എനിക്ക് എങ്ങനെ ബൈബിൾ വായന കൂടുതൽ ആസ്വാദ്യമാക്കാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് എങ്ങനെ ബൈബിൾ വായന കൂടുതൽ ആസ്വാദ്യമാക്കാനാകും?
“ചിലപ്പോൾ ബൈബിൾ വായിച്ചാൽ ഒന്നും മനസ്സിലാവില്ല. അപ്പോൾ ആകപ്പാടെ നിരുത്സാഹം തോന്നും.”—അനലിസ, 17 വയസ്സ്.
“ബൈബിൾ വായിക്കുമ്പോൾ എനിക്കു ബോറടിച്ചിരുന്നു.”—കിംബർളി, 22 വയസ്സ്.
അനേകർക്കും വായന ഇഷ്ടമല്ല. അതുകൊണ്ട് ബൈബിൾ പോലെ വലിയ ഒരു പുസ്തകം വായിക്കുന്നതിനെ കുറിച്ച് അവർക്ക് ഓർക്കാൻ പോലും വയ്യാ. വായന ഇഷ്ടമുള്ളവരുടെ കാര്യത്തിൽ പോലും ഇതു സത്യമായിരിക്കാം. 17 വയസ്സുകാരി ടാമി ഇങ്ങനെ പറയുന്നു: “കടിച്ചാൽ പൊട്ടാത്ത അനേകം വാക്കുകൾ അടങ്ങിയ തടിച്ച ഒരു പുസ്തകമായിട്ടാണ് ഞാൻ ബൈബിളിനെ കണ്ടിരുന്നത്. ബൈബിൾ വായിക്കാൻ വളരെയധികം ഏകാഗ്രതയും സഹിഷ്ണുതയും ആവശ്യമാണ്.”
കൂടാതെ, ഗൃഹപാഠം, വീട്ടുജോലികൾ, വിനോദം എന്നിവയ്ക്കായി നിങ്ങളുടെ സമയത്തിന്റെ വലിയൊരു ഭാഗം നിങ്ങൾ ചെലവഴിച്ചേക്കാം. അതുകൊണ്ടും ബൈബിൾ വായന ആസ്വദിക്കുന്നതും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ബുദ്ധിമുട്ടായിത്തീർന്നേക്കാം. ഇതിനെല്ലാം പുറമേ, യഹോവയുടെ സാക്ഷികളിൽ ഒരുവളായ ആലിസിയാ ക്രിസ്തീയ യോഗങ്ങൾക്ക് തയ്യാറാകാനും ഹാജരാകാനും തന്റെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും സമയം ചെലവഴിക്കുന്നു. അവൾ ഇങ്ങനെ തുറന്നു സമ്മതിക്കുന്നു: “ചെയ്തുതീർക്കേണ്ട കാര്യങ്ങൾക്ക് യാതൊരു അന്തവുമില്ലാത്തതായി കാണപ്പെടുന്നതിനാൽ ബൈബിൾ വായന ബുദ്ധിമുട്ടായി തോന്നിയേക്കാം.”
എന്നാൽ ആലിസിയായും ടാമിയും മറ്റനേകം യുവജനങ്ങളും ഈ ബുദ്ധിമുട്ടുകളെ വിജയകരമായി മറികടന്നിരിക്കുന്നു. ഇപ്പോൾ അവർ ക്രമമായി ബൈബിൾ വായിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്നു. നിങ്ങൾക്കും അതിനു കഴിയും! ബൈബിൾ വായന കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കാൻ നിങ്ങൾക്കു ചെയ്യാവുന്ന മൂന്നു കാര്യങ്ങൾ പരിചിന്തിക്കുക.
ബൈബിൾ വായനയ്ക്കു സമയം കണ്ടെത്തുക
“ബൈബിൾ വായന ബോറടിപ്പിക്കുന്നതാണെന്ന് യുവജനങ്ങൾ പറയുന്നത് അവർ അത് ആവശ്യത്തിനു വായിച്ചിട്ടില്ലാത്തതിനാലാണ് എന്നാണ് എനിക്കു തോന്നുന്നത്” എന്ന് 18 വയസ്സുള്ള കെല്ലി പറയുന്നു. പതിവായി ഒരു കളിയിൽ ഏർപ്പെടുമ്പോൾ അത് ആസ്വാദ്യമായിത്തീരുന്നതു പോലെ, ബൈബിൾ ക്രമമായി വായിക്കുമ്പോൾ നിങ്ങൾ അത് ആസ്വദിക്കും.
എന്നാൽ നിങ്ങൾക്കു തീരെ കുറച്ച് ഒഴിവു സമയമേ കിട്ടുന്നുള്ളുവെങ്കിലോ? അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ [‘അവസരോചിത സമയം വിലയ്ക്കു വാങ്ങിക്കൊൾവിൻ,’ NW].” (എഫെസ്യർ 5:15, 16) ടിവി കാണൽ പോലെയുള്ള അത്യാവശ്യമില്ലാത്ത പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന സമയം കുറച്ചുകൊണ്ട് നിങ്ങൾക്കു സമയം ‘വിലയ്ക്കു വാങ്ങാൻ’ കഴിയും. “സമയം” എന്നതിനു പൗലൊസ് ഉപയോഗിച്ച പദത്തിന് ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി നീക്കിവെക്കുന്ന സമയത്തെ കുറിക്കാനാവും. ബൈബിൾ വായനയ്ക്കായി നിങ്ങൾക്ക് ഏതു സമയം നീക്കിവെക്കാൻ കഴിയും?
പലരും രാവിലെ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ a എന്ന ചെറുപുസ്തകത്തിൽ നിന്നുള്ള തിരുവെഴുത്തും അഭിപ്രായവും പരിചിന്തിച്ച ശേഷം ബൈബിൾ വായിക്കുന്നു. മറ്റു ചിലർക്ക് രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് വായിക്കുന്നതാണ് ഇഷ്ടം. നിങ്ങൾക്ക് പ്രായോഗികമായ ഒരു സമയം തിരഞ്ഞെടുക്കുകയും ആവശ്യാനുസരണം പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുക. ആലിസിയാ പറയുന്നു: “വഴക്കമുള്ളവൾ ആയിരിക്കുന്നതിനാലാണ് എനിക്കു വായന ക്രമമായി നടത്താൻ സാധിക്കുന്നത്.”
ചില ക്രിസ്തീയ യുവജനങ്ങൾ ദിവസവും 10 മുതൽ 15 വരെ മിനിട്ട് ബൈബിൾ വായനയ്ക്കായി മാറ്റി വെക്കുന്നു. അങ്ങനെ ചെയ്യുകവഴി ഒന്നോ രണ്ടോ വർഷംകൊണ്ട് മുഴു ബൈബിളും വായിച്ചുതീർക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു! അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പോലും ദിവസവും ബൈബിളിന്റെ കുറച്ചു ഭാഗമെങ്കിലും വായിക്കാൻ ലക്ഷ്യമിടാവുന്നതാണ്. ബൈബിൾ വായനയ്ക്കായി നീക്കിവെച്ചിരിക്കുന്ന സമയത്തോട് വിശ്വസ്തമായി പറ്റിനിൽക്കുമ്പോൾ ദൈവവചനത്തോടുള്ള നിങ്ങളുടെ സ്നേഹം വർധിക്കും.—സങ്കീർത്തനം 119:97; 1 പത്രൊസ് 2:2, 3.
ജ്ഞാനത്തിനായി പ്രാർഥിക്കുക
വാസ്തവത്തിൽ, ക്രമമായി ബൈബിൾ വായിക്കുന്നവർ പോലും ദൈവവചനത്തിന്റെ ചില ഭാഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി കണ്ടെത്തുന്നു. ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവം നിങ്ങൾ അവന്റെ വചനം മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു. യെശയ്യാവ് 53-ാം അധ്യായത്തിലെ ഒരു പ്രവചനം പൂർണമായി ഗ്രഹിക്കാൻ കഴിയാഞ്ഞ ഒരു എത്യോപ്യൻ യാത്രക്കാരനെ കുറിച്ചു പ്രവൃത്തികളുടെ പുസ്തകം പറയുന്നു. ആ മനുഷ്യൻ സഹായം ചോദിക്കാൻ സന്നദ്ധനായിരുന്നു. യഹോവയുടെ ദൂതൻ മിഷനറിയായ ഫിലിപ്പൊസിനെ പ്രവചനത്തിന്റെ അർഥം വിശദീകരിച്ചു കൊടുക്കുന്നതിനായി ആ വ്യക്തിയുടെ അടുത്തേക്കു നയിച്ചു.—പ്രവൃത്തികൾ 8:26-39.
അതുകൊണ്ട് ഫലപ്രദമായ ബൈബിൾ വായന തുടങ്ങുന്നത് വായനയോടെയല്ല, പ്രാർഥനയോടെയാണ്. ബൈബിൾ തുറക്കുന്നതിനു മുമ്പ് തങ്ങൾ വായിക്കാൻ പോകുന്ന ഭാഗത്തെ പാഠങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള ജ്ഞാനത്തിനായി യഹോവയോടു പ്രാർഥിക്കുന്നത് ചിലർ ഒരു ശീലമാക്കിയിരിക്കുന്നു. (2 തിമൊഥെയൊസ് 2:7; യാക്കോബ് 1:5) ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതും പരിശോധനകളെ തരണം ചെയ്യാൻ സഹായിക്കുന്നതുമായ ബൈബിൾ വാക്യങ്ങൾ നിങ്ങളുടെ ഓർമയിലേക്കു കൊണ്ടുവരാൻ പോലും ദൈവാത്മാവിനു കഴിയും.
ഒരു യുവ ക്രിസ്ത്യാനി ഓർക്കുന്നു: “എനിക്കു 12 വയസ്സുള്ളപ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഒരു ദിവസം രാത്രി ഉറങ്ങുന്നതിനു മുമ്പായി എന്റെ അച്ഛൻ തിരിച്ചുവരാൻ ഇടയാക്കണമേ എന്നു ഞാൻ യഹോവയോട് യാചിച്ചു. അതിനുശേഷം ഞാൻ ബൈബിൾ എടുത്ത് ‘അഗതി തന്നെത്താൻ നിങ്കൽ [യഹോവയിങ്കൽ] ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു’ എന്നു പറയുന്ന സങ്കീർത്തനം 10:14 വായിച്ചു. ഒരു നിമിഷം ഞാൻ വായന നിറുത്തി ചിന്തിച്ചു. യഹോവ എന്നോടു സംസാരിക്കുകയാണെന്നും അവൻ എന്റെ സഹായിയും പിതാവും ആണെന്ന് എന്നെ അറിയിക്കുകയാണെന്നും എനിക്കു തോന്നി. അവനെ പോലുള്ള നല്ല ഒരു പിതാവിനെ വേറെ എവിടെയാണു കിട്ടുക?”
ബൈബിൾ വായിക്കാൻ ഇരിക്കുന്ന ഓരോ തവണയും പ്രാർഥിക്കുന്നത് നിങ്ങൾക്കൊരു ശീലമാക്കാൻ കഴിയുമോ? ഏഡ്രിയൻ പിൻവരുന്ന നിർദേശം നൽകുന്നു: “വായനയ്ക്കു മുമ്പും അതുപോലെതന്നെ അതു കഴിഞ്ഞും പ്രാർഥിക്കുക. അപ്പോൾ അതു ശരിക്കും യഹോവയുമായുള്ള ആശയവിനിമയം ആയിത്തീരും.” നിങ്ങളുടെ ബൈബിൾ വായന പട്ടികയോട് പറ്റിനിൽക്കാനും ദൈവവുമായുള്ള ബന്ധം ശക്തീകരിക്കാനും ഹൃദയംഗമമായ പ്രാർഥന സഹായിക്കും.—യാക്കോബ് 4:8.
വായന ജീവസ്സുറ്റതാക്കുക
തുടക്കത്തിൽ പരാമർശിച്ച കിംബർളിക്ക് ബൈബിൾ വായിക്കുമ്പോൾ ബോറടിച്ചിരുന്നു. ബൈബിൾ അതിപുരാതനമായ ഒരു ഗ്രന്ഥമാണ് എന്നുള്ളത് ശരിയാണ്. കമ്പ്യൂട്ടറോ ടെലിവിഷനോ വിമാനമോ ഒക്കെ കണ്ടുപിടിക്കുന്നതിനു വളരെ മുമ്പാണ് അത് എഴുതപ്പെട്ടത്. അതിലെ കഥാപാത്രങ്ങളെല്ലാം മരിച്ചിട്ട് ഇപ്പോൾ ആയിരക്കണക്കിനു വർഷങ്ങളായി. എന്നിരുന്നാലും അപ്പൊസ്തലനായ പൗലൊസ് ‘ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതുമാണ്’ എന്ന് എഴുതി. (എബ്രായർ 4:12, NW) ഇത്രയും പുരാതനമായ ഒരു ഗ്രന്ഥത്തിന് എങ്ങനെയാണ് ശക്തി ചെലുത്തുന്ന ഒന്നായിരിക്കാൻ കഴിയുക?
പകർപ്പെഴുത്തുകാരനായ എസ്രായുടെ നാളിൽ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ‘കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും’ യെരൂശലേമിൽ മോശൈക ന്യായപ്രമാണത്തിന്റെ വായന കേൾക്കാൻ കൂടിവന്നു. ന്യായപ്രമാണം ലഭിച്ചിട്ട് അപ്പോൾത്തന്നെ 1,000-ത്തിലേറെ വർഷം കഴിഞ്ഞിരുന്നു! എന്നിരുന്നാലും എസ്രായും അവന്റെ സഹായികളും “ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.” ഈ പുരുഷന്മാർ തിരുവെഴുത്തുകൾ വിശദീകരിക്കുകയും ഉത്സാഹപൂർവം വായിക്കുകയും ചെയ്തതിന്റെ ഫലം എന്തായിരുന്നു? “തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.”—നെഹെമ്യാവു 8:1-12.
നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ ബൈബിൾ വായന അർഥസമ്പുഷ്ടമാക്കാൻ കഴിയും? വായന വളരെ ബുദ്ധിമുട്ടായി തോന്നുന്ന കാത്തി ഏകാഗ്രത നിലനിറുത്താൻ ഉച്ചത്തിൽ വായിക്കുന്നു. രേഖപ്പെടുത്തിയിരിക്കുന്ന വിവരണത്തിന്റെ പശ്ചാത്തലത്തിൽ തന്നെത്തന്നെ കാണാൻ നിക്കി ശ്രമിക്കുന്നു. “ആ സാഹചര്യത്തിൽ എനിക്ക് എന്തു തോന്നുമായിരുന്നു എന്ന് വിഭാവന ചെയ്യാൻ ഞാൻ ശ്രമിക്കുന്നു,” അവൾ പറയുന്നു. “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ രൂത്തിന്റെയും നൊവൊമിയുടേതുമാണ്. അത് എത്ര വായിച്ചാലും എനിക്കു മടുപ്പു തോന്നില്ല. ഒരു പുതിയ നഗരത്തിലേക്കു താമസം മാറേണ്ടി വന്നപ്പോൾ ഈ കഥ എനിക്ക് ആശ്വാസം നൽകി. പരിചയമുള്ള ആരും ഇല്ലാത്ത ഒരു പുതിയ സ്ഥലത്തേക്കു പോയപ്പോൾ രൂത്തിന് എന്തായിരിക്കും തോന്നിയിരിക്കുക എന്നതിനെ കുറിച്ചു ഞാൻ ഓർത്തു. അവളെ പോലെതന്നെ യഹോവയിൽ ആശ്രയിക്കാൻ അത് എന്നെ സഹായിച്ചു.”—രൂത്ത് 1-4 അധ്യായങ്ങൾ.
വായിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോഴാണ് ബൈബിൾ “ശക്തി ചെലുത്തുന്ന” ഒന്നായിത്തീരുന്നത്. ഓരോ തവണ തിരുവെഴുത്തുകൾ വായിക്കുമ്പോഴും നിങ്ങൾ വായിച്ച ഭാഗത്തെ കുറിച്ചു ധ്യാനിക്കാനും പഠിച്ച കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കാനാകും എന്നതിനെ കുറിച്ചു ചിന്തിക്കാനും സമയം എടുക്കുക. നിങ്ങളുടെ വായനയെ സമ്പുഷ്ടമാക്കാൻ കഴിയുന്ന, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ പഠന സഹായികൾ ഉപയോഗപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കും. b
പറ്റിനിൽക്കുക!
ബൈബിൾ വായന പട്ടികയോടു പറ്റിനിൽക്കുക എന്നത് എളുപ്പമല്ല. ഏറ്റവും നല്ല ബൈബിൾ വായന പരിപാടിയിൽ പോലും ചിലപ്പോഴൊക്കെ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടി വന്നേക്കാം. ദിവസവും ബൈബിൾ വായിക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ എങ്ങനെ കഴിയും?
സുഹൃത്തുക്കൾക്കും കുടുംബത്തിനും സഹായിക്കാനാവും. പതിനഞ്ചു വയസ്സുള്ള ആമ്പർ പറയുന്നു: “ഞാനും എന്റെ അനുജത്തിയും ഒരു മുറിയിലാണു കിടക്കുന്നത്. ചില ദിവസങ്ങളിൽ ആകെ ക്ഷീണിച്ച് എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയാൽ മതി എന്നു വിചാരിച്ചായിരിക്കും ഞാൻ കിടക്കാൻ വരിക. എന്നാൽ ബൈബിൾ വായിച്ചില്ലല്ലോ എന്ന് എന്റെ അനുജത്തി എന്നെ ഓർമിപ്പിക്കും. അതുകൊണ്ട് ഞാൻ അത് ഒരിക്കലും മറക്കാറില്ല!” ഏതെങ്കിലും ഒരു തിരുവെഴുത്തോ അല്ലെങ്കിൽ ഭാഗമോ താത്പര്യജനകമായി കണ്ടെത്തുന്നെങ്കിൽ അതിനെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുക. ഇത് ദൈവവചനത്തോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിപ്പിക്കും. അതുപോലെ ബൈബിൾ വായനയിലുള്ള അവരുടെ താത്പര്യത്തെ ഉണർത്താൻ പോലും അതിനു കഴിഞ്ഞേക്കാം. (റോമർ 1:11, 12) ഒരു ദിവസത്തേക്കോ അതിൽ കൂടുതൽ സമയത്തേക്കോ ബൈബിൾ വായന നടത്താൻ കഴിയാതെ പോയാൽ ശ്രമം ഉപേക്ഷിക്കരുത്! നിറുത്തിയിടത്ത് വീണ്ടും തുടങ്ങുക. നിങ്ങളുടെ പട്ടികയോടു പറ്റിനിൽക്കാൻ ദൃഢനിശ്ചയം ചെയ്യുക.
ദിവസേനയുള്ള ബൈബിൾ വായന കൈവരുത്തുന്ന സമൃദ്ധമായ അനുഗ്രഹങ്ങൾ എപ്പോഴും മനസ്സിൽ പിടിക്കുക. യഹോവയുടെ വചനത്തിലൂടെ അവൻ പറയുന്നതിനു ചെവികൊടുക്കുമ്പോൾ നിങ്ങൾ അവനുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കും. അവന്റെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയും. (സദൃശവാക്യങ്ങൾ 2:1-5) നമ്മുടെ സ്വർഗീയ പിതാവിൽനിന്നുള്ള ഈ അമൂല്യ സത്യങ്ങൾ ഒരു സംരക്ഷണമായി ഉതകും. “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ?” എന്നു സങ്കീർത്തനക്കാരൻ ചോദിച്ചു. “നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.” (സങ്കീർത്തനം 119:9) അതുകൊണ്ട് ബൈബിൾ വായന നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക, അതിനോടു പറ്റിനിൽക്കുക. അതിനു നിങ്ങൾ വിചാരിച്ചതിനെക്കാൾ ആസ്വാദ്യമായിരിക്കാൻ കഴിയുമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം!(g01 8/22)
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
b ബൈബിളിലേക്ക് ആഴത്തിൽ കുഴിച്ചിറങ്ങുന്നതിനു സഹായകമായ അനേകം പ്രായോഗിക നിർദേശങ്ങൾ 2000 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളിൽ ഉണ്ട്.
[18-ാം പേജിലെ ചിത്രങ്ങൾ]
പ്രാർഥനയും ഗവേഷണവും നിങ്ങളുടെ ബൈബിൾ വായനയെ സമ്പുഷ്ടമാക്കുകയും തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ സഹായിക്കുകയും ചെയ്യും
[19-ാം പേജിലെ ചിത്രം]
വിവരണത്തിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ആയിരിക്കുന്നതായി സങ്കൽപ്പിക്കുമ്പോൾ തിരുവെഴുത്തുകൾ ശക്തി ചെലുത്തുന്ന ഒന്നായിത്തീരും