ഡയറി ഒരു വിശ്വസ്ത മിത്രം
ഡയറി ഒരു വിശ്വസ്ത മിത്രം
സഹാനുഭൂതി ഇല്ലാത്ത ഒരു ലോകത്തിൽ ഡയറിക്ക് ഒരു വിശ്വസ്ത മിത്രം, സമാനുഭാവമുള്ള ഒരു സുഹൃത്ത് ആയിരിക്കാൻ കഴിയും. ഡയറി എഴുതുന്നതിലൂടെ “നമ്മുടെ സ്വന്തം ജീവിതയാത്രയുടെ അനേകം നിശ്ചല ചിത്രങ്ങൾ സമാഹരിക്കാനും അങ്ങനെ അവയുടെ ശാശ്വത രേഖ സൂക്ഷിക്കാനും സാധിക്കും” എന്ന് എഴുത്തുകാരിയായ ക്രിസ്റ്റിന ബാൾഡ്വിൻ പറയുന്നു. ഒരു ഫോട്ടോ ആൽബം നമ്മുടെ ഭൂതകാലത്തിന്റെ ദൃശ്യ രേഖയായി ഉതകുന്നതു പോലെ ഒരു ഡയറി ലിഖിത ‘ചിത്രങ്ങൾ’ പ്രദാനം ചെയ്തുകൊണ്ട് നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലേക്കു വെളിച്ചം വീശുകയും അതു വിസ്മൃതിയിൽ ആണ്ടുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബൈബിൾ കാലങ്ങളിൽ ഭരണകൂടങ്ങൾ മിക്കപ്പോഴും പ്രധാനപ്പെട്ട സംഭവങ്ങളുടെ രേഖ സൂക്ഷിച്ചിരുന്നു. ബൈബിളിൽത്തന്നെ അത്തരം ഔദ്യോഗിക രേഖകളെ കുറിച്ചുള്ള അനേകം പരാമർശങ്ങൾ കാണാം. (സംഖ്യാപുസ്തകം 21:14, 15; യോശുവ 10:12, 13) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അനുദിന ചലനങ്ങൾ രേഖപ്പെടുത്തിയിരുന്ന എഫെമെറിഡസ് a എന്നറിയപ്പെട്ടിരുന്ന ഒരുതരം പഞ്ചാംഗം ഗ്രീക്കുകാർ വികസിപ്പിച്ചെടുത്തിരുന്നു. ഗ്രീസിനെ കീഴടക്കിയ റോമാക്കാർ ഈ പഞ്ചാംഗത്തിന്റെ ഉപയോഗം തുടർന്നു. എന്നാൽ പതിവുപോലെ അവർ പ്രായോഗികതയ്ക്ക് ഊന്നൽ നൽകി. അവർ പൊതുജനത്തിനു താത്പര്യമുള്ള ദൈനംദിന സംഭവങ്ങളും കൂടെ ഉൾപ്പെടുത്തിക്കൊണ്ട് ആ പഞ്ചാംഗത്തിന്റെ മൂല്യം വർധിപ്പിച്ചു. അവർ അവയെ ഡിയാറിയും എന്നു വിളിച്ചു. “ദിവസം” എന്ന് അർഥമുള്ള ഡിയേസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് അതു വന്നത്.
എന്നാൽ 17-ാം നൂറ്റാണ്ടുവരെ വ്യക്തിജീവിതത്തിലെ ദൈനംദിന സംഭവങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന രീതിക്കു പാശ്ചാത്യ നാടുകളിൽ പ്രചാരം ലഭിച്ചിരുന്നില്ല. സാമുവൽ പിപ്സ് എന്ന ഇംഗ്ലീഷുകാരൻ തന്റെ ഡയറി എഴുതിയതോടെയാണ് ആ അവസ്ഥയ്ക്കു മാറ്റം വന്നത്. ആത്മീയതയുടെയും ലൗകികതയുടെയും ഒരു അപൂർവ സങ്കലനമായ പിപ്സിന്റെ ഡയറി ഇംഗ്ലീഷ് ചക്രവർത്തിയായ ചാൾസ് രണ്ടാമന്റെ ഭരണകാലത്തെ ജീവിതത്തെ കുറിച്ചു ചരിത്രകാരന്മാർക്ക് വളരെയധികം ഉൾക്കാഴ്ച നൽകിയിട്ടുണ്ട്.
അപ്പോൾ മുതൽ ഡയറി എഴുതി സൂക്ഷിക്കുന്നതിന് പ്രചാരമേറി വന്നു. അമൂല്യമായ ചരിത്ര രേഖകൾ പോലും ആയിത്തീർന്നിട്ടുള്ള അനേകം ഡയറികൾ ഉണ്ട്. ഇവയിൽ ശ്രദ്ധേയമായ ഒന്നാണ് നാസികളിൽനിന്നു രക്ഷപ്പെടുന്നതിന് ഒളിവിൽ കഴിയേണ്ടി വന്ന ആനി ഫ്രാങ്ക് എന്ന യഹൂദ പെൺകുട്ടിയുടെ ഡയറി. ഒരു പെൺകുട്ടിയുടെ ഡയറിക്കുറിപ്പ് എന്ന പേരിലുള്ള അത് മനുഷ്യൻ മനുഷ്യനോടു കാട്ടുന്ന ക്രൂരതയുടെ വേദനിപ്പിക്കുന്ന സാക്ഷ്യപത്രമാണ്.
ഡയറിയെ ആകർഷകമാക്കുന്നത് എന്ത്?
ആത്മനിവേദനം അഥവാ സ്വന്ത അഭിപ്രായ പ്രകടനം എന്ന അടിസ്ഥാന മനുഷ്യ അഭിലാഷത്തെ തൃപ്തിപ്പെടുത്താൻ ഡയറി എഴുത്തിനു സാധിക്കുന്നതായി കാണപ്പെടുന്നു. ഒരു കുഞ്ഞിന്റെ
ആദ്യ വാക്കുകൾ കേൾക്കുമ്പോഴുള്ള സന്തോഷമോ ഒരു സ്നേഹബന്ധത്തിന്റെ വളർച്ചയോ എന്തും ആയിക്കൊള്ളട്ടെ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന സംഭവങ്ങളെ കുറിച്ചു വിചിന്തനം ചെയ്യാൻ ഡയറിക്കുറിപ്പുകൾ അവസരം ഒരുക്കുന്നു. പിന്നീട് ഈ കുറിപ്പുകൾ വായിച്ചുകൊണ്ട് അമൂല്യമായ ആ നിമിഷങ്ങളും അവ ഉളവാക്കിയ വികാരങ്ങളും അയവിറക്കാൻ നമുക്കു സാധിക്കും.ഡയറിയുടെ ഏറ്റവും വലിയ പ്രയോജനങ്ങളിൽ ഒന്ന് നമ്മെത്തന്നെ മനസ്സിലാക്കാൻ അതു സഹായിക്കുന്നു എന്നതാണ്. എഴുത്തുകാരിയായ ട്രിസ്റ്റിൻ റൈനർ അതിനെ “വിലക്കുകളില്ലാതെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രായോഗിക മനശ്ശാസ്ത്ര ഉപകരണം” എന്നു വിളിക്കുന്നു.
ബൈബിൾ സദൃശവാക്യങ്ങൾ 12:25-ൽ ഇങ്ങനെ പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു.” തന്റെ മനസ്സിലെ “വ്യസനം” മറ്റൊരാളുമായി പങ്കുവെക്കാൻ മടി തോന്നുന്ന ഒരു വ്യക്തിക്ക് അത് പുറത്തു കൊണ്ടുവരാനുള്ള മാർഗമായിരിക്കാം അത് കടലാസ്സിൽ പകർത്തുക എന്നത്. അതുകൊണ്ട് ഡയറി എഴുത്തിനെ വൈകാരിക വേദന തരണം ചെയ്യാൻ സഹായകമായ ഒരു മാർഗമായി പലപ്പോഴും ശുപാർശ ചെയ്തിട്ടുണ്ട്. ഒരുവന്റെ ജീവിതത്തെ വിലയിരുത്താനും പുതിയ ലക്ഷ്യങ്ങൾ വെക്കാനും ഒരുപക്ഷേ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുമൊക്കെ സഹായിക്കാൻ ഡയറിക്കു കഴിയും. ഒരുവന്റെ ദുഃഖങ്ങളെയും വികാരങ്ങളെയും കുറിച്ച് എഴുതുന്നത് യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശരിയായ കാഴ്ചപ്പാട് കൈവരിക്കാനും സഹായിച്ചേക്കാം.
ഡയറി സൂക്ഷിക്കുന്നതിന് വിദ്യാഭ്യാസപരമായ നേട്ടങ്ങളും ഉണ്ട്. അധ്യാപകരുടെ അമേരിക്കൻ ഫെഡറേഷൻ മാതാപിതാക്കളെ പിൻവരുന്ന പ്രകാരം ബുദ്ധിയുപദേശിക്കുന്നു: “ഡയറി എഴുതാൻ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അത് അവരുടെ എഴുതാനുള്ള പ്രാപ്തിയും സർഗാത്മകതയും വളരുന്നതിന് ഇടയാക്കും.”
എങ്ങനെ തുടങ്ങും?
സ്വസ്ഥമായ ഒരു സ്ഥലവും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ഡയറി അല്ലെങ്കിൽ നോട്ട്ബുക്കും കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ഒന്നും എഴുതാത്ത ഒരു പേജു നിറയെ വാക്കുകൾ കുത്തിക്കുറിക്കുന്നതിനെ കുറിച്ച് ഓർക്കുമ്പോൾ തെല്ല് പേടി തോന്നിയേക്കാം എന്നതു ശരിതന്നെ. എന്നാൽ സത്യസന്ധത, സ്വാഭാവികത, ലാളിത്യം ഇവ മൂന്നും ഉണ്ടെങ്കിൽ അത് ഒരു പ്രശ്നമല്ല. നിങ്ങൾക്ക് നിങ്ങളോടുതന്നെ പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞേക്കും: ‘ഇന്ന് ഞാൻ എന്താണു ചെയ്തത്? അത് എന്നെ എങ്ങനെ ബാധിച്ചു? ഞാൻ എന്താണു കഴിച്ചത്? ആരെയൊക്കെ കണ്ടു? എനിക്ക് അടുപ്പമുള്ള വ്യക്തികളുടെ ജീവിതത്തിൽ എന്തൊക്കെയാണു നടക്കുന്നത്?’ അല്ലെങ്കിൽ വർത്തമാനകാലത്തുനിന്നു തന്നെ തുടങ്ങാവുന്നതാണ്: ‘ഇപ്പോൾ എന്റെ ജീവിതം എവിടെയാണു നിൽക്കുന്നത്? എന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്താണ്?’ അതിനുശേഷം സ്വയം വിമർശിക്കാതെ എഴുതാൻ തുടങ്ങുക.
നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും എഴുതുക, അത് എത്രയധികം ആയാലും എത്ര കുറവായാലും കുഴപ്പമില്ല. അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ എഴുതുക. അത് കൂടെക്കൂടെയായിരിക്കണോ വല്ലപ്പോഴുമായിരിക്കണോ എന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്. സത്യസന്ധത പാലിക്കുക. വ്യാകരണത്തെ കുറിച്ചോ അക്ഷരത്തെറ്റിനെ കുറിച്ചോ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല. വേറെയാരും നിങ്ങൾ എഴുതിയിരിക്കുന്നത് കാണാൻ പോകുന്നില്ല. അതുപോലെ പുസ്തകത്തിൽ ഫോട്ടോകളോ പത്രങ്ങളിൽനിന്ന് വെട്ടിയെടുത്ത ഭാഗങ്ങളോ നിങ്ങൾക്കു പ്രധാനപ്പെട്ട മറ്റെന്തെങ്കിലുമോ ഒക്കെ ഒട്ടിക്കുന്നതിനെ കുറിച്ചും ചിന്തിക്കാം. അത് നിങ്ങളുടെ പുസ്തകമാണ്. അത് വൃത്തിയുള്ളതോ ഇല്ലാത്തതോ വലുതോ ചെറുതോ ആയിരിക്കാം. നിങ്ങൾക്ക് തോന്നുമ്പോൾ മാത്രം അതിൽ എഴുതിയാൽ മതി. ഡയറി എഴുത്തിനെ യാതൊരു വിട്ടുവീഴ്ചയും വരുത്താൻ പാടില്ലാത്ത ഒരു കടമയായി കണ്ടാൽ പരാജയവും നിരാശയും ആയിരിക്കും ഫലം.—ചതുരം കാണുക.
താൻ പഠിക്കുന്ന ഏതെങ്കിലും ഒരു ജീവിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്താൻ ഒരു ശാസ്ത്രജ്ഞൻ ഒരു ഡയറി ഉപയോഗിച്ചേക്കാവുന്നതു പോലെ സ്വന്തം പെരുമാറ്റരീതികളും ചായ്വുകളും നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും ഡയറി നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ ഡയറി നിങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും ബലഹീനതകളും കഴിവുകളും വെളിപ്പെടുത്തുന്നു. അത് സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ പ്രാപ്തിയെ മെച്ചപ്പെടുത്തും. ഡയറി എഴുതുന്നതിന് പ്രതിബദ്ധത ആവശ്യമാണ് എന്നതു ശരിയാണ്. എന്നാൽ അത്തരം പ്രതിബദ്ധതയ്ക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്താനാകും.—സംഭാവന ചെയ്യപ്പെട്ടത്.(g01 8/8)
[അടിക്കുറിപ്പുകൾ]
a “ഒരു ദിവസത്തേക്കു നിലനിൽക്കുന്നത്” എന്ന് അർഥമുള്ള എഫെമെറോസ് എന്ന ഗ്രീക്കു പദത്തിൽനിന്നു വന്നത്.
[27-ാം പേജിലെ ചതുരം]
ഡയറി എഴുതിത്തുടങ്ങാൻ സഹായകമായ നിർദേശങ്ങൾ
◆ ഈടുനിൽക്കുന്ന, ഒരുപക്ഷേ കൊണ്ടുനടക്കാൻ എളുപ്പമുള്ള ഒരു ഡയറി തിരഞ്ഞെടുക്കുക.
◆ ഒറ്റയ്ക്കായിരിക്കാൻ പറ്റുന്ന സ്വസ്ഥമായ ഒരു സമയവും സ്ഥലവും കണ്ടുപിടിക്കുക. ഓരോ പ്രാവശ്യവും എന്തെങ്കിലും എഴുതുമ്പോൾ തീയതി കുറിക്കുക.
◆ ഏതാനും ദിവസം എഴുതാൻ പറ്റിയില്ലെങ്കിൽ വെപ്രാളപ്പെടരുത്; നിറുത്തിയിടത്തു വെച്ചു തുടങ്ങുക.
◆ നിങ്ങളുടെ കുറിപ്പുകളെ വിമർശന കണ്ണുകളോടെ നോക്കരുത്. വിലക്കുകൾ ഒന്നുമില്ലാതെ ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ അതുപടി എഴുതുക. സൂക്ഷ്മ വിശദാംശങ്ങൾ രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.