ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ചൈനീസ് മരുന്നുകട “ചൈനീസ് മരുന്നുകടയിലേക്ക് ഒരു സന്ദർശനം” (ഡിസംബർ 8, 2000) എന്ന ലേഖനത്തിൽ വിവരിച്ചിരിക്കുന്ന ചികിത്സയുടെ പിന്നിലെ അടിസ്ഥാന തത്ത്വം സംബന്ധിച്ച് എനിക്ക് ആശങ്കയുണ്ട്. പച്ചമരുന്നുകൾ ഉപയോഗിക്കുന്നതിനോട് എനിക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ യിൻ-യാങ് സിദ്ധാന്തത്തിൽ വെറും ചൂടിനെക്കാളും തണുപ്പിനെക്കാളും കാര്യങ്ങൾ ഉൾപ്പെട്ടിട്ടില്ലേ? ഗൂഢവിദ്യയിലും വ്യാജമതത്തിലും വേരൂന്നിയ ഒരു സംഗതിയെ നിങ്ങൾ വളരെ നിസ്സാര മട്ടിലാണ് അവതരിപ്പിച്ചത്. അത് അപകടകരമല്ലേ?
വി. എ., ഐക്യനാടുകൾ
പൗരസ്ത്യ ദേശങ്ങളിൽ ഭൂതവിദ്യ ഉൾപ്പെടെ പല കാര്യങ്ങളോടുള്ള ബന്ധത്തിലും യിൻ-യാങ്ങ് സിദ്ധാന്തം ഉപയോഗിച്ചിട്ടുണ്ട് എന്നതു സത്യമാണ്. എന്നാൽ, അതിന്റെ പേരിൽ തിരുവെഴുത്തുകളിൽ വിലക്കിയിട്ടില്ലാത്ത, രോഗനിർണയം നടത്തുന്നതു പോലുള്ള എന്തിനെങ്കിലും വേണ്ടി അത് ഉപയോഗിക്കരുതെന്നു പറയാനാവില്ല. അതിനാൽ ഈ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ചികിത്സാരീതികൾ ഉപയോഗിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുമാണ്.—പത്രാധിപർ (g01 8/8)
യെല്ലോസ്റ്റോൺ “യെല്ലോസ്റ്റോൺ—വെള്ളവും പാറയും ചൂടും ചേർന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നിടം” (ജനുവരി 8, 2001) എന്ന ലേഖനത്തിന് എന്റെ അഭിനന്ദനം! കഴിഞ്ഞ വർഷം ഈ പാർക്കിൽ ജോലി ചെയ്യാനുള്ള സന്തോഷകരമായ അവസരം എനിക്കും ഭാര്യയ്ക്കും ലഭിച്ചു. എന്റെ ഭാര്യ ഒരു റിസേർച്ച് ഡേറ്റാബെയ്സിൽ ഗവേഷണം നടത്തുകയും ഞാൻ ചതുപ്പുനിലങ്ങളിൽ സർവേ നടത്തുകയും ചെയ്തു. അതുകൊണ്ട് ഈ ലേഖനം കണ്ടപ്പോൾ ഞങ്ങൾ ആവേശഭരിതരായി, അത് ഉടൻ വായിക്കുകയും ചെയ്തു. ഒന്നാന്തരമായിരിക്കുന്നു! ഫോട്ടോകളും ഗവേഷണവും വളരെ നന്നായി. നൽകിയിരുന്ന വിവരങ്ങൾ എല്ലാ അർഥത്തിലും കൃത്യതയുള്ളവ ആയിരുന്നു. എന്നാൽ, ഇവിടം സന്ദർശിച്ചാലേ ഈ പാർക്കിന്റെ മനോഹാരിത പൂർണമായി മനസ്സിലാക്കാനാകൂ! നിത്യ സൗന്ദര്യത്തിന്റെ ഒരു കലവറയാണ് ഇവിടം.
ഡി. എസ്., ഐക്യനാടുകൾ (g01 8/8)
ജീവിതകഥ “പ്രത്യാശ എനിക്കു കരുത്തേകുന്നു” (ജനുവരി 8, 2001) എന്ന ലേഖനത്തിനു നന്ദി. അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നതു കണ്ടാണ് ഞാൻ വളർന്നുവന്നത്, തന്മൂലം അദ്ദേഹത്തോടു ഞാൻ വിദ്വേഷം വെച്ചുപുലർത്തുകയുണ്ടായി. അതു തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും, എന്റെ വികാരങ്ങളെ നിയന്ത്രിക്കുക വളരെ ദുഷ്കരമായിരുന്നു. എന്നാൽ തന്റെ അമ്മയെ കൊലപ്പെടുത്തിയ ആളോടുള്ള വിദ്വേഷത്തെ തരണം ചെയ്യാൻ റ്റാറ്റ്യാനാ വിലെയ്സ്കാ ശ്രമിച്ചത് എങ്ങനെ എന്നതിനെ കുറിച്ചു ഞാൻ വായിച്ചു. ആ ദൃഷ്ടാന്തം അനുകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എ. കെ., ജപ്പാൻ (g01 8/22)
മാതാപിതാക്കളെ നഷ്ടപ്പെട്ടതു സംബന്ധിച്ച റ്റാറ്റ്യാനായുടെ ഭയങ്കരമായ അനുഭവം വായിച്ചപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. വ്യക്തികളുടെ അത്തരം അനുഭവങ്ങൾ, ലോകത്തിനു ചുറ്റുമുള്ള നിരവധി ആളുകൾ വളരെ വലിയ ബുദ്ധിമുട്ടുകൾ വിജയപൂർവം തരണം ചെയ്യുകയും കഷ്ടപ്പാടുകൾക്കു മധ്യേയും സന്തോഷം നിലനിറുത്തുകയും ചെയ്യുന്നു എന്നതിന്റെ നിരന്തര ഓർമിപ്പിക്കലായി ഉതകുന്നു.
ജെ. ആർ., ഐക്യനാടുകൾ (g01 8/22)
മനസ്സിനെ പിടിച്ചിരുത്തുന്ന റ്റാറ്റ്യാനാ വിലെയ്സ്കായുടെ അനുഭവം ഞാൻ ഇപ്പോൾ വായിച്ചുകഴിഞ്ഞതേ ഉള്ളൂ. അത് ഞാൻ പെട്ടെന്നൊന്നും മറക്കുമെന്നു തോന്നുന്നില്ല. ബൈബിൾ സത്യങ്ങൾ പഠിക്കുന്നതിനു മുമ്പ് അത്ര ഘോരമായ ഒരു അനുഭവത്തെ നേരിട്ടിട്ടും അതിനെ അതിജീവിക്കാനും സന്തോഷം നിലനിറുത്താനും കഴിയുന്നത് ഒരു ആത്മീയ അത്ഭുതം തന്നെയാണ്.
എസ്. എസ്., ഐക്യനാടുകൾ (g01 8/22)
തകരുന്ന ദാമ്പത്യങ്ങൾ 2001 ഫെബ്രുവരി 8 ലക്കം ഉണരുക!യിൽ വന്ന “തകരുന്ന ദാമ്പത്യങ്ങൾ—പരിഹാരം സാധ്യമോ?” എന്ന ലേഖനപരമ്പരയ്ക്കു ഞാൻ ഹൃദയംഗമമായ നന്ദി പറയുന്നു. ഒരു വർഷം മുമ്പ് എന്റെ ദാമ്പത്യജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. കോപാവേശ പ്രകടനങ്ങൾ ഒരു നിത്യ സംഭവം ആയിരുന്ന വീടുകളിലാണു ഞാനും ഭാര്യയും വളർന്നുവന്നത്. അതുകൊണ്ട് പരസ്പരം വ്രണപ്പെടുത്തുന്ന വാക്കുകൾ പറയുന്ന രീതി ഞങ്ങളുടെ ഇടയിലും ഉണ്ടായിരുന്നു, അങ്ങനെ കാര്യങ്ങൾ പലപ്പോഴും ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമാകുമായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ തുടങ്ങിയിരിക്കുന്നു, ഞങ്ങൾ സന്തുഷ്ടരാണ്.
ആർ. ഒ., ഐക്യനാടുകൾ (g01 8/22)
സഭയിലെ ഒരു മൂപ്പൻ എന്ന നിലയിൽ എനിക്കു നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്, സ്നേഹശൂന്യമായ ദാമ്പത്യ ബന്ധത്തിൽ കുരുങ്ങിപ്പോയിട്ടുള്ളതായി വിചാരിക്കുന്നവരെ സഹായിക്കുന്നതാണ്. ഈ പ്രശ്നമുള്ളവരെ സഹായിക്കാൻ പറ്റിയ ധാരാളം തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ വർഷങ്ങളായി പ്രസിദ്ധീകരണങ്ങൾ വഴി ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, അത്തരക്കാർക്ക് കൂടുതൽ നേരിട്ടുള്ള സഹായം നൽകാൻ പ്രാപ്തമാക്കുന്ന വിവരങ്ങളായിരിക്കും ഈ മാസികയിൽ അടങ്ങിയിരിക്കുന്നത് എന്ന് മുഖച്ചിത്രം നോക്കിയപ്പോൾ തന്നെ എനിക്കു മനസ്സിലായി. ആ ലേഖനങ്ങൾ എന്നെ നിരാശപ്പെടുത്തിയില്ല!
എൽ. ആർ, ഐക്യനാടുകൾ (g01 8/22)