ചിത്രകാരി എന്ന നിലയിലുള്ള എന്റെ ജീവിതം
ചിത്രകാരി എന്ന നിലയിലുള്ള എന്റെ ജീവിതം
ഷിസൂക്കോ കാവബാറ്റ പറഞ്ഞപ്രകാരം
“യഹോവയുടെ സാക്ഷികൾ, ലോകമെമ്പാടും സുവാർത്ത ഘോഷിക്കുന്ന സുന്ദര ജനത” ഫ്രാൻസിലെ വേഴ്സൈയിൽ 1999-ൽ നടത്തിയ ഒരു ചിത്രകലാ പ്രദർശനത്തിൽ വെച്ച എന്റെ ചിത്രങ്ങളിൽ ഒന്നിന്റെ ശീർഷകമായിരുന്നു അത്.
ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ നേരെയുള്ള അവിടുത്തെ സർക്കാരിന്റെ അന്യായമായ പെരുമാറ്റത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന 12 ദശലക്ഷം ലഘുലേഖകൾ അവർ രാജ്യത്തുടനീളം വിതരണം ചെയ്ത് ഒരാഴ്ച കഴിയുന്നതിനു മുമ്പായിരുന്നു പ്രദർശനം. സാക്ഷികളെ പ്രകീർത്തിച്ചുകൊണ്ടുള്ള എന്റെ ചിത്രത്തിന് എനിക്ക് ഒരു പ്രത്യേക അവാർഡ് ലഭിച്ചു. അവാർഡുദാന ചടങ്ങ് സംഘടിപ്പിച്ച വ്യക്തി പിന്നീട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് നല്ല ധൈര്യമുണ്ട്, എന്നാൽ എനിക്കുമുണ്ട് ധൈര്യം. അതുകൊണ്ടാണ് ഈ പ്രത്യേക അവാർഡ് ഞാൻ നിങ്ങൾക്കു നൽകുന്നത്.”
ചിത്രങ്ങളിലൂടെ വികാരങ്ങളും അനുഭൂതികളും പ്രകാശിപ്പിക്കാൻ പല കലാകാരന്മാരും ശ്രമിക്കുന്നു. അതിനാണ് ഞാനും ശ്രമിക്കുന്നത്. എന്റെ വികാരങ്ങളുടെ പ്രതിഫലനമാണ് എന്റെ ചിത്രങ്ങൾ. എന്റെ സന്തോഷത്തെയും പ്രസന്നതയെയും പ്രതിഫലിപ്പിക്കുന്ന ശോഭയാർന്ന ചിത്രങ്ങളാണ് അവ. സർഗശേഷിയും ചിത്രകലയും സമന്വയിപ്പിക്കുന്നതിന്റെ സന്തോഷം ഞാൻ കുട്ടിക്കാലത്തു കണ്ടെത്തി.
ഞാൻ ചിത്രരചന തുടങ്ങിയതിന്റെ കാരണം
ജപ്പാനിലെ മോറിയോക്കയിൽ 1920-ൽ ഒരു സമ്പന്ന കുടുംബത്തിലാണു ഞാൻ ജനിച്ചത്. എന്റെ ചേച്ചിക്കും എനിക്കും ജാപ്പനീസ് നൃത്തം, പുഷ്പാലങ്കാരം, ചായചടങ്ങ്, കോട്ടോ (സിതെർ എന്ന സംഗീതോപകരണത്തിന്റെ ജാപ്പനീസ് പതിപ്പ്), പിയാനോ, സംഗീതം എന്നിവയിൽ പരിശീലനം നൽകാൻ അധ്യാപകർ വീട്ടിൽ വന്നിരുന്നു. എനിക്ക് അവയൊന്നും ഇഷ്ടമല്ലായിരുന്നു. അവർ വരുമ്പോൾ ഞാൻ പലപ്പോഴും ഓടിയൊളിക്കുകയാണു ചെയ്തിരുന്നത്. വേലക്കാർ വന്ന് എന്നെ കണ്ടുപിടിച്ച് ബലമായി അവരുടെ അടുക്കലേക്കു കൊണ്ടുവരുമായിരുന്നു.
പാഠങ്ങളുടെ വഴക്കമില്ലായ്മയാണു ഞാൻ വെറുത്തത്. എനിക്ക് ഒരു പരിചയവും ഇല്ലാഞ്ഞ വ്യക്തികളാണ് ഞാൻ എങ്ങനെ നൃത്തം ചെയ്യണം, പുഷ്പങ്ങൾ അലങ്കരിക്കണം, മറ്റുള്ളവർക്കു ചായ നൽകണം എന്നൊക്കെ നിശ്ചയിച്ചത്. എനിക്ക് ആകെപ്പാടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. സ്വന്തമായി ചിന്തിക്കുന്നതിനോ വ്യക്തിപരമായ ലക്ഷ്യങ്ങൾ വെക്കുന്നതിനോ ഒന്നും സാധിക്കാത്തതുപോലെ തോന്നി. എന്നാൽ ഞാൻ ചിത്രരചന നടത്തിയപ്പോൾ ആരും അതു ശ്രദ്ധിച്ചില്ല. ഇതു ചെയ്യണം അതു ചെയ്യരുത് എന്നൊന്നും ആരും പറഞ്ഞിരുന്നില്ല. ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം ചിത്രരചനയിൽ ഞാൻ കണ്ടെത്തി.
ചിത്രകല അഭ്യസിപ്പിക്കാൻ ആരുമില്ലാഞ്ഞതിനാൽ എനിക്ക് പുത്തൻ രീതികൾ പരീക്ഷിച്ചുനോക്കാനും മുന്നമേയുള്ള ആസൂത്രണം കൂടാതെ ചിത്രരചന നടത്താനും കഴിഞ്ഞിരുന്നു. എന്നെ വിമർശിക്കാൻ ആരും ഉണ്ടായിരുന്നില്ല. ക്രമേണ ഞാൻ കൂടുതൽ സാഹസങ്ങൾക്കു മുതിർന്നു. ഏകദേശം 12 വയസ്സുള്ളപ്പോൾ ഞാൻ എന്റെ പിതാവിന്റെ സിൽക്ക് ടൈകൾ എടുത്ത് അവയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഏറെ കഴിയുന്നതിനുമുമ്പ് ഞങ്ങൾക്ക് സ്കൂളിൽ ഉടുപ്പ് തുന്നേണ്ട അവസരം ഉണ്ടായി. ഉടുപ്പിന്റെ മുൻവശത്തുനിന്ന് പകുതി തുണി മുറിച്ചുമാറ്റി ഞാൻ അവിടെ വെള്ള തുണി തുന്നിപ്പിടിപ്പിച്ചതു കണ്ടപ്പോൾ ടീച്ചർ ഞെട്ടിപ്പോയി. എന്നാൽ എന്റെ അച്ഛനെ പോലെ ടീച്ചറും അതേക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല.
സ്വപ്നങ്ങളും യാഥാർഥ്യങ്ങളും
പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ, വലുതാകുമ്പോൾ ഒരു ചിത്രകാരി ആയിത്തീരണം എന്നു ഞാൻ പറയുമായിരുന്നു. എന്റെ ലക്ഷ്യത്തിനു മാറ്റം വന്നില്ല. യൂണിവേഴ്സിറ്റിയിൽ പോയി ചിത്രകലയിൽ ബിരുദം എടുക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്റെ മാതാപിതാക്കൾ അതിനു സമ്മതിച്ചില്ല. ജപ്പാനിലെ വിവാഹ കമ്പോളത്തിൽ ഒരു കലാ ബിരുദധാരിണിക്ക് യാതൊരു വിലയും ഇല്ലെന്നായിരുന്നു അവരുടെ വാദം. അതുകൊണ്ട് ഗാർഹിക വൈദഗ്ധ്യങ്ങളിൽ പരിശീലനം നൽകുന്ന ഒരു കോഴ്സ് തിരഞ്ഞെടുക്കാൻ ഞാൻ നിർബന്ധിതയായി.
വിദേശ കവിതകളും പുസ്തകങ്ങളുമൊക്കെ എനിക്കു വലിയ ഇഷ്ടമായിരുന്നു, അതുകൊണ്ട് ഞാൻ അവ വളരെയധികം വായിക്കുകയും ചെയ്തു. എന്നാൽ അക്കാലത്ത് അവ ശത്രു സാഹിത്യമായി മുദ്രകുത്തപ്പെട്ടിരുന്നു. അത്തരം സാഹിത്യങ്ങൾ കൈവശം വെക്കുന്നതുതന്നെ അപകടകരമായിരുന്നു. സ്കൂളിൽ ഒരു ഫ്രഞ്ച് അധ്യാപികയുടെ കീഴിൽ അഞ്ചു വർഷം ഞാൻ ഫ്രഞ്ചുഭാഷ പഠിച്ചിരുന്നു. എന്നാൽ ജപ്പാനിലെ അവസ്ഥകൾക്കു മാറ്റം വരികയും ആരെങ്കിലും വിദേശ ഭാഷകളിൽ താത്പര്യം പ്രകടമാക്കുന്നതു പോലും സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും ചെയ്തു. ഞങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, 1943-ൽ മറ്റൊരു സംഭവമുണ്ടായി. വിവാഹപ്രായമായ 40 യുവതികളുടെ ഫോട്ടോ കണ്ടിട്ട് ഒരു വ്യക്തിക്ക് അതിൽ എന്നെയാണ് ഇഷ്ടമായതെന്നു കേട്ടപ്പോൾ ഞാൻ അങ്ങ് പൊങ്ങിപ്പോയി. അദ്ദേഹത്തിന്റെ അമ്മ ഒരു സ്നേഹിതയോടൊപ്പം എന്നെ കാണാനായി ഞങ്ങളുടെ വീടിനടുത്ത് ഞങ്ങളറിയാതെ വന്നിരുന്നുവെന്ന് ഞാൻ പിന്നീട് അറിഞ്ഞു. അതിനുശേഷം അവരുടെ കുടുംബം ഔദ്യോഗികമായ വിവാഹാലോചനയുമായി ഞങ്ങളെ സമീപിച്ചു. എല്ലാവരും കൂടെ പറഞ്ഞപ്പോൾ ഞാൻ വിവാഹത്തിനു സമ്മതിച്ചു. വിവാഹത്തിനു മുമ്പ് ഒരിക്കൽ മാത്രമാണ് ഞാൻ അദ്ദേഹത്തെ കണ്ടത്.
വിവാഹം കഴിഞ്ഞുള്ള നാളുകളിൽ വൻതോതിലുള്ള വ്യോമാക്രമണങ്ങൾ ഞങ്ങളുടെ ജീവനുതന്നെ ഭീഷണിയായി. ഒടുവിൽ മുഴു നഗരത്തോടൊപ്പം ഞങ്ങളുടെ ഭവനവും അഗ്നിക്കിരയായി. അതിജീവിച്ചവർ പർവതങ്ങളിൽ അഭയം തേടി. എന്നാൽ അവിടെപ്പോലും ഭീതിദമായ അന്തരീക്ഷമായിരുന്നു, സദാ സൈറനുകളുടെ ശബ്ദവും യുദ്ധവിമാനങ്ങളുടെ ഇരമ്പലും. സകലരും യാതന അനുഭവിച്ചു. യുദ്ധം കഴിഞ്ഞുള്ള പത്തു വർഷം ജീവിതം അങ്ങേയറ്റം ദുരിതപൂർണമായിരുന്നു.
ഞങ്ങളുടെ മൂന്നു കുട്ടികളെ കൂടാതെ എന്റെ അമ്മായിയമ്മയും ഭർത്താവിന്റെ ആറ് സഹോദരീസഹോദരന്മാരും ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. പണിക്കാർ ഉണ്ടായിരുന്നെങ്കിലും അന്നന്നത്തെ ആഹാരത്തിനായി ഞങ്ങൾ എല്ലാവരും പാടത്തു പണിയെടുക്കണമായിരുന്നു. എന്റെ ജീവിതത്തിലെ വളരെ ഇരുളടഞ്ഞ കാലഘട്ടമായിരുന്നു അത്. സത്യത്തിൽ ഞാൻ ചിരിക്കാൻ പോലും മറന്നു. എന്നാൽ എന്റെ വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ക്രമേണ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനു പറ്റിയ മാർഗമാണ് ചിത്രരചനയെന്ന് ഞാൻ കണ്ടെത്തി.
ചിത്രകാരി എന്ന നിലയിൽ പേരെടുക്കുന്നു
കലാവാസനയുള്ള ഒരു വ്യക്തിക്കു പോലും മൂല്യവത്തായ എന്തെങ്കിലും നേട്ടം കൈവരിക്കാൻ കഴിയണമെങ്കിൽ വളരെയധികം ശ്രമം ചെലുത്തേണ്ടതുണ്ട്. ഞാൻ ചിത്രകലയെ കുറിച്ചുള്ള അനേകം പുസ്തകങ്ങൾ വാങ്ങിക്കുകയും ജാപ്പനീസ് ചിത്രകലാരംഗത്തെ പ്രഗത്ഭരായ വ്യക്തികളുടെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. ഞാൻ ചെറുപ്പത്തിൽ വികസിപ്പിച്ചെടുത്ത ശൈലിയിൽ മാറ്റം വരുത്താൻ അവരാരും ശുപാർശ ചെയ്തില്ല.
ചിത്രകലാ നിരൂപകർ എന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. എന്നാൽ ഞാൻ ചിത്രരചന നടത്തിയിരുന്നത് മറ്റുള്ളവരെ കാണിക്കാൻ ആയിരുന്നില്ല, ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നു. എന്നാൽ കാലം കടന്നു പോയപ്പോൾ എന്റെ ചിത്രങ്ങളെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ 1955-ൽ ഞാൻ ടോക്കിയോയിലെ ഗിൻസയിൽ എന്റെ ആദ്യത്തെ ചിത്രപ്രദർശനം നടത്തി. “നിശ്ശബ്ദ പോരാട്ടം, മൗന സംസാരം, എന്റെ ഡയറി” എന്നതായിരുന്നു അതിന്റെ പ്രമേയം. ദൈനംദിന ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് ആ ചിത്രങ്ങളിൽ ആവിഷ്കരിക്കപ്പെട്ടത്. പ്രദർശനം ഒരു വിജയം ആയിരുന്നു.
സാക്ഷികളെ കണ്ടുമുട്ടുന്നു
മക്കളെ ഏറ്റവും നല്ല സ്കൂളുകളിൽ ചേർക്കാനും അവർക്ക് മികച്ച വിദ്യാഭ്യാസം നൽകാനും എനിക്കും ഭർത്താവിനും ആഗ്രഹമുണ്ടായിരുന്നതിനാൽ 1958-ൽ ഞങ്ങൾ ടോക്കിയോയിലേക്കു താമസം മാറി. ചിത്രരചനയ്ക്കായിരുന്നു എന്റെ ജീവിതത്തിൽ മുഖ്യ സ്ഥാനം. ദിവസവും അഞ്ച് മണിക്കൂറോളം അതിനായി ഞാൻ മാറ്റിവെച്ചു. രാത്രിയിൽ കലാരംഗത്തെ എന്റെ സുഹൃത്തുക്കളോടൊപ്പം ഞാനും തന്റെ സുഹൃത്തുക്കളോടൊപ്പം ഭർത്താവും പുറത്തു പോകുമായിരുന്നു. കുട്ടികളെ വളർത്തേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്ക് ഒരു പിടിയുമില്ലായിരുന്നു.
എന്റെ ഭർത്താവ് ജോലിത്തിരക്കു കാരണം മിക്ക സമയങ്ങളിലും വീട്ടിൽ കാണില്ലായിരുന്നു. അതുകൊണ്ട് കുട്ടികളെ വളർത്തുക എന്നത് എന്റെ ഉത്തരവാദിത്വമായിത്തീർന്നു. എന്നാൽ അതിനുള്ള എന്റെ കഴിവിൽ എനിക്കുതന്നെ വിശ്വാസം നഷ്ടപ്പെട്ടു. ഒരു കത്തോലിക്ക മിഷൻ സ്കൂളിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ബൈബിൾ വിദ്യാഭ്യാസത്തിന് കുട്ടികളെ സഹായിക്കാൻ കഴിഞ്ഞേക്കുമോ എന്നു ഞാൻ ചിന്തിച്ചു. ടോക്കിയോയിലെ ഓമോറിയിലുള്ള ഞങ്ങളുടെ വീടിന്റെ എതിർവശത്തായി ലൂഥറൻകാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. അവിടെ പോകാമെന്ന് ഞാൻ കുട്ടികളോടു പറഞ്ഞെങ്കിലും ഒരിക്കലും പോയില്ല.
പിറ്റേ ദിവസം തന്നെ—1959-ന്റെ തുടക്കത്തിൽ—യഹോവയുടെ സാക്ഷിയായ ഒരു വനിത ഞങ്ങളുടെ ഭവനം സന്ദർശിച്ചു. ഞാൻ ഉടൻതന്നെ കുട്ടികളെയെല്ലാം വിളിച്ചിരുത്തി. തുടർന്ന് ഞങ്ങൾ എല്ലാവരും അവർ പറഞ്ഞത് സശ്രദ്ധം കേട്ടു. നാം ജീവിക്കുന്നത് ഒരു സുപ്രധാന കാലത്ത് ആണെന്നും ദൈവം പെട്ടെന്നുതന്നെ ഭൂമിയിൽനിന്ന് ദുഷ്ടത തുടച്ചുനീക്കുമെന്നും ആ സാക്ഷി ബൈബിളിൽനിന്ന് വിശദീകരിച്ചു. ഞാൻ നാലു ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും ആവശ്യപ്പെട്ടു. അതുപോലെ ആഴ്ചയിൽ ഒരിക്കൽ വന്ന് ഞങ്ങളെ ബൈബിൾ പഠിപ്പിക്കാമെന്നുള്ള സാക്ഷിയുടെ നിർദേശവും ഞാൻ സ്വീകരിച്ചു. ഒരു മാസത്തെ ഫീസ് എത്രയാകുമെന്ന് ഞാൻ ചോദിച്ചു. മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിന് യഹോവയുടെ സാക്ഷികൾ ഫീസ് വാങ്ങാറില്ലെന്ന് കേട്ടപ്പോൾ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്ക് അറിയാമായിരുന്ന മറ്റെല്ലാ അധ്യാപകരിൽനിന്നും എത്രയോ വ്യത്യസ്തർ!
എന്റെ പുത്രിമാർ ബൈബിളിൽനിന്നു മനസ്സിലാക്കിയ സത്യങ്ങൾ പെട്ടെന്നുതന്നെ സ്വീകരിച്ചു. ആഴ്ചതോറും ഞങ്ങളുടെ വീട്ടിൽ ഒരു ബൈബിൾ അധ്യയന ക്ലാസ്സുതന്നെ നടത്താൻ തുടങ്ങി. എന്നാൽ ഏതാനും പ്രാവശ്യത്തെ അധ്യയനം കഴിഞ്ഞപ്പോൾ എനിക്ക് ഒരുതരം അസ്വസ്ഥത അനുഭവപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ഒരു സമയം ആയിരുന്നു അത്. അതുകൊണ്ട് എന്റെ വ്യക്തിപരമായ ബൈബിൾ അധ്യയനത്തിനുള്ള സമയം ആകുമ്പോൾ ഒന്നുകിൽ ഞാൻ എവിടെയെങ്കിലും ഒളിക്കാനോ പുറത്തു പോകാനോ ശ്രമിക്കുമായിരുന്നു.
എന്റെ പ്രശ്നം ഇതായിരുന്നു: ബൈബിൾ പറയുന്നതെല്ലാം ശരിയാണെന്നും അതിന്റെ മാർഗനിർദേശമനുസരിച്ചു ജീവിക്കേണ്ടതാണെന്നും എനിക്ക് കാണാൻ കഴിഞ്ഞു. അതേസമയം നല്ല ഒരു ചിത്രകാരി ആയിത്തീരാൻ ഞാൻ ദൃഢചിത്ത ആയിരുന്നു, സർഗാത്മകത നിലനിറുത്തണമെങ്കിൽ എന്റെ ചിന്തയെ സ്വാധീനിക്കാൻ ഒന്നിനെയും അനുവദിക്കാൻ പാടില്ലെന്നു ഞാൻ വിശ്വസിച്ചു. എന്റെ ഉള്ളിലെ ഈ വടംവലിയുടെ ഫലമായി എന്റെ ചിത്രങ്ങളുടെ നിലവാരം കുറഞ്ഞുവന്നു. പ്രദർശനങ്ങളിൽ എന്റെ ചിത്രങ്ങൾ ഇരുണ്ട മൂലകളിലേക്കു തള്ളപ്പെടാൻ തുടങ്ങി.
എന്റെ പാരീസ് സന്ദർശനം
ഒരു പാരീസ് സന്ദർശനത്തിലൂടെ എന്റെ ചിത്രങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞേക്കുമെന്ന് എനിക്കു തോന്നി. അതുകൊണ്ട് 1960-ൽ ജാപ്പനീസ് കലയെ ഫ്രഞ്ചുകാർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ അവിടെ ഒരു വലിയ പ്രദർശനം സംഘടിപ്പിക്കപ്പെട്ടപ്പോൾ ഞാൻ പോയി. അവിടെ ജപ്പാനിൽനിന്നുള്ള ഏക ചിത്രകാരിയായിരുന്നു ഞാൻ. പാരീസിലെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും വസ്ത്രങ്ങളും ആശയങ്ങളും വർണങ്ങളും എന്നു വേണ്ട എല്ലാംതന്നെ എന്നെ പുളകം കൊള്ളിച്ചു. പ്രദർശനം നാലു ദിവസം നീണ്ടുനിന്നു. രാജ്യത്തെ നേതാക്കന്മാർപോലും പ്രദർശനം കാണാൻ എത്തിയത് എന്നെ അതിശയിപ്പിച്ചു. ഞാൻ ധരിച്ചിരുന്ന കിമോണോകൾ അവിടത്തെ സ്ത്രീകളെ എത്രമാത്രം ആകർഷിച്ചു എന്നതും എന്നെ വിസ്മയിപ്പിച്ചു. കുറച്ചു നാളുകൂടെ അവിടെ തങ്ങാൻ ഞാൻ തീരുമാനിച്ചു.
ജപ്പാനിൽനിന്ന് എങ്ങനെ പണം വരുത്തണമെന്ന് അറിയില്ലായിരുന്നതിനാൽ ഞാൻ എന്റെ കിമോണോകൾ വിൽക്കാൻ തുടങ്ങി. അങ്ങനെ അടുത്ത മൂന്നു മാസം ചിത്രപ്രദർശനശാലകളിലെ ചിത്രങ്ങൾ സൂക്ഷ്മമായി പഠിച്ചുകൊണ്ട് എനിക്കു പാരീസിൽ തങ്ങാൻ കഴിഞ്ഞു. പ്രദർശനത്തിൽ എന്റെ ചിത്രത്തിന്റെ അടുത്തുതന്നെ
ചിത്രം വെച്ചിരുന്ന ഒരു കലാകാരന്റെ പിൻവരുന്ന വാക്കുകൾ എന്റെ മനസ്സിലേക്കു വന്നുകൊണ്ടിരുന്നു: “ഞാൻ സൂര്യന്റെ ശോഭ പകർത്തുന്നു. നിങ്ങളുടെ ചിത്രങ്ങൾ പൗരസ്ത്യ തത്ത്വചിന്തകരാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവികമായും കറുത്തിരുണ്ടാണിരിക്കുന്നത്.”യഹോവയുടെ സാക്ഷികളുടെ പാരീസ് ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ഒരു ദമ്പതിമാർ എന്റെ അപ്പാർട്ടുമെന്റ് സന്ദർശിച്ചു. പല തവണത്തെ സന്ദർശനം കഴിഞ്ഞപ്പോൾ ഞാൻ ഒടുവിൽ അവരോടൊപ്പം ഒരു ക്രിസ്തീയ യോഗത്തിനു പോകാമെന്നു സമ്മതിച്ചു. അവിടെ കണ്ട കാര്യങ്ങൾ എന്നെ അങ്ങേയറ്റം വിസ്മയിപ്പിച്ചു. ഒരു വനിത വീതികൂടിയ വക്കുള്ള മനോഹരമായ ചുവന്ന തൊപ്പി ധരിച്ചിരുന്നു. മറ്റൊരു സ്ത്രീയുടെ വസ്ത്രത്തിനു കണ്ണഞ്ചിപ്പിക്കുന്ന പച്ച നിറമായിരുന്നു. എല്ലാവരുടെയും വസ്ത്രങ്ങൾ നല്ല അഭിരുചി പ്രതിഫലിപ്പിക്കുന്നവ ആയിരുന്നു. അങ്ങനെ ആ സന്ദർശനം സാക്ഷികളെ കുറിച്ചുള്ള എന്റെ ധാരണ തിരുത്തിക്കുറിച്ചു.
അവിടെ നടന്ന പരിപാടിയും എന്നിൽ മതിപ്പുളവാക്കി. ഗോളത്തിന്റെ ഇരുവശങ്ങളിലും ഒരേ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നതും ഒരേ സംഗതികൾ പഠിപ്പിക്കപ്പെടുന്നതും കണ്ടപ്പോൾ ഈ സംഘടനയും അവരുടെ പ്രവർത്തനവും സാധാരണമായ ഒന്നല്ല എന്ന് എനിക്കു ബോധ്യമായി. ദൈവത്തിന്റെ വഴിനടത്തിപ്പുള്ള ജനവുമായാണ് ഞാൻ സഹവസിക്കുന്നത് എന്ന അറിവ് എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
തീരുമാനങ്ങൾ എടുക്കുന്നു
ജപ്പാനിൽ തിരിച്ചെത്തിയ ഞാൻ ഗൗരവപൂർവം ബൈബിൾ പഠിക്കാൻ തുടങ്ങി. നമ്മുടെ സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുന്നത് ഞാൻ വിചാരിച്ചിരുന്നതു പോലെ നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ലെന്ന് എനിക്കു മനസ്സിലായി. സ്നേഹപൂർവം അവൻ നമുക്കോരോരുത്തർക്കും തനതായ വ്യക്തിത്വങ്ങളും കഴിവുകളും അവ വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യവും തന്നിരിക്കുന്നു. അങ്ങനെ, യഹോവയുടെ സാക്ഷികളിൽ ഒരാളാകുന്നതുകൊണ്ട് ഒരുവൻ കലാസ്നേഹത്തെ അടിച്ചമർത്തേണ്ടതില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എന്റെ പുത്രിമാരും ഞാനും ബൈബിൾ പഠനത്തിൽ പുരോഗമിച്ചു. അവരിൽ ഒരാൾ 1961-ലും മറ്റവൾ 1962-ലും യഹോവയ്ക്കുള്ള സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഇന്നോളം അവർ ഇരുവരും ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടർന്നിരിക്കുന്നു. എന്നാൽ ഞാൻ മടിച്ചുനിന്നു. 1965-ൽ ജപ്പാനിലെ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയുടെ മേൽനോട്ടം വഹിച്ചിരുന്ന ലോയ്ഡ് ബാരി എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “പറുദീസയിൽ പൂർണ മനുഷ്യർ എത്ര മനോഹരമായ ചിത്രങ്ങളായിരിക്കും വരയ്ക്കുക എന്നതിനെ കുറിച്ചു ചിന്തിച്ചു നോക്കൂ!” പിറ്റേ വർഷം ഞാൻ സ്നാപനമേറ്റു.
എന്റെ ചിത്രരചനയുടെ മേലുള്ള സ്വാധീനം
തിരിഞ്ഞു നോക്കുമ്പോൾ എന്റെ ജീവിതത്തിനും വ്യക്തിത്വത്തിനും വന്നിട്ടുള്ള മാറ്റങ്ങൾ എന്റെ ചിത്രരചനയെ സ്വാധീനിച്ചിരിക്കുന്നതായി എനിക്കു കാണാൻ കഴിയുന്നു. മുമ്പ് ഞാൻ വരച്ചിരുന്ന ചിത്രങ്ങൾ ഇരുണ്ടതും മ്ലാനവുമായിരുന്നു. ഞാൻ അനുഭവിച്ചിരുന്ന വേദനയെയും കഷ്ടപ്പാടിനെയും നിരാശയെയും അവ പ്രതിഫലിപ്പിച്ചു. എന്നാൽ അപ്പോഴാണ് ഞാൻ ബൈബിളിൽനിന്ന് നമ്മുടെ സ്രഷ്ടാവിനെയും അവന്റെ അത്ഭുതകരമായ ഗുണങ്ങളെയും അവനെ സ്തുതിക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷത്തെയും നാം പിൻപറ്റേണ്ട ശരിയായ നിലവാരങ്ങളെയും കുറിച്ചു പഠിച്ചത്. എന്റെ വികാരങ്ങൾക്കു മാറ്റം വന്നതനുസരിച്ച് ചിത്രങ്ങൾക്കും മാറ്റം സംഭവിച്ചു.
ഞാൻ ഇപ്പോൾ ബൈബിൾ സന്ദേശം മറ്റുള്ളവരെ അറിയിക്കുന്നതിന് വളരെയധികം സമയം ചെലവഴിക്കുന്നു. ഇതിനു വേണ്ടി ഞാൻ പതിവായി സമയം കണ്ടെത്തുന്നു. ദൈവത്തിന്റെ അത്ഭുതകരമായ ഗുണങ്ങളെ കുറിച്ചും തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റാനുള്ള അവന്റെ മഹത്തായ ഉദ്ദേശ്യത്തെ കുറിച്ചും മറ്റുള്ളവരോടു പറയുന്നത് എനിക്കു വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നു. ഈ ബൈബിളധിഷ്ഠിത വേല എനിക്ക് പ്രചോദനം നൽകുന്നു, പിന്നെ പെയിന്റിങ് ബ്രഷ് എടുത്ത് എന്റെ വികാരങ്ങൾ പകർത്തുകയേ വേണ്ടൂ. വർഷങ്ങളിലൂടെ എന്റെ സന്തോഷം വർധിച്ചു വന്നിരിക്കുന്നതനുസരിച്ച് എന്റെ ചിത്രങ്ങൾ കൂടുതൽ ശോഭനമായിത്തീർന്നിരിക്കുന്നു.
ബൈബിളിനു നൽകുന്ന ഊന്നൽ
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന്, സിഡ്നി, വിയന്ന, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നെല്ലാം എന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള അപേക്ഷകൾ എനിക്കു ലഭിക്കാറുണ്ട്. എന്നാൽ എന്റെ ചിത്രങ്ങൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് യൂറോപ്പുകാരാണ്. പാരീസിലെ
ലൂവ്റ റോയൽ അക്കാഡമി ഓഫ് ആർട്ട്സിലെ വിദഗ്ധർ ഇങ്ങനെ ചോദിച്ചിട്ടുണ്ട്: “പോയ നൂറ്റാണ്ടുകളിലെ മതപരമായ കലാസൃഷ്ടികളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരുതരം സന്തോഷം പ്രതിഫലിപ്പിക്കുമാറ് ഒരു ജപ്പാൻകാരിയുടെ ചിത്രങ്ങളുടെമേൽ ബൈബിളും ക്രിസ്ത്യാനിത്വവും ഇത്ര വലിയ പ്രഭാവം ചെലുത്താൻ ഇടയായത് എങ്ങനെയാണ്?”ബൈബിൾ സങ്കീർത്തനക്കാരനായ ദാവീദ് സംഗീതത്തിലൂടെ തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചു. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികളെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ അവൻ തന്റെ സംഗീത വാസന ഉപയോഗിച്ചു. അതുതന്നെയാണ് എന്റെയും ലക്ഷ്യം. ഞാൻ യഹോവയെ സ്തുതിക്കാൻ ആഗ്രഹിക്കുന്നു. യഹോവയെയും അവന്റെ അത്ഭുതകരമായ ഗുണങ്ങളെയും കുറിച്ച് അറിയുന്നതിൽനിന്ന് ലഭ്യമാകുന്ന സന്തോഷം ആളുകൾക്ക് എന്റെ ചിത്രങ്ങളിൽ ദർശിക്കാൻ കഴിയണം എന്നതാണ് എന്റെ തീവ്രമായ ആഗ്രഹം. ഒരു ചിത്രനിരൂപകൻ എന്റെ ചിത്രങ്ങളുടെ ശീർഷകങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ചിത്രകാരി ബുദ്ധിപൂർവം സ്വന്തം വാക്കുകൾ ഒഴിവാക്കുകയും ബൈബിളിനെ സംസാരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.” എന്റെ ചിത്രങ്ങളിൽ ആളുകൾ ബൈബിളിന്റെ ശക്തി ദർശിക്കുന്നുവെന്ന സംഗതി എന്നെ പുളകം കൊള്ളിക്കുന്നു.
ടോക്കിയോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായ ലോക കലാസമിതി, 1995-ൽ ലോകത്തിലെ മുൻനിര ചിത്രകാരന്മാരിൽ എനിക്ക് ഒന്നാം സ്ഥാനം നൽകി. സമിതി എന്റെ ചിത്രങ്ങളെ കുറിച്ചു പിൻവരുന്ന പ്രകാരം റിപ്പോർട്ടു ചെയ്തു: “ചിത്രകാരി തന്റെ ശീർഷകങ്ങൾക്കായി ബൈബിളിലെ വാക്കുകൾ ഉദ്ധരിക്കുന്നു . . . അവരുടെ ചിത്രങ്ങളിൽ എല്ലാം ബൈബിൾ ഉണ്ടായിരിക്കും. എന്നാൽ ദൈവത്തോടൊത്തു നടക്കുന്ന ഒരു ചിത്രകാരിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണ് അത്.”
മിക്കപ്പോഴും ഞാൻ ഒരു തുറന്ന ബൈബിൾ എന്റെ ചിത്രങ്ങളിൽ ഉൾപ്പെടുത്തുന്നു എന്ന വസ്തുതയെയാണ് അവർ പരാമർശിച്ചത്. അടുത്തകാലത്തായി ഞാൻ എന്റെ ചിത്രങ്ങളിൽ ബൈബിളിന്റെ അച്ചടിച്ച താളുകൾ ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചിത്രം കാണുന്ന വ്യക്തിയുടെ കണ്ണുകൾ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ശീർഷകത്തിലേക്കും ബൈബിളിലെ വാക്കുകളിലേക്കും ഞാൻ അത് ചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്ന വിധത്തിലേക്കും തിരിയുന്നു.
തായ്ലൻഡിലെ ബാങ്കോക്കിൽ 1999-ൽ എന്റെ ചില ചിത്രങ്ങൾ പ്രദർശനത്തിനു വെക്കുകയുണ്ടായി. അതിൽ ഒന്നിന്റെ ശീർഷകം “യഹോവ എത്ര അത്ഭുതകരമായി ഭൂമിയെ സൃഷ്ടിച്ച് മനുഷ്യരുടെ നിവാസത്തിനായി നൽകിയിരിക്കുന്നു” എന്നായിരുന്നു. വേറെ ഒന്നിന്റേത് “ദാവീദു രാജാവിന്റെ പ്രാർഥന: ‘യഹോവേ, ഈ ജനത്തിന്റെ ഹൃദയം നിന്നിൽ ഏകാഗ്രമായിരിക്കട്ടെ’” എന്നും. മറ്റു ചില ചിത്രകാരോടൊപ്പം എനിക്ക് തായ്ലൻഡിലെ രാജാവിന്റെ കൊട്ടാരത്തിലേക്കു ക്ഷണം ലഭിച്ചു. എന്റെ ചിത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ രാജാവ് ആഗ്രഹിച്ചു. അദ്ദേഹം നിരവധി ചോദ്യങ്ങൾ ചോദിച്ചു. എന്റെ ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായി വളരെ സമയം സംസാരിക്കാൻ എനിക്കു കഴിഞ്ഞു. പിന്നീട് അദ്ദേഹത്തിന് ഞാൻ ഒരു ചിത്രം സമ്മാനിക്കുകയും ചെയ്തു.
കഴിഞ്ഞ 35 വർഷം, മറ്റുള്ളവരുടെ ചിത്രങ്ങൾ വിലയിരുത്തുന്ന ഒരു കമ്മിറ്റിയിലും ഞാൻ സേവിച്ചിട്ടുണ്ട്. വികാരങ്ങളെ ആവിഷ്കരിക്കുന്ന ചിത്രങ്ങളാണ് എനിക്ക് ഏറെ ഇഷ്ടം. നല്ല മതിപ്പുളവാക്കുകയും ആന്തരിക സമാധാനം ജനിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളെയാണ് ഞാൻ നല്ല ചിത്രങ്ങളെന്നു വിളിക്കുക. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ വരുന്ന ചിത്രങ്ങൾ ഞാൻ വളരെ വിലമതിക്കുന്നു. ബൈബിളിന്റെ സന്ദേശത്തെ വിശ്വസ്തമായി പ്രതിനിധാനം ചെയ്യുക എന്ന ഉദ്ദേശ്യം അവ വളരെ നന്നായി നിറവേറ്റുന്നു.
ദൈവസേവനത്തിനായി ലഭിക്കുന്ന അനുകൂല സാഹചര്യങ്ങൾ
ചിത്രകാരി എന്ന നിലയിൽ യഹോവയാം ദൈവത്തെയും ഭൂമിയെ സംബന്ധിച്ച അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെയും കുറിച്ച് സാക്ഷീകരിക്കാനുള്ള അസാധാരണമായ അവസരങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികൾക്കും മാസികാ ലേഖനങ്ങൾക്കുമൊക്കെ അഭിമുഖങ്ങൾ നടത്തുമ്പോൾ ഇതു സത്യമായിരുന്നിട്ടുണ്ട്. എവിടെ പോയാലും ആരോടു സംസാരിച്ചാലും, യഹോവയാം ദൈവത്തെ സേവിക്കുന്നതിന്റെ ഫലമായി ലഭിച്ചിട്ടുള്ള വിശ്വാസവും സന്തോഷവുമാണ് ചിത്രരചനയിൽ എന്നെ സഹായിക്കുന്നത് എന്ന് അവരെ അറിയിക്കാൻ ഞാൻ ശ്രമിക്കുന്നു.
ഞാൻ എന്റെ വിശ്വാസം ഉപേക്ഷിക്കുന്നപക്ഷം എനിക്ക് ഇപ്പോഴത്തെ പോലെ ചിത്രരചന നടത്താൻ സാധിക്കില്ല എന്ന് ഉറപ്പുണ്ട്. യഹോവയുടെ സാക്ഷികളിൽ ഒരുവളായതിനാലും ദൈവവചനത്തിലെ സത്യം എന്നിൽ സന്തോഷം നിറയ്ക്കുന്നതിനാലുമാണ് എനിക്കു ചിത്രരചന നടത്താൻ കഴിയുന്നത്. (g01 8/22)
[15-ാം പേജിലെ ചിത്രം]
ഞാൻ പാരീസിൽ ആയിരുന്നപ്പോൾ
[16-ാം പേജിലെ ചിത്രം]
ഇന്ന് എന്റെ രണ്ടു പുത്രിമാരോടൊപ്പം