മാരബൂ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പക്ഷി
മാരബൂ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പക്ഷി
കെനിയയിലെ ഉണരുക! ലേഖകൻ
“മാരബൂവിനെക്കാൾ അശുഭ ലക്ഷണമുള്ള ഒരു പക്ഷിയെ ഞാൻ കണ്ടിട്ടില്ല.”—ലോകത്തിന്റെ വന്യ പ്രദേശങ്ങൾ—ആഫ്രിക്കയിലെ ഭ്രംശതാഴ്വര (ഇംഗ്ലീഷ്).
അനേകം പക്ഷികളുടെ വാസസ്ഥലമാണ് ആഫ്രിക്ക. എന്നാൽ മാരബൂവിനെ പോലെ കടുത്ത വിമർശനത്തിനു പാത്രമായിട്ടുള്ള പക്ഷികൾ അവിടെ വേറെയില്ലെന്നുതന്നെ പറയാം. നന്മയുടെ കണികപോലും ഇല്ലാത്ത, ആക്രമണ സ്വഭാവമുള്ള ഒരു വികൃത പക്ഷിയായിട്ടാണ് പൊതുവെ അത് ചിത്രീകരിക്കപ്പെടുന്നത്. മാരബൂവിന് അത്ര ജനസമ്മതി ഇല്ല എന്നതു വളരെ വ്യക്തം.
അഴകും സ്വരമാധുര്യവുമുള്ള പക്ഷികളെ നിങ്ങൾക്ക് ഇഷ്ടമാണോ? എന്നാൽ മാരബൂവിന് ഇവ രണ്ടുമില്ല. തൂവലുകൾ ഇല്ലാത്ത പിങ്ക് നിറത്തിലുള്ള തലയും കഴുത്തുമുള്ള ഈ പക്ഷിക്ക് എപ്പോഴും മ്ലാനതയും നിരാശയും കലർന്ന ഒരു ഭാവമാണ്. മുതിർന്ന പക്ഷികളുടെ തൊണ്ടയിൽനിന്ന് ഒരു ടൈ പോലെ തോന്നിക്കുന്ന ഇളം ചെമപ്പു നിറത്തിലുള്ള തടിച്ചുരുണ്ട ഒരു സഞ്ചി തൂങ്ങിക്കിടക്കുന്നു. ചില സമയങ്ങളിൽ ഇതു വീർത്തുവരും. മിക്കവരുടെയും അഭിപ്രായത്തിൽ ഈ സഞ്ചി പക്ഷിയെ കൂടുതൽ വിരൂപമാക്കുന്നതേ ഉള്ളൂ. എന്നാൽ കെനിയയിലെ ദേശീയ കാഴ്ചബംഗ്ലാവുകളുടെ പക്ഷിശാസ്ത്ര വിഭാഗത്തിന്റെ തലവനായ ഡോ. ലിയോൺ ബെനൂൻ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “ഈ സഞ്ചി വിരൂപമാണെന്ന് നമുക്കു തോന്നുന്നു എന്നു കരുതി മാരബൂവിന് അങ്ങനെ തോന്നണമെന്നില്ല.” എന്നിരുന്നാലും ഈ സഞ്ചിയുടെ ജൈവശാസ്ത്രപരമായ ഉപയോഗം എന്താണെന്നു കണ്ടുപിടിക്കാൻ ഇതേവരെ ആർക്കും കഴിഞ്ഞിട്ടില്ല.
അതുപോലെ ഈ പക്ഷിയുടെ തീറ്റിശീലങ്ങളും കാഴ്ചക്കാർക്ക് അതിനോടു വെറുപ്പു തോന്നാനേ ഇടയാക്കൂ. ചീഞ്ഞ മാംസമാണ് അതിന്റെ ഭക്ഷണം എന്നതാണ് ഒരു സംഗതി. ശവം കിട്ടിയില്ലെങ്കിൽ തന്റെ കടുത്ത വിശപ്പ് അടക്കാൻ അത് മറ്റു പക്ഷികളെ കൊന്നുതിന്നും. പലരും അതിനെ അങ്ങേയറ്റം വെറുക്കുന്നതിൽ അതിശയിക്കാനില്ല.
എന്നാൽ വികൃതമായ രൂപവും സ്വഭാവവിശേഷതകളും ഉണ്ടെങ്കിലും, മാരബൂവിന് പ്രശംസനീയമായ പല ഗുണങ്ങളുമുണ്ട്. ഇത്രമാത്രം വെറുക്കപ്പെടുന്ന ഈ പക്ഷിയെ നമുക്ക് ഇപ്പോൾ ഒന്ന് അടുത്തു പരിചയപ്പെട്ടാലോ?
പക്ഷികൾക്ക് ഇടയിലെ ഒരു അതികായൻ
സാധ്യതയനുസരിച്ച് ബകവർഗത്തിലെ ഏറ്റവും വലിയ പക്ഷിയാണ് മാരബൂ. പൂർണ വളർച്ചയെത്തിയ ഒരു പൂവന് 150 സെന്റിമീറ്റർ ഉയരവും 8 കിലോഗ്രാം വരെ തൂക്കവും വെക്കും. പിട കുറച്ചു കൂടെ ചെറുതാണ്. ആപ്പിന്റെ ആകൃതിയുള്ള നല്ല കട്ടിയുള്ള ഇവയുടെ കൊക്കിന് 30 സെന്റിമീറ്ററിലും അധികം നീളം വെച്ചേക്കാം—ശവശരീരങ്ങളിൽനിന്ന് ഇറച്ചി കൊത്തിപ്പറിക്കാൻ പറ്റിയതു തന്നെ.
ഇത്രയൊക്കെ വലിപ്പം ഉണ്ടെങ്കിലും ഇതിനു പറക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. 2.5 മീറ്ററിലധികം ചിറകുവിരിവുള്ള മാരബൂ ചിറകു വിടർത്തിപ്പിടിച്ച് ഒഴുകി പറക്കുന്ന കാര്യത്തിൽ മറ്റു പറക്കൽ വിദഗ്ധർക്ക് ഒപ്പം നിൽക്കും. തല തോളിനോട് അൽപ്പം അടുപ്പിച്ചുപിടിച്ച് നീണ്ട കാലുകൾ ശരീരത്തിന്റെ പിന്നിലേക്കു നീട്ടി പറക്കുന്ന മാരബൂവിനെ കാണാൻ നല്ല ചന്തമാണ്. തെർമലുകളുടെ അഥവാ ഉഷ്ണവായുവിന്റെ സഹായത്താൽ മുകളിലേക്ക് അനായാസം പറന്നുയരാൻ മാരബൂവിനു കഴിയും. വളരെ ഉയരത്തിൽ, ചിലപ്പോൾ കണ്ണെത്താത്തത്ര ഉയരത്തിൽ പോലും അതിന് എത്താനാകും! എന്തിന്, 4,000 മീറ്ററിലും അധികം ഉയരത്തിൽപ്പോലും മാരബൂ പറക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്!
ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾ
മാതാപിതാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്ന കാര്യത്തിൽ മാരബൂ പ്രത്യേക പ്രശംസ അർഹിക്കുന്നു. മാതാപിതാക്കൾക്ക് വളരെയധികം ചുമതലകൾ നിർവഹിക്കാനുണ്ട്. അതിൽ ആദ്യത്തേത് കൂട് നിർമിക്കുക എന്നതാണ്. പറ്റിയ ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞാൽ പൂവൻ കൂടിന്റെ നിർമാണം തുടങ്ങും. പിന്നീട് ഇതിൽ സഹായിക്കാൻ പിടയും എത്തും. ചിലപ്പോൾ നിലത്തുനിന്ന് 30 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൂട് വലിയ വിശേഷതയാർന്നതാണ് എന്നൊന്നും പറയാനാവില്ല. ഉണക്ക കമ്പുകളും മരച്ചില്ലകളും ഇലകളും കൂട്ടിവെച്ച് ഉണ്ടാക്കുന്ന ഒരു മീറ്റർ വിസ്തൃതിയുള്ള ഒരു തുറന്ന പരുക്കൻ തട്ടാണ് അതിന്റെ കൂട്. ചിലപ്പോൾ മാരബൂ പഴയ ഒരു കൂട് കുറച്ച് ചുള്ളിക്കമ്പുകളും മറ്റും ചേർത്ത് പുതുക്കിപ്പണിയുക മാത്രമേ ചെയ്യൂ. ചിലയിടങ്ങളിൽ മാരബൂ പക്ഷികൾ 50 വർഷമായി ഒരു സ്ഥലത്തുതന്നെയുള്ള കൂടു നിലനിറുത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി അറിയാം.
പുതിയ കൂടിന്റെ പണി തുടങ്ങിക്കഴിഞ്ഞ്, ആൺ മാരബൂ ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. അനേകം പക്ഷികളിലും സാധാരണ കണ്ടുവരാറുള്ള രീതിയിൽനിന്നു വ്യത്യസ്തമായി പിട തന്നെ സമീപിക്കാൻ പൂവൻ കാത്തിരിക്കുന്നു. പൂവൻ തന്നെ കടാക്ഷിക്കുമെന്ന പ്രതീക്ഷയിൽ അനേകം പിടകൾ എത്താറുണ്ട്. പലപ്പോഴും അവയ്ക്ക് നിരാശയോടെ മടങ്ങേണ്ടി വരുന്നു. എന്നാൽ ശ്രമം തുടരുന്ന പക്ഷം തന്നെ സ്വീകരിക്കാൻ തയ്യാറാകുന്ന ഒരു പൂവനെ പിട ഒടുവിൽ കണ്ടുമുട്ടുക തന്നെ ചെയ്യും. തുടർന്നുള്ള പ്രണയകാലത്ത് രണ്ടു പക്ഷികളുടെയും കഴുത്തിലെ സഞ്ചികൾ മുഴുവനായും വീർത്തിരിക്കും. നുഴഞ്ഞുകയറ്റക്കാരെ വിരട്ടിയോടിക്കുന്നതിന് അവ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. ഈ ശബ്ദങ്ങളെ അമറൽ, മോങ്ങൽ, ചൂളമടി എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് തന്റെ വലിയ കൊക്ക് കൂട്ടിയടിച്ച് ഉണ്ടാക്കുന്ന ശബ്ദമൊഴിച്ചാൽ മാരബൂ പുറപ്പെടുവിക്കുന്നതായി അറിവായിട്ടുള്ള ശബ്ദങ്ങൾ ഇവ മാത്രമാണ്. ഓരോ തവണയും ഒരു ഇണ പുറത്തു പോയി തിരികെ വരുമ്പോൾ ഒരു പ്രത്യേക രീതിയിൽ അവ പരസ്പരം അഭിവാദനം ചെയ്യുന്നു. ഇത് ഇണകൾക്കിടയിൽ ഉടലെടുക്കുന്ന ദൃഢബന്ധത്തെ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നു. തല പുറകോട്ടാക്കി, അതിനുശേഷം താഴേക്കു കുനിച്ച് കുറേ സമയത്തേക്ക് കൊക്ക് കൂട്ടിയടിച്ച് കടകട ശബ്ദം പുറപ്പെടുവിക്കുന്നതാണ് ഈ അഭിവാദനരീതി.
ഇണകൾ ഒരുമിച്ചു കൂടിന്റെ പണി പൂർത്തിയാക്കുന്നു. മുട്ടകൾക്ക് അടയിരിക്കുന്ന ജോലിയും രണ്ടുപേരും കൂടെയാണ് നിർവഹിക്കുന്നത്. ഒരു മാസംകൊണ്ട് മങ്ങിയ വെള്ള നിറമുള്ള രണ്ടോ മൂന്നോ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വരും. ഇവയ്ക്കു പേരിനു മാത്രമേ തൂവൽ ഉണ്ടായിരിക്കൂ. ഏതാണ്ടൊരു പിങ്ക് നിറമുള്ള ഈ കുഞ്ഞുങ്ങളുടെ പരിപാലനം മാതാപിതാക്കൾ രണ്ടുപേരും ഏറ്റെടുക്കുന്നു. മാരബൂ കുഞ്ഞുങ്ങൾക്ക് അതിവിശിഷ്ടമായ പരിചരണമാണു ലഭിക്കുന്നത്. മത്സ്യം പോലെ നല്ല പോഷകഗുണമുള്ള ആഹാരസാധനങ്ങൾ അടങ്ങിയ ഊർജിതമായ ഒരു പോഷണ പരിപാടി ഉടൻ ആരംഭിക്കുന്നു. മാരബൂ പക്ഷികൾ കൂടെക്കൂടെ സന്ദർശിക്കാറുള്ള ചതുപ്പു പ്രദേശങ്ങളിൽ നിന്ന് അവയ്ക്ക് തങ്ങളുടെ ഭക്ഷണക്രമത്തിലെ ഒരു പതിവ് ഇനമായ തവളയെ ധാരാളമായി ലഭിക്കും. അച്ഛനും അമ്മയും കൂട്ടിലേക്കു തികട്ടിക്കൊടുക്കുന്ന ഭക്ഷണം കുഞ്ഞുങ്ങൾ കഴിക്കുന്നു. കുഞ്ഞുങ്ങളുടെ വളർച്ച മെല്ലെയാണ്. നാലു മാസംകൊണ്ടേ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി അവ നേടൂ. അപ്പോൾ മാത്രമേ കൂടു വിട്ടു പറന്നു പോകാനും അവയ്ക്കു സാധിക്കൂ.
ശുചീകരണ പ്രവർത്തകർ
ശവംതീനി എന്ന നിലയിൽ പലപ്പോഴും അവമതിക്കപ്പെടാറുണ്ടെങ്കിലും മാരബൂ യഥാർഥത്തിൽ വളരെ പ്രയോജനപ്രദമായ ഒരു സേവനമാണു ചെയ്യുന്നത്. ഇരപിടിയന്മാരായ ജന്തുക്കൾ കൊല്ലുന്ന മൃഗങ്ങളുടെ ശരീരങ്ങൾ ആഫ്രിക്കൻ സമതലങ്ങളിലെങ്ങും ചിതറി കിടന്നാൽ അത് രോഗങ്ങൾ പടരുന്നതിന് ഇടയാക്കുകയും മനുഷ്യനും മൃഗങ്ങൾക്കും ഭീഷണി ആയിത്തീരുകയും ചെയ്യും. എന്നാൽ മാരബൂ, ഉച്ഛിഷ്ടം നീക്കം ചെയ്യുക എന്ന പ്രയോജനപ്രദമായ ജോലി ചെയ്യുന്നു. തങ്ങളെപ്പോലെതന്നെ ശവംതീനികളും തീറ്റിപ്രിയരുമായ കഴുകന്മാരോടൊപ്പം ഇവ മൃഗങ്ങളുടെ ശവശരീരങ്ങൾക്കായി സമതലങ്ങളിലെങ്ങും പരതുന്നു. ഒരു ശവം കണ്ടെത്തിക്കഴിഞ്ഞാൽ കൂടുതൽ ആക്രമണകാരികളായ കഴുകന്മാർ തങ്ങളുടെ ബലമുള്ള വളഞ്ഞ കൊക്കുകൾ കൊണ്ട് അത് കൊത്തിക്കീറുന്നതു വരെ മാരബൂ കാത്തുനിൽക്കും. എന്നിട്ട് തക്കം കിട്ടുമ്പോൾ ശവത്തിന്റെ അടുത്തേക്ക് പാഞ്ഞുചെന്ന് ഒരു ശസ്ത്രക്രിയാ കത്തി പോലെ മൂർച്ചയുള്ള തന്റെ നീണ്ട കൊക്കു കൊണ്ട് ഒരു കഷണം ഇറച്ചി കൊത്തിയെടുത്ത് മടങ്ങും. പിന്നെ, അടുത്ത അവസരവും കാത്ത് അവ കുറച്ച് അകലെ മാറി നിൽക്കും. കഴുകന്മാർ വയറുനിറച്ചു കഴിയുന്നതോടെ ശേഷിക്കുന്ന ഇറച്ചിക്കായി മാരബൂ അടിപിടി തുടങ്ങും. എല്ല് ഒഴികെ തൊണ്ടയിലൂടെ കടന്നുപോകുന്ന എന്തും മാരബൂ അകത്താക്കും. ഏകദേശം 600 ഗ്രാം വരുന്ന ഇറച്ചി കഷണങ്ങൾപോലും അനായാസം വിഴുങ്ങാൻ അവയ്ക്കു കഴിയും.
തന്റെ ശുചീകരണ പ്രവർത്തനം സ്വാഭാവിക ചുറ്റുപാടിൽ മാത്രം ഒതുക്കിനിറുത്താതെ അടുത്ത കാലത്ത് മാരബൂ അത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ഈ പക്ഷിക്ക് മനുഷ്യനോടുള്ള ഭയം ഏതാണ്ട് ഇല്ലാതായിരിക്കുന്നതിനാൽ ഇപ്പോൾ അവ പതിവായി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുപ്പക്കൂനകൾ സന്ദർശിക്കാറുണ്ട്. ഫലമോ? കൂടുതൽ വൃത്തിയുള്ള ചുറ്റുപാട്. ഇറച്ചിയുടെ അവശിഷ്ടങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ അവ കശാപ്പുശാലകളിൽനിന്നു പുറത്തേക്ക് ഒഴുകുന്ന അഴുക്കുവെള്ളം പോലും പരിശോധിക്കാറുണ്ട്. ഈ പക്ഷി ആളത്ര നിസ്സാരനല്ലെന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം ഇതാ: പടിഞ്ഞാറൻ കെനിയയിലെ ഒരു കശാപ്പുശാലയ്ക്കടുത്ത് ഇറച്ചി കഷണങ്ങൾക്കായി പരതിക്കൊണ്ടിരിക്കെ ഒരു മാരബൂ എങ്ങനെയോ ഒരു കശാപ്പുകത്തി അകത്താക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവിടെ അടുത്തുതന്നെ വൃത്തിയുള്ള തിളങ്ങുന്ന ആ കത്തി കിടക്കുന്നതു കണ്ടു. കത്തി വിഴുങ്ങിയ മാരബൂവാകട്ടെ കുഴപ്പമൊന്നും കൂടാതെ പതിവു പരിപാടികളിൽ മുഴുകുകയും ചെയ്തു!
മാരബൂവിന്റെ ഭാവി
ആഫ്രിക്കൻ മാരബൂവിന്റെ ഏറ്റവും അടുത്ത ബന്ധുവായ ഏഷ്യൻ മഹാബകം എണ്ണത്തിൽ കുറഞ്ഞു വരികയാണ്. എന്നാൽ മാരബൂവിന്റെ എണ്ണമാകട്ടെ വർധിക്കുകയാണ്. തന്റെ സ്വാഭാവിക ചുറ്റുപാടിൽ അതിന് അറിയപ്പെടുന്ന ശത്രുക്കളാരും ഇല്ല. കഴിഞ്ഞകാലങ്ങളിൽ മാരബൂവിന്റെ ഏറ്റവും വലിയ ശത്രു മനുഷ്യൻ ആയിരുന്നു. ഈ വലിയ പക്ഷിയെ വെടിവെച്ചു വീഴ്ത്തുകയും അവയുടെ പിൻഭാഗത്തെ പഞ്ഞിപോലുള്ള തൂവലുകൾ പറിച്ച് സ്ത്രീകളുടെ തൊപ്പികൾക്കു ഭംഗികൂട്ടാനായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റോർക്സ്, ഐബിസസ് ആൻഡ് സ്പൂൺബിൽസ് ഓഫ് ദ വേൾഡ് എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “വിശറികൾക്കോ ഒരു സ്ത്രീയുടെ മനംകവരുന്ന വേഷഭൂഷാദികൾക്കോ മോടികൂട്ടുന്ന മൃദുലവും സുന്ദരവുമായ ഈ തൂവലുകൾ കോലുപോലെ നീണ്ട, വികൃതരൂപമുള്ള ഭീമാകാരനായ ഈ ശവംതീനിയിൽനിന്നു ലഭിച്ചതാണെന്നു വിശ്വസിക്കാൻ വളരെ പ്രയാസമാണ്.” മാരബൂവിന്റെ നല്ലകാലം എന്നു പറയട്ടെ, അവയ്ക്കു നേരെയുള്ള നിഷ്ഠുരമായ ആക്രമണം കുറഞ്ഞിരിക്കുകയാണ്. അങ്ങനെ അവയുടെ എണ്ണം കൂടിയിരിക്കുന്നു. നാം ഇപ്പോൾ പരിശോധിച്ച വസ്തുതകൾ വ്യക്തമാക്കുന്നത് നമ്മുടെ അവജ്ഞയ്ക്കും വെറുപ്പിനും ഒന്നും പാത്രമാകേണ്ട പക്ഷിയല്ല മാരബൂ എന്നാണ്. ചുറ്റുപാടുകൾ ശുചീകരിക്കുന്നതിലെ അതിന്റെ കഠിനവേലയും മിടുക്കും നമുക്കു വലിയ പ്രയോജനം ചെയ്യുന്നു. അത് ഏറ്റവും അഴകാർന്ന പക്ഷിയൊന്നും അല്ലെങ്കിലും, തന്റേതായ എളിയ വിധത്തിൽ അത് തന്റെ സ്രഷ്ടാവിനു മഹത്ത്വം കരേറ്റുന്നു.—സങ്കീർത്തനം 148:7, 10.(g01 8/8)
[22-ാം പേജിലെ ചിത്രം]
ആപ്പിന്റെ ആകൃതിയുള്ള മാരബൂവിന്റെ കട്ടിയുള്ള കൊക്കിന് 30 സെന്റിമീറ്ററിലും അധികം നീളം വെച്ചേക്കാം
[22, 23 പേജുകളിലെ ചിത്രം]
മാരബൂവിന് 2.5 മീറ്ററിലധികം ചിറകുവിരിവുണ്ട്
[കടപ്പാട്]
© Joe McDonald
[23-ാം പേജിലെ ചിത്രം]
മാരബൂ കുഞ്ഞുങ്ങൾക്ക് അതിവിശിഷ്ടമായ പരിചരണം ലഭിക്കുന്നു
[കടപ്പാട്]
© M.P. Kahl/VIREO
[24-ാം പേജിലെ ചിത്രം]
മാരബൂവിന്റെ സഞ്ചിയുടെ ജൈവശാസ്ത്രപരമായ ഉപയോഗം എന്തെന്ന് കണ്ടുപിടിച്ചിട്ടില്ല
[25-ാം പേജിലെ ചിത്രം]
ചിലപ്പോൾ നിലത്തുനിന്ന് 30 മീറ്റർ ഉയരത്തിലാണ് മാരബൂ കൂടു കെട്ടുക