വയോജനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും വസ്തുതകളും
വയോജനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും വസ്തുതകളും
വയോജനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അനവധിയാണ്. ലോകാരോഗ്യ സംഘടനയുടെ വാർധക്യ-ആരോഗ്യ പരിപാടി എന്ന വിഭാഗത്തിന്റെ “വാർധക്യം—തെറ്റിദ്ധാരണകൾ തുടച്ചുമാറ്റൽ” (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ഇവയിൽ ചിലതിനെ തുറന്നുകാട്ടുന്നു. ഏതാനും ഉദാഹരണങ്ങൾ നോക്കുക.
തെറ്റിദ്ധാരണ: വയോജനങ്ങൾ കൂടുതൽ ഉള്ളത് വ്യവസായവത്കൃത രാജ്യങ്ങളിൽ ആണ്.
വസ്തുത: ലോകത്തിലെ 58 കോടി വയോജനങ്ങളിൽ 60 ശതമാനത്തിലധികവും വികസ്വര രാജ്യങ്ങളിലാണ്. മെച്ചപ്പെട്ട ആരോഗ്യ പരിപാലനം, ശുചിത്വ-പാർപ്പിട-ആഹാര കാര്യങ്ങളിലുള്ള പുരോഗതി എന്നിവയുടെയൊക്കെ ഫലമായി ഈ രാജ്യങ്ങളിൽ വാർധക്യത്തിൽ എത്തുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്.
തെറ്റിദ്ധാരണ: വയോജനങ്ങൾ ഗുണകരമായ യാതൊന്നും ചെയ്യുന്നില്ല.
വസ്തുത: സാമ്പത്തിക പ്രതിഫലമൊന്നും പറ്റാതെതന്നെ വയോജനങ്ങൾ ഗുണകരമായ അനേകം കാര്യങ്ങൾ ചെയ്യുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിൽ മുത്തശ്ശീമുത്തശ്ശന്മാരാണ് 20 ലക്ഷത്തോളം കുട്ടികളെ പരിപാലിക്കുന്നത്. അവരിൽ 12 ലക്ഷം കുട്ടികൾ താമസിക്കുന്നത് തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുടെ വീടുകളിലാണ്. അങ്ങനെ വയോജനങ്ങളായ ഇവർ തങ്ങളുടെ പേരക്കുട്ടികൾക്കു പാർപ്പിടവും ആഹാരവും വിദ്യാഭ്യാസവും നൽകുകയും സാംസ്കാരിക മൂല്യങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുമ്പോൾ കുട്ടികളുടെ മാതാപിതാക്കൾക്കു ലൗകിക ജോലിയിൽ തുടരാൻ കഴിയുന്നു. അതുപോലെ, വയോജനങ്ങൾ നൽകുന്ന സഹായം ഇല്ലെങ്കിൽ വ്യവസായവത്കൃത രാജ്യങ്ങളിലെ പല സന്നദ്ധസേവന സംഘടനകൾക്കും മുന്നോട്ടു പോകാനാവില്ല. അവർ വളരെ വേണ്ടപ്പെട്ട പരിചരണം നൽകുന്നവരുമാണ്. പ്രായപൂർത്തിയായവരിൽ 30 ശതമാനത്തോളം പേർ എയ്ഡ്സ് രോഗികളായുള്ള ചില വികസ്വര രാജ്യങ്ങളിൽ വയോജനങ്ങൾ രോഗബാധിതരായ തങ്ങളുടെ മക്കളെ ശുശ്രൂഷിക്കുന്നു. മക്കൾ മരിക്കുന്നതോടെ അനാഥരായിത്തീരുന്ന തങ്ങളുടെ പേരക്കുട്ടികളെ വളർത്തേണ്ട ചുമതലയും അവർതന്നെ വഹിക്കുന്നു.
തെറ്റിദ്ധാരണ: മേലാൽ ജോലി ചെയ്യാൻ കഴിയാത്തതിനാലാണ് വയോജനങ്ങൾ തൊഴിൽ ഉപേക്ഷിക്കുന്നത്.
വസ്തുത: മിക്കപ്പോഴും അവർ തൊഴിൽ വേണ്ടെന്നു വെക്കുന്നത് വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ തങ്ങൾക്കുള്ള പരിമിതി നിമിത്തമോ മറ്റുള്ളവർക്കു പ്രായമായവരോടുള്ള മുൻവിധി നിമിത്തമോ ആണ്. അല്ലാതെ പ്രായാധിക്യം നിമിത്തമല്ല.
തെറ്റിദ്ധാരണ: പ്രായമായവർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല.
വസ്തുത: ജോലിയിൽ തുടരാനുള്ള സന്നദ്ധതയും പ്രാപ്തിയും ഉണ്ടായിരുന്നിട്ടും, പ്രായമായവരെ പലപ്പോഴും ശമ്പളമുള്ള ജോലിയിൽനിന്ന് ഒഴിവാക്കുന്നു. തൊഴിലില്ലായ്മയുടെ സമയങ്ങളിൽ, തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങൾക്ക് അവസരം ലഭിക്കുന്നതിന് പ്രായമായവർ ശമ്പളമുള്ള തൊഴിൽ വേണ്ടെന്നു വെക്കണമെന്ന് മിക്കപ്പോഴും വാദിക്കപ്പെടുന്നു. എന്നാൽ പ്രായമായ ജീവനക്കാരെ നേരത്തേ തൊഴിലിൽനിന്നു മാറ്റിയതുകൊണ്ടു മാത്രം ചെറുപ്പക്കാർക്കു ജോലി കിട്ടണമെന്നില്ല. പ്രായമായ ഒരു ജീവനക്കാരനു പകരമായി നിയമിക്കപ്പെടാൻ മാത്രം വൈദഗ്ധ്യങ്ങൾ തൊഴിൽ ചെയ്യാത്ത, ജോലി തേടിനടക്കുന്ന ഒരു ചെറുപ്പക്കാരന് ഉണ്ടായിരിക്കണമെന്നില്ല. അനുഭവപരിചയമുള്ള വയോജനങ്ങൾ ഉത്പാദനക്ഷമതയും തൊഴിൽ മേഖലയുടെ സ്ഥിരതയും ഉറപ്പു വരുത്താൻ സഹായിക്കുന്നു.
ഈ വസ്തുതകൾ മനസ്സിൽ വെച്ചുകൊണ്ട്, പ്രയോജനകരമായി ഉപയോഗിക്കാൻ കഴിയുന്ന വൈദഗ്ധ്യത്തിന്റെ ഉറവിടമായി ലോകം വയോജനങ്ങളെ വീക്ഷിക്കേണ്ടതുണ്ട് എന്നു ലോകാരോഗ്യ സംഘടന പറയുന്നു. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ വാർധക്യ-ആരോഗ്യ പരിപാടിയുടെ ഗ്രൂപ്പ് നേതാവായ ആലക്സാൻഡ്ര കാലാഷ് ഇങ്ങനെ പ്രസ്താവിക്കുന്നു: “രാഷ്ട്രങ്ങൾ . . . തങ്ങളുടെ വയോജനങ്ങളെ ഒരു പ്രശ്നമായല്ല, മറിച്ച് പ്രശ്നങ്ങൾക്കു പരിഹാരമായി ഉതകിയേക്കാവുന്നവർ എന്ന നിലയിലാണു വീക്ഷിക്കേണ്ടത്.” അത് ഒരു വസ്തുതയാണ്. (g01 8/8)