ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ഏറ്റവുമധികം വിപത്തുകൾ 2000-ാം ആണ്ടിൽ
ലോകവ്യാപകമായി ഏറ്റവും കൂടുതൽ പ്രകൃതി വിപത്തുകൾ ഉണ്ടായ വർഷമാണ് രണ്ടായിരാം ആണ്ട് എന്നു മ്യൂണിക് റീ എന്ന റീഇൻഷ്വറൻസ് കമ്പനി റിപ്പോർട്ടു ചെയ്യുന്നു. ആ വർഷം 850-ലധികം അത്യാഹിതങ്ങൾ ഉണ്ടായതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. തത്ഫലമായി 10,000 പേർക്കു ജീവഹാനി നേരിട്ടു, 1,300 ശതകോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. പ്രകൃതി ദുരന്തങ്ങൾ എണ്ണത്തിൽ കൂടുതലായിരുന്നെങ്കിലും, സാമ്പത്തിക നഷ്ടവും ആളപായവും മുൻ വർഷത്തെക്കാൾ കുറവായിരുന്നു. അതിന്റെ കാരണം ആ ദുരന്തങ്ങളിൽ മിക്കവയും സംഭവിച്ചത് ആളുകൾ അധികം തിങ്ങിപ്പാർക്കാത്ത പ്രദേശങ്ങളിലായിരുന്നു എന്നതാണെന്ന് കമ്പനിയുടെ ഒരു വാർത്താക്കുറിപ്പു പറയുന്നു. ഇൻഷ്വറൻസ് തുക നൽകേണ്ടിവന്ന നാശനഷ്ടങ്ങളിൽ 73 ശതമാനം സംഭവിച്ചത് കൊടുങ്കാറ്റ് മൂലവും 23 ശതമാനം വെള്ളപ്പൊക്കം മൂലവും ആയിരുന്നു. “പ്രകൃതിദുരന്തങ്ങൾ നിമിത്തമുള്ള നഷ്ടം ഭാവിയിൽ ഇനിയും വർധിച്ചുകൊണ്ടിരിക്കുമെന്നു പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു” എന്ന് ആ റിപ്പോർട്ടു പറയുന്നു. ജനസംഖ്യ വർധിക്കുന്നതും വസ്തുവകകളുടെ വില ഉയരുന്നതുമാണു കാരണം.(g01 8/8)
കവറുകളെ സുതാര്യമാക്കുന്ന വിദ്യ
“കവറുകൾ തുറക്കാതെതന്നെ അവയ്ക്കുള്ളിലുള്ളതു കാണാൻ സഹായിക്കുന്ന” ഒരു സ്പ്രേ അമേരിക്കയിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നു എന്ന് ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നു. അത് ഉപയോഗിച്ചാൽ ഉപയോഗിച്ചതിന്റെ യാതൊരു ലക്ഷണവും അവശേഷിക്കുകയുമില്ല. ഏതു നിറത്തിലുള്ള കവറുകളിലും ഉപയോഗിക്കാവുന്ന “ഈ ലായനി വൈദ്യുതചാലക സ്വഭാവം ഉള്ളതല്ല, വിഷകരമല്ല, പരിസ്ഥിതിക്കു ദോഷം വരുത്തുന്നതുമല്ല” എന്ന് കമ്പനി വക്താവായ ബോബ് ഷ്ലാഗൽ പറയുന്നു. 10-15 മിനിട്ട് നേരത്തേക്ക് ഒരു പ്രത്യേക ഗന്ധം ഉണ്ടായിരിക്കും എന്നത് ഒഴിച്ചാൽ “ഒരു തെളിവും ഉണ്ടായിരിക്കുകയില്ല, കവറിലെയോ കത്തിലെയോ മഷി പടരുകയോ അവയിൽ എന്തെങ്കിലും അടയാളം അവശേഷിക്കുകയോ ഇല്ല” എന്ന് ഷ്ലാഗൽ കൂട്ടിച്ചേർക്കുന്നു. ലെറ്റർ ബോംബുകളും അപകടകരമായ മറ്റു പായ്ക്കറ്റുകളും കണ്ടെത്താൻ നിയമപാലകരെ സഹായിക്കുന്നതിനാണ് ഈ ഉത്പന്നം ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ കത്തുകൾ തുറക്കാതെതന്നെ വായിക്കുന്നതിനും ഈ സ്പ്രേ ഉപയോഗിക്കാനാകും. അതിനാൽ ഈ ഉത്പന്നം ധർമനീതിക്കു നിരക്കുന്നതല്ല എന്ന് ഒരു മനുഷ്യാവകാശ ഉദ്യോഗസ്ഥൻ പറയുകയുണ്ടായി.(g01 8/8)
തേനീച്ചകൾ വഴി കണ്ടുപിടിക്കുന്നു
കൂടുകളിൽനിന്നു പൂക്കളിലും തിരിച്ച് കൂടുകളിലും എത്താനുള്ള തേനീച്ചകളുടെ പ്രാപ്തി പരക്കെ അറിയപ്പെടുന്നതാണ്. എന്നാൽ വടക്കേ ഇന്ത്യയിലെ അസമിൽ നിന്നുള്ള ദേശാടന തേനീച്ചകൾ നൂറുകണക്കിനു കിലോമീറ്റർ സഞ്ചരിക്കുന്നതായും രണ്ടു വർഷം മുമ്പ് തങ്ങളുടെ ബന്ധുക്കൾ പാർത്തിരുന്ന അതേ വൃക്ഷത്തിലേക്കും, എന്തിന് അതേ കൊമ്പിലേക്കു തന്നെയും മടങ്ങുന്നതായും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു! വേലക്കാരായ തേനീച്ചകൾ കേവലം മൂന്നു മാസമോ അതിൽ താഴെയോ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് അത്യന്തം അതിശയകരമാണ്. അതുകൊണ്ട് ഇങ്ങനെ മടങ്ങുന്ന തേനീച്ചകൾ ആദ്യത്തെ കൂടു പണിത തേനീച്ചകൾക്കും പല തലമുറകൾക്കു ശേഷമുള്ളവ ആയിരിക്കും. അവ എങ്ങനെ വഴി കണ്ടെത്തുന്നു എന്നത് ഒരു രഹസ്യമായി അവശേഷിക്കുന്നു. ഇതിൽ തേനീച്ചകളുടെ ഘ്രാണശക്തി ഉൾപ്പെട്ടിരിക്കാം എന്ന് ദ സിഡ്നി മോർണിങ് ഹെറാൾഡ് പത്രം റിപ്പോർട്ടു ചെയ്യുന്നു. മറ്റൊരു സാധ്യത, അപ്പോഴും ജീവിച്ചിരിക്കുന്ന റാണി ഈച്ച വേലക്കാരായ ഈച്ചകളോട് ഏതു ദിശയിൽ പറക്കണമെന്നു നൃത്തരൂപേണ അറിയിക്കുന്നുണ്ടായിരിക്കും എന്നതാണ്.(g01 8/8)
ഭാഷയും മസ്തിഷ്കവും
സംസാരശേഷിയുള്ള ആളുകൾ ഭാഷ ഗ്രഹിക്കാനും സംസാരിക്കാനും ഉപയോഗിക്കുന്ന മസ്തിഷ്കത്തിന്റെ രണ്ടു ഭാഗങ്ങൾ ആംഗ്യഭാഷയ്ക്കായി ബധിരരും ഉപയോഗിക്കുന്നുവെന്ന് സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. “ബധിരർ ആംഗ്യഭാഷ ഉപയോഗിക്കുമ്പോൾ അവരുടെ മസ്തിഷ്കത്തിലെ ഈ നാഡീഭാഗങ്ങൾ സജീവമാകുന്നതായി” അവരുടെ മസ്തിഷ്ക സ്കാനിങ്ങുകൾ കാണിക്കുന്നു. “സംസാരത്തിലൂടെയോ ആംഗ്യത്തിലൂടെയോ പ്രകടിപ്പിക്കാവുന്ന ഭാഷയുടെ അടിസ്ഥാന വശങ്ങ”ളെ ഈ മസ്തിഷ്ക ഭാഗങ്ങൾ നിയന്ത്രിക്കുന്നതായി അതു സൂചിപ്പിക്കുന്നു എന്ന് പ്രസ്തുത പഠനത്തിനു നേതൃത്വം നൽകിയ മോൺട്രിയോളിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ലോറ-ആൻ പെറ്റിറ്റോ പറയുന്നു. ഭാഷ കൈകാര്യം ചെയ്യുന്നതിൽ മനുഷ്യ മസ്തിഷ്കത്തിനുള്ള കഴിവ് സംബന്ധിച്ചു കൂടുതലായ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യത്തിന് ഇത് അടിവരയിടുന്നു. സയൻസ് ന്യൂസ് ഇങ്ങനെ പറയുന്നു: “സംസാര ഭാഷയിലും ആംഗ്യഭാഷയിലും ഉൾപ്പെട്ടിരിക്കുന്ന മസ്തിഷ്ക ഭാഗങ്ങൾ വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.”(g01 8/8)
ഉറക്കവും ഓർമശക്തിയും
രാത്രിയിൽ ഉറക്കമിളയ്ക്കുന്നതിനു പകരം, നന്നായി ഉറങ്ങുന്നതാണ് “തുടർന്നുള്ള വാരങ്ങളിൽ നല്ല ഓർമശക്തി ഉണ്ടായിരിക്കാനുള്ള ഒരു അവശ്യ സംഗതി” എന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായി ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് അഭിപ്രായപ്പെടുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രൊഫസർ റോബർട്ട് സ്റ്റിക്ഗോൾഡ് സന്നദ്ധരായ 24 പേരെ ഇതിനോടു ബന്ധപ്പെട്ട പരീക്ഷണത്തിനായി ഉപയോഗിച്ചു. ഒരു അധ്യയന ക്ലാസ്സിനു ശേഷം അവരിൽ പകുതി പേരെ രാത്രിയിൽ ഉറങ്ങാൻ അനുവദിച്ചു, ബാക്കിയുള്ളവർ രാത്രി മുഴുവൻ ഉണർന്നിരുന്നു. അടുത്ത രണ്ടു രാത്രികളിൽ ഇരുകൂട്ടരും സാധാരണപോലെ ഉറങ്ങുകയും ചെയ്തു, അങ്ങനെ ആദ്യത്തെ രാത്രിയിൽ ഉറങ്ങാതിരുന്നവർക്ക് ക്ഷീണം മാറ്റാനുള്ള അവസരം കിട്ടി. “ആദ്യത്തെ രാത്രിയിൽ ഉറങ്ങിയവരുടെ ഓർമശക്തി ഉറങ്ങാഞ്ഞവരെ അപേക്ഷിച്ച് വളരെ മെച്ചമായിരുന്നു, രണ്ടാമത്തെ കൂട്ടർ പിന്നീടുള്ള രണ്ടു രാത്രികളിൽ സാധാരണപോലെ ഉറങ്ങിയെങ്കിലും അത് ഓർമശക്തി മെച്ചപ്പെടാൻ സഹായിച്ചില്ല” എന്നു പരീക്ഷണത്തിൽ തെളിഞ്ഞു. നല്ല ഓർമശക്തി ഉണ്ടായിരിക്കാൻ സഹായിക്കുന്നതിനാൽ ഉറക്കം—പ്രത്യേകിച്ചും ആദ്യഘട്ടത്തിലെ ആഴമായ, “മന്ദമായ തരംഗദൈർഘ്യമുള്ള” (slow-wave) ഉറക്കം—നഷ്ടപ്പെടുത്തി പഠിക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് ഈ പരീക്ഷണങ്ങൾ തെളിയിക്കുന്നു.(g01 8/8)
സാക്ഷികൾക്കു റഷ്യൻ കോടതിയിൽ വിജയം
“വിദ്വേഷമോ അസഹിഷ്ണുതയോ പ്രോത്സാഹിപ്പിക്കുന്ന മതവിഭാഗങ്ങളെ നിരോധിക്കുന്ന 1997-ലെ ഒരു നിയമം ഉപയോഗിച്ച്, യഹോവയുടെ സാക്ഷികളുടെമേൽ നിരോധനം ഏർപ്പെടുത്തിക്കിട്ടാൻ ശ്രമിച്ച വാദിഭാഗത്തിന്മേൽ അവർ ഇന്നു [ഫെബ്രുവരി 23] മോസ്കോയിലെ ഒരു കോടതിയിൽ വിജയം നേടി, അതിനു ശ്രദ്ധേയവും ദൂരവ്യാപകവുമായ ഫലങ്ങൾ ഉണ്ടായിരിക്കും” എന്ന് 2001 ഫെബ്രുവരി 24-ലെ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. 1999 മാർച്ച് 12-ന് വിചാരണ നിറുത്തിവെക്കുകയും സാക്ഷികളുടെ വിശ്വാസങ്ങളെ കുറിച്ചു പഠിക്കാൻ അഞ്ചു വിദഗ്ധരെ കോടതി നിയമിക്കുകയും ചെയ്തിരുന്നു. ഒടുവിൽ, ഏകദേശം രണ്ടു വർഷത്തിനു ശേഷം 2001 ഫെബ്രുവരി 6-ന് കേസ് വീണ്ടും വിചാരണയ്ക്ക് എടുത്തു. വാദിഭാഗത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നു കോടതിക്കു ബോധ്യമാകാൻ മൂന്ന് ആഴ്ചയിൽ കുറഞ്ഞ സമയമേ വേണ്ടിവന്നുള്ളൂ. എന്നിരുന്നാലും, കേസ് പുനർവിചാരണയ്ക്ക് എടുക്കാൻ വാദിഭാഗം മോസ്കോ സിറ്റി കോടതിയോട് ആവശ്യപ്പെട്ടു. മേയ് 30-ന് അത് അംഗീകരിക്കപ്പെട്ടു. പ്രസ്തുത കേസ് പുനർവിചാരണ ചെയ്യാൻ വിചാരണാ കോടതിയിലേക്കു തിരിച്ചയച്ചിരിക്കുകയാണ്. ലോസാഞ്ചലസ് ടൈംസ് ഇങ്ങനെ പറഞ്ഞു: “മിഷനറി പ്രവർത്തനങ്ങളെ ശക്തമായി എതിർക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭ 1997-ലെ മതനിയമം പാസാക്കിയെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. ആ നിയമത്തിന്റെ ഫലമായി ദുഷ്കരമായ ഒരു രജിസ്ട്രേഷൻ പ്രക്രിയയിലൂടെ കടന്നുപോകാൻ നിരവധി മതവിഭാഗങ്ങൾ നിർബന്ധിതരായി. (g01 8/22)
സംഭാവനയായി ലഭിച്ച തുണികളിൽനിന്നു ലാഭം കൊയ്യുന്നു
സംഭാവനയായി ലഭിക്കുന്ന വസ്ത്രങ്ങളിൽ “വളരെ ചെറിയൊരു പങ്ക് മാത്രമേ” യഥാർഥ ആവശ്യക്കാരുടെ പക്കൽ എത്തുന്നുള്ളൂ എന്ന് ജർമൻ പത്രമായ സൂയെഡ്വെസ്റ്റ് പ്രെസെ പറയുന്നു. ദരിദ്രരെ സഹായിക്കാൻ ജർമനിയിൽ ഓരോ വർഷവും 5,00,000-ത്തിലുമധികം ടൺ വസ്ത്രങ്ങൾ ദാനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വസ്ത്രങ്ങൾ ശേഖരിക്കുന്ന സംഘടനകൾ പൊതുവെ അവ വാണിജ്യ സ്ഥാപനങ്ങൾക്കു വിൽക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവർ ഇതിനെ കോടികളുടെ ലാഭം കൊയ്യുന്ന ഒരു ബിസിനസ് ആക്കി മാറ്റിയിരിക്കുന്നു. സംഭാവനയായി നൽകപ്പെട്ട വസ്ത്രങ്ങൾക്ക് എന്തു സംഭവിക്കുന്നുവെന്നു മിക്കപ്പോഴും അവ ശേഖരിക്കുന്ന സംഘടനകൾക്ക് അറിയില്ല. ആ ലേഖനം ഇങ്ങനെയും പ്രസ്താവിക്കുന്നു: “നിങ്ങളുടെ വസ്ത്രങ്ങൾ ദരിദ്രർക്കു ശരിക്കും പ്രയോജനം ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങൾതന്നെ അവ നേരിട്ടു കൊടുക്കുക, അല്ലെങ്കിൽ പ്രശ്നബാധിത സ്ഥലത്തെ ആശ്രയയോഗ്യരായ ആളുകളെ അവ ഏൽപ്പിക്കുക.” (g01 8/22)
പുരുഷന്മാരും സ്ത്രീകളും ശ്രവിക്കുന്നത് വ്യത്യസ്തമായി
ശ്രവണത്തിനു സ്ത്രീകൾ മസ്തിഷ്കത്തിന്റെ ഇരുവശങ്ങളും ഉപയോഗിക്കുമ്പോൾ പുരുഷന്മാർ ഒരു വശം മാത്രമാണ് ഉപയോഗിക്കുന്നതെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായി ഡിസ്കവറി ഡോട്ട് കോം വാർത്ത റിപ്പോർട്ടു ചെയ്യുന്നു. ഒരു പരീക്ഷണത്തിൽ, 20 പുരുഷന്മാരും 20 സ്ത്രീകളും ഒരു പുസ്തകം ശബ്ദലേഖനം ചെയ്തത് കേൾക്കവേ, മസ്തിഷ്ക സ്കാനിങ്ങിനു വിധേയരായി. പരിശോധനയിൽ, ശ്രവണത്തോടും സംഭാഷണത്തോടും ബന്ധപ്പെട്ട ഇടതുവശമാണ് ശ്രവണത്തിനായി പുരുഷന്മാർ കൂടുതലായും ഉപയോഗിക്കുന്നതെന്നു കാണപ്പെട്ടു. അതേസമയം, സ്ത്രീകളുടെ മസ്തിഷ്കത്തിന്റെ ഇരുവശങ്ങളും പ്രവർത്തനനിരതമായിരുന്നു. ഇൻഡിയാന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജോസഫ് റ്റി. ലൂറിറ്റോ ഇങ്ങനെ പറയുന്നു: “സ്ത്രീകളുടെയും പുരുഷന്മാരുടെയും മസ്തിഷ്കങ്ങൾ ഭാഷ കൈകാര്യം ചെയ്യുന്നത് രണ്ടു വിധങ്ങളിലാണെന്നു ഞങ്ങളുടെ ഗവേഷണം സൂചിപ്പിക്കുന്നു, എന്നാൽ, കാര്യശേഷി വ്യത്യസ്തമാണെന്ന് അത് അർഥമാക്കുന്നില്ല.” സ്ത്രീകൾക്ക് “ഒരേസമയം രണ്ടു സംഭാഷണങ്ങൾ ശ്രദ്ധിക്കാനാകും” എന്ന് മറ്റു പഠനങ്ങൾ സൂചിപ്പിക്കുന്നതായി തോന്നുന്നുവെന്നു ഡോ. ലൂറിറ്റോ പറയുന്നു.(g01 8/8)
ആഭരണങ്ങളിലെ ഈയം സംബന്ധിച്ച് ജാഗ്രത പുലർത്തുക
“നിങ്ങളുടെ കുട്ടി ഈയം അടങ്ങിയ ആഭരണങ്ങൾ ചവയ്ക്കാനോ വായിലിട്ട് ചപ്പാനോ ഇടയുണ്ടെങ്കിൽ, അവ ഉടൻ ഉപേക്ഷിക്കുക,” ഹെൽത്ത് കാനഡയുടെ ഒരു റിപ്പോർട്ടു നിർദേശിക്കുന്നു. കുട്ടികൾക്കായി വാങ്ങുന്ന വിലകുറഞ്ഞ മിക്ക ആഭരണങ്ങളിലും 50 ശതമാനം മുതൽ 100 ശതമാനം വരെ ഈയം അടങ്ങിയിരിക്കുന്നതായി ലബോറട്ടറി പരിശോധനകൾ തെളിയിക്കുന്നു. “ചെറിയ അളവിൽ പോലും ഈയം അകത്തു ചെല്ലുന്നത് ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും ബൗദ്ധികവും പെരുമാറ്റ സംബന്ധവുമായ വികാസത്തിന്മേൽ ഹാനികരമായ ഫലങ്ങൾ ഉളവാക്കിയേക്കാം” എന്ന് ആ റിപ്പോർട്ട് പ്രസ്താവിക്കുന്നു. പരിശോധനാ സംവിധാനങ്ങളില്ലാതെ ആഭരണങ്ങളിൽ ഈയം അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്തുക ദുഷ്കരമാണ്. അതുകൊണ്ട് കുട്ടികളുടെ ആഭരണത്തിനു പൊതുവെയുള്ള വിലക്കുറവ് കണക്കിലെടുക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും മെച്ചമായ സംഗതി നാഷണൽ പോസ്റ്റ് ശുപാർശ ചെയ്യുന്നത് അനുസരിച്ചു പ്രവർത്തിക്കുക എന്നതായിരിക്കാം: “സംശയമുണ്ടെങ്കിൽ, അത് ഒഴിവാക്കുക.”(g01 8/8)
വേശ്യാവൃത്തിക്ക് വെള്ളപൂശുന്നു
ഇഷ്ടത്തിനു വിരുദ്ധമായി നിർബന്ധിച്ച് ചെയ്യിക്കാത്തിടത്തോളം കാലം വേശ്യാവൃത്തി “അടിസ്ഥാനപരമായി അധാർമികമല്ല” എന്ന് ജർമനിയിലെ ഒരു കോടതി വിധിച്ചതായി ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. വേശ്യകൾ ഇടപാടുകാരെ കണ്ടെത്താനായി ഉപയോഗിക്കുന്ന ബെർലിൻ-വിൽമെഴ്സ്ഡോർഫിലെ ഒരു കോഫിഹൗസിന്—ഇതിനടുത്ത് മുറികളും വാടകയ്ക്കു കിട്ടും—അവിടെ തുടർന്നു പ്രവർത്തിക്കാമെന്ന് ബെർലിനിലെ അഡ്മിനിസ്ട്രേറ്റിവ് കോടതി വിധിക്കുകയുണ്ടായി. വേശ്യാവൃത്തിയോടുള്ള സമൂഹത്തിന്റെ മാറിവരുന്ന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് തങ്ങളുടെ ഈ വിധിയെന്നു ന്യായാധിപന്മാർ പറഞ്ഞു. വേശ്യാവൃത്തിയെ ഒരു സാധാരണ തൊഴിൽ എന്ന നിലയിൽ അംഗീകരിക്കേണ്ടതാണെന്ന് ഒരു സർവേയിൽ പങ്കെടുത്ത 1,002 പേരിൽ 62 ശതമാനവും അഭിപ്രായപ്പെട്ടു. ദീർഘകാലം മുമ്പേ, ജർമനിയുടെ “സാമ്പത്തിക വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഒന്നായി ലൈംഗിക സേവനങ്ങൾ” അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് മറ്റൊരു സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും കരുതുന്നതായി ആ ന്യായാധിപന്മാർ പറഞ്ഞു.(g01 8/8)