നു, എന്നെത്തന്നെ മറ്റുള്ളവർക്കായി വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നു. യഹോവയുടെ സാക്ഷികളിൽ ഒരുവളായിരിക്കുന്നത് ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവും പ്രത്യാശയും പകരാൻ എന്നെ പ്രേരിപ്പിക്കുന്നു.” ആഫ്രിക്കയിൽ സന്നദ്ധസേവനത്തിൽ ഏർപ്പെടുന്ന നാഡിൻ ദുരിതാശ്വാസ പ്രവർത്തനത്തിനും പ്രാദേശിക സാക്ഷികൾ നിർവഹിക്കുന്ന ബൈബിൾ വിദ്യാഭ്യാസ വേലയിൽ പങ്കെടുക്കുന്നതിനും തന്റെ സമയം വിനിയോഗിക്കുന്നു.
[ചിത്രങ്ങൾ]
നാഡിൻ ആഫ്രിക്കയിൽ
[12-ാം പേജിലെ ചതുരം]
ദൈവരാജ്യം കൈവരുത്തുന്ന പ്രയോജനങ്ങൾ
നിങ്ങളുടെ ബൈബിൾ തുറന്ന് ഈ വാക്യങ്ങൾ വായിച്ചുകൊണ്ട് പിൻവരുന്ന മണ്ഡലങ്ങളിൽ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് എങ്ങനെയെന്നു കാണുക:
ആരോഗ്യം “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5; യെശയ്യാവു 33:24; 35:5, 6.
വിദ്യാഭ്യാസം “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:9; ഹബക്കൂക് 2:14.
തൊഴിൽ “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല . . . അവർ വൃഥാ അദ്ധ്വാനിക്കയില്ല.”—യെശയ്യാവു 65:21-23.
ഭക്ഷണം “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.”—സങ്കീർത്തനം 67:6; 72:16; യെശയ്യാവു 25:6.
സാമൂഹിക അവസ്ഥകൾ“യഹോവ ദുഷ്ടന്മാരുടെ വടി . . . ഒടിച്ചുകളഞ്ഞു. സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു.”—യെശയ്യാവു 14:5, 7.
നീതി “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.”—യെശയ്യാവു 11:3-5; 32:1, 2.